ഭയത്തിന്റെ വാസ്തുവിദ്യ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

പാതി പൊളിഞ്ഞ് വീണ പഴയ പുരയിടങ്ങളിൽ നിന്നും പോഷ് മാൻഷനുകളിലേക്ക് നടന്നു നീങ്ങിയ മനുഷ്യന്റെ മനസ്സിലുണ്ടാകുന്ന ഭയത്തിന്റെ വാസ്തുവിദ്യയെ പറ്റി ആലോചിച്ചിട്ടുണ്ടോ? ഭയത്തിന് വാസ്തുവിദ്യയിലെന്താണ് കാര്യമെന്ന് സംശയം തോന്നാം. അല്ലെങ്കിൽ, ഭവനങ്ങളിലൂടെയുള്ള ഭയത്തിന്റെ ഭാവന സഞ്ചാരത്തെ പറ്റിയും വാചാലരാകാം. അപ്പോൾ ഉണ്ടാകുന്ന പ്രധാന ചോദ്യം ആധുനിക വാസ്തുവിദ്യയിൽ ഭയത്തിന്റെ ഉറ’വിടങ്ങൾ’ ഏതൊക്കെയാണ് എന്നതാവും. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിന്റെ റോബർട്ട് എഗ്ഗേഴ്സ് എന്ന പ്രശംസ സ്വന്തമാക്കിയ സംവിധായകനാണ് രാഹുൽ സദാശിവൻ. ആദ്യമിറങ്ങിയ ‘റെഡ് റെയിൻ’ എന്ന സയൻസ് ഫിക്ഷൻ ഴോണറിൽ പെടുന്ന സിനിമയ്ക്ക് പ്രേക്ഷക ശ്രദ്ധ ലഭിച്ചില്ലെങ്കിലും പിന്നീടിറങ്ങിയ മൂന്ന് ചിത്രങ്ങളും ഏറെ ചേർച്ചകൾക്ക് തിരികൊളുത്തിയവയാണ്.

Horror in Architecture, ബുക്ക് കവർ

റെഡ് റെയിനിന് ശേഷമിറങ്ങിയ രാഹുലിന്റെ സിനിമകൾ വളരെ ലളിതമായൊന്ന് വിശദീകരിക്കാം. ആദ്യമായി, ഒരു വീടും രണ്ട് പേരുമുള്ള ഭൂതകാലം. ശേഷം ഒരു വീടും മൂന്നുപേരുമുള്ള ഭ്രമയുഗം. അവസാനമായി, അടുത്തിറങ്ങിയ ഒരു വീടും ഒരാളും മാത്രമുള്ള ഡീയസ് ഈറെ. രാഹുലിന്റെ ഫിലിമോഗ്രഫിയെ, 2012ൽ  പ്രസിദ്ധീകരിച്ച ഹൊറർ ഇൻ ആർക്കിടെക്ചർ (Horror in architecture by Joshua Camoroff and Ong Ker-Shig) എന്ന കൃതിയുടെ ഇരുട്ടത്തിരുന്ന് (വെളിച്ചത്തിലിരിക്കുന്നത് സാഹചര്യത്തോട് അത്ര യോചിക്കുന്നില്ലെന്ന് തോന്നി) വീക്ഷിക്കുന്നതിലൂടെ ഇതിന് സാമാന്യം ഭേദപ്പെട്ടൊരു ഉത്തരം കണ്ടെത്താനാകും. അതിനുള്ള ഒരു ശ്രമമാണ് ഈ ലേഖനം.

ശീലമുള്ള കാര്യങ്ങളിൽ അശ്ലീലമായതെന്തോ അനുഭവപ്പെടുമ്പോഴാണ് ഭയമുണ്ടാകുന്നത് എന്നാണ് ജോഷ്വാ ക്യാമറോഫ് പറയുന്നത്. നമുക്കേറ്റവും പരിചിതമായ ഇടങ്ങൾ  അപരിചിതമായി തോന്നുമ്പോഴുള്ള മാനസിക വിഭ്രാന്തിയെ അദ്ദേഹം ഭയമെന്ന് കരുതുന്നു. ഡ്രാക്കുളക്കോട്ടയെ പോലെ കാലപ്പഴക്കമുള്ള ബംഗ്ലാവുകളോ, ആളൊഴിഞ്ഞ്  നീളം കൂടിയ വരാന്തകളോ ഭൂതകാലത്തിലില്ല. എന്നിട്ടും പ്രേക്ഷകരെയെല്ലാം ശ്വാസമടക്കി കസേരയിലിരുത്തി സിനിമ കാണിക്കാൻ രാഹുലിന് കഴിയുന്നുണ്ട്. കാണുന്നവർക്കെല്ലാം പരിചിതമായ, വളരെ സാധാരണമായൊരു  വീട്ടിലുണ്ടാകുന്ന അപരിചിതമായ നിശബ്ദതകളാണ് ഭൂതകാലം കാണുന്ന പ്രേക്ഷകരെ അലോസരപ്പെടുത്തുന്നത്. വീടെന്ന് കേൾക്കുമ്പോൾ  ഏതൊരു സാധാരണക്കാരന്റെയും മനസ്സിൽ ആദ്യം ഭാവന ചെയ്യപ്പെടുന്ന, മൂന്ന് കിടപ്പ് മുറികളും, ഒരടുക്കളയും ഹാളും മാത്രമുള്ളതാണ് ഭൂതകാലത്തിലെ വീട്. സ്ഥിരം കാണുന്ന  സ്ഥലങ്ങളിലുള്ള അസ്ഥിരതകളാണ് ഇവിടെ ഭീകരത സൃഷ്ടിക്കുന്ന ഉറ’വിടങ്ങളായി’ രൂപപ്പെട്ടിരിക്കുന്നത്.

തങ്ങളുടെ കുടുംബത്തിലുണ്ടായ ഒരു മരണശേഷം, വിചിത്രമായ പല അനുഭവങ്ങളിലൂടെയും കടന്നുപോകേണ്ടിവരുന്ന ഒരു അമ്മയുടെയും മകന്റെയും മാനസിക ഭൂപടത്തിലൂടെയാണ് ഭൂതകാലത്തിന്റെ പോക്ക്. അവരുടെ കഥയും കഥാകഥനവും വീടിനുള്ളിലേക്ക് ചുരുങ്ങുന്നത് മുതൽ വീടും കഥയിൽ ഒരു പ്രധാന കഥാപാത്രമാണ്. വിനുവിന്റെയും ആശയുടെയും ആശയക്കുഴപ്പങ്ങളെ നേരിട്ട് ദർശിക്കുന്ന വീടിന്, പരിതാപം പറഞ്ഞ് പരിഹാരമാരായുന്ന വിശ്വാസികളെ കുമ്പസാരക്കൂടിന് അപ്പുറത്തിരുന്ന് കേൾക്കുന്ന ഒരച്ഛന്റെ സ്വഭാവഗുണങ്ങൾ ഉണ്ട്. ഭവനങ്ങൾ കേവലം വസ്തുക്കൾ അല്ലെന്നും അനുഭവങ്ങളും ഭാവനകളും ഉള്ള ജീവികൾ ആണെന്നും വിശദീകരിക്കുന്ന ജോഷ്വാ ക്യാമറോഫിന്റെയും ഓങ്-കർഷിംഖിന്റെയും തിയറിയെ സാധൂകരിക്കുകയാണ് രാഹുൽ  ഇവിടെ ചെയ്യുന്നത്.

ഭൂതകാലം സിനിമയിൽ നിന്നുള്ള ദൃശ്യം.

അടുത്തകാലത്ത് ഇറങ്ങിയ ഡീയസ് ഈറെയിലെ അത്യാഡംബരമായ മോഡേൺ മാൻഷനിലും, രാഹുലിന്റെ ഏറ്റവും മികച്ചതെന്ന് ഈ എഴുത്തുകാരൻ അഭിപ്രായപ്പെടുന്ന ഭ്രമയുഗത്തിലെ പഴക്കം ചെന്ന ബ്രാഹ്മണ മനയിലും നേരത്തെ സൂചിപ്പിച്ചതിന് സമാനമായ സ്വഭാവഗുണങ്ങൾ ഉള്ളതായി കാണാനാകും. ‘വളരെ കാലത്തെ’ ജാതി പീഡനങ്ങൾക്കും, അവർണ്ണ-സവർണ്ണ വിഭാഗീയതകൾക്കും സാക്ഷിയായ ഭ്രമയുഗത്തിലെ മനയ്ക്ക് അത്രതന്നെ ഭാരമുള്ള പരിവേഷമാണ് രാഹുൽ നൽകിയിട്ടുള്ളത്. മോണോക്രോം ഫോർമാറ്റിൽ ഷൂട്ട് ചെയ്ത സിനിമയിൽ കാണുന്ന പുരാതന മനയുടെ തൊലി പൊളിഞ്ഞ ചായവും, ഒടിഞ്ഞു വീണ ഓടുകളും, കറപുരണ്ട തറയും, ക്യാമറോഫിന്റെ ഭാഷയിലെ ആർക്കിടെക്ചറൽ  കൺഫെഷന്റെ (Architectural Confession)  അടയാളങ്ങളാണ്. വസ്തുവിലുണ്ടാകുന്ന ക്ഷയങ്ങൾ അത് മറച്ചുവെക്കാൻ ശ്രമിക്കുന്ന കാര്യങ്ങളെ പുറത്തുചാടിക്കും എന്നാണ് ജോഷ്വാ ക്യാമറോഫും ഓങ്-കർഷിംഖും നിരീക്ഷിക്കുന്നത്. ജാതിവ്യവസ്ഥയുടെ കറുത്ത ഓർമ്മകൾ മറച്ചുവെക്കാനുള്ള കൊടിയ ശ്രമത്തിനിടയിൽ ക്ഷമകെട്ടുണ്ടായതാണ് മനയുടെ മേൽപ്പറഞ്ഞ ക്ഷയങ്ങൾ എന്ന് ഈ നിരീക്ഷണ പ്രകാരം വായിക്കാം. ചുവരുകളിൽ ചായം തേക്കാതെ, നിർമ്മിതിയെ തനത് രീതിയിൽ നിലനിർത്തി പണി പൂർത്തിയാക്കുന്ന പുതിയകാല വാസ്തു സങ്കല്പത്തിലെ ബ്രൂട്ടാലിറ്റിയുടെ (Brutuality) ആശയം ഇത്തരത്തിലുള്ള ക്ഷയങ്ങളെ ഓർമിപ്പിക്കുന്നുവെന്നും, മനുഷ്യനെ മനോവിഷമനാക്കുന്നുവെന്നും ഇവർ ചുരുക്കുന്നു.

ഭ്രമയുഗം സിനിമയിൽ നിന്നുള്ള ദൃശ്യം

നേരത്തെ സൂചിപ്പിച്ച രണ്ട് വീടുകളിൽ നിന്നും വ്യത്യസ്തമാണ് ഡീയെസ് ഈറെയിലെ വീടിന് കൊടുത്തിരിക്കുന്ന വാസ്തുകല്പന. നൗ ഡിസൈൻസ് (NOU designs) എന്ന പേരിൽ പ്രവർത്തിക്കുന്ന ഒരു ഇന്റീരിയർ ഡിസൈൻ സ്റ്റുഡിയോ വാസ്തുകല്പന ചെയ്ത ഒരു അത്യാഡംബര മോഡേൺ മാൻഷനാണ് ഡീയെസ് ഈറെയിലേത്. കണ്ടാൽ ആരും മനോഹരമെന്ന് പറഞ്ഞുപോവുന്ന സൗന്ദര്യശില്പത്തെ, അലോസരപ്പെടുത്തുന്ന നെഗറ്റീവ് സ്‌പേസുകൾ എടുത്ത് കാണിച്ചാണ് രാഹുൽ ഭീകരതയുടെ ഉറ’വിടമാക്കുന്നത്’. ഹൊറർ ഇൻ ആർക്കിടെക്ചറിൽ ഇതിനെ വിശദമായി നിരീക്ഷിക്കുന്നുണ്ട്. പുതിയ കാല വാസ്തുവിദ്യയിലെ അനാവശ്യമായ ഒഴിവുകൾ മനസ്സിന്റെ സാന്തുലിതാവസ്ഥയെ അപായപ്പെടുത്തുന്നുവെന്ന് ഇതിൽ വായിക്കാം. അത്തരത്തിലുള്ള ഒരു സമീപനമാണ് രാഹുലിവിടെ സ്വീകരിച്ചിട്ടുള്ളത്.

ഡീയെസ് ഈറെയിലെ ദൃശ്യം

നീളം കൂടിയ മേൽക്കൂരകളും, ഒഴിഞ്ഞ് കിടക്കുന്ന കോറിഡോറുകളും, മിനിമലിസ്റ്റ് ഇന്റീരിയർ ഡിസൈനുകളുമാണ് പുതിയ വാസ്തുവിദ്യയിലെ സുന്ദര്യസൗധങ്ങൾ. ഇവകളെയെല്ലാം ഭീകരതയുടെ പ്രതീകങ്ങളാക്കാൻ രാഹുലിന് അനായാസം സാധിച്ചു. വീടിനുള്ളിലെ ഈ അനാവശ്യ ഒഴിവുകൾ എടുത്ത് കാണിക്കാൻ സ്റ്റാറ്റിക് ഷോട്ടുകളാണ് സിനിമാട്ടോഗ്രാഫർ ഷെഹ്നാദ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. റിലീസിന് മുൻപ് തന്നെ ചർച്ചയായ എസ്തെറ്റിക് കുഞ്ഞമ്മ ഡിസൈൻ ചെയ്ത സിനിമ പോസ്റ്ററുകളിലും ഇത്തരത്തിലുള്ള നെഗറ്റീവ് സ്പേസുകളെ ഉപയോഗപ്പെടുത്തിയതായി കാണാം.    

ആധുനിക വാസ്തുവിദ്യയിൽ ഭയത്തിന്റെ ഉറ’വിടങ്ങൾ’ ഏതൊക്കെയാണെന്ന, തുടക്കത്തിൽ ബാക്കിയാക്കിയ ചോദ്യത്തിന് ചെറിയ തോതിലെങ്കിലും ഉത്തരം ഇങ്ങനെ വായിക്കുമ്പോൾ കിട്ടുന്നുണ്ട് എന്നതാണ് വാസ്തവം. 2018ലെ മികച്ച തിരക്കഥയ്ക്കുള്ള അക്കാദമി അവാർഡ് കരസ്ഥമാക്കിയ (പൊതുവെ ഹൊറർ ഴോണറിലുള്ള സിമികൾക്ക് അക്കാദമി അവാർഡ് കിട്ടാറില്ലെന്നത് കണക്കിലെടുത്ത് പ്രത്യേകം സൂചിപ്പിക്കുന്നു) സംവിധായകൻ ജോർദാൻ പീലിയുടെ സിനിമകളിലെ വീടുകളുടെ വാസ്തുകല്പനകൾ കൂടി നിരീക്ഷിച്ചാൽ ഇതിന് ഒന്ന് കൂടി വ്യക്തത കിട്ടുമെന്ന് ചുരുക്കുന്നു.

Also Read

4 minutes read November 24, 2025 2:39 pm