ദോഹയിൽ ഇന്ന് ഇന്ത്യൻ സമയം രാത്രി എട്ടര മണിക്ക് നടക്കുന്ന ഖത്തര്‍ ലോകകപ്പ് ക്വാട്ടര്‍ മത്സരത്തെക്കുറിച്ചുള്ള പ്രവചനമല്ല ഇത്. കളിക്ക് മുമ്പുള്ള മണിക്കൂറുകളിലെ ദോഹയിലെ അന്തരീക്ഷ വിവരണമാണ്. മുൻ ലോക ചാമ്പ്യന്മാരായ സ്‌പെയിൻ നേരിടാന്‍ പോകുന്ന പതിനൊന്ന് പേരെ കുറിച്ച് അറിയാമോ. സ്‌പെയിന് തെക്ക്, ജിബ്രാള്‍ട്ടര്‍ കടലിടുക്ക് കടന്നെത്തുന്ന ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തിന് വടക്ക് അറ്റലാന്റിക് സമുദ്രത്തിനും മെഡിറ്ററേനിയന്‍ കടലിടുക്കിനുമിടല്‍ നില്‍ക്കുന്ന നാട്ടില്‍ നിന്നാണ് അവരെത്തുന്നത്. കാല്‍പന്തിലെ പെരുമയോ സമ്പന്നമായ ചരിത്രമോ പറയാനില്ലാത്ത രാജ്യം, പേര് മൊറോക്കൊ. എന്നാല്‍, 2022 ഖത്തര്‍ ലോകകപ്പ് അറ്റ്‌ലസ് ലയണ്‍സ് എന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ആ ഒരുകൂട്ടം കാല്‍പന്താട്ടക്കാരെ ആവോളം അറിഞ്ഞുകഴിഞ്ഞു. ഖത്തറിനെ മൊത്തം അവര്‍ ഏറ്റെടുത്തുകഴിഞ്ഞു, എവിടേയും ചോര ചുകപ്പണിഞ്ഞവരുടെ ആഘോഷങ്ങളാണ്, കാല്‍പന്താരാധകര്‍ നിറയുന്നിടളില്‍ പച്ച താരകം തെളിഞ്ഞു നില്‍ക്കുന്ന അവരുടെ ചുകന്ന കൊടി പടര്‍ന്നു നില്‍ക്കുന്നു.
ദീര്‍ഘകാലത്തിന് ശേഷം തങ്ങളുടെ രാജ്യം ലോകകപ്പ് വേദിയിലെത്തിയതിന്റെ, തുടര്‍ന്ന് ഗ്രൂപ്പ് ഘട്ടം കടന്നതിന്റെ, പിന്നാലെ നോക്കൗട്ടിലേക്കെത്തിയതിന്റെ ആനന്ദത്തിലാണവര്‍. ഗ്രൂപ്പ് എഫില്‍ ക്രൊയേഷ്യയെ വിറപ്പിച്ച് കനഡയെയും കരുത്തരായ ബെല്‍ജിയത്തെയും തോല്‍പ്പിച്ച് ചാമ്പ്യന്മാരായാണ് മൊറോക്കോ വരുന്നത്. പ്രീക്വാര്‍ട്ടറില്‍ സെനഗൽ വീണതോടെ എജുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ സ്‌പെയിനിനെ അട്ടിമറിച്ചാല്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കുന്ന നാലാമത്തെ ആഫ്രിക്കന്‍ രാജ്യമായി മൊറോക്കോ മാറും. 2002 ല്‍ സിസെയുടെ സെനഗലും 2010-ല്‍ ഘാനയും 1990ല്‍ കാമറൂണുമാണ് ഇതിനുമുന്നേ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ആഫ്രിക്കന്‍ രാജ്യങ്ങള്‍.
ബെല്‍ജിയത്തിനെതിരെ ജയം മാത്രം വേണ്ട നോക്കൗട്ട് സമയത്ത് അത് കണ്ടെത്തിയവരാണ് മൊറോക്കോ. കഴിഞ്ഞ മല്‍സരങ്ങളില്‍ 90 മിനുട്ടും അതിവേഗതയില്‍ ശക്തമായി ആക്രമണോത്സുകരായി കളിക്കുന്ന മൊറോക്കൊയുടെ പോര്‍വീര്യം സ്‌പെയിനിനെ അലട്ടുമെന്ന് നിസംശയം പറയാം.
എന്നാല്‍ ഇവിടെ മൈതാനത്തിന് പുറത്ത് കാല്‍പന്തിനപ്പുറം മറ്റൊരു ചരിത്ര പോരാട്ടം കൂടി നടക്കുന്നുണ്ട്. മുമ്പ് ഇസ്ലാമിക്ക് രാജ്യമായിരുന്നു സ്‌പെയിനും നിലവില്‍ ബെര്‍ബര്‍, അറേബ്യന്‍, യൂറോപ്യന്‍ സാംസ്‌കാരങ്ങളുടെ സ്വാധീനമുള്ള മൊറോക്കോയും തമ്മിലുള്ള ഒരു രാഷ്ട്രീയത്തിന്റ കളി. ഇസ്ലാമിക് സ്‌പെയില്‍ തകര്‍ന്നതിന് പിന്നാലെ ഇല്ലാതായ അറേബ്യന്‍ ജനതയുടെ സ്‌പെയിനിന് മേലുള്ള ജയം. അത്തരത്തിലൊരു ശീതയുദ്ധം കൂടി ഖത്തറില്‍ നടക്കുന്നുണ്ട്. അതിന്റെ പല സൂചനകളും നിലവില്‍ അറേബ്യന്‍ രാജ്യം വ്യക്തമാക്കിയിട്ടുണ്ട്.
അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കാനഡയെ തകര്‍ത്ത് ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലേക്ക് ടിക്കറ്റെടുത്ത മൊറോക്കോയുടെ വിജയാഘോഷം ഖത്തര്‍ കണ്ടതാണ്. അറേബ്യന്‍ വിപ്ലവ മുദ്രാവാക്യങ്ങൾ മുഴങ്ങിയ സൂക്ക് വാഖിഫ്, അന്ന് അക്ഷരാര്‍ത്ഥത്തില്‍ അറബികളുടെ ആഘോഷത്താല്‍ ചുകപ്പു പുതച്ചിരുന്നു. മോറോക്കന്‍ ഗാനങ്ങളില്‍ അവിടെയാകെ മുഴുകി. സ്റ്റേഡിയത്തില്‍ മൊറോക്കോ കളിക്കാര്‍ ഫലസ്തീനിന്റെ പതാക ഉയര്‍ത്തിയാണ് തങ്ങളുടെ സ്‌ന്തോഷം പ്രകടിപ്പിച്ചത്. ഇസ്രായേല്‍ അധിനിവേശത്തിനു കീഴില്‍ ജീവിക്കുന്ന ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യവുമായിട്ടായിരുന്നു താരങ്ങളുടെ ഈ പ്രവൃത്തി.
‘ദി മാ മഗ്രിബ്’ എപ്പോഴും മൊറോക്കോ എന്ന മുദ്രാവാക്യവും ‘ഫ്രീ ഫലസ്തീന്‍’ എന്ന മുദ്രാവാക്യവുമാണ് തെരുവില്‍ അലയടിച്ചത്. തെരുവില്‍ വഴിയിലും അവര്‍ ആര്‍ത്തുവിളിച്ച പല മുദ്രാവാക്യങ്ങളും അറേബ്യന്‍ ജനതയുടെ ആവേശം അര്‍ത്ഥമാക്കുന്നതായിരുന്നു. പലരും തങ്ങളുടെ കുട്ടികളെ തോളില്‍ കയറ്റി നൃത്തം ചെയ്തു. ‘വിവ ലാ മഗ്രിബ്, മൊറോക്കോ നീണാള്‍ വാഴട്ടെ’ – അവര്‍ ആര്‍ത്തുവിളിച്ചു.

ഇന്നലെ ഞാന്‍ മുശൈരിബിലേക്കുള്ള യാത്രയില്‍ പരിചയപ്പെട്ട ഒരു മറോക്കന്‍ കുടുംബം, അറബി നാട്ടില്‍ നടക്കുന്ന ആവേശ പോരാട്ടത്തിന്റെ പൊരുള്‍ എന്നോട് പങ്കുവെച്ചു. മൊറോക്കോയിലെ മറാക്കഷ് നാട്ടുകാരിയായ നാദിയക്ക് ഇന്നത്തെ മത്സരം ഫുട്‌ബോളിനുപരി മറ്റുപലതുമാണ്. ഖത്തര്‍ ലോകകപ്പ് അറേബ്യന്‍ ജനതയെ ഒന്നിപ്പിച്ചു. എല്ലാ ഭിന്നതയെയും ഫുട്‌ബോള്‍ അറബികളെ ഒന്നിപ്പിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, കയ്യില്‍ പിടിച്ച ചെറിയ മൊറോക്കോ ഹൃദയചിഹ്നം കാണിച്ച് നാദിയ പറഞ്ഞു.
മുശൈരിബില്‍ വച്ചുകണ്ട് സൗദി പൗരന്‍ അസദ് സഹൂദിനും ഇതേ അഭിപ്രായമാണ്. “ഇന്ന് ജയിച്ചാല്‍ നിങ്ങള്‍ക്ക് അറേബ്യയുടെ വീര്യവും അവേശവും ശരിക്കും കാണാം. സ്‌പെയിനിനെതിരെയുള്ള വിജയം കളിയിലെ വിജയം മാത്രമാണെങ്കിലും അത് നമ്മള്‍ അഘോഷിക്കുക തന്നെ ചെയ്യും. ഇത് നിലവിലെ സ്‌പെയിനിനോടുള്ള രാഷ്ട്രീയ വിരോധമോ വെറുപ്പോ ഒന്നുമല്ല, മറിച്ച് നമ്മളുടെ ഒരു ആവേശം മാത്രം.” അസദ് സഹൂദ് പറഞ്ഞു. “അത് നിങ്ങള്‍ക്ക് ഇന്ന് കാണാന്‍ കഴിയും, ഇന്‍ഷാ അള്ളാ. ഇംഗ്ലീഷ് പഠിക്കാനായി ഇംഗ്ലണ്ടില്‍ പോയ ഒരാള്‍ കൂടിയാണ് ഞാന്‍. നമ്മള്‍ ആര്‍ക്കും എതിരല്ല, പക്ഷേ ചരിത്രം അങ്ങനെയല്ലല്ലോ.” സഹൂദ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, സൂക്ക് വാഖിഫില്‍ വെച്ച് പരിചയപ്പെട്ട മൊറോക്കോക്കാരിയായ ഫാത്തിമക്കും, എമലക്കും ഇത്തരത്തില്‍ ഒരു വികാരവും ഇല്ല. ഒരു ഫുട്‌ബോള്‍ മത്സരം മാത്രമാണ് അവര്‍ക്ക് ഇന്ന് ഇവിടെ നടക്കുന്നത്. സ്‌പെയിന്‍ പഠനം നടത്തുന്ന ഇവര്‍ക്ക് പക്ഷേ, കളിയില്‍ സ്വന്തം രാജ്യം ജയിക്കണമെന്ന പൂതിയൊക്കെയുണ്ട്. “മത്സരം ജയിച്ചാല്‍ ഉടനെ നമ്മളെ സൂക്കിലെത്തും ഉറപ്പ്, അത്രക്ക് വലിയ ആഘോഷമായിരിക്കും ഇവിടെ നടക്കുക.” എമല പറഞ്ഞു. ഫലസ്തീന്റെ പതാകയുമായി ഫോട്ടോ ഫോബിയാക്കായ ആ രണ്ടുപേരും സൂക്കിലൂടെ ആളുകളുടെ ഇടയിലേക്ക് മറഞ്ഞു.

“നിങ്ങള്‍ കണ്ടില്ലെ നമ്മള്‍ എല്ലാവരും ഫലതീനികളുടെ പതാകയുമായി നടക്കുന്നത്. അതൊരു അറബിയുടെ അടയാളപ്പെടുത്തല്‍ മാത്രമാണ്. ആ നാട് ഇവിടെ അവശേഷിക്കുന്നുണ്ട് എന്ന് ലോകത്തോട് പറയുന്നത്.” ഇതായിരുന്നു മൊറോക്കോ കാരിയായ വെദാദിന്റെ മറുപടി. ഇംഗ്ലീഷ് തീരെ വശമില്ലാത്ത വെദാദ് റാര്‍മിന യമന്‍ കാരിയായ സുഹൃത്ത് നജിലക്കൊപ്പമാണ് നടക്കുന്നത്. ഇരുവരും അറേബ്യന്‍ വികാരം ഉള്ളില്‍ കൊള്ളുന്ന യുവതികള്‍.

“സ്‌പെയിന് വലിയ ടീമാണ്, മികച്ച കളിയുള്ള ടീം. അതിലെ പലരും ഇഷ്ട താരങ്ങളുമാണ്. എന്നാല്‍ മൊറോക്കോയും മോശമല്ലല്ലോ.” വെദാദിനെ പരിഭാഷപ്പെടുത്തി നജില പറഞ്ഞു. ഹക്കീം സിയച്ച്, അഷ്‌റഫ് ഹക്കീമി തുടങ്ങിയ വന്‍ ക്ലബുകളിലെ താരങ്ങളുണ്ട് നമുക്ക്. മെസിക്കും നയ്മറിനുമൊപ്പം കളിക്കുന്നവര്‍. വിജയം ഉറപ്പാണ്. നയ്മര്‍ ഫാന്‍സ് കൂടിയായ ഇരുവരും പറഞ്ഞു. ഇന്ന് വിജയിക്കട്ടെ എന്ന പ്രാര്‍ത്ഥന എന്റെ മുന്നില്‍ വെച്ചുതന്നെ നടത്തുകയും ചെയ്തു നജില. സൗദി അറേബ്യയില്‍ താമസിക്കുന്ന നജില അല്‍ കെബ്‌സി സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംങ് അനുവദിച്ചതിലുള്ള സന്തോഷത്തിലാണ്.

സുഹൃത്തുക്കളോടും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ഇവര്‍ ഖത്തിറിലെത്തിയത്. ഇന്ന് നടക്കുന്ന ചരിത്രപരമായ സന്ദര്‍ഭം അടയാളപ്പെടുത്താന്‍ ഒരുങ്ങി നില്‍ക്കുകയാണ് അവര്‍. എന്നാല്‍ ഇന്നത്തെ മത്സരത്തിന്റെ ടിക്കറ്റ് കിട്ടാത്തതിലെ സങ്കടത്തിലും. മത്സരം ഫാന്‍ സോണില്‍ വെച്ചുതന്നെ കാണണം, ആഘോഷങ്ങള്‍ മൊബൈലിലാക്കണം, എന്ന് പറഞ്ഞു ഇരുവരും ഗുഡ്നൈറ്റ് പറഞ്ഞു.
ബെല്‍ജിയത്തെയും കാനഡയെയും ഖത്തറില്‍ തോല്‍പ്പിച്ച് 2018ലെ റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയ്ക്ക് പിടിച്ച് പിന്നിലാക്കി ഗ്രൂപ്പ് എഫ് ജേതാക്കളായി മുന്നേറിയാണ് മൊറോക്കോ അവസാന 16 ല്‍ ഇടംപിടിച്ചത്. ലോക റാങ്കിങിലെ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയത്തെ തറപറ്റിച്ച് വിജയകാഹളം മുഴക്കിയ മൊറോക്കന്‍ ഫുട്‌ബോളിന് ഇതിന് മുന്നേയും ഒരു സുവര്‍ണ തലമുറയുണ്ടായിരുന്നു മൊറോക്കക്ക്. 86ല്‍ ആദ്യമായി രാജ്യത്തെ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ വരെയെത്തിച്ച സംഘം. പിന്നീട് ഒന്നരപ്പതിറ്റാണ്ടോളം മങ്ങിപ്പോയവര്‍. 1970 ലാണ് ആദ്യമായി അവര്‍ ലോകവേദിയില്‍ പന്തുതട്ടിയത്. 1986 ലോകകപ്പിലെ രണ്ടാം റൗണ്ട് വരെയെത്തി ആ നേട്ടം.
ഇത് ഒരു രണ്ടാം വരവാണ്. യൂറോപ്പിലെ വിവിധ ലീഗുകളില്‍ കളിക്കുന്ന ഒരുപിടി താരങ്ങളുള്ള ടീം. അഷ്‌റഫ് ഹക്കീമി, ഹകിം സിയെച്ച്, യൂസഫ് എന്‍ നെസിരി അങ്ങനെ എണ്ണിപ്പറയാന്‍ നിരവധി പേരുകള്‍. 2012 ല്‍ അറബ് കപ്പിലെ കിരീട നേട്ടം. 2018ലും 2020ലും ആഫ്രിക്കന്‍ നാഷന്‍സ് ചാമ്പ്യന്‍ഷിപ്പും കിരീടം മൊറോക്കോയിലെത്തിച്ചു. ലോകഫുട്‌ബോളിലെ വമ്പന്‍ പേരുകാരെ വെല്ലുവിളിക്കുന്നു മൊറോക്കൊ. ഇന്ന് അത്ഭുതം കാട്ടുമെന്ന് ആണയിടുകയാണ് ആരാധകര്‍.
ആദ്യ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെത്താനും സ്‌പെയിനിനെ പരാജയപ്പെടുത്താനും നമുക്ക് കഴിയുമെന്ന് മൊറോക്കോ കോച്ച് വാലിഡ് റെഗ്രഗുയി മാധ്യമങ്ങളോട് പറഞ്ഞു. എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന മത്സരത്തിന് ആയിരക്കണക്കിന് ആരാധകരുടെ പിന്തുണയുണ്ട് നമുക്ക്. “ഞങ്ങള്‍ നിറഞ്ഞാടും. മൊറോക്കന്‍ പതാക ഉയരത്തില്‍ ഉയര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്കും നമ്മുടെ രാജ്യത്തിനും വേണ്ടിയാണ് ഞങ്ങള്‍ ആദ്യം കളിക്കുന്നത്.” റെഗ്രഗുയി പറഞ്ഞു. “ഖത്തറില്‍ അവശേഷിക്കുന്ന ഏക അറബ് രാജ്യവും അവസാന ആഫ്രിക്കന്‍ ടീമുമായ മൊറോക്കോ ഉണ്ടാകും, തീര്‍ച്ച.” കോച്ച് കൂട്ടിച്ചേര്‍ത്തു.
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
