കണ്ടില്ലെന്ന് നടിക്കുന്ന ഉച്ചഭക്ഷണത്തിലെ കല്ലുകൾ

ഉപ്പുമാവ് കഴിക്കാൻ വേണ്ടി മാത്രം പള്ളിക്കൂടത്തിലേക്ക് പോയവരുടെ കഥകൾ കേട്ടുമറന്നിട്ടില്ല കേരളം. വിദ്യഭ്യാസത്തേക്കാൾ വിദ്യാലയങ്ങളിലേക്ക് വിദ്യാ‍ർത്ഥികളെ ആക‍ർഷിച്ചിരുന്ന സാമൂഹിക യാഥാ‍ർത്ഥ്യമായി വിശപ്പ് ഇന്നും നിലനിൽക്കുന്നു. ഇന്ത്യയിൽ തമിഴ്നാട് സ‍ർക്കാരാണ്  ഉച്ചഭക്ഷണ പദ്ധതിയുടെ പ്രാരംഭക‍ർ. പള്ളിക്കൂടങ്ങളിൽ കുട്ടികളെ കൂട്ടുകയായിരുന്നു ലക്ഷ്യം. ഒരു കുട്ടിക്ക് ചെലവ് ഒരണ മാത്രം. കാലം ചെല്ലും തോറും കുട്ടികൾ കൂടിവന്നു. പാത്രങ്ങളുടെ എണ്ണമേറി. വിശപ്പാറ്റി വിദ്യ പകരുന്ന ഈ ‘വിദ്യ’ ഇന്ത്യയെമ്പാടും പൊതുവിദ്യാഭ്യാസ രംഗത്തിൽ വലിയ പരിവർത്തനമുണ്ടാക്കി. തമിഴ്നാട് സ‍‍‍ർക്കാ‍ർ ഇപ്പോൾ പ്രൈമറി വിദ്യാ‍ർത്ഥികൾക്ക് പ്രഭാതഭക്ഷണം കൂടി വിതരണം ചെയ്യുമ്പോൾ, ചോറിനൊപ്പം പലതരം കറികളുമായി സമൃദ്ധമായ ഉച്ചഭക്ഷണം വിളമ്പുന്നുണ്ട് കേരളത്തിലെ സ്കൂളുകൾ. ആഴ്ച്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും/പഴവും ഇതോടൊപ്പമുണ്ട്. എന്നാൽ മിഡ് ഡേ സ്കൂൾമീൽ എന്നറിയപ്പെട്ടിരുന്ന, 2021 ൽ പി.എം പോഷൺ എന്നു പേരുമാറ്റിയ (മറ്റനേകം പദ്ധതികളെ പോലെ)  ഈ പദ്ധതി ഇനി എത്ര കാലം നടപ്പിലാക്കാനാവും എന്ന ആശങ്കയിലാണ് ഇന്ന് കേരളത്തിലെ അധ്യാപകർ.

കടത്തിലാകുന്ന അധ്യാപകർ, കൂലിയില്ലാത്ത പാചകത്തൊഴിൽ

“ദരിദ്രരായ, അധഃസ്ഥിതരായ വിദ്യാ‍ർത്ഥികളാരും തന്നെ ഭക്ഷണത്തിനായി പഠനം മുടക്കരുത്. ഈ സ‍ർക്കാ‍‍ർ എന്ത് സാമ്പത്തിക പ്രതിസന്ധി നേരിട്ടാലും ഈ പദ്ധതി നി‍ർത്തലാക്കരുത്. നിങ്ങളുടെ കുട്ടികൾക്ക് ഭക്ഷണം നൽകുന്നതുപോലെ ഈ പദ്ധതി നടപ്പിലാക്കാൻ എല്ലാ സർക്കാർ ഉദ്യോഗസ്ഥരോടും ഞാൻ അഭ്യർത്ഥിക്കുന്നു.” 2022 ൽ തമിഴ്നാട്ടിലെ പ്രൈമറി വിദ്യാലയങ്ങളിലെ പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞ വാക്കുകളാണിത്. നി‍‍ർബന്ധിതവും സൗജന്യവുമായ വിദ്യഭ്യാസം നൽകാനും അതിനുള്ള സാഹചര്യം ഒരുക്കാനും ഭരണകൂടങ്ങളോട് അനുശാസിക്കുന്ന ഭരണഘടനയുടെ പൊതുവിദ്യഭ്യാസനയം ഓർമിപ്പിക്കുകയാണ് എം.കെ സ്റ്റാലിൻ. പ്രഭാത ഭക്ഷണം കഴിക്കാതെ സ്കൂളിൽ എത്തുന്ന കുട്ടികൾ കേരളത്തിലുമുണ്ടെന്നിരിക്കെ ഉച്ചഭക്ഷണം നൽകാൻ പോലും ഫണ്ട് ലഭിക്കാതെ കടം വാങ്ങിക്കൂട്ടുകയാണ് നമ്മുടെ അധ്യാപകർ. അധ്യയനദിനങ്ങളിൽ സ്കൂളിലെത്തുന്ന ഓരോ വിദ്യാർത്ഥിക്കും ഉച്ചഭക്ഷണം ഒരുക്കാൻ ബാധ്യസ്ഥരായ അധ്യാപകർ ലക്ഷങ്ങളുടെ കടവുമായി കൈനീട്ടുകയാണ്, പി.എം പോഷൺ ഫണ്ട് വരുന്നതും കാത്ത്.

1954 ഒക്‌ടോബർ 29-ന് കാട്‌പാടിയിലെ ശ്രീ ദേവലൈയുടെ കാർഷിക ഫാമിലെ സ്‌കൂളിൽ കെ. കാമരാജ് കഞ്ഞി വിളമ്പുന്നു കടപ്പാട്: ദി ഹിന്ദു ആർക്കൈവ്സ്

“വീട്ടിൽ ചെയ്യുന്നതു പോലെ തന്നെയാണിത്. ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും കുട്ടികൾ ചോദിക്കുന്നത് വാങ്ങി കൊടുക്കില്ലേ? അതേ പോലെ തന്നെ. പി.എഫിൽ നിന്നും കടമെടുത്തും, ലോണെടുത്തും ഒക്കെയാണ് ഇത് ചെയ്തുകൊണ്ടിരുക്കുന്നത്. ഫണ്ട് കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് ഓരോ സ്കൂളിലും ഓരോ അധ്യാപകരും ഇത് ചെയ്യുന്നത്.” കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി സുരേഷ്. കെ കേരളീയത്തോട് പറഞ്ഞു.

ഉച്ചഭക്ഷണ പദ്ധതിക്ക് അനുവദിച്ചിട്ടുള്ള ഫണ്ട് വൈകുന്നതിന് കാരണമായി സംസ്ഥാന സർക്കാറും കേന്ദ്ര സർക്കാറും പരസ്പരം പഴിക്കുമ്പോൾ ദുരിതത്തിലാകുന്നത് അധ്യാപകരും പാചകത്തൊഴിലാളികളുമാണ്. പ്രൈമറി സ്കൂളുകളിൽ പ്രധാനാധ്യാപകരും ഹൈസ്കൂളുകളിൽ ഉച്ചഭക്ഷണ കമ്മിറ്റി കൺവീനർമാരും കടം പറഞ്ഞും ലോണെടുത്തും പലവ്യഞ്ജനങ്ങളും പച്ചക്കറികളും പാചകത്തിനാവശ്യമായ മറ്റു ചേരുവകളും വാങ്ങിക്കുമ്പോൾ, വേതനം വൈകുന്നതിന്റെ വേവിലാണ് പാചകത്തൊഴിലാളികൾ ഊണൊരുക്കുന്നത്. തുച്ഛമായ ശമ്പളം മാത്രമുള്ള, യാതൊരു ആനുകൂല്യങ്ങളും അവകാശങ്ങളുമില്ലാത്ത പാചകത്തൊഴിലാളികളികൾക്ക് കൃത്യമായി ശമ്പളം കിട്ടിയിട്ട് വർഷങ്ങളായി. അവരുടെ ജീവിതം മുന്നോട്ടു പോവുന്നതെങ്ങനെ ?

”മാസങ്ങൾ വൈകി മാത്രം ഫണ്ട് കിട്ടുന്നതിനാൽ ഇനി എത്ര കാലം എന്നറിയാതെയാണ് ഓരോ സ്കൂളിലും ഉച്ചഭക്ഷണം വിളമ്പുന്നത്.” കേരളീയത്തോട് സംസാരിച്ച അധ്യാപകരിൽ ഒരാൾ പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസത്തെ തുക ഇനിയും ലഭിക്കാത്തതിനെ തുടർന്നാണ് ഇപ്പോൾ ഉച്ചഭക്ഷണ പദ്ധതിയിലെ പ്രതിസന്ധി വാർത്തകളിൽ നിറഞ്ഞ് പൊതുശ്രദ്ധയിലേക്ക് എത്തിയത്. എന്നാൽ ഈ തുക ലഭിക്കുന്നതോടെ പരിഹരിക്കാനാവുന്നതല്ല പി.എം പോഷൺ പദ്ധതിയിലെ പ്രശ്നങ്ങൾ. കഴിഞ്ഞ മൂന്ന് മാസത്തെ തുകകൊണ്ട് മാത്രം തീർക്കാനാവുന്നതല്ല പാചകത്തൊഴിലാളികളോടുള്ള അവഗണന.

എന്തുകൊണ്ട് ഫണ്ട് കിട്ടുന്നില്ല ?

“സ്റ്റേറ്റ് ഗവൺമെന്റ് കണക്ക് കൊടുക്കാത്തതുകൊണ്ടാണെന്നും, കേന്ദ്ര സർക്കാ‍ർ ഫണ്ട് അനുവദിക്കാത്തതിനാലാണെന്നും പറയുന്നുണ്ട്.” പി.എം.പോഷൺ ഫണ്ട് വൈകുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ഉച്ചഭക്ഷണ കമ്മിറ്റി കൺവീനറായ ഒരു ഹൈസ്ക്കൂൾ അധ്യാപകൻ (പേര് പറയാൻ ആഗ്രഹിക്കുന്നില്ല) കേരളീയത്തോട് പ്രതികരിച്ചു.

“മുമ്പൊക്കെ അഡ്വാൻസായി തുക കിട്ടിക്കൊണ്ടിരുന്നതാണ്. അന്ന് ഈ സിസ്റ്റമായിരുന്നില്ല. ഹെഡ്മാസ്റ്ററുടെ അക്കൗണ്ടിലേക്ക് വർഷത്തിൽ ഒന്നോ രണ്ടോ അല്ലെങ്കിൽ മൂന്നോ തവണകളായിട്ട് തുക അഡ്വാൻസായിട്ട് വരവുണ്ടായിരുന്നു. പിന്നെ ഓരോ മാസത്തെയും ബില്ലുണ്ടാക്കി, എ.ഇ.ഒ ഓഫീസിൽ നിന്നും പാസാക്കി, ട്രഷറിയിൽ കൊണ്ടുകൊടുത്താൽ അതാതു മാസത്തെ ഫണ്ട് കിട്ടുമെന്നായി. അതു കഴിഞ്ഞാണ്  പി.എഫ്.എം.എസ് എന്ന സിസ്റ്റത്തിലേക്ക് മാറിയത്. അത് തുടക്കത്തിൽ പ്രശ്നം ഒന്നുമുണ്ടായിരുന്നില്ല. ബില്ല് ക്ലിയറാക്കി കൊടുത്താൽ വൈകാതെ പൈസ കിട്ടുമായിരുന്നു. ഇപ്പോ പക്ഷെ പൈസ കിട്ടാതെയായി. മൂന്ന് മാസം കഴിഞ്ഞാലും കിട്ടാതായി.” ദീ‍ർഘകാലം ഉച്ചഭക്ഷണ കമ്മറ്റി കൺവീനറായി പ്രവർത്തിച്ച മുതിർന്ന ഒരധ്യാപകൻ (പേര് പറയാൻ ആഗ്രഹിക്കുന്നില്ല) കേരളീയത്തോട് പ്രതികരിച്ചു.

സ്കൂളിൽ ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികൾ കടപ്പാട് : .newindianexpress.com

കേന്ദ്ര-സംസ്ഥാന സ‍ർക്കാറുകൾ ചിലവ് പങ്കിടുന്ന ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയാണ് ഉച്ചഭക്ഷണ പദ്ധതി. അരിയും അറുപതു ശതമാനം തുകയുമാണ് കേന്ദ്ര സ‍ർക്കാറിന്റെ വിഹിതം. സംസ്ഥാന സ‍ർക്കാറുകളുടെ വിഹിതമായ 40 ശതമാനം കൂടി കൂട്ടിയാണ് പി.എം പോഷൺ ഫണ്ട് വിതരണം ചെയ്യപ്പെടുന്നത്. തുടർച്ചയായി ഫണ്ട് വൈകുന്നത് പ്രതിഷേധങ്ങൾക്കിടയാക്കിയപ്പോൾ കേന്ദ്ര വിഹിതമായ 60 ശതമാനം തുക ലഭിക്കാത്തതിനാലാണ് ഫണ്ട് വിതരണം ചെയ്യാനാവാത്തത് എന്നാണ് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. പി.എഫ്.എം.എസ് (പബ്ലിക്ക് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റം) നിർബദ്ധമാക്കിയ 2021- 22 വ‍ർഷം മുതൽ സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട കേന്ദ്ര വിഹിതം അനുവദിക്കുന്നതിൽ വലിയ കാലതാമസമാണ് കേന്ദ്രസർക്കാർ വരുത്തുന്നതെന്നും അനാവശ്യമായ തടസ്സവാദങ്ങൾ ഉയർത്തി സംസ്ഥാനങ്ങൾക്ക് അർഹമായ തുക അനുവദിക്കുന്നത് വൈകിപ്പിക്കുകയോ അല്ലെങ്കിൽ നിഷേധിക്കുകയോ ചെയ്യുന്ന ദൗർഭാഗ്യകരമായ നിലപാടാണ് കേന്ദ്ര സ‍‍ർക്കാ‍ർ സ്വീകരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

സംസ്ഥാന സ‍ർക്കാറിന്റെ വാദം തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയത്തിന്റെ പ്രതികരണം. കേന്ദ്രം നി‍ർദേശിച്ച നടപടികൾ പൂ‍ർത്തിയാക്കാത്തതിനാലാണ് ഫണ്ട് വൈകുന്നതെന്നും 2021-22 വർഷത്തെ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിൽ സംസ്ഥാന സ‍ർക്കാർ ഇതുവരെ നിക്ഷേപിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രാലയം ചൂണ്ടിക്കാട്ടി. 2021-22 വർഷത്തെ പദ്ധതി തുക സംസ്ഥാന സ‍ർക്കാർ നോഡൽ അക്കൗണ്ടിലേക്ക് മാറ്റാത്തതിനാൽ ഈ വർഷത്തെ തുക നൽകാനാകില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിശദീകരണം. അതോടൊപ്പം 2022-23 വ‍ർഷത്തേക്കുള്ള 76.78 കോടി രൂപയുടെ സംസ്ഥാന വിഹിതവും കൂടി നിക്ഷേപിക്കേണ്ടതുണ്ട് എന്നാൽ മാത്രമേ ഈ വർഷത്തേക്കുള്ള കേന്ദ്ര വിഹിതം നൽകാനാവൂ എന്നാണ് കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയത്തിന്റെ വാദം.

സാങ്കേതിക തടസത്തിന് കാരണമെന്ത് ?

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങളും ചിലവുകളുടെ ക്രോഡീകരിച്ച വിവരങ്ങളും വിവിധ തലത്തിലുള്ള പദ്ധതി നി‍ർവഹണ ഏജൻസികളുടെ ധനവിനിയോഗ വിവരങ്ങളും ഗുണഭോക്താക്കൾക്ക് നേരിട്ട് പണം കൈമാറുന്നതിനുള്ള സൗകര്യങ്ങളും ലഭ്യമാക്കുന്ന വെബ്പോർട്ടലാണ് പി.എഫ്.എം.എസ്.  ഉച്ചഭക്ഷണ പദ്ധതിയിൽ പി.എഫ്.എം.എസ് നിർബന്ധമാക്കിയ 2021-22 വർഷം സംസ്ഥാനത്തിന് കൈമാറേണ്ട രണ്ടാം ഗഡു കേന്ദ്രവിഹിതം നൽകാൻ കേന്ദ്ര സർക്കാർ വൈകിയിരുന്നു. കേന്ദ്ര സർക്കാർ തുക നൽകാൻ വൈകിയതിനാലും കേന്ദ്ര സർക്കാറിന് വേണ്ടി സംസ്ഥാന സർക്കാർ തുക ചെലവഴിച്ചതിനാലും കുടിശ്ശികയായാണ് ഈ തുക പിന്നീട് അനുവദിക്കപ്പെട്ടത്. ഇക്കാരണത്താൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കേണ്ടതില്ല എന്നായിരുന്നു സംസ്ഥാന സർക്കാറിന്റെ നിലപാട്

ഉച്ചഭക്ഷണത്തിനായി വരി നിൽക്കുന്ന കുട്ടികൾ കടപ്പാട്: outlookindia.com

2021-22 വർ‌ഷത്തെ രണ്ടാം ഗഡു കേന്ദ്ര വിഹിതം സംസ്ഥാന സർക്കാറാണ് മുൻകൂറായെടുത്ത് ചിലവഴിച്ചത് എങ്കിലും പിന്നീട് കുടിശ്ശികയായി കിട്ടിയിട്ടും അത് പി.എഫ്.എം.എസിൽ രേഖപ്പെടുത്താതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യം അവശേഷിക്കുന്നു. യഥാസമയം സംസ്ഥാന സർക്കാർ അത് രേഖപ്പെടുത്തിയിരുന്നെങ്കിൽ ഈ വർഷത്തെ കേന്ദ്ര വിഹിതം സമയബന്ധിതമായി കിട്ടുമായിരുന്നോ എന്ന ചോദ്യത്തിന് ഇനിയും ഉത്തരം കണ്ടെത്താവുന്നതാണ്. വിവാദങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും ശേഷം കേന്ദ്ര നി‍ർദേശം അനുസരിച്ച് 2021 -22 വർഷത്തെ ഉച്ചഭക്ഷണത്തിനായി ചിലവഴിച്ച 209.68 കോടി രൂപ പൊതുവിദ്യഭ്യാസ ഡയറക്ടറുടെ സിംഗിൾ നോഡൽ അക്കൗണ്ടിലേക്ക് അനുവദിച്ച് ഒടുവിൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു.

പാചക തൊഴിലാളികൾക്ക് അവകാശങ്ങളില്ലേ ?

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരസ്പരം പഴിക്കുമ്പോൾ വർഷങ്ങളായി വൈകി കിട്ടുന്ന പി.എം പോഷൺ പദ്ധതി ഫണ്ടിലൂടെ പ്രതിസന്ധിയിലാകുന്നത് അധ്യാപകരും പാചകത്തൊഴിലാളികളുമാണ്. ഈ വർഷത്തെ തുക കിട്ടാൻ കേന്ദ്രം നിർദേശിച്ച വ്യവസ്ഥ പാലിച്ചിട്ടുണ്ടെങ്കിലും ഇനിയും വൈകിയാൽ സ്വന്തം നിലയിൽ മുന്നോട്ടുപോവാനാണ് സംസ്ഥാനത്തിന്റെ ധാരണയെന്നും, അതോടെ പ്രശ്നങ്ങൾ അവസാനിക്കുമെന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. മാസങ്ങളായി കിട്ടാനുള്ള പണം കിട്ടിയാലും തീരുന്നതല്ല ഉച്ചഭക്ഷണ വിതരണം ഏറ്റെടുത്ത അധ്യാപകരുടെ ബാധ്യത. വേതനം കിട്ടുമോ എന്ന അനിശ്ചിതത്വത്തിൽ കഴിയുന്ന പാചക തൊഴിലാളികളെയാവട്ടെ കേരളം ഇനിയും കേട്ടിട്ടുമില്ല.  

സ്കൂളിലെ പാചകത്തൊഴിലാളികൾ കടപ്പാട്: madhyamam.com

വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകുന്നതിനോടൊപ്പം തന്നെ ഉച്ചഭക്ഷണം ഒരുക്കുവാനായി പാചകത്തൊഴിലാളികൾക്ക് ജോലി നൽകുന്ന പദ്ധതി കൂടിയാണ് ഉച്ചഭക്ഷണ പദ്ധതി. നിർധനരായ അനേകം സ്ത്രീകൾക്ക് ഈ പദ്ധതിയിലൂടെ തൊഴിൽ ലഭിച്ചിട്ടുണ്ട്. എന്നാൽ വിവേചനപരമായ നയങ്ങളിലൂടെ ഇവരുടെ തൊഴിൽ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. ഇവരുടെ അടിസ്ഥാന ആവശ്യങ്ങളും പ്രയാസങ്ങളും പരിഹരിക്കാനായി സർക്കാർ ഇടപെടുന്നതേയില്ല. അവകാശപ്പെട്ട തുച്ഛമായ വേതനം പോലും കൃത്യമായി വിതരണം ചെയ്യപ്പെടുന്നില്ല.

“അറുനൂറ് രൂപയാണ് കേരളത്തിൽ ഒരു പാചക തൊഴിലാളിക്ക് നിശ്ചയിച്ചിട്ടുള്ള ദിവസ വേതനം. അഞ്ഞൂറ് കുട്ടികൾക്ക് വരെ കേരളത്തിൽ ഒരു പാചകത്തൊഴിലാളി പാചകം ചെയ്യേണ്ടതുണ്ട്. അഞ്ഞൂറു പേർക്ക് ഒരാൾ ഭക്ഷണം പാചകം ചെയ്യുക എന്നത് മനുഷ്യസാധ്യമല്ല. അതുകൊണ്ട് തന്നെ ഈ തൊഴിലാളി അവരുടെ കയ്യിൽ നിന്നും പൈസ കൊടുത്ത് വേറൊരു തൊഴിലാളിയെ ജോലിക്കുവയ്ക്കും. അപ്പോൾ ഇവരുടെ ശമ്പളം പകുതിയായി, ഫലത്തിൽ മുന്നൂറു രൂപയാകും. സംസ്ഥാനത്തെ സ്കൂളുകളിലെ മൂന്നിലൊന്ന് തൊഴിലാളികൾ ഈ തരത്തിൽ ജോലി ചെയ്യുന്നവരാണ്. എന്നാൽ ഈ കഴിഞ്ഞ രണ്ട് വർഷമായി, പ്രതേകിച്ച് രണ്ടാം പിണറായി സർക്കാർ വന്നതിന് ശേഷം പാചക തൊഴിലാളികൾക്ക് ഒരു മാസം പോലും കൃത്യമായി പൈസ കിട്ടിയിട്ടില്ല.”

എ.ഐ.ടി.യു.സി പാചക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി പി.ജി മോഹനൻ കേരളീയത്തോട് പറഞ്ഞു. കേന്ദ്രം ഫണ്ട് മുടക്കിയപ്പോൾ കേരളം ചെലവാക്കി എന്ന സംസ്ഥാന സർക്കാർ വാദം, വിവേചനപരമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് ഒടുവിൽ വിതരണം ചെയ്തത്. ആ പൈസ കൊടുത്തപ്പോൾ ഓരോ മാസത്തെയും ശമ്പളത്തിൽ നിന്നും ആയിരം രൂപ വീതം, അതായത് മൂവായിരം രൂപ പിടിച്ചുവെച്ചു. കേന്ദ്ര സർക്കാർ വിഹിതം തന്നിട്ടില്ല, അതുകൊണ്ട് ആയിരം രൂപ വീതം പിടിക്കുന്നു എന്നായിരുന്നു സംസ്ഥാന സർക്കാർ നിലപാടെടുത്തത്. അതിലും സംസ്ഥാന സർക്കാർ തട്ടിപ്പുനടത്തി. പാചകത്തൊഴിലാളികൾക്കുള്ള കേന്ദ്ര സർക്കാറിന്റെ ഒരു മാസത്തെ വിഹിതം അറുനൂറു രൂപ മാത്രമാണ്. എന്നാൽ അറുനൂറു രൂപയ്ക്ക് പകരം, ആയിരം രൂപ വീതമാണ് സംസ്ഥാന സർക്കാർ പിടിച്ചുവെച്ചത്. സർക്കാറിനെ വിശ്വസിക്കാൻ പറ്റാത്ത ഒരു സ്ഥിതി വരികയാണ് തൊഴിലാളികൾക്ക്.” ഇടതുപക്ഷ ട്രേഡ് യൂണിയൻ സംഘടനയുടെ നേതാവ് കൂടിയായി പി.ജി മോഹനൻ സർക്കാരിനോടുള്ള വിമർശനം രേഖപ്പെടുത്തി.

സ്കൂളിലെ പാചകത്തൊഴിലാളി കടപ്പാട് : asianetnews.com

സംസ്ഥാനത്തിന് കൈമാറേണ്ട കേന്ദ്ര-വിഹിതത്തിന്റെ രണ്ടാം ഗഡു കിട്ടാൻ വൈകിയതിനാലാണ് കഴിഞ്ഞ വർഷം കേന്ദ്ര സർക്കാറിന് വേണ്ടി സംസ്ഥാന സർക്കാർ തുക ചെലവഴിച്ചത്. പിന്നീട് കുടിശ്ശികയായി ഈ തുക കിട്ടിയിരുന്നു . എന്നാൽ ഇക്കാരണത്താൽ പാചകത്തൊഴിലാളികളിൽ നിന്നും സംസ്ഥാന സർക്കാർ മൂവായിരത്തോളം രൂപ പിടിച്ചുവെച്ചു. അറുനൂറ് രൂപയാണ് കേന്ദ്ര വിഹിതം എന്നിരിക്കെ നാനൂറ് രൂപ അധികമായി പിടിച്ചുവെച്ച് മൂന്ന് മാസം വൈകികിട്ടുന്ന ശമ്പളത്തിൽ നിന്നും മൂവായിരം രൂപ പിടിച്ചുവെച്ചത് എന്തുകൊണ്ടാണ് ?
കേന്ദ്ര സർക്കാറിൽ നിന്നും കുടിശ്ശികയായി കിട്ടിയ കേന്ദ്ര വിഹിതത്തിൽ നിന്നും സംസ്ഥാന സർക്കാർ പാചക തൊഴിലാളികൾക്ക് ഈ തുക ഇനി വിതരണം ചെയ്യുമോ ?

ഈ വിവാദങ്ങൾക്കിടയിലും ചർച്ച ചെയ്യപ്പെടാതെ പോകുന്ന, വർഷങ്ങളായി അവഗണിക്കപ്പെടുന്ന പാചകത്തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങളും പി.ജി മോഹനൻ പങ്കുവച്ചു.

“35 – 40 വ‍ർഷം ജോലി ചെയ്താൽ പോലും പാചകത്തൊഴിലാളികൾക്ക് യാതൊരു വിരമിക്കൽ ആനുകൂല്യങ്ങളുമില്ല ഇ.എസ്.ഐയൊ പി.എഫോ ഇല്ല. സ‍ർക്കാർ അത് ഓഫ‍ർ ചെയ്തിരുന്നെങ്കിലും ഇതേവരെ നടപ്പിലാക്കിയിട്ടില്ല. ദീ‍ർഘ കാലത്തെ സമരത്തിന്റെ ഫലമായി 2016 ൽ മിനിമം വേജസ് നി‍ർണ്ണയിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. എന്നാൽ ഏഴു കൊല്ലം കഴിഞ്ഞിട്ടും ഇതേവരെ അതും നടപ്പിലാക്കിയിട്ടില്ല. മാത്രമല്ല നാല് മാസം മുമ്പ് ആ മിനിമം വേജസ് തന്നെ ഈ ഗവൺമെന്റ് എടുത്തുകളഞ്ഞു. കഴിഞ്ഞ രണ്ടു വർഷമായിട്ടും മിനിമം കൂലി കൂട്ടികൊടുത്തിട്ടുമില്ല. യതാസമയം ശമ്പളം കിട്ടുന്നില്ല എന്നുമാത്രമല്ല മെച്ചപ്പെട്ട ജീവിതത്തിനായുള്ള ആനുകൂല്യങ്ങളെ കുറിച്ചൊന്നും മിണ്ടാൻ പോലും പറ്റുന്നില്ല.”

വിലക്കയറ്റം ‘ബാധിക്കാത്ത’ ഉച്ചഭക്ഷണ പദ്ധതി

ചോറും കറിയും രണ്ടു തരം കൂട്ടു കറികളുമുള്ള ഊണും, ആഴ്ച്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും/പഴവുമാണ് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചെറുപയർ, വൻപയർ, ഗ്രീൻപീസ്, കടല, മുതിര എന്നിവ കറിക്ക് ഉപയോഗിക്കാം. വിവിധ പോഷകങ്ങൾ ഉറപ്പുവരുത്തി വിദ്യാർത്ഥികൾക്ക് വൈവിധ്യത്തോടെയുള്ള ഭക്ഷണം നൽകണമെന്നാണ് ഉച്ചഭക്ഷണ പദ്ധതി നിർദ്ദേശിക്കുന്നത്. എന്നാൽ ചോറിനുള്ള അരി മാത്രമാണ് കേന്ദ്ര സർക്കാർ വിതരണം ചെയ്യുന്നത്. അത് എത്തിക്കാനുള്ള ചെലവും, പച്ചക്കറികളും, ഉപ്പ്, മുളുക്, തേങ്ങ, വെളിച്ചെണ്ണയടക്കമുള്ള പലവ്യജ്ഞനങ്ങളും പാചകവാതകവും സ്കൂളുകൾ കണ്ടെത്തേണ്ടതുണ്ട്. അതിനായി പി.എം പോഷൻ ഫണ്ടിലൂടെ ലഭിക്കുന്നതാകട്ടെ 150 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങളിൽ ഒരു കുട്ടിക്ക് 8 രൂപയും, 500 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങളിൽ ഒരു കുട്ടിക്ക് 7 രൂപയും മാത്രം. വിദ്യാർത്ഥികളുടെ എണ്ണം 501 ന് മുകളിലായാൽ ഒരു രൂപ കൂടി  കുറ‍ഞ്ഞ് 6 രൂപയും. കിട്ടാൻ വൈകുന്ന ഫണ്ട് കിട്ടിയാൽ പോലും തീരാത്ത കട ബാധ്യതകളാണ് ഇതിലൂടെ അധ്യാപകരിൽ അവശേഷിക്കുന്നത്.

“ഒരു മുട്ടക്ക് അഞ്ച് രൂപയുള്ളപ്പോൾ, 6 രൂപയ്ക്ക് ഇതെങ്ങനെ നടത്താനാണ്?” പച്ചക്കറികൾക്കും, പലവ്യജ്ഞനങ്ങൾക്കും, പാചകവാതകത്തിനും വിലകൂടിക്കൊണ്ടിരിക്കുമ്പോൾ മാറ്റമില്ലാതെ തുടരുന്ന ഉച്ചഭക്ഷണ പദ്ധതിയിലെ തുക വകയിരുത്തലിനെ കുറിച്ച് ചോദിച്ചപ്പോൾ ഉച്ചഭക്ഷണ കമ്മിറ്റിയിൽ അംഗമായ ഒരു അധ്യാപകൻ കേരളീയത്തോട് ചോദിച്ചു.

2016 ലാണ് അവസാനമായി ഉച്ചഭക്ഷണ ചെലവുകൾ പുതുക്കിയത്. 2016 ലെ വിലയുടെ അടിസ്ഥാനത്തിൽ ഇന്ന് എങ്ങനെയാണ് പച്ചക്കറിയും, പലവ്യജ്ഞനങ്ങളും, പാചകവാതകവും വാങ്ങിക്കാനാവുക ? ഈ വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ച അധ്യാപകരെല്ലാം ഈ ചോദ്യം ഉന്നയിച്ചു.

വിലക്കയറ്റത്തോടൊപ്പം ഉച്ചഭക്ഷണ ഫണ്ട് കിട്ടാതാവുക കൂടി ചെയ്യുന്നതോടെ രൂക്ഷമായ പ്രതിസന്ധിയിൽ അകപ്പെടുകയാണ് അധ്യാപകർ. നവംബർ ഒന്നിന് മുമ്പ് ഉച്ചഭക്ഷണത്തുക വർദ്ധിപ്പിച്ചില്ലെങ്കിൽ ഒക്ടോബർ 2 മുതൽ പദ്ധതി നിർത്തിവെക്കാനാണ് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ തീരുമാനം. പാലും മുട്ടയും നിർത്തിവയ്ക്കുന്നതിന് അനുവാദം ചോദിച്ച് ഉപജില്ലാ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഡി.ജി.ഇയ്ക്കും സ്കൂളുകളിലെ ഉച്ചഭക്ഷണ സമിതികൾ യോഗം ചേർന്ന് കത്ത് നൽകാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.

“പച്ചക്കറി കടയിലും സ്റ്റേഷനറി കടയിലും കടം പറയുകയാണ്. എന്നാൽ പാലും മുട്ടയും കടം പറഞ്ഞാൽ കിട്ടാത്തതുകൊണ്ട് പി.ടി.എ ഫണ്ടിൽ നിന്നും മറിച്ച് കൊടുക്കുകയാണ്.” വില വർധനവിനെ കുറിച്ച് ചോദിച്ചപ്പോൾ അധ്യാപകരിലൊരാൾ കേരളീയത്തോട് പറഞ്ഞു. “കൊടുക്കുക എന്നുള്ളത് നമ്മുടെ ബാധ്യതയല്ലെ ? എങ്ങനെയെങ്കിലും കൊടുക്കണം!” നിസ്സഹായതയോടെയാണ് ആ അധ്യാപകൻ സംസാരിച്ചത്.

” 2016 ലെ റേറ്റിലാണ് ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്നത്. അന്ന് ഗ്യാസിനൊക്കെ ഒരു അഞ്ഞൂറ് രൂപയ്ക്കടുത്തല്ലേ, ഇന്നെത്രയാണ് ? ഇതുപോലെ എല്ലാ സാധനങ്ങൾക്കും 2016 ലെ വിലയുടെ അടിസ്ഥാനത്തിലാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. മൂന്ന് മാസമായിട്ട് ഒന്നും കൊടുക്കുന്നുമില്ല.” കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി സുരേഷ്. കെ കൂട്ടിച്ചേർത്തു.

അവഗണിക്കപ്പെടുന്ന ചോദ്യങ്ങൾ

താത്കാലിക പരിഹാരങ്ങളിൽ മാത്രം ഒതുങ്ങുന്ന മറ്റൊരു വിവാദമായി പര്യവസാനിക്കുകയാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചർച്ചകൾ. കേന്ദ്ര സർക്കാർ മാർഗരേഖ പിന്തുടരാൻ വിസമ്മതിക്കുന്ന സംസ്ഥാന സർക്കാറും, തുക അനുവദിക്കാൻ വൈകിയ കേന്ദ്ര സർക്കാറും മുടങ്ങി കിടക്കുന്ന ഫണ്ട് അനുവദിക്കുന്ന പ്രശ്നമായി മാത്രം ചുരുക്കുകയാണ് പി.എം പോഷൺ പദ്ധതിയിലെ അപാകതകൾ. സ്കൂളുകളിൽ ഉച്ചഭക്ഷണം ഒരുക്കുന്നതിലൂടെ ജീവിത മാർഗം കണ്ടെത്തുന്ന പാചകതൊഴിലാളികൾക്ക് കൃത്യമായി വേതനം ലഭിക്കാത്തതും, വിരമിക്കൽ ആനുകൂല്യങ്ങൾ ഇല്ലാത്തതും ചർച്ച ചെയ്യപ്പെടുന്നില്ല.

കേന്ദ്രം വിഹിതം വൈകി നൽകിയപ്പോൾ പാചക തൊഴിലാളികളുടെ തുച്ഛമായ വേതനത്തിൽ നിന്നും സംസ്ഥാന സർക്കാർ പിടിച്ചുപറി നടത്തിയതും വർഷങ്ങളായുള്ള അവഗണനയുടെ തുടർച്ച മാത്രമാകുന്നു. 209.68 കോടി മാത്രം ചെലവ് കണക്കാക്കുന്ന ഒരു പദ്ധതി പോലും വീഴ്ച്ചകളില്ലാതെ ആവിഷ്ക്കരിക്കാനാവാത്ത കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പിടിപ്പുകേട് കൂടി വെളിപ്പെടുത്തുന്നു ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദം. അധ്യാപകർക്ക് മേൽ അധികബാധ്യത അടിച്ചേൽപ്പിക്കുന്ന സർക്കാറുകളുടെ നിരുത്തരവാദിത്തപരമായ നയം തിരുത്തേണ്ടതുണ്ട്. എന്നാൽ ഈ 209.68 കോടി വിതരണം ചെയ്യുന്നതിലൂടെ മാത്രം അതു സാധ്യമല്ല. ഇന്ത്യയിലെ വിലക്കയറ്റത്തിന്റെ തോതിന് അനുസൃതമായി പി.എം പോഷൺ പദ്ധതി തുക പുതുക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ സ്കൂളുകളിൽ പോഷകസമൃദ്ധമായ വിഭവങ്ങൾ വിളമ്പുവാനാകൂ, വരും തലമുറയുടെ ആരോഗ്യകരമായ വളർച്ച ഉറപ്പുവരുത്താനാകൂ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

9 minutes read September 11, 2023 10:45 am