“ഹോമില്‍ നിന്നിറങ്ങി പത്ത് ദിവസം, അതിനുള്ളില്‍ കല്യാണം കഴിപ്പിച്ചു.. ആ ആളുമായി തന്നെ..” പഠിക്കണം, ജോലി വാങ്ങണം- ഇതായിരുന്നു ആരതിയുടെ (പേര് യഥാർത്ഥമല്ല) സ്വപ്‌നം. എന്നാല്‍ ആ സ്വപ്‌നങ്ങളെല്ലാം മനസ്സില്‍ ഒതുക്കി ‘ബാക്കിയായ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്’ ആരതി. വീട്ടില്‍ ചെറിയ തോതില്‍ തയ്യല്‍ ജോലികള്‍ ചെയ്യും, സഹോദരന്‍ തുടങ്ങിയ കടയില്‍ സഹായായി നില്‍ക്കും. കൂട്ടത്തില്‍ ഭര്‍ത്താവും കുഞ്ഞും. “ഇതൊന്നും ആയിരുന്നില്ല എനിക്ക് വേണ്ടിയിരുന്നത്.” ആരതി തെല്ല് നീരസത്തോടെ, നെടുവീര്‍പ്പിനിടയിലും ചിരിച്ചുകൊണ്ട് പറഞ്ഞു. പ്ലസ് വണ്‍ ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സമീപവാസിയായ ആളില്‍ നിന്ന് ലൈംഗികാതിക്രമം ഉണ്ടാവുന്നത്. കേസ് തുടങ്ങിയപ്പോള്‍ അന്ന് നിര്‍ഭയ ഹോം ആയിരുന്ന വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോമിലേക്ക് താമസം മാറ്റി. കേസ് മുന്നോട്ട് പോവുന്നതിനിടെ പ്ലസ്ടു തെറ്റില്ലാത്ത മാര്‍ക്കില്‍ പാസ്സായി. കോളേജില്‍ അഡ്മിഷനും എടുത്തു. എന്നാല്‍ അതിനിടയില്‍ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനുള്ള ശ്രമം പ്രതിയുടേയും ആരതിയുടെ വീട്ടുകാരുടേയും ഭാഗത്ത് നിന്ന് തുടങ്ങി. ഹോമില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരം വീട്ടിലേക്ക് പോവുകയാണെന്ന് അറിയിച്ച് അവിടെ നിന്ന് ഇറങ്ങിയ ആരതിയെ കാത്തിരുന്നത് വിവാഹ ഓഫര്‍ ആയിരുന്നു. “കേസ് ഒത്തുതീര്‍പ്പാക്കിയാല്‍ എന്നെ കല്യാണം കഴിച്ചോളാമെന്ന് ആ ആള്‍ തന്നെ പറഞ്ഞു. അങ്ങനെ കല്യാണം കഴിഞ്ഞു. വീട്ടുകാര്‍ക്കും അതായിരുന്നു വേണ്ടത്. ഇപ്പോള്‍ കുഞ്ഞായി. ഒരു സങ്കടമേയുള്ളൂ. ഡിഗ്രിക്ക് പഠിക്കാന്‍ പോയില്ല. പിന്നെ ഒന്നും പഠിച്ചില്ല. എന്തേലും ജോലി സ്വന്തമായി ഉണ്ടാവണമെന്ന് ആഗ്രഹിച്ചിരുന്നു. അതും നടന്നില്ല.”
തൃശൂരിലുള്ള മോഡല്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോമിലേക്ക് മറ്റ് ജില്ലകളിലെ ഹോമുകളില്‍ നിന്ന് പെണ്‍കുട്ടികളേയും സ്ത്രീകളേയും കൂട്ടത്തോടെ മാറ്റുന്ന തിരക്കിലാണ് സാമൂഹിക വകുപ്പ് അധികൃതര്‍. പോവാന്‍ സമ്മതമില്ലാത്തവര്‍ക്ക്, വീടുകളിലേക്ക് മടങ്ങാനുള്ള സാഹചര്യമൊരുക്കാനാണ് അധികൃതരുടെ ശ്രമം. വീടുകളിലെ സുരക്ഷിതത്വം അന്വേഷണത്തില്‍ ബോധ്യപ്പെട്ട്, വീടുകളിലും പൂര്‍ണ്ണ സുരക്ഷ ഒരുക്കി, രക്ഷിതാക്കളെ പറഞ്ഞ് മനസ്സിലാക്കി, പെണ്‍കുട്ടികളെ വീടുകളിലേക്ക് തിരികെ അയക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് നിര്‍ഭയ അധികൃതരും പറയുന്നു. എന്നാല്‍ ഹോമുകളില്‍ നിന്ന് ഇത്തരത്തില്‍ വീടുകളിലേക്ക് മടങ്ങിയ പെണ്‍കുട്ടികളുടെ/സ്ത്രീകളുടെ അവസ്ഥയെന്ത്? പല കാലങ്ങളില്‍ സംസ്ഥാനത്തെ വിവിധ ഹോമുകളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ 18 തികഞ്ഞവരും അല്ലാത്തതുമായ പെണ്‍കുട്ടികള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു? ഈ അന്വേഷണത്തിന്റെ ഭാഗമായി നിരവധി പെണ്‍കുട്ടികളെയും സ്ത്രീകളേയും ബന്ധപ്പെട്ടു. കേട്ടതും അറിഞ്ഞതും സര്‍ക്കാര്‍ ഉറപ്പുകളോടും വാഗ്ദാനങ്ങളോടും ഒട്ടും പൊരുത്തപ്പെടാത്ത ജീവതവും അനുഭവങ്ങളും.
സമ്പൂര്‍ണ്ണ സുരക്ഷ, സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്താനുള്ള പിന്തുണ, സാമ്പത്തിക ശാക്തീകരണം, നിയമസഹായം… വാഗ്ദാനങ്ങളിലും ഉറപ്പുകളിലും ഇങ്ങനെ പലതുമുണ്ട്. എന്നാല്‍ നേര്‍ചിത്രം എന്താണെന്നത് ലൈംഗികാതിക്രമം നേരിട്ട സ്ത്രീകളിലൂടെ, അവരുടെ ജീവിതത്തിലൂടെ അറിയാം. പ്രതികളെ തന്നെ വിവാഹം ചെയ്യേണ്ടിവന്നവര്‍, കോടതി വിധിച്ച നഷ്ടപരിഹാരം പോലും ലഭിക്കാത്തവര്‍, സമ്മര്‍ദ്ദം മൂലം കേസ് ഒത്തുതീര്‍പ്പാക്കിയവര്‍, വിവാഹം കഴിക്കാന്‍ ‘തയ്യാറായി’ ആദ്യം വന്നവരെ ജീവതത്തില്‍ ചേര്‍ക്കേണ്ടി വന്നവര്‍, ഒന്നോ രണ്ടോ കുഞ്ഞുങ്ങളുമായി കുടുംബിനികളായവര്‍, വര്‍ഷങ്ങള്‍ക്കിപ്പുറവും സ്വന്തം കേസ് നടത്തിക്കാന്‍ പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങുന്നവര്‍…
“പോളിടെക്‌നിക് കഴിഞ്ഞ് ട്രെയിനിങ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് പുറം ലോകത്ത് ജീവിക്കാന്‍ കൊതിയായിട്ട് ഹോമില്‍ നിന്നിറങ്ങുന്നത്. നിര്‍ഭയ തുടങ്ങിയ ആ സമയത്താണ് ഞാന്‍ ഹോമിലെത്തുന്നത്. ആകെ ഞങ്ങള്‍ 15 പേരേ ഉണ്ടായിരുന്നുള്ളൂ. മൂന്ന് വര്‍ഷം മുമ്പാണ് അവിടെ നിന്ന് വീട്ടിലേക്ക് പോരുന്നത്. എക്‌സാം അടുത്തിരിക്കുന്ന സമയമായിരുന്നു. എന്നാല്‍ ട്രെയിനിങ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ‘ഒന്ന് കഴിഞ്ഞതേയുള്ളൂ, അവളെ ഇനീം തുറന്ന് വിട്ടിരിക്കുകയാണ്’ എന്ന് പറഞ്ഞ് നാട്ടുകാരും ബന്ധുക്കളുമെല്ലാം വീട്ടുകാരെ കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു. അതുകൊണ്ട് പിന്നെ പോയില്ല. എല്ലാം അറിഞ്ഞുകൊണ്ട് മാമന്റെ മോന്‍ കല്യാണം കഴിക്കാന്‍ തയ്യാറായി വന്നു. വിവാഹം കഴിച്ചു.” ശാലിനി (പേര് യഥാർത്ഥമല്ല) പറയുന്നു.
സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ശാലിനി നിര്‍ഭയ ഹോമിലെത്തുന്നത്. “അച്ഛനില്‍ നിന്ന് നിരന്തരം ലൈംഗിക അതിക്രമം ഏല്‍ക്കേണ്ടി വന്നെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് പോലും നമുക്ക് അറിയില്ലല്ലോ? സ്‌കൂളില്‍ ബയോളജി ക്ലാസ്സില്‍ പാഠം പഠിപ്പിച്ചപ്പോഴും, അത് പിള്ളേര് തമ്മില്‍ സംസാരിക്കുന്നത് കേട്ടപ്പോഴുമാണ് കാര്യം ചെറുതായി കത്തുന്നത്. സ്‌കൂളിലെ ചൈല്‍ഡ്‌ലൈന്‍ ആളുകളോട് ആദ്യം കാര്യം പറഞ്ഞത്. ചൈല്‍ഡ് ലൈന്‍ ഇടപെട്ടു. ആദ്യം ഞാന്‍ പറഞ്ഞത് വീട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ പാടായിരുന്നു. പക്ഷെ പിന്നീട് അമ്മയ്‌ക്കൊക്കെ വിശ്വാസമായി, കേസായി. എന്നെ നിര്‍ഭയ ഹോമിലാക്കി.” എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഹോമില്‍ എത്തിയതാണ് ശാലിനി. ഹോമില്‍ കഴിയുന്ന കാലയളവില്‍ തന്നെ കേസ് തീര്‍പ്പാക്കുകയും പ്രതിക്ക് ശിക്ഷ ലഭിക്കുകയും ചെയ്തു. “വീട്ടില്‍ അമ്മയ്ക്കും സഹോദരനും ഒപ്പം താമസിച്ച് പഠിക്കാം എന്നുകരുതിയാണ് പോളിടെക്‌നിക് കോഴ്‌സ് കഴിഞ്ഞ സമയത്ത് വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ വീട്ടിലേക്ക് ചെല്ലുന്ന സമയത്ത് വലിയ കുഴപ്പമുണ്ടാവില്ല. പിന്നെ എത്രനാളായാലും കുത്തീം ചുരണ്ടീംകൊണ്ടിരിക്കും. ഹോം സത്യത്തില്‍ സ്വര്‍ഗമായിരുന്നു. പഠിക്കുന്ന കാര്യം മാത്രം നമ്മള്‍ ചിന്തിച്ചാല്‍ മതിയായിരുന്നു. കുറേ ആഗ്രഹിച്ച് എത്തിയ പുറംലോകം വലിയ താമസമില്ലാതെ തന്നെ വെറുത്തുപോയി. അമ്മ, അനിയന്‍, വല്യമ്മ, അവരുടെ മകന്‍, ഇവര് മാത്രമാണ് ആകെ എനിക്ക് സപ്പോര്‍ട്ട് ആയിട്ടുള്ളത്. സത്യത്തില്‍ ഹോമില്‍ നിന്ന് കുട്ടികള്‍ വീട്ടിലേക്ക് പോകുന്നു എന്ന് പറയുമ്പോള്‍ തന്നെ പേടിയാണ്. പുറത്ത് നമ്മള്‍ ആലോചിക്കുന്ന പോലെ സ്വര്‍ഗമായിരിക്കില്ല. നമ്മള്‍ മാത്രമായിപ്പോവും. എത്ര തന്നെ അടഞ്ഞുകിടക്കുന്നതാണെന്ന് പറഞ്ഞാലും ശരി സ്വന്തം കാലില്‍ നില്‍ക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും കെയറിങ്ങുമൊന്നും വേറൊരിടത്ത് നിന്നും എനിക്ക് കിട്ടിയിട്ടില്ല. അത് അന്ന് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല എന്ന നിരാശയാണ്. ഇപ്പോ എന്താ, ഒരു വീട്ടമ്മ…”
വിദ്യാഭ്യാസം, ജോലി, സ്വന്തമായ ജീവിതം ഇതെല്ലാമാണ് മറ്റേത് പെണ്‍കുട്ടികളേയും സ്ത്രീകളേയും പോലെ ഇവരും ആഗ്രഹിച്ചത്. എന്നാല്‍ ലഭിച്ചത് മറ്റൊന്നാണ്. “അതുകൊണ്ടാണ് ഹോമുകളില്‍ നിന്ന് വീട്ടിലേക്ക് കുട്ടികളെ അയക്കുന്നു എന്ന് പറയുന്നതിനെ എതിര്‍ക്കുന്നത്. ഹോമില്‍ നിന്ന് പുറത്തെത്തുമ്പോള്‍ അവരില്‍ പലര്‍ക്കും സ്വന്തമായി ഒന്നുമില്ലാതാവുന്നു. ഒന്നും ഇല്ലാതെ ജീവിതത്തില്‍ പല തീരുമാനങ്ങളും എടുക്കേണ്ടി വരുന്നു. വിദ്യാഭ്യാസമോ ജോലിയോ പണമോ ഒന്നും ഉണ്ടാവില്ല. കഷ്ടമാണ് പലരുടേയും കാര്യം. ഹോമില്‍ നിന്ന് പുറത്തെത്തിയാല്‍ പറയുന്ന നിയമസഹായങ്ങളോ സുരക്ഷിതത്വമോ ലഭിക്കുന്നില്ല. ശിക്ഷ വിധിച്ച കേസുകളില്‍ നഷ്ടപരിഹാരം പോലും ലഭിക്കാത്തവരുണ്ട്.” മഹിളാ സമഖ്യ മുന്‍ സംസ്ഥാന ഡയറക്ടറായിരുന്ന പി.ഇ ഉഷ പ്രതികരിച്ചു.
“കേസ് കഴിഞ്ഞിട്ട് മൂന്ന് വര്‍ഷത്തിനടുത്തായി. ഇതുവരെ നഷ്ടപരിഹാരത്തുക കിട്ടിയിട്ടില്ല. അതും കാത്തിരിപ്പാണ്.” ലൈംഗികാതിക്രമം നേരിട്ട അസ്മയുടെ (പേര് യഥാർത്ഥമല്ല) ഉമ്മയാണ് സംസാരിക്കാൻ തയ്യാറായത്. വീടിന് സമീപത്തെ പാറമടയില്‍ ജോലിക്കായി വന്നയാള്‍ അതിക്രമിച്ച സമയം അസ്മ സ്‌കൂളില്‍ പഠിക്കുകയായിരുന്നു. ഗര്‍ഭിണിയായ അസ്മയെ നാട്ടുകാര്‍ വേട്ടയാടി. “പുറത്തിറങ്ങാന്‍ കഴിയാത്ത തരത്തിലായിരുന്നു അവരുടെ പറച്ചില്‍. വാപ്പയാണ് കുട്ടീനെ ഉപദ്രവിച്ചതെന്നും നമ്മള് കള്ളക്കേസ് കൊടുക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞത് വല്ലാതെ വേദനിപ്പിച്ചു. പുറത്തിറങ്ങിയപ്പോള്‍ ‘കട്ടിയുള്ള തൊലിയാണല്ലോ,’ എന്നൊക്കെ നേരിട്ട് ചോദിച്ചു. ഇപ്പോഴും കുറവൊന്നും അല്ല.” അസ്മയെ നിര്‍ഭയ ഹോമിലേക്ക് മാറ്റുകയും കേസില്‍ പ്രതി ശിക്ഷിക്കപ്പെടുകയും ചെയ്തു. കേസ് പൂര്‍ത്തിയായി അധികം വൈകാതെ അസ്മ ഷെല്‍റ്റര്‍ ഹോമില്‍ നിന്ന് വീട്ടിലേക്ക് വന്നു. “എല്ലാം അറിഞ്ഞിട്ടും കെട്ടാനായിട്ട് ഒരു ചെക്കന്‍ വന്നപ്പോള്‍ സമ്മതം പറഞ്ഞു. പക്ഷേ ഞാന്‍ ആ വീട്ടില്‍ ചെല്ലാന്‍ പാടില്ല എന്നാണ് ചെക്കന്റെ വീട്ടുകാര്‍ പറയുന്നത്. കുട്ടീനെ കണ്ടിട്ട് കുറേ നാളുകളായി. ഒരു കുഞ്ഞുണ്ട്. അതിനെ ഒന്ന് കാണാന്‍ പോലും ആയിട്ടില്ല. എന്റെ കയ്യില്‍ പൈസയൊന്നും ഉണ്ടായിരുന്നില്ല. അവന്‍ ഇട്ട മാലയും ഇട്ടാണ് കല്യാണം കഴിച്ച് പോയത്. നഷ്ടപരിഹാരം കിട്ടിയാ അവള്‍ക്ക് എന്തെങ്കിലും ഉരുപ്പടിയായി കൊടുക്കണം. ഇളയ മോളുണ്ട്, അവളുടെ കാര്യമെങ്കിലും അതുകൊണ്ട് നോക്കണം.”
“15 വയസ്സില്‍ കല്യാണ പ്രായം ആണെന്ന് പറഞ്ഞ് കെട്ടിക്കാനായിരുന്നു വളര്‍ത്തച്ഛന്‍ നോക്കിയത്. അയാളുടെ ഉപദ്രവം ഓര്‍ക്കാന്‍കൂടി കഴിയില്ല. അന്ന് കല്യാണം ആലോചിച്ച് വന്നയാള്‍ തന്നെ 18 വയസ്സ് കഴിഞ്ഞപ്പോള്‍ എന്നെ കല്യാണം കഴിച്ചു. 18 വയസ്സായപ്പോള്‍ ഹോമില്‍ നിന്നിറങ്ങി നേരെ കല്യാണം കഴിച്ചു. പക്ഷെ ജീവിതത്തില്‍ ഒന്നും സാധിക്കാനായില്ല. അമ്മ ഇപ്പഴും വാടക വീട്ടില്‍ തന്നെയാണ്. പഠിച്ച് ജോലി വാങ്ങി അവരെ നോക്കണമെന്നായിരുന്നു ആഗ്രഹം” നിഷ (പേര് യഥാർത്ഥമല്ല) പറഞ്ഞു. “അമ്മയ്ക്ക് വീട്ടിലേക്ക് കൊണ്ടുപോവാന്‍ ബുദ്ധിമുട്ടായിരുന്നു. സാമ്പത്തികം ഇല്ലാത്തത് കൊണ്ടാണ്. ഇപ്പോ ഞാനും അതേ അവസ്ഥയില്‍ തന്നെ. സത്യത്തില്‍ ഹോമില്‍ നിന്ന് പഠിച്ചിരുന്നെങ്കില്‍ അന്നേ ജോലി എന്തെങ്കിലും ആയി പുറത്തിറങ്ങിയാല്‍ മതിയായിരുന്നു. അതിനുള്ള എല്ലാ സപ്പോര്‍ട്ടും അവിടെ നിന്ന് കിട്ടിയിരുന്നതാണ്. പക്ഷേ കല്യാണം കഴിച്ച് ജീവിതം തുടങ്ങാനായിരുന്നു അപ്പോള്‍ ബുദ്ധി തോന്നിയത്. വളര്‍ത്തച്ഛന്‍ അഞ്ച് മാസം കൊണ്ട് പുറത്തിറങ്ങുകയും ചെയ്തു.”
“കല്യാണം കഴിക്കാന്‍ ഒരു താത്പര്യവുമില്ലായിരുന്നു. പക്ഷേ ഹോമില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കേസ് കഴിഞ്ഞിട്ടില്ലായിരുന്നു. പുറത്തിറങ്ങിക്കഴിഞ്ഞപ്പോള്‍ ഒമ്പതില്‍ പഠിക്കുമ്പോള്‍ ചതിയില്‍ പെടുത്തി ഉപദ്രവിച്ചയാള്‍ എന്നെ കല്യാണം കഴിക്കാം, കേസ് പിന്‍വലിക്കണമെന്ന് പറഞ്ഞ് പുറകേ നടപ്പായി. വീട്ടിലും പ്രഷര്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ പഠിപ്പിക്കാന്‍ അയച്ചില്ല. പുറത്തുള്ളവരുടെ സംസാരം സഹിക്കാന്‍ പറ്റുന്നതും ആയിരുന്നില്ല. ലോകത്തെ അറിയാത്ത എനിക്ക് ആത്മവിശ്വാസം കിട്ടിയതും കാര്യങ്ങള്‍ മനസ്സിലാക്കിച്ചതും പഠിക്കാന്‍ പ്രേരിപ്പിച്ചതും എല്ലാം ഹോമിലെ അമ്മമാരും ആന്റിമാരുമാണ്. പ്രായത്തിന്റെ പക്വതക്കുറവ്, അല്ലാതെന്ത് പറയാന്‍. 2014ലാണ് ഹോമിലെത്തിയത്. 2017ആയപ്പോള്‍ ഇറങ്ങി. അവിടെ നിന്നിരുന്നെങ്കില്‍ ഇന്ന് കല്യാണം കഴിച്ച് വീട്ടിലിരിക്കേണ്ടി വരില്ലായിരുന്നു. പ്രതിയെ ശിക്ഷിച്ചെങ്കിലും നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചിട്ടില്ല.” ഗ്രീഷ്മ (പേര് യഥാർത്ഥമല്ല) തന്റെ അനുഭവം പങ്കുവച്ചു.
എട്ട് വര്‍ഷമായിട്ടും കേസ് തീര്‍പ്പാവാതെ ഇപ്പോഴും പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങേണ്ടി വരുന്ന ഗതികേടാണ് സോഫിയ (പേര് യഥാർത്ഥമല്ല) പറഞ്ഞത്. അടുത്ത ബന്ധുവില്‍ നിന്ന് ലൈംഗികാതിക്രമം ഏല്‍ക്കേണ്ടി വന്ന സോഫിയയ്ക്ക് വീട്ടില്‍ നിന്ന് കേസ് നടത്തിപ്പിന് പിന്തുണ ലഭിക്കുന്നില്ല. ഹോമില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം സര്‍ക്കാരില്‍ നിന്ന് യാതൊരു നിയമസഹായവും ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. മാനസികമായി സമ്മര്‍ദ്ദപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ബന്ധുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും മാറി മറ്റൊരിടത്ത് വാടകയ്ക്കാണ് സോഫിയ താമസിക്കുന്നത്. “അപ്പൂപ്പനും അമ്മൂമ്മയും മാത്രം കൂടെ. ഹോമിന് അകത്ത് നില്‍ക്കുന്ന സുരക്ഷയും സ്‌നേഹവും ഒന്നും അച്ഛനമ്മമാരില്‍ നിന്ന് പോലും പ്രതീക്ഷിക്കരുത്. അത് കിട്ടും എന്ന് പറഞ്ഞ് സര്‍ക്കാര്‍ ഷെല്‍റ്റര്‍ ഹോമില്‍ നിന്ന് ആരെങ്കിലും ഇറങ്ങുന്നുണ്ടെങ്കില്‍ വലിയ മണ്ടത്തരമാണ്. ഇല്ലെങ്കില്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷിയുണ്ടാവണം.”
സോഫിയയുടെ അമ്മയും അച്ഛനും ദില്ലിയിലാണ്. എന്നാല്‍ കേസ് പിന്‍വലിക്കണമെന്ന് പറഞ്ഞ് അവരും സോഫിയയെ സമ്മര്‍ദ്ദപ്പെടുത്തുകയാണ്. “സത്യം പറഞ്ഞാല്‍ രണ്ട് മാസം മുമ്പും ഞാന്‍ ചിന്തിച്ചു, ഇത്രയും വര്‍ഷത്തെ നാണക്കേട് സഹിച്ച് മടുത്തിട്ട് അയാള്‍ക്ക് ഫേവറബിള്‍ ആയി മൊഴി കൊടുത്താലോ എന്ന്. അത്രയും മടുത്തിട്ടാണ്. പക്ഷേ ഞാന്‍ പിടിച്ചുനിന്നു. പോലീസ് സ്‌റ്റേഷനില്‍ നിരന്തരം കയറിയിറങ്ങി. പല തവണ അപേക്ഷിച്ചപ്പോള്‍ ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് കേസ് മാറ്റിയിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ കേസ് വിളിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ഒരാളുടേയും സാമ്പത്തിക, മാനസിക സഹായം പോലും ഇല്ല. ബാക്ക് സപ്പോര്‍ട്ട് ഇല്ലാത്തവര്‍ ഷെല്‍റ്റര്‍ ഹോമുകളില്‍ നിന്ന് ഇറങ്ങുകയേ ചെയ്യരുത്. കേസ് കഴിഞ്ഞെന്ന് പറഞ്ഞാല്‍ പോലും വീട്ടുകാര്‍ തന്നെ കുത്തും, ചിരിക്കും. പഠിക്കാന്‍ പറ്റില്ല. പോയ കുട്ടികളില്‍ പലരും വളരെ പ്രായം ചെന്ന ആളുകളേയും പ്രതികളേയും വിവാഹം കഴിച്ചു. എന്നാല്‍ പലരുടേയും ജീവിതം ദുരിതത്തിലാണ്. ഹോമില്‍ നിന്നിറങ്ങിയ ഞങ്ങള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പുണ്ട്. അതില്‍ ചിലരിടുന്ന കാര്യങ്ങള്‍ വായിക്കുമ്പോള്‍ അറിയാം അത്. ഡിഗ്രി കഴിഞ്ഞ് ജോലിക്ക് കയറുകയോ, അല്ലെങ്കില്‍ എന്തെങ്കിലും തൊഴിലോ കിട്ടിയേനെ അവിടെ നിന്നിരുന്നെങ്കില്‍. പക്ഷേ വീട്ടുകാരുടെ കൂടെ ജീവിക്കാന്‍ കൊതിയായിട്ട്, അവര് വിളിച്ചപ്പോള്‍ ഇറങ്ങിപ്പോന്നതാണ്. എങ്ങും എത്താതെ ബിഗ് സീറോ ആണ്.” സോഫിയ പറഞ്ഞുനിര്‍ത്തി.
(തുടരും)