ആഫ്റ്റർ ഇമേജ് – 3
A Danish museum wants an artist to return around 534,000 kroner (£61,000) he had been given in cash to recreate old artworks using banknotes, after he produced blank canvases with the title “Take the Money and Run”. (BBC, 30 September 2021)
ജ്ഞാനശാസ്ത്രം, മെറ്റാഫിസിക്സ്, ഭാഷാതത്ത്വചിന്ത എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന തത്ത്വചിന്തയിലെ ബഹുമുഖമായ ആശയമാണ് സങ്കല്പനങ്ങളുടെ (concept) ദാർശനികതലം. ലോകത്തെ വ്യതിരിക്തമായി നോക്കികാണുവാനും മനസ്സിലാക്കാനും പ്രാപ്തമാക്കുന്ന അമൂർത്തപ്രതിനിധാനങ്ങളാണ് സങ്കല്പങ്ങൾ. സങ്കല്പനങ്ങളെ ചുറ്റിപ്പറ്റിയുള്ള ദാർശനിക ചർച്ചകൾ അതിന്റെ സാർവത്രികതയേയും ഉത്ഭവത്തെയും കുറിച്ചുള്ള സംവാദങ്ങളെ മുന്നോട്ടുവയ്ക്കുന്നുണ്ട്. തത്വചിന്താസംവാദങ്ങളിൽ സങ്കല്പങ്ങളുടെ സാർവത്രികതയും, സാംസ്കാരികമായ ആപേക്ഷികതയും ചർച്ച ചെയ്യപ്പെടുന്നുണ്ട്. കൂടാതെ അവയുടെ ഉല്പത്തി, സഹജമാണോ അതോ അനുഭവത്തിലൂടെ ആർജ്ജിതമാണോ എന്ന വാദവും ശക്തമാണ്.
ഭാഷ എങ്ങനെ സങ്കല്പനപരമായ ചട്ടക്കൂടുകളെ സ്വാധീനിക്കുന്നുവെന്ന് പരിശോധിക്കുന്ന ഭാഷാതത്ത്വചിന്തയിൽ ഭാഷയും സങ്കല്പങ്ങളും തമ്മിലുള്ള പരസ്പരബന്ധം ഒരു പ്രധാന പ്രശ്നമാണ്. സങ്കല്പങ്ങളുടെ ഭവശാസ്ത്രപരമായ (ontological) നിലയെപ്പറ്റി ആലോചിക്കുമ്പോൾ യഥാർത്ഥവും സാർവത്രികവുമായവയെ പ്രതിനിധീകരിക്കുകയാണോ അതോ അവ കേവലം മാനസിക നിർമ്മിതികളാണോ എന്ന ചോദ്യവും കളംപിടിക്കുന്നു. ഉത്തരാധുനിക ചിന്തകരായ ഴീൽ ദില്യൂസും ഫെലിക്സ് ഗ്വത്താരിയും ചേർന്നെഴുതിയ What is Philosophy? എന്ന പുസ്തകം എന്താണ് സങ്കല്പനം എന്ന ചർച്ചയിലാണ് ആരംഭിക്കുന്നത്. സങ്കല്പനത്തിനെ ഒരു പെരുക്കം (multiplicity) എന്ന മട്ടിലാണ് ദില്യൂസിയൻ തത്വചിന്ത സമീപിക്കുന്നത്.
സങ്കല്പനങ്ങളെ കേവലം നിശ്ചലമായ പ്രതിനിധാനങ്ങളായോ സാമാന്യവല്‍ക്കരണങ്ങളായോ മനസിലാക്കുന്നതിനു പകരം അവയെ ചിന്തിക്കുവാനുള്ള ഉപകരണങ്ങളായാണ് ദില്യൂസ് കണ്ടത്. ലോകവുമായി ഇടപെടാനും മനസ്സിലാക്കാനുമുള്ള ഉപാധികളായ സങ്കല്പനങ്ങളെ സ്ഥിരവും അമൂർത്തവുമായ അസ്തിത്വങ്ങളായല്ല, മറിച്ച് ചിന്തയുടെ ചലനാത്മകവും സജീവവുമായ ഘടകങ്ങളായാണ് ഇവിടെ മനസിലാകുന്നത്.
സങ്കൽപ്പനങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ വ്യത്യസ്തതയുടെയും (difference) പെരുക്കത്തിന്റെയും (multiplicity) പ്രാധാന്യം ദില്യൂസ് ഊന്നിപ്പറയുന്നതായി കാണാം. സങ്കൽപ്പനങ്ങൾ വ്യത്യസ്ത പ്രതിഭാസങ്ങളെ ഏകീകരിക്കാനോ ചുരുക്കുവാനോ ശ്രമിക്കുന്ന ഒന്നല്ലെന്ന് അദ്ദേഹം വാദിച്ചു, അതായത് വൈവിധ്യങ്ങളുടെയും പെരുക്കത്തിന്റെയും സമ്പന്നതയെ ഉൾക്കൊള്ളുന്നതാവണം അവ എന്ന് ചുരുക്കം. പൊതുവായത് കണ്ടെത്തുന്നതിനെക്കുറിച്ചല്ല, മറിച്ച് വ്യതിയാനങ്ങളും (variations) വ്യതിയാനങ്ങൾക്കുള്ളിലെ വ്യതിയാനങ്ങളും (variations within variations) അന്വേഷിക്കുകയാണ് സങ്കൽപനത്തിന്റെ ധർമം. സങ്കല്പനങ്ങളെ “fragmentary totalities” എന്ന് വിളിക്കുന്ന ദില്യൂസ് മുന്പോട്ടുവയ്ക്കുന്ന മറ്റൊരു പ്രധാന ആശയം അവയുടെ ഏകതയെ (singularity) സംബന്ധിച്ചുള്ളതാണ്. സങ്കല്പനങ്ങൾ സംഭവ്യതകളാണെന്നും (event) അവ സ്ഥിരവും ശാശ്വതവുമല്ല, മറിച്ച് യാഥാർത്ഥ്യത്തിന്റെ ചലനാത്മക സ്വഭാവത്തിന് പ്രതികരണമായി ഉത്ഭവിക്കുകയും രൂപാന്തരപ്പെടുകയും പരിണമിക്കുകയും ചെയ്യുന്നവയാണെന്നുമാണ് മറ്റൊരു വാദം. സങ്കൽപ്പനങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണെന്നും, “Becoming” ആണ് അതിന്റെ നില എന്നും ഇവിടെ കൂട്ടിച്ചേർക്കുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഉയർന്നുവന്ന സമകാലിക കലാ പ്രസ്ഥാനമാണ് സങ്കല്പനകല. കലാകൃതിയുടെ പിന്നിലെ ആശയത്തിന് ഊന്നൽ നൽകിക്കൊണ്ട് കലയുടെ ആശയപരമോ ബൗദ്ധികമോ ആയ വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇതിന്റെ സവിശേഷത. പരമ്പരാഗത കലാപദ്ധതികളുടെ സൗന്ദര്യാത്മകമോ, രൂപപരമോ, മാധ്യമസംബന്ധിയോ ആയ നടപ്പുരീതികളിൽനിന്ന് വ്യത്യസ്തമായി കലയെ നോക്കിക്കാണുവാനുള്ള ശ്രമമായിരുന്നു സങ്കല്പനകല. സങ്കൽപനത്തിന്റെ ബഹുമുഖതയെ ആവിഷ്കരിക്കാൻ പരമ്പരാഗത രീതികൾ അപര്യാപ്തമാണെന്ന തിരിച്ചറിവിൽ നിന്നുകൊണ്ടുകൂടിയാണ് ഈ കലാവൃത്തി രൂപമെടുക്കുന്നത്. ഒരുപക്ഷെ കലാകൃതിയുടെ ദൃശ്യപരതയേയും അതിന്റെ ഭൗതികമായ നിലയെയുമൊക്കെ സങ്കല്പനം മറികടക്കുന്നുണ്ട്. അതിനാൽ തന്നെ കലാകൃത്തുക്കൾ ആവിഷ്കാരത്തിന് പുതിയ മാർഗങ്ങൾ തേടാൻ ആരംഭിച്ചു. ആ വഴികൾ എല്ലാംതന്നെ പരീക്ഷണോന്മുഖവും സാമ്പ്രദായിക രീതികളിൽനിന്ന് ഇടറുന്നതുമായിരുന്നു.
കലാകൃതികൾ പല രൂപങ്ങളെ സ്വീകരിച്ചുകൊണ്ടാണ് ഇവിടെ നിലയുറപ്പിക്കുന്നത്. അത് വരകളാവാം, എഴുത്തുകളാവാം, ഫോട്ടോഗ്രാഫുകളോ കാണികൾക്ക് ഇടപെടാൻ പാകത്തിനുള്ള തുറസ്സുകളോ ആവാം. കലാകൃതി ഒരു ഭൗതിക വസ്തുവാണെന്ന ധാരണയെ സങ്കല്പനകല സവിശേഷമായ രീതിയിൽ മറികടക്കുന്നതുകാണാം. സങ്കൽപനത്തെ ദാർശനികമായി നോക്കിക്കാണുമ്പോളുള്ള ആശയപരമായ സംഘർഷങ്ങളെയും അവ മുന്നോട്ടുവയ്ക്കുന്ന പലമയെയും ആവിഷ്കരിക്കുവാനുള്ള ഈ ശ്രമങ്ങളിൽ സ്ഥിരത്വത്തെ ചോദ്യം ചെയ്യുക എന്നത് അടിസ്ഥാനപരമായ ഒന്നായി മാറുന്നു. കാണാനും, ആസ്വദിക്കാനും, ആരാധിക്കുവാനും, സൂക്ഷിച്ചുവെക്കാനും, കൈമാറ്റം ചെയ്യാനും പോന്ന ഒന്നാണ് കലാകൃതിയെന്ന ധാരണയെയും അതിന്റെ വസ്തുപദവിയേയും പലയിടങ്ങളിലും മറികടക്കാനുള്ള ശ്രമങ്ങളെ സങ്കല്പനകലയിൽ കാണാൻ സാധിക്കും.
കലക്ക് ഒരു സങ്കൽപനമായോ, ആശയമായോ, നിർദ്ദേശരൂപേണയോ ഒക്കെ നിലനിൽക്കാൻ സാധിക്കുമെന്ന പ്രസ്താവനതന്നെയായിരുന്നു സങ്കല്പനകലയുടെ പ്രധാനതത്വങ്ങളിലൊന്ന്. അമേരിക്കൻ കലാകൃത്തായ ഡഗ്ലസ് ഹൂബ്ലറിന്റെ Duration piece #5 (1969) എന്ന കലാകൃതിയെ ഉദാഹരണമായി എടുക്കാം. പത്ത് ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫുകളും അതിനോടൊപ്പം ചില എഴുത്തുകളും ചേർന്ന ഒരു പരമ്പരയാണ് Duration piece #5.
പല നേരത്താണ് പകർത്തിയ ഒരേയിടത്തിന്റെ ചിത്രങ്ങളായിരുന്നു ആ ഫോട്ടോഗ്രാഫുകൾ. ഒരു നിശ്ചിത സ്ഥലത്ത് സ്ഥാനം പിടിച്ച കലാകൃത്ത് പക്ഷികൾ ചിലക്കുന്നതുകേൾക്കുമ്പോൾ ശബ്ദം കേട്ട ആ ഇടത്തിനുനേരെ ക്യാമറ തിരിച്ച് ചിത്രങ്ങൾ പകർത്തുന്നു. ക്രമരഹിതമായി തിരഞ്ഞെടുത്ത ഫ്രെയ്മുകളിൽ ഒരേയിടത്തിനെ ആവിഷ്കരിക്കുകയായിരുന്നു ഹൂബ്ലർ. ചിത്രമെടുത്ത പ്രക്രിയയെ വിവരിക്കുന്ന ഒരു കുറിപ്പും കലാകൃതിയുടെ ഭാഗമായിരുന്നു. പത്തുമിനുറ്റിനിടെ എടുത്ത ഈ പത്തു ചിത്രങ്ങൾ ഇടം, കാലം എന്നീ സങ്കല്പനങ്ങളെ കലയിൽ ആവിഷ്കരിക്കാനുള്ള ശ്രമമായിരുന്നു. ഹൂബ്ലറിന്റെ ഭാഷയിൽ, “The world is more or less full of objects, more or less interesting. I do not wish to add anymore. I prefer, simply, to state the existence of things in terms of time and place.”
ഡഗ്ലസ് ഹൂബ്ലറിന്റെ Duration piece #5 (1969)
ജോസഫ് കൊസൂത്തിന്റെ One and Three Chairs (1965) എന്ന കലാകൃതി കലയിൽ ഭാഷയുടെയും വ്യാഖ്യാനത്തിന്റെയും പങ്കിനെ ചർച്ചചെയ്യുകയും കലയെ ഒരു ഭൗതിക വസ്തുവായി കണക്കാക്കുന്നതിനെ വെല്ലുവിളിക്കുകയും ചെയ്യുന്നതായി കാണാം. ഭാഷ, അർഥം, സംവേദനക്ഷമത,കലാത്മകത തുടങ്ങിയവയെപറ്റിയുള്ള ചർച്ചയായി ഈ കലാകൃതി മാറുന്നുണ്ട്. കലാകൃതിയും ഭാഷയുമായുള്ള ബാന്ധവം ഈ കൃതികളിൽ എന്ന പോലെ പല സങ്കല്പനകലാപദ്ധതികളിലും ദൃശ്യമാണ്.
എഴുത്തായും സംഭാഷണമായും ഭാഷയെ കലയിലുപയോഗിച്ചുകൊണ്ട് കലയുടെ സംവേദന രീതിയെ പുനർവിചിന്തനം ചെയ്യുന്നതു കൂടാതെ, വാക്ക്, വസ്തു, പ്രവർത്തി തുടങ്ങിയ അതിരുകളെ അസ്‌പഷ്‌ടമാക്കുകയും ചെയ്യുന്നതുകാണാം. ചിന്തയെ ആവിഷ്കരിക്കുക എന്നതാണ് സങ്കൽപനത്തിന്റെ പ്രാഥമിക ഉദ്ദേശം: “the concept is an act of thought” എന്ന് ദില്യൂസ്. ഈ പ്രകടനപരതയെ ആവിഷ്കരിക്കുകയാണ് കല. ആ ആവിഷ്കാരമാകട്ടെ, സങ്കല്പനം പോലെത്തന്നെ ചലനാത്മകവും അരേഖീയവുമാകുന്നു.
1960കളുടെ അവസാനത്തിൽ ശക്തിപ്രാപിച്ച ഈ കലാപദ്ധതിയെ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ യൂറോപ്യൻ തത്വചിന്തയിലുണ്ടായ വിചാരമാതൃകാവ്യതിയാനവുമായി ചേർത്തുവച്ച് ആലോചിക്കാവുന്നതാണ്. സങ്കല്പനകലയും ഉത്തരാധുനിക തത്ത്വചിന്തയും വ്യവസ്ഥാപിതമായ ബോധ്യങ്ങളെയും മാനദണ്ഡങ്ങളെയും വെല്ലുവിളിക്കുന്നതിലും ബൃഹതാഖ്യാനങ്ങളോട് ഇടയുന്നതിലും ഒരുപോലെ വ്യാപാരിച്ചു.
സത്യം, വസ്തുനിഷ്ഠത തുടങ്ങിയ ആശയങ്ങളെ പ്രശ്നവത്കരിക്കുകയും യാഥാർഥ്യത്തിന്റെ ആപേക്ഷിക സ്വഭാവത്തെ ഊന്നുകയും ചെയ്തു. അർത്ഥനിർമ്മിതി, കലയെ വ്യാഖ്യാനിക്കുന്നതിൽ കാണിയുടെ പങ്ക് എന്നിങ്ങനെയുള്ള ഘടകങ്ങളെ സവിശേഷമായി പരിഗണിച്ചുകൊണ്ട് സങ്കല്പനകലയെ മനസ്സിലാക്കുന്നതിനും വ്യാഖ്യാനിക്കുന്നതിനുമുള്ള സൈദ്ധാന്തിക ചട്ടക്കൂട് നൽകാൻ ഉത്തരാധുനിക തത്ത്വചിന്തയ്ക്ക് കഴിയുന്നു. “The concept is real without being actual” എന്ന ദില്യൂസിയൻ തത്വത്തെ ഓര്മപ്പെടുത്തുന്നുണ്ട് പല സങ്കല്പനകലാപദ്ധതികളും.
സങ്കല്പനകല സങ്കല്പനങ്ങളെ യഥാതഥമായി ആവിഷ്കരിക്കുന്നതിൽ നിന്നും തെന്നിമാറിക്കൊണ്ട് വസ്തുപരതയിൽ ഊന്നാതെ വസ്തുതാപരതയെ പ്രശ്നവത്കരിച്ചുകൊണ്ട് അവയുടെ ആപേക്ഷിക സ്വഭാവത്തെ ദ്യോതിപ്പിക്കുന്നു. ഇവിടെ കാണി അപരനല്ല. സങ്കൽപനവുമായി സജീവമായി ഇടപെടാനും അതുവഴി കലാകൃതി- കലാകൃത്ത്- കാണി എന്നിങ്ങനെയുള്ള തരംതിരിവുകളെ ഭേദിക്കാനും കഴിയുന്നു. കണിയും കാണിയും തമ്മിലുള്ള രേഖീയമായ ബന്ധത്തെ ചോദ്യം ചെയ്തുകൊണ്ട് കലയെ പങ്കാളിത്തസ്വഭാവമുള്ള ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നു. കലാകൃതിയുമായി ഇടപെട്ടുകൊണ്ട് കല ആസ്വദിക്കാനും വ്യാഖ്യാനിക്കാനുമുള്ള കർത്തൃസ്ഥാനം കാണിക്ക് ലഭിക്കുന്നതോടെ കലയുടെ സംവേദനരീതിക്ക് പുതിയൊരു ദിശ കൈവരിക്കുന്നു. സങ്കല്പനകല വൈദഗ്ധ്യത്തിനപ്പുറം (craftsmanship) പ്രക്രിയക്ക് (process) ഊന്നൽ കൊടുക്കുന്നതായി കാണാം.
ദില്യൂസിയൻ ഭാഷയിൽ Becoming ആണ് കലയുടെ നില. “The becoming of the self is not a fixed state but a process of continuous transformation, a perpetual becoming-other that defies static definitions and opens up new possibilities”. കല ഒരു പൂർത്തിയായ ഉല്പന്നമാണ് എന്ന ധാരണയെ അട്ടിമറിച്ചുകൊണ്ട് കലയുടെ വസ്തുപരതയെയും സ്ഥാവരത്വത്തെയും പുനർവ്യാഖ്യാനിക്കുകയും, കലാപ്രവർത്തി തന്നെ കലയാകുന്നുവെന്ന് പ്രസ്താവിക്കുകയുമാണ് സങ്കല്പനകല. ഇവിടെ പ്രക്രിയ കലാവസ്തുപോലെത്തന്നെ പ്രസക്തമാകുന്നു. ഒരുപക്ഷെ കലാവസ്തുവെന്ന പൂർത്തിയാക്കിയ ഒരു മൂർത്തരൂപം ഉണ്ടോ എന്നുകൂടി ചോദിക്കുന്നതാണ് ഈ കലാപദ്ധതി. കലാവസ്തുവിന്റെ മാധ്യമത്വത്തെ സംബന്ധിച്ചുള്ള ചിന്തകളും ഇവിടെ പരിഗണനീയമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാർഷൽ ദുഷാമ്പ് തുടങ്ങിവച്ച ചില readymade art നെയും ഇതുമായി ചേർത്തുകാണാം.
സാമ്പ്രദായികമായ മാധ്യമങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് ആവിഷ്കാരത്തിന്റെ പുതിയ സാധ്യതകളെ അന്വേഷിക്കുകയായിരുന്നു ഇവിടെ കലാകൃത്തുക്കൾ. കലയുടെ മൗലികതയെക്കുറിച്ചുള്ള ചിന്തകൾ അവിടെ പ്രശ്നവത്കരിക്കപ്പെട്ടു. കലാകൃത്ത് കലയെ താത്വികമായി ഭാവനചെയ്യുന്നയാളായി. അയാൾ കലയുടെ ക്രാഫ്റ്റുമായല്ല മറിച്ച് ദർശനവുമായാണ് പ്രാഥമികമായി ഇടപെട്ടത്. സാമ്പ്രദായിക ചരിത്രത്തിൽ നിന്നുള്ള ഇടർച്ചയായി ഇതിനെ ഗണിക്കാമെങ്കിലും സങ്കൽപനത്തിന്റെ അരേഖീയമായ ചരിത്രജീവിതവുമായി കല കെട്ടുപിണഞ്ഞു.
ഇതും കലയോ എന്ന ചോദ്യം പലയിടങ്ങളിൽ നിന്നായി ഉയരുമ്പോളും സമകാലിക തത്വചിന്തയിൽ അതിനും ഉത്തരങ്ങളുണ്ടെന്ന് കരുത്തേണ്ടിവരുന്നു. കലയെ craftsmanship ആയി ഗണിക്കപ്പെട്ടിരുന്ന പരമ്പരാഗത സങ്കല്പത്തിനോട് ഇടയുമ്പോൾ സമകാലിക കല നേരിട്ട ചോദ്യങ്ങളിലൊന്ന് അതിന്റെ കലാപരതയെ പറ്റി തന്നെയായിരുന്നു. എന്താണ് കല, എന്തല്ല കല എന്നിങ്ങനെയുള്ള ചോദ്യത്തിന് “സത്തിയം പലത്” എന്ന് ഒ. വി. വിജയൻ എഴുതിയതുപോലെ കല തന്നെ പലത് എന്ന് പറയേണ്ടിവരുന്നു. അവിടെ യാഥാർത്ഥം, മൗലികം എന്നിങ്ങനെയുള്ള ആശയങ്ങൾ കുഴപ്പത്തിലാകുന്നു.
കലയെ കലയാക്കുന്നത് ആപേക്ഷികമായ മാനദണ്ഡങ്ങളാകുന്നു. ആ അപേക്ഷികതയും അടിസ്ഥാനപരമായി സമകാലിക കലയുടെ ലക്ഷണമായി ഗണിക്കപ്പെടുന്നുണ്ട്. മ്യൂസിയത്തിൽ വീണുപോയ കണ്ണട മ്യൂസിയംപീസായ തമാശക്കഥ ഒരുവശത്ത് നിൽക്കെ തന്നെ കലയെന്ത് കലേതരമെന്ത് എന്നീ ചോദ്യങ്ങളും സമകാലിക കലയുടെ ആപേക്ഷികസ്വഭാവവും, അട്ടിമറിസാധ്യതയും മറ്റുവശങ്ങളിലായി നിലയുറപ്പിക്കുന്നു. ആഴമുള്ള ചിന്തകളും, സംവേദനക്ഷമതയും, അധികാരവും, വിപണിയും അങ്ങനെ എന്തും ഈ സമവാക്യത്തിൽ variable ആകുന്നു.
“As fragmentary totalities, concepts are not even the pieces of a puzzle, for their irregular contours do not correspond to each other.” (Gills Deleuze & Felix Guattari, What is Philosophy?)