കോഴിക്കോട് മെഡിക്കൽ കോളേജിൽ പീഡനത്തിന് ഇരയായ സ്ത്രീ പ്രതികരിക്കുന്നു.
“അവര് വിചാരിച്ച് കാണും ഞാനൊരു സാധാരണ സ്ത്രീയല്ലേ, ഒരു വീട്ടമ്മയല്ലേ, പൈസ കൊടുത്ത് തീർക്കാമെന്ന്… പക്ഷെ എത്ര പൈസ കൊടുത്താലും പോയ മാനം നമുക്കൊരിക്കലും തിരിച്ച് കിട്ടൂല്ല. കാശ് കൊടുത്ത് എല്ലാം നേടിയെടുക്കാമെന്ന് വിചാരിച്ചാൽ പിന്നെ നിയമോം ഇതൊക്കെ എന്തിനാണ്?” അവരുടെ വീട്ടിൽ വച്ച് സംസാരിക്കവെ കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.സി.യുവിൽ വച്ച് പീഡനത്തിനിരയായ യുവതി കേസുമായി മുന്നോട്ടുപോകും എന്ന നിലപാട് ഉറപ്പിച്ചു പറഞ്ഞു. 2023 മാർച്ച് 18 ന് ആണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സർജിക്കൽ ഐ.സി.യുവിലേക്ക് മാറ്റിയ യുവതിയെ മെഡിക്കൽ കോളേജ് ജീവനക്കാരൻ എം.എം ശശീന്ദ്രൻ ലൈംഗികമായി പീഡിപ്പിച്ചത്. അനസ്തേഷ്യ നൽകി അർധ ബോധാവസ്ഥയിലായിരുന്ന യുവതിക്ക് പ്രതികരിക്കാനായിരുന്നില്ല. പ്രതി അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും കേസ് ശക്തമായി മുന്നോട്ടുപോകുന്നതിൽ അതിജീവിതയ്ക്ക് വേണ്ടത്ര പിന്തുണ പൊതുസമൂഹത്തിന്റെയോ സാംസ്കാരിക പ്രവർത്തകരുടെയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
“ഞാൻ മരിച്ചത് പോലെ കിടക്കുകയായിരുന്നു. എനിക്ക് അനങ്ങാനോ, ശബ്ദമുയർത്താനോ കഴിഞ്ഞില്ല.” യുവതി ആ അനുഭവം ഓർമ്മിക്കാൻ ശ്രമിച്ചെങ്കിലും പറയാൻ അവർക്ക് പ്രയാസമുണ്ടായിരുന്നു. സംഭവം നടന്ന് പിറ്റേ ദിവസം തന്നെ അവർ ഇത് സംബന്ധിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ടിനും കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലും പരാതി നൽകി. തുടർന്ന് പ്രതിയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, പൊലീസ് കേസ് എടുത്തതിന് പിന്നാലെ യുവതിയെ സ്വാധീനിക്കാനും പരാതി പിൻവലിപ്പിക്കാനുമുള്ള ശ്രമങ്ങൾ മെഡിക്കൽ കോളേജിനുള്ളിൽ നടന്നു. ശസ്ത്രക്രിയ കഴിഞ്ഞ് അതേ ആശുപത്രിയിൽ തന്നെ ചികിത്സ തുടർന്ന യുവതിയുടെ അടുക്കലേക്ക് പ്രതിയുടെ സഹപ്രവർത്തകരെന്ന് പരിചയപ്പെടുത്തി കൊണ്ട് അഞ്ച് സ്ത്രീകൾ എത്തുകയും കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.


“ഭീഷണിയുടെ സ്വരത്തിലാണ് അവർ സംസാരിച്ചത്. കാശ് വാങ്ങിത്തരാം, പരാതി പിൻവലിക്കണം, അയാളുടെ ജോലി പോക്കരുത്, അയാൾക്ക് കുടുംബമുള്ളതാണ്, മാനസികരോഗിയാണെന്നൊക്കെ പറഞ്ഞു. കല്യാണം കഴിഞ്ഞ് കുട്ടികളുള്ളത് കൊണ്ട് ഇങ്ങനെ ചെയ്തു എന്ന് കരുതി പ്രശ്നമില്ലല്ലോ.. എന്നൊക്കെ പറഞ്ഞ് അത്ര മോശമായി മാനസികമായി പീഡിപ്പിച്ചു.” യുവതി പറഞ്ഞു. “അതിനും പോലീസിലും ഹോസ്പിറ്റൽ സൂപ്രണ്ടിനും പരാതി നൽകി. അവർ അഞ്ച് പേരും ഒളിവിൽ പോയി. ട്രെയിനിൽ തീയിട്ട പിടികിട്ടാ പുള്ളിയെ വരെ മൂന്ന് ദിവസം കൊണ്ട് പിടിച്ചു. എന്നിട്ടും അഞ്ച് സ്ത്രീകളെ പിടിക്കാനായിട്ടില്ല.”
സ്വാധീനിക്കാൻ ശ്രമിച്ച സ്ത്രീകളെ പൊലീസ് നടത്തിയ തിരിച്ചറിയൽ പരേഡിൽ യുവതി തിരിച്ചറിഞ്ഞുവെങ്കിലും ആ അഞ്ച് സ്ത്രീകൾക്കും ഒളിവിൽ പോകാനുള്ള സാവകാശം പോലീസ് ഒരുക്കിയെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. പരാതി നൽകി ഏകദേശം ഒരു മാസത്തിന് ശേഷം അഞ്ച് പേർക്കും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. “സ്ത്രീകളായ അഞ്ച് പേരെ കോഴിക്കോട് ജില്ലയിൽ നിന്ന് പിടിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അത് പോലീസുകാരുടെ പോരായ്മ തന്നെയല്ലേ…?” പരാതിക്കാരി ചോദിക്കുന്നു. എന്നാൽ കോടതിയിലിരിക്കുന്ന കേസായതിനാൽ ഇത്തരം ആക്ഷേപങ്ങളോട് പ്രതികരിക്കാനോ കേസ് വിവരങ്ങൾ നൽകാനോ കഴിയില്ലെന്ന് മെഡിക്കൽ കോളേജ് പോലീസിൻറെ ഭാഷ്യം. സ്ത്രീകൾ തന്നെ തന്നോടിങ്ങനെ സംസാരിച്ചത് വലിയ വിഷമമുണ്ടാക്കി എന്നതാണ് യുവതി സംഭാഷണത്തിനിടയിൽ പലതവണയായി പങ്കുവെച്ച ദുഖം. കല്യാണം കഴിഞ്ഞത് കൊണ്ടും കുട്ടികൾ ഉള്ളതുകൊണ്ടും പീഡനത്തിനിരയായതിൽ പ്രശ്നമില്ലെന്ന് കരുതുന്നവരാണോ ഇവരെന്ന് യുവതി ആശങ്കപ്പെട്ടു.
ഇത് ആദ്യമായല്ല!
രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ബാധ്യതയുള്ള സ്ഥാപനമാണ് ആശുപത്രികൾ. പ്രത്യേകിച്ച്, ദിനംപ്രതി പതിനായിരക്കണക്കിന് സാധാരണ ജനങ്ങൾ പല ആവശ്യങ്ങൾക്കായി വന്നുപോകുന്ന സർക്കാർ മെഡിക്കൽ കോളേജുകൾ. ചികിത്സാവശ്യങ്ങൾക്കായി എത്തുന്ന രോഗികളുടെ സുരക്ഷിതത്വം പോലും ഉറപ്പാക്കുന്നതിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ച പറ്റുന്നുണ്ടെന്നതിന്റെ തെളിവാണ് ഇത്തരം ദാരുണ സംഭവങ്ങൾ. കോഴിക്കോട് മെഡിക്കൽ കോളേജിനെ സംബന്ധിച്ച് ഇതൊരു പുതിയ സംഭവമല്ല. 2002 ജൂലൈ 23ന്, തീപ്പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ക്രൂരമായ പീഡനത്തിനിരയായ സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു.


സുബ്രഹ്മണ്യൻ എന്ന വ്യക്തി ആൾമാറാട്ടം നടത്തിയാണ് യുവതിയെ കുളിപ്പിക്കാനെന്ന വ്യാജേന കുളിമുറിയിലെത്തിച്ച് പീഡനത്തിനിരയാക്കിയത്. ആശുപത്രി ജീവനക്കാരനല്ലാത്ത ഒരു വ്യക്തി രോഗിയെ കുളിപ്പിക്കുന്ന വിവരം ഡ്യൂട്ടി നഴ്സോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ അറിഞ്ഞിരുന്നില്ല എന്നത് ആശുപത്രികളിലെ സുരക്ഷിതത്വത്തെ തന്നെ ചോദ്യത്തിലാക്കിയിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് 2004 ഫെബ്രുവരി 5ന് നിയമസഭയിൽ സമർപ്പിക്കുകയുണ്ടായെങ്കിലും പത്ത് വർഷം കഴിഞ്ഞ്, 2015 ജൂലൈ 23 നാണ് സർക്കാർ സ്വീകരിച്ച തുടർ നടപടികളും ശിപാർശകളും ഉൾപ്പെടുത്തിയ റിപ്പോർട്ട് അംഗീകരിക്കപ്പെടുന്നത്. രോഗികളായെത്തുന്ന സ്ത്രീകളുടെ സംരക്ഷണത്തിനായി ആവശ്യമായ സംവിധാനങ്ങളൊരുക്കണമെന്നതാണ് റിപ്പോർട്ടിൽ പറയുന്നതെങ്കിലും 21 വർഷങ്ങൾക്കിപ്പുറം അതേ കോഴിക്കോട് മെഡിക്കൽ കോളേജിൽ മറ്റൊരു യുവതി പീഡനത്തിനിരയാക്കപ്പെട്ടിരിക്കുകയാണ്. അപ്പോൾ പിന്നെ എന്ത് ഉറപ്പിലാണ് ചികിത്സയ്ക്കായ് ഈ ആശുപത്രിയെ സ്ത്രീകൾ സമീപിക്കേണ്ടത്?
രാഷ്ട്രീയ ഇടപെടലുകൾ
എൻ.ജി.ഒ യൂണിയനിൽ പ്രവർത്തിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാരായ സ്ത്രീകളാണ് ഐ.സി.യുവിൽ വെച്ച് പീഡനത്തിനിരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ചത്. മൊഴി നൽകാൻ തയ്യാറായ നഴ്സിങ് സൂപ്രണ്ടിനെയും അവർ സ്വാധീനിക്കാൻ ശ്രമിച്ചതായി യുവതി ആരോപിക്കുന്നു. അതിജീവിതയ്ക്കൊപ്പം നിന്നതിന്റെ പേരിൽ എൻ.ജി.ഒ യൂണിയൻ നേതാക്കൾ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് നഴ്സിംഗ് ഓഫീസർ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുകയുണ്ടായി. നഴ്സിനെ ഭീഷണിപ്പെടുത്തിയ എൻ.ജി.ഒ യൂണിയൻ നേതാക്കൾക്കെതിരെ നടപടിയെടുക്കാത്തതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്ന ആരോപണമുണ്ട്.
ഈ പ്രശ്നം ഇക്കഴിഞ്ഞ നിമയസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാതിരിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടന്നതായി ചോദ്യം ഉന്നയിക്കാൻ ശ്രമിച്ച വടകര എം.എൽ.എ കെ.കെ രമ പറയുന്നു. “മെഡിക്കൽ കോളേജിലും തിരുവനന്തപുരത്തും സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് നിയമസഭയിൽ സംസാരിക്കാനായിരുന്നു ഞാൻ ഉദ്ദേശിച്ചിരുന്നത്. അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുത്തത് മെഡിക്കൽ കോളേജിലെ പ്രശ്നം സംസാരിക്കാൻ വേണ്ടിയായിരുന്നു. വളരെ നന്നായി വിഷയം പഠിച്ച് പോയതാണ്. പക്ഷെ നിഷ്കരുണം അത് റദ്ദാക്കി. സ്ത്രീകളുടെ വിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാരിന് താല്പര്യമില്ല എന്നതാകും കാരണം.” കെ.കെ രമ അഭിപ്രായപ്പെട്ടു. ഈ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്പീക്കറുടെ ഓഫീസിന് മുന്നിൽ നടന്ന സമരത്തിലാണ് സംഘർഷമുണ്ടാകുന്നതും കെ.കെ രമയ്ക്ക് പരിക്കേൽക്കുന്നതും. “ഹോസ്പിറ്റൽ എന്ന ഇടം വളരെ സേഫാണെന്ന് കരുതിപ്പോരുന്ന ഒരിടമാണല്ലോ. അവിടെ ഇത്തരത്തിലൊരു ക്രൂരകൃത്യം നടക്കുമെന്നത് സ്വപ്നത്തിൽ പോലും ആലോചിക്കാൻ കഴിയാത്തതാണ്. എൻ.ജി.ഒ യൂണിയനിലുള്ള സ്ത്രീകളെയാണ് സ്വാധീനിക്കാൻ വിട്ടത്. വീണ്ടും സ്ത്രീകളെയാണ് അവർ ഉപയോഗിക്കുന്നത്.” കെ.കെ രമ പറഞ്ഞു.


എൻ.ജി.ഒ യൂണിയൻ, പ്രതിക്ക് എതിരെയായിരുന്നു നിലകൊള്ളേണ്ടതെന്നും ഒരു സംഘടന സ്വീകരിക്കുന്നത് ഇങ്ങനൊരു മനോഭാവമാണെങ്കിൽ എന്തുചെയ്യുമെന്നും കെ.കെ രമ ചോദിക്കുന്നു. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് തക്കതായ ശിക്ഷ കിട്ടണമെന്നും അത്തരത്തിലുള്ള ഒരാളെയും സംരക്ഷിക്കുകയില്ല എന്ന തീരുമാനം സമൂഹമെടുക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
പ്രതി ഇതാദ്യമായാണ് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടാകുക എന്ന് പരാതിക്കാരി വിശ്വസിക്കുന്നില്ല. ഇതിനു മുമ്പും ഇതേ ആളിൽ നിന്ന് പലർക്കും അക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകാമെന്നു അവർ സംശയിക്കുന്നുണ്ട്. “എത്രയോ സ്ത്രീകൾ പുറത്ത് പറയാതെ കഴിയുന്നുണ്ടാകും. അല്ലെങ്കിൽ ആ സ്ത്രീകൾ പോയി സോൾവാക്കിയിട്ടുണ്ടാകും.” അനുഭവത്തിൻറെ വെളിച്ചത്തിൽ അവർ പറഞ്ഞു.
“സംഭവത്തിന് ശേഷം അതിജീവിതയെ ജനറൽ വാർഡിലേക്ക് മാറ്റുകയാണുണ്ടായത്. ജനറൽ വാർഡിലും അവർക്ക് സുരക്ഷയുണ്ടായില്ല. പോലീസ് സംരക്ഷണം ഒരുക്കിയിരുന്നില്ല. പ്രിൻസിപ്പളിന്റെ ഓഫീസ് ഉപരോധിച്ച് സമരം നടത്തിയതിന് ശേഷമാണ് അവർക്ക് വേണ്ട സംരക്ഷണം ഒരുക്കിയത്.” കോൺഗ്രസ് നേതാവ് ദിനേഷ് പെരുമണ്ണ സംഭവത്തോട് പ്രതികരിച്ചു. 2017ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക രൂപത്തിലുള്ള ഉപകരണം വയറിൽ കുടുങ്ങി അഞ്ച് വർഷം വേദനയോടെ കഴിയേണ്ടി വന്ന സ്ത്രീയുടെ വിഷയത്തിൽ നീതിക്കായി ഇടപെടുന്ന പൊതു പ്രവർത്തകൻ കൂടിയാണ് ദിനേഷ് പെരുമണ്ണ. “ആരോഗ്യവകുപ്പ് മന്ത്രി കരുതൽ സ്വീകരിക്കും, സംരക്ഷണം ഒരുക്കുമെന്നൊക്കെ പറയുന്നത് വാക്കിൽ മാത്രം ഒതുങ്ങുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടർച്ചയായുണ്ടാകുന്ന വീഴ്ചകളാണ് ഇത്തരം സംഭവങ്ങളുണ്ടാക്കുന്നത്. കൃത്യമായ പരിചരണത്തിനൊപ്പം സുരക്ഷയും ഉണ്ടാകേണ്ടതുണ്ട്.” ദിനേഷ് പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ആവശ്യത്തിന് നഴ്സുമാരും ഡോക്ടർമാരുമില്ല എന്നതും ഇത്തരം സംഭവങ്ങളുണ്ടാകാൻ കാരണമാകുന്നതായി ദിനേശ് പെരുമണ്ണ അഭിപ്രായപ്പെടുന്നു. സ്ഥിരം നിയമനത്തിന് പകരം ദിവസവേതനക്കാരെയാണ് ആശ്രയിക്കുന്നതെന്നും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കപ്പെടുന്നവരിൽ അധികവും ഭരണകക്ഷി യൂണിയനിലെ ആളുകളാണെന്നും ദിനേഷ് ആരോപിക്കുന്നു.
യൂണിയന്റെ ആധിപത്യവും അധികൃതരുടെ കെടുകാര്യസ്ഥതയും
പീഡനത്തിനിരയായ യുവതിയുടെ അപേക്ഷക്കനുസരിച്ച് പീഡനം നടന്ന പിറ്റേ ദിവസം തന്നെ അവരെ ജനറൽ വാർഡിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് തനിക്കുണ്ടായ മോശം അനുഭവം അതിജീവിത ഹെഡ് നഴ്സായ കെ.ജി അനിതയോട് പങ്കുവെക്കുന്നത്. “തിങ്കളാഴ്ചയാണ് പരാതിക്കാരി തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച് എന്നോട് പറഞ്ഞത്. അന്ന് തന്നെ അവർക്ക് സെക്യൂരിറ്റിയെ നൽകി. ഞാൻ തിരുവനന്തപുരത്തൊക്കെ ജോലി ചെയ്തിരുന്നപ്പോൾ അങ്ങനെയാണ് കണ്ട് ശീലിച്ചിരുന്നത്. പക്ഷെ പിറ്റേ ദിവസം സെക്യൂരിറ്റിയെ ഹോസ്പിറ്റൽ അനുവദിച്ചില്ല. സെക്യൂരിറ്റിയൊക്കെ ഉണ്ടെന്നറിഞ്ഞാൽ മാധ്യമങ്ങൾ അറിയുമെന്നായിരുന്നു അവരുടെ വാദം.” കെ.ജി അനിത വിശദീകരിച്ചു.
സെക്യൂരിറ്റിയെ നൽകാത്ത അന്ന് തന്നെയാണ് അഞ്ച് സ്ത്രീകൾ പലതവണയായി എത്തി അതിജീവിതയെ സ്വാധീനിക്കാനും മാനസികമായി പീഡിപ്പിക്കാനും ശ്രമിച്ചത്. “ഞാൻ തന്നെയാണ് അവർക്കെതിരെ ഹോസ്പിറ്റൽ സൂപ്രണ്ടിന് പരാതിക്കൊടുക്കാൻ ആവശ്യപ്പെട്ടത്. അറ്റൻഡേഴ്സും ക്ലീനിങ് സ്റ്റാഫുമായിരുന്നു സ്വാധീനിക്കാൻ എത്തിയിരുന്നത്. ആസ്യ എന്ന സ്ത്രീയെ അവർ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു.” കെജി അനിത വിശദീകരിച്ചു.


പരാതി ലഭിച്ചതിനെ തുടർന്ന് അഞ്ച് പേരെയും ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും അഞ്ചംഗ അന്വേഷണ കമ്മീഷന് ഹോസ്പിറ്റൽ രൂപം നൽകുകയും ചെയ്തു. അന്വേഷണ കമ്മീഷന് മുമ്പാകെ മൊഴി നൽകുന്നതിനായി പോകവെയാണ് ഹെഡ് നഴ്സായ കെ.ജി അനിതയെ സസ്പെൻഡ് ചെയ്യിക്കും എന്ന് എൻ.ജി.ഒ യൂണിയൻ ഭാരവാഹി ഭീഷണിപ്പെടുത്തുന്നത്.
“ചീഫ് നഴ്സിങ് ഓഫീസറും നഴ്സിങ് സൂപ്രണ്ടും കൂടെയുണ്ടായിരുന്നു. വഴിയിൽ വെച്ച് എൻ.ജി.ഒ യൂണിയൻ നേതാവ് ഹംസ കണ്ണാട്ടിൽ നിങ്ങളെയും ഹെഡ് നഴ്സായ അനിതയെയുമാണ് സസ്പൻഡ് ചെയ്യേണ്ടതെന്ന് പരസ്യമായി പറയുകയായിരുന്നു. ഇതിനെതിരെ ഞാൻ പരാതി എഴുതിയെങ്കിലും ചീഫ് നഴ്സിങ് ഓഫീസർക്ക് നൽകിയില്ല. യൂണിയൻകാരെയും പാർട്ടിയെയും പേടിച്ചാണ് അവർ പലപ്പോഴും തീരുമാനമെടുക്കുന്നത്. പല കേസുകളിലും അങ്ങനെ ഉണ്ടായിട്ടുണ്ട്. ഞങ്ങൾ അതുകൊണ്ടാണ് മറ്റ് സംഘടനകളിലേക്ക് പോകാൻ നിർബന്ധിതരായത്. കോവിഡ് സമയത്ത് എൻ.എച്ച്.എമ്മിന്റെ ക്ലീനിങ് സ്റ്റാഫിനോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും അടിക്കാൻ ചെല്ലുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷെ ഒരു നടപടിയും സ്വീകരിച്ചില്ല. എൻക്വയറി പോലും നടത്തിയില്ല. ഐ.സി.യുവിൽ വെച്ച് മറ്റൊരു എൻ.എച്ച്.എം സ്റ്റാഫ് മോഷണം നടത്തിയിരുന്നു. സി.സി.ടി.വിയിൽ കണ്ടപ്പോഴാണ് അവർ മോഷണശ്രമം സമ്മതിച്ചത് പോലും. മോഷ്ടിച്ച സ്വർണം തിരിച്ച് കൊണ്ട് തന്നപ്പോൾ പരാതി പരിഹരിച്ചു വിടുകയാണ് ഉണ്ടായത്. ഇതിനൊക്കെ തക്കതായ ആക്ഷൻ എടുക്കേണ്ടതാണ്. പലപ്പോഴും ആക്ഷനൊന്നും എടുക്കാറില്ല”. കെ.ജി അനിത കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കുന്ന കെടുകാര്യസ്ഥതകൾ എണ്ണിപ്പറഞ്ഞു.
സസ്പെൻഡ് ചെയ്യുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയതിന് പുറമെ ‘എൻ.ജി.ഒ യൂണിയൻ ജീവനക്കാരുടെ കൂട്ടായ്മ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ നിരപരാധികളായ അഞ്ച് ജീവനക്കാരെ തിരിച്ചെടുത്ത് കുറ്റക്കാരിയായ അനിതയെ സസ്പെൻഡ് ചെയ്യുക എന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ രണ്ട് സംഭവങ്ങളിന്മേലുള്ള പരാതി തിരുവനന്തപുരം ഡിസ്ട്രിക്ട് മെഡിക്കൽ എജ്യുക്കേഷനിലേക്കാണ് അവർ അയച്ചത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ വ്യാജ സന്ദേശമയച്ചതിന് സൈബർ സെൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും എത്രത്തോളം പ്രാവർത്തികമാകുമെന്ന് അനിത സംശയിക്കുന്നുണ്ട്.
വേണം തക്കതായ നിയമവും സുരക്ഷയും
“കോവിഡ് സമയത്ത് ആംബുലൻസിൽ വെച്ച് ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടത് വലിയ തോതിൽ ചർച്ചയായെങ്കിലും അതിൽ ഇടപെടലുകൾ ഉണ്ടായിട്ടില്ല. പ്രതികൾ നിസാരമായി ഇറങ്ങിപ്പോരുകയും പ്രതിക്ക് വേണ്ടി പലപ്പോഴും നിയമസംവിധാനങ്ങൾ നിലകൊള്ളുകയും ചെയ്യുന്നു. പലപ്പോഴും സ്ത്രീകളെ കുറ്റക്കാരായി ചിത്രീകരിക്കുകയും ചെയ്യും. പകൽ പോലും സ്ത്രീകൾ ആക്രമിക്കപ്പെടുന്നു. കോഴിക്കോട് തീപ്പൊളളലേറ്റ സ്ത്രീയുടെ കേസ് ഈ കേസ് ഉയർന്നുവരുമ്പോഴാണ് ഓർക്കുന്നത് പോലും.” കെ.കെ രമ പറയുന്നു.
മറ്റൊരു വാർത്ത ഉയർന്ന് വരുന്നത് വരെ മാത്രമേ പലപ്പോഴും ഒരു സംഭവത്തിന് ആയുസുണ്ടാകുകയുള്ളൂ. മുഖ്യധാരാ മാധ്യമങ്ങൾ എന്ത് കാണണമെന്ന് തീരുമാനിക്കുന്നുവോ അത് മാത്രമേ പൊതുസമൂഹത്തിന്റെ മുന്നിൽ പലപ്പോഴും എത്താറുമുള്ളൂ. സ്ത്രീകളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ഇത്തരം സംഭവങ്ങൾ വ്യക്തിഗത വിഷയമെന്നതിലുപരി സാമൂഹിക സാഹചര്യങ്ങളെയും കൂടി വിലയിരുത്തി പരിഹപ്പെടണമെന്നും കെ.കെ രമ പറഞ്ഞു.
“സുരക്ഷിതം എന്ന് നമ്മൾ കരുതുന്നിടമൊന്നും സുരക്ഷിതമല്ല എന്നുള്ളതാണ് യാഥാർത്ഥ്യം. സുരക്ഷിതത്വം ഉണ്ടെങ്കിൽ മാത്രമേ സ്ത്രീകൾക്ക് സ്വതന്ത്രമായിട്ടു സമൂഹത്തിൽ ഇടപെടാനാകൂകയുള്ളൂ. ഐ.സി.യുവിലൊക്കെ നിർബന്ധമായും നിരീക്ഷണ ക്യാമറകൾ ഉണ്ടാകണം.” കെ.കെ രമ അഭിപ്രായപ്പെട്ടു. “സ്ത്രീയോടുള്ള മനോഭാവത്തോട് മാറ്റം വരാത്തിടത്തോളം ഒന്നും മാറില്ല. സ്ത്രീയെ ഒരു ശരീരമായി മാത്രമായി കാണുന്നതാണ് പ്രശ്നം. രാഷ്ട്രീയ സ്വാധീനമുണ്ടെങ്കിൽ ഏത് പ്രതിക്കും ശിക്ഷയിൽ നിന്ന് രക്ഷപ്പെടാം എന്നതാണ് ഇന്ത്യയിലെ സാഹചര്യം. കൊലപാതകം നടത്തിയ ആളുകൾ ഉൾപ്പെടെ ഒരു പ്രശ്നമില്ലാതെ നടക്കുന്ന നാടാല്ലേ നമ്മുടേത്? അതുകൊണ്ട് തന്നെ ശക്തമായ നിയമസംവിധാനം വേണം. ശിക്ഷിക്കപ്പെടുമെന്ന് സമൂഹം മനസിലാക്കണം.” രമ പറഞ്ഞു.
നിയമപോരാട്ടവുമായി ശക്തമായി മുന്നോട്ടുപോകാനാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് പീഡനത്തിനിരയായ യുവതിയുടെ തീരുമാനം. “എന്റെ അവസ്ഥ ഇനിയൊരു പെണ്ണിന് ഉണ്ടാകരുതെന്നേ എനിക്കുള്ളൂ. നമ്മൾ പെണ്ണായിട്ട് ജനിച്ചുവെന്ന് കരുതി പേടിച്ച് പിന്നോട്ട് നിൽക്കേണ്ട കാര്യമില്ല. എനിക്ക് വിദ്യാഭ്യാസം കുറവെന്നെ ഉള്ളൂ, പേടിയൊന്നുമില്ല. അയാൾ അങ്ങനെ പ്രവർത്തിച്ചപ്പോ ഭയപ്പെട്ടുവെങ്കിലും ഇപ്പോൾ നോർമലാണ്. കേസുമായിട്ട് എന്തായാലും മുന്നോട്ട് പോകും. ഇത്രേം അപമാനം സഹിച്ചേന് പിന്നെ ഇനി തീരെ പിന്നോട്ടില്ല.” അവർ ഉറപ്പിച്ചു പറഞ്ഞു.


തന്നെ സ്വാധീനിക്കാൻ ശ്രമിച്ച പ്രതികൾക്ക് ജാമ്യം ലഭിച്ചുവെന്ന വാർത്ത വളരെ ദുഖത്തോടെയാണ് താൻ മനസിലാക്കിയതെന്ന് യുവതി പറയുന്നു. എന്നാൽ നിയമം നിഷ്കർഷിക്കുന്ന ശിക്ഷ എല്ലാവർക്കും വാങ്ങി നൽകുമെന്ന നിശ്ചയദാർഢ്യത്തിലാണ് അവർ. “വെറുതെ വിട്ടാൽ ഇതൊക്കെ സിംപിളാണെന്ന് അവർക്ക് തോന്നലുണ്ടാകും. അവർ ചിലപ്പോ കുറെയാളുകളെ ഭീഷണിപ്പെടുത്തിയിട്ടും, പണം വാങ്ങി കൊടുത്തിട്ടും ഇയാൾടെ പലേ കേസുകളും ഒത്തുതീർപ്പാക്കിയിട്ടുണ്ടാകും. അങ്ങനെയാകും അവർക്ക് എന്റെയടുത്ത് വരാനുള്ള ധൈര്യമുണ്ടായിരിക്കുക. എത്രയോ പീഡനങ്ങളും ബലാത്സംഗവും നടക്കുന്നുണ്ട്. ഒരാൾക്ക് നല്ല പോലെ ശിക്ഷ കിട്ടിയിട്ടുണ്ടെങ്കിൽ പിന്നൊരാൾക്ക് ചെയ്യാനുള്ള പേടിയുണ്ടാകും. എന്റെ ഉറക്കമൊക്കെ ശരിയാകണമെങ്കിൽ അയാൾക്ക് ന്യായമായ ശിക്ഷ കിട്ടണം. സ്കൂളിലൊക്കെ പോകുമ്പോ ബസിലൊക്കെ ആരെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചാൽ നല്ലത് കൊടുക്കലുണ്ടായിരുന്നു. ഇയാളെ ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന ആ ഒരു വിഷമം തിങ്ങിനിറയുകയാണ്. നമ്മുടെ ശരീരം നമുക്ക് വിലപ്പെട്ടതാണ്. അതില് വേറെയാർക്കും അവകാശമില്ല. അതുകൊണ്ട് തന്നെ ഒരു ഒത്തുതീർപ്പിനും ഞാൻ റെഡിയല്ല. ഒത്തുതീർപ്പിന് വേണ്ടിയല്ലല്ലോ നമ്മൾ പരാതി കൊടുക്കുന്നത്. നമ്മുടെ നിയമത്തിൽ നമുക്ക് വിശ്വാസം വേണമല്ലോ… ഇനി ആരോഗ്യമന്ത്രിക്കും വനിതാ കമ്മീഷനുമൊക്കെ പരാതി കൊടുക്കാൻ പോകുകയാണ്. എന്തായാലും നീതി കിട്ടണം. വല്യ വല്യ പിടിപാടുള്ളവർക്ക് എന്ത് തെറ്റ് ചെയ്താലും അതിൽ നിന്നൊക്കെ ഊർന്ന് ഇറങ്ങാം. നമുക്ക് പിടിപാടില്ലെങ്കിലും സത്യമൊരു കാലത്ത് തെളിയുമെന്ന് വിശ്വാസമുണ്ട്. വർഷങ്ങളാകും ഇതൊക്കെ തെളിഞ്ഞ് അയാൾക്ക് ശിക്ഷ കിട്ടാൻ. ദൈവം ആയുസ് തന്നാൽ എനിക്കത് കാണാം, അല്ലെങ്കിൽ എന്റെ മക്കളത് കാണും.” യുവതി പ്രതീക്ഷ കൈവിടാതെ പറഞ്ഞു.
വേണ്ടത്ര പിന്തുണ കിട്ടിയില്ല എന്ന തോന്നലുണ്ടെങ്കിലും അവർ നിയമപോരാട്ടം തുടരുകയാണ്. അതിജീവിതകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പ്രിവിലേജുകളുടെ പിൻബലം ആവശ്യമുണ്ടോ എന്ന ചോദ്യവും ഈ സംഭവം അവശേഷിപ്പിക്കുന്നു.
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

