രാമനിലൂടെ രാജ്യത്തെ വിഭജിച്ച് മോദി – 2
എഴുത്തുകാരനും ആക്ടിവിസ്റ്റുമായ രാം പുനിയാനി പ്രതികരിക്കുന്നു. തയ്യാറാക്കിയത്: എ.കെ ഷിബുരാജ്
രാമക്ഷേത്ര ഉദ്ഘാടനം സംബന്ധിച്ച് ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ സംഘപരിവാറും കേന്ദ്ര സർക്കാരും മാസ് ഹിസ്റ്റീരിയ സൃഷിടിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ ചില ചരിത്ര യാഥാർഥ്യങ്ങൾ ഓർക്കുന്നത് ഉചിതമായിരിക്കും. ബാബറി മസ്ജിദ് പൊളിച്ചത് നിയമവിരുദ്ധമായിട്ടായിരുന്നല്ലോ. രാമവിഗ്രഹം അയോധ്യയിൽ കൊണ്ടുവച്ചതിനെപ്പറ്റി സുപ്രീം കോടതി തന്നെ പറഞ്ഞത് ചില ആളുകൾ നടത്തിയ കുറ്റകൃത്യം എന്നാണല്ലോ. മാത്രവുമല്ല രാമൻ ജനിച്ച സ്ഥലം അയോധ്യ ആണെന്ന് കോടതി കണ്ടെത്തിയിട്ടുമില്ല.
1949 ഡിസംബറിൽ ഹിന്ദു സംഘടനയായ അഖിൽ ഭാരതീയ രാമായണ മഹാസഭ പള്ളിക്ക് പുറത്ത് രാമചരിതമാനസത്തിന്റെ ഒമ്പത് ദിവസത്തെ തുടർച്ചയായ പാരായണം സംഘടിപ്പിച്ചിരുന്നു. ഈ സംഭവത്തിന്റെ അവസാനം, 1949 ഡിസംബർ 22 ന് രാത്രിയിൽ, 50-60 പേരടങ്ങുന്ന ഒരു സംഘം പള്ളിയിൽ പ്രവേശിച്ച് അവിടെ രാമവിഗ്രഹങ്ങൾ സ്ഥാപിച്ചു. അന്നത്തെ ആഭ്യന്തര മന്ത്രി വല്ലഭായ് പട്ടേലും പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും ഉത്തർപ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ് ബല്ലഭ് പന്തിനോടും ആഭ്യന്തര മന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയോടും പള്ളി പരിസരത്ത് നിന്ന് വിഗ്രഹങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചു. മുഖ്യമന്ത്രി വിഗ്രഹങ്ങൾ നീക്കം ചെയ്യാൻ ഉത്തരവിട്ടു. എന്നാൽ ഫൈസാബാദ് ഡെപ്യൂട്ടി കമ്മീഷണർ കെ.കെ നായർ ഹിന്ദുക്കൾ തിരിച്ചടിക്കുമെന്ന് ഭയന്ന് ഉത്തരവുകൾ നടപ്പാക്കാൻ കഴിയില്ലെന്ന് അപേക്ഷിക്കുകയായിരുന്നു. കെ.കെ നായർ പിന്നീട് ഭാരതീയ ജനസംഘത്തിൽ ചേർന്നു.
അതിനുശേഷം1992 ഡിസംബർ ആറിന് നടന്നത് സ്വതന്ത്ര ഇന്ത്യ കണ്ട വലിയ കുറ്റകൃത്യം ആയിരുന്നു. അന്ന് കോടതി അനുവാദം നൽകിയത് പ്രതീകാത്മക കർസേവ നടത്താൻ മാത്രമായിരുന്നു. എന്നാൽ മാധ്യമ പ്രവർത്തകരുടെ ക്യാമറകൾ അടക്കം നശിപ്പിച്ചുകൊണ്ട് തെളിവുകൾ ഇല്ലാതാക്കി സംഘപരിവാർ ഒരു ചരിത്ര സ്മാരകം ഇല്ലാതാക്കുകയായിരുന്നു. തുടർന്ന് ബോംബെയിലും സൂറത്തിലും ഭോപ്പാലിലും നടന്ന വർഗീയ സംഘർഷങ്ങൾ ഈ അവസരത്തിൽ നമ്മൾ ഓർക്കേണ്ടതുണ്ട്. അങ്ങനെ ഒരുപാട് ചോര ചിന്തിയും അനീതിയും കുറ്റകൃത്യങ്ങളും നടത്തിയാണ് ഇപ്പോഴത്തെ ആഘോഷ പരിപാടിയിലേക്കെത്തിയതെന്നു നമ്മൾ മറന്നുകൂടാ.
രാമക്ഷേത്രത്തിൽ സ്റ്റേറ്റിന് എന്ത് കാര്യം?
ഇത്രയും പറഞ്ഞത് ഒരു രാഷ്ട്രീയ പാർട്ടി മതപരമായ കാര്യം എന്തിനാണ് രാഷ്ട്രീയ വിഷയമായി ഉയർത്തിക്കൊണ്ടുവരുന്നത് എന്ന് ചോദിക്കാനാണ്. അതാണ് അടിസ്ഥാനപരമായ ചോദ്യം. പട്ടേലും കെ.എം മുൻഷിയും കോൺഗ്രസിന്റെ മറ്റ് നേതാക്കളും സോമനാഥ് ക്ഷേത്രം പുനർനിർമിക്കുന്നതിനുള്ള നിർദ്ദേശവുമായി മഹാത്മാഗാന്ധിയുടെ അടുത്ത് പോയപ്പോൾ, ഗാന്ധി ആ നീക്കത്തെ അനുഗ്രഹിച്ചു. എന്നാൽ നിർമ്മാണത്തിനുള്ള ഫണ്ട് പൊതുജനങ്ങളിൽ നിന്ന് ശേഖരിക്കണമെന്നും സ്റ്റേറ്റ് ക്ഷേത്രത്തിന് ഫണ്ട് നൽകരുതെന്നും നിർദ്ദേശിച്ചു. സോമനാഥ ക്ഷേത്രം നിർമ്മാണത്തിൽ നിന്നും സ്റ്റേറ്റ് വിട്ടുനിൽക്കണം എന്നായിരുന്നു ഗാന്ധി അടക്കമുള്ള നേതാക്കൾ അന്ന് ആവശ്യപ്പെട്ടത്. 1951-ൽ സോമനാഥ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ഇന്ത്യൻ പ്രസിഡന്റ് എത്തിയതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് നെഹ്‌റു രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന് കത്തെഴുതിയത് ഈ അവസരത്തിൽ ഓർക്കാം.
ഇപ്പോൾ ഹിന്ദു രാഷ്ട്രത്തിനുവേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയപാർട്ടിയാണ് ബി.ജെ.പി എന്ന് ഒരിക്കൽ കൂടി അവർ വിളിച്ചുപറയുകയാണ്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ഹിസ്റ്റീരിയ സൃഷിടിച്ചിരിക്കുകയാണ്. കൂടാതെ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, നീതി, തുടങ്ങിയ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ആശയങ്ങൾക്ക് പകരം വിഭജനത്തിലും വിദ്വേഷത്തിലും ഊന്നിയുള്ള ആഖ്യാനങ്ങൾ പടച്ചുവിടുന്ന ഹിന്ദുത്വ ശക്തികൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ വളരെ പ്രബലമായിരിക്കുന്നു. ഒരു ആധുനിക ജനാധിപത്യ രാഷ്ട്രത്തിന്റെ നിർമ്മാണത്തിനായി ജനങ്ങൾക്കിടയിൽ ശാസ്ത്രീയ അവബോധം വളർത്തുക, ദരിദ്രരും ധനികരും തമ്മിലെ അന്തരം കുറയ്ക്കുക, പൊതുമേഖലാ സ്ഥാപങ്ങൾ ശക്തിപ്പെടുത്തുക, ഗുണനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ വികസിപ്പിക്കുക തുടങ്ങിയ സ്റ്റേറ്റിന്റെ ഉത്തരവാദിത്തങ്ങളാണ് അവർ തമസ്ക്കരിച്ചിരിക്കുന്നത്.
മതത്തെ ഉപയോഗിച്ച് വളരുന്ന ബി.ജെ.പി
രാമക്ഷേത്രത്തിന്റെ പേരിൽ ഒരുപാട് വർഗീയ കലാപങ്ങൾ നടന്നു കഴിഞ്ഞു, മുസ്ലിങ്ങൾ രണ്ടാംതരം പൗരരായി തരം താഴ്ത്തപ്പെട്ടു, ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യമായ തുല്യത തകർക്കപ്പെട്ടു. ജനങ്ങൾ രാമക്ഷേത്രം നിർമ്മിക്കുകയാണെങ്കിൽ അത് നടക്കട്ടെ, എന്തിനാണ് സർക്കാർ അതിൽ ഇടപെടുന്നത്? മാത്രവുമല്ല രാമക്ഷേത്രങ്ങൾ നമ്മുടെ രാജ്യത്ത് ഒട്ടനവധി ഉണ്ട്. ദൈവഭക്തി ഉണ്ടായിരിക്കേണ്ടത് ഓരോരുത്തരുടെയും മനസിലാണ്. മഹാത്മാ ഗാന്ധി സാർവത്രിക ചൈതന്യം എന്നനിലയിൽ രാമനിൽ വിശ്വസിച്ചിരുന്നു. എന്നാൽ ആർ.എസ്.എസ്സും ബി.ജെ.പിയും രാമനെ ഉപയോഗിച്ച് സാമുദായിക ധ്രുവീകരണം നടത്തുകയാണ്. അതുകൊണ്ടാണ് എല്ലാ തെരഞ്ഞെടുപ്പുകളിലും ബാബറി മസ്ജിദ് വിഷയം അവർ ഉന്നയിക്കുന്നത്. രാമക്ഷേത്ര വിഷയം ഉന്നയിച്ചു തുടങ്ങിയപ്പോഴാണ് ബി.ജെ.പിയുടെ ജനകീയ പിന്തുണ കുത്തനെ ഉയർന്നത് എന്ന് കാണാം. രാമക്ഷേത്രത്തിന്റെ പേരിൽ വലിയ ആഘോഷങ്ങൾ നടക്കുമ്പോൾ വലിയ ഒരു വിഭാഗം മുസ്ലിങ്ങളെ അത് ഭയപ്പെടുത്തുന്നുണ്ടാവും എന്ന് ഞാൻ കരുതുന്നു.
പല ശങ്കരാചാര്യന്മാരും ഈ ചടങ്ങിനെ എതിർക്കുകയാണ്. ക്ഷേത്ര കാര്യങ്ങൾ മതപുരോഹിതർക്ക് വിട്ടുകൊടുക്കണം എന്നാണ് അവരുടെ അഭിപ്രായം. രാഷ്ട്രീയ പ്രവർത്തകർ അതിന്റെ ഭാഗം ആവരുതെന്നും. കൂടാതെ രാമന്റെ ജന്മസ്ഥലം അയോധ്യ അല്ല എന്ന വാദവും പ്രബലമാണ്. എന്നാൽ ബി.ജെ.പി യെയും മോദിയെയും സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് സമയത്തെ തുറുപ്പുചീട്ടാണ് രാമക്ഷേത്രം. അവർ വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിന്റെ വിഷയമായി അതിനെ മാറ്റിക്കഴിഞ്ഞു. നമ്മുടെ ജനാധിപത്യത്തിന് ഇത് വലിയ ഭീഷണി ഉയർത്തുന്നുണ്ട്.
ആഘോഷം ബി.ജെ.പിക്ക് തിരിച്ചടിയാകും
ബി.ജെ.പി കരുതുന്നത് രാമക്ഷേത്ര ഉദ്ഘാടന മാമാങ്കം തങ്ങൾക്കനുകൂലമായ ജനവിധിക്ക് സാഹചര്യം ഒരുക്കും എന്നാണ്. എന്നാൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഐക്യം ശക്തിപ്പെടുത്തും എന്നാണ് ഞാൻ കരുതുന്നത്. പല മുഖ്യ പാർട്ടികളും രാമക്ഷേത്ര ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചിട്ടുണ്ട്. മമത ബാനർജി രാമക്ഷേത്ര ഉദ്ഘാടന ദിവസം കൊൽക്കത്തയിൽ എല്ലാ മതസ്ഥരും ചേർത്ത് ‘സൗഹാർദ്ദ റാലി’ നയിക്കുന്നുണ്ട്. ഈ അവസരത്തിൽ ഇൻഡ്യ സഖ്യത്തെ ശക്തിപ്പെടുത്തുകയാണെങ്കിൽ ബി.ജെ.പിക്ക് അത് വലിയ തിരിച്ചടിയായിരിക്കും.
എന്നാൽ മാസ് ഹിസ്റ്റീരിയയെ നേരിടുക എന്നത് അത്ര എളുപ്പമല്ല എന്നതും യാഥാർഥ്യമാണ്. ഒരുപാട് സമാന്തര സ്വന്തന്ത്ര മാധ്യമങ്ങൾ അതിനെ നേരിടുന്ന രീതിയിൽ പ്രവർത്തിക്കുന്നുണ്ട് എന്നത് ഏറെ പ്രതീക്ഷ നൽകുന്നതാണ്. കൂടാതെ ഭാരത് ജോഡോ ന്യായ യാത്ര വളരെ സുപ്രധാന വിഷയങ്ങൾ ഉന്നയിച്ചാണ് ജനങ്ങളെ സമീപിക്കുന്നത് എന്നതും പ്രതീക്ഷ നൽകുന്നു. തൊഴിൽ അവകാശങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യം, ദാരിദ്ര്യം തുടങ്ങിയ യഥാർത്ഥ വിഷയങ്ങൾ ജനങ്ങളിലേക്കെത്തിച്ചാൽ അത് ജനങ്ങളെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിക്കും എന്ന് ഞാൻ കരുതുന്നു.
ദീർഘകാല പ്രത്യാഘാതങ്ങൾ
രാമക്ഷേത്ര നിർമ്മാണത്തിൽ സ്റ്റേറ്റ് പങ്കാളിയാവുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും എന്ന് ഞാൻ കരുതുന്നു. മനുഷ്യാവകാശങ്ങളിലും മതേതരത്വത്തിലും വിശ്വസിക്കുന്ന മനുഷ്യർ വരും നാളുകളിൽ അതിനെതിരെ കഠിനമായി പ്രയത്നിക്കേണ്ടിവരും. സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തെ ചെറുക്കുക എന്നത് വലിയ ഉത്തരവാദിത്തം ആയിരിക്കും. കൃഷിക്കാർ, ആദിവാസികൾ, ദലിതർ, തൊഴിലാളികൾ തുടങ്ങിയ ഒട്ടനവധി വിഭാഗം ജനങ്ങളെ ഒന്നിച്ചുകൊണ്ടുവരേണ്ടത് പ്രധാന പ്രവർത്തനം ആയിരിക്കും.
രാജ്യപുരോഗതി ഭയന്ന സംഘപരിവാർ
ഹിന്ദുത്വ ശക്തികൾ രാമനെ ഒരു രാഷ്ട്രീയ ആയുധമാക്കിയത് 1980 കളിലാണ്. 1949 ൽ അതിന്റെ വിത്തുകൾ അവർ പാകിയിരുന്നു. എൺപതുകളിൽ തന്നെയാണ് ദലിതരുടെ സാമൂഹ്യ മുന്നേറ്റം, ജനാധിപത്യ രീതിയിലുള്ള അവകാശ സമരങ്ങൾ, സ്ത്രീ മുന്നേറ്റങ്ങൾ തുടങ്ങിയവ മന്ദഗതിയിലാണെങ്കിലും നമ്മുടെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരുന്നത്. ഇത് അംഗീകരിക്കാൻ കഴിയാതിരുന്ന സംഘപരിവാർ ശക്തികൾ രാമക്ഷേത്ര വിഷയം ആയുധമാകുകയും നമ്മുടെ രാജ്യത്ത് നടക്കുന്ന പുരോഗതിക്ക് തടയിടുകയുമായിരുന്നു. അതിനുശേഷം രാഷ്ട്രീയ അധികാരം നേടാൻ ആ വിഷയം ഉപയോഗിക്കുകയുമായിരുന്നു. ഇപ്പോൾ നമ്മുടെ സമൂഹത്തെ പുരോഗതിയിൽ നിന്നും പുറകോട്ടു നയിച്ചുകൊണ്ട് അധികാരം നിലനിർത്താനാണ് അവർ ശ്രമിക്കുന്നത്.