‘കിരികിരി ചെരിപ്പി’ലേറി വന്ന് നാദധാരയായ് പടർന്നവൾ

എഴുപതുകളിൽ ഞാൻ ബാല്യത്തിൽനിന്നും കൗമാരത്തിലേക്ക് പ്രവേശിക്കുന്ന കാലമാണ്. നാട്ടിലുള്ള കല്യാണങ്ങളിൽ എല്ലാം അന്ന് പാട്ടുണ്ടാവും. ഉച്ചഭാഷിണി നാട്ടിൽ വന്നു തുടങ്ങുന്ന കാലമാണത്.

അന്ന് വല്ല രാഷ്ട്രീയ യോഗങ്ങൾക്കോ മതപ്രസംഗങ്ങൾക്കോ മാത്രമേ ഉച്ചഭാഷിണി ഉണ്ടാകാറുള്ളൂ. രാഷ്ട്രീയ ജാഥകൾക്കൊന്നും അന്ന് ഉച്ചഭാഷിണിയില്ല. കൈയിൽ പിടിച്ചുകൊണ്ടു ഉച്ചത്തിൽ വിളിച്ചുപറയുന്ന മെഗഫോൺ മട്ടിലുള്ള ഒരുതരം കാഹളമേ ഉണ്ടായിരുന്നുള്ളൂ. വല്ലപ്പോഴും സംഭവിച്ചിരുന്ന രാഷ്ട്രീയ ജാഥകളിലും പ്രകടനങ്ങളിലും ഇതാണ് ഉപയോഗിച്ചുവന്നത്.

ഉച്ചഭാഷിണി മുഖ്യമായും കൊണ്ടുവന്നിരുന്നത്, കല്യാണത്തിന് റെക്കോർഡ് പാട്ടുകൾ കേൾപ്പിക്കാൻ മാത്രമായിരുന്നു. ഞങ്ങളുടെ പ്രായക്കാർ സ്പീക്കർ അടുത്തുകാണുന്നതും അത് ഓപ്പറേറ്റ് ചെയ്യുന്നയാൾ ആരാധ്യപാത്രമാവുന്നതും അങ്ങനെയാണ്.

മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്ന സ്ഥലമായിരുന്നതുകൊണ്ട് മാപ്പിളപ്പാട്ടുകളാണ്, മ്യൂസിക് റെക്കോർഡ് ആയി കേൾപ്പിച്ചിരുന്നത്. ഏത് കല്യാണത്തിലും ഞങ്ങളുടെ നാട്ടിൽ ആദ്യം കേൾപ്പിക്കുന്ന പാട്ട്.

കിരി കിരീ ചെരുപ്പുമ്മൽ

അണഞ്ഞുള്ള പുതുനാരി

വല്ലിമാർ സമൂഹത്തിൽ വിളങ്ങീടുന്നെ

വിളങ്ങീടുന്നേ …

എന്ന കല്യാണപ്പാട്ടായിരുന്നു.

അത് വിളയിൽ വത്സലയുടെ ആദ്യകാല റെക്കോർഡ് ഗാനങ്ങളിൽ ഒന്നാണ്. അത്, ആര് എഴുതിയതെന്നോ എന്നും മറ്റും അറിയില്ല. അന്ന് അതേക്കുറിച്ചൊന്നും വിചാരമില്ലായിരുന്നു. എന്നാൽ പാട്ടുകാരുടെ പേര് എല്ലാർക്കുമറിയാം. ഞാൻ ആറിലോ ഏഴിലോ ആണ് അന്ന് പഠിക്കുന്നത്. കോളേജ് ക്ലാസിലെത്തിയതോടെയാണ് ആ പാട്ട് വി.എം കുട്ടി ചിട്ടപ്പെടുത്തി സംഗീതം നൽകിയ പാട്ടാണെന്നൊക്കെ അറിയുന്നത്.

വി.എം കുട്ടി – വിളയിൽ വത്സല എന്ന പേര് മാപ്പിളപ്പാട്ടുരംഗത്തെ ഒറ്റപ്പേര് പോലെയായിരുന്നു അന്ന് പറഞ്ഞുകേട്ടിരുന്നത്.

വിളയിൽ ഫസീല – വി.എം കുട്ടി . കടപ്പാട് : sarigacdworld2740

നാട്ടിൽ എവിടെ കല്യാണമുണ്ടാവുമ്പോഴും ആദ്യം പാടുന്ന / കേൾക്കുന്ന പാട്ട് അതായിരുന്നു. സ്പീക്കർ സെറ്റുകാരൻ എന്റെ ബന്ധുവായതിനാൽ ആ മ്യൂസിക് റെക്കോർഡുകൾ ഞാൻ എടുത്തുനോക്കാറുണ്ടായിരുന്നു. എച്.എം.വി, കൊളമ്പിയ കമ്പനികളുടേതായിരുന്നു. അവയിൽ ചിലതിന്റെ കവറിൽ, മഞ്ഞ പ്രതലത്തിൽ ബ്ലാക്ക് &വൈറ്റിൽ ഒരു പെൺകുട്ടിയുടെ ചിത്രം ഉണ്ടായിരുന്നു. അതായിരുന്നു വിളയിൽ വത്സല.

വിളയിൽ ഫസീല. കടപ്പാട് : m3db.com

ആ പാട്ടും ചിത്രവും ഹൃദയത്തിൽ കൊണ്ടുനടന്നപോലെ വേറൊരു ഗായകരുടെയും ഫോട്ടോകൾ എന്റെ മനസ്സിൽ പതിഞ്ഞിട്ടുണ്ടാവില്ല. ഒരുപക്ഷേ എന്റെ ബാല്യത്തിൽ ആദ്യം മനസ്സിൽ പതിഞ്ഞ പാട്ടും ചിത്രവും. പിന്നെപ്പിന്നെ പല അളവിലും രൂപത്തിലുമുള്ള ഫോട്ടോകൾ ആയി കൊളമ്പിയയുടെയും എച്.എം.വിയുടെയും മ്യൂസിക് റെക്കോർഡുകളിൽ ആ പെൺകുട്ടിയുടെ വളർച്ച ഞങ്ങളുടെ പ്രായക്കാർ കണ്ടു.

ഞങ്ങളുടെ ദേശത്തുകാർ കല്യാണവേളകളിൽ കേട്ടുപോന്ന ഈ പാട്ട് ഒരുപക്ഷേ 1970-കളിലെ എന്റെ ഗ്രാമത്തിന്റെ സംഗീത സംസ്കാരത്തിന്റെ മായാത്ത ഓർമ്മയാണ്.

ഡോ. ഉമർ തറമേലും വിളയിൽ ഫസീലയും

പിന്നപ്പിന്നെ, വത്സലയുടെ പാട്ടുകൾ സംഗീത സമൂഹത്തിന്റെ നടുമധ്യത്തിലേക്ക് ഒഴുകി വരികയാണ്.

ആമിന ബീവിക്കോമന മോനെ

ആരിലും കനിയും ഇമ്പത്തേനെ...’

ഇബ്രാഹിം – ഇസ്മായേൽ നബിമാരുടെ വിസ്മയ ചരിത്രം അനാവരണം ചെയ്യുന്ന

കൃഷ്ണദാസോത്ത് പാടിയ

‘ഉടനെ കഴുത്തെന്റേതറുക്കൂ ബാപ്പാ..’

ഉമ്മു ഖുറാവിൽ അണഞ്ഞ…

റഹ്മാനള്ളാ റഹീമുമള്ളാ റസാഖുമ് നീയള്ളാ…

‘പൂരം കാണ് ണ ചേല്ക്ക് നമ്മളെ

തുറിച്ചു നോക്ക്ണ കാക്കാ നിങ്ങള്…

…….

ഇങ്ങനെ നൂറുകണക്കിന് പാട്ടുകൾ..

പ്രവാചകനെയും ആയിഷയെയും ഖദീജ ബീവിരെയും കുറിച്ച് പാടിയ, അലിയെയും നബിയുടെ മകൾ ഫാത്തിമയുടെയും കുറിച്ച് പാടിയ കെസ്സ് – ഒപ്പനപ്പാട്ടുകൾ ഒക്കെ എന്റെ കൗമാര കാമനകളെ  തൊട്ടു. യൂസഫും സുലൈഖയും തമ്മിലുള്ള കാമനകഥകളുടെ കൂട്ടത്തിൽ പ്രണയ പാരവശ്യം ഒട്ടിപ്പിടിച്ച് ഈ പാട്ടുകളൊക്കെ എന്റെ കൗമാരത്തിന്റെ ആദ്യപകുതിയെ പിളർത്തി.

വിളയിൽ ഫസീലയെയും വി.എം കുട്ടിയെയും ദുബൈ മാപ്പിള സംഘം ആദരിച്ചപ്പോൾ കടപ്പാട് : manoramaonline.com

മലയാളദേശത്ത്, മതേതര പൊതുവിടത്തിൽ മാപ്പിളപ്പാട്ടിന്റെ ശംഘനാദം മുഴക്കിയ വി.എം കുട്ടിയുടെ പാട്ടുസംഘത്തിലാണ് വിളയിൽ വൽസല / ഫസീല എന്ന ഗായികയുടെ അരങ്ങേറ്റവും അതികായമായ വളർച്ചയും. കല്യാണപ്പാട്ടുകളും കെസ്സുകളും ഒപ്പനപ്പാകളും മാത്രമല്ല ആക്ഷേപ ഹാസ്യവും സ്ത്രീപക്ഷ ഗാനങ്ങളും എന്നുവേണ്ട ഏതും അവരുടെ നാദനഭസ്സിലുണ്ട്.

അയിഷ ബീഗവും റംല ബീഗവും

മാപ്പിളപ്പാട്ടിന്റെ പൊതുമണ്ഡലത്തിലേക്കുള്ള പ്രവേശവും തദ്വരാ സദിരുകളിൽ അതിന്റെ ആധുനികീകരണവും സംഭവിക്കുന്നത് 1957-ൽ വി.എം കുട്ടി നടത്തിയ പൊതു മാപ്പിളപ്പാട്ട് ഗാനമേളയോടൊപ്പമാണെന്ന് പറയാറുണ്ട്. 1950- കളോടൊപ്പം അവയുടെ തുടർച്ച എന്നോണമാണ് വത്സല /ഫസീല എന്ന ഗായിക 1970- കളിൽ ഇതുമായി ഭാ​ഗഭാക്കായ ചരിത്രവും ആരംഭിച്ചത്. അല്ലെങ്കിൽ, മാപ്പിളപ്പാട്ടുകളുടെ ആധുനിക പൊതുമണ്ഡലത്തിലേക്കുള്ള പ്രവേശത്തിൽ ചരിത്രപരമായ ഒരു റോളാണ് അവർക്കുള്ളത്. മുൻഗാമികളായി വന്ന അയിഷ ബീഗവും റംല ബീഗവും അവരുടെ കാലത്തിന്റെ പിറകിലും തൊട്ടുചാരിയും നിന്നു. കെ. രാഘവൻ മാഷ് അടക്കമുള്ള വിശ്രുതരായിട്ടുള്ള നിരവധി സംഗീത സംവിധായകരുടെ സാന്നിധ്യത്തിൽ താൻ പാടിയ പാട്ടുകൾ സാമൂഹ്യ പൊതുമണ്ഡലത്തിൽ ചിതറി. പി.ടി അബ്ദുറഹിമാനെപ്പോലുള്ള മികച്ച കവികളുടെ, പാട്ടുകളുടെ വർത്തമാന താളസ്വരൂപത്തെ സംഗീതാസ്വാദകരിലേക്ക് എത്തിക്കാൻ ഫസീലക്ക് കഴിഞ്ഞു.

പി.ടി അബ്ദുറഹിമാൻ

മാപ്പിള സംഗീതത്തിൽ, ഇതര മതത്തിലും വർഗത്തിലുമുള്ള ഗായിക – ഗായകന്മാരുടെ അരങ്ങേറ്റം ആ സാഹിത്യ – സംഗീതശാഖക്കും കേരളീയ പൊതുസമൂഹത്തിനും നൽകിയ തുറസ്സ് ചെറുതല്ല. സ്ത്രീശബ്ദം പൊതുവിടത്തിൽ ഹറാമായി കരുതപ്പെട്ട കാലത്ത്, നിരവധി പെൺവാണികൾ അത്തരം ‘ഡിക്രി’കളെ അവഗണിച്ചുകൊണ്ട് മുൻനിരയിലേക്ക് വന്നു. റംല ബീഗവും ആയിഷ ബീഗവും വിളയിൽ ഫസീലയും മറ്റും ആ ചരിത്രത്തോടൊപ്പം നിന്നവരാണ്. മാത്രമല്ല, മാപ്പിളപ്പാട്ട് മാപ്പിളമാരുടെ മാത്രം പാട്ടല്ല എന്നും കേരള പൊതുസമൂഹത്തിന്റെ പാട്ടാണ്, എന്നൊരു വിളംബരം കൂടിയായിരുന്നു വത്സലയുടെ അരങ്ങേറ്റം. ശേഷം എത്രയെത്ര ഇതരമതസ്ഥരായ ഗായകരാണ് ഈ മണ്ഡലത്തിലേക്ക് പ്രവേശിച്ചത്? കേരളത്തിലെ മാപ്പിളപ്പാട്ട് മണ്ഡലം നേരിട്ട ഏറ്റവും വലിയ ജനാധിപത്യവൽക്കരണത്തിന്റെ കാലമായിരുന്നു ഇത്. ബാബുരാജിന്റെ സാന്നിധ്യത്തിൽ, ബാല്യകാലത്ത് അവർ പാടിയിട്ടുണ്ട്.

ബാബുരാജ്, വിളയിൽ ഫസീല, വി.എം കുട്ടി

വി.എം കുട്ടിയായിരുന്നു അവരുടെ സംഗീതഗുരു. യേശുദാസിനോടൊപ്പം പാടിയും അദ്ദേഹത്തെ മാപ്പിളപ്പാട്ടിന്റെ വരികൾ പഠിപ്പിച്ച് ഗുരുസസ്ഥാനീയയായതും മറ്റൊരു വിശേഷം. അതുപോലെ മലയാളത്തിലെ തലയെടുപ്പുള്ള മിക്ക ഗായകരോടൊപ്പവും ഫസീലക്ക് തന്റെ നിസ്തുല ശബ്ദവുമായി അണിനിരക്കാൻ കഴിഞ്ഞു. ജന്മനാ കിട്ടിയ സുന്ദരശബ്ദത്തോടൊപ്പം ആ രംഗത്ത് തെളിയാൻ ഒരുപാട് പരിശ്രമിക്കേണ്ടിവന്നു. അറബി മലയാളത്തിന്റെ ചൊല്വഴക്കം സ്വയത്തമാക്കുന്നതിനും മറ്റും ഏറെ പണിപ്പെടേണ്ടിവന്നു.

വി.എം കുട്ടി, വിളയിൽ ഫസീല, കെ.ജെ യേശുദാസ്, എ.ടി ഉമ്മർ എന്നിവർ റെക്കോർഡിങ്ങിനിടയിൽ. കടപ്പാട് : mathrubhumi.com

യേശുദാസ്, പീർ മുഹമ്മദ്‌, എരഞ്ഞോളി മൂസ, മാർക്കോസ്, എസ്.എ ജമീൽ… തുടങ്ങിയ പ്രഗത്ഭരോടൊപ്പവും പാട്ടിലെ പുതുതലമുറയോടൊപ്പവും ഒരുപോലെ അണിനിരക്കാൻ അവർക്ക് നിയോഗമുണ്ടായി. എന്നാൽ അവരുടെ നിഴൽപാടിൽ മാത്രമൊതുങ്ങാതെ കേരളത്തിലെ മാപ്പിളപ്പാട്ടിന്റെ സ്വരമണ്ഡലത്തെയും അതിനകത്തെ സ്ത്രീ സാന്നിധ്യത്തെയും മുന്നോട്ട് നയിക്കാനും മികച്ചതാക്കാനും അവർക്ക് കഴിഞ്ഞു. മാത്രമല്ല, മലയാള സിനിമാസംഗീത രംഗത്തും ഒരു ഗായിക എന്ന നിലയ്ക്ക് ഫസീലക്ക് അവരുടെ വ്യക്തിമുദ്ര പതിപ്പിക്കാനായി. ഒന്നാലോചിച്ചാൽ ചരിത്രപരമായ ഒരു നിയോഗം ആയിരുന്നു മാപ്പിളപ്പാട്ട് രംഗത്ത് വിളയിൽ ഫസീലയുടെ ജീവിതം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

August 12, 2023 2:14 pm