കേരള പൊലീസിലെ പരിവാർ പ്രോജക്ട്

“എനിക്ക് തന്തയില്ലാത്ത കുറച്ച് മുസ്ലീങ്ങളുടെ ശവശരീരങ്ങൾ വേണം” എന്ന ഡി.ഐ.ജി രമൺ ശ്രീവാസ്തവയുടെ ആക്രോശത്തെ തുടർന്നാണ് 1991 ഡിസംബർ 15 ന് പാലക്കാട് പുതുപ്പള്ളിതെരുവിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പതിനൊന്ന് വയസുകാരി സിറാജുന്നീസ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെടുന്നത്. ബി.ജെ.പിയുടെ അന്നത്തെ അഖിലേന്ത്യ അധ്യക്ഷൻ മുരളി മനോഹർ ജോഷിയുടെ ഏകതാ യാത്രയുമായി ബന്ധപ്പെട്ടുണ്ടായ പൊലീസ് നടപടിയിൽ നിരവധി മുസ്ലീങ്ങൾക്കാണ് അന്ന് മർദ്ദനമേറ്റത്. പാലക്കാട് ടൗണിലെ നിരവധി മുസ്ലീം സ്ഥാപനങ്ങൾ ഹിന്ദുത്വവാദികൾ നശിപ്പിച്ചു. കലാപത്തിൽ പങ്കെടുത്തതുകൊണ്ടാണ് സിറാജുന്നീസ കൊല്ലപ്പെട്ടത് എന്ന പൊലീസ് റിപ്പോർട്ട് വ്യാപകമായി വിമർശിക്കപ്പെട്ടു. അന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആയിരുന്ന രമൺ ശ്രീവാസ്തവ പിന്നീട് ഡി.ജി.പി ആയാണ് സർവീസിൽ നിന്നും വിരമിച്ചത്. വിരമിച്ചതിന് ശേഷം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊലീസ് ഉപദേഷ്ടാവായി ശ്രീവാസ്തവ തിരിച്ചെത്തി. കേരള പൊലീസിന്റെ ഉന്നതങ്ങളിലേക്ക് കടന്നുകൂടിയ മുസ്ലീം വിരുദ്ധതയുടെയും സംഘപരിവാർ സ്വാധീനത്തിന്റെയും ആദ്യ സൂചനകളിലൊന്നാണ് മുരളി മനോഹർ ജോഷിയുടെ ജാഥ കടന്നുപോയതിനെ തുടർന്നുണ്ടായ ഈ സംഭവം. പി.വി അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലുകളെ തുടർന്ന് പൊലീസ് സേനയിലെ ഉന്നതരും ആർ.എസ്.എസും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാവുകയാണ്. പൊലീസിലെ ആർ.എസ്.എസ് സ്വാധീനത്തെക്കുറിച്ച് ഒരു ഭരണകക്ഷി എം.എൽ.എയ്ക്ക് പരാതിപ്പെട്ടേണ്ട സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണ് ആഭ്യന്തര വകുപ്പിന്റെ അവസ്ഥ. എന്നാൽ, ജനപ്രതിനിധി തന്നെ തെളിവുകളുമായി രംഗത്തെത്തി എന്നതൊഴിച്ചാൽ പൊലീസിലെ ആർ.എസ്.എസ് സ്വാധീനത്തെക്കുറിച്ചുള്ള പരാതികൾക്ക് ഏറെ പഴക്കമുണ്ട്. പൊലീസ് സേനയിൽ സ്വാധീനമുണ്ടാക്കുക എന്ന ആർ.എസ്.എസിന്റെ പദ്ധതിക്കും നീണ്ടകാലത്തെ ചരിത്രമുണ്ട്.

സിറാജുന്നീസ

ആഭ്യന്തര മന്ത്രാലയം 2022ൽ  പുറത്തുവിട്ട കണക്കനുസരിച്ച് 2016 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ മാത്രം 24,134 പേരാണ് 5,127 ഓളം യു.എ.പി.എ  കേസുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. അതിൽ തന്നെ 6,482 പേരാണ് വിചാരണ കാത്ത് ഇന്ത്യൻ ജയിലുകളിൽ കഴിയുന്നത്. അതിൽ ഭൂരിപക്ഷം പേരും ദലിത്-ആദിവാസി-മുസ്ലീം വിഭാഗത്തിൽ പെട്ടവരാണ്. ഇന്ത്യയുടെ ഈ പൊതു ചിത്രത്തിൽ നിന്നും വ്യത്യസ്തമല്ല കേരളത്തിന്റെ അവസ്ഥ. ഭരണകൂടത്തിന് മുകളിൽ ഒരു അധികാര കേന്ദ്രമായി പ്രവർത്തിക്കാൻ പൊലീസ് സേനയ്ക്ക് എല്ലാകാലത്തും കഴിഞ്ഞിട്ടുണ്ട്. സംഘപരിവാർ പ്രത്യയശാസ്ത്രത്തോട് ആഭിമുഖ്യമുള്ള നിരവധി പേർ പൊലീസ് സേനയുടെ തലപ്പത്തുണ്ട് എന്നതിന്റെ തെളിവുകൾ പലപ്പോഴായി വെളിപ്പെട്ടിട്ടുണ്ട്. പൊലീസ്-ആർ.എസ്.എസ് ബന്ധം എങ്ങനെയാണ് മുസ്ലീങ്ങളെ വേട്ടയാടുന്നതിനും നീതി നിഷേധത്തിനും കാരണമാകുന്നതെന്ന്  പരിശോധിക്കാം.

എന്താണ് ഈ കൂടിക്കാഴ്ചകളുടെ ലക്ഷ്യം?

എ.ഡി.ജി.പി എം.ആർ അജിത്കുമാർ ആർ.എസ്.എസ് സർകാര്യവാഹക് (ജനറൽ സെക്രട്ടറി) ദത്താത്രേയ ഹൊസബാളെയെ കണ്ടു എന്ന പി.വി അൻവറിന്റെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെയാണ് പൊലീസ്-സംഘപരിവാർ ബന്ധം ചർച്ചകളിൽ നിറയുന്നത്. മോഹൻ ഭാഗവതിന് ശേഷം ആർ.എസ്.എസിന്റെ സർസംഘ് ചാലക് ആവാൻ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്ന ഒരു നേതാവാണ് ദത്താത്രേയ ഹൊസബാളെ. 1968ൽ ആർ. എസ്. എസിൽ അംഗമാവുകയും 1978 മുതൽ 1992 വരെ എ.ബി.വി.പിയുടെ ജനറൽ സെക്രട്ടറി ആയി പ്രവർത്തിക്കുകയും ചെയ്ത വ്യക്തി കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അടുത്ത ബന്ധം പുലർത്തുന്ന ദത്താത്രേയ ഹൊസബാളെ. ഇത്തരമൊരു വ്യക്തിയുമായി കൂടികാഴ്ച നടത്തിയത് കേരളത്തിന്റെ പൊലീസ് സേനയിൽ ഉയർന്ന പദവി വഹിക്കുന്ന ഐ.പി.എസ് ഉദ്യോഗസ്ഥനാണ് എന്നത് തീർച്ചയായും ചോദ്യം ചെയ്യപ്പെടേണ്ട കാര്യമാണ്. ആർ.എസ്.എസ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ.ഡി.ജിപി സമ്മതിക്കുന്നുണ്ടെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല. ആർ.എസ്.എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ മലയാളിയായ ദേശീയ ഭാരവാഹിക്കൊപ്പമാണ് 2023 മേയ് 22ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറിയെ എ.ഡി.ജി.പി സന്ദർശിക്കുന്നത്. എം.ആർ.അജിത്കുമാർ അവിടെയെത്തിയിരുന്നതായി അടുത്തദിവസം തന്നെ കേരള പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടും ആഭ്യന്തര വകുപ്പ് ഇക്കാര്യം അന്വേഷിച്ചില്ല എന്നതും ഗുരുതര വീഴ്ചയാണ്. അതിന് ശേഷം 10 ദിവസം കഴിഞ്ഞ് ജൂൺ രണ്ടിന് കോവളത്തെ ഹോട്ടലിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ആർഎസ്എസ് നേതാവ് റാം മാധവുമായും എം.ആർ അജിത്കുമാർ കൂടിക്കാഴ്ച നടത്തി.

വംശീയ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടനയാണ് ആർ.എസ്.എസ്. കേരള പൊലീസിലെ ഉന്നതൻ തുടർച്ചയായി ഇത്തരമൊരു സംഘടനയുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് എന്തിനാണ് എന്നത് കൃത്യമായി അന്വേഷിക്കാനും സമൂഹത്തെ ബോധ്യപ്പെടുത്താനും സർക്കാരിന് ബാധ്യതയുണ്ട്. സംഘപരിവാറിന്റെ രാഷ്ട്രീയ ആയുധമായ മുസ്ലീം വിരുദ്ധത വലിയ തോതിൽ കടന്നുകൂടിയിട്ടുള്ള സേനയാണ് കേരള പൊലീസ്. പേരും മതവും നോക്കി കുറ്റവാളികളെ തീരുമാനിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന രീതി കേരള പൊലീസിൽ പതിവായിരിക്കുന്ന സന്ദർഭത്തിൽ ഈ കൂടിക്കാഴ്ച മുസ്ലീം സമൂഹത്തെ കൂടുതൽ ഭയപ്പെടുന്ന ഒന്നായി മാറുന്നു.

മലപ്പുറവും പൊലീസ് ഇടപെടലുകളും

മുസ്ലീ‌ങ്ങൾ ഭൂരിപക്ഷമുള്ള മലപ്പുറം ജില്ല ഉത്തരേന്ത്യൻ സംഘികളും അവരുടെ കേരള ഘടകവും ഒരുപോലെ ലക്ഷ്യംവെക്കുന്ന ഒരു സ്ഥലമാണ്. ‘ബോംബാണേൽ മലപ്പുറത്ത് കിട്ടും’ എന്ന മലയാള ജനപ്രിയ സിനിമ ഡയലോഗ് അടക്കം സൃഷ്ടിച്ച മുൻധാരണയോടെയാണ് മലപ്പുറത്തോട് സ്റ്റേറ്റും പൊലീസും ഇടപെട്ടിട്ടുള്ളത്. മലപ്പുറത്തിന്റെ മതേതരത്വവും സാമൂഹിക ഐക്യവും ഇല്ലാതെയാക്കാൻ സംഘപരിവാർ ഏറെക്കാലമായി ശ്രമിക്കുന്നുണ്ട്. ഭരണവ്യവസ്ഥയ്ക്കുള്ളിൽ നിന്ന് ഇത്തരം ശ്രമങ്ങൾ നടത്തുന്നതിനാണ് സംഘപരിവാർ ബന്ധമുള്ള പൊലീസുകാർ മലപ്പുറത്ത് നിയോഗിക്കപ്പെടുന്നത്. പി.വി അൻവറിന്റെ പരാതിയെ തുടർന്ന് നടപടി നേരിട്ട സുജിത്ത് ദാസ് ഐ.പി.എസ് മലപ്പുറം എസ്. പിയായി ചുമതലയേറ്റതിന് ശേഷം ജില്ലയിൽ കേസുകളുടെ എണ്ണം കുത്തനെ കൂടിയതായി റിപ്പോർട്ടുകളുണ്ട്. ശരാശരി 10,000 കേസുകൾ ഉണ്ടായിരുന്ന മലപ്പുറത്ത് സുജിത്ത് ദാസ് ചാർജെടുത്തതിന് ശേഷം 40,000 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് 2021 മുതൽ 2023 വരെ കേവലം രണ്ട് വർഷം മാത്രമായിരുന്നു സുജിത്ത് ദാസ് മലപ്പുറത്ത് ഉണ്ടായിരുന്നത്. കേസുകളുടെ എണ്ണം വർദ്ധിപ്പിക്കാനായി പെറ്റി കേസുകളുടെ എണ്ണം കൂട്ടണമെന്ന നിർദ്ദേശം നൽകിയതിന്റെ പേരിൽ പൊലീസ് ജനങ്ങളോട് വിദ്വേഷപരമായാണ് പെരുമാറുന്നതെന്ന് നേരത്തെ ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു.

എം.ആർ അജിത്കുമാർ

താനൂരിലെ താമിർ ജിഫ്രി കസ്റ്റഡി കൊലപാതകവും പൊലീസിന്റെ അജണ്ടകൾ വ്യക്തമാക്കുന്ന ഒരു കേസ് കൂടിയായിരുന്നു. താനൂരിൽ നിന്നും എം.ഡി.എം.എയുമായി താമിറിനെയും സുഹൃത്തുക്കളെയും 2023 ഓഗസ്റ്റ് ഒന്നിനാണ് അറസ്റ്റ് ചെയ്തതെന്നും ഷർട്ടിന്റെ കൈമടക്കിൽ ഒളിപ്പിച്ചുവെച്ചിരുന്ന ലഹരി പൊലീസ് കണ്ടെടുത്തുവെന്നും എന്നാൽ സ്റ്റേഷനിൽ കൊണ്ടുവന്നതിന് പിന്നാലെ താമിർ ജിഫ്രി കയ്യിലുണ്ടായിരുന്ന എന്തോ വസ്തു വിഴുങ്ങിയതിന് ശേഷം സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നുമായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ അറസ്റ്റ് ചെയ്യുമ്പോൾ താമിർ ധരിച്ചിരുന്നത് ബനിയൻ ആയിരുന്നുവെന്നാണ് വീട്ടുകാരുടെയും ദൃക്സാക്ഷികളുടെയും മൊഴി. ഞെട്ടിക്കുന്ന പൊലീസ് ക്രൂരതകളാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ വെളിപ്പെട്ടത്. 21 മുറിവുകൾ താമിറിന്റെ ശരീരത്തിലുണ്ടായിരുന്നുവെന്നും അതിൽ 19 എണ്ണം മരണത്തിന് മുൻപും രണ്ട് എണ്ണം മരണത്തിന് ശേഷവുമാണ് ഉണ്ടായതെന്നും റിപ്പോർട്ട് പറയുന്നു. ശരീരത്തിലുടനീളം ലാത്തികൊണ്ടുള്ള മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. ശ്വാസകോശത്തിലുണ്ടായ നീർക്കെട്ട് ആണ് മരണകാരണമായി പറയുന്നത്. ശരീരത്തിനേറ്റ മർദ്ദനമാണ് നീർക്കെട്ടിന് കാരണമായത്. പ്രതികളായ പൊലീസുകാരെ രക്ഷിക്കാൻ ഫോറൻസിക് സർജനായ ടി.പി ഹിതേഷ് ശങ്കറിനെ ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത്ത് ദാസ് കണ്ടുവെന്ന് താമിറിന്റെ കുടുംബം അന്ന് തന്നെ ആരോപിച്ചിരുന്നു. നാല് പൊലീസ് ഉദ്യോഗസ്ഥരെയാണ് കേസ് പുനഃരന്വേഷിച്ച സി.ബി.ഐ അറസ്റ്റ് ചെയ്തത്.

താമിർ ജിഫ്രി

സുജിത്ത് ദാസിന് ശേഷം 2023 നവംബർ മുതൽ മലപ്പുറം എസ്. പിയുടെ ചുമതല എസ്. ശശിധരൻ ഐ.പി.എസ്സിനായിരുന്നു. കേസുകളുടെ എണ്ണം വർദ്ധിപ്പിക്കാനായി മാത്രം അനാവശ്യമായി കേസുകൾ എടുക്കുന്നുവെന്ന് മന്ത്രി അബ്ദുറഹ്മാൻ പൊലീസ് അസ്സോസിയേഷൻ ഉദ്ഘാടന ചടങ്ങിൽ എസ്. ശശിധരനെ മുന്നിൽ വെച്ചാണ് വിമർശനമുന്നയിച്ചത്. പാനായിക്കുളം എൻ.ഐ.എ കേസിൽ മതിയായ തെളിവുകളുടെ അഭാവത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചതിന്റെ വൈരാഗ്യത്തിൽ തന്നെ നിരോധിത സംഘടനയായ സിമിയുടെ ആളാണെന്ന് വരുത്തിതീർക്കാനും സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്യാനും കേസിന്റെ അന്വേഷണ ചുമതലുണ്ടായിരുന്ന എസ്. ശശിധരൻ ശ്രമിച്ചിരുന്നുവെന്ന്  റിട്ട. മുൻസിഫ് മജിസ്ട്രേറ്റ് എം താഹയുടെ വെളിപ്പെടുത്തലും പുറത്തുവന്നു.  സുജിത്ത് ദാസിനും മറ്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും സ്വർണ്ണ കടത്തിലും മറ്റ് കുറ്റകൃത്യങ്ങളിലും കൃത്യമായ പങ്കുണ്ടെന്ന പി.വി അൻവറിന്റെ വെളിപ്പെടുത്തൽ വിശദമായി അന്വേഷിക്കേണ്ടതാണ്. ഇത്തരത്തിൽ മാധ്യമ ശ്രദ്ധ ലഭിക്കാതെ പോയ ഒട്ടനവധി വലുതും ചെറുതുമായ കേസുകൾ മലപ്പുറം ജില്ലയിൽ മാത്രമുണ്ട്.

കേരള പൊലീസിലെ സംഘപരിവാർ സ്ലീപർ സെൽ

മൂന്ന് വർഷങ്ങൾക്ക് മുന്നെയാണ് കേരള പൊലീസിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ ദേശീയ നേതാവ് ആനിരാജ രംഗത്തുവന്നത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും മറ്റും തടയുന്നതിൽ കൃത്യമായി ഇടപ്പെട്ടുകൊണ്ടിരുന്ന സമയത്ത് ഇടതുപക്ഷ സർക്കാറിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്താൻ പൊലീസ് സേനയിലെ ഉന്നതർ ശ്രമിക്കുന്നുവെന്നും, പൊലീസിൽ ആർ.എസ്.എസ് ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നുമായിരുന്നു ആനിരാജ അന്ന് വെളിപ്പെടുത്തിയത്. എന്നാൽ ആനിരാജ ദേശീയ നേതാവല്ലേ, സംസ്ഥാന കാര്യങ്ങളിൽ ഇടപെടേണ്ടതുണ്ടോ എന്ന പരിഹാസത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും അതിനെ നേരിട്ടത്. സി.പി.ഐ സംസ്ഥാന ഘടകത്തിനും മറിച്ചൊരു അഭിപ്രായമുണ്ടായിരുന്നില്ല. എന്നാൽ പൊലീസിൽ നിർണായക സ്ഥാനങ്ങൾ വഹിക്കാൻ ആർ.എസ്.എസ് അനുഭാവമുള്ളവരുടെ ശ്രമമുണ്ടെന്ന് തന്നെയായിരുന്നു അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. ആനിരാജയുടെ ഭർത്താവും മുതിർന്ന സി.പി.ഐ നേതാവുമായ ഡി. രാജയും ആനി രാജയെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. മുൻ ഡി.ജി.പിമാരായ ടി.പി സെൻകുമാറും ജേക്കബ് തോമസും വിരമിച്ച ശേഷം ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിച്ചതും പൊലീസ് സംഘപരിവാർ ബന്ധത്തിന്റെ തെളിവായി കണക്കാക്കാം. ടി.പി സെൻകുമാറിന് പകരം ഡി.ജി.പിയായി ഇടത് സർക്കാർ നിയമിച്ചതാകട്ടെ ഗുജറാത്തിൽ ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ മോദിയെയും അമിത് ഷായെയും വെള്ളപൂശുന്ന റിപ്പോർട്ട് സമർപ്പിച്ച ഉ​ദ്യോ​ഗസ്ഥനായ ലോക്നാഥ് ബഹറയെയും.

ടി.പി സെൻകുമാർ

സി.പി.എം നിയന്ത്രണത്തിലുള്ള കൈരളി ടിവി 2017ൽ ആർ.എസ്.എസ്-പൊലീസ് ബന്ധത്തെക്കുറിച്ച് ഒരു റിപ്പോർട്ട് പുറത്തുവിട്ടു. കേരള പൊലീസിലെ സംഘപരിവാർ അനുഭാവമുള്ളവരെ ഒരുമിപ്പിച്ച് ഒരു ഏകതാ സ്വഭാവത്തിൽ വളർത്തിക്കൊണ്ടുവരാനും, കോൺഗ്രസ്-ഇടത്  അനുഭാവമുള്ള സംഘടനകൾക്കും സേനയിലെ അംഗങ്ങൾക്കും ബദലായി സംഘടനയെ ശക്തിപ്പെടുത്താനും കന്യാകുമാരിയിൽ നടന്ന പ്രഥമ പഠന ശിബിരത്തിൽ തീരുമാനമായി എന്നായിരുന്നു റിപ്പോർട്ട്. ഇതിനായി തത്ത്വമസി എന്ന പേരിൽ വാട്സ്ആപ് ഗ്രൂപ്പ് രൂപീകരിക്കുകയും 100 രൂപ മാസവരി അടക്കുകയും, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിൽ വെച്ച് യോഗങ്ങൾ ചേരുകയും ക്രൈംബ്രാഞ്ചിൽ പ്രവർത്തിക്കുന്ന രണ്ട് ഉദ്യോഗസ്ഥരെ സംഘടനയുടെ ചുമതലയിൽ നിയമിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രത്തിൽ ഇനിയും ഒരുപാട് കാലം ബി.ജെ.പി തന്നെ ഭരിക്കുമെന്ന പ്രതീക്ഷയിൽ മുമ്പ് രഹസ്യമായി നടന്നിരുന്ന ഇത്തരം കാര്യങ്ങൾ ശക്തിപ്പെടുത്താനുള്ള നീക്കമാണിതെന്ന് അന്ന് വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു.

പൊലീസ് അക്കാദമിയിലെ ബീഫ് നിരോധനം

ഐ.പി.എസ് ഉദ്യോഗസ്ഥൻ സുരേഷ് രാജ് പുരോഹിത് പൊലീസ് അക്കാദമിയുടെ ചുമതലയേറ്റെടുത്ത ശേഷം അക്കാദമിയിലെ ഭക്ഷണ മെനുവിൽ നിന്നും ബീഫ് നീക്കം ചെയ്ത സംഭവം വിവാദമായിരുന്നു. 2016ൽ എൽ.ഡി.ഫ് അധികാരത്തിൽ വന്നതിനെ തുടർന്ന് പൊലീസ് അക്കാദമിയെ ബീഫ് നിരോധനം നീക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടപടിയെടുത്തെങ്കിലും അത് പ്രാവർത്തികമായില്ല. പൊലീസ് ആസ്ഥാനത്ത് താൻ സംഘപരിവാർ അജണ്ടകൾ നടപ്പാക്കുമെന്നും, തടയാൻ കഴിയുമെങ്കിൽ തടയൂ എന്നും പരസ്യമായാണ് സുരേഷ് രാജ് പുരോഹിത് വെല്ലുവിളിച്ചത്. നേരത്തെ കേരള ബ്രാഹ്മണസഭയുടെ സമ്മേളനത്തിൽ പങ്കെടുത്ത് ബ്രാഹ്മണനായി ജനിച്ചതിൽ താൻ അഭിമാനം കൊള്ളുന്നുണ്ടെന്നും മനുഷ്യജന്മത്തിൽ ഏറ്റവും ശ്രേഷ്ഠമായത് ബ്രാഹ്മണനായി ജനിക്കുകയെന്നതാണെന്നും സുരേഷ് രാജ് പുരോഹിത് പറഞ്ഞിട്ടുണ്ട്. കൂടാതെ സി.ഐമാരുടെ സ്ഥലമാറ്റത്തിൽ ഇടപ്പെട്ടുകൊണ്ട് സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവും സുരേഷ് രാജ് പുരോഹിതിനെതിരെയുണ്ട്. പിന്നീട് ഇദ്ദേഹത്തെ കേന്ദ്ര ഡെപ്യൂട്ടേഷനിൽ അർദ്ധ സൈനിക വിഭാഗം ഇൻസ്പെക്ടർ ജനറലായി സ്ഥലമാറ്റുകയും ചെയ്തിരുന്നു.

സുരേഷ് രാജ് പുരോഹിത്

ശബരിമലയും തൃശ്ശൂർ പൂരവും

ശബരിമല സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഇടമായി വളർന്നത് യുവതി പ്രവേശന വിധിക്ക് ശേഷമാണ്. 2018 സെപ്റ്റംബർ 28നാണ് പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം എന്ന് ചീഫ്  ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ആർ.എഫ് നരിമാൻ, എ.എം ഖൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിറക്കുന്നത്. എൽ.ഡി.എഫ് സർക്കാർ ആദ്യം വിധിയെ സ്വാഗതം ചെയ്യുകയും പിന്നീട് നിലപാട് മാറ്റുകയും ചെയ്തു. സ്ത്രീപ്രവേശനത്തെ അനുകൂലിച്ചിരുന്ന ബി.ജെ.പി അടക്കമുള്ള ഹിന്ദുത്വ സംഘടനങ്ങളും ശബരിമല വിധിയെ രാഷ്ട്രീയമായി ഉപയോഗിക്കാൻ കഴിയുമെന്ന് മനസ്സിലാക്കി നിലപാട് മാറ്റുകയായിരുന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. എന്നാൽ ആ പോസ്റ്റ് പിന്നീട്  നീക്കം ചെയ്ത്, വിധിയെ പിന്തുണയ്ക്കുന്ന സി.പി.എം ചാമ്പലാകും എന്ന് പോസ്റ്റിട്ടത് വിവാദമായി മാറിയിരുന്നു. ആ മണ്ഡലകാലത്ത് പമ്പയിലും സന്നിധാനത്തും സംഘപരിവാർ സംഘടനകൾ സംഘടിതമായ രീതിയിൽ പ്രതിഷേധിക്കുകയുണ്ടായി. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല, ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ, ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി എന്നിവർ സമരങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു. സന്നിധാനത്ത് പ്രതിഷേധക്കാരെ ശാന്തരാക്കുവാൻ ക്രിമിനൽ കേസുകളിൽ പ്രതിയായ ആർ.എസ്.എസ്. നേതാവായ വൽസൻ തില്ലങ്കേരിയെ പൊലീസ് സമീപിച്ചതും പൊലീസിന്റെ മെഗാഫോണിലൂടെ സംസാരിക്കാൻ അനുവദിച്ചതും വിമർശനങ്ങൾക്ക് കാരണമായിത്തീർന്നു. ശബരിമലയിൽ യുവതി പ്രവേശം നടന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ, ശബരിമല കർമ്മസമിതിയും ബി.ജെ.പി.യും 2019 ജനുവരി 3ന് കേരളത്തിൽ നടത്തിയ ഹർത്താലിൽ വ്യാപക അക്രമമാണുണ്ടായത്. എന്നാൽ ശബരിമല പ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ എൽ.ഡി.എഫ് സർക്കാർ പിന്നീട് റദ്ദാക്കി. അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ  സമരത്തിൽ പങ്കെടുത്ത മുസ്ലീം യുവാക്കളുടെ കേസുകൾ റദ്ദാക്കാതെയിരുന്നത് എതിർപ്പുകൾക്ക് കാരണമായിത്തീർന്നു. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഈ വിഷയത്തിലെല്ലാം പൊലീസ് സംഘപരിവാറിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് വിമർശനമുണ്ട്. 2023ലെ ശബരിമല തീർത്ഥാടനകാലത്ത് ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിൽ വീഴ്ച സംഭവിക്കാൻ പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത്  എ.ഡി.ജി.പി അജിത്കുമാറിന്റെ കടുംപിടിത്തമാണ് എന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പറയുന്നത്. മുൻകാലങ്ങളിൽ മകരവിളക്കിനോടനുബന്ധിച്ച് 1.12 ലക്ഷത്തോളം ഭക്തർ മലചവിട്ടിയെങ്കിൽ ഈ വർഷം അജിത്കുമാറിന്റെ നിർദ്ദേശപ്രകാരം 70,000 പേരെ മാത്രമാണ് കടത്തിവിട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ശബരിമലയിലും പമ്പയിലും എ.ഡി.ജി.പിയുടെ പ്രത്യേകതാല്പര്യത്തിന് ഉദ്യോഗസ്ഥരെ നിയമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഭക്തർക്കുണ്ടായ ഈ അസൗകര്യവും സംഘപരിവാർ രാഷ്ട്രീയമായി ഉപയോഗിച്ചിരുന്നു. പൊലീസ്-സംഘപരിവാർ ബന്ധത്തിന് തെളിവുകളാണ് ഇതെല്ലാം.

ശബരിമല സന്നിദ്ധാനത്ത് സംഘപരിവാറിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം. കടപ്പാട്:News18

തൃശൂർ പൂരത്തെയും പൊലീസിന്റെ സഹായത്തോടെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗപ്പെടുത്തിയെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. എക്സിബിഷൻ വാടകയും ആനയെഴുന്നള്ളിപ്പ് സംബന്ധിച്ചും കാണികളുടെ നിയന്ത്രണം സംബന്ധിച്ചും വിവാദങ്ങളും വിയോജിപ്പികളും തുടക്കം മുതൽ ഉണ്ടായിരുന്നെങ്കിലും, ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവന്ന സാഹചര്യത്തിൽ പൂരത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗപ്പെടുത്തി എന്നതാണ് ഗുരുതരമായ വിഷയം. പൊലീസ് മനഃപൂർവ്വം സൃഷ്ടിച്ച പ്രശ്നങ്ങളാണ് വെടിക്കെട്ട് വൈകുന്നതിലേക്ക് നയിച്ചത്. അത് പൊലീസ്-സംഘപരിവാർ ഗൂഡാലോചനയുടെ ഭാഗമായി ചെയ്തതാണോ എന്നതാണ് തെളിയിക്കപ്പെടേണ്ടത്. എന്തായാലും വെടിക്കെട്ട് വൈകിയതും പൂരം അലങ്കോലപ്പെട്ടതും തൃശൂരിലെ ലോക്സഭ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കാണ് രാഷ്ട്രീയ നേട്ടമായി മാറിയത്.

2024ലെ തൃശൂർ പൂരത്തിന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ്. കടപ്പാട്:mathrubhumi

ഏലത്തൂർ ട്രെയ്ൻ തീവെപ്പും രഞ്ജിത് ശ്രീനിവാസൻ വധക്കേസും

2023 ഏപ്രിലിൽ ആയിരുന്നു കോഴിക്കോട് ഏലത്തൂരിൽ വെച്ച് ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ ഷാരൂഖ് സെയ്ഫി എന്ന യുവാവ് തീകൊളുത്തിയത്. മൂന്ന് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിലെ പ്രതിയായ ഷാരൂഖ് സെയ്ഫിയെ ഡൽഹിയിൽ നിന്നാണ് പിടികൂടിയത്. കേസിന്റെ ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ അജിത്കുമാർ തുടക്കം മുതലേ ഇതൊരു തീവ്രവാദകേസ് ആയാണ് മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. പ്രതിയെ പിടികൂടിയത് ഡൽഹിയിലെ ഷഹീൻബാഗിൽ നിന്നാണ് എന്നായിരുന്നു പ്രധാന വാദം. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് അടിത്തറയൊരുക്കിയ ഷഹീൻബാഗ് സംഘപരിവാർ ലക്ഷ്യം വയ്ക്കുന്ന പ്രദേശമാണെന്ന് ഓർക്കണം.

കേസിൽ ഡൽഹിയിൽ നിന്നും മൊഴിയെടുത്ത ഒരു യുവാവിന്റെ പിതാവിനെ കേരളത്തിലെത്തിക്കുകയും കൊച്ചിയിലെ ഹോട്ടൽ മുറിയിൽ അയാളെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തത് വാർത്തയായിരുന്നു. സംഭവം ആത്മഹത്യയാണെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. കേരള പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച കേസ് പിന്നീട് എൻ.ഐ.എക്ക് കൈമാറുകയായിരുന്നു. എന്നാൽ ഇപ്പോഴും ഏലത്തൂർ ട്രെയിൻ തീവെപ്പ് ഒരു ദുരൂഹതയായി അവശേഷിക്കുന്നു. എന്തിനാണ് ഷാരൂഖ് സെയ്ഫി എന്ന യുവാവ് ട്രെയിനിന് തീ വെച്ചതെന്നോ അയാളുടെ ലക്ഷ്യങ്ങളോ ഇന്നും അറിയാൻ കഴിയുന്നില്ല. കർണാടക തെരഞ്ഞെടുപ്പ് അടുത്തിരുന്ന സമയത്ത് നടന്ന സംഭവമായതുകൊണ്ട് തന്നെ കേസിന്റെ പിന്നിലെ രാഷ്ട്രീയ ഇടപെടലുകൾ പുറത്തുവരേണ്ടതുണ്ട്. അജിത്കുമാർ ഇടപ്പെട്ട കേസായതിനാൽ പുനഃരന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.

തീവയ്ക്കപ്പെട്ട ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് ട്രെയ്ൻ. കടപ്പാട്:keralakaumudi

2021 ഡിസംബറിൽ ആർ.എസ്.എസ് സംഘം കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ നേതാവ് എസ് ഷാനിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് ആലപ്പുഴയിലെ ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ വധിക്കപ്പെടുന്നത്. പോപുലർ ഫ്രണ്ട് പ്രവർത്തകർ രഞ്ജിത്ത് ശ്രീനിവാസനെ വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ രണ്ട് കേസുകളും പൊലീസും കോടതിയും വിവേചനത്തോടെയാണ് കൈകാര്യം ചെയ്തത്. രഞ്ജിത്ത് ശ്രീനിവാസൻ കേസിലെ 15 പ്രതികൾക്കും വധശിക്ഷയാണ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്. ആർ.എസ്.എസ് പോഷകസംഘടനയായ അഭിഭാഷക പരിഷത്തിന്റെ പ്രവർത്തകൻ കൂടിയായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസന് വേണ്ടി ബാർ കൗൺസിൽ ഇടപെടലുണ്ടായെന്നും ആരോപണമുണ്ട്. കേസുമായി ബന്ധമില്ലാത്ത യുവാവിനെ കസ്റ്റഡിയിലെടുക്കുകയും മർദ്ദിക്കുകയും ചെയ്ത ശേഷം ജയ് ശ്രീ രാം വിളിക്കാൻ നിർബന്ധിച്ചതും ചർച്ചയായിരുന്നു. ആദ്യം കൊല്ലപ്പെട്ട ഷാനിന്റെ കേസിൽ വിചാരണ വൈകിപ്പിക്കുന്നത് പൊലീസിന്റെ ഇടപെടൽ കാരണമാണെന്ന് വിമർശനമുണ്ട്. സംഘപരിവാർ പ്രവർത്തകർ പള്ളിയില്‍ക്കയറി കഴുത്തറുത്ത് കൊന്ന കാസർഗോഡ് റിയാസ് മൗലവിയുടെ കേസിലും പ്രതികളെ കോടതി വെറുതെവിട്ട സംഭവത്തിൽ പൊലീസ് വിമർശനം നേരിടുന്നുണ്ട്.

ആർ.എസ്.എസ് എന്ന ഡീപ്നേഷൻ

മലയാളിയും ദേശീയ മാധ്യമ പ്രവർത്തകനുമായ ദിനേശ് നാരായണൻ രചിച്ച ‘ദി ആർ.എസ്.എസ്: ആന്റ് ദി മേക്കിംഗ് ഓഫ് ദി ഡീപ് നേഷൻ’ (The RSS: And the making of the deep nation) എന്ന പുസ്തകത്തിലൂടെയാണ് അതുവരെ അതീവ രഹസ്യമാക്കി വെച്ചിരുന്ന, യോഗചാര്യൻ ശ്രീ എം മധ്യസ്ഥത വഹിച്ച സി.പി.എം- ആർ.എസ്.എസ് ചർച്ചകളുടെ വിവരങ്ങൾ പുറത്തുവരുന്നത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടിയായിരുന്നു ആർ.എസ്.എസ് പ്രാന്ത കാര്യവാഹക് ഗോപാലൻകുട്ടി, വത്സൻ തില്ലങ്കേരി, മറ്റ് പ്രാദേശിക ആർ.എസ്.എസ് നേതാക്കൾ, പിണറായി വിജയൻ, കോടിയേരി ബലാകൃഷ്ണൻ എന്നിവർ ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ഒത്തുചേർന്നത്. തുടർന്ന് ശ്രീ എമ്മിന് യോഗാ കേന്ദ്രം തുടങ്ങുന്നതിനായി തിരുവനന്തപുരത്ത് നാലേക്കർ ഭൂമി പിണറായി സർക്കാർ ദാനം നൽകുകയും ചെയ്തു. ആർ.എസ്.എസ് മുഖപത്രമായ ദി ഓർഗനൈസറിൽ ലേഖനങ്ങളെഴുതിയിരുന്ന, ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭഗവതുമായി ബന്ധം സൂക്ഷിക്കുന്ന ശ്രീ എമ്മിന് നാലേക്കർ ഭൂമി നൽകിയതിൽ എതിർപ്പുകൾ അധിമുണ്ടായില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ദി ആർ.എസ്.എസ്: ആന്റ് ദി മേക്കിംഗ് ഓഫ് ദി ഡീപ് നേഷൻ

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് നടത്തിയ ‘വിധി പ്രഘോഷ്ത്’ സമ്മേളനത്തിൽ പങ്കെടുത്തത് വിരമിച്ച മുപ്പതോളം സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വസതിയില്‍ നടന്ന ഗണപതി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വാർത്തയും ഞെട്ടലുണ്ടാക്കുന്നതാണ്. ജുഡീഷ്യറിയിലേക്ക് പോലും സംഘപരിവാറിന്റെ രാഷ്ട്രീയം കടന്നുചെല്ലുന്ന കാലത്ത് കേരളം, തമിഴ്നാട് പോലുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങൾ മാത്രമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന് പ്രതിരോധം തീർക്കുന്നതെന്നാണ് പൊതുവിൽ വിശ്വസിക്കപ്പെടുന്നത്. എന്നാൽ കേരള പൊലീസിന്റെ സംഘപരിവാർ ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ ആ വിശ്വാസത്തെയാണ് തകർത്തുകളയുന്നത്. സർക്കാരിനും സിപിഎമ്മിന് അതിന് ഉത്തരം നൽകാൻ കൂടുതൽ ബാധ്യതയുണ്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

10 minutes read September 13, 2024 1:56 pm