മാറുന്ന കേരളത്തിലെ ബജറ്റ്

കേരള സർക്കാരിന്റെ 2023-24 വർഷത്തെ ബജറ്റ് കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കൃത്യമായ ചില സാമ്പത്തിക പ്രതിസന്ധികൾ ചർച്ച ചെയ്യുന്നുണ്ട്. കേരളത്തിന്റെ തനത് വരുമാനം 2020-21ൽ 54,955.99 കോടി രൂപയായിരുന്നത് 2021-22 ൽ 68,803.03 കോടി രൂപയായി ഉയർന്നു എന്നും നടപ്പ് സാമ്പത്തിക വർഷം അത് 85,000 കോടി രൂപയായി ഉയരും എന്നുമുള്ള അവകാശത്തോടെ ആരംഭിക്കുന്ന ബജറ്റ് അവസാനിപ്പിക്കുന്നത് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വിവരിച്ചുകൊണ്ടാണ്.

കേരളത്തിന്റെ വികസനത്തിന് ബജറ്റ് വിഹിതം കുറച്ച്, പകരം പൊതു-സ്വാകാര്യ പങ്കാളിത്തത്തിലൂടെ വ്യവസായിക വികസനവും പശ്ചാത്തല വികസനവും മുന്നോട്ടുവയ്ക്കുന്ന ഒരു ബജറ്റാണ് കേരള സർക്കാർ അവതരിപ്പിച്ചത്. മേക്കിങ് കേരളം പോലെയുള്ള പ്രഖ്യാപനങ്ങൾ ഒരു മാറുന്ന കാലത്തെ നയപ്രഖ്യാപനം കൂടിയാണ്. ഉദാരവത്കരണത്തോട് കേരളം ഇതുവരെ പുറംതിരിഞ്ഞ് നിന്നിട്ടില്ല എന്ന വസ്തുതയും നമ്മൾ ഗൗരവത്തിൽ എടുക്കണം. ഈ ബജറ്റിന്റെ മറ്റൊരു പ്രത്യേകത മുൻകാല ബജറ്റിൽ നിന്നും വ്യത്യസ്തമായി കിഫ്ബിക്ക് (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) വലിയ പ്രാധാന്യം നൽകിയിട്ടില്ല എന്നതാണ്.

ധനമന്ത്രി കെ.എൻ ബാല​ഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നു. കടപ്പാട്: ​mathrubhumi

ബജറ്റിന് പുറത്തുള്ള കടമെടുക്കൽ, കടമെടുക്കൽ പരിധിയിൽ നിന്നും ഒഴിവാക്കണം എന്ന കേരള സർക്കാരിന്റെ ആവശ്യത്തോട് കേന്ദ്രസർക്കാർ അനുഭാവപൂർണ്ണമായ ഒരു നിലപാടല്ല സ്വീകരിച്ചത്. അതുകൊണ്ടുതന്നെ കിഫ്ബി അടിസ്ഥാനപ്പെടുത്തിയുള്ള കടമെടുപ്പിന് പരിധികളുണ്ട്. കിഫ്‌ബി പദ്ധതിക്ക് വലിയ പ്രാധാന്യം ഈ ബജറ്റിൽ നൽകിയിട്ടില്ല എന്നത് രാഷ്ട്രീയ മാറ്റം കൂടിയാണ്. കേരളത്തിലെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 39 ശതമാനത്തോളം കടമായി മാറുന്ന ഒരു സംസ്ഥാനത്തിൽ കടത്തിന് ആനുപാതികമായി മൂലധനവർദ്ധനവ് ഉണ്ടാകുകയും ഉല്പാദനത്തിൽ വർദ്ധനവ് ഉണ്ടാകുകയും ചെയ്യുമ്പോൾ മാത്രമാണ് ഇത്തരം സാമ്പത്തിക വ്യവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുകയുള്ളൂ. വർധിച്ചു വരുന്ന കടം വികസന പ്രവർത്തങ്ങളെ ബാധിക്കുന്നമെന്ന പൊതുധാരണയെ കേരളം അവഗണിക്കുന്നത് കേരളത്തിലെ മധ്യവർഗസമൂഹത്തെ മുന്നിൽ കണ്ടുകൊണ്ടാണ്. സർക്കാർ സംവിധാനങ്ങളെ ഉപേക്ഷിക്കുന്ന ഒരു മധ്യവർഗം കേരളത്തിൽ ഉണ്ട്. അതുകൊണ്ടുതന്നെ വികസന പദ്ധതികളിലെ ഗുണഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവുകൾ സർക്കാരിന് മൂലധന കേന്ദ്രീകൃതമായ സാമ്പത്തിക നയം നടപ്പിലാക്കുന്നതിന് വലിയ തടസങ്ങൾ ഒന്നും സൃഷ്ടിക്കുന്നില്ല.

സാമൂഹിക വികസന പദ്ധതികൾ ആവിഷ്കരിക്കേണ്ട വലിയ ബാധ്യതയാണ് കേരളത്തിന്റെ പ്രത്യകത. എന്നാൽ കേരളത്തിൽ കിഫ്‌ബി ഉണ്ടാക്കിയ മാറ്റം, ആസൂത്രണ ബോർഡ് അടക്കമുള്ള സ്ഥാപനങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് സാമ്പത്തിക/മൂലധന വളർച്ചക്ക് അനുകൂലമായ മേഖലകളിലേക്ക് മൂലധനം നിക്ഷേപിക്കാൻ കഴിയും എന്നതാണ്. മറ്റേത് സ്വാകാര്യ മൂലധനവും പോലെ മാത്രമേ കിഫ്‌ബിക്ക് പ്രവർത്തിക്കാൻ കഴിയൂ. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാരിന് രാഷ്ട്രീയമായി എതിർപ്പുള്ള ഒന്നല്ല ഇത്. എന്നാൽ കേരളത്തിൽ കിഫ്‌ബിയുടെ ശരിയായ ഉപയോഗത്തെ മറച്ചുപിടിക്കാൻ വേണ്ടി, സർക്കാർ വകുപ്പുകളുടെ പദ്ധതികൾ കിഫ്ബിയിലൂടെ നടപ്പിലാക്കുക വഴി കിഫ്ബിയുടെ പ്രവർത്തന മേഖല വികസിപ്പിക്കുകയാണ് ചെയ്തത്.

സംസ്ഥാന ബജറ്റിനെതിരായ പ്രതിപക്ഷ പ്രതിഷേധം. കടപ്പാട്: ​indianexpress

കിഫ്ബിക്ക് സർക്കാർ നൽകിയ വലിയതോതിലുള്ള പ്രാധാന്യം കേരളത്തിൽ പൊതു-സ്വാകാര്യ പങ്കാളിത്ത വികസനത്തിന് വേണ്ട ജനകീയ പിന്തുണ ഉറപ്പിക്കൽ കൂടിയാണ്. കേരളത്തിലെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ ഈ മാതൃകയ്ക്കാണ് സാധ്യത. എന്നാൽ മറ്റൊരു ഗൗരമായ പൊതുപ്രശ്‌നം സർക്കാർ ചുമത്തുന്ന അധിക നികുതിയാണ്. സ്വകാര്യവത്കരണവും അധിക നികുതിയും ഒരുതരം വൈരുധ്യമാണ്. പ്രതിശീർഷ ഉപഭോഗം കൂടിയ ഒരു സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ പരോക്ഷനികുതിയിൽ ഏർപ്പെടുത്തുന്ന ഏതൊരു മാറ്റവും സർക്കാരിന് നേട്ടമുണ്ടാക്കും. ഒരു പക്ഷെ ജി.എസ്.ടി നടപ്പിലാക്കാൻ കേരളം മുന്നിൽ നിന്നതിന് പിന്നിലെ ഒരു കാരണം നികുതിയിൽ ഉണ്ടാകുന്ന വർദ്ധനയാണ്.

സർക്കാർ വികസന പദ്ധതികൾ നടത്തുന്നതിൽ മുന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണ് കേരളം എന്നതിനാൽ നികുതി വരുമാനത്തെ ആശ്രയിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ല. കേരളത്തിലെ നികുതി ഘടന പരിഷ്കരിക്കേണ്ടവരും എന്ന ആശയം പലപ്പോഴായി ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ കേരളത്തിലെ രാഷ്ട്രീയ-സാമ്പത്തിക സംവിധാനം പുതിയ നികുതി സ്രോതസുകൾ പരിഷകരിക്കാൻ അനുവദിക്കുന്ന ഒന്നല്ല. പ്ലാന്റേഷൻ, ഖനനം തുടങ്ങിയ മേഖലകളിലെ നികുതി സാധ്യതകൾ, അതോടൊപ്പം ഈ മേഖലക്ക് നൽകുന്ന സബ്‌സിഡിയിൽ കുറവ് വരുത്തൽ തുടങ്ങിയ ആശയങ്ങൾക്ക് കേരളത്തിൽ സാധ്യതകൾ ഉണ്ട്. എന്നാൽ ഇതിനെതിരെയുള്ള പ്രതിരോധങ്ങളെ നേരിടാൻ കേരളത്തിലെ രാഷ്ട്രീയ സംവിധാനങ്ങൾ അപര്യാപ്തമാണ്. ഇപ്പോൾ സർക്കാർ ഏർപ്പെടുത്തിയ പെട്രോളിയത്തിന് മേലുള്ള നികുതി പിൻവലിക്കാനുള്ള ഒരു കാരണവും സർക്കാരിന് മുന്നിലില്ല. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരിനെ പോലെ വില കൂട്ടുന്നത് വികസന പ്രവർത്തങ്ങൾക്ക് വേണ്ടിയാണ് എന്ന വാദത്തെ കേരളവും അംഗീകരിക്കേണ്ടിവരും. ലൈഫ് മിഷൻ, പൊതു വിദ്യാഭ്യാസം ഒക്കെ ചൂണ്ടി കാണിച്ചുകൊണ്ട് കേരള സർക്കാർ തന്നെ ഇതിനെ ന്യായീകരിക്കുന്നുണ്ട്.

‘മൂലധന ചെലവിൽ സുതാര്യത’ എന്ന ലോകബാങ്ക് ആശയത്തിന് വലിയ പ്രാധാന്യവും കൊടുക്കുന്ന ഒരു സർക്കാരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. സ്വകാര്യവത്കരണത്തെ സർക്കാർ പദ്ധതിയായി അവതരിപ്പിക്കുക എന്ന കേന്ദ്ര സർക്കാർ അജണ്ടയെ പ്രതിരോധിക്കാൻ കേരളത്തിന് പോലും സാധിക്കുന്നില്ല എന്നതിന് ഉദാഹരണമാണ് കേരള ബജറ്റിലെ വിഴിഞ്ഞം പദ്ധതിക്ക് വേണ്ടിയുള്ള പരിശ്രമം. 2023-24 കേരള ബജറ്റ്, മാറുന്ന കേരള വികസന സമീപനത്തെക്കുറിച്ചുള്ള ഒരു സൂചനയാണ്.

സ്വകാര്യവത്കരണത്തെ സർക്കാർ പദ്ധതിയായി അവതരിപ്പിക്കുക എന്ന കേന്ദ്ര സർക്കാർ അജണ്ടയെ പ്രതിരോധിക്കാൻ കേരളത്തിന് പോലും സാധിക്കുന്നില്ല എന്നതിന് ഉദാഹരണമാണ് കേരള ബജറ്റിലെ വിഴിഞ്ഞം പദ്ധതിക്ക് വേണ്ടിയുള്ള പരിശ്രമം. 2023-24 കേരള ബജറ്റ്, മാറുന്ന കേരള വികസന സമീപനത്തെക്കുറിച്ചുള്ള ഒരു സൂചനയാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read