Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


Keraleeyam Archive : Rediscovering Forgotten Voices – 6
വി.എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ‘ഷോപ്പിംഗ് ടൂറിസം’ എന്ന ലക്ഷ്യവുമായി ടൂറിസം വകുപ്പ് ആരംഭിച്ച പദ്ധതിയാണ് ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ. പദ്ധതിയിൽ നിന്ന് ലാഭമോ നേട്ടമോ ഉണ്ടായില്ല എന്നതിനാൽ 2019ൽ സർക്കാർ ഈ ഫെസ്റ്റിവൽ അവസാനിപ്പിച്ചു. ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ തുടങ്ങിയ കാലത്ത് തന്നെ ഇതിന്റെ പ്രശ്നങ്ങൾ 2009ൽ കേരളീയം ചൂണ്ടിക്കാണിച്ചിരുന്നു. ക്ഷേമമൂല്യത്തേക്കാൾ പൊങ്ങച്ചമൂല്യത്തിന് പ്രാധാന്യം നൽകുന്ന ഈ മേള ഇടതുപക്ഷ സർക്കാർ ഒരിക്കലും നടത്താൻ പാടില്ല എന്ന വിമർശനം ശാസ്ത്രജ്ഞനും രാഷ്ട്രീയ ചിന്തകനുമായ ഡോ. എം.പി പരമേശ്വരൻ അന്ന് കേരളീയത്തിലൂടെ ഉന്നയിച്ചിരുന്നു. 2009 ഡിസംബറിൽ പ്രസിദ്ധീകരിച്ച ആ ലേഖനമാണ് ഇന്ന് ആർക്കൈവിൽ നിന്നും വീണ്ടെടുക്കുന്നത്.
ബോധമുള്ള എല്ലാ മലയാളികളും ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ ബഹിഷ്കരിക്കണം. ഏറ്റവും തലതിരിഞ്ഞ വികസന കാഴ്ച്ചപാടിന്റെ പ്രതിഫലനമാണിത്. ഇത്തരം വ്യാപാരോത്സവങ്ങളെയല്ല, ജനങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ വിൽക്കുന്ന, നമ്മൾ പ്രാദേശികമായി നിർമ്മിക്കുന്ന ഉൽപന്നങ്ങൾ വിൽക്കുന്ന ഐ.ആർ.ഡി.പി മേളകളെ വേണം ഈ വിധത്തിൽ പ്രോത്സാഹിപ്പിക്കാൻ. ഇപ്പോൾ ഇവർ ആഘോഷിക്കുന്ന വ്യാപാരോത്സവം മുതലാളിത്തത്തിന്റെ ഭാഗമാണ്. ഷോപ്പിംഗ് ഫെസ്റ്റിവെൽ പോലെയുള്ള പരിപാടികളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരുകൾക്ക് കോപ്പൻഹേഗനെക്കുറിച്ചോ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചോ സംസാരിക്കാൻ അവകാശമില്ല. ഒരു കുപ്പി കൊക്കക്കോള കുടിക്കുമ്പോൾ നിങ്ങൾ ആഗോളതാപനം കൂട്ടുന്നതിൽ പങ്കാളിയാകുകയാണ്. ആവശ്യമില്ലാത്ത ഓരോ സാധനങ്ങൾ ഉപഭോഗം ചെയ്യുമ്പോഴും ഓരോ ആളുകളും ആഗോളതാപനം വർദ്ധിപ്പിക്കുന്നതിൽ പങ്കാളികളാവുകയാണ്.
പൊങ്ങച്ചമൂല്യമുള്ള സാധനങ്ങളാണ് വ്യാപാരോത്സവം വഴി വിറ്റഴിക്കപ്പെടുന്നത്. എന്നാൽ ക്ഷേമമൂല്യമുള്ള സാധനങ്ങളാണ് കുടുംബശ്രീ മേളകൾ പോലെയുള്ള പ്രാദേശിക ഉത്പന്നങ്ങളുടെ വിപണനമേളയിൽ വിറ്റഴിക്കപ്പെടുന്നത്. ക്ഷേമമൂല്യം ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ അജണ്ടയിലില്ല. പൊങ്ങച്ചമൂല്യം വാങ്ങുന്നവരെയാണ് ഇത് പ്രോത്സാഹിപ്പിക്കുന്നത്. ഇത് ഇടതുപക്ഷ സർക്കാറിന് ഒട്ടും യോജിച്ചതല്ല. പൊങ്ങച്ച മൂല്യത്തിലധിഷ്ഠിതമായ ഉപഭോഗം വർദ്ധിപ്പിച്ചതാണ് സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ഒരു പ്രധാന കാരണം. കേരളവും അതേ വഴിക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കച്ചവടക്കാർക്ക് മാത്രം ഉപകാരപ്രദമായ കാര്യം നടത്താൻ ശ്രമിക്കുന്നത് ഇടതുപക്ഷ കാഴ്ച്ചപ്പാടല്ല. മുതലാളിത്തം വളർത്തിയാൽ മാത്രമേ സോഷ്യലിസം വരൂ എന്ന ചൈനയുടെ നടപടിയുടെ തുടർച്ചയാണ് കേരളത്തിലും നടക്കുന്നത്. അങ്ങേയറ്റം മധ്യവർഗ്ഗവത്കരിക്കപ്പെട്ട കേരളത്തിൽ മുക്കാൽ പങ്കും ഉദ്യോഗസ്ഥരാണ്. അവരാണ് വ്യാപാരോത്സവം പോലെയുള്ള പരിപാടികളിൽ വളരെ വേഗം പെട്ടുപോകുന്നത്.


സാംസ്കാരിക രംഗത്ത് ഇടപെടുന്ന പലരും ഉപഭോഗ സംസ്കാരത്തെ വളർത്തുന്ന ഈ ഷോപ്പിംഗ് ഫെസ്റ്റിവലിനെതിരെ സംസാരിക്കാൻ തയ്യാറാകുന്നില്ല. ചില പ്രശ്നങ്ങളിൽ മാത്രമാണ് പലരും ഇടപെടുന്നത്. ആൾ ദൈവങ്ങളാണ് ഇന്ത്യയിലെ എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്നും അതിനെ എതിർക്കുകയാണ് പ്രധാനമെന്നും ചിലർ കരുതുന്നു. ഉപഭോഗ സംസ്കാരത്തിനെതിരെ സംസ്കാരിക്കാൻ ഇവരാരും തയ്യാറാകുന്നില്ല. ആകെയുള്ളത് പഴയ ഗാന്ധിയൻ ധാരയിലുള്ള ആളുകൾ മാത്രമാണ്. പിന്നെ ഷോപ്പിംഗ് ഫെസ്റ്റിവൽ ഇവിടെയൊരു പ്രധാന സംസ്കാരിക പരിപാടിയാണല്ലോ? അതുകൊണ്ട് സാംസ്കാരിക നായകന്മാരും പങ്കുചേരുന്നു. ശരിക്കും ബഹിഷ്കരണമാണ് വേണ്ടത്. അല്ലാതെ കോപ്പൻഹേഗനിൽ പോയി എന്ത് ഒപ്പിട്ടിട്ടും കാര്യമില്ല. ആഗോള താപനത്തിനെതിരെ സംസാരിക്കണമെങ്കിൽ ഉപഭോഗം കുറയ്ക്കണം. യൂറോപ്പിൽ പലയിടത്തും അത്തരം ബഹിഷ്കരണ രീതികൾ ഉയർന്നുവരുന്നുണ്ട്.
ക്ഷേമമൂല്യത്തിന് പരിധിയുണ്ട്. പ്രാഥമിക ആവശ്യങ്ങൾ പരിഗണിക്കപ്പെടുന്നതോടെ അത് അവസാനിക്കുന്നു. പിന്നെ മൂലധനം വർദ്ധിപ്പിക്കാനുള്ള വഴി ആവശ്യമില്ലാത്ത സാധനങ്ങളുടെ ഉപഭോഗം കൂട്ടുക എന്നതാണ്. അതാണ് സർക്കാർ ഇവിടെ ചെയ്യ്തുകൊണ്ടിരിക്കുന്നത്. ഇങ്ങിനെ പോയാൽ നാളെ ബിവറേജസ് കോർപ്പറേഷനിലും ഷോപ്പിംഗ് ഫെസ്റ്റിവൽ തുടങ്ങും. നല്ല മൂലധനം കിട്ടുമല്ലോ? സർക്കാറിന്റെ നികുതി വർദ്ധിപ്പിക്കേണ്ടത് ആവശ്യമില്ലാത്ത സാധനങ്ങൾ ജനങ്ങൾക്ക് നൽകിക്കൊണ്ടാകരുത്.


ഷോപ്പിങ് ഫെസ്റ്റിവലിന്റെ പ്രധാന അപകടം അതിന്റെ ദർശനം തന്നെയാണ്. 20,000 കോടി രൂപയുടെ വ്യാപാരമാണ് കേരളത്തിൽ ഒരു വർഷം നടക്കുന്നത്. വ്യാപാരോത്സവം നടത്തിയ 45 ദിവസം അധികമായി കിട്ടി എന്ന് പറയുന്നത് വളരെ നിസാരമായ തുകയാണ്. അതിനുവേണ്ടി ഇത്ര വലിയ ആഘോഷം നടത്തേണ്ടതില്ല. ജീവനക്കാർക്ക് വീണ്ടും ശമ്പള വർദ്ധനവ് വരുകയാണ്. അതുമൊരു പ്രധാന പ്രശ്നമാണ്. ഞാൻ മനസിലാക്കിയ കണക്ക് പ്രകാരം 2011 ൽ പോലും ഒരു കുടുംബത്തിന്റെ ആവശ്യങ്ങൾ നടന്നുപോകാൻ പ്രതിമാസം 5000 രൂപ മതി. അധികമായി വരുന്ന ചെലവുകൾ കൂട്ടി ചേർത്ത് പരമാവധി 10,000 രൂപ ആ പണത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് നിർവ്വഹിക്കാവുന്ന എല്ലാ സംവിധാനങ്ങളും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. അതിൽ കൂടുതൽ കിട്ടുന്നതുകൊണ്ടാണ് എല്ലാവരും ഷോപ്പിംഗ് നടത്താനിറങ്ങുന്നത്. പണം ചെലവാകണമല്ലോ? അപ്പോൾ സ്വർണ്ണം വാങ്ങേണ്ടിവരും. അധികമായി സ്ഥലം വാങ്ങേണ്ടിവരും. ഒരു കോളേജ് അധ്യാപകന് പ്രതിമാസം 40,000 രൂപയോളം കിട്ടും. പിന്നെ ഷോപ്പിംഗ് ഫെസ്റ്റിവലിന് തന്നെ പോകേണ്ടിവരും. ദുബായിയേയും സിംഗപൂരിനേയും പോലെ കേരളം ഒരു ഷോപ്പിംഗ് ഡസ്റ്റിനേഷനാകുമെന്ന് പറയുന്നത് വെറുതെയാണ്. ഷോപ്പിംഗ് ഡസ്റ്റിനേഷനായാൽ തന്നെ അതിനുള്ള സാധനങ്ങൾ പുറമെ നിന്നും വരണം. അതുകൊണ്ട് എന്താണ് കാര്യം?
കേരളത്തെ സാംസ്കാരിക ജീർണ്ണത അതിവേഗത്തിൽ ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഉപഭോഗ ആസക്തി വളർന്നുകൊണ്ടിരിക്കുന്നു. ആവശ്യമല്ല, അത്യാഗ്രഹമാണ് വലുതെന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. വ്യത്യസ്തമായ, സർഗ്ഗാത്മകമായ അഭിപ്രായങ്ങൾ ഉണ്ടാകുന്നില്ല. ക്രിയാത്മകമാവുക മാത്രമാണ് ഈ പ്രതിസന്ധി മറികടക്കാനുള്ള ഏകവഴി. സർക്കാറൊന്നും അതിനുള്ള ശ്രമങ്ങൾ നടത്തുന്നതേയില്ല. ചൈനയിൽ ഉള്ളവനും ഇല്ലാത്തതവനും തമ്മിലുള്ള അന്തരം കൂടിക്കൊണ്ടിരിക്കുകയാണ്. മാർക്സിസ്റ്റ് വിരുദ്ധ ചിന്തകൾ ആയിരം തവണ ഇത് മാർക്സിസമാണ് മാർക്സിസമാണ് എന്ന് പറഞ്ഞാൽ പറയുന്നത് മാർക്സിസമാണെന്ന് തോന്നും. അതാണ് ഇപ്പോൾ ഇടതുപക്ഷം ചെയ്തുകൊണ്ടിരിക്കുന്നത്.

