പശ്ചിമഘട്ടത്തിലെ പാരസ്പര്യത്തിന് ഓസ്കാർ പുരസ്കാരം

ഏറ്റവും മികച്ച ഹ്രസ്വ ഡോക്യുമെൻ്ററിക്കുള്ള ഇത്തവണത്തെ ഓസ്കാർ അവാർഡ് 2022 ഡിസംബറിൽ റിലീസ് ചെയ്ത ‘ദി എലിഫൻ്റ് വിസ്പറേഴ്സ്’ എന്ന എന്ന ചിത്രത്തിന് ലഭിച്ചത് ഏറ്റവും സന്തോഷകരമാവുന്നത് അതിൻ്റെ സമകാലിക പ്രസക്തി കൂടി പരിഗണിക്കുമ്പോളാണ്. നമ്മുടെ നാട്ടിൽ വന്യജീവികളെ വനപരിസരത്തെ മനുഷ്യരുടെ ശത്രുക്കളായി പരക്കെ പരിഗണിക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ, മനുഷ്യരും കാട്ടുമൃഗങ്ങളും തമ്മിലുള്ള ഊഷ്മളവും സ്വാഭാവികവുമായ സഹവർത്തിത്വത്തിൻ്റെ അനന്യമായ ഒരു ദൃഷ്ടാന്തമായി ഈ ചിത്രം ഏറെ പ്രസക്തി നേടുന്നുണ്ട്.

തമിഴ്നാട്ടിൽ, പശ്ചിമഘട്ടത്തിൻ്റെ കിഴക്കൻ ചരിവിൽ സ്ഥിതി ചെയ്യുന്ന മുതുമല നാഷണൽ പാർക്ക് എന്ന വന്യജീവി സങ്കേതത്തിൽ അനാഥമാക്കപ്പെട്ട ആനക്കുട്ടികളെ മനുഷ്യക്കുട്ടികൾക്കെന്ന പോലെ സ്നേഹവും പരിലാളനവും നൽകി പരിപാലിക്കുന്ന രണ്ട് കാട്ടുനായ്ക്കരും രണ്ട് ആനക്കുട്ടികളുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. കാട്ടുനായ്ക്കർ നിബിഡ വനങ്ങളിൽ വന്യജീവികളോടൊത്ത് തലമുറകളായി ജീവിച്ചു പോരുന്ന മനുഷ്യരാണ്. അക്കൂട്ടത്തിൽ ആനകളോട് പ്രത്യേക മമതയും വാത്സല്യവുമുള്ള ബൊമ്മൻ, ബെല്ലി എന്നിവർ മുതുമലയിലെ തേപ്പക്കാടുള്ള വനം വകുപ്പിന്റെ അനാഥമാക്കപ്പെട്ടതോ ഒറ്റപ്പെട്ടുപോയതോ ആയ ആനകളെ സംരക്ഷിക്കുന്ന താവളത്തിൽ ജോലി ചെയ്യുന്നു. 140 വർഷം മുമ്പ് സ്ഥാപിക്കപ്പെട്ട ഒരു ശുശ്രൂഷാ കേന്ദ്രമാണത്. വളരെ ചെറുപ്പത്തിൽ പരിക്ക് പറ്റി ഒറ്റപ്പെട്ടുപോയ രഘു എന്ന ആനക്കുട്ടിയെ ബൊമ്മനാണ് കരുതലോടെയും സ്നേഹത്തോടെയും പരിചരിച്ച് രക്ഷപ്പെടുത്തുന്നത്. അത്തരം അവസ്ഥയിലകപ്പെട്ട ആനക്കുട്ടികൾ ചത്തുപോകാറാണ് പതിവ്. എന്നാൽ സ്വന്തം കുട്ടിയെപ്പോലെ പരിലാളിച്ച് വളർത്തിയ ബൊമ്മൻ്റെ സന്തത സഹചാരിയും ഇഷ്ടതോഴനുമായാണ് രഘു വളർന്നുവരുന്നത്.

ബൊമ്മൻ, ബെല്ലി. ഡോക്യുമെന്ററിയില്‍ നിന്നുള്ള രംഗം

രഘുവിനെ പരിചരിച്ച് രക്ഷിച്ചെടുക്കുന്ന ദൗത്യം ഒരുമിച്ച് പങ്കിടുന്നതിലൂടെയുണ്ടായ സ്നേഹബന്ധമാണ് ബെല്ലിയേയും ബൊമ്മനേയും വാർദ്ധക്യകാലത്ത് പുതിയ വിവാഹബന്ധത്തിലേക്ക് നയിക്കുന്നത്. നേരത്തെയുണ്ടായ ഭർത്താവിൻ്റെ മരണം മകളുടെ മരണം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ അവളെ പ്രാപ്തയാക്കിയത് ആനക്കുട്ടിയോടുള്ള അടുത്ത ബന്ധമാണ്. അവൾക്ക് ആനക്കുട്ടി സ്വന്തം കുഞ്ഞുതന്നെയാണ്‌. അമ്മു എന്ന മറ്റൊരാനക്കുട്ടി കൂടി അവരുടെ പരിചരണത്തിൻ കീഴിലാവുന്നു. ചിത്രത്തിലെ വൈകാരികമായി ഏറ്റവും പിരിമുറുക്കുള്ള ഒരു സന്ദർഭം രഘു എന്ന ആനക്കുട്ടിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഈ ദമ്പതികളുടെ ഉത്തരവാദിത്വത്തിൽ നിന്ന് മാറ്റി വേറൊരാളെ ഏൽപ്പിക്കുമ്പോളാണ്. ദമ്പതികളും ആനയും ഒരേ പോലെ ഇതിൽ സങ്കടപ്പെടുന്നു. ഔദ്യോഗിക ഔപചാരികത മാത്രമറിയാവുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സ്വാഭാവികമായും ആനയും ഈ ദമ്പതികളും തമ്മിലുള്ള സ്നേഹബന്ധത്തിൻ്റെ ആഴമോ മൂല്യമോ ഉൾക്കൊള്ളാൻ കഴിവില്ല. രഘു പോയ കടുത്ത ദുഃഖം ഇരുവരും മറികടക്കുന്നത് അമ്മുവിൻ്റെ പരിചരണം അവർ ഏറ്റെടുത്തത് കൊണ്ട് മാത്രമാണ്.

വനത്തിനകത്ത് തന്നെ കഴിയുന്ന തദ്ദേശവാസികൾക്ക് അവർ ജീവിക്കുന്ന പരിസരവുമായും അവിടത്തെ ജീവികളുമായും അഭേദ്യമായ ബന്ധമാണുള്ളത്. പ്രകൃതി എന്നത് അവരെ സംബന്ധിച്ചിടത്തോളം അന്യമായ ഒന്നല്ല. തങ്ങളുടെ പരിമിതമായ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടത് മാത്രം അവർ പ്രകൃതിയിൽ നിന്നെടുക്കുന്നു. അപ്പോഴും, എല്ലാ സമയത്തും പ്രകൃതിയേയും വന്യജീവികളെയും അവർ പരിരക്ഷിക്കുന്നു. ഈ ചിത്രത്തിലെ കാട്ടുനായ്ക്ക ദമ്പതികൾ ആനക്കുട്ടിയെ പരിചരിക്കുന്ന സ്നേഹമസൃണമായ രീതിയെ നാട്ടാനകളുടെ പാപ്പാന്മാർ അവയെ കൈകാര്യം ചെയ്യുന്ന ക്രൂരമായ രീതിയോട് താരതമ്യം ചെയ്ത് നോക്കണം.

ഡോക്യുമെന്ററിയില്‍ നിന്നുള്ള രംഗം

ഏതാണ്ട് അഞ്ച് വർഷത്തോളം രഘുവെന്ന ആനയുടെ വളർച്ചയെ ക്ഷമാപൂർവം നിരീക്ഷിച്ചു, 450 മണിക്കൂർ ആനയും ശുശ്രൂഷകരുമൊത്തുള്ള ജീവിതം ചിത്രീകരിച്ച് വച്ചതിൽ നിന്ന് കാച്ചിക്കുറുക്കിയെടുത്തതാണ് 41 മിനുട്ട് മാത്രം ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം എന്ന് നിർമ്മാതാക്കൾ പറയുന്നുണ്ട്. ഈ ചിത്രത്തിൻ്റെ സംവിധായിക കാർത്തികി ഗൊൺസാൽവസ്, 2019 ൽ ഓസ്കാർ നേടിയ ‘പീര്യഡ്: എൻഡ് ഒഫ് എ സൻറ്റൻസ്’ എന്ന ചിത്രത്തിൻ്റെ നിർമ്മാതാവ് ഗുനീത് മോംഗ എന്നിവരും മറ്റു രണ്ട് പേരുമാണ് ചിത്രത്തിൻ്റെ നിർമ്മാതാക്കൾ. ഓസ്കാർ അവാർഡ് സ്വീകരിച്ചുകൊണ്ട് സംവിധായിക കാർത്തികി ഗൊൺസാൽവസ് പറഞ്ഞു: “പ്രകൃതിയും നമ്മളും തമ്മിലുള്ള പവിത്രമായ ബന്ധത്തെപ്പറ്റി, തദ്ദേശ ജനതയെ ബഹുമാനിക്കേണ്ടതിനെപ്പറ്റി, നമ്മളുമായി സ്ഥലം പങ്കിടുന്ന ഇതര ജീവികളോട് വേണ്ട കാരുണ്യത്തെപ്പറ്റി, സഹവർത്തിത്വത്തെപ്പറ്റി സംസാരിക്കുവാനാണ് ഞാൻ ഇവിടെ നില്ക്കുന്നത്.”‌ ഗുനിത് മോംഗ പറഞ്ഞു: “സ്വയം ശുശ്രൂഷിക്കുവാൻ കഴിയാത്ത ജീവികളെ ശുശ്രൂഷിക്കുക എന്നത് ഏറ്റവും കഠിനവും നിസ്വാർത്ഥവുമായ ഒരു പ്രവൃത്തിയാണ്. അതിന് അത്യധികം ക്ഷമ ആവശ്യമാണ്.”

കാർത്തികി ഗൊൺസാൽവസ്, ഗുനീത് മോംഗ ഓസ്കാർ പുരസ്കാരവുമായി

സിനിമാറ്റോഗ്രഫി, എഡിറ്റിങ്ങ് തുടങ്ങിയ സാങ്കേതികമായ അംശങ്ങളിലെല്ലാം കലാപരമായ മികവു പുലർത്തുന്ന ഈ ലഘുചിത്രം രാജ്യത്തിന് തന്നെ അഭിമാനകരമായ രചനയാണ്. അഭിനയമോ കൃത്രിമമായ സജ്ജീകരണങ്ങളോ കൊണ്ടല്ല ചിത്രം ശ്രദ്ധേയമാവുന്നത്. യാഥാർത്ഥ്യത്തോട് താദാത്മ്യം സാധ്യമാക്കുന്ന മികച്ച ചിത്രീകരണത്തിലൂടെയാണ്. പശ്ചിമഘട്ടത്തിലെ മനുഷ്യ-വന്യജീവി ‘സംഘർഷ’ത്തെക്കുറിച്ചുള്ള വിവാദം കേരളത്തിൽ കൊടുമ്പിരികൊള്ളുമ്പോൾ അതിൽ മനുഷ്യേതര ജീവികളോടുള്ള സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും അനുതാപത്തിൻ്റെയും സചേതനമായ സാന്നിദ്ധ്യം കൂടി സാധ്യമോ എന്ന അന്വേഷണം ചിത്രം ആവശ്യപ്പെടുന്നുണ്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read