ബന്ധുത്വമകലുന്ന ഗോത്രബന്ധു

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

വിദ്യാഭ്യാസത്തിലൂടെ മാത്രമേ അസ്പൃശ്യരായ മനുഷ്യരുടെ സാമൂഹ്യ-സാമ്പത്തിക-വികസനം സാധ്യമാകൂ എന്ന അംബേദ്കർ ചിന്തയ്ക്ക് ചുരുങ്ങിയത് ഒരു നൂറ്റാണ്ട് കാലത്തെ ചരിത്രം അവകാശപ്പെടാനുണ്ട്. അസ്പൃശ്യരായ മനുഷ്യർ ഉന്നത വിദ്യാഭ്യാസം കൈവരിക്കണമെന്നും അത് നേടാൻ അവസരം കിട്ടിയവർ മറ്റുള്ളവർക്കായി അവസരം ഒരുക്കണമെന്നതുമാണ് അംബേദ്കറിസ്റ്റ് വിദ്യാഭ്യാസ സങ്കല്പം. 1945 സെപ്തംബർ രണ്ടിന് രണ്ടാം ലോകമഹായുദ്ധത്തിന് പരിസമാപ്തി കുറിച്ചതോടെ ഇന്ത്യക്കാർക്ക് ബ്രിട്ടനിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് അവസരമൊരുങ്ങി. ബോംബെയിൽ നിന്ന് വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാഭ്യാസാവശ്യത്തിനായി ചേക്കേറാൻ തയ്യാറായവർക്കുള്ള യാത്രയയപ്പ് യോഗത്തിൽ ഈ സങ്കല്പം ഡോ. ബി.ആർ അംബേദ്കർ തന്നെ കൃത്യമായി പറഞ്ഞുവെച്ചിട്ടുണ്ട്. “ഒരു വൈദ്യുത ബൾബ് സ്വിച്ചിട്ടാൽ ഉടൻതന്നെ നിമിഷനേരം കൊണ്ട് ഇരുട്ടിനെ മാറ്റി സ്വന്തം പ്രകാശ സാമ്രാജ്യം സ്ഥാപിക്കുന്നതുപോലെ വിദ്യാഭ്യാസം നേടിയ ഓരോ മനുഷ്യനും സമൂഹത്തിലെ അജ്ഞാനത്തെ അകറ്റാൻ പ്രയോജനപ്പെടണം. ഈ ദൗത്യം എളുപ്പമാക്കുന്നതിന് ഒരു റെയിൽവേ എൻജിന്റെ മാതൃക നാം സ്വീകരിക്കണം. അതായത് ഒരു റെയിൽവേ എൻജിൻ ആദ്യം ഓരോ ബോഗികളെയായി പരസ്പരം ഘടിപ്പിച്ച് ഒരു തീവണ്ടി ഉണ്ടാക്കുകയും പിന്നീട് ആ തീവണ്ടി സ്വയം മുന്നോട്ടുനയിക്കുകയും ചെയ്യുന്നതുപോലെ വിദ്യാസമ്പന്നനായ ഓരോ വ്യക്തിയും സമൂഹത്തെ വാർത്തെടുക്കുകയും വളർത്തുകയും ചെയ്യുന്ന വിപ്ലവകരമായ ദൗത്യം നിർവഹിക്കണം. ഭാരതത്തിലെ ഓരോ സമൂഹത്തിലെയും വിദ്യാസമ്പന്നർ ഈ മാർഗം സ്വീകരിച്ചാൽ മാത്രമേ പരമ്പരാഗതമായ ചട്ടക്കൂടിൽ കൈകാലുകൾ ബന്ധിപ്പിക്കപ്പെട്ട ഭാരതീയ സംസ്കാരത്തിന് യഥാർത്ഥ മോചനം ലഭിക്കുകയുള്ളൂ. അങ്ങനെ സംഭവിച്ചാൽ മാത്രമേ ഭാരതത്തിന് പുരോഗതിയുടെ പാതയിൽ മുന്നേറാൻ സാധിക്കൂ.” വിദ്യാഭ്യാസ വ്യാപനത്തിന് ഡോ. ബി.ആർ അംബേദ്കറുടെ നേതൃത്വത്തിൽ നടന്ന എല്ലാ പ്രവർത്തനങ്ങൾക്കും ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ: തുല്യതയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസവും വിദ്യാഭ്യാസാവസരവും ഉറപ്പാക്കണം.

സ്വതന്ത്ര ഭാരതത്തിൽ എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പാക്കുന്നത് സംബന്ധിച്ച് വിവിധതരം ചർച്ചകൾ ഉയർന്നുവന്നിട്ടുണ്ട്. ഈ ലക്ഷ്യം മുൻനിർത്തി കോത്താരി കമ്മീഷൻ ഉൾപ്പെടെ നിരവധി കമ്മീഷനുകളും കമ്മിറ്റികളും റിപ്പോർട്ടുകൾ സമർപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിൽ നിയമങ്ങളും നയങ്ങളും പദ്ധതികളും ആവിഷ്കരിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം അഞ്ചര പതിറ്റാണ്ട് പിന്നിട്ടിട്ടും സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം എന്ന സ്വപ്നം പൂവണിഞ്ഞില്ല. അത്തരമൊരു പശ്ചാത്തലത്തിലാണ് 2002 ൽ എൺപത്തിയാറാമത് ഭരണഘടന ഭേദഗതിയിലൂടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമാക്കിയത് (അനുഛേദം 21 എ). ഈ അവകാശത്തിന്റെ സംസ്ഥാപനത്തിന് 2010 ഏപ്രിൽ ഒന്നിന് 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നു.

എല്ലാവർക്കും വിദ്യാഭ്യാസ അവസരവും സമത്വവും തുല്യതയും ആണ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ കാതൽ. എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് കർശനമായ വ്യവസ്ഥകളാണ് നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സ്കൂൾ പ്രായത്തിലെ എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കൽ കുടുംബത്തിൻ്റെയും സർക്കാരുകളുടെയും ഉത്തരവാദിത്തവും ബാധ്യതയുമാണ്. കുട്ടിയെ സ്കൂളിൽ അയക്കാതിരുന്നാൽ രക്ഷിതാക്കൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനാകും. യാതൊരുവിധ വിവേചനവും ഭരണഘടന അനുവദിക്കുന്നില്ല. ഈ ആദർശത്തെ നെഞ്ചേറ്റി വിവേചനരഹിതമായി എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കൽ തന്നെയാണ് 2009 ലെ വിദ്യാഭ്യാസ അവകാശ നിയമവും ലക്ഷ്യമിടുന്നത്.

Representative Image. Courtesy:Deccan Herald

കേരളത്തെ സംബന്ധിച്ചിടത്തോളം 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം സവിശേഷമായ സാധ്യതകൾ തുറന്നിടുന്നുണ്ട്. സാർവത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം പൂർത്തീകരിച്ച സംസ്ഥാനമാണ് നമ്മുടേത്. സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസാവസരം ഒരുക്കുക വഴി എല്ലാ കുട്ടികളും വിദ്യാലയ പ്രവേശനം നേടുന്നുവെന്ന് ഉറപ്പാക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ടാം തലമുറ പ്രശ്നങ്ങളായ ഗുണമേന്മ വിദ്യാഭ്യാസവും തുല്യതയും ഉറപ്പാക്കലിലാണ് ഇപ്പോൾ നമ്മുടെ ശ്രദ്ധ. ഈ ലക്ഷ്യം മുൻനിർത്തിയുള്ള അന്വേഷണങ്ങളെല്ലാം ഏറെക്കുറെ യോജിക്കുന്ന ഒരു തലമുണ്ട്. സാമൂഹ്യമായും സാമ്പത്തികമായും ചരിത്രപരമായും പിന്നോക്കാവസ്ഥ അഭിമുഖീകരിക്കുന്ന പട്ടികജാതി-പട്ടികവർഗ-ദുർബല വിഭാഗങ്ങളാണ് മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ നടുതളത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നത് എന്നതാണ് ആ തലം. അക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ പരിഗണന ലഭിക്കേണ്ട വിഭാഗക്കാർ ആദിവാസികളാണ്.

2016ലെ കണക്കുകൾ പ്രകാരം 8338 ഗോത്ര വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഇവരിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടിയവരുടെ എണ്ണം 54 (0.64%) ഉം എ ഗ്രേഡ് നേടിയവരുടെ എണ്ണം 59 (0.7%) ഉം ആണ്. ഉപരിപഠന യോഗ്യത നേടിയവരിൽ 3,905 പേർ (46.312%) ഡി പ്ലസ് ഗ്രേഡുകാരാണ്. എൽ.എസ്.എസ് – യു.എസ്.എസ് പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്നവരുടെ എണ്ണം നാമമാത്രമായിരുന്നു. ഉയർന്ന ക്ലാസുകളിലേക്കുള്ള ഗുണമേന്മാധിഷ്ഠിത സ്ഥാനക്കയറ്റം, മികച്ച ഗ്രേഡ്, കൊഴിഞ്ഞുപോക്ക് എന്നിങ്ങനെ മികവുമായി ബന്ധപ്പെട്ട എല്ലാ സൂചകങ്ങളിലും പട്ടികവർഗ്ഗ വിദ്യാർത്ഥികൾ പിന്നണിയിൽ തുടർന്നു. ഈ അവസ്ഥയ്ക്ക് പരിഹാരം തേടിയാണ് പട്ടികവർഗ്ഗ വിദ്യാർത്ഥികൾ അഭിമുഖീകരിക്കുന്ന സവിശേഷ പ്രശ്നങ്ങൾ മനസ്സിലാക്കി കാര്യക്ഷമമായി ഇടപെടുന്നതിന് ഒന്നാം പിണറായി സർക്കാർ ഗോത്രബന്ധു, ഗോത്ര സാരഥി/വിദ്യാവാഹിനി, ഊരുവിദ്യാ കേന്ദ്രങ്ങൾ മുതലായ പദ്ധതികൾ ആവിഷ്കരിച്ചത്.

പ്രൈമറി ക്ലാസുകളിൽ സാമൂഹ്യ-സാമ്പത്തിക-ഭാഷാപരമായ കാരണങ്ങളാൽ ഗോത്ര വിദ്യാർത്ഥികൾ അന്യവൽക്കരിക്കപ്പെടുന്നുവെന്നത് പഠന താൽപര്യം കുറയുന്നതിനും സ്കൂളിൽ ഹാജരാകാതിരിക്കുന്നതിനും കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് 2016 ൽ ഗോത്രബന്ധു പദ്ധതി ആവിഷ്കരിച്ചത്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും പട്ടികവർഗ്ഗ വികസന വകുപ്പിന്റെയും സംയുക്ത പദ്ധതിയായ ഗോത്രബന്ധുവിലൂടെ കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുക, പഠന പ്രവർത്തനങ്ങളിൽ സഹായിക്കുക, മറ്റ് സമുദായങ്ങളിലും സംസ്കാരങ്ങളിലുമുള്ള കുട്ടികളുമായി ഇടപഴകി സാമൂഹ്യവൽക്കരണം നടത്തലിന് പിന്തുണ നൽകുക, സഹാധ്യാപകർക്ക് ഗോത്ര രീതികളും ഭാഷയും സംസ്കാരവും പരിചയപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടു. ഇതിനായി മെന്റർ ടീച്ചർമാരെ നിയമിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഡയറ്റിൻ്റെ സഹകരണത്തോടെ അധ്യാപക ശാക്തീകരണ പരിപാടി സംഘടിപ്പിച്ച് മെൻ്റർ ടീച്ചർമാർക്ക് ആശയവ്യക്തത സമ്മാനിച്ചു.

Representative Image. Courtesy:Aljazeera

ഏറ്റവും കൂടുതൽ ആദിവാസികൾ അധിവസിക്കുന്ന വയനാട് ജില്ലയിലാണ് ഗോത്രബന്ധു പദ്ധതി ആരംഭിച്ചത്. 2016ൽ വയനാട്ടിലെ വിവിധ വിദ്യാലയങ്ങളിലായി 214 മെൻ്റർ ടീച്ചർമാരെ നിയമിച്ചു. എല്ലാവരും അധ്യാപക യോഗ്യതയുള്ളവർ. ഇവരുടെ സേവനം ഫലപ്രദമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ഗോത്രബന്ധു പദ്ധതി തുടർ വർഷങ്ങളിൽ പാലക്കാട്, മലപ്പുറം ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുകയുണ്ടായി. അട്ടപ്പാടിയിൽ 26 ഉം പാലക്കാട് ജില്ലയിലെ മറ്റ് ഇടങ്ങളിൽ 30 ഉം (ആകെ 56) മെൻ്റർ ടീച്ചർമാരെ നിയമിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ 29 മെൻ്റർ ടീച്ചർമാരെയാണ് നിയമിച്ചത്. 2016 മുതൽ ഇങ്ങോട്ട് 326 മെൻ്റർ ടീച്ചർമാരുടെ സേവനം പ്രയോജനപ്പെടുത്തി. ഭാഷാ പ്രശ്നം ഒരുപരിധിവരെ പരിഹരിക്കാനും കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാനും ഗോത്രബന്ധു സഹായിച്ചുവെന്നത് വസ്തുതയാണ്. “പഠിച്ചിട്ട് എന്ത് പ്രയോജനം?” എന്ന അവരുടെ സ്ഥിരം ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു അധ്യാപക യോഗ്യത നേടിയിട്ട് തൊഴിൽ രഹിതരായി തുടരുന്ന ആദിവാസി യുവതയ്ക്ക് നൽകിയ ഈ നിയമനം. ഒരേസമയം ഗോത്രവർഗ്ഗ കുട്ടികളുടെ വിദ്യാഭ്യാസത്തിന് മതിയായ പിന്തുണയും ഉന്നത വിദ്യാഭ്യാസം കൈവരിച്ചവർക്ക് തൊഴിലുറപ്പാക്കി കുടുംബങ്ങൾക്ക് സാമ്പത്തിക പിന്തുണയും എന്ന ദ്വിമുഖനേട്ടമാണ് ഗോത്രബന്ധു പദ്ധതി ലക്ഷ്യമിട്ടതും പ്രാവർത്തികമാക്കിയതും. വിദ്യാസമ്പന്നനായ ഓരോ വ്യക്തിയും സമൂഹത്തെ വാർത്തെടുക്കുകയും വളർത്തുകയും ചെയ്യുന്ന വിപ്ലവകരമായ ദൗത്യം നിർവഹിക്കണമെന്ന അംബേദ്കറിയൻ ആശയത്തിൻ്റെ പിന്തുടർച്ച കൂടിയാണ് ഈ പദ്ധതിയിലൂടെ സർക്കാർ ഉറപ്പാക്കിയത്.

പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ ഗോത്രബന്ധു പദ്ധതി താൽക്കാലികമായെങ്കിലും നിലച്ചിരിക്കുന്നു. പ്രവേശനോത്സവ ദിവസം മുതൽ ഇങ്ങോട്ട് ആദിവാസി ഉന്നതികളിലെ കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കാൻ നിയമിതരായ മെൻ്റർ ടീച്ചർമാർ പിരിച്ചുവിടപ്പെട്ടതിനെ തുടർന്ന് ജോലിക്ക് എത്തിയില്ല. ആയതിനാൽ മിക്ക ഉന്നതികളിൽ നിന്നും കുട്ടികൾ, പ്രത്യേകിച്ച് പ്രൈമറി ക്ലാസുകളിലെ കുട്ടികൾ, വിദ്യാലയത്തിൽ എത്താത്ത സ്ഥിതി സംജാതമായി. മെൻ്റർ ടീച്ചർമാരെ പിരിച്ചുവിട്ടതിലൂടെ ആദിവാസി കുട്ടികളുടെ പഠനം മുടങ്ങുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടുന്നത് ഗൗരവപൂർവ്വം കാണേണ്ടതുണ്ട്. വിവേചനരഹിതമായി വിദ്യാഭ്യാസാവസരം ഒരുക്കേണ്ട സംവിധാനം തന്നെയാണ് വിദ്യാഭ്യാസ നിഷേധം നടത്തിയിരിക്കുന്നതെന്നത് ഈ സ്ഥിതിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഭരണകൂടത്തിന്റെ നീതി നിഷേധത്തിനെതിരെ എന്തുകൊണ്ടോ അർഹിക്കുന്ന പ്രതിഷേധം ഉയർന്നുവന്നില്ലെന്ന് പൊതുവിൽ കേരളീയ സമൂഹം കൈക്കൊള്ളുന്ന സമീകരണ നിലപാടിന്റെ പ്രതിഫലനമാണെന്ന് കാണേണ്ടിവരും. ആശയ ദൃഢതയും വ്യക്തതയുമുണ്ടെന്ന് അവകാശപ്പെടുന്ന അംബേദ്കറിസ്‌റ്റുകൾ പോലും ഈ കുട്ടികളുടെ അവകാശ നിഷേധകാര്യത്തിൽ കുറ്റകരമായ മൗനം അവലംബിക്കുന്നത് ആശങ്കാജനകമാണ്.

“ആദിവാസി ഗോത്ര വിഭാഗത്തിൽപ്പെട്ട മെൻ്റർ ടീച്ചർമാരെ യു.ഡി.എഫ് സർക്കാർ പിരിച്ചുവിട്ട നടപടി കടുത്ത അന്യായമാണ്” എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു. യു.ഡി.എഫ് സർക്കാരല്ല മെൻ്റർ ടീച്ചർമാരെ പിരിച്ചുവിട്ടത് എന്നായിരുന്നു മന്ത്രി കെ.എ. തുളസിയുടെ പ്രതികരണം. സാധാരണ നിലക്ക് മാർച്ച് 31ന് മെൻ്റർ ടീച്ചർമാരുടെ കരാർ അവസാനിക്കും. ഏപ്രിൽ ആദ്യം കരാർ പുതുക്കി നൽകുകയും ചെയ്യുകയായിരുന്നു മുൻവർഷങ്ങളിൽ കൈക്കൊണ്ട നടപടി. ഇക്കുറി അതുണ്ടായില്ലെന്ന് മാത്രമല്ല, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർമാർ പിരിച്ചുവിടൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. യു.ഡി.എഫ് സർക്കാർ പിരിച്ചുവിട്ടുവോ ഇല്ലയോ എന്ന രാഷ്ട്രീയ തർക്കവിതർക്കങ്ങൾക്കപ്പുറം കുട്ടികളുടെ പഠനവിടവ് പരിഹരിക്കാനുള്ള ഉപാധിയെന്ന നിലയ്ക്ക് മെൻ്റർ ടീച്ചർമാരുടെ സേവനം തുടർന്നും ഉറപ്പാക്കാനാകണം. പ്രതിപക്ഷ നേതാവിൻ്റെ കുറിപ്പ് അവസാനിപ്പിച്ചത് ഈ ആവശ്യം ആവർത്തിച്ചു കൊണ്ടാണ്: “അവരുടെ ന്യായമായ ആവശ്യം അംഗീകരിച്ച് ജോലിയിൽ തിരിച്ചെടുക്കാൻ സർക്കാർ തയ്യാറാകണം.”

ഗോത്രബന്ധു അധ്യാപകരെ പിരിച്ചുവിട്ടതിൽ പ്രതിക്ഷേധിച്ച് വയനാട് കലക്‌ടറേറ്റിന് മുന്നിൽ നടന്ന ധർണ്ണ. കടപ്പാട്:deshabhimani

ഗോത്രബന്ധു കൂടുതൽ ശക്തമായും കാര്യക്ഷമമായും തുടരേണ്ടതുണ്ട്. അതേസമയം ഇപ്പോഴത്തെ രീതി യാന്ത്രികമായി തുടരേണ്ടതില്ലെന്നതാണ് വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിൽ എന്റെ അഭിപ്രായം. നടപ്പിലാക്കിയ കാലയളവിലെ അനുഭവങ്ങൾ വിശകലനം ചെയ്ത് കാലികമായ മാറ്റങ്ങൾ ഗോത്രബന്ധു പദ്ധതി നടപ്പിലാക്കുന്നതിൽ അനിവാര്യമാണ്. പദ്ധതി സംബന്ധിച്ച് വിശദമായ പഠനം നടത്തി ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്നത് ഉചിതമാകും.

ഭാഷാപരമായ പിന്തുണയാണ് മെന്റർ ടീച്ചർമാരുടെ പ്രധാന ഇടപെടൽ രംഗം. അതിനാൽ കുട്ടികളുടെ ഭാഷ അറിയുന്നവരും പ്രയോഗിക്കുന്നവരുമായ അധ്യാപപകർ ഉണ്ടാവേണ്ടതുണ്ട്. വിവിധ ഗോത്രങ്ങൾ തമ്മിൽ വലിയ തോതിൽ അന്തരവും ഭിന്നതയും നിലനിൽക്കുന്നുവെന്ന സാമൂഹ്യ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് കൂടുതൽ വിവേകപൂർണമായ നിയമനം ഉറപ്പാക്കണം. ഓരോ വിദ്യാലയത്തിന്റെയും അയൽപക്ക ഊരുകളിൽ നിന്നുള്ള അധ്യാപകരെ നിയമിക്കുന്നതിൽ ജാഗ്രത പാലിക്കണം. ഇത് കുട്ടിയുടെ കുടുംബങ്ങളുമായി ബന്ധപ്പെടാനും ഇതിനകം നിഷ്ക്രിയമായ ഊരുവിദ്യാ കേന്ദ്രങ്ങളെ സജീവമാക്കാനും സഹായകമാകും.

പ്രത്യേക ദുർബല വിഭാഗങ്ങൾ, അടിയ, പണിയ, ഇരുള, മുഡുക, എരുവാളൻ മുതലായ സമുദായങ്ങൾക്ക് പ്രത്യേക പരിഗണന നൽകണം. ഈ സമുദായങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ കൂടുതലായുള്ള വിദ്യാലയങ്ങളിൽ അതത് സമുദായത്തിലെ അധ്യാപകരെ തന്നെയാണ് നിയമിച്ചതെന്ന് ഉറപ്പാക്കണം. അല്ലാത്തപക്ഷം ഗോത്രബന്ധു പദ്ധതിയുടെ ലക്ഷ്യം സാക്ഷാത്കരിക്കാനാകാതെ വരും. ലഭ്യമായ കണക്കുകൾ പ്രകാരം മൂന്ന് ജില്ലകളിലുമായി 46 പണിയ, 24 ഇരുള, 9 അടിയ, 7 മുഡുക വിഭാഗം അധ്യാപകരാണുള്ളത്. കുറുമ, കുറിച്യ വിഭാഗങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ നിയമനം നടത്തിയതായി കാണുന്നത്. നിയമനങ്ങളിലെ ഈ അസന്തുലിതാവസ്ഥ പലയിടങ്ങളിലും വിദ്യാലയ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ട് എന്നത് പ്രധാന പരിമിതിയാണ്. മെൻ്റർ ടീച്ചർമാർക്ക് സവിശേഷമായ ശാക്തീകരണ പരിപാടികൾ ആസൂത്രണം ചെയ്യണം. സാങ്കേതിക വിദ്യാഭ്യാധിഷ്ഠിത പഠനത്തിനും സാമൂഹ്യവൽക്കരണത്തിനും പ്രാപ്തമാകും വിധം പ്രൊഫഷണൽ ഡെവലപ്മെൻറ് പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം.

വിദ്യാനിഷേധമെന്ന ഫ്യൂഡൽ കാലത്തേക്കുള്ള തിരിച്ചുപോക്ക് ആധുനിക സമൂഹത്തിന് യോജിച്ചതല്ല. ദുർബല വിഭാഗങ്ങൾക്ക് പുതിയ കാലത്തിനനുസൃതമായതും കൂടുതൽ മികച്ചതുമായ പിന്തുണയാണ് ആധുനിക ജനാധിപത്യ സർക്കാരുകളിൽ നിന്നും പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷ നിർവഹിക്കാനാകാത്തപക്ഷം ഭരണകൂട ഭീകരത എന്ന ബുൾഡോസർ ചക്രങ്ങൾക്കടിയിൽ ഞെരിഞ്ഞമരുന്ന ജനതയായി ഗോത്ര ജനത തുടരും. പിന്നാക്കാവസ്ഥയുടെ ചരിത്രപരമായ കാരണങ്ങൾ പൊതുരൂപഭാവങ്ങളോടെ ആവർത്തിക്കപ്പെടും.

Also Read

7 minutes read June 7, 2026 2:07 pm