ഉദിനൂരിൽ നിന്ന് കരിമ്പുനത്തേക്കുള്ള ദൂരം

കോവിഡിനൊക്കെ മുൻപ് ഒരു ദിവസം കഥകൾ വായിച്ച് പരിചയപ്പെട്ട ഒരു സുഹൃത്ത് സംസാരത്തിനിടയിൽ പറഞ്ഞു.

‘നിന്റെ കഥകളിലൊക്കെ കാട് വരുന്നു, അത് ആവർത്തന വിരസമാണ്’.

കേട്ടപ്പോൾ എനിക്ക് ചെറിയ വിഷമം തോന്നി. അത് എന്റെ കഥകളെ കുറിച്ചായിരുന്നില്ല, അന്ന് എഴുതിക്കൊണ്ടിരുന്ന, കുറച്ചുകൂടി വലുതായേക്കാവുന്ന ‘കഥ’യെ ഓർത്തായിരുന്നു. ആ വിമർശനം എന്റെ എഴുത്തിനെ തടസ്സപ്പെടുത്തുമോ എന്ന് പേടിച്ച് ഒന്നോ രണ്ടോ കഥകളിൽ കാട് വരുന്നുണ്ട് അത് മനഃപൂർവ്വവും ആയിരുന്നില്ല എന്നുമാത്രം പറഞ്ഞ് ഞാനാ സംഭാഷണം നിർത്താൻ തുനിഞ്ഞു. പിൻമാറുന്നു എന്നു തോന്നിയതുകൊണ്ടായിരിക്കണം അവർ എന്റെ കഥകളിലെ കാടുകളെ ഓരോന്നായി വലിച്ചു പുറത്തിടാൻ തുടങ്ങി.

‘ആരാൻ എന്ന കഥാസമാഹാരത്തിലെ പത്തു കഥകളിൽ മൂന്നെണ്ണത്തിൽ കാടുണ്ട്!’

ഒരു ദിവസം കുരങ്ങുകളിക്കാരന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടു വന്ന് ഉദിനൂരുകാരുടെ ഓർമ്മയെ സംഭവബഹുലമാക്കിയ കുരങ്ങിന്റെ കഥയായ ‘മഞ്ചു’വിൽ സുലൈമാൻ കാട് എന്ന കൃത്രിമ വനം ഉണ്ട്! രാഷ്ട്രീയ കൊലപാതകങ്ങളിൽ പെട്ടുപോകുന്ന യുവാക്കളുടെ ജീവിതമാണ് കോട എന്ന കഥയിൽ, പക്ഷേ കഥ അവസാനിക്കുന്നത് മഴപെയ്യുന്ന ഉൾവനത്തിലാണ്! തൊണ്ടച്ചൻ എന്ന കഥ സംഭവിക്കുന്നത് കണ്ടൽക്കാടുകൾക്കിടയിലാണ്. മൃഗങ്ങളൊന്നും ഇല്ലെങ്കിലും കണ്ടൽക്കാടും ഒരു കാടാണല്ലോ?”

‘ആഹ് മൂന്നെണ്ണത്തിലല്ലേ, പിന്നേം ഉണ്ടാല്ലോ ഏഴെണ്ണം ?’

‘അതിലൊക്കെ കഥാപാത്രങ്ങളുടെ മനസ്സിൽ കൊടുംകാടെന്നെ ഉണ്ട്’.

വിമർശകർക്ക് ധാരാളമുള്ള ദയാരാഹിത്യത്തോടെ അവർ പറഞ്ഞു.
‘പിന്നെയുമുണ്ട്’;

ഇനിയും പുസ്തകമായിട്ടില്ലാത്ത കഥകളെക്കുറിച്ചാണ് അവർ പറയാൻ വരുന്നത് എന്നു മനസ്സിലായി.

‘മ് പറ’
‘പൂതപ്പാനി, അതിലും ഒരു കാടിന്റെ സാന്നിദ്ധ്യം ഉണ്ട്’
‘ഇല്ലല്ലോ അത് സബർബൻ കഥയാണ്’, ഞാൻ ചുമ്മാ തള്ളി.
‘സബർബനോ മെട്രോയോ എന്ത് കുന്തമോ ആയ്ക്കോട്ടെ ആ കടന്നലുകളുടെ ഉള്ളിൽ കാടുണ്ട്’
‘ഹും’
‘പിന്നെ അവസാനം വന്ന കഥ മറ്റേ കോഴിപ്പോരിന്റെ…’
‘പെരടി…’
‘ഹാ അതെന്നെ അത് തുടങ്ങുന്നത് തന്നെ കാട്ടിലാണല്ലോ?’
‘അത് പിന്നെ ആ കഥാപാത്രത്തിന്റെ ജോലി കാട്ടിലാണല്ലോ?’ ഞാൻ പഴുതുകൾ തേടി.
‘ആ അതെന്തോ ആവട്ടെ,കാടുണ്ടല്ലോ? അത് നല്ലതല്ല’

കെ.എൻ പ്രശാന്തിന്റെ ആദ്യകഥാസമാഹാരം ആരാൻ-നാലാം പതിപ്പ്

അവർ പറഞ്ഞത് ശരിയാണോ അല്ലയോ എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. പക്ഷേ എന്റെ കഥകളിൽ വരുന്ന കാട് വെട്ടിത്തെളിക്കാൻ അവരുടെ വിമർശനത്തിനായില്ല. പിന്നീട് എഴുതിയ കഥകളിൽ ഒന്നിന്റെ പേര് തന്നെ മൾബറിക്കാട് എന്നാണ്. ഗുഹ എന്ന കഥയിലും കാട് എന്ന രൂപകം ധാരാളമുണ്ട്. എങ്കിലും അന്ന് ഞാൻ എഴുതിക്കൊണ്ടിരുന്ന, കഥയായി തുടങ്ങി നീണ്ടുപോയ ‘കഥയിൽ’ അൽപ്പനാൾ ഇടവേള ഉണ്ടാക്കാൻ ആ സംഭാഷണം ഇടയാക്കി. കാരണം അതിൽ മുഴുവനും കാടിനോട് ചേർന്നു നിൽക്കുന്ന മനുഷ്യരുടെ കഥകളായിരുന്നു.

ആ ഇടവേളയിൽ ഞാൻ കാടിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. അറബിക്കടലിൽ നിന്നും അധികമൊന്നും ദൂരത്തല്ലാതെ കിടക്കുന്ന ഭൂമിശാസ്ത്രപരമായി പൂഴി പ്രദേശമായ ഉദിനൂരിൽ ആണ് ഞാൻ ജനിച്ചതും വളർന്നതും ജീവിക്കുന്നതും. പൂനെയിൽ വളരെ കുറച്ചുകാലം ജോലി ചെയ്തതല്ലാതെ നാടുവിട്ടു പോയിട്ടേയില്ല. പഠിക്കുന്ന കാലത്ത് എല്ലാവരും സ്കൂളിൽ നിന്നും ടൂറിനു പോകുമ്പോൾ അത് കണ്ട് കൊതിച്ച് സങ്കടപ്പെട്ടു നിന്ന കുട്ടികളായിരുന്നു ഞങ്ങൾ. അതുകൊണ്ടാണോ എന്നറിയില്ല, വലുതായപ്പോൾ യാത്ര ചെയ്യുന്നതിനേക്കാൾ നല്ലത് വീട്ടിലിരിക്കുന്നതാണ് എന്നു തോന്നുന്നത്. പേരിനു പോലും ചെറിയ ഒരു കുന്നുപോലുമില്ലാത്ത പഞ്ചായത്താണ് ഉദിനൂർ ഉൾപ്പെടുന്ന പടന്ന ഗ്രാമപഞ്ചായത്ത്. പാറക്കല്ലുകളോ കുന്നിൻ പ്രദേശമോ കാണണമെങ്കിൽ തൊട്ടടുത്ത പഞ്ചായത്തായ പിലിക്കോടോ ചെറുവത്തൂരോ ചെല്ലണം. എങ്കിലും വളരെ ചെറുപ്പം മുതലേ ഞങ്ങൾക്ക് കൗതുകവും ഭയവുമുണ്ടാക്കിയിരുന്ന ചെറിയ വനങ്ങൾ ഉദിനൂരിലുണ്ട്. സ്ഥലത്തിന്റെ കേന്ദ്രമായിരുന്ന ക്ഷേത്രപാലക ക്ഷേത്രത്തിന്റെ ചുറ്റിലും അധികം ദൂരത്തല്ലാതെ ആറുകാവുകൾ ഉണ്ട്. പ്രശസ്ത പരിസ്ഥിതി ഗവേഷകൻ കാവുണ്ണി എന്ന ഡോക്ടർ ഉണ്ണികൃഷ്ണന്റെ കാവ് ഗവേഷണങ്ങളിൽ പ്രധാനമായും വരുന്നത് ഈ കാവുകളാണ്.

ഇ ഉണ്ണികൃഷ്ണന്റെ ഉത്തര കേരളത്തിലെ വിശുദ്ധ വനങ്ങൾ കവർ

ഗ്രാമത്തിന്റെ കിഴക്കുഭാഗത്ത് കവലയിൽ നിന്നും (അമ്പലനടയായതിനാൽ ആ ഭാഗം ‘നട’ എന്ന് വിളിക്കപ്പെടുന്നു) അധികം ദൂരത്തല്ലാതെ, പണ്ട് കുടകിൽ ചെന്ന് പണിയെടുത്തുണ്ടാക്കിയ പണം കൊണ്ട് ഒരാൾ പണിത ഉദിനൂരിലെ ആദ്യത്തെ അങ്ങാടി നിന്ന സ്ഥലത്തിനടുത്താണ് ഒന്നാമത്തെ കാവ്. ആദ്യ കച്ചവടക്കാരന്റെ ഓർമ്മ പോലും ഇല്ലാതായ ആ സ്ഥലം അയാൾക്കു ശേഷം വന്ന ആളുടെ പേരിൽ ഇബ്രാൻച്ചാന്റെ പീടിക എന്നറിയപ്പെട്ടു. ഉദിനൂര്കാരുടെ പ്രിയപ്പെട്ടവൻ ആയിരുന്നു ഇബ്രാഹിം എന്ന ആ കച്ചവടക്കാരൻ. അതിനു പിന്നിലായി ഇപ്പോഴത്തെ സെൻട്രൽ അക്കാദമി ട്യൂട്ടോറിയലിനടുത്താണ് ആരുടേത് എന്ന് ഞങ്ങൾക്കിപ്പോലുമറിയാത്ത ചെറിയ കാവ്. ഈ കാവിനെയെന്നല്ല ഉദിനൂരുള്ള ഒരു കാവിനേയും ഞങ്ങൾ കാവ് എന്നു വിളിച്ചില്ല. നാഗവനമായതുകൊണ്ടായിരിക്കണം അവയൊക്കെ ‘നാഗം’ എന്ന് വിളിക്കപ്പെട്ടു. ആരാണ് കൊണ്ടിട്ടത് എന്നറിയാത്ത ഇളനീർ തൊണ്ടുകൾ അതിനകത്ത് കയറിയപ്പോഴൊക്കെ കണ്ടിട്ടുണ്ട്. അതിൽ പടർന്നുകിടന്ന വള്ളികളിൽ ട്യൂട്ടോറിയലിലെ കുട്ടികൾ ആടുകയും കൗതുകമുള്ളവർ നാഗത്തിനകത്ത് കയറുകയും ചെയ്തു. അതിലെ മരങ്ങൾ ഉദിനൂരിലെ പുരയിടങ്ങളിൽ അധികം ഇല്ലാത്തതും ഭൂമിയുണ്ടായ കാലം മുതലുള്ളതെന്ന് തോന്നുന്നത്ര പഴക്കവും വലുപ്പവുമുള്ളതുമായിരുന്നു. തൊട്ടാൽ ചൊറിച്ചിലുണ്ടാക്കുന്ന ചേരൽ, പ്രാദേശികമായി കരോട്ട എന്നറിയപ്പെടുന്ന കുളിർമാവ്, അതേ വർഗ്ഗത്തിൽ പെട്ട മധുരക്കാഞ്ഞിരം, സപ്പോട്ടയേക്കാൾ അൽപ്പം വലുതും പുറന്തോട് പരുക്കനുമായ കായയുണ്ടാകുന്ന ‘കാക്കേനക്കൊല്ലി’ എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മരോട്ടി മരം, തടിയിൽ ചീങ്കണ്ണിയുടെ തോടുപോലുള്ള മുള്ളുകൾ ഉള്ള കുയിറ്റി (അതിന്റെ മുള്ളുകൾ അടർത്തിയെടുത്ത് ഞങ്ങൾ സ്വന്തം പേരെഴുതിയ സീലുകളും മോതിരങ്ങളുമുണ്ടാക്കി) എന്നിവയൊക്കെ ആ ചെറിയ സ്ഥലത്തെ നിബിഡമാക്കി. ശരിക്കും കാട്ടുമരങ്ങൾ എന്നു പറയാവുന്ന മരങ്ങളാണിവ. എന്നാൽ ആ കാവിനകത്ത് ആരാധനയോ അനുഷ്ഠാനങ്ങളോ നടക്കാറില്ല. അന്ന് ഉദിനൂരിലെ എല്ലാ കയ്യാലകളിലും കൂർത്ത മുള്ളുകളുമായി നിന്നിരുന്നതും ഇന്ന് തീരെകാണാത്തതുമായ മുണ്ടക്കൈകൾ എന്ന എരോപ്പക്കൈത നിരന്നുനിന്ന വഴിയിലൂടെ വൈകുന്നേരത്തെ കളികഴിഞ്ഞ് നടക്കുമ്പോൾ നേരം ഇരുണ്ട് തുടങ്ങിയിട്ടുണ്ടാവും. നാഗത്തിൽ നിന്നാണ് ഇരുട്ട് പടരുന്നത് എന്ന പോലെ മരങ്ങളുടെ നിഴലുകൾ വൈകുന്നേരത്തിന്റെ മ്ലാനതയിൽ ഇളകും. അപ്പോൾ ഏതോ വന്യമൃഗം പല്ലിറുമ്മുന്ന ശബ്ദം നാഗത്തിനകത്തു നിന്നും പുറത്തുവരും. തനിച്ചാണെങ്കിലും കൂടെ കൂട്ടുകാർ ഉണ്ടെങ്കിലും ഞാൻ പേടിച്ച് ഓടും. മരങ്ങൾ തമ്മിൽ ഉരയുന്ന ആ ശബ്ദം കഥകളിലെ അശരീരികളായ ഭീകരസത്വങ്ങളുടെ മുരളലാണെന്ന് കരുതാനാണ് എനിക്ക് ഇപ്പോഴുമിഷ്ടം.

കാടിന്റെ കഥകളിലൂടെ

തെക്കുപുറം എന്നറിയപ്പെടുന്ന അമ്പലത്തിന്റെ തെക്കുഭാഗത്ത് ഞങ്ങളുടെ വീടിനടുത്താണ് പാവൂർനാഗം. ഉദിനൂരിലെ പ്രബല തീയ്യത്തറവാടായ പാവൂർവീടിനോട് ചേർന്ന കാവാണത്. കുറുക്കനും കുളക്കോഴികളും കീരിയും പലതരം പക്ഷികളും കാട്ടുമുയലും ‘മലയെരുത്’ എന്ന കാട്ടുപൂച്ചയുമുള്ള അദ്ഭുത ലോകമായിരുന്നു ഞങ്ങൾക്കത്. കൊടുംവേനലിലും വറ്റാത്ത നീരുറവ കാവിൽ നിന്നും പടിഞ്ഞാറോട്ട് ഒഴുകുന്നു. പൂഴിമണ്ണ് കോരി ആദികാലത്തെങ്ങോ ഉണ്ടാക്കിയെടുത്ത വയലുകൾക്ക് പഴയവേനലുകളിൽ വെള്ളം നൽകിയത് ആ ഉറവയായിരുന്നത്രേ. ആകാശം മുട്ടെയുള്ള മരങ്ങൾ കാറ്റിലുലയുന്നതും സദാസമയവും പക്ഷികളുടെ ശബ്ദത്താൽ മുഖരിതവുമായ ആ കാവിൽ വച്ചാണ് ഞാൻ ആദ്യമായും അവസാനമായും കുളക്കോഴിയിറച്ചി കഴിച്ചത്. ഒരു വേനൽക്കാലത്ത് ക്രിക്കറ്റ് ടൂർണ്ണമെന്റിൽ കളിക്കാനായി ഒരു കളിക്കാരനേയും തപ്പി ഇറങ്ങിയ ഞങ്ങൾ രണ്ടുപേർ കയറിച്ചെന്നത് പാവൂർനാഗത്തിലേക്കാണ്. അവനും കൂട്ടുകാരും കെണിവച്ച് പിടിച്ച കുളക്കോഴികളെ മസാലപുരട്ടി പച്ചമരക്കമ്പുകളിൽ വച്ച് പൊരിച്ചെടുക്കുകയായിരുന്നു. മനുഷ്യർ വളരെക്കാലം കാട്ടിൽ മൃഗതുല്യമായി ജിവിച്ചു എന്ന പാഠഭാഗം അപ്പോൾ എനിക്കോർമ്മ വന്നു. വേട്ടായാടി ജീവിച്ച ആ കാലത്ത് കാട്ടിൽ പുളച്ച പൂർവ്വികരിൽ കുറച്ചുപേരാണ് ഞങ്ങൾ എന്ന് ഞാൻ സങ്കൽപ്പിച്ചു നോക്കി. ‘മുണ്ടക്കോഴി’എന്നു വിളിക്കുന്ന കഴുത്തിൽ ശംഖുവെൺമയുള്ള, അധിക ദൂരം പറക്കാൻ കഴിയാത്ത ആ ചെറിയ പക്ഷികൾ മനുഷ്യരെക്കണ്ടാൽ എന്തിനാണ് ഓടിയൊളിക്കുന്നത് എന്ന് അന്നെനിക്ക് മനസ്സിലായി. അതിന്റെ ജനിതകത്തിൽ ഉള്ള ഭയമാണത്. അതിൻ്റെ ഇറച്ചിക്ക് ആക്കാലത്ത് ഓണത്തിനും വിഷുവിനും, അയൽ വീടുകളിലെ ‘ചത്തോറ് കൂട്ടൽ’ എന്ന മരിച്ചവരുടെ ആണ്ടിനും മാത്രം ഞങ്ങൾ കഴിക്കാറുള്ള കോഴിയിറച്ചിയേക്കാൾ രുചിയുണ്ടായിരുന്നു. പിന്നീടൊരിക്കലും കഴിച്ചില്ലെങ്കിലും ആ രുചി രസമുകുളങ്ങളുടെ ഓർമ്മകളിൽ എന്നുമുണ്ട്. നീരുറവയും നാഗാരാധനയും ഉണ്ടെന്നതൊഴിച്ചാൽ ആ കാവിലെ മരങ്ങൾ ആദ്യം പറഞ്ഞ പേരില്ലാ കാവിലേതിനു സമമായിരുന്നു. വീട്ടുപറമ്പുകളിൽ കാണുന്ന ഒണ്ടോൻ പുളി, കൂവളം, ഇലഞ്ഞി എന്നീ മരങ്ങൾ അധികമായി ഉണ്ടായിരുന്നു എന്ന് മാത്രം. കാവിനു പുറത്ത് പഴംചൊല്ലിലെ ചുണ്ടങ്ങാച്ചെടികൾ ധാരാളം ഉണ്ടായിരുന്നു. അതിരിൽ ആടലോടങ്ങളും. ധനുവിലെ ആയില്യത്തിനും തുലാംപത്തിനും പാവൂർ തറവാട്ടിലെ പലദേശങ്ങളിലുള്ള അംഗങ്ങളായ കുട്ടികളും സ്ത്രീകളും വൃദ്ധരും കാവുതീണ്ടാനെത്തും. ആദിയിലെ പിതാമഹരെയും അമ്മമാരെയും അവർ സ്മരിക്കുന്നുണ്ടോ എന്നറിയില്ല. എങ്കിലും ഒരിക്കൽ കാടായിരുന്നതിന്റെ ഓർമ്മകൾ മരങ്ങളിലൂടെ ആ കാവ് വീണ്ടെടുക്കുന്നുണ്ടാവും.

ഉദിനൂരിന്റെ പടിഞ്ഞാറ് ഭാഗത്ത് അമ്പലത്തിനു തൊട്ടുപിറകിൽ രണ്ടുകാവുകൾ ഉണ്ട്.ഒന്നിൽ നിന്നും വേർപെട്ടത് പോലെ അടുത്തടുത്ത് കിടക്കുന്ന നാഗങ്ങൾ. കണ്ടംകുളത്തുകാവ് എന്നാണ് പണ്ടുമുതൽക്കേ അതിന്റെ പേരെന്ന് പഴയ കഥകളിലുണ്ട്. അതുവഴി വന്നാണ് ഉദിനൂർ മുക്കാൽഭാഗവും കാടായിരുന്ന കാലത്ത് തെക്ക്ദേശത്തു വന്ന ക്ഷേത്രപാലകൻ എന്ന പിൽക്കാലനാടുവാഴി അന്നത്തെ നാട്ടുരാജാക്കൻമാരായ കൂക്കൾ തറവാട്ടുകാരെ ഉദിനൂരിൽ നിന്നും ഇല്ലാതാക്കിയത്.ആ വഴി കാവുകൾക്കു നടുവിൽ ഇപ്പോഴുമുണ്ട്. തൊട്ടടുത്തായി അന്ന് അയാൾക്ക് കള്ളുകൊടുത്ത നാൽപ്പാടിയുടെ വലിയവീട് തറവാട്. എന്നാൽ പഴയ കാട് ഇന്ന് വളരെ ശോഷിച്ചു. കണ്ടംകുളത്തുകാവിൽ എല്ലാദിവസവും അന്തിത്തിരിയുണ്ട്. താഴെ കണ്ടൻ എന്ന കീഴാളന്റെ പേരിലുള്ള കുളം അതിനു വടക്ക് ഇതേ കാവിന്റെ ഭാഗമെന്നപോലെ ഇടതൂർന്നു നിൽക്കുന്ന ഇരട്ടക്കാവാണ്. അമ്പലത്തിന്റെ പടിഞ്ഞാറേ പടിപ്പുരയ്ക് തൊട്ടടുത്താണത്. എരിഞ്ഞി എന്ന ഇലഞ്ഞി മരങ്ങൾ ആണ് കാവിൽ അധികവും.

ഉദിനൂർ

ഇലഞ്ഞി മരങ്ങൾ ഉദിനൂരിൽ എല്ലായിടത്തുമുണ്ട്. ഇലഞ്ഞിത്തണലുകൾ പേടിപ്പെടുത്തുന്നതും നിഗൂഢവുമായ ഇടമായിരുന്നു. പൂക്കളിൽ നിന്നും പടരുന്ന അഭൗമഗന്ധത്തിൽ മത്തരായി പാമ്പുകൾ അതിന്റെ തണലിൽ പതുങ്ങി നിൽപ്പുണ്ടാകും എന്ന് മുതിർന്നവർ ഞങ്ങളെ പറഞ്ഞു പേടിപ്പിക്കുമായിരുന്നു. ഉദിനൂരിൽ നാലിനം പാമ്പുകളെയേ ഞാൻ കണ്ടിട്ടുള്ളു. അതിൽ വിഷമുള്ളവ മണ്ഡലി എന്നും വളേപ്പാൻ എന്നും വിളിക്കപ്പെടുന്ന അണലിയും വെള്ളിക്കെട്ടനുമാണ്. പിന്നെ നീർക്കോലിയും ചേരയും. പലവട്ടം ഇവയുടെ വായിൽ കാലുപെടാതെ കഷ്ടിച്ച് രക്ഷപ്പെട്ടിട്ടുണ്ടെങ്കിലും അവയൊന്നും ഇലഞ്ഞിക്കീഴിൽ നിന്ന് ആയിരുന്നില്ല. വീടിന്റെ തെക്കെ അതിര് വടക്കെമഠക്കാരുടെ പറമ്പാണ്. പലകാലങ്ങളിലായി പല പല മനുഷ്യരെ സമാധിയിരുത്തിയ അടയാളക്കല്ലുകളായ ‘കൊമ’കളിൽ തണൽവിരിച്ച് അവിടെ അഞ്ചോളം ഇലഞ്ഞി മരങ്ങൾ നിന്നിരുന്നു. പക്ഷേ പേടിച്ച് ഞങ്ങൾ അങ്ങോട്ട് നോക്കിയത് പോലുമില്ല. രാത്രിയിൽ പുറത്തിറങ്ങേണ്ടിവന്നാൽ പ്രേതാത്മാക്കൾ മാത്രമുള്ള തെക്കെപറമ്പിലേക്ക് നോക്കാതിരിക്കാൻ ഓർമ്മവച്ച കാലംമുതൽ ഞങ്ങൾ പരിശീലനം നേടി. അവിടെ പണ്ടെങ്ങോ മണ്ണ്കുഴച്ചുണ്ടാക്കിയ കട്ടകൾ കൊണ്ടുള്ള ചെറിയ ഒരു വീട്. ആൾത്താമസം ഇല്ലാത്ത അതിനകത്ത് കയറിയ മലയെരുതിനെ നാട്ടുകാരെല്ലാം സംഘം ചേർന്ന് വേട്ടയാടിയതും അതേ പറമ്പിൽ പാചകം ചെയ്ത് കഴിച്ചതും ഓർമ്മയുണ്ട്. അന്ന് രാത്രി ആ പ്രേതഭൂമിയൽ ഞങ്ങൾ പേടികൂടാതെ നടന്നു. ഉരിഞ്ഞെടുത്ത മൃഗത്തിന്റെ തോല് കുറച്ചുകാലം ആ പറമ്പിലെ മാവിൻകൊമ്പിൽ തൂങ്ങിയാടി.

ഇന്നത്തെ നിലയിൽ നിന്ന് ചിന്തിക്കാൻ കൂടി പറ്റാത്ത അത്രയും ദരിദ്രരായിരുന്നു തൊണ്ണൂറുകളിലെ ഞങ്ങൾ. പാവൂർവീട്ടിലേയും കണ്ടംകുളത്തുകാവിലേയും ഇലഞ്ഞിമരത്തിൽ നിന്നും പൊഴിഞ്ഞു വീഴുന്ന പൂവുകൾ പെറുക്കി തെങ്ങോലയുടെ നാരുകളിൽ കോർത്ത് വലിയ മാലകൾ കെട്ടി ഞങ്ങൾ വിൽക്കാനായി നടന്നു. വിശക്കുമ്പോൾ തിന്നാൻ ചുട്ടപുളിങ്കുരുവും കൈപ്പാട്ടിൽ നിന്നും മുങ്ങിയെടുത്ത പന്നിക്കയും കല്ലമാലകളിലെ മുത്തുകളുടെ അത്രയും വലിപ്പമുള്ള കാട്ടുഞാവൽപ്പഴങ്ങളും ഉണ്ടായിരുന്നു. ഇലഞ്ഞിയുടെ മണം വളരെ കാലം പൂവിൽ നിന്ന് നഷ്ടപ്പെടുകയുമില്ല. ആ സുഗന്ധമാലകൾ ലോറിഡ്രൈവർമാർ സീറ്റുനുമുന്നിൽ അലങ്കരിക്കാൻ വാങ്ങുമെന്ന മിത്ത് ഞങ്ങൾ വിശ്വസിച്ചു. എതോ കുട്ടികൾ ഉണ്ടാക്കിയ അതുപോലുള്ള മാലകൾ നല്ല വില കൊടുത്ത് ഏതോ ലോറിക്കാർ വാങ്ങിയിട്ടുണ്ടെന്ന കഥകളുടെ പ്രചോദനത്താൽ ആന്ന് മാച്ചിക്കാട്ടുനിന്നും മണൽവാരി വരുന്ന വണ്ടിയിലുള്ളവർ കാണുവാൻ വേണ്ടി മാലകൾ ഉയർത്തിപ്പിടിച്ച് ഞങ്ങൾ റോഡരികിൽ നിന്നു. അവർ കണ്ടില്ല എന്നു തോന്നിയാൽ വാഹനങ്ങൾക്കൊപ്പം അതുമായി കുറച്ചു ദൂരം ഞങ്ങൾ ഓടും.എല്ലാ വേനലിലും അങ്ങനെ ചെയ്തിരുന്നെങ്കിലും ഒറ്റ മാല പോലും ആരും ഒരിക്കലും വാങ്ങിയില്ല. ആ മാലകൾ ഞങ്ങളുടെ പുസ്തകങ്ങൾക്കിടയിലും പ്രായമായവർക്കു മാത്രം സ്വന്തമായിരുന്ന ഇരുമ്പുപെട്ടികളിലും ഉണങ്ങും വരെ മണം പരത്തി. ആ ഓട്ടത്തിനിടയിൽ ഞങ്ങൾ മുതിർന്നു. ഇലഞ്ഞിമാലയുമായി വലിയവണ്ടികൾക്കൊപ്പം ഓടിയ കാലം കറുത്തഫലിതമുള്ള പഴയ ഓർമ്മ മാത്രമായി.

ഉദിനൂരിലെ കാവുകളിൽ

അമ്പലത്തിന്റെ വടക്ക് ഭാഗത്ത് രണ്ട് നാഗങ്ങളാണ്.കുരിക്കൾ വീട്ടുകാരുടെ ചെറിയ നാഗവും തിരുനെല്ലി നാഗവും. ധനുവിലെ ആയില്യത്തിന് അവിടെ ആളുകൾ ഒത്തു ചേർന്ന് നാഗാരധന നടത്തുന്നു. കുരിക്കൾ വീട്ടിൽ നാഗത്തിന് ‘പൊന’വുമായി ചെറിയ ബന്ധം ഉണ്ട്. നോവലിലെ ഗംഗൻ എന്ന കഥാപാത്രത്തിന്റെ മാതൃക ആയ മനുഷ്യൻ വീണുമരിച്ച കിണർ ആ ചെറിയകാവിനകത്താണ്. മരുഭൂമിയിലൂടെ നടന്നു തളർന്ന ഒരുവൻ ഒരു മരത്തണലിൽ എത്തിയാൽ അനുഭവിക്കുന്ന വിശ്രാന്തി ആ നാഗങ്ങൾക്കരികിൽ എത്തുമ്പോഴൊക്കെ ഞാനടക്കമുള്ള ഉദിനൂരുകാർ അനുഭവിക്കാറുണ്ട്. കാവിലേക്ക് കൈചൂണ്ടിയാൽ പോലും പ്രായശ്ചിത്തമായി ഞങ്ങൾ വിരൽ കടിച്ചു തുപ്പി. യൗവ്വനമാകുന്ന നരകം ഞങ്ങൾ ചെലവിട്ടത് കണ്ടംകുളത്തുകാവിലായിരുന്നു. ഞങ്ങളെ അവിടെ കാണുമ്പോളൊക്കെ അന്തിത്തിരിയൻ കൊളവളപ്പിൽ അമ്പുവേട്ടൻ ചിരിച്ചു തലയാട്ടി. കൊച്ചുകുട്ടികളോട് പോലും കുശലം പറയുന്ന ധാരാളം വൃദ്ധർ ഉദിനൂരിൽ ഉണ്ടായിരുന്നു. അവരിൽ ചിലർ ഇപ്പോഴും ബാക്കിയുണ്ട്.അവർ പറഞ്ഞ കഥകളും.

പക്ഷേ ‘പൊനം’ ഉണ്ടായത് ഉദിനൂരിലല്ല. അത് എനിക്ക് അതിശയമുണ്ടാക്കുന്ന കാര്യവുമാണ്. വളരെ കുറച്ചു സമയം മാത്രമേ ഞാൻ ആ പാറപ്രദേശത്ത് കഴിഞ്ഞിട്ടുള്ളൂ എങ്കിലും കാടും മൃഗങ്ങളും കൂസലില്ലാത്ത പെണ്ണുങ്ങളും തോക്കുകളും റാക്കും മരണഭയമില്ലാത്ത ആണുങ്ങളുമുള്ള ഒരു കഥ ഞാനെഴുതും എന്ന് എനിക്കറിയാമായിരുന്നു. അതൊന്നും തന്നെ ഭൂരിഭാഗം ഉദിനൂരുകാർക്കും പരിചയമില്ലാത്തതാണ്. കഥകളുടെ ലോകത്തേക്ക് എന്നെ തള്ളിയിട്ട് കടന്നു കളഞ്ഞ മറ്റേമ്മ എന്ന് ഞങ്ങൾ വിളിച്ചിരുന്ന അച്ഛന്റെ അമ്മ മുതിരവളപ്പിൽ മാധവി എന്ന കരുത്തയായ കർഷകത്തൊഴിലാളി സ്ത്രീ പറഞ്ഞു തന്ന ആദ്യകഥകളൊക്കെ ആ പൊനംപ്രദേശത്തിലേക്കുള്ള വഴികളിൽ നിന്നുള്ളവയായിരുന്നു. പൊനം കൊത്തിയതും കരിച്ചതും വിത്തിട്ടതും പാറപ്പുല്ലുകൾ അരിഞ്ഞ് വന്ന് പുരപുതച്ചതും, ഒരു വേനലിൽ പാറകളിൽ ആലിപ്പഴം വീണതും, തുലാത്തിലെ ആദ്യമഴയ്ക്കൊപ്പം കുന്നിലെ പുൽപ്പരപ്പിൽ മീനുകൾപെയ്തതും, തൊലരിയാൻ ചെന്ന ഒരാൾ ഇടിമിന്നൽ കണ്ട് വലിയ ഒരുമരക്കീഴിലേക്ക് മാറിയപ്പോൾ അടുത്തമിന്നലിൽ ആയാൾ മരമടക്കം കത്തിയതും,അങ്ങനെ യാഥാർത്ഥ്യമേത് ഭാവനയേത് എന്ന് തിരിച്ചറിയാനാവാത്ത അനേകം കഥകൾ .

കെ.എൻ പ്രശാന്തിന്റെ ആദ്യ നോവൽ – പൊനം

അതിൽ പ്രധാനപ്പെട്ടത് ഇന്നേക്ക് ഏകദേശം എഴുപതുവർഷം മുൻപ് കരിച്ചേരിപ്പുഴയ്ക്കക്കരെ കല്യാണം കഴിച്ചയച്ച അവരുടെ അനിയത്തിയെയും ആ നാടിനേയും കുറിച്ചുള്ളവയായിരുന്നു. മൂന്നു പെൺമക്കളിൽ ഇളയവളായതു കൊണ്ടായിരിക്കണം അവരുടെ പേര് ചെറിയ എന്നായിരുന്നു. കല്യാണ ദിവസം കരിച്ചേരിപ്പുഴ കടന്നുകയറിച്ചെന്നപ്പോൾ കണ്ട ലോകം അവരെ പേടിപ്പിച്ചു. വിശാലമായ വയലുകളും തെങ്ങിൻപ്പറമ്പുകളും വളരെ ദൂരം വരെ തുറന്നുകിടക്കുന്നതുമായ ഉദിനൂരിൽ നിന്നും അവർ എത്തിപ്പെട്ടത് ചുറ്റിലും കാട് മാത്രമുള്ള കരിച്ചേരിപ്പുഴയുടെ അങ്ങേക്കരയിലായിരുന്നു.അനിയത്തി ചേച്ചിയുടെ കൈപിടിച്ചു കരഞ്ഞു.

‘എന്ന ഈക്കാട്ടില് ബ്ട്ടിറ്റ് പോവല്ലേട്ടീ’

അതുപറഞ്ഞപ്പോഴൊക്കെ വളരെ ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട ഒരു പെൺകുട്ടിയെ മറ്റേമ്മയുടെ കണ്ണിൽ കണ്ടിട്ടുണ്ട്. അന്നു കരഞ്ഞ പെൺകുട്ടി ഞങ്ങളുടെ കൊളത്തൂറമ്മയായി. അന്നവർ നിൽക്കാൻ പേടിച്ച നാട് ചേർത്ത് ഞങ്ങൾ കുട്ടികൾ അവരെ വിളിക്കുമ്പോൾ ആ കാലം അവർ എന്നെങ്കിലും ഓർത്തുകാണുമോ?അറിയില്ല. മറ്റേമ്മ പിന്നെയും കഥകൾ പറഞ്ഞു. ഒരു വേനലിൽ പുഴമുറിച്ചു നടന്ന് അനിയത്തിയെ കാണാൻ കൊളത്തൂര് പോയതും തിരിച്ച് വരുമ്പോൾ പൊയ്നാച്ചിയിൽ നിന്നും കയറിയ ബസിൽ ഇരുന്ന് അവരുടെ മൂന്നാമത്തെ മകൻ ഇൻക്വിലാബ് സിന്ദാബാദ് കമ്മുണിസ്റ്റ് പാർട്ടി സിന്ദാബാദ് എന്ന് വിളിച്ചതുമായ കഥയാണ് അതിൽ പെട്ടെന്ന് ഓർമ്മ വരുന്നത്. ആ പാർട്ടി അന്ന് നിരോധനത്തിൽ ആയിരുന്നത്രേ. രണ്ടിലോ മൂന്നിലോ പഠിക്കുന്ന മകന്റെ വായ അടച്ചു പിടിച്ചിരുന്നില്ലെങ്കിൽ കഥ എന്താകുമായിരുന്നു എന്ന് അത് പറയുമ്പോൾ ഒക്കെ അവർ സ്വയം ചോദിക്കും. അപ്പോൾ പഴയ ഭയം അവരുടെ മുഖത്ത് പടരുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്നു മുദ്രാവാക്യം വിളിച്ച കുട്ടി തികഞ്ഞ കമ്മ്യൂണിസ്റ്റും നാസ്തികനും സാഹസികനും ആയി വളർന്നു. യൗവ്വനത്തിൽ വീട്ടിലെ പൂജാമുറിയിൽ നിന്ന് ശിവകാശി ദൈവങ്ങളെ എടുത്ത് വടക്കുപുറത്തേക്കെറിഞ്ഞു. കിണറ്റിൽ വീണുമരിച്ച ഒരു കുട്ടിയുടെ ശരീരം എടുക്കാൻ തയ്യാറാകാതെ പകച്ചു നിന്ന ആളുകൾക്കിടയിൽ നിന്നും മരിച്ച കുട്ടിയേക്കാൾ അധികമൊന്നും പ്രായമില്ലാത്ത അയാൾ കിണറ്റിലേക്ക് ചാടി അതുമായി പൊങ്ങി വന്ന കഥ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അധികം പ്രായമാകും മുൻപ് തന്നെ പലവിധ രോഗങ്ങളാൽ വലഞ്ഞതിനാലാകണം ഒരു കാലം കഴിഞ്ഞപ്പോൾ പഴയകാലത്തെ നാണിപ്പിക്കുന്ന തരത്തിൽ അദ്ദേഹം ഭക്തനായി. വീട്ടിലൊരാൾക്ക് കടുത്ത ഒരസുഖം വന്നപ്പോൾ സാമാന്യം ഭേദപ്പെട്ട ആശുപത്രിയിലെ ചികിത്സ ഫലിക്കാനായി സ്വർണ്ണപ്രശ്നവും പരിഹാരക്രിയകളും നടത്തി! നമ്മുടെ ശാസ്ത്രബോധവും യുക്തി ചിന്തയും സാഹസികതയും എവിടെയാണ് നഷ്ടപ്പെട്ടത് എന്ന് അദ്ദേഹത്തിൽ നിന്നാണ് ഞാൻ മനസ്സിലാക്കിയത്.

അതിർത്തി ​ഗ്രാമമായ ബന്തടുക്ക

ഉദിനൂരിലെ ചെറിയകാടുകളും മനുഷ്യരുമാണ് എന്റെ ലോകമെങ്കിലും കഥകളിലെ കരിച്ചേരിപ്പുഴയും അതിനപ്പുറത്തെ ദേശങ്ങളും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. ഏകദേശം നൂറുകിലോമീറ്ററിനപ്പുറത്തെ ആ ദേശം കുട്ടിക്കാലം മുതൽ തന്നെ അതിന്റെ വ്യത്യസ്തവും വന്യവുമായ പ്രകൃതം കൊണ്ട് എന്നെ ആകർഷിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഒപ്പം അതിന്റെ ഭുമിശാസ്ത്രം, പച്ചപ്പ്, കൃഷി അധികം സംസാരിക്കാത്തവരും സന്ദേഹികളും സ്നേഹമുള്ളവരുമായ ജനങ്ങളും. വേനലവധിയക്ക് പലപ്പോഴും ഞങ്ങൾ അവിടേക്ക് പോയി. നാടൻകോഴിയിറച്ചിയും റാക്കും ആ വീട്ടുകാരോടുള്ള കലർപ്പില്ലാത്ത സ്നേഹവും കാരണമായിരിക്കണം അച്ഛന് അത് സ്വന്തം വീടായിരുന്നു. ഒരിക്കൽ ആ നാട്ടിൽ തന്നെ സ്ഥിരതാമസം ആക്കിയാലോ എന്ന് ആലോചിച്ചത് ഓർമ്മയുണ്ട്. അന്ന് അവിടങ്ങളിൽ കോൺക്രീറ്റു വീടുകൾ വിരളമായതിനാൽ തനിക്ക് ആകെ അറിയാവുന്ന വാർപ്പ് പണിയെടുത്ത് ജീവിക്കാൻ പറ്റാതെ വരുമോ എന്ന സംശയത്തിൽ അച്ഛൻ ആ ആഗ്രഹം ഉപേക്ഷിച്ചു. ഉദിനൂരിലില്ലാത്ത പലതും അവിടെ ഞങ്ങൾ കണ്ടു. കോഴിയെ വിഴുങ്ങി മന്തനായി കിടക്കുന്ന പെരുപ്പാമ്പ് ഞങ്ങളുടെ ബാല്യകാല ഓർമ്മയാണ്. ആടിവേടൻ എന്ന കുട്ടിത്തെയ്യവും പുകയില വിളഞ്ഞു നിൽക്കുന്ന പാടവും ഉശിരോടെ എതിരാളിയെ ആക്രമിക്കുന്ന അങ്കക്കോഴികളും പൊന്തകളിൽ നിന്നും വളരെ വേഗത്തിൽ ഓടിമറയുന്ന കാട്ടുമുയലുകളും. കണ്ണെത്താദൂരം വരെ ഒരേ നിരയിൽ അദ്ഭുതകരമായ കലാവാസനയോടെ നട്ടുപിടിപ്പിച്ച വാഴത്തോട്ടവും ഒക്കെയായി അതൊരു അദ്ഭുതലോകമായിരുന്നു. ദൂരെ നീലനിറത്തിൽ ചിത്രങ്ങളിലെന്നപോലെ നിൽക്കുന്ന മലകളിൽ നിന്നും രാത്രികളിൽ തീവെളിച്ചം കാണുമായിരുന്നു. ഇറയത്ത് കാലുനീട്ടിയിരുന്ന് കഥപറയുന്ന അമ്മമ്മയോട് ഞങ്ങൾ ആ തീയെന്തെന്ന് ചോദിക്കും. അവർ പൊനം കൃഷിയെക്കുറിച്ചും അതിനായി മലകയറിയ കണ്ടനാർകേളന്റെ കഥയും പറഞ്ഞു തരും. പറഞ്ഞ് പറഞ്ഞ് കഥകൾ വയനാട്ടുകുലവന്റെ വീരനായാട്ടുകഥകളിലും പേരറിയാത്ത അനേകം നായാട്ടുകാരുടെ കഥകളിലും അവരോടൊപ്പം കൂട്ടുപോയ കോഴിക്കെട്ടുകാരുടെ കഥകളിലുമെത്തും. പിന്നെയെപ്പഴോ ഞങ്ങൾ ഉറങ്ങും ഇടയ്ക്ക് ഞെട്ടിയുണർന്നാൽ മുറ്റത്തെ മരങ്ങളിൽ മിന്നാമിനുങ്ങുകൾ വെളിച്ചവിതാനം തീർക്കുന്നത് കാണാം. അത് അന്നത്തെ വലിയ അദ്ഭുതങ്ങളിൽ ഒന്നായിരുന്നു. വേനലിൽ അഗാധമെന്നു തോന്നിക്കുന്ന വയൽക്കിണറുകളെ മഴക്കാലം നിറയ്ക്കും അത് വയലിലെ ജലനിരപ്പിനു സമാനമാകും. ആൾമറയില്ലാത്ത ജലാശയത്തിന്റെ ആഴത്തെക്കുറിച്ച് ഒരു ബോധവുമില്ലാതെ ഞങ്ങൾ അതിലിറങ്ങി നീന്തും.

പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് അന്ന് ദൂരെയായി കണ്ട കുന്നുകളിലുള്ള മനുഷ്യരുടെ കഥകൾ എഴുതണമെന്ന് എനിക്ക് ആഗ്രഹമുണ്ടാകുന്നത്. പ്രിയപ്പെട്ട സുഹൃത്ത് ജി സുരേഷ്ബാബുവിനെ പരിചയപ്പെട്ടത് അതിനു നിമിത്തമായി. സിവിൽസ്റ്റേഷനിലെ സംഘടനാ നേതാവായിരുന്നു അന്ന് സുരേഷേട്ടൻ. മികച്ച സംഘാടകനും വായനക്കാരനുമാണ്. വായന ഞങ്ങളെ വളരെ വേഗം അടുപ്പിച്ചു.പലവട്ടം കുറ്റിക്കോലിലേയും ബന്തടുക്കയിലേയും നാട്ടുവഴികളിലൂടെയും പാറകളിലൂടെയും ഞങ്ങൾ നടന്നു. ആ കാലത്താണ് ആദ്യമായി വയനാട്ടുകുലവൻ തെയ്യം കണ്ടത്. ബപ്പിടൽ എന്ന നായാട്ട് അനുഷ്ഠാനം വന്യവും ആദിമവുമായിരുന്നു. മറ്റേതോ ഭൂഖണ്ഡത്തിലാണ് ഞാൻ നിൽക്കുന്നത് എന്നെനിക്കു തോന്നി. പത്തോളം വരുന്ന നായാട്ടുസംഘങ്ങൾ വലിയ കാട്ടുപന്നികളേയും മറ്റു ചെറുമൃഗങ്ങളെയും വേട്ടയാടി ആരവത്തോടെ താനത്തേക്ക് വന്നുകൊണ്ടിരുന്നു. മനുഷ്യർ ഭയഭക്തിയോടെ ദൈവത്തെ വിളിച്ചുകൊണ്ടിരുന്നു.

മരങ്ങൾക്കിടയിലെ നടവഴി

അന്നു രാത്രി തെയ്യം നടക്കുന്ന വിശാലമായ വയലിൽ ഇരുന്ന് തോക്കുകാർ തമ്മിലുള്ള വർഷങ്ങളായി നിലനിന്നിരുന്ന സംഘർഷങ്ങളുടെ കഥകൾ സുരേഷേട്ടൻ പറഞ്ഞു. കാട്ടിൽ നിന്നും മരങ്ങൾ അധികാരികളെ വെല്ലുവിളിച്ച് കടത്തിയും മഴക്കാലത്ത് കടപുഴകി പുഴയിലൂടെ ഒലിച്ചുവരുമ്പോൾ സാഹസികമായി നീന്തി കരയ്ക്കടിപ്പിച്ചും ‘മരപ്രഭു’ക്കളായവരുടെ കഥകൾ. അവർ തമ്മിലുള്ള കുടിപ്പകകളും അവരുടെ സാഹസികതകളും കൊലപാതകങ്ങളും ആയിരുന്നു കഥകളിൽ നിറയെ.ഒന്നിനു പിറകേ ഒന്നായി ആ നാട്ടിൽ ആളുകൾ വെടിയേറ്റ് മരിച്ചു വീണുകൊണ്ടിരുന്നു. കൊലപാതകത്തിനു പലരും ജയിലിലായി. വർഷങ്ങളോളം ശിക്ഷകിട്ടിക്കഴിഞ്ഞു തിരിച്ചു വന്ന് സമാധാനജീവിതം നയിക്കാൻ തുടങ്ങുമ്പോൾ അവരെ എവിടെ നിന്നോ വന്ന തോക്കുകൾ ഇല്ലാതാക്കി. പക ഉലയിലിട്ട് ഊതിക്കാച്ചിയ മനുഷ്യരെക്കുറിച്ച് പറയുമ്പോൾ താനത്ത് തൊണ്ടച്ചൻ എന്ന നായാട്ടുദൈവം ഉറഞ്ഞു.ആ കഥ എനിക്കെഴുതണം എന്ന മോഹമുണ്ടായി. ഞാനതിന്റെ തുമ്പും വാലുമറിയാതെ അതും കൊണ്ടു നടന്നു. പിന്നെയാരോ ആ കഥ സിനിമയാക്കുന്നു എന്നറിഞ്ഞപ്പോൾ ആ മോഹം ഞാൻ വേണ്ടെന്നു വച്ചു.

എങ്കിലും അവസാനം ഞാൻ അനിവാര്യമായ ആ കഥകളിൽ തന്നെ എത്തി. കാന്തയുടെ കഥയിലൂടെയായിരുന്നു അത് സംഭവിച്ചത്. കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനും ബന്ധുവുമായ അഡ്വക്കേറ്റ് ടി.കെ സുധാകരേട്ടൻ പറഞ്ഞ ഒരു സംഭവത്തിൽ നിന്നുമായിരുന്നു തുടക്കം. കാമുകിയെ വിളിച്ചിറക്കിക്കൊണ്ടു വരാൻ കൂട്ടുകാരോടൊപ്പം പോകുന്ന കാന്തന്റെ കഥയായിരുന്നു അത്. എനിക്കതിലെ ഇരുട്ടും രാത്രിയും കാടും ഇഷ്ടമായി. അത് എഴുതാതെ വയ്യ എന്നായി. ഒരു യാത്രയ്ക്കിടയിൽ സുള്ള്യയിലെ ഒരു ലോഡ്ജുമുറിയിൽ ഇരുന്നായിരുന്നു എഴുത്ത് തുടങ്ങിയത്. അന്ന് ഞങ്ങൾ കാട്ടിലൂടെ തൊടിക്കാനവരെ പോയി. കാടിനു നടുവിൽ ഒരമ്പലം അതിനു ചുറ്റും കുറച്ചുവീടുകൾ വലിയ ശബ്ദത്തിൽ ഒഴുകുന്ന പുഴ. വഴിയിൽ മാനുകൾ.അമ്പലത്തിനു മുന്നിലൂടെ പുഴതെളിഞ്ഞൊഴുകി. അവിടെമാത്രം വലിയ മീനുകൾ കൂട്ടമായി നീന്തിക്കൊണ്ടിരുന്നു.വളരെ അടുത്ത കാലത്ത് അവിടെ പുലി ഇറങ്ങിയിട്ടുണ്ട് എന്ന് പയ്യന്നൂരുകാരനായ ശാന്തിക്കാരൻ പറഞ്ഞു. ആ സുന്ദരസ്ഥലത്തേക്കായിരിക്കണം കാന്ത കാമുകിയെ തേടി വന്നത്. ആരാണ് കാന്ത?അയാൾ എന്തിനാണ് അവിടേക്ക് വന്നത് ? അത് എനിക്കും അറിയണമായിരുന്നു. ഞാൻ പേജുകൾ മറിച്ചുനോക്കി. പക്ഷേ അത് അവിടെ ഇല്ലായിരുന്നു. ആ കഥയുടെ ബാക്കി എന്താണ് എന്നറിയാൻ അന്നു രാത്രിമുഴുവൻ ഞാൻ എഴുതിക്കൊണ്ടിരുന്നു. കാന്തയൊടൊപ്പം ജീപ്പിൽ വന്ന ആളുകളെ കണ്ട് ഞെട്ടിപ്പോയി. ആർക്കും മെരുക്കാനോ കീഴടക്കാനോ പറ്റാത്ത അവരിൽ ഞാൻ മാണിമൂല മുതൽ മണ്ടക്കോൽ വരെ പടർന്നു കിടക്കുന്ന കാടു കണ്ടു. സുരേഷേട്ടൻ പറഞ്ഞ കഥകളിൽ ഉള്ളവരാണോ അതെന്ന് എനിക്ക് സംശയം തോന്നി. പക്ഷേ യാഥാർത്ഥ സംഭവങ്ങളിലെ ജീവിച്ചിരിക്കുന്ന ആളുകളെ കാണാനുള്ള ആഗ്രഹം എനിക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. അവരുമായി സാമ്യമുണ്ടെന്നത് ഒഴിച്ചാൽ കരിമ്പുനത്തെ മനുഷ്യർ അവരല്ല. ആ കഥകളും നിയമങ്ങളും ജീവിതവും കരിമ്പുനം എന്ന സാങ്കൽപ്പിക ദേശത്തിന്റേത് മാത്രമാണ് എന്ന് അപ്പോഴേക്കും ഞാൻ ഉറപ്പിച്ചിരുന്നു.അവർ അവരുടെ ഇഷ്ടത്തിനനുസരിച്ച് സ്വതന്ത്രമായി സഞ്ചരിച്ചു. അവർക്കു പറയാൻ അവർ തന്നെ കഥകൾ ഉണ്ടാക്കി. എഴുത്തിനിടയിൽ കാടുകൾ വെട്ടിത്തെളിച്ചയിടങ്ങളിലേക്ക് മനുഷ്യർ സ്വാഭാവികമായും വന്നുകൊണ്ടിരുന്നു.

കഥാപാത്രത്തെ തേടി കർണ്ണാടകത്തിൽ

എങ്കിലും കാട്ടിലൂടെയുള്ള ഒരു യാത്രയിൽ ഞങ്ങൾ തികച്ചും യാദൃശ്ചികമായി അവരിലൊരാളെ കണ്ടു. അന്ന് ലോക്ക്ഡൌണുകൾ പതിയെ അവസാനിച്ചു വരുന്നേയുണ്ടായിരുന്നുള്ളൂ. എങ്കിലും കർണ്ണാടക അതിർത്തി കടന്നു പോകാൻ അവിടത്തെ സർക്കാർ അനുവദിച്ചിരുന്നില്ല. ചെക്ക്പോസ്റ്റിലുണ്ടായിരുന്ന സുന്ദരികളായ വനിതാപോലീസുകാരോട് അപ്പുറത്തെ ബന്ധുക്കളെ കാണണം എന്നു കളവ് പറഞ്ഞ് ഞങ്ങൾ ഒരുവിധം അതിർത്തി കടന്നു. കാട്ടിലൂടെ വെറുതെ വണ്ടിയോടിച്ചു. വിജനമായ കാട്ടുപാതയിൽ ഇടയ്ക്കിറങ്ങി ഫോട്ടോകൾ എടുത്തു. ടാർറോഡിൽ നിന്നും കാട്ടിനുള്ളിലൂടെയുള്ള ഒരു ചെമ്മൺപാതയ്ക്കരികിൽ എത്തിയപ്പോൾ സുരേഷേട്ടൻ വണ്ടിനിർത്തി. ആ ഭാഗത്തെവിടെയോ ആണ് പഴയകഥയിലെ ആണുങ്ങളുടെ ഞരമ്പുകളിൽ തീപടർത്തിയ ആ സ്ത്രീ താമസിക്കുന്നത് എന്ന് പറഞ്ഞു. ചെമ്മൺ വഴിയിലൂടെ ഞങ്ങൾ നടന്നു.അത് വിജനമായ പാറപ്പരപ്പിൽ ചെന്നവസാനിച്ചു. നഗരത്തിനകത്ത് ഒരു വിശാലമായ മൈതാനം ഉണ്ടെങ്കിൽ എങ്ങനെ ആയിരിക്കുമോ അതുപോലെ ആയിരുന്നു കാടിനു നടുവിലെ ആ സ്ഥലം.മുന്നോട്ട് പോകണോ എന്നു സംശയിച്ചു നിന്നപ്പോൾ മറ്റൊരു വഴിയിലൂടെ കുറച്ചു ചെറുപ്പക്കാർ നടന്നു പോകുന്നത് കണ്ടു.അവരുടെ കയ്യിൽ പണ്ട് അമ്മ ബീഡിക്കമ്പനിയിലേക്ക് കൊണ്ടുപോയിരുന്നതു പോലുള്ള പ്ലാസ്റ്റിക് വയറുകൾകൊണ്ടു മെടഞ്ഞ സഞ്ചികൾ ഉണ്ടായിരുന്നു. ഞങ്ങൾ അവരുടെ പിറകെ നടന്നു. ഞങ്ങളെ സംശയത്തോടെ നോക്കാൻ തുടങ്ങിയപ്പോൾ കോഴിക്കെട്ട് കാണാൻ വന്നതാണെന്ന് സുരേഷേട്ടൻ അവരോട് കന്നഡയിൽ പറഞ്ഞു. കാശാവിൻ പൂക്കൾ പടർന്നു നിൽക്കുന്ന പൊന്തകൾക്കരികിലൂടെ നടക്കുമ്പോൾ ആ സഞ്ചികളിൽ ജീവനുള്ള പോരുകോഴികളാണെന്ന് മനസ്സിലായി. ആ വഴി ഒരു കശുമാവിൻ കൂട്ടത്തിൽ ചെന്നു നിന്നു. അതിനകത്ത് ഏകദേശം അമ്പതോളം ആളുകൾ കൂട്ടംകൂടി നിൽക്കുന്നു. അവരുടെ കൈകളിൽ ഇരുന്ന് പോരുകോഴികൾ വീറുറ്റ കണ്ണുകളോടെ എതിരാളികളെ നോക്കി.പലവട്ടം കണ്ടിട്ടുള്ളതാണെങ്കിലും കാടിനു നടുവിലെ ആ കോഴിക്കെട്ട് കണ്ടു നിൽക്കുമ്പോൾ പണ്ടെങ്ങോ പാറക്കെട്ടുകൾക്കിടയിൽ നഷ്ടപ്പെട്ട ആദിമജനതയിലെ ഒരാളായി ഞാൻ മാറി. ഞങ്ങൾ ആവേശത്തോടെ കോഴികളെ അങ്കത്തിനിറക്കി. ഇന്ന കോഴി ജയിക്കുമെന്ന് വീറോടെ വാതുവച്ചു.കോഴികൾ പരസ്പരം കുത്തിക്കീറി ചോരയൊലിപ്പിക്കുന്നത് കണ്ട് ആർത്തുവിളിച്ചു. കൗതുകം തീർന്നപ്പോൾ അവിടെ വച്ച് പരിചയപ്പെട്ട ഒരാൾ പറഞ്ഞു തന്ന വഴിയിലൂടെ ഞങ്ങൾ പറങ്കിമാവിൻ കൂട്ടം കടന്നു നടന്നു. കോഴിപ്പോരിനിടയ്ക്ക് ദാഹം തീർക്കാൻ പോയവർ ചിറി തുടച്ച് വരുന്നത് കണ്ടപ്പോൾ ഞങ്ങൾ ഉറപ്പിച്ചു ‘ഇതെന്നെ’.

ജി സുരേഷ് ബാബു, സനൂഷ് എന്നിവർ യാത്രയ്ക്കിടയിൽ

വളരെ ചെറിയ വീടായിരുന്നു അത്. നാട്ടിൽ നിന്ന് കഥ തേടി വന്നതാണ് ഞങ്ങൾ എന്നറിഞ്ഞപ്പോൾ അവർക്ക് അതിശമായി. എങ്കിലും സ്വന്തം കഥ പറയാൻ അവർക്ക് താൽപ്പര്യം ഇല്ലായിരുന്നു.

‘അതെല്ലം ബേണ്ട്വോളം നാട്ടുകാര് പറയ്ന്ന്ണ്ടല്ലാ’

അത് പറഞ്ഞപ്പോൾ പിടിതരാത്ത ഒരു സങ്കടം അവരിലുണ്ടെന്നു തോന്നി.അവർ തന്റെ അമ്മയുടേയും അമ്മമ്മയുടേയും കഥകൾ പറഞ്ഞു.ആണുങ്ങളുടെ പോരിനിടയിൽ പെട്ടുപോയ ലോകത്തിന്റെ നിസ്സഹായതയെപ്പറ്റി പറഞ്ഞു.രണ്ടു ചേരിയായി പൊരുതിയ ആ പഴയ മനുഷ്യരിൽ അവർ ആരുടെ ഭാഗത്തായിരുന്നു എന്നറിയാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അത് ചോദിച്ചപ്പോൾ അവർ അൽപ്പനേരം ആലോചിച്ചു.

‘ഞാനാര്ന്നു ഓറെ നടുക്ക്’.

താനിപ്പോഴും ആ പോരിന്റെ മധ്യത്തിൽ നിൽക്കുകയാണെന്ന പോലെ പറഞ്ഞു. പിന്നെ അവർ ഒന്നും മിണ്ടിയില്ല. ഇറങ്ങാൻ നേരം ഒരു കുപ്പിയിൽ നിറച്ച വാറ്റുചാരായം ഞങ്ങൾക്കു നീട്ടി.വഴി നീളെ ചെക്കിംഗ് ആണ് എന്ന് പറഞ്ഞ് ഞങ്ങൾ അത് നിരസിച്ചു. ‘ഈനെനക്ക് ലൈസൻസ്ണ്ട്’ എന്ന് ഉറക്കെ പറഞ്ഞ് അവർ ചിരിച്ചു. വണ്ടി വീണ്ടും കാടുകൾക്കു നടുവിലൂടെ ഓടുവാൻ തുടങ്ങി. ഒരേ സമയം കൊതിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന കാട്. മനുഷ്യൻ ഉണ്ടായതും അവൻ ഇല്ലാതാക്കിയതുമായ കാട്.അപ്പോഴേക്കും കാന്തയോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്നവർ ആരൊക്കെയാണെന്നും മീനുകൾ നിറഞ്ഞ ഒരു പുഴയ്ക്കരികിലെ വീട്ടിൽ വച്ച് അവർക്ക് എന്ത് സംഭവിച്ചു എന്നും എനിക്ക് അറിയാമായിരുന്നു. കേരളത്തിൽ ആണെങ്കിലും തീരെ കേരളീയമല്ലാത്തതാണ് ആ നാടിൻ്റെ സാംസ്കാരിക അന്തരീക്ഷം. പഴയ തുളുനാടിന്റെ ചൂടും ചൂരും ഇപ്പോഴും ആ കാട്ടിടവഴികളിൽ ഉണ്ട്. കേരളം തിരുവിതാംകൂറും കൊച്ചിയും മലബാറുമായിരുന്ന കാലത്ത് ഞങ്ങൾ കാസറഗോഡ്കാർ തെക്കൻ കാനറയിൽ ആയിരുന്നല്ലോ. അത് തൃക്കരിപ്പൂർ മുതൽ കുന്ദാപുരം വരെ തുളുവും കന്നഡയും മലയാളവും കലർന്നു കിടന്നു.വന്യവും പ്രകൃതിയിൽ നിന്നും വിഭിന്നമല്ലാത്തതുമായ അതിന്റെ സംസ്കാരം മാറ്റമില്ലാതെ ഉൾനാടുകളിലും അതിർത്തി ഗ്രാമങ്ങളിലും തുടരുന്നു.

കെ.എൻ പ്രശാന്ത്

ഈ അടുത്തിറങ്ങിയ വലിയ വിപണി വിജയം നേടിയ കാന്താര എന്ന സിനിമ കണ്ടിട്ട് പൊനം വായിച്ച പലരും വിളിച്ചു. കമ്പളവും കോഴിക്കെട്ടും തോക്കും റാക്കും കാടും മരംവെട്ടും തൊടിക്കാനയിൽ നിന്നും ചെഞ്ചലയും കാന്തയും ചേർന്ന പിടിച്ച മീനുകൾ വരെ അതിൽ ഉണ്ട് എന്ന് പറഞ്ഞു. അത് എന്റെ തുളുനാട്ടിലെ മീനുകളാണെന്ന് ഞാൻ ചിരിച്ചു. അതൊക്കെ അവിടെ പണ്ടുകാലം തൊട്ടേ അവിടെ ഉള്ളതാണ്. തുളുഗ്രാമങ്ങളിലും അതിനോട് ചേർന്നു കിടക്കുന്ന ആദിവനങ്ങളിലും വന്യവും മൃഗതുല്യവുമായ ജീവിതമുണ്ടായിരുന്നു. വന്യത ഏറെക്കുറെ നഷ്ടപ്പെട്ടെങ്കിലും കാട്ടുപന്നിയേയും പുലിയേയും ആരാധിച്ചിരുന്ന ആദിതുളുവരുടെ സംസ്കാരം നിലനിർത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. നൂറുകണക്കിനു ഭൂതദൈവങ്ങളും കാർഷിക ആചാരങ്ങളും ഉണ്ടായിരുന്ന തുളുനാട്ടിൽ ഇന്ന് അവയിൽ പകുതിയിൽ അധികവും നഷ്ടമായിരിക്കുന്നു. അനുഷ്ഠാനങ്ങളൊക്കെയും കാർഷിക ജീവിതവുമായി ബന്ധപ്പെട്ടത് ആയിരുന്നു. അതുകൊണ്ട് തന്നെ കൃഷി ഇല്ലാതായപ്പോൾ സ്വാഭാവികമായും അവയും ഇല്ലാതായി. കൃഷിയ്ക്ക് ഏറ്റവും സഹായിക്കുന്ന തേനീച്ചകളെ സ്തുതിച്ചുകൊണ്ടുള്ള ഇറനലികെ (പ്രാണിനൃത്തം), കൃഷി നശിപ്പിക്കാൻ വരുന്ന കാട്ടുപന്നിയും അതിനെ എതിരിടാനായി വരുന്ന പുലിയും ചേർന്നുള്ള പിലിപഞ്ചി നലികെ (പുലി പന്നി നൃത്തം) എന്നിവ ഇതിനുദാഹരണങ്ങളാണ്. പഞ്ചുരുളി ഭൂതം എന്ന ഭൂതക്കോലം കാട്ടുപന്നി തന്നെയാണ്. കൃഷി നശിപ്പിക്കാതിരിക്കാൻ തുളുവർ അതിനെ ആരാധിക്കുന്നു. കാന്താരയിൽ അത് വരാഹാവതാരമായി വാഴ്ത്തുന്നത് കണ്ടു. സംഘപരിവാർ ആദിമസംസ്കാരത്തെയും അനുഷ്ഠാനങ്ങളേയും അട്ടിമറിക്കുന്നത് എങ്ങനെയാണ് എന്നതിന്റെ വലിയ ഉദാഹരണങ്ങളാണ് തെയ്യവും ഭൂതക്കെട്ടും പോലെയുള്ള ആദിമവും തികച്ചും പ്രാദേശികവും ദ്രാവിഡവുമായ വിശ്വാസസംഹിതകളെ ഹിന്ദുദൈവങ്ങളുടെ അവതാരങ്ങളായി ഹൈജാക്ക് ചെയ്തത്. തെയ്യങ്ങളെ സംബന്ധിച്ച ആദിമ മിത്തുകൾ പരിശോധിച്ചാൽ തന്നെ അത് മനസ്സിലാക്കാവുന്നതാണ്. കോഴിക്കെട്ടും കമ്പളവും തുളുവരുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന വിനോദങ്ങളാണ്. അതിനെ നോവലിലേക്ക് കൊണ്ടുവരിക എന്നത് എന്നെ സംബന്ധിച്ച് കഠിനവും ശ്രമകരവുമായിരുന്നു. മനുഷ്യൻ എന്ന ആദിമ വനവാസി കാടിൽ നിന്നും നാട്ടിൽ വരികയും പ്രാകൃതനിൽ നിന്നും കൃഷി എന്ന സംസ്കാരത്തിലേക്ക് കടക്കുകയും ചെയ്തതിനു ശേഷവും കാട് കയറി വെട്ടിക്കരിച്ച് ചെയ്ത കൃഷിയാണ് പൊനംകൃഷി. അതിനായി കാട് കേറിയവരുടെ പിൻതലമുറയുടെ കഥകൾ പറയാനുള്ള എളിയ ശ്രമമാണ് ‘പൊനം’. അവയെല്ലാം കേവലം അവരുടെ പകയോ കാമമോ ലഹരിയോ മാത്രമല്ല, അവർ നടന്ന വഴികളും അവരുടെ സംസ്കാരവും കൂടിയാകുന്നു. അത് എന്റെ തുളുനാടാകുന്നു. അതിലെ സസ്യജാലവും ജന്തുജാലവും മനുഷ്യരും പുഴകളും മീനുകളും കഥകളുമാകുന്നു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read