വയോജനക്ഷേമ വകുപ്പിന്റെ പരിഗണനയ്ക്ക്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ജനങ്ങളുടെ ആയുർദൈർഘ്യം വർദ്ധിക്കുന്നതിന്റെ ഭാഗമായി ജനസംഖ്യയിൽ വയോജനങ്ങളുടെ തോത് വർദ്ധിച്ചു കൊണ്ടിരിക്കുകയാണല്ലോ. കേരളത്തിൽ അത് 18 ശതമാനത്തിൽ നിന്ന് 20 ശതമാനത്തിലേക്കുള്ള വളർച്ചയുടെ ഘട്ടത്തിലാണ്. കേരളത്തിൽ വയോജനങ്ങൾ പലതരത്തിലുള്ള പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നത് സംബന്ധിച്ചുള്ള വാർത്തകളും റിപ്പോർട്ടുകളും നിരന്തരം വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുതുതായി രൂപീകരിക്കപ്പെടുന്ന വയോജന ക്ഷേമ വകുപ്പിന്റെ ഫലപ്രദമായ പ്രവർത്തനം വളരെ പ്രധാനമാണ്.

വയോജനങ്ങളുടെ നിത്യജീവിത പ്രശ്നങ്ങൾ അവരുടെ വരുമാനം, താമസ സൗകര്യങ്ങളുടെ പ്രശ്നം, ആഹാരം, അവർക്കുവേണ്ട മറ്റ് പിന്തുണ സംവിധാനങ്ങൾ (സപ്പോർട്ട് സിസ്റ്റംസ്), ആരോഗ്യ പരിചരണം തുടങ്ങിയവ പ്രശ്നമേഖലകളിൽ ചിലതാണ്. ഇതിനെല്ലാം പുറമേ വീട്ടുകാരിൽ നിന്നുള്ള അവഗണന, സമ്പത്തും വേണ്ടത്ര പണവും ഉണ്ടെങ്കിൽപ്പോലും, വേണ്ട കാര്യങ്ങൾ, വേണ്ട സമയത്ത് ലഭ്യമാകാത്തതിന്റെ പ്രശ്നങ്ങൾ, എല്ലാത്തിനുമുപരിയായി അത്യന്തം ഭീതിതമായ രീതിയിലുള്ള ഏകാന്തത, ആരോടും സംസാരിക്കാനില്ലാതെ, കൂട്ടുകൂടാൻ കഴിയാതെയുള്ള സാഹചര്യങ്ങൾ, പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ എന്നിങ്ങനെ വിവിധതലത്തിൽ പ്രശ്നങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നവരാണ് വയോജനങ്ങൾ.

വയോജനങ്ങൾ എന്ന് മൊത്തത്തിൽ പറയാമെങ്കിലും പല ശ്രേണിയിൽപ്പെടുന്നവരാണ് ഇവർ. സാമ്പത്തികവും സാമൂഹ്യവുമായി താഴെക്കിടയിലുള്ളവർ, പ്രാന്തവത്കരിക്കപ്പെട്ട വിഭാഗങ്ങൾ, ആദിവാസി വിഭാഗങ്ങൾ, ചേരി നിവാസികൾ, തീരദേശവാസികൾ, വിധവകൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗം വയോജനങ്ങൾ പ്രത്യേകമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ഇടത്തരക്കാരും സാധാരണക്കാരുമായ വയോജനങ്ങളുടെ പ്രശ്നങ്ങൾ വേറിട്ടതാണ്. ആവശ്യത്തിന് സമ്പത്തും പണമുണ്ടെങ്കിലും മക്കളും വേണ്ടപ്പെട്ടവരും അടുത്തില്ലാത്തതുകൊണ്ട് സാമ്പത്തികമായി മേലേക്കിടയിലുള്ള വയോജനങ്ങളും ഒട്ടനവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നു.

പ്രായമാകുന്നതോടെ വിവിധതരം രോഗങ്ങൾ – ജീവിതശൈലി രോഗങ്ങളും ക്യാൻസറുകളും, മാനസികാരോഗ്യ പ്രശ്നങ്ങളും, മറവി രോഗങ്ങളും, ചലന വൈകല്യങ്ങളും അടക്കമുള്ള ഒട്ടനവധി രോഗങ്ങൾ – പിടിപെടാനുള്ള സാധ്യതയുള്ളതുകൊണ്ട്, തുടർച്ചയായ ആരോഗ്യ പരിചരണവും, പിന്തുണാ സംവിധാനങ്ങളും ആവശ്യമുള്ളവരാണ് ഇവർ. ഇക്കൂട്ടർക്ക് ഇത് ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ നിലവിലുണ്ടോ എന്നുള്ളത് വളരെ പ്രധാനമാണ്. പേരിന് മാത്രമായി നിലനിന്നുപോരുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്ന കാര്യങ്ങളും ഏറെ പ്രാധാന്യമുള്ളതാണ്.

Representative Image. Courtesy:Aljazeera

വയോജന വകുപ്പിന് ചില പ്രത്യേക നിർദ്ദേശങ്ങൾ

സംസ്ഥാനതലത്തിൽ കേരളത്തിൽ 2006ലും 2013 ലും വയോജനനയം രൂപീകരിക്കുകയും അതനുസരിച്ച് വിവിധ വകുപ്പുകളും, ഏജൻസികളും ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ചുള്ള രൂപരേഖകൾ തയ്യാറാക്കിക്കൊണ്ട് ചില പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. സാമൂഹ്യനീതി വകുപ്പിനും സാമൂഹ്യ സുരക്ഷാ മിഷനു ആണല്ലോ ഈ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല.

പുതുതായി വയോജനക്ഷേമവകുപ്പ് രൂപീകരിക്കപ്പെടുമ്പോൾ, സെക്രട്ടറിയേറ്റ് ഓഫീസിന്റെയും, ഡയറക്ടറേറ്റിന്റെയും പ്രധാന ചുമതല എന്നത് നേരത്തെ മറ്റ് പല വകുപ്പുകളും ഏജൻസികളും വഴി നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്ന പരിപാടികൾ എല്ലാം കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നടപ്പിലാക്കുക, കാലഘട്ടത്തിന് ചേരുന്ന രീതിയിൽ പുതിയ നയപരിപാടികൾക്കും പ്രവർത്തന പരിപാടികൾക്കും രൂപം നൽകുക, ആവശ്യമായ നിയമനിർമ്മാണത്തിന് വേണ്ടെ നടപടികൾ എടുക്കുക, തീരുമാനങ്ങൾ എടുക്കാനുള്ള കാലതാമസം ഒഴിവാക്കുക തുടങ്ങിയവ ആണല്ലോ. അതോടൊപ്പം ശ്രദ്ധിക്കേണ്ട ഒരു കാര്യം എല്ലാ പ്രവർത്തനങ്ങളും തീരുമാനങ്ങളും തങ്ങളിലേക്ക് കേന്ദ്രീകരിച്ചുകൊണ്ട് കാര്യങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ കഴിയാത്ത, അല്ലെങ്കിൽ വേണ്ടത്ര സാങ്കേതികജ്ഞാനവും അനുഭവപരിചയവും ഇല്ലാത്ത ഒരു വകുപ്പായി മാറരുത് എന്നതാണ്. തീർച്ചയായും വിവിധ ഏജൻസികളും വകുപ്പുകളും വഴി നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ വലിയ രീതിയിലുള്ള ഏകോപന സംവിധാനമായി പുതുതായി രൂപീകരിക്കപ്പെടുന്ന ഡയറക്ടറേറ്റിനും സെക്രട്ടറിയേറ്റ് ഡിപ്പാർട്ട്മെന്റിനും പ്രവർത്തിക്കാൻ കഴിയണം. മാത്രമല്ല, ഇന്നിപ്പോൾ ഭരണതലത്തിൽ പല വകുപ്പുകളുടെയും മിഷനുകളുടെയും കോർപ്പറേഷനുകളുടെയും ഒക്കെ കാര്യത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് പോലെ അനാവശ്യ ബ്യൂറോക്രാറ്റിക് നടപടിക്രമങ്ങളുടെ ഒരു കേന്ദ്രമായി ഈ വകുപ്പ് മാറാതിരിക്കാനുള്ള മുൻകരുതൽ എടുക്കുക എന്നതും പ്രധാനമാണ്. പുതുതായി ഒരു വകുപ്പ് രൂപീകരിക്കപ്പെടുക എന്ന് പറയുമ്പോൾ, അതുകൊണ്ട് ഉദ്ദേശിക്കുന്നത്, ആ വകുപ്പിലൂടെ ലക്ഷ്യം വയ്ക്കുന്ന എല്ലാ സേവനങ്ങളും കൃത്യമായി ജനങ്ങൾക്ക് ലഭ്യമാകുന്നതിനുള്ള സംവിധാനങ്ങൾ പല തട്ടുകളിലായി സംവിധാനം ചെയ്യുക എന്നതാണ്.

കേരളത്തിന് അനുയോജ്യമായ പ്രവർത്തന സ്ട്രാറ്റജി

ഏതുകാര്യത്തിലും സാമൂഹിക പങ്കാളിത്തത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും ഉള്ള പ്രവർത്തനങ്ങളും, വികേന്ദ്രീകൃത ആസൂത്രണത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക എന്നതും കേരളത്തിന്റെ ശക്തിയും സാധ്യതയുമായി പൊതുവിൽ അംഗീകരിക്കപ്പെട്ട കാര്യമാണല്ലോ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി വികേന്ദ്രീകൃത ആസൂത്രണം വലിയ രീതിയിൽ നടപ്പിലാക്കി വരുന്ന ഒരു സംസ്ഥാനമെന്ന നിലയ്ക്ക് എല്ലാ പ്രവർത്തനവും വകുപ്പ് നേരിട്ട് ചെയ്യുക എന്നതിനേക്കാൾ, ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി വയോജനങ്ങൾക്ക് വേണ്ട വിവിധതരം സേവനങ്ങൾ കൃത്യമായി ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്ന ചുമതലയിൽ വകുപ്പ് ശ്രദ്ധ കൊടുക്കുന്നതായിരിക്കും നന്നാവുക. വയോജനക്ഷേമ പ്രവർത്തനങ്ങൾക്ക് കൃത്യമായ ദിശാബോധം നൽകുന്നതിനും അതിനുവേണ്ടി നയപരമായ തീരുമാനങ്ങളെടുത്തും, ആവശ്യമായ ഫണ്ട് ലഭ്യമാക്കുകയും ചെയ്തുകൊണ്ട് പ്രവർത്തനങ്ങളുടെയും നടത്തിപ്പിന്റെയും മേൽനോട്ടം വഹിക്കുക എന്ന ചുമതലയാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്.

ഈ വകുപ്പ് ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ വകുപ്പിന് സംസ്ഥാനതല ഉദ്യോഗസ്ഥന്മാർക്കും ജില്ലാതല ഉദ്യോഗസ്ഥന്മാർക്കും പുറമേ മറ്റ് പല വകുപ്പുകൾക്കും ഉള്ളതുപോലെ താഴേതട്ടുവരെ വലിയൊരു സമാന്തര സംവിധാനം ഉണ്ടാക്കേണ്ടതില്ല. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഈ കാര്യങ്ങളിൽ വേണ്ട പരിശീലനങ്ങളും, ഫണ്ടും, പ്രവർത്തന പരിപാടികളും ലഭ്യമാക്കിക്കൊണ്ട് ലക്ഷ്യമിടുന്ന സേവനങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടത്. വയോജനക്ഷേമ വകുപ്പിന്റെ സംവിധാനങ്ങൾ വഴി, കൃത്യമായ മേൽനോട്ടവും മോണിറ്ററിങ്ങും നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതായിരിക്കും കേരളത്തിന് അനുയോജ്യമായ ഒരു പ്രവർത്തനരീതി.

കേരളത്തിൽ, കമ്മ്യൂണിറ്റി തലത്തിലുള്ള പാലിയേറ്റീവ് കെയർ പ്രോഗ്രാം വഴി ജനകീയ പങ്കാളിത്തത്തോടെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, ആരോഗ്യവകുപ്പുമായി ചേർന്ന് നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്ന പശ്ചാത്തലത്തിൽ, ഇതിൽനിന്നുള്ള അനുഭവപാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് താഴെത്തട്ടിൽ കമ്മ്യൂണിറ്റി ബേസ്ഡ് ആയ, ജനകീയ പങ്കാളിത്തത്തോടുകൂടിയുള്ള വയോജന ക്ഷേമ പരിപാടികൾക്കാണ് വകുപ്പ് ഊന്നൽ നൽകേണ്ടത്.

വയോജനങ്ങളുടെ എല്ലാത്തരത്തിലുള്ള ക്ഷേമവും, സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പുവരുത്താനുള്ള ബാധ്യത സ്റ്റേറ്റിനുണ്ട് (സംസ്ഥാന/ കേന്ദ്രസർക്കാരുകൾക്ക്), എന്ന ഒരു തത്വത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം വകുപ്പിന്റെ പ്രവർത്തനം.

ഈ മേഖലയിൽ പ്രാധാന്യമുള്ള ഏതാനും ചില കാര്യങ്ങൾ, താഴെ വിവിധ സെക്ഷനുകളിലായി പ്രത്യേകം സൂചിപ്പിക്കുന്നു.

Representative Image. Courtesy:Aljazeera

I. വയോജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള നടപടികൾ

1) സാമൂഹിക സുരക്ഷാ പെൻഷനുകളും ക്ഷേമനിധി പെൻഷനുകളും

    സാമൂഹ്യ സുരക്ഷാ പെൻഷൻ ഇന്ന് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണല്ലോ. മുടക്കം വരാറുണ്ടെങ്കിലും കുറേക്കാലമായി നടന്നുവരുന്നതും എന്നാൽ കാലോചിതമായ പരിഷ്കാരങ്ങൾ ആവശ്യമുള്ളതുമായ ഒരു മേഖലയാണിത്. സ്വന്തമായി വരുമാനം ഇല്ലാത്തവരും ഇത്തരത്തിലുള്ള പെൻഷനുകൾ ഒന്നും ലഭ്യമാവാത്തവരുമായ വയോജനങ്ങളുണ്ട്. അവരെ കണ്ടെത്താനും അവർക്ക് പെൻഷൻ ലഭ്യമാക്കാനുള്ള നടപടികളുണ്ടാവണം. ഈ പെൻഷനുകൾ വഴി ലഭ്യമാകുന്ന തുക, ഇവരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നുണ്ടോ, അതോ ഇവരുടെ പേരിൽ മക്കളോ മറ്റാരെങ്കിലും കൈപ്പറ്റി ഇവർക്ക് അത് വഴി ലഭ്യമാകേണ്ട സൗകര്യങ്ങൾ ലഭ്യമാകാതെ പോകുന്നുണ്ടോ എന്നുള്ളത് പ്രത്യേകമായി കമ്മ്യൂണിറ്റി തലത്തിൽ മോണിറ്റർ ചെയ്യേണ്ടതാണ്.

    2) അറുപതു വയസ്സ് കഴിഞ്ഞ എല്ലാവരെയും സർക്കാരിന്റെ അല്ലെങ്കിൽ സമൂഹത്തിന്റെ ഒരു ബാധ്യത എന്നതിനപ്പുറം അവരിൽ നിന്ന് സമൂഹത്തിന് ലഭ്യമാക്കാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഉയർന്ന സാങ്കേതിക മേന്മയുള്ള തൊഴിൽ മേഖലകളിൽ പ്രവർത്തിച്ചുവന്നിരുന്നവർക്കും, വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും, വിവിധ പരമ്പരാഗത തൊഴിൽ മേഖലകളിൽ വേണ്ടത്ര അനുഭവപരിചയവും പ്രായോഗികജ്ഞാനവുമുള്ളവർക്കും അവരുടെ സേവനങ്ങൾ തുടർന്ന് ഏതെങ്കിലും തരത്തിൽ ലഭ്യമാക്കാൻ കഴിയുകയാണെങ്കിൽ അത് സമൂഹത്തിന് വലിയ നേട്ടമായിരിക്കും. അതുവഴി ബന്ധപ്പെട്ട വയോജനങ്ങൾക്ക് ഒരു എൻഗേജ്മെന്റ് എന്ന നിലയിലും വരുമാനമെന്ന നിലയിലും സഹായകമാകും.

      കേരളത്തിൽ ജനകീയസൂത്രണത്തിന്റെ ആദ്യ വർഷങ്ങളിൽ ഫലപ്രദമായ രീതിയിൽ ഇത്തരത്തിൽ വിദഗ്ധരുടെ സേവനം നമുക്ക് പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നെങ്കിലും, ഇന്നിപ്പോൾ ആ സംവിധാനം ഏകദേശം മുഴുവനായി അസ്തമിച്ചിരിക്കുന്ന ഒരു അവസ്ഥയാണുള്ളത്. അത് തിരികെ കൊണ്ടുവരേണ്ടതുണ്ട്.

      3) വയോജന കുടുംബശ്രീ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കൽ

        സ്ത്രീകളും പുരുഷന്മാരുമായ വയോജനങ്ങൾക്ക് അവനവന്റെ വിദ്യാഭ്യാസ യോഗ്യതയുടെയും തൊഴിൽപരമായ അനുഭവങ്ങളുടേയും മറ്റു പ്രായോഗിക പരിചയത്തിന്റെയും അടിസ്ഥാനത്തിൽ കൂട്ടായ സംരംഭങ്ങൾ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, നഗരപ്രദേശ തലങ്ങളിൽ ഫലപ്രദമായ രീതിയിൽ രൂപം കൊടുക്കുന്നതിന് ഒരു സംവിധാനം ഒരുക്കണം.

        4) കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ വഴിയുള്ള ചികിത്സാസൗകര്യങ്ങൾ എല്ലാ വയോജനങ്ങൾക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണം .

          5) വയോജനങ്ങൾക്ക് യാത്രാ ഇളവുകൾ

          ഇന്ത്യൻ റെയിൽവേ കോവിഡിന് മുമ്പ് വരെ വയോജനങ്ങൾക്ക് ലഭ്യമാക്കിയിരുന്ന യാത്ര ഇളവുകൾ, പുനസ്ഥാപിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ മുൻകൈ എടുക്കേണ്ടതാണ്.

          6) ടിക്കറ്റ് നിരക്കിലെ ഇളവുകൾ

          മാളുകളിലും ഹോട്ടലുകളിലും കച്ചവട സ്ഥാപനങ്ങളിലും സിനിമ തീയറ്ററുകളിലും മറ്റും വയോജനങ്ങൾക്ക് സാധനങ്ങൾ/ ടിക്കറ്റുകൾ വാങ്ങുമ്പോൾ വിലയിൽ/ ടിക്കറ്റ് നിരക്കിൽ ഇളവ് നൽകണം. ഇത് വയോജനങ്ങൾക്ക് സാമ്പത്തികമായികൂടുതൽ സഹായകരമാകും, എന്ന് മാത്രമല്ല വീടിന് പുറത്തു പോകുമ്പോൾ പ്രായമായവരെക്കൂടി ഒപ്പംകൂട്ടാൻ മക്കൾക്കും ചെറുമക്കൾക്കുമൊക്കെ പ്രോത്സാഹനമാവുകയും ചെയ്യും.

            7) ധനവിനിയോഗ കാര്യങ്ങളിൽ പരിശീലനങ്ങളും

              സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താൻ വയോജന പെൻഷനുകൾ നൽകുന്നതുകൊണ്ട് മാത്രമായില്ല, വയോജനങ്ങൾക്ക് സാമ്പത്തിക മാനേജ്മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആവശ്യമായ പരിശീലനങ്ങൾ/അറിവ് നൽകേണ്ടതാണ്. സർക്കാർ, പൊതുമേഖല, കോ-ഓപറേറ്റീവ്, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് വിരമിക്കുന്നവർക്ക് റിട്ടയർമെന്റ് മുമ്പായി ഇക്കാര്യങ്ങളിൽ നിർബന്ധമായും പരിശീലനം നൽകേണ്ടതാണ്. സ്വന്തം പേരുള്ള ആസ്തി, മാനേജ് ചെയ്യുന്നതിനെ സംബന്ധിച്ചും, വിൽപ്പത്രം തയ്യാറാക്കുന്നതിന്നെ സംബന്ധിച്ചുമുള്ള കാര്യങ്ങൾകൂടി ഇതിൽ ഉൾപ്പെടുത്തേണ്ടതാണ്. എല്ലാം മക്കൾക്ക് നേരത്തെ തന്നെ വീതം വെച്ച് കൊടുത്ത്, പിന്നീട് മക്കൾ തിരിഞ്ഞു നോക്കാത്ത അവസ്ഥയിലെത്തുന്ന വയോജനങ്ങളുടെ വാർത്തകൾ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടല്ലോ. സർക്കാർ ഉദ്യോഗസ്ഥർ അല്ലാത്ത കർഷകരും വിവിധ ക്ഷേമ പെൻഷനുകൾ ലഭിക്കുന്നവരും അടങ്ങുന്ന സാധാരണക്കാരായ വയോജനങ്ങൾക്കുകൂടി, ഇക്കാര്യങ്ങളിൽ അറിവ് നൽകാനുള്ള പ്രവർത്തനങ്ങൾ ആവശ്യമാണ്.

              8) റിവേഴ്സ് മോർട്ടഗേജ് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുക

                വയോജനങ്ങൾക്ക് അവരുടെ പേരിലുള്ള വീടോ ആസ്തിയോ പണയപ്പെടുത്തി ആവശ്യമായ തുക മസാമാസം അല്ലെങ്കിൽ ഒന്നിച്ച് ലഭ്യമാക്കി, അവരുടെ ദൈനംദിന ആവശ്യങ്ങൾക്കും ചികിത്സിക്കുമൊക്കെ ഉപയോഗിക്കാനുള്ള ഈ പുതിയ ബാങ്ക് ലോൺ സംവിധാനം നിലവിൽ വന്നെങ്കിലും അത് ഫലപ്രദമായി നടപ്പിലാവുന്നില്ല. ഇത് കാര്യക്ഷമമായി നടപ്പിലാക്കാനുള്ള നടപടി എടുക്കേണ്ടതാണ്. ( ഈ ലോൺ സംവിധാനം അനുസരിച്ച് വയോജനങ്ങളുടെ കാലശേഷം ലോൺ തുക ബാങ്കിൽ അടച്ചാൽ വസ്തുവകകൾ അർഹതപ്പെട്ടവർക്ക് തിരിച്ചുകിട്ടുന്നതുമാണ്).

                II. വയോജനങ്ങളുടെ വിവരശേഖരണം

                വയോജനങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക പ്രവർത്തന പരിപാടികൾക്ക് രൂപം കൊടുക്കുന്നത് വിവിധ പ്രായത്തിലുള്ള വയോജനങ്ങൾ അവരുടെ വിവിധതരത്തിലുള്ള വിശദാംശങ്ങൾ തുടങ്ങിയവ കൃത്യമായി ലഭ്യമാക്കേണ്ടതുണ്ട് പ്രത്യേകമായ ഒരു സർവേയോ മറ്റോ ഇതിനുവേണ്ടി നടത്തേണ്ടതില്ല. വിവിധ വകുപ്പുകളിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും ലഭ്യമായ വിവരങ്ങൾ ഒന്നിച്ചു ചേർത്ത് പരിശോധിച്ച്, പഞ്ചായത്ത് തലത്തിലും, നഗരപ്രദേശ തലത്തിലും വയോജനങ്ങളുടെ വിവിധ പ്രായം തിരിച്ച് സ്ത്രീ-പുരുഷൻ, നിലവിലെ സാമ്പത്തിക-സാമൂഹിക-തൊഴിൽപരവും വിദ്യാഭ്യാസപരമായ പരിചയം-പ്രവർത്തി ചെയ്യാനുള്ള കഴിവ് തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ബേസ് ലൈൻ ഡാറ്റ തയ്യാറാക്കേണ്ടതാണ്. പ്രത്യേക സാമൂഹിക സപ്പോർട്ട് സിസ്റ്റങ്ങൾ ആവശ്യമുള്ളവർ, വിവിധതരം രോഗങ്ങളും തുടർ ചികിത്സകളും ആവശ്യമുള്ളവർ തുടങ്ങിയ വിവരങ്ങൾ ഈ ലിസ്റ്റിൽ നിന്നും തരം തിരിച്ചെടുക്കാനും കഴിയേണ്ടതാണ്.

                ഇതിന്റെ ചുമതല ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് തന്നെ നൽകേണ്ടതാണ്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഫീൽഡ് തല ആരോഗ്യപ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, സാമൂഹ്യ നീതി വകുപ്പ് തുടങ്ങിയവ വഴി ഈ വിവരങ്ങൾ കൃത്യമായി ലഭ്യമാക്കി, തരംതിരിച്ച് തയ്യാറാക്കേണ്ടതാണ്.

                Representative Image. Courtesy:Aljazeera

                III. ആരോഗ്യ സുരക്ഷയും സേവനങ്ങളും

                പ്രായമാവുന്നതോടെ ജീവിതശൈലി രോഗങ്ങൾ വരാനുള്ള സാധ്യതകൾ കൂടുതലാണ്. കൂടാതെ വിവിധതരം ക്യാൻസറുകൾ, മാനസിക ആരോഗ്യ പ്രശ്നങ്ങൾ, മറവിരോഗം, ചലന വൈകല്യങ്ങൾ തുടങ്ങി മറ്റു പലതര രോഗങ്ങൾക്കുള്ള സാധ്യതകളും കൂടുതലാണ്. പകർച്ചവ്യാധി രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും അത് തീവ്രതമാകാനുള്ള സാധ്യതയും കൂടുതലാണ്. തിമിരമടക്കമുള്ള നേത്രരോഗങ്ങളും ദന്തരോഗങ്ങളും പ്രായം കൂടുന്നതോടെ വർധിച്ചുവരുന്നവയാണ്. ഈ രോഗങ്ങൾ ക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കും, അവ നേരത്തെ കണ്ടെത്തുന്നതിനും, സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുന്നതിനും, തുടർ ചികിത്സയും റിഹാബിലിറ്റേഷൻ സേവനങ്ങളും ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങൾ താഴെ തട്ടിൽ ഉണ്ടായിരിക്കേണ്ടതാണ്.

                ​1) ആരോഗ്യവർദ്ധക പ്രവർത്തനങ്ങൾ

                നേരത്തെ സൂചിപ്പിച്ച രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗങ്ങൾ തുടങ്ങിയവയും പകർച്ചവ്യാധി രോഗങ്ങളും പിടിപെടുന്നതിന് മുൻപായി ആരോഗ്യവർദ്ധക-രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. ഇതിന്റെ ഭാഗമായി വ്യായാമം, പോഷകാഹാര ലഭ്യത ഉറപ്പുവരുത്തൽ, ആഹാര നിയന്ത്രണങ്ങൾ വേണ്ടവർക്ക് അക്കാര്യങ്ങൾ, ചിട്ടയായ ജീവിതശൈലികൾ, ശരിയായ ഉറക്ക ക്രമം, യോഗ തുടങ്ങിയ കാര്യങ്ങളിൽ അവബോധം നൽകുകയും, അവശ്യം വേണ്ട പരിശീലനങ്ങൾ നൽകാനുമുള്ള സംവിധാനങ്ങൾ ഉണ്ടാവണം.

                2) ഒത്തുചേരാനും ഏകാന്തത മറികടക്കാനും വ്യായാമ പ്രോത്സാഹനത്തിനുമുള്ള പ്രവർത്തനങ്ങൾ

                  നഗര-ഗ്രാമ പ്രദേശങ്ങളിൽ നിലവിലുള്ള പാർക്കുകൾ അല്ലെങ്കിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ തുടങ്ങിയവ, വയോജനങ്ങൾക്ക് റിക്രിയേഷനും, ഒന്നിച്ചുകൂടാനും, സമയം ചെലവഴിക്കാനും, കലാകായിക വിനോദങ്ങൾ നടത്താനും, അനുഭവങ്ങൾ പങ്കുവെക്കുന്നതിനുമുള്ള വേദികളാക്കി മാറ്റുകയും, നിലനിർത്തുകയും ചെയ്യണം. കുട്ടികൾക്ക് വയോജനങ്ങളുടെ അനുഭവങ്ങളും, പഴംകഥകളും പങ്കുവെക്കാനുള്ള അവസരങ്ങളായും ഈ കേന്ദ്രങ്ങളെ മാറ്റാവുന്നതാണ്. കെട്ടിട നിർമ്മാണം കഴിവതും ഒഴിവാക്കിക്കൊണ്ട് ലഭ്യമായ കെട്ടിടങ്ങളിൽ (അംഗൻവാടി കെട്ടിടങ്ങളിലോ, വായനശാലകളിലോ, ആരോഗ്യ വകുപ്പിന്റെയോ തദ്ദേശഭരണ സ്ഥാപനങ്ങളുടെയോ, സ്കൂളുകളുടെയോ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും മുറികളും കണ്ടെത്തി സജ്ജമാക്കാനുള്ള നടപടികളെടുക്കണം.

                  ഗ്രാമപ്രദേശങ്ങളിൽ അത്തരത്തിലുള്ള കെട്ടിട സൗകര്യങ്ങൾ കുറവാണെങ്കിൽ സൗകര്യമുള്ള വീടുകളുടെ മുറ്റത്തും ഇറയത്തുമൊക്കെ ഒന്നിച്ചുകൂടാനുള്ള പ്രവർത്തനങ്ങൾ ചെയ്യേണ്ടതുണ്ട്. എല്ലാ വീട്ടുകാർക്കും ഇക്കാര്യങ്ങളിൽ താല്പര്യമുണ്ടായില്ലെങ്കിലും ചിലർക്കെങ്കിലും താല്പര്യമുണ്ടായിരിക്കും. ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല ഫീൽഡ് തല ആരോഗ്യ പ്രവർത്തകർക്കും, ആശമാർക്കും തെരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകർക്കും നൽകാവുന്നതാണ്.

                  3) അംഗൻവാടികൾ: കുട്ടികൾക്കും കൗമാരപ്രായക്കാർക്കുമൊപ്പം വയോജന സേവനങ്ങൾ

                    അംഗനവാടികളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്ന വർത്തമാന സാഹചര്യത്തിൽ, പെൺകുട്ടികൾക്ക് പുറമെ വയോജനങ്ങൾക്ക് കൂടി സേവനം നൽകുന്ന മൂന്ന് ജനറേഷൻ (3G) അംഗൻവാടികേന്ദ്രങ്ങളായി നമ്മുടെ അംഗൻവാടികൾ മാറ്റേണ്ടതുണ്ട്. വനിതാ ശിശുക്ഷേമവകുപ്പിനെ, സാമൂഹ്യനീതി വകുപ്പിൽ നിന്ന് വേർപ്പെടുത്തുന്നതിന് മുമ്പ് അംഗൻവാടികൾ കേന്ദ്രീകരിച്ച് വയോജന ക്ലബ്ബുകൾ രൂപീകരിച്ച പ്രവർത്തിച്ചുവന്നിരുന്നു. എന്നാൽ ഇവയുടെ പ്രവർത്തനവും ഇപ്പോൾ നിലച്ച മട്ടിലാണ്.

                    4) തുടർ ചികിത്സാ സംവിധാനങ്ങൾ

                      രക്തസമ്മർദ്ദം, പ്രമേഹം, ആസ്മ, ശ്വാസകോശ രോഗങ്ങൾ, സന്ധി രോഗങ്ങൾ തുടങ്ങിയ തുടർച്ചയായ ചികിത്സ വേണ്ട രോഗങ്ങളുള്ളവർക്ക് അതിനുള്ള മരുന്നുകൾ കൃത്യമായും സൗജന്യമായും ലഭ്യമാക്കലും പരിശോധന സൗകര്യങ്ങൾ ഉറപ്പുവരുത്തലും വളരെ പ്രധാനമാണ്. നഗരപ്രദേശങ്ങളിലും ഏതാനും ചില ബ്ലോക്കുകളിലും നിലവിലുള്ള വയോമിത്രം പ്രോഗ്രാം സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്ന് പുതുക്കിയ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രോഗ്രാം ഗ്രാമപ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ആരോഗ്യ വകുപ്പിന്റെ ജീവിതശൈലി രോഗനിയന്ത്രണ പരിപാടികളുമായി ഇതിനെ ഏകോപിപ്പിക്കേണ്ടതുണ്ട് എന്നതാണ്.

                      വിപുലമായ രീതിയിലുള്ള ജീവിതശൈലി രോഗനിയന്ത്രണ പരിപാടി ആരോഗ്യ വകുപ്പ് താഴെത്തട്ടിൽ രൂപംകൊടുക്കുന്നതിന് മുമ്പേ, നടപ്പിലാക്കാനാരംഭിച്ച വയോമിത്രം പരിപാടി ഇന്നിപ്പോൾ ഒരു ഡ്യൂപ്ലിക്കേഷനായി മാറിയിട്ടുണ്ട്. നഗരപ്രദേശങ്ങളിലും ഇത് ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളുമായി ഏകോപിക്കേണ്ടതാണ്. വയോ മിത്രത്തിന്റെ ഭാഗമായി ഈ മേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർക്ക് അവരുടെ തൊഴിൽ നഷ്ടമാകാത്ത രീതിയിൽത്തന്നെ അവരെ ഇതിനോട് കണ്ണി ചേർക്കേണ്ടതാണ്.

                      5) ഗൃഹകേന്ദ്രീകൃത സേവനങ്ങൾ

                        ആരോഗ്യ സ്ഥാപനങ്ങളിലേക്ക് പോകാൻ കഴിയാത്ത പ്രത്യേകമായ ആരോഗ്യ പരിചരണം ആവശ്യമുള്ള വയോജനങ്ങൾക്ക് അവ വീടുകളിൽ തന്നെ ലഭ്യമാക്കേണ്ടതുണ്ട്. സംസ്ഥാനത്ത് ഫലപ്രദമായി പ്രവർത്തിച്ചുവരുന്ന പാലിയേറ്റീവ് കെയർ മോഡലിൽ, വീടുകളിൽ ഇത്തരം സേവനങ്ങൾ ലഭ്യമാക്കേണ്ടതാണ്. ഇതിനായി ആരോഗ്യവകുപ്പ് ഇപ്പോൾ എൻഎച്ച്എം വഴി നിയോഗിച്ചുകൊണ്ടിരിക്കുന്ന എംഎൽഎസ്പി (മിഡിൽ ലെവൽ സർവീസ് പ്രൊവൈഡർ) എന്ന വിഭാഗം സ്റ്റാഫ് നേഴ്സുമാരെ പ്രത്യേകമായി പരിശീലിപ്പിക്കുകയും, അവർക്ക് വേണ്ട ആരോഗ്യ പരിചരണ ഉപകരണങ്ങളും മരുന്നുകളും പരിശോധനാ സംവിധാനങ്ങളും ലഭ്യമാക്കേണ്ടതുമാണ്. വീട്ടുകാരെയും സമൂഹത്തെയും പരിചരണ കാര്യങ്ങളിൽ പങ്കാളികളാക്കിക്കൊണ്ടുള്ള ഒരു സംവിധാനമാണ് നമുക്ക് വളർത്തിക്കൊണ്ടുവരേണ്ടത്. കൗൺസിലിംഗ് അടക്കമുള്ള കാര്യങ്ങളിൽ ഇവർക്ക് പരിശീലനം ആവശ്യമാണ്. ഇവരുടെ പ്രവർത്തനങ്ങളും ഗൃഹസന്ദർശനങ്ങളും സാമൂഹിക പങ്കാളിത്തത്തോടെ കൂടി കൂടുതൽ ഫലപ്രദമായി നടപ്പിലാക്കേണ്ടതാണ്.

                        6) മാനസികാരോഗ്യ സേവനങ്ങൾ

                          മാനസികാരോഗ്യ പ്രശ്നമുള്ള വയോജനങ്ങൾക്ക് വീട്ടിൽ വച്ച് തന്നെ അത്തരത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിന്, ഗൃഹകേന്ദ്രീകൃതവും വീട്ടുകാരുടെ പങ്കാളിത്തത്തോടുകൂടിയുമുള്ള സേവനങ്ങൾ പ്രൈമറി ഹെൽത്ത് സെന്ററിന്റെ ആരോഗ്യ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് നടത്തേണ്ടതുണ്ട്. ടെലി കൗൺസിലിംഗ് അടക്കമുള്ള കൗൺസിലിംഗ് സേവനങ്ങളും ലഭ്യമാക്കേണ്ടതാണ്

                          7) മറവിരോഗവും ഡിമൻഷ്യ പരിചരണവും

                            പ്രായമേറിയവരിൽ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് മറവിരോഗവും ഡിമെൻഷ്യയും. ഇത് മാനേജ് ചെയ്യുന്നതിനുള്ള പ്രോജക്ടുകൾ, ഈ മേഖലയിലെ വിദഗ്ധരുടെ പിന്തുണയോടെ ചില തദ്ദേശഭരണ സ്ഥാപനങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി നടപ്പിലാക്കി വരുന്നുണ്ട്. ഇക്കാര്യങ്ങളെ സംബന്ധിച്ച് വീട്ടുകാർ അവബോധം കൊടുക്കുന്നതും വീട്ടുകാരെ ഈ അവസ്ഥ മാനേജ് ചെയ്യാൻ സജരാക്കുന്നതും വളരെ പ്രധാനമാണ്. ഈ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതാണ്.

                            8) ഹോം നേഴ്സിങ് പരിശീലനവും അവരുടെ വിന്യാസവും (തദ്ദേശസ്ഥാപനങ്ങൾ വഴി)

                              അനുയോജ്യമായ രീതിയിലുള്ള ഹോംനേഴ്സുമാരെ ലഭ്യമാകുന്നതിന് ഇന്ന് മിക്ക പ്രദേശങ്ങളിലും വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. പലയിടങ്ങളിലും ഇതൊരു കച്ചവട രീതിയിലായി മാറുകയും വീട്ടുകാർക്ക് ഒരു അധികഭാരമായി മാറുകയും ചെയ്യാറുണ്ട്. പലപ്പോഴും മെഡിക്കൽ കാര്യങ്ങളിലുള്ള അറിവും രോഗി പരിചരണത്തിന് ആവശ്യമായ സ്കില്ലും ഇവരിൽ പലർക്കുമില്ല എന്ന പ്രശ്നവുമുണ്ട്. ഇത് പരിഹരിക്കാനായി നിശ്ചിതമായ സിലബസിന് അടിസ്ഥാനമാക്കിയുള്ള ഹോം നേഴ്സിങ് പരിശീലനം തദ്ദേശഭരണ സ്ഥാപനങ്ങൾ, ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ സ്ഥാപനങ്ങളുമായിച്ചേർന്ന് നടപ്പിലാക്കേണ്ടതാണ്. കേരളത്തിൽ ചില മുനിസിപ്പാലിറ്റികൾ ഈ പ്രവർത്തനം നടത്തി വരുന്നുണ്ട്. കൃത്യമായ സിലബസ്സിന്റേയും മാർഗ്ഗ രേഖകളുടെയും അടിസ്ഥാനത്തി ലായിരിക്കണം പരിശീലനം. പരിശീലനം തൃപ്തികരമായി പൂർത്തിയാക്കിയവരുടെ സേവനം ആവശ്യമുള്ള വീട്ടുകാർക്ക് ലഭ്യമാക്കുന്ന പ്രവർത്തനവും തദ്ദേശഭരണ സ്ഥാപനങ്ങൾ ഏകോപിപ്പിച്ച് നടപ്പിലാക്കേണ്ടതാണ്.

                              കോൾ കേരളയുടെ (സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ലൈഫ് ലോങ്ങ് എജുക്കേഷൻ കേരളം) ഭാഗമായി നേരത്തെ ഡിപ്ലോയ്മെന്റ് ഡോമിസിലറി നേഴ്സിങ് കെയർ കോഴ്സ് നടത്താൻ ആരംഭിച്ചില്ലെങ്കിലും, ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഏത് രീതിയിൽ ജോലി ലഭ്യമാവും അല്ലെങ്കിൽ അവരുടെ സേവനം എങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയും എന്നതിൽ വ്യക്തതയില്ലാത്തതുകൊണ്ട് കോഴ്സ് ഏതാണ്ട് നിലച്ച മട്ടിലാണ്. ഇത് പുനരാരംഭിക്കാനുള്ള നടപടികൾ എടുക്കേണ്ടതാണ്.

                              9) വിവിധ ചികിത്സാ മേഖലകളുടെ ഏകോപിച്ചുള്ള പ്രവർത്തനം

                                വയോജന ആരോഗ്യ പരിചരണത്തിൽ അലോപ്പതി, ആയുർവേദം, ഹോമിയോ, നാച്ചുറോപ്പതി തുടങ്ങിയവ വിവിധ ചികിത്സാ വിഭാഗങ്ങളുടെ ഏകോപിച്ചുള്ള പ്രവർത്തനം വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. സർക്കാർ സംവിധാനം എന്ന നിലയിൽ ഈ വകുപ്പുകൾ പലപ്പോഴും വേണ്ടത്ര ഏകോപനം ഇല്ലാതെയാണ് പ്രവർത്തിച്ചുവരുന്നത്. സ്ഥാപനതലത്തിലും ഫീൽഡ് തലത്തിലും ഉള്ള വയോജന സേവനങ്ങൾ ഈ വകുപ്പുകൾ ഏകോപനത്തോടെ നടപ്പിലാക്കുന്നുണ്ട് എന്ന് തദ്ദേശഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. എല്ലാ ചികിത്സാ വിഭാഗങ്ങളും വഴിയുള്ള സേവനങ്ങൾ അവ വേണമെന്നുള്ളവർക്ക് ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ഉണ്ടാക്കുകവഴിയേ ഇത് സാധ്യമാകൂ.

                                10) അനാവശ്യ മെഡിക്കൽ ഇടപെടലുകൾ കുറയ്ക്കാനുള്ള പ്രവർത്തനങ്ങളും ലിവിങ് വില്ലും

                                  ചികിത്സാരംഗം വലിയ രീതിയിൽ കച്ചവടവൽക്കരിക്കപ്പെടുകയും, കോർപ്പറേറ്റ് വൽക്കരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലത്ത് ജീവിതത്തിന്റെ അവസാനനാളുകളിൽ രോഗിയായ വയോജനങ്ങളും പലപ്പോഴും വീട്ടുകാരും ആഗ്രഹിക്കുന്നില്ലെങ്കിൽ പോലും, അനാവശ്യ മെഡിക്കൽ ഇടപെടലുകൾ വളരെ സാധാരണമായി മാറിയിട്ടുണ്ട്. അത്യാസന്ന നിലയിലുള്ള രോഗാവസ്ഥയിൽ എത്തിയവരെ, വെന്റിലേറ്ററിൽ ഇടുന്നതും, നീണ്ട കാല ഐസിയുവാസങ്ങളും, ഒട്ടേറെ പരിശോധനകളും ഒക്കെ ഏതറ്റം വരെ പോകേണ്ടതുണ്ടെന്നുള്ള കാര്യം നേരത്തെ തീരുമാനിച്ചു വയ്ക്കുന്നത് ഉചിതമായിരിക്കും. ഇത് പരിഹരിക്കാനുള്ള ബോധവൽക്കരണവും ‘ലിവിങ് വിൽ’ തയ്യാറാ.ക്കാനുള്ള സംവിധാനങ്ങളും താല്പര്യമുള്ള എല്ലാവർക്കും ലഭ്യമാക്കേണ്ടതാണ്.

                                  11) സമാധാനത്തോടെയുള്ള മരണത്തിന് തയ്യാറെടുക്കാനുള്ള സൗകര്യങ്ങളും ‘ഡെത്ത് കഫെ’യും

                                    സമാധാനത്തോടെയുള്ള ഒരു മരണത്തിന് വയോജനങ്ങൾ, പ്രത്യേകിച്ച് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ള വയോജനങ്ങളും കിടപ്പുരോഗികളുമൊക്കെ തയ്യാറെടുക്കേണ്ടതുണ്ട്. ഇതിനായി പാലിയേറ്റീവ് /വയോജന പരിചരണ പരിപാടികളുടെ അനുബന്ധ പ്രോഗ്രാം എന്ന നിലയ്ക്ക് സാമൂഹ്യ പങ്കാളിത്തത്തോടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളും നടത്തേണ്ടതാണ്. ഇതിനാവശ്യമായ പരിശീലനങ്ങൾ പാലിയേറ്റീവ് വളണ്ടിയർമാർക്കും ടീമിനും ഡോക്ടർമാർ അടക്കമുള്ള മറ്റ് ആരോഗ്യ പ്രവർത്തകർക്കും നൽകേണ്ടതാണ്.

                                    Representative Image.

                                    IV. താമസസൗകര്യവും പകൽ വീടുകളും

                                    1) പകൽ വീടുകൾ

                                    വീട്ടിനകത്തെ ഏകാന്തത ഒഴിവാക്കാനും പകൽ സമയം സമപ്രായക്കാരുമായി ചെലവഴിക്കാനായി ഈ സംവിധാനം പ്രയോജനപ്പെടും. നിലവിൽ പലയിടങ്ങളിലും ഇതിനുവേണ്ടി പണിത കെട്ടിടങ്ങൾ വെറുതെ കിടക്കുന്നുണ്ടെന്നുള്ള കാര്യവും പരിഗണിക്കേണ്ടതുണ്ട്. അതിനുവേണ്ടി വലിയ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് പോകുന്നത് വലിയ സാമ്പത്തിക ചെലവ് വരുന്ന കാര്യവും പിന്നീട് ഒരു ‘വേസ്റ്റ്’ ആയി മാറാൻ സാധ്യതയുണ്ട്. നിലവിൽ വിവിധ വകുപ്പുകളുടെ/തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളിൽ ആവശ്യമായ ഫർണിച്ചറുകളും മറ്റ് അനുബന്ധ സംവിധാനങ്ങളും ഒരുക്കിക്കൊണ്ട് നല്ല രീതിയിലുള്ള ഒരു ബഹുജന കൂട്ടായ്മയോട് കൂടി ഈ പ്രോഗ്രാം വിജയിപ്പിക്കാൻ കഴിയുന്നതാണ്. വീട്ടിലെ ഇല്ലായ്മ കൊണ്ടാണ് ആളുകൾ പകൽവീടുകളിലേക്ക് വരുന്നതെന്ന തോന്നൽ വീട്ടുകാർക്കും സമൂഹത്തിനും ഉണ്ടാവാതെ നോക്കേണ്ടതുണ്ട്.

                                    2) വയോജന കേന്ദ്രങ്ങൾ (ഷെൽട്ടർ ഹോമുകൾ)

                                      നിലവിലുള്ള വയോജന കേന്ദ്രങ്ങളിൽ പലയിടങ്ങളിലും ഒരുപാട് പോരായ്മകൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. അവിടങ്ങളിൽ മാർഗരേഖകൾ അടിസ്ഥാനമാക്കിയുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളും, പരിശീലനം ലഭിച്ച സ്റ്റാഫിന്റെ ലഭ്യതയും ഉറപ്പുവരുത്തേണ്ടതാണ്. നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ സൗകര്യങ്ങളെക്കുറിച്ചും സ്റ്റാഫിന്റെ വിശദാംശങ്ങളും ഒരു വിലയിരുത്തലിന് വിധേയമാക്കേണ്ടതാണ്. വയോജന കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കേണ്ട സൗകര്യങ്ങളും അവിടുത്തെ സ്റ്റാഫിന് കൗൺസിലിങ്ങിൽ അടക്കം ലഭിച്ചിരിക്കേണ്ട പരിശീലനങ്ങളെ സംബന്ധിച്ചും ഒരു മാർഗ്ഗരേഖ ആവശ്യമാണ്. നിലവിൽ ഇതിന് മാർഗ്ഗരേഖകൾ ഇല്ലെങ്കിൽ അത് തയ്യാറാക്കേണ്ടതുണ്ട്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനം ഇടവിട്ട് വിലയിരുത്തുന്നതിനും മോണിറ്ററിങ്ങിനുമായി ഡിപ്പാർട്ട്മെന്റ് സംവിധാനങ്ങളും ജനകീയ പങ്കാളിത്തത്തോടെയുള്ള സമിതികളും വേണ്ടതുണ്ട്. സ്വകാര്യവയോജന കേന്ദ്രങ്ങളെക്കുറിച്ച് പലതരത്തിലുള്ള പരാതികളും ഉയർന്നുവരാറുണ്ട്. അവയുടെ പ്രവർത്തനങ്ങൾ സർക്കാർ സംവിധാനം വഴി വിലയിരുത്തലിനും ക്രമാനുഗതമായ ഇൻസ്പെക്ഷനും വിധേയമാക്കേണ്ടതാണ്.

                                      3) സ്വകാര്യ അസിസ്റ്റഡ് ലിവിങ് ഹോമുകളുടെ ലൈസൻസിങ്ങും മോണിറ്ററിങ്ങും

                                        സമ്പന്നരായ വയോജനങ്ങൾക്ക് വേണ്ടിയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ അസിസ്റ്റഡ് ലിവിങ് ഹോമുകൾ ധാരാളമായി ആരംഭിക്കുന്ന കാലമാണ്. ഇതൊരു ബിസിനസ് സംരംഭവും പലപ്പോഴും ചൂഷണവുമായി മാറിക്കൊണ്ടിരിക്കുന്നുണ്ട്. ഇതിന് കൃത്യമായ ലൈസൻസിങ്ങിനും മാർഗരേഖകൾക്ക് അടിസ്ഥാനമാക്കിയുള്ള പ്രവർത്തനക്രമവും ഉണ്ടാവേണ്ടതുണ്ട്.

                                        4) സാധാരണക്കാരായ വയോജനങ്ങൾക്ക് വേണ്ടിയുള്ള അസിസ്റ്റഡ് ഹോം സേവനങ്ങൾ

                                          സ്വന്തമായി വീടില്ലാത്ത, അല്ലെങ്കിൽ പല കാരണങ്ങൾ കൊണ്ട് സ്വന്തം വീട്ടിൽ താമസിക്കാനാവാത്ത വയോജനങ്ങൾക്ക് അഭയ കേന്ദ്രമായി മാറാൻ കഴിയുന്ന രീതിയിലുള്ള എക്സ്റ്റൻഡഡ് ലിവിങ് ഹോംമുകൾ പഞ്ചായത്ത്, ബ്ലോക്ക്, നഗര, ജില്ലാ തലങ്ങളിൽ ഉണ്ടാവേണ്ടതുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി അടുത്തടുത്തുള്ള ഒഴിഞ്ഞുകിടക്കുന്ന വീടുകളോ അല്ലെങ്കിൽ മറ്റ് കെട്ടിടങ്ങളോ ഇക്കാര്യങ്ങൾക്ക് വേണ്ടി വാടകക്കെടുത്ത് ഈ സൗകര്യം ഒരുക്കാവുന്നതാണ്. പാവപ്പെട്ടവർക്ക് സൗജന്യമായും ഇടത്തരക്കാരായ വയോജനങ്ങൾക്ക് സാമ്പത്തിക സ്ഥിതിക്കനുസരിച്ച് ചെറിയ രീതിയിൽ വാടക വാങ്ങിക്കൊണ്ടുതന്നെ ഈ കേന്ദ്രങ്ങൾ നടത്താവുന്നതാണ്. കുടുംബശ്രീയുമായി ചേർന്ന് ഭക്ഷണ സംവിധാനങ്ങളും, വീട് /കെട്ടിടം വൃത്തിയാക്കൽ, ഹൗസ് കീപ്പിംഗ്, റിക്രിയേഷനുള്ള കലാ-കായിക സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങളും ചെയ്യാവുന്നതാണ്. അതത് പ്രദേശത്തെ വയോജനസമിതികളെയും ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കേണ്ടതുണ്ട്.

                                          Representative Image. Courtesy:FB

                                          V. പൊതു-സ്വകാര്യ ഇടങ്ങൾ വയോജന സൗഹൃദമാക്കൽ

                                          1) പൊതു സ്ഥാപനങ്ങളും ഇടങ്ങളും വയോജന സൗഹൃദമാക്കൽ

                                            കേരളത്തിലെ സാഹചര്യത്തിൽ മുഴുവൻ പൊതു ഇടങ്ങളും, വയോജന സൗഹൃദമാക്കേണ്ടതുണ്ട്. പടികൾ കയറാൻ ബുദ്ധിമുട്ടുള്ളവർക്ക് സ്ലോപ്പ്/ ലിഫ്റ്റ് സൗകര്യങ്ങൾ, പിടിച്ചു നടക്കാനുള്ള റാമ്പ്, ടോയ്‌ലറ്റുകളിൽ പ്രത്യേക കൈപ്പിടികൾ എന്നിവയോട്കൂടി എല്ലാ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളും, ആശുപത്രികൾ അടക്കമുള്ള മുഴുവൻ സ്ഥാപനങ്ങളും വാഹനങ്ങളും, നടപ്പാതകളുമൊക്കെ വയോജന സൗഹൃദമാക്കേണ്ടതുണ്ട്. ഭിന്നശേഷിക്കാരും പ്രത്യേക രീതിയിലുള്ള പരിചരണം ആവശ്യമുള്ളവരുമായ വയോജനങ്ങൾക്കാവശ്യമായ സൗകര്യങ്ങളും പ്രത്യേകം ഒരുക്കേണ്ടതാണ്. കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇതിനനുസരിച്ച് ഭേദഗതി വരുത്തേണ്ടതുമാണ്

                                            2) വീടുകളും സ്വകാര്യ ഇടങ്ങളും വയോജന സൗഹൃദമാക്കൽ

                                              ഇക്കാലത്ത് വീടുകളിൽ ഉപയോഗിക്കുന്ന ടൈലുകൾ അടക്കമുള്ള നിർമ്മാണ സാമഗ്രികൾ കൂടുതലായി വയോജന സൗഹൃദമല്ലാതാകുന്ന ഒരു അവസ്ഥയാണ് കണ്ടുവരുന്നത്. ഇത് കണക്കിലെടുത്തുകൊണ്ട്, വീടുകൾ, പ്രത്യേകിച്ച് വയോജനങ്ങളുടെ മുറികളും അവർ ഉപയോഗിക്കുന്ന വീടിന്റെ ഭാഗങ്ങളും വയോജന സൗഹൃദമാക്കുന്നതിനുള്ള നടപടികൾ എടുക്കേണ്ടതാണ്. അതിനനുസരിച്ച് കെട്ടിട നിർമ്മാണച്ചട്ട ഭേദഗതികളും വരുത്തേണ്ടതാണ്

                                              3) വയോജനങ്ങൾക്ക് പുറത്തിറങ്ങാനുള്ള സൗകര്യങ്ങൾ ഒരിക്കലും സഞ്ചാരശേഷി വർദ്ധിപ്പിക്കലും

                                                ചലനശേഷി കുറഞ്ഞവർക്കും ചലന വൈകല്യമുള്ളവർക്കും വീടിന് പുറത്തേക്ക് പോകുന്നതിന്/കൊണ്ടുവരുന്നതിന് കഴിയുന്ന രീതിയിൽ പ്രത്യേകം വാഹനങ്ങളും പ്രത്യേക രീതിയിൽ സജ്ജീകരിച്ചിട്ടുള്ള വീൽചെയറുകളും ലഭ്യമാക്കുകയും അവയുടെ സേവനം ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. വയോജനങ്ങൾക്കുള്ള പ്രത്യേകമായിട്ടുള്ള ടൂർ പാക്കേജുകൾ നടപ്പിലാക്കേണ്ടതാണ്.

                                                Representative Image. Courtesy:Asianet

                                                VI. പരിശീലനങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങളും (മനുഷ്യവിഭവശേഷി വികസനം)

                                                1) വയോജനക്ഷേമവും വയോജന പരിചരണകാര്യങ്ങളും (gerontology) സ്കൂൾ കോളേജ് വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമാക്കൽ. കുട്ടിക്കാലം മുതൽ ഇക്കാര്യങ്ങളിൽ വ്യക്തമായ ഒരു അവബോധം ലഭിക്കുന്നതിന് ഈ വിഷയങ്ങൾ പഠന പദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ട്.

                                                2) അണ്ടർ ഗ്രാജുവേറ്റ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ കോഴ്സുകളിൽ ജിറിയാ ട്രിക്സിന്റെ പ്രാധാന്യം കണക്കിലെടുത്ത് കോഴ്സിന്റെ ഭാഗമാക്കൽ.

                                                3) നഴ്സിംഗ്,പാരാ മെഡിക്കൽ കോഴ്സുകളിലും ഇക്കാര്യങ്ങൾ പഠനപദ്ധതിയുടെ ഭാഗമാക്കേണ്ടതാണ്.

                                                4) മുഴുവൻ ആശുപത്രി ജീവനക്കാർക്കും ഉള്ള വയോജനാരോഗ്യ പരിശീലനങ്ങൾ.

                                                5) ജീറിയാട്രിക്സിൽ പിജി കോഴ്സ് കൂടുതൽ മെഡിക്കൽ കോളേജുകളിൽ ആരംഭിക്കേണ്ടതാണ്.

                                                6) വിവിധ വിഭാഗം സർക്കാർ ജീവനക്കാർക്കുള്ള പരിശീലങ്ങൾ.

                                                7) ബോധവൽക്കരണ പ്രവർത്തനങ്ങൾ.

                                                8) വയോജനപരിചരണ വിഷയത്തിൽ ആവശ്യമായ സർട്ടിഫിക്കറ്റ് കോഴ്സുകൾ.

                                                9) കമ്മ്യൂണിറ്റി വളണ്ടിയർമാർക്കുള്ള പരിശീലനങ്ങൾ.

                                                  VII. വയോജനങ്ങൾക്ക് വേണ്ടിയുള്ള പരിശീലന പരിപാടികളും ബോധവൽക്കരണവും

                                                  1) വയോജനങ്ങൾക്കുള്ള പ്രത്യേകമായ അവകാശങ്ങളെയും വിവിധ വകുപ്പുകളും ഏജൻസികളും വയോജനങ്ങൾക്ക് ലഭ്യമാക്കിക്കൊണ്ടിരിക്കുന്ന സേവനങ്ങളെയുംകുറിച്ച് ഇന്ന് പലർക്കും വ്യക്തമായ ധാരണയില്ല. ഇക്കാര്യങ്ങളിൽ അറിവ് നൽകുന്നതിന് ആവശ്യമായ ബോധവല്‍ക്കരണ പ്രവർത്തനങ്ങളും മറ്റുപരിപാടികളും നടത്തേണ്ടതുണ്ട്.

                                                  2) കമ്പ്യൂട്ടർ-ഇന്റർനെറ്റ്-ഐടി പരിശീലനങ്ങൾ.

                                                    സ്കൂൾ കോളേജ് പഠനപദ്ധതികളുടെ ഭാഗമായി കമ്പ്യൂട്ടർ പരിശീലനങ്ങളും ഐടി ഓറിയന്റേഷനും കിട്ടാത്തവരാണ് ഇന്നത്തെ വയോജനങ്ങളിൽ ഭൂരിഭാഗവും. പ്രത്യേകിച്ചും ഇന്നത്തെ കാലത്ത് പല തരത്തിലുള്ള ബില്ലടക്കലുകളും (വൈദ്യുതി, ടെലഫോൺ, വിവിധ നികുതികൾ, മറ്റ് പെയ്മെന്റുകൾ) ഇഷ്ടപ്പെട്ട സാധനങ്ങൾ സെലക്ട് ചെയ്ത് വാങ്ങലും ഓൺലൈനിൽ ചെയ്യാൻ കഴിയുമെന്നതുകൊണ്ട് ഇതിനുള്ള അറിവും സ്കില്ലും വളരെ പ്രധാനമാണ്. കൂടാതെ മറ്റുള്ളവരുമായിട്ടുള്ള കമ്മ്യൂണിക്കേഷനുകൾ, എഴുത്തും വായനയും, സിനിമ കലാകായിക വിനോദങ്ങൾ കാണൽ, മറ്റ് ക്രിയേറ്റീവ് പ്രവർത്തനങ്ങൾ, തങ്ങൾക്ക് ഇഷ്ടപ്പെട്ട പാട്ട് കേൾക്കലും മറ്റ് കൾച്ചറൽ ആക്ടിവിറ്റികളിൽ പങ്കാളികളാവൽ, ഓൺലൈൻ മീറ്റിങ്ങുകളിൽ പങ്കെടുക്കൽ വീഡിയോകോൾ തുടങ്ങിവയ്ക്കെല്ലാം കമ്പ്യൂട്ടർ പരിശീലനങ്ങളും ഐറ്റി ഓറിയന്റേഷനും ഇന്റർനെറ്റ് ഉപയോഗങ്ങളും വളരെ പ്രധാനമാണ്. പ്രായമാവുന്നതോടെ ചലന സ്വാതന്ത്ര്യം കുറയുന്ന അവസരങ്ങളിൽ ഇത്തരം സംവിധാനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. തദ്ദേശഭരണ സ്ഥാപന തലത്തിൽ ഇതിനുള്ള സംവിധാനങ്ങൾ ഒരുക്കലും, പരിശീലനങ്ങളും, തുടർ പ്രവർത്തനങ്ങളും ആവശ്യമാണ്. വീട്ടിലെ കുട്ടികളുടെയും മറ്റ് മുതിർന്നവരുടെയും പങ്കാളിത്തത്തോടുകൂടിത്ത ന്നെയായിരിക്കണം ഈ കാര്യങ്ങൾ ചെയ്യേണ്ടത്.

                                                    VIII. നിയമ-പൊലീസ് സഹായങ്ങൾ

                                                    1) വയോജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി 2007 രൂപം കൊടുത്ത നിയമം ഫലപ്രദമായി നടപ്പിലാക്കൽ (മൈന്റെനൻസ് ആൻഡ് വെൽഫയർ ഓഫ് സീനിയർ സിറ്റിസൺസ് ആക്ട് 2007)

                                                      സംസ്ഥാനത്ത് ഈ നിയമം നടപ്പിലാക്കാനായി രൂപംകൊടുത്ത 2009 ലെ റൂൾസിന്റെ അടിസ്ഥാനത്തിൽ 14 ജില്ലകളിലും ആർടിഒ മാരുടെ നേതൃത്വത്തിൽ മെയിന്റനൻസ് ട്രിബ്യൂണറുകൾ രൂപീകരിച്ചിട്ടുണ്ട് എങ്കിലും ഈ നിയമം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്. പല ജില്ലകളിലും പെൻഡിങ് കേസുകൾ വളരെയധികം ഉള്ളതായിട്ടാണ് അറിയാൻ കഴിയുന്നത്. ഈ നിയമത്തെ കുറിച്ചുള്ള ബോധവൽക്കരണവും ഇത് ഫലപ്രദമായി നടപ്പിലാക്കാനുള്ള നടപടികളും കാര്യക്ഷമമാക്കേണ്ടതാണ്.

                                                      2) സൗജന്യ നിയമസഹായങ്ങൾ

                                                        പലകാര്യങ്ങളെ കുറിച്ചും വ്യക്തമായ അറിവില്ലായ്മ മൂലം പലതരത്തിലുള്ള സ്വത്ത് /സാമ്പത്തിക തട്ടിപ്പുകൾക്കും വിധേയരാ വേണ്ടിവരുന്നവരാണ് വയോജനങ്ങൾ. ഇത് കണക്കിലെടുത്തുകൊണ്ട് അവർക്ക് ആവശ്യമായ സൗജന്യ നിയമസഹായങ്ങൾ തദ്ദേശഭരണ സ്ഥാപനതലത്തിലും ജില്ലാ- സംസ്ഥാനത്ത ലീഗൽ സർവീസ് സൊസൈറ്റി തുടങ്ങിയവ വഴിയും ലഭ്യമാക്കാനുള്ള നടപടികളും ആവശ്യമാണ് കൂടാതെ അവശ്യസന്ദർഭങ്ങളിൽ പോലീസ് സഹായങ്ങൾക്കുള്ള സംവിധാനങ്ങളും ചിട്ടപ്പെടുത്തേണ്ടതുണ്ട്.

                                                        3) ലിവിങ് വില്ലിനായി പ്രത്യേക നിയമനിർമ്മാണം

                                                          അടുത്തെയിടെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ലിവിങ് വില്ല് (living will) നടപ്പിലാക്കാനുള്ള ശ്രമങ്ങൾ കേരളത്തിലെ ചില പ്രദേശങ്ങളിൽ ആരംഭിച്ചപ്പോൾ അത് നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക നടപടികൾ തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി ചെയ്യാൻ കഴിയുന്നില്ല എന്ന് മനസ്സിലായി. ലിവിങ് വില്ലിന് വേണ്ടിയുള്ള പ്രത്യേകമായ ഒരു നിയമനിർമാണവും അതിനു വേണ്ടുന്ന ചട്ടങ്ങളും രൂപീകരിച്ചാൽ മാത്രമേ ഇത് ബലപ്രദമായി നടപ്പിലാക്കാൻ കഴിയുകയുള്ളൂ.

                                                          4) പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രത്യേകം സംരക്ഷണം ആവശ്യമുള്ളവർക്കുള്ള മേൽനോട്ടം

                                                            കമ്മ്യൂണിറ്റി പൊലീസ്സിങ്ങ് സംവിധാനത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള സേവനം ആവശ്യമുള്ളവർക്ക് ബന്ധപ്പെട്ട സ്റ്റേഷൻ ഓഫീസർ വഴി നടപ്പിലാക്കേണ്ടതാണ്. ബന്ധപ്പെട്ട വാർഡിലെ വയോജന ആരോഗ്യ സമിതി/തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി ഇത്തരത്തിലുള്ള സേവനം ആവശ്യമുള്ളവരുടെ ലിസ്റ്റും ഫോൺ നമ്പറും പോലീസ് സ്റ്റേഷനിൽ നൽകുകയും, അതുവഴി അവിടുന്ന് തുടർ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നതുമാണ്.

                                                            5) വയോജന ജാഗ്രതാ സമിതി പ്രവർത്തനങ്ങൾ

                                                              പലതരത്തിലുള്ള ശാരീരിക മാനസിക പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്നവരാണ് വയോജനങ്ങൾ എന്നത് കണക്കിലെടുത്തുകൊണ്ട് ഈ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം നൽകേണ്ടതാണ്. ഇത് നിരീക്ഷിക്കാനും ഇടപെടാനും ഒരു സംവിധാനം ഉണ്ടെന്നറിഞ്ഞാൽ തന്നെ ഇതിന്റെ തോത് കുറയാൻ ഇടയുണ്ട്. നിലവിലെ തദ്ദേശഭരണ സ്ഥാപന, അവാർഡ് തല ജാഗ്രത സമിതികളുടെ പ്രവർത്തന ചട്ടക്കൂടിലേക്ക് ഇതിനെ ബന്ധപ്പെടുത്തിക്കൊണ്ട് വയോജനങ്ങൾക്കെതിരെയുള്ള പീഡനങ്ങളും പ്രത്യേകമായി അന്വേഷിക്കാനുള്ള നടപടികൾ എടുക്കേണ്ടതാണ്. ഇതിനായി നിലവിലെ ജാഗ്രത സമിതിക്ക് വയോജന ഉപസമിതി രൂപീകരിക്കേണ്ടതാണ്.

                                                              IX. ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള വയോജനങ്ങൾക്ക് വേണ്ടിയുള്ള നടപടികൾ

                                                              അതിദരിദ്ര വിഭാഗത്തിലുള്ളവരും (എക്സ്ട്രീം പോവർട്ടി എലിമിനേഷൻ പ്രോഗ്രാമിൽ-EPEP -വരുന്നവർ) അതിന് തൊട്ടുമുകളിലുള്ളവരുമായ വയോജനങ്ങൾ, ആദിവാസി വിഭാഗങ്ങൾ, പട്ടികജാതി വിഭാഗങ്ങൾ, തീരദേശ മേഖലകളിലെ മത്സ്യത്തൊഴിലാളി വിഭാഗങ്ങൾ, നഗരചേരി മേഖലകളിലെ വയോജനങ്ങൾ, തുടങ്ങിയ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള വിഭാഗങ്ങളിലെ വയോജനങ്ങൾക്ക് പ്രത്യേകമായ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. പട്ടികവർഗ്ഗ ക്ഷേമ വകുപ്പ്, പട്ടികജാതി ക്ഷേമ വകുപ്പ്, ഫിഷറീസ് വകുപ്പ് തുടങ്ങിയ ബന്ധപ്പെട്ട വകുപ്പുകൾ/ ഏജൻസികൾ വഴി ഇവർക്ക് വേണ്ടുന്ന പ്രത്യേക പ്രോജക്ടുകൾ നടപ്പിലാക്കേണ്ടതാണ്.

                                                              Representative Image. Courtesy:thehindu

                                                              X. സംസ്ഥാന- ജില്ലാ- തദ്ദേശഭരണ സ്ഥാപന, വാർഡ് /ഡിവിഷൻ, ക്ലസ്റ്റർ തല ഏകോപന സംവിധാനങ്ങൾ

                                                              ആമുഖത്തിൽ സൂചിപ്പിച്ചതുപോലെ വലിയ രീതിയിലുള്ള ഏകോപനം ആവശ്യമുള്ള ഒന്നാണ് വയോജന ക്ഷേമപ്രവർത്തനങ്ങളും പരിചരണങ്ങളും. അതുകൊണ്ടുതന്നെ അതിനുള്ള സംവിധാനങ്ങൾ സംസ്ഥാനതലം മുതൽ ഏറ്റവും താഴെ തട്ടുവരെ ഉറപ്പുവരുത്തേണ്ടതാണ്.

                                                              1) സംസ്ഥാന ജില്ലാതല തലങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുടെയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു മിഷനുകൾ, എൻജിഒ, വിദഗ്ധർ മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവരെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഏകോപന സമിതി രൂപീകരിക്കേണ്ടതാണ്.

                                                              2) തദ്ദേശഭരണ സ്ഥാപനതല സംവിധാനങ്ങൾ (ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, ബ്ലോക്ക് ,ഗ്രാമപഞ്ചായത്ത് തലങ്ങളിൽ)

                                                                മുകളിൽ സൂചിപ്പിച്ചത് പോലെ വകുപ്പുകളുടെയും (പൊലീസിന്റെ പ്രതിനിധി അടക്കം) ഏജൻസികളുടെയും ഉൾപ്പെടുത്തിക്കൊണ്ട് ഏകോപന സമിതികൾ രൂപീകരിക്കേണ്ടതാണ്. ജനപ്രതിനികളുടെ നേതൃത്വവും സാമൂഹ്യപ്രവർത്തകരുടെ പങ്കാളിത്തവും ഈ കമ്മിറ്റികളിൽ പ്രധാനമാണ്.

                                                                3) വാർഡ്/ഡിവിഷൻ തല സംവിധാനങ്ങൾ.

                                                                  വാർഡ് തലത്തിൽ നിലവിലുള്ള ആരോഗ്യ ശുചിത്വ പോഷണ സമിതിയുടെ ഒരു ഉപസമിതിയായി ഇതിനെ കണക്കാക്കാവുന്നതാണ്. ഗ്രാമപ്രദേശങ്ങളിൽ വാർഡ് മെമ്പർ ചെയർമാനും നഗരപ്രദേശങ്ങളിൽ കൗൺസിലർ ചെയർമാനും ആരോഗ്യപ്രവർത്തകരും മറ്റു ബന്ധപ്പെട്ട പ്രവർത്തകരും അടങ്ങുന്നതാണ് ഈ സമിതി. ഇതിന് നിലവിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻന്റെയും ശുചിത്വമിഷന്റെയും ഫണ്ട് ലഭ്യമാക്കുന്നുണ്ട്. വയോജന ക്ഷേമ കാര്യങ്ങൾക്ക് പ്രത്യേക ഫണ്ട് ഈ സമിതിക്ക് ലഭ്യമാക്കേണ്ടതാണ്.

                                                                  4) ക്ലസ്റ്റർ കൂട്ടായ്മ: 30 മുതൽ 50 വരെയുള്ള വീടുകൾക്കുള്ള ഒരു കൂട്ടായ്മ സംവിധാനം.

                                                                    മുൻപ് പല സെക്ഷനുകളിലായി നമ്മൾ സൂചിപ്പിച്ച വിവിധ സേവനങ്ങൾ ആവശ്യമുള്ള ഓരോരുത്തർക്കും ലഭ്യമാകും എന്ന് ഉറപ്പുവരുത്തുന്നതിന്, വാർഡ് തല സംവിധാനങ്ങൾ കൊണ്ട് മാത്രം മതിയാവുകയില്ല. വാർഡ്/ഡിവിഷൻ എന്നത് കുറെയധികം വീടുകൾ ഉൾക്കൊള്ളുന്ന ഒരു ഏരിയ ആണ്. 30 മുതൽ 50 വരെ വീടുകൾക്കുള്ള ഒരു ക്ലസ്റ്റർ സംവിധാനം, വാർഡ് തല സമിതികളുടെ ഒരു ഉപസമിതി എന്ന രീതിയിൽ ആരോഗ്യസന്നദ്ധ പ്രവർത്തകരെയും മറ്റ് സാമൂഹ്യപ്രവർത്തകരെയും ഉൾക്കൊള്ളിച്ചുകൊണ്ട്, ബന്ധപ്പെട്ട വകുപ്പിന്റെ പ്രതിനിധികൾ (ആരോഗ്യം വനിതാ ശിശു വികസനം, സാമൂഹ്യനീതി,ഗ്രാമവികസനം, ട്രൈബൽ, എസ് സി, ഫിഷറീസ് തുടങ്ങിയ) രൂപംകൊടുത്ത് തുടർപ്രവർത്തനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്.

                                                                    5) റസിഡൻസ് അസോസിയേഷൻ വഴിയുള്ള പ്രവർത്തനങ്ങൾ നഗരപ്രദേശങ്ങളിൽ

                                                                      ൃകേരളത്തിൽ നഗരപ്രദേശങ്ങളിൽ പ്രത്യേകിച്ചും റസിഡൻസ് അസോസിയേഷനുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. ഇവ വഴി വയോജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഏറെ സാധ്യതകളുണ്ട് . ഇക്കാര്യത്തിന് പ്രത്യേകമായ പരിശീലന പരിപാടികളും തുടർ പ്രവർത്തനങ്ങളും പ്ലാൻ ചെയ്ത് നടപ്പിലാക്കേണ്ടതാണ്. ഇക്കാര്യങ്ങളെ ബന്ധപ്പെട്ട വാർഡ് /ഡിവിഷൻ തല വയോജന ആരോഗ്യ സമിതികളുമായി കൂടി ബന്ധപ്പെടുത്തേണ്ടതാണ്. റസിഡൻസ് അസോസിയേഷനിൽ രൂപീകരിച്ചിട്ടുള്ള ഗ്രാമപ്രദേശങ്ങളിലും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്

                                                                      XI. പ്ലാൻ ഫണ്ടും തനത് ഫണ്ടും ലഭ്യമാക്കാനുള്ള നടപടികൾ

                                                                      1) തദ്ദേശഭരണ സ്ഥാപനങ്ങൾ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി മാൻഡേറ്ററി പ്രോജക്ടുകൾ ആയി വയോജന പരിചരണ പ്രോജക്ടുകൾ തയ്യാറാക്കൽ.

                                                                        പാലിയേറ്റീവ് പരിചരണത്തിനുള്ള പ്രോജക്ടുകൾ നിർബന്ധമായും എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും വയ്ക്കേണ്ടതുപോലെ, വയോജന പരിചരണത്തിനും അത്തരത്തിലുള്ള പ്രോജക്ടുകൾ ഉറപ്പുവരുത്തുന്ന രീതിയിൽ വികേന്ദ്രീകൃത ആസൂത്രണ മാർഗ്ഗരേഖ പരിഷ്കരിക്കേണ്ടതാണ്.

                                                                        Representative Image. Courtesy:apnews

                                                                        XII. മാതൃകാ പ്രോജക്ടുകൾ നടപ്പിലാക്കാനുള്ള പിന്തുണ സംവിധാനം

                                                                        സംസ്ഥാനത്ത് ചില തദ്ദേശഭരണ സ്ഥാപനങ്ങൾ താല്പര്യപൂർവ്വം വയോജന പ്രോജക്ടുകൾ നടപ്പിലാക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇവയുടെ അനുഭവപാഠങ്ങൾ ക്രോഡീകരിച്ച് തെരഞ്ഞെടുത്ത തദ്ദേശഭരണ സ്ഥാപനങ്ങളിൽ ആദ്യത്തെ ഒന്ന് രണ്ട് വർഷം കൊണ്ട് മാതൃക പ്രോജക്ടുകൾ ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞാൽ ആ മോഡലിൽ സംസ്ഥാനവ്യാപകമായി പ്രോജക്ടുകളും പ്രവർത്തന പരിപാടികളും വിപുലപ്പെടുത്തുന്നത് എളുപ്പമാവും. ഇതിന് വേണ്ടുന്ന പിന്തുണയും സപ്പോർട്ടും ഹാൻഡ് ഹോൾഡിങ്ങും ഈ മേഖലയിൽ അനുഭവം പരിചയവും വൈദക്ത്യവും ഉള്ളവരേയും വിദഗ്ധരെയും അക്കാദമിക് സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് നടപ്പിലാക്കേണ്ടതാണ്.

                                                                        XIII. അക്കാദമിക് സ്ഥാപനങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പങ്കാളിത്തം

                                                                        കേരള യൂണിവേഴ്സിറ്റി ഓഫ്‌ ഹെൽത്ത് സയൻസ്, വിവിധ മെഡിക്കൽ കോളേജുകൾ മറ്റു വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കില, പാലിയേറ്റീവ് പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവയെ യൊക്കെ മുൻപ് സൂചിപ്പിച്ച പ്രവർത്തന പരിപാടികളിലും, ഏകോപന സമിതി സംവിധാനങ്ങളിലും, വിദഗ്ധരായ പരിശീലകരായുമൊക്കെ പങ്കെടുപ്പിക്കുന്നത് പ്രവർത്തനങ്ങൾക്ക് വളരെ സഹായകമായിരിക്കും. ഔപചാരികമായി തന്നെ ഇവരെയൊക്കെ ഈ പ്രവർത്തനങ്ങളുടെ ഭാഗമാക്കേണ്ടതുണ്ട്.

                                                                        XIV. പ്രവർത്തനങ്ങളുടെ മേൽനോട്ടവും മോണിറ്ററിങ്ങും

                                                                        പുതുതായി രൂപീകരിക്കപ്പെടുന്ന ഒരു വകുപ്പ് എന്ന നിലയ്ക്ക് മുകളിൽ സൂചിപ്പിച്ച വിവിധ പ്രവർത്തനങ്ങൾ സംസ്ഥാന- ജില്ലാതല- തദ്ദേശ ഭരണ സ്ഥാപനതല സമിതികൾ വഴി തുടർച്ചയായി നിരീക്ഷണ വിധേയമാക്കുകയും ആവശ്യമായ മേൽനോട്ടവും തുടർ നിർദ്ദേശങ്ങളും മോണിറ്ററിങ്ങും തിരുത്തൽ നടപടികളും നടത്തേണ്ടതുമാണ്.

                                                                        Also Read

                                                                        19 minutes read October 1, 2026 9:02 am