‘സെങ്കോൽ’ ഒരുവിധത്തിലും ഞങ്ങളെ ബാധിക്കുന്നില്ല

അടുത്ത കാലത്താണ് കുമാറിനെ പരിചയപ്പെടുന്നത്. മുപ്പത്തിനാല്-മുപ്പത്തിയഞ്ച് വയസ്സ് കാണും. തഞ്ചാവൂരിനടുത്ത് മണ്ണാർകുടിയാണ് സ്വദേശം. വർഷങ്ങളായി ചെന്നൈയിലെ കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഒരു സ്ഥാപനത്തിലെ കരാർ ജീവനക്കാരനാണ്. ഐ.ടി മേഖലയിലാണ് ജോലി ചെയ്യുന്നത്. ദ്രാവിഡ രാഷ്ട്രീയത്തോട് വൈകാരികമായ അടുപ്പം പുലർത്തുന്നയാളും തമിഴ് സാഹിത്യവും രാഷ്ട്രീയവുമൊക്കെ നിരീക്ഷിക്കുന്ന വ്യക്തിയുമാണ് കുമാർ. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന ‘സെങ്കോൽ’ വിവാദത്തെ കുറിച്ച് ഞാൻ കുമാറിനോട് ചോദിച്ചു. കുമാറിന്റെ പ്രതികരണങ്ങളിൽ വളരെ വ്യക്തമായ ചില നിലപാടുകളുണ്ടായിരുന്നു.

ചിത്രീകരണം: നാസർ ബഷീർ

“സെങ്കോൽ കൊണ്ട് ആർക്ക് എന്ത് പ്രയോജനം?”

തമിഴ്ഭാഷയെയും സംസ്കാരത്തെയും പാരമ്പര്യത്തെയുമൊക്കെ അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര ഗവൺമെന്റിന്റെ ഈ ശ്രമത്തെ തമിഴർ ശ്ലാഘിക്കുകയല്ലേ വേണ്ടത് എന്ന് ഞാൻ ചോദിച്ചു. കടൽ കടന്നും തമിഴ് സാമ്രാജ്യം വ്യാപിപ്പിച്ച രാജരാജ ചോഴന്റെ ഭരണ പാരമ്പര്യത്തേയും സംസ്കാരത്തേയും മാനിക്കുന്ന ഒരു നടപടിയല്ലേ ഇത്. കുമാറിന്റെ ഉത്തരത്തിൽ തഴക്കം ചെന്ന ഒരു തമിഴ് ചരിത്ര വിദ്യാർത്ഥിയുടെ ഉൾക്കാഴ്ചകളും വ്യക്തതയും ഉണ്ടായിരുന്നു.

അവൻ പറഞ്ഞു “സർ, തമിഴ്നാട്ടിൽ ചോഴർ മാത്രമല്ല ഭരണാധികാരികളായി ഉണ്ടായിരുന്നത്. യഥാർത്ഥത്തിൽ രാജരാജ ചോഴന്റെ കാലത്താണ് തമിഴ് ജനസാമാന്യം കൂടുതൽ ദുരിതമനുഭവിച്ചിട്ടുള്ളത്. അതിവിടെയുള്ള പുതു തലമുറയിലെ ചരിത്രം പഠിക്കുന്നവർക്കറിയാം. പിന്നെ തമിഴ് ഭാഷയോടുള്ള ആദരവ്, അതിനെ പറ്റി ഞങ്ങൾക്ക് ചോദിക്കാനുള്ളത് ഇന്ത്യയിലെ ക്ലാസിക്കൽ ഭാഷാപദവി നേടിയ മറ്റു ഭാഷകൾക്ക് കേന്ദ്രം അനുവദിക്കുന്ന തുകയും തമിഴിന് അനുവദിച്ച തുകയും തമ്മിലുള്ള അന്തരത്തെക്കുറിച്ചാണ്. അത് വലുതാണ്. അപ്പോൾ പിന്നെ നിങ്ങൾ പറയുന്ന ഭാഷാസ്നേഹം ആത്മാർത്ഥതയുടേതല്ലല്ലോ? മാത്രമല്ല തമിഴിന് നിങ്ങൾ അത്ര കണ്ട് വിലമതിക്കുന്നു എങ്കിൽ ദേശീയ ഭരണഭാഷയായി തമിഴിനെ അംഗീകരിക്കൂ. അപ്പോൾ ഭാഷയോടും സംസ്കാരത്തോടും ജനങ്ങളോടുമുള്ള ആദരവല്ല, മറിച്ച് ജനങ്ങളുടെ വൈകാരികതയെ മുതലെടുക്കാനുള്ള ഉപായമാണ് ‘സെങ്കോൽ’ വിവാദം. ഇത് തമിഴ് ജനത അംഗീകരിച്ച് നൽകില്ല. ജനങ്ങൾ നോക്കുന്നത് ജനങ്ങളുടെ ജീവൽപ്രശ്നത്തെ ബാധിക്കുന്ന കാര്യങ്ങൾക്ക് നിങ്ങൾ എന്ത് സമാധാനം നൽകി എന്നാണ്. സ്റ്റേറ്റ് ഗവൺമെന്റായാലും കേന്ദ്ര ഗവൺമെന്റായാലും ഞങ്ങൾ മുൻതൂക്കം നൽകുന്നത് ഞങ്ങളുടെ നിത്യ ജീവിതത്തിൽ ഞങ്ങൾക്കെന്ത് സൗകര്യങ്ങളുണ്ടായി എന്നതിനാണ്. ഉദാഹരണത്തിന് ഗ്രാമത്തിലെ കൃഷിക്കാർക്ക് അവരുടെ വിളകൾക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ടോ? പാചകവാതകത്തിനും വൈദ്യുതിക്കും ഇളവ് ലഭിക്കുന്നുണ്ടോ? പൊതുയാത്രാ സൗകര്യങ്ങൾ കുറ്റമറ്റതും മെച്ചപ്പെട്ടതുമാകുന്നുണ്ടോ? ജാതിക്കും മതത്തിനുമപ്പുറം മനുഷ്യരുടെ സഹവാസത്തിനും സഹവർത്തിത്വത്തിനുമുള്ള സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ടോ? ഇതൊക്കെയാണ് ഞങ്ങളുടെ ചോദ്യങ്ങൾ. അല്ലാതെ ‘സെങ്കോൽ’ ഒരുവിധത്തിലും ഞങ്ങളെ ബാധിക്കുന്ന പ്രശ്നമേയല്ല.”

ചിത്രീകരണം: നാസർ ബഷീർ

ഞാൻ വിടാനൊരുക്കമല്ലായിരുന്നു. അല്പം ചൊടിപ്പിച്ചു കൊണ്ട് തുടർന്നു. പുതിയ പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ തമിഴ്നാട്ടിലെ ദൈവാധീന മഠങ്ങളിൽ നിന്നുള്ള പുരോഹിതരെയും കലാകാരന്മാരെയുമൊക്കെ പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിക്കുന്നുണ്ടല്ലോ? ഇത്രകാലം ലഭിക്കാത്ത ഒരു അംഗീകാരമല്ലേ ഇത്. സംയമനത്തോടെ, ഒരു ചരിത്രാധ്യപകനെ പോലെ കുമാർ എനിക്ക് കാര്യങ്ങൾ വിശദീകരിച്ചു തന്നു. “നോക്കൂ ശൈവ സിദ്ധാന്തവും തമിഴ് മഠങ്ങളും കലകളുമെല്ലാം ഈ നാടിന്റെ പൊതു സ്വത്താണ്. എല്ലാ ജാതി, മതത്തിലും വിശ്വാസത്തിലുമുള്ളവർക്ക് അർഹതപ്പെട്ട പൊതു ഇടങ്ങളാണതെല്ലാം. അത് അങ്ങനെയല്ലാതായിപോകുന്നതെങ്കിൽ അത് നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരുകൾക്കാകണം.” തമിഴ്നാട്ടിൽ തീവ്ര ഹിന്ദുത്വത്തിലധിഷ്ഠിതമായ ഒരു രാഷ്ട്രീയ ധ്രുവീകരണത്തിന് സാധ്യതയില്ലെന്നും അത് ജനങ്ങൾ ഒന്നടങ്കം തള്ളികളയുമെന്നും കൂടി സൂചിപ്പിച്ചാണ് കുമാർ സംഭാഷണം അവസാനിപ്പിച്ചത്.

കുമാർ. ഫോട്ടോ: ​ഗോകുൽ

അന്ധമായ ഭാഷാ സ്നേഹവും സങ്കുചിതമായ പ്രാദേശികവാദവുമൊക്കെ ഉണ്ടെന്ന തമിഴരെ സംബന്ധിച്ച വാർപ്പ് മാതൃകകളെ റദ്ദ് ചെയ്യുന്നതാണ് കുമാറിന്റെ വാക്കുകൾ. ‘സെങ്കോലി’ന്റെ അധികാര അടയാളങ്ങളേയും അത് പ്രതിനിധീകരിക്കുന്ന കാലഘട്ടത്തിലെ സാമൂഹികക്രമത്തേയും അയാൾ നിശിതമായി വിമർശിക്കുന്നുമുണ്ട്. കിരീടവും ചെങ്കോലും തൊണ്ണൂറുകളിൽ മലയാളികൾ ആസ്വദിച്ച രണ്ട് ചലച്ചിത്രങ്ങൾ മാത്രമാണെന്നും അവ ഒരിക്കലും മതാധിഷ്ഠിത രാഷ്ട്രീയ ധ്രുവീകരണത്തിന്റെ അടയാളമാകില്ലെയന്നും ചിന്തിച്ചുകൊണ്ട് ഞാൻ പതുക്കെ എന്റെ താമസസ്ഥലത്തേക്ക് നടന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

May 27, 2023 12:57 pm