ഒരു പെട്ടി, അല്ലെങ്കിൽ സ്യൂട്ട്കേസ് പിളർത്തി അതൊരു വീടാക്കിയാൽ എങ്ങിനെ ഇരിക്കും? അതാണ് ഒരു പലസ്തീനിയുടെ വീടെന്ന് വിഖ്യാത ഇന്ത്യൻ കാർട്ടൂണിസ്റ്റും രേഖാചിത്രകാരനുമായ അബു എബ്രഹാം 1967ൽ ലോകത്തിന് കാണിച്ചു തന്നതാണ്. ഒരുപക്ഷേ പലസ്തീൻ അഭയാർഥികളെ വരച്ച ഏക ഇന്ത്യൻ ചിത്രകാരനായിരിക്കാം അബു എബ്രഹാം. 2024 മാർച്ച് 22 മുതൽ ഏപ്രിൽ 21 വരെ എറണാകുളം ദർബാർ ഹാളിൽ അബുവിന്റെ 300 ഒറിജിനൽ കാർട്ടൂണുകളുടേയും രേഖാചിത്രങ്ങളുടേയും പ്രദർശനം കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ചിരുന്നു. അബുവിന്റെ വിഖ്യാത അടിയന്തരാവസ്ഥ കാർട്ടൂണുകളും (അക്കാലത്ത് സെൻസർ നിരോധിച്ച കാർട്ടൂണുകളടക്കം, പ്രസിദ്ധീകരിക്കരുത് എന്ന സെൻസർ ഓഫീസറുടെ സീലോടെ) 1962ൽ ചെഗുവരയെ ക്യൂബയിൽ പോയി നേരിൽ കണ്ടുവരച്ച പോർട്രെയിറ്റുകളുമുള്ള സമഗ്രമായ ആ പ്രദർശനത്തിൽ അദ്ദേഹത്തിന്റെ പലസ്തീൻ സ്കെച്ച് ബുക്കും പ്രദർശിപ്പിച്ചിരുന്നു. കേരളത്തിലെ മാധ്യമങ്ങളും കലാനിരൂപകരും ഈ സ്കെച്ച് ബുക്കിനെ വേണ്ട വിധം ശ്രദ്ധിച്ചില്ല, ഗാസയിൽ ദിനംപ്രതി നിരവധി മനുഷ്യരുടെ രക്തം വീണുകൊണ്ടിരിക്കെയായിരുന്നു ഈ അശ്രദ്ധ. അമ്പതോളം രേഖാചിത്രങ്ങളാണ് അബുവിന്റെ സ്കെച്ച് ബുക്കിലുണ്ടായിരുന്നത്.
1967ൽ യു.എൻ അഭയാർഥി വിഭാഗമായ യു.എൻ.ആർ.ഡബ്ല്യു.എയുടെ (യുണൈറ്റഡ് നാഷൻസ് റിലീഫ് ആന്റ് വർക്ക് ഏജൻസി) സഹായത്തോടെയാണ് ജോർദാൻ, ലെബനോൺ, സിറിയ, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലെ പലസ്തീൻ അഭയാർഥി ക്യാമ്പുകൾ അബു സന്ദർശിക്കുന്നത്. ആ സമയമാകുമ്പോഴേക്കും ഇസ്രായേൽ ആക്രമണങ്ങളുടേയും അധിനിവേശങ്ങളുടേയും നിരവധി തവണകൾ കഴിഞ്ഞിരുന്നു. പലസ്തീനികളായ പതിനായിരങ്ങൾ അഭയാർഥികളായി പലായനം ചെയ്യുകയുമുണ്ടായി. അബു വരച്ച പലസ്തീൻ ചിത്രങ്ങളുടെ പൊതുഭാവം എന്തെന്ന് ചോദിച്ചാൽ എളുപ്പത്തിൽ പറയാവുന്നത് ‘വെളിച്ചപ്പൊട്ടു പോലുമില്ലാത്ത കൊടിയ ഇരുട്ട്’ എന്നാണ്. ഈ രേഖാചിത്രങ്ങളിൽ ചിരിക്കുന്ന രണ്ടു പേർ മാത്രമാണുള്ളത്, രണ്ടു കുട്ടികൾ. മറ്റെല്ലാ മനുഷ്യരും ഒരു തരിമ്പ് പ്രതീക്ഷ പോലുമില്ലാത്തവരാണ്. തുടക്കത്തിൽ പറഞ്ഞ സ്യൂട്ട്കേസ് പലസ്തീനി പലായനങ്ങളുടെ സ്ഥിരം രൂപകമാണ്. കിട്ടിയത് പെറുക്കി പെട്ടിയിൽ നിറച്ച് ജീവനും കൊണ്ട് ഓടിപ്പോകേണ്ടി വരുന്ന ജനത. പലസ്തീനെക്കുറിച്ചുള്ള പഠനങ്ങളിൽ, സാഹിത്യത്തിൽ എല്ലാം സ്യൂട്ട്കേസ് പ്രധാന രൂപകമാണ്. പലസ്തീനി കവയത്രി മായ് സായിഗ് വിട എന്ന കവിതയിൽ ഈ രൂപകം ഉപയോഗിക്കുന്നത് ഒരുദാഹരണം:
ഇനി ഈന്തപ്പനകളേയും
റോഡുകളേയും
ഞാനെന്റെ
സ്യൂട്ട്കേസുകളിൽ
ഒതുക്കിവെക്കട്ടെ
ഇങ്ങിനെ പലായനം ചെയ്യുന്ന പലസ്തീനികളുടെ ജീവിതത്തിൽ എല്ലായ്പ്പോഴും ഒരു സ്യൂട്ട്കേസ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. സ്യൂട്ട്കേസ് വീടിന്റെ തൊട്ടടുത്ത പേജിൽ അഭയാർഥി ക്യാമ്പിലെ തുണിത്തമ്പാണ് അബു വരച്ചിരിക്കുന്നത്. തമ്പിന് മുന്നിലൂടെ വെള്ളം ശേഖരിച്ച പാത്രവുമായി നടന്നുപോകുന്ന ഒരു സ്ത്രീയെ ആ ചിത്രത്തിൽ കാണാം. തമ്പ് ഭൂമിയിൽ ഉറപ്പിക്കാനായി നാട്ടിയകുറ്റികളുടെ സൂക്ഷ്മമായ ചിത്രീകരണം അബു ഈ ചിത്രത്തിൽ നടത്തുന്നുണ്ട്. കുറ്റിയും അതിലേക്ക് വലിച്ചുകെട്ടിയ കയറുകളും ഭൂപടത്തിന്റെ പല കഷണങ്ങളായി ചിന്നിച്ചിതറിയതാണെന്ന തോന്നൽ ഉണ്ടാക്കാൻ പോന്നതാണ്. അഥവാ കുറ്റികളും കയറുകളും ഒന്നിപ്പിച്ചാൽ അത് പലസ്തീൻ ഭൂപടമായേക്കും. അഭയാർഥികൾ നടന്ന വഴികളായി രൂപാന്തരപ്പെട്ടേക്കും. അത്തരമൊരനുഭവം തരുന്ന അസാധാരണമായ രേഖാചിത്രമാണമാണിത്. പലസ്തീൻ അഭയാർഥി ജീവിതത്തിന്റെ എല്ലാ മുറിവുകളും വേദനകളും മുഖം വ്യക്തമാകാത്ത വെള്ളവുമെടുത്ത് പോകുന്ന സ്ത്രീയുടെ ചിത്രീകരണത്തിലുമുണ്ട്.
അതേപോലെത്തന്നെയാണ് ജോർദാനിലെ അഭയാർഥി ക്യാമ്പിന് സമീപമുള്ള പാലം അബു വരച്ചിരിക്കുന്നതും. പാലം അതി സങ്കീർണ്ണമായ രാവണൻ കോട്ട പോലെ തോന്നിക്കും. പാലങ്ങൾ അതിർത്തി മുറിച്ചുകടക്കലുകളേയും രാജ്യനഷ്ടത്തിന്റേയും കൂടി കഥയാണ് പലസ്തീനികൾക്ക്. അതുകൊണ്ട് തന്നെയായിരിക്കണം അബു എബ്രഹാം അതി സങ്കീർണ്ണമായ ഒരു ഘടനക്ക് സമാനമായി ഈ സാധാരണ പാലത്തെ വരച്ചത്.
മറ്റൊരു ചിത്രം അഭയാർഥി ക്യാമ്പിലെ തമ്പിൽ രണ്ടു സ്ത്രീകൾ മുഖാമുഖമിരിക്കുന്ന രംഗമാണ്. തമ്പിന് പുറത്ത് യു.എൻ.ആർ.ഡബ്ല്യു.എയുടെ ഒരു വാഹനം കിടക്കുന്നതും കാണാം. ആ രണ്ടു സ്ത്രീകളുടേയും മുഖഭാവം ചിത്രത്തിൽ വ്യക്തമല്ല. പ്രതീക്ഷ തീർത്തും അറ്റുപോയ മനുഷ്യരെയാണ് താൻ വരക്കുന്നതെന്ന് അബു ഓരോ നിമിഷത്തിലും തിരിച്ചറിഞ്ഞിരുന്നു എന്നു വേണം ഇതിൽ നിന്നും മനസ്സിലാക്കാൻ. ഈ രേഖാചിത്രങ്ങളുടെ ഭാവം പ്രതീക്ഷയില്ലായ്മയും അതുണ്ടാക്കിയ കൊടിയ വിഷാദവും നിസ്സംഗതയുമാണ്.
മൂന്ന് കുട്ടികളുടെ ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്. 10-12 വയസ്സുള്ള കുട്ടികളാണവർ. അവരിൽ രണ്ട് പേർ ചിരിക്കുന്നുണ്ട്. ഈ ചിത്രങ്ങളിൽ ചിരിക്കുന്നവർ ഈ കുട്ടികൾ മാത്രമാണ്. ചിരി മറന്നുപോയവരുടെ ചിരി കൂടിയാണ് ചിത്രങ്ങളിൽ കാണുന്നത്. അതായത് ചിരിക്കുന്ന രണ്ട് പേരെ (കുട്ടികളെ) മാത്രമേ പലസ്തീൻ സ്കെച്ച് ബുക്കിൽ കാണാൻ കഴിയൂ. ആ ചിരിയിലൂടെയും പാഞ്ഞു പോകുന്ന വിഷാദത്തിന്റെ ഒരു ഭൂഖണ്ഡം നാം അനുഭവിക്കുന്നു. ഈ ചിത്രത്തിലുള്ള കുട്ടികൾ ഇപ്പോൾ ലോകത്തിന്റെ ഏതോ കോണിൽ (പലസ്തീനിൽ അല്ല) ജീവിച്ചിരിക്കുന്നുണ്ടാകാം. അല്ലെങ്കിൽ ഇന്നും ഏതെങ്കിലും പലസ്തീൻ അഭയാർഥി ക്യാമ്പിൽ തന്നെ ജീവിതം തള്ളി നീക്കുകയുമാവാം- ഉറപ്പിക്കാൻ കഴിയില്ല, നമുക്കതിനെക്കുറിച്ചറിയാൻ തൽക്കാലം വഴികളൊന്നുമില്ല. ആകെയുണ്ടായ മാറ്റം മിക്ക പലസ്തീൻ അഭയാർഥി ക്യാമ്പുകളും തുണിത്തമ്പുകളിൽ നിന്നും വിടുതി നേടി ഉറച്ച കെട്ടിടങ്ങളായി എന്നതു മാത്രമാണ്. പലസ്തീൻ പ്രശ്നം അനുദിനം രൂക്ഷമായി, അഭയാർഥികളുടെ പ്രവാഹം നിലക്കാത്തതുമായി.
ശൈത്യകാലത്ത് നാല് പുരുഷൻമാർ ഇരിക്കുന്ന രേഖാചിത്രത്തിലും (അവർ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട്) മുഖങ്ങൾ ഒരു വികാരവും പ്രകടിപ്പിക്കുന്നില്ല. മഞ്ഞ് കൊണ്ട് കല്ലിച്ച മുഖങ്ങളല്ല അഭയാർഥികളുടേതെന്ന് നമ്മെ ബോധ്യപ്പെടുത്താൻ, മഞ്ഞ് കാലത്തിന്റെ റഫറൻസില്ലാത്ത ചിത്രങ്ങളിലെ അതേ വികാരമാണ് ഈ മനുഷ്യരെ വരക്കുമ്പോഴും അബു ഉപയോഗപ്പെടുത്തുന്നത്. അതിൽ നാലാമത്തെയാളെ പുറം തിരിഞ്ഞിരിക്കുന്ന നിലയിലാണ് വരച്ചിട്ടുള്ളത്. അതു കൊണ്ട് മുഖം കാണാൻ പറ്റില്ല.
ഇരിക്കുന്ന മൂന്ന് സ്ത്രീകളും നിൽക്കുന്ന പുരുഷനുമുള്ള മറ്റൊരു ചിത്രം അഭയാർഥികൾ ക്യാമ്പിലെത്തിയ ഉടനെ വരച്ചതാണെന്ന് തോന്നും. ഇരിക്കുന്ന സ്ത്രീകളുടെ ചുറ്റും സ്യൂട്ട് കേസും പെട്ടികളും മറ്റ് മാറാപ്പുകളും ഒരു കൂജയും കാണാം. അവർ അഭയാർഥി ക്യാമ്പിന്റെ മുറ്റത്ത് അകത്തേക്ക് പ്രവേശനം കാത്തിരിക്കുകയാവാം, അല്ലെങ്കിൽ അവരുടെ പലായന വഴിയിലെ ഒരു മുഹൂർത്തമാകാമിത്. അഭയാർഥി എന്ന നിലയിലുള്ള പലസ്തീനി ജീവിതത്തിന്റെ, പ്രത്യേകിച്ചും സ്ത്രീ ജീവിതത്തിന്റെ ഒരു സന്ദർഭം കൂടിയാണിത്. ചിത്രത്തിലെ മൂന്ന് സ്ത്രീകളും വിവിധ തലമുറകളെ പ്രതിനിധീകരിക്കുന്നവരാണ്. അവരിൽ ഏറ്റവും പ്രായംകുറഞ്ഞ സ്ത്രീയുടെ വിവർണ്ണമായ, നിശ്ചലമായ, സ്തംഭിച്ച മുഖം അബു എബ്രഹാം കൃത്യമായി വരച്ചിട്ടുണ്ട്. ഈ വിവർണ്ണത കൂടുതൽ കൂടുതൽ രൂക്ഷമാക്കുകയാണ് ലോകം ചെയ്തത്. ഗാസയിൽ കൊല്ലപ്പെട്ട 36,000 പേരുടെ രക്തത്തിൽ ചവിട്ടി നിന്നുകൊണ്ട് മാത്രമേ ഇന്നൊരാൾക്ക് ഈ ചിത്രങ്ങളും കാണാൻ കഴിയൂ.
രണ്ട് സ്ത്രീകളും അതിനിടയിൽ ഒരാൺകുട്ടിയും നിൽക്കുന്ന ചിത്രം അടക്കിപ്പിടിച്ച ഒരു നിലവിളിയുടെ ഓർമ്മയാണ് നൽകുക. മുഖം തിരിഞ്ഞിരിക്കുന്ന രണ്ട് സ്ത്രീകൾ, രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും, രണ്ട് സ്ത്രീകളിലൊരാൾ കുഞ്ഞിനെ തോളിലെടുക്കുന്നത്- ഇങ്ങിനെയുള്ള സ്കെച്ച് ബുക്കിലെ ചിത്രങ്ങൾ പലസ്തീനിയുടെ അഭയാർഥി യാത്രകളുടെ/രക്ത സ്നാനങ്ങളുടെ ഒരിക്കലും മായാത്ത ചരിത്രത്തിൽ അവശേഷിക്കുന്ന ശിലാലിഖിതമായി കല്ലിച്ചു നിൽക്കുന്നു. ഒറ്റക്കിരിക്കുന്ന വൃദ്ധയായ സ്ത്രീയുടെ ശൂന്യതയിലേക്ക് നോക്കുന്ന ചിത്രം പലസ്തീൻ യാഥാർഥ്യത്തിന്റെ ആഖ്യാനം തന്നെയാണ്. ഞങ്ങളുടെ രാജ്യത്തിന്റെ പേര് ശൂന്യത എന്നാണെന്ന് ഇവർ പറയുകയാണെന്ന് ആ ചിത്രം കാണുമ്പോൾ തോന്നും.
പലസ്തീനിലെ ജറീക്കോ സ്വദേശിയും ജോർദാനിലെ അഭയാർഥി ക്യാമ്പിൽ അന്തേവാസിയുമായ അബ്ദുൽ ഫത്തഹ് അബ്ദുൽ ഹമീദിന്റെ ചിത്രമെടുക്കുക. ചുളിവു വീണ ഹമീദിന്റെ മുഖവും നിരാശ കാർന്നു തിന്ന ശരീരഭാഷയും അബുവിന്റെ ബ്രഷ് ഇവിടെ വരച്ചടയാളപ്പെടുത്തുന്നു. പുരുഷ പോർട്രെയ്റ്റുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ ചിത്രം. അവസാനിക്കാത്ത മനുഷ്യ/പലസ്തീൻ പ്രതിസന്ധിയുടെ മുഖമായി ഫത്തഹ് അബ്ദുൽ ഹമീദിന്റെ ഈ ചിത്രം മാറുകയാണ്. പിതാവിന്റെ കൈപിടിച്ചു നിൽക്കുന്ന രണ്ടു കുട്ടികളുടെ ചിത്രത്തിലും വിവർണതയാണ് പടർന്നു നിൽക്കുന്നത്. ജോർദാനിലെ സൂഫ് അഭയാർഥി ക്യാമ്പിൽ നിന്നാണ് ഈ ചിത്രം വരച്ചതെന്ന് അടിക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴുതപ്പുറത്തിരിക്കുന്ന സ്ത്രീ, അരികിൽ ഒരു പെൺകുട്ടി- ഇതൊരു അഭയാർഥി യാത്രയുടെ ചിത്രീകരണമാണ്. കഴുതകൾ കടന്നു വരുന്ന മറ്റു ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. (സ്കെച്ച് ബുക്കിൽ ഒരു ചിത്രത്തിൽ ഒട്ടകം വരുന്നുണ്ട്, ഒറ്റച്ചിത്രത്തിൽ മാത്രം. ഒരു സ്ത്രീ ഒട്ടകവുമായി നടന്നു പോകുന്നതാണ് ആ ചിത്രം. മരുഭൂമിയിലെ ഒട്ടകങ്ങളെ അപ്പടി കഴുതകൾ പകരം വെക്കുന്ന കാഴ്ച്ചയാണ് അബുവിന്റെ ഈ ചിത്രങ്ങളിൽ നാം കാണുന്നത്). പലസ്തീനികളുടെ പലായനത്തിൽ മനുഷ്യരേയും ചുമടുകളേയും വഹിച്ച കഴുതകളുടെ പ്രാധാന്യത്തെക്കുറിച്ചും അബു നമ്മെ ഓർമ്മിപ്പിക്കുന്നു.
ജോർദാനിലെ സിനിയ ക്യാമ്പിലെ പാചകക്കാരൻ അഹമ്മദ് അലിയുടെ പോർട്രെയ്റ്റ് ഇക്കൂട്ടത്തിലുണ്ട്. എന്നാൽ ആരും ഭക്ഷണം കഴിക്കുന്നതിന്റെ ഒരു ദൃശ്യവും ഒരു ചിത്രത്തിലുമില്ല. ചായക്കോപ്പയും കെറ്റിലുമായി വരുന്നയാളുടെ ചിത്രം, വെള്ളം കൊണ്ടു വരുന്നതിന്റെ ദൃശ്യം- ഇങ്ങിനെയുള്ള ചില ചിത്രങ്ങളുണ്ട്. എന്നാൽ അഭയാർഥികൾ ഭക്ഷണം കഴിക്കുന്ന ഒരു സന്ദർഭവും നമുക്കീ ചിത്രങ്ങളിൽ കാണാൻ കഴിയില്ല. ഭക്ഷണമില്ലായ്മ എന്ന അഭയാർഥി യാഥാർഥ്യത്തിലേക്ക് തന്നെയല്ലേ ഇതിലൂടെ അബു എബ്രഹാം ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്? ഒരു മലയാളിയുടെ കലയിലൂടെയുള്ള പലസ്തീനെ അടയാളപ്പെടുത്താനുള്ള ആദ്യ ശ്രമമാണ് അബു നിർവ്വഹിച്ചതെന്ന് ഇപ്പോൾ ലഭ്യമായ വിവരങ്ങൾ വെച്ച് നമുക്ക് അനുമാനിക്കാം.
ഈ ചിത്രങ്ങളിൽ ചവർക്കുന്ന ഒരു ശൂന്യതയുടെ ടെക്സ്ച്ചറുണ്ട്. രക്തം ചുവക്കുന്ന പ്രതീക്ഷയില്ലായ്മയുടെ മാനസിക നിലയുണ്ട്. വെളിച്ചം തിരയാൻ പറ്റാത്ത വിധത്തിലുള്ള ഇരുട്ടുണ്ട്. അനിശ്ചിതത്വത്തിന്റെ അഗാധമായ പാതാളങ്ങളുണ്ട്. അബു എബ്രഹാമിന്റെ കലയുടെ ഏടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സന്ദർഭമായി അതിനാൽ തന്നെ ഈ സ്കെച്ച് മാറുന്നുമുണ്ട്. പലസ്തീൻ ചരിത്രത്തെക്കുറിച്ചന്വേഷിക്കുന്നവർക്ക് ഒരു മലയാളി കലാകാരന്റെ ഏറ്റവും വലിയ സംഭാവനയാണ് ഈ സ്കെച്ച് ബുക്ക്.
പ്രദർശനത്തിലുണ്ടായിരുന്ന അബുവിന്റെ കാർട്ടൂണുകളിലൊന്ന് ഗാന്ധിയുടെ പലസ്തീൻ നിലപാടിനെക്കുറിച്ചുള്ളതായിരുന്നു. ഗാന്ധിയുടെ വടിയുടെ ഒരറ്റം പിടിച്ചു നടക്കുന്ന കുട്ടിയെയാണ് ആ കാർട്ടൂണിൽ അബു വരച്ചത്. വഴിയിൽ പലസ്തീൻ എന്ന സൈൻ ബോർഡുണ്ട്. സ്കെച്ച് ബുക്കിന് മുമ്പായിരിക്കണം അബു ആ കാർട്ടൂൺ വരച്ചത്.
അബു വലിയ തോതിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉക്രൈൻ സ്കെച്ചുകൾ ഇന്ന് നോക്കുമ്പോൾ (യുദ്ധ പശ്ചാത്തലത്തിൽ) അതിന് മറ്റൊരു മാനം കൈ വരുന്നുണ്ട്. ഹോളോകാസ്റ്റിന്റെ പ്രധാന സൂത്രധാരൻ അഡോൾഫ് ഐക്ക്മെന്നിന്റെ 1961ൽ ജറുസലേമിൽ നടന്ന കോടതി വിചാരണയുടെ രംഗങ്ങളും അബു എബ്രഹാം വരച്ചിട്ടുണ്ട്. ഹോളോകാസ്റ്റിന്റെ വിവിധ വശങ്ങൾ മനസ്സിലാക്കിയ അബു പലസ്തീൻ പ്രശ്നത്തെക്കുറിച്ചും ആഴത്തിൽ മനസ്സിലാക്കി. അങ്ങിനെ ചരിത്രത്തിലെ രണ്ട് സ്കെച്ച് ബുക്കുകൾ അദ്ദേഹത്തിൽ നിന്നും ലോകത്തിന് കിട്ടി. ഒരു പക്ഷെ മറ്റൊരു ഇന്ത്യൻ/മലയാളി ചിത്രകാരനിൽ നിന്നും ഇത്തരത്തിലുള്ള ഇസ്രായിൽ/പലസ്തീൻ രേഖാ ചിത്രങ്ങൾ ഉണ്ടായിരിക്കാനിടയില്ല. ഐക്ക്മെന്നിന്റെ അതേ ഹോളോകാസ്റ്റ് ആസൂത്രണം (വംശീയ ഉച്ചാടനം) ഇസ്രായിൽ പലസ്തീനികളോട് നടത്തുന്നു, അത് രക്തനദികൾ സൃഷ്ടിച്ച് ഇന്നും തുടരുന്നുവെന്നതും അബുവിന്റെ സ്കെച്ചുകൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പലസ്തീൻ സ്കെച്ച് ബുക്ക് ഏത് വിചാരണയിലും പലസ്തീനികൾക്കുവേണ്ടിയാണ് സംസാരിക്കുക, ഉറപ്പ്. ആ ഉറപ്പ് അബു എബ്രഹാമിന്റെ കല നൽകുന്നതാണ്. വെളിച്ചപ്പൊട്ടുപോലുമില്ലാത്ത അതേ ഇരുട്ടിൽ പലസ്തീനികളുടെ ജീവിതം ഇന്നും തുടരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. അബുവിന്റെ പലസ്തീൻ സ്കെച്ച് അന്താരാഷ്ട്ര സമൂഹത്തിന് ലഭ്യമാകും വിധത്തിൽ പ്രസിദ്ധീകരിക്കേണ്ടതാണ്. പലസ്തീനിലെ എഴുത്തുകാരന്റെയോ/ചിത്രകാരന്റെയോ അല്ലെങ്കിൽ 1967ൽ അഭയാർഥി ക്യാമ്പിലുണ്ടായിരുന്ന ഒരാളുടെയോ ആമുഖത്തോടെ.
കടപ്പാട്: ഈ ലേഖനത്തിലുപയോഗിച്ച അബു എബ്രഹാമിന്റെ സ്കെച്ചുകൾക്ക് അദ്ദേഹത്തിന്റെ മക്കളായ ആയിശ, ജാനകി എന്നിവരോട് കടപ്പാട്.