Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ഇന്ത്യൻ കാർഷിക മേഖലയുടെ നട്ടെല്ലായ വിത്തുകളുടെ ഗുണനിലവാരവും വിതരണവും ഉറപ്പുവരുത്തുന്നതിനായുള്ള നിയമനിർമ്മാണങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. വിത്ത് നിയമം 2025-ന്റെ (Seed Bill 2025) വ്യവസ്ഥകളും ആശങ്കകളും പരിശോധിക്കുന്നതിന് മുൻപ്, ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന നിയമപരമായ ചട്ടക്കൂടുകളെക്കുറിച്ചുള്ള ധാരണ അനിവാര്യമാണ്. ഇന്ത്യയിൽ വിത്തുമായി ബന്ധപ്പെട്ട ആദ്യത്തെ നിയമനിർമ്മാണം നടക്കുന്നത് 1966-ലാണ്. അതുവരെ വിത്തിന്റെ ഉത്പാദനത്തിനോ വിതരണത്തിനോ വ്യക്തമായ മാനദണ്ഡങ്ങളോ നിയമങ്ങളോ രാജ്യത്ത് നിലവിലുണ്ടായിരുന്നില്ല. 1966-ലെ വിത്ത് നിയമവും (Seed Act, 1966) തുടർന്ന് വന്ന 1983-ലെ വിത്ത് നിയന്ത്രണ ഉത്തരവും (Seeds (Control) Order, 1983) ആണ് ഈ മേഖലയിലെ അടിസ്ഥാന രേഖകൾ. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ 1966-ലെ വിത്ത് നിയമം (Seeds Act, 1966) വിത്തുകളുടെ ഗുണനിലവാരം നിയന്ത്രിക്കുന്നതിനായുള്ള രാജ്യത്തെ ആദ്യത്തെ കാൽവെപ്പായിരുന്നു.
കർഷകർക്ക് ലഭ്യമാകുന്ന വിത്തുകളുടെ മുളയ്ക്കാനുള്ള ശേഷി, ഭൗതിക ശുദ്ധി എന്നിവ ഉറപ്പാക്കുക എന്നതായിരുന്നു ഇതിന്റെ മുഖ്യ ലക്ഷ്യമെങ്കിലും, സർക്കാർ ഔദ്യോഗികമായി വിജ്ഞാപനം ചെയ്ത വിത്തിനങ്ങൾക്ക് (Notified Varieties) മാത്രമേ ഇത് ബാധകമായിരുന്നുള്ളൂ എന്നത് ഈ നിയമത്തിന്റെ ഒരു പ്രധാന പോരായ്മയായി വിലയിരുത്തപ്പെടുന്നു. ഇതിന്റെ തുടർച്ചയായി വിപണിയിലെ വിതരണ ശൃംഖലയെ നിയന്ത്രിക്കുന്നതിനായി 1983-ൽ വിത്ത് നിയന്ത്രണ ഉത്തരവ് (Seeds (Control) Order, 1983) പുറപ്പെടുവിച്ചു. വിത്ത് വിതരണക്കാർക്ക് ലൈസൻസ് നിർബന്ധമാക്കുക, വിത്തുകളുടെ പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത തുടങ്ങിയ തടയുക എന്നിവയായിരുന്നു ഈ ഉത്തരവിന്റെ പ്രധാന ലക്ഷ്യങ്ങൾ.


എന്തുകൊണ്ട് പുതിയ വിത്ത് ബിൽ?
അമ്പത് വർഷത്തിലധികം പഴക്കമുള്ള 1966-ലെ വിത്ത് നിയമം, സർക്കാർ വിജ്ഞാപനം ചെയ്ത (Notified) വിത്തിനങ്ങളെ മാത്രം നിയന്ത്രിക്കുന്നതും വിത്ത് രജിസ്‌ട്രേഷൻ നിർബന്ധമല്ലാത്തതുമായ ഒരു ചട്ടക്കൂടാണ് നൽകുന്നത്. വാണിജ്യ-തോട്ട വിളകൾ, പച്ചിലവള വിത്തുകൾ (Green manure seeds) എന്നിവ ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നുമില്ല. കഴിഞ്ഞ ആറ് പതിറ്റാണ്ടുകൾക്കിടയിൽ വിത്ത് കൈമാറ്റം, ഈ മേഖലയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ, കൃഷിരീതി, കൃഷിയിലെ ആധുനികവത്കരണം, ആഗോള വ്യാപാരം എന്നിവയിൽ ഉണ്ടായ വമ്പിച്ച മാറ്റങ്ങളെയും ശാസ്ത്രീയ പുരോഗതിയെയും ഉൾക്കൊള്ളാൻ നിലവിലെ വിത്ത് നിയമത്തിന് കഴിയാത്ത സാഹചര്യമാണുള്ളത്. ഈ അവസ്ഥയിൽ വിത്ത് വ്യവസായ രംഗത്തെ ആവശ്യങ്ങൾ പരിഗണിച്ച് ഒരു പൊളിച്ചെഴുത്ത് അനിവാര്യമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് വിത്തുകൾക്ക് ഉയർന്ന ഗുണനിലവാരം ഉറപ്പാക്കുക, രജിസ്‌ട്രേഷൻ നിർബന്ധമാക്കുക, നഴ്സറികളെക്കൂടി ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ വിപുലമാക്കുക, വിതരണശൃംഖലയിൽ ഡിജിറ്റൽ പരിശോധനയും സുതാര്യതയും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ കേന്ദ്രസർക്കാർ ഒരു ആധുനിക ഏകീകൃത നിയമം കൊണ്ടുവരാൻ ശ്രമിക്കുന്നത്.
2004-ൽ ഇതിനൊരു ശ്രമം നടന്നിരുന്നു. ഡിസംബർ 9-ന് രാജ്യസഭയിൽ ബിൽ അവതരിപ്പിക്കുകയും പാർലമെന്ററി സമിതിക്ക് വിടുകയും ചെയ്തെങ്കിലും അത് നിയമമായില്ല. പിന്നീട് 2010-ൽ വീണ്ടും ശ്രമിച്ചെങ്കിലും അന്നും നിയമായില്ല. ഇന്ത്യൻ വിത്ത് വിപണിയിലെ നിയന്ത്രണങ്ങൾ ഉടച്ചുവാർക്കുന്നതിനായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന ‘കരട് വിത്ത് ബിൽ’ 2025 (Seeds Bill, 2025) 1966-ലെ വിത്ത് നിയമത്തിനും 1983-ലെ സീഡ് കൺട്രോൾ ഓർഡറിനും പകരമായാണ് അവതരിപ്പിക്കുന്നത്. ഗുണനിലവാരമുള്ള വിത്തുകളുടെ ലഭ്യത മെച്ചപ്പെടുത്താനും, വ്യാജ വിത്തുകൾ തടയാനും, കർഷകർക്ക് കൂടുതൽ സംരക്ഷണം നൽകാനും പുതിയ നിയമം സഹായിക്കുമെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു.


ബില്ലിലെ പ്രധാന വ്യവസ്ഥകൾ
വിത്തിനങ്ങളുടെ നിർബന്ധിത രജിസ്ട്രേഷൻ: കർഷകരുടെ പരമ്പരാഗത വിത്തിനങ്ങളും കയറ്റുമതിക്ക് മാത്രമുള്ളവയും ഒഴികെ എല്ലാ വിത്തിനങ്ങളും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അംഗീകാരം ലഭിക്കുന്നതിന് മുമ്പ്, ഇവ വിവിധ സ്ഥലങ്ങളിൽ കൃഷി ചെയ്ത് മൂല്യ പരീക്ഷണം (Value for Cultivation and Use, VCU) നടത്തണം. നിശ്ചിത മുളയ്ക്കൽ ശേഷിയും ശുദ്ധിയും ഉള്ള വിത്തിനങ്ങള്‍ക്ക് മാത്രമേ രജിസ്ട്രേഷൻ അംഗീകാരമുണ്ടാവൂ.
വിത്തുകളുടെ ഉൽപ്പാദനം, വിതരണം, ഇറക്കുമതി, കയറ്റുമതി എന്നിവയെക്കുറിച്ച് സർക്കാരിനെ ഉപദേശിക്കുന്നതിനായി കേന്ദ്ര സർക്കാർ ഒരു ‘സെൻട്രൽ സീഡ് കമ്മിറ്റി’യെ നിയമിക്കും. ഇതിന് പുറമെ, വിത്തിനങ്ങളുടെ രജിസ്ട്രേഷൻ ശുപാർശ ചെയ്യുന്നതിനായി ഒരു ‘രജിസ്ട്രേഷൻ സബ്-കമ്മിറ്റി’യും നിലവിൽവരും. കൂടാതെ, സംസ്ഥാനത്തെ വിത്ത് വിതരണം, രജിസ്ട്രേഷൻ, വില തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിനെ ഉപദേശിക്കുന്നതിനായി ഓരോ സംസ്ഥാന സർക്കാരും ഒരു ‘സംസ്ഥാന സീഡ് കമ്മിറ്റി’ രൂപീകരിക്കേണ്ടതാണ്.
ഉൽപ്പാദകർ, വ്യാപാരികൾ, നഴ്സറികൾ എന്നിവയുടെ രജിസ്ട്രേഷൻ: സംസ്ഥാന സർക്കാരിൽ രജിസ്റ്റർ ചെയ്യാതെ ആർക്കും വിത്ത് ഉൽപ്പാദിപ്പിക്കാനോ വിത്ത് സംസ്കരണ യൂണിറ്റുകൾ നടത്താനോ സാധിക്കില്ല. വിത്തുകൾ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും ഡീലർമാർക്കും വിതരണക്കാർക്കും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പ്ലാന്റ് നഴ്സറികൾ നടത്തുന്നതിന് ലൈസൻസ് ആവശ്യമാണെങ്കിലും, ചെറിയ നഴ്സറികൾക്ക് ഇതിൽ ഇളവ് നൽകാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട്. കൂടാതെ, ചെടികളുടെ ഉറവിടം വ്യക്തമാക്കുന്നതും രോഗബാധയില്ലെന്ന് ഉറപ്പാക്കുന്നതുമായ രേഖകൾ നഴ്സറികൾ കൃത്യമായി സൂക്ഷിക്കേണ്ടതുണ്ട്.
വിൽപ്പന, വില നിയന്ത്രണം: രജിസ്റ്റർ ചെയ്ത വിത്ത് ഇനങ്ങൾ മാത്രമേ വിൽക്കാൻ അനുവാദമുള്ളൂ. വിൽക്കുന്ന വിത്തുകൾക്ക് നിശ്ചിത അളവിലുള്ള മുളയ്ക്കൽ ശേഷിയും ജനിതക ശുദ്ധിയും ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. വിത്ത് പാക്കറ്റുകളിൽ ശരിയായ ലേബലിനൊപ്പം, ഉറവിടം കണ്ടെത്തുന്നതിനായി (Digital Traceability) കേന്ദ്ര സർക്കാർ പോർട്ടലിൽ നിന്നുള്ള ക്യുആർ കോഡും ഉണ്ടായിരിക്കണം. കൂടാതെ, വിത്തുകൾക്ക് ക്ഷാമമോ അമിത വിലക്കയറ്റമോ നേരിടുന്ന അടിയന്തര സാഹചര്യങ്ങളിൽ അവയുടെ വിപണന വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടായിരിക്കും.
രജിസ്ട്രേഷൻ നിരസിക്കുകയോ മറ്റ് നടപടികൾ ഉണ്ടാവുകയോ ചെയ്താൽ അതിനെതിരെ അപ്പീൽ നൽകാനുള്ള സംവിധാനം ഉണ്ടായിരിക്കും. വിത്തുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന തലങ്ങളിൽ സീഡ് ടെസ്റ്റിംഗ് ലബോറട്ടറികൾ സ്ഥാപിക്കും. നിയമലംഘനം നടന്നാൽ പരിശോധന നടത്തുന്നതിനായി സീഡ് ഇൻസ്പെക്ടർക്ക് വിത്തുകളുടെ സാമ്പിളുകൾ ശേഖരിക്കാനും, റെയ്ഡ് ചെയ്യാനും, രേഖകൾ പിടിച്ചെടുക്കാനും അധികാരമുണ്ടായിരിക്കും.
ശിക്ഷാ നടപടികൾ: ഗുണനിലവാരമില്ലാത്ത വിത്തുകൾ വിൽക്കുകയോ സാത്തി (SATHI) പോർട്ടലിൽ വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്യുന്ന ചെറിയ കുറ്റങ്ങൾക്ക് ഒരു ലക്ഷം രൂപ മുതൽ പിഴ ഈടാക്കാം. വ്യാജ വിത്തുകൾ വിൽക്കുന്നത് പോലെയുള്ള വലിയ കുറ്റങ്ങൾക്ക് 30 ലക്ഷം രൂപ വരെ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാം.
കർഷകർക്കുള്ള ഇളവ്: കർഷകർക്ക് അവരുടെ കൃഷിയിടത്തിൽ നിന്നുള്ള വിത്തുകൾ വളർത്താനും, വിതയ്ക്കാനും, സൂക്ഷിക്കാനും, കൈമാറ്റം ചെയ്യാനും, വിൽക്കാനും അവകാശമുണ്ട്. എന്നാൽ, ബ്രാൻഡ് നാമത്തിൽ വിത്തുകൾ വിൽക്കാൻ കർഷകർക്ക് അനുവാദമില്ല.
വിത്ത് ഇറക്കുമതി: കയറ്റുമതി ചെയ്യുന്ന രാജ്യത്ത് നടത്തിയ മൾട്ടി-ലോക്കേഷൻ പരീക്ഷണഫലങ്ങളുടെയും, ഇറക്കുമതിക്കാർ നൽകുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിൽ വിത്ത് ഇറക്കുമതിക്ക് അനുമതി നൽകാവുന്നതാണ്.
നഷ്ടപരിഹാരം: രജിസ്റ്റർ ചെയ്ത വിത്തുകൾ വാങ്ങി കൃഷി ചെയ്തിട്ടും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിൽ, കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ട് (ഉപഭോക്തൃ കോടതികൾ വഴി).
അസാധുവാക്കൽ: ഈ നിയമം നിലവിൽ വരുന്നതോടെ 1966-ലെ വിത്ത് നിയമം റദ്ദാക്കപ്പെടും
1966-ലെ നിയമപ്രകാരം വിജ്ഞാപനം ചെയ്ത നിലവിലുള്ള വിത്തിനങ്ങൾ പുതിയ നിയമപ്രകാരം രജിസ്റ്റർ ചെയ്തതായി കണക്കാക്കും.


പ്രധാന ആശങ്കകൾ
വ്യക്തിഗത കർഷകർക്ക് വിത്ത് സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനും അനുവാദമുണ്ടെങ്കിലും, കർഷക ഉൽപാദക സംഘടനകൾ (FPOs), വനിതാ കൂട്ടായ്മകൾ, കമ്മ്യൂണിറ്റി സീഡ് ബാങ്കുകൾ, മറ്റ് പരമ്പരാഗത വിത്ത് സംരക്ഷണ സംഘടനകൾ എന്നിവയെ വാണിജ്യ സ്ഥാപനങ്ങളായാണ് ഈ ബില്ലിൽ പരിഗണിക്കുന്നത്. അതിനാൽ, വൻകിട കോർപ്പറേറ്റുകൾക്ക് ബാധകമായ കർശനമായ രജിസ്ട്രേഷൻ നടപടികളും പരിശോധനകളും ഇത്തരം കാർഷിക കൂട്ടായ്മകളും പാലിക്കാൻ നിർബന്ധിതരാകും. ഈ നടപടി കർഷക കൂട്ടായ്മകളുടെ തകർച്ചയ്ക്കും, അതുവഴി പ്രാദേശിക കാർഷിക ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ അപ്രത്യക്ഷമാകുന്നതിനും കാരണമാകും.
വിത്തിന്റെ കൃഷിക്കും ഉപയോഗത്തിനുമുള്ള മൂല്യം (Value for Cultivation and Use, VCU) അടിസ്ഥാനമാക്കിയുള്ള പരിശോധനകളും ക്യുആർ കോഡ് ഉൾപ്പെടെയുള്ള ഡിജിറ്റൽ നിബന്ധനകളും വൻകിട കോർപ്പറേറ്റുകളുടെ ഹൈബ്രിഡ് വിത്തുകൾക്ക് ഏകപക്ഷീയമായ മുൻഗണന നൽകുന്നവയാണ്. ഹൈബ്രിഡ് വിത്തുകളെ ഈ നിയമം അനുകൂലിക്കുമ്പോൾ, കാലാവസ്ഥയെ അതിജീവിക്കുന്ന വൈവിധ്യമാർന്ന പ്രാദേശിക വിത്തിനങ്ങൾക്ക് ഈ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാതെ വരികയും അവ വിപണിയിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇത് 2002-ലെ ദേശീയ ജൈവവൈവിധ്യ നിയമത്തിന്റെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണെന്ന് മാത്രമല്ല, ഗ്രാമീണ മേഖലയിലെ ചെറുകിട വിത്ത് സംരക്ഷകർക്ക് വലിയ ബാധ്യത വരുത്തിവെക്കുകയും, ഇന്ത്യൻ കാർഷികരംഗത്തെ ജൈവവൈവിധ്യത്തെ തകർത്ത് വ്യാവസായിക വിത്ത് സമ്പ്രദായത്തെ അമിതമായി ശക്തിപ്പെടുത്തുകയും ചെയ്യും.
വിത്തുകളുടെ വില നിയന്ത്രിക്കാനുള്ള ശക്തമായ വ്യവസ്ഥകൾ ബില്ലിൽ ഇല്ല എന്നത് വലിയൊരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കമ്പനികൾക്ക് തോന്നിയ വില ഈടാക്കാൻ ഇത് അവസരമൊരുക്കും.
വിദേശ വിത്തുകളുടെ ഇറക്കുമതി ഉദാരമാക്കുന്നതിലൂടെ നിയമത്തിൽ വലിയ പഴുതുകൾ സൃഷ്ടിക്കപ്പെടുന്നുവെന്നതാണ് മറ്റൊരു പ്രധാന ആശങ്ക. മൂല്യനിർണ്ണയ പരിശോധനകൾക്കായി വിദേശ സ്ഥാപനങ്ങളെ അംഗീകരിക്കാനും, കയറ്റുമതി ചെയ്യുന്ന രാജ്യത്ത് നടത്തിയ മൾട്ടി-ലോക്കേഷൻ പരീക്ഷണഫലങ്ങളുടെയും ഇറക്കുമതിക്കാർ നൽകുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിൽ രജിസ്ട്രേഷൻ നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്. എന്നാൽ, വിദേശത്തെ പരിശോധനകളുടെ മാത്രം അടിസ്ഥാനത്തിൽ അനുമതി നൽകുന്നത് ജനിതകമാറ്റം വരുത്തിയ വിത്തുകൾ ഇന്ത്യയിലേക്ക് കടന്നുവരാൻ വഴിയൊരുക്കുമെന്ന് വിമർശകർ ഭയപ്പെടുന്നു. കൂടാതെ, വിദേശ രാജ്യങ്ങളിലെ പരീക്ഷണഫലങ്ങൾ ഇന്ത്യൻ കാർഷിക സാഹചര്യങ്ങൾക്ക് മതിയാകുമോ എന്നതും തർക്കവിഷയമാണ്.
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR), സംസ്ഥാന കാർഷിക സർവകലാശാലകൾ (SAUs) തുടങ്ങിയ പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങൾക്ക് മേൽ ഈ ബിൽ കനത്ത അമിതഭാരമാണ് അടിച്ചേൽപ്പിക്കുന്നത്. സാത്തി (SATHI) ഡിജിറ്റൽ ട്രേസബിലിറ്റി സിസ്റ്റം, ക്യുആർ കോഡുകൾ, തുടർച്ചയായ ഡിജിറ്റൽ രേഖകൾ അപ്‌ലോഡ് ചെയ്യൽ, കേന്ദ്രീകൃത വിത്തിന്റെ കൃഷിക്കും ഉപയോഗത്തിനുമുള്ള മൂല്യം (Value for Cultivation and Use, VCU) എന്നിവ നിർബന്ധമാക്കുമ്പോൾ, ഇതിനാവശ്യമായ സാമ്പത്തിക-സാങ്കേതിക സൗകര്യങ്ങൾ പലപ്പോഴും ഈ പൊതുമേഖലാ സ്ഥാപനങ്ങൾക്കില്ല. അധിക ഫണ്ട് അനുവദിക്കാതെ അടിച്ചേൽപ്പിക്കുന്ന ഈ നിബന്ധനകൾ ഗവേഷണ ബജറ്റിനെ തകിടംമറിക്കുകയും, താങ്ങാനാവുന്ന വിലയിൽ പ്രാദേശിക ഇനങ്ങൾ വികസിപ്പിക്കുന്നതിനുള്ള കഴിവിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, മതിയായ നിയമപരിരക്ഷയില്ലാതെ വിത്തിന്റെ പ്രകടനത്തിന്റെ പേരിൽ ശാസ്ത്രജ്ഞർ നിയമനടപടികൾ നേരിടേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് പൊതുമേഖലാ ഗവേഷണത്തെ തകർക്കാനും വിത്തുൽപ്പാദന രംഗം പൂർണ്ണമായും സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിലാകാനും കാരണമാകും.
വിത്ത് പരാജയപ്പെട്ടാൽ നഷ്ടപരിഹാരം ലഭിക്കാൻ കർഷകർ ഉപഭോക്തൃ കോടതിയെ സമീപിക്കണം. ഇത് സങ്കീർണ്ണവും കാലതാമസമെടുക്കുന്നതുമായ നടപടിയാണ്. ലളിതമായ നഷ്ടപരിഹാര സംവിധാനം ബില്ലിൽ ഇല്ല.
വിത്ത് നിയന്ത്രണത്തിനുള്ള അധികാരം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാക്കുന്നതുവഴി സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കപ്പെടുന്നുവെന്ന പരാതിയുണ്ട്.
കർഷകർക്കും കർഷക കൂടായ്മകൾക്കും വിത്തുകൾ സൂക്ഷിക്കാനും, കൈമാറാനും, വിൽക്കാനും (ബ്രാൻഡ് ചെയ്യാത്തവ) ‘സസ്യ ഇനങ്ങളുടെയും കർഷകരുടെ അവകാശങ്ങളുടെയും സംരക്ഷണ നിയമം, 2001’ (Protection of Plant Varieties and Farmers Rights (PPVFR) Act, 2001) നൽകുന്ന അവകാശങ്ങളെ പുതിയ ബിൽ നിഷേധിക്കുന്നു. കർഷക കൂട്ടായ്മകളെ വാണിജ്യ സ്ഥാപനങ്ങളായി കണ്ട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ, മറുവശത്ത് സ്വകാര്യ വിത്ത് കമ്പനികൾക്ക് വിത്തിന്റെ ഉറവിടം വെളിപ്പെടുത്തുക, ലാഭവിഹിതം പങ്കിടുക, നഷ്ടപരിഹാരം നൽകുക തുടങ്ങിയ ‘സസ്യ ഇനങ്ങളുടെയും കർഷകരുടെ അവകാശങ്ങളുടെയും സംരക്ഷണ നിയമം, 2001’ (Protection of Plant Varieties and Farmers’ Rights (PPVFR) Act, 2001) – ലെ സുപ്രധാന ബാധ്യതകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ അവസരം നൽകുന്നത് പ്രാദേശിക വിത്ത് സംരക്ഷണത്തെയും കാർഷിക ജൈവവൈവിധ്യത്തെയും ഒരുപോലെ ദുർബലപ്പെടുത്തും.
കഴിഞ്ഞ ആറ് പതിറ്റാണ്ടുകൾക്കിടയിൽ വിത്ത് കൈമാറ്റം, ഈ മേഖലയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ, കൃഷിരീതി, കൃഷിയിലെ ആധുനികവത്കരണം, ആഗോള വ്യാപാരം എന്നിവയിൽ ഉണ്ടായ വമ്പിച്ച മാറ്റങ്ങളെയും ശാസ്ത്രീയ പുരോഗതിയെയും ഉൾക്കൊള്ളാൻ നിലവിലെ വിത്ത് നിയമത്തിന് കഴിയാത്ത സാഹചര്യമാണുള്ളത്. ഈ അവസ്ഥയിൽ വിത്ത് വ്യവസായ രംഗത്തെ ആവശ്യങ്ങൾ പരിഗണിച്ച് ഒരു പൊളിച്ചെഴുത്ത് തീർച്ചയായും ആവശ്യമാണ്. എന്നാൽ 2025-ലെ വിത്ത് ബിൽ, പ്രായോഗിക തലത്തിൽ ഇന്ത്യയുടെ കാർഷിക പരമാധികാരത്തെയും കർഷകാവകാശങ്ങളെയും വെല്ലുവിളിക്കുന്ന ഒന്നായി മാറുന്നു. പൊതുമേഖലാ ഗവേഷണ സംവിധാനങ്ങളെയും കാർഷിക ജൈവവൈവിധ്യത്തെയും ദുർബലപ്പെടുത്തുന്ന ഈ ബിൽ, കാർഷിക മേഖലയിൽ കോർപ്പറേറ്റ് കുത്തകകൾക്ക് വഴിയൊരുക്കുമെന്ന ആശങ്ക ശക്തമാണ്. വിത്തുകളുടെ വിലനിയന്ത്രണത്തിലും കർഷകരുടെ പരമ്പരാഗത അവകാശങ്ങൾ സംരക്ഷിക്കുന്നതിലും വ്യക്തത വരുത്താതെ, കേവലം കോർപ്പറേറ്റ് കാര്യക്ഷമതയ്ക്ക് മുൻഗണന നൽകുന്നത് കർഷക ക്ഷേമത്തിന് വിരുദ്ധമാണ്. അതിനാൽ, വാണിജ്യ താൽപ്പര്യങ്ങൾക്കപ്പുറം കർഷകരുടെയും കാർഷിക ജൈവവൈവിധ്യത്തിന്റെയും സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ട് മാത്രമേ ഈ നിയമം നടപ്പിലാക്കാൻ പാടുള്ളൂ.
(കരട് വിത്ത് ബിൽ 2025ൻ്റെ പൂർണരൂപം, ലിങ്ക്)
സനിൽ പി.സി: പ്രൊജക്റ്റ് കോർഡിനേറ്റർ, എം.എസ് സ്വാമിനാഥൻ ഗവേഷണ നിലയം, വയനാട്. ഫോൺ: 9746910667, ഇ-മെയിൽ : sanil@mssrf.res.in

