വിവിധ കാലങ്ങളിലെ മനുഷ്യാനുഭവങ്ങളുടെ രേഖപ്പെടുത്തലാണ് ചരിത്രം. ഈ പൊതുധാരണയിലാണ് നാളിതുവരെയുള്ള ലോകചരിത്രം എഴുതപ്പെട്ടിട്ടുള്ളതും, വായിക്കപ്പെട്ടിട്ടുള്ളതും. വിവിധ സാമൂഹ്യ സന്ദർഭങ്ങളും സംഭവങ്ങളും അവയ്ക്ക് പിന്നിൽ പ്രവർത്തിച്ച വ്യക്തികളും സ്ഥലങ്ങളുമൊക്കെയാണ് ചരിത്ര രചനയിൽ മുഖ്യമായും ഉൾപ്പെടുന്ന ഘടകങ്ങൾ. ഇത് വ്യവസ്ഥാപിതമായ ചരിത്ര രചനാരീതിശാസ്ത്രമായി തന്നെ പരിഗണിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ പലപ്പോഴും വലുതും ചെറുതുമായ സാമ്രാജ്യങ്ങളും ഭരണാധികാരികളും അവരുടെ സുവർണ്ണ -പതന കാലഘട്ടങ്ങളുമൊക്കെയാണ് നമുക്ക് ചരിത്രപുസ്തകങ്ങൾ. ഇത്തരം ബ്രൃഹദാഖ്യാനങ്ങളിൽ സാധാരണ മനുഷ്യരുടെ നിത്യജീവിതം പ്രതിഫലിച്ച് കാണുന്നില്ല എന്ന പോരായ്മയാണ് ചരിത്രം ഒരു മേൽത്തട്ട് കാഴ്ച്ചയായി അഥവ പലതരത്തിലുള്ള അധികാരം കൈയ്യാളുന്നവരുടെ കാഴ്ച്ചയും കർത്തൃത്വവുമായി ചുരുങ്ങാൻ ഇടയാക്കുന്നത്. എന്നാൽ നിശ്ശബ്ദരാക്കപ്പെട്ട ധാരാളം മനുഷ്യരുടെയും അവരുടെ വിഞ്ജാനത്തിന്റെയും നിർമിതിയുടേയും കൂടിയാണ് ചരിത്രം എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
കോളനി ഭരണാനന്തരകാലം ചില അപനിർമ്മിതികളിലൂടെ ഇത്തരം മേൽത്തട്ട് കാഴ്ച്ചകൾക്ക് ചില ഉടച്ചുവാർക്കലുകൾ സംഭവിച്ചിട്ടുണ്ട്. കോളനി രാജ്യങ്ങളിലെ സ്വാതന്ത്ര്യ സമരവും ദേശീയ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളുമൊക്കെ യൂറോപ്പ് കേന്ദ്രീകൃതമായ ചരിത്ര കാഴ്ചപ്പാടിനെ പിന്തള്ളുകയും പലതരം ചോദ്യം ചെയ്യലുകളിലൂടെ തദ്ദേശീയവും വികേന്ദ്രീകൃതവുമായ ചരിത്ര രചനക്ക് അടിത്തറ പാകുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും നമ്മുടെ വ്യവസ്ഥാപിതമായ ചരിത്ര രചനാ മേഖല ഇപ്പോഴും വ്യക്തികൾക്കും സംഭവങ്ങൾക്കും ചുറ്റും മാത്രം വലം വച്ചുകൊണ്ടിരിക്കുന്നു. ഇവിടെയാണ് സാമൂഹിക ചരിത്ര പഠനവും ചരിത്ര രചനയും ഏകശിലാരൂപമല്ലാത്ത ബഹുവിധ വിഷയമായി മാറേണ്ടതിന്റെ പ്രസക്തിയേറി വരുന്നത് . വ്യവസ്ഥാപിതമായ പലരീതിശാസ്ത്രങ്ങളെയും നിഷേധിച്ചുകൊണ്ട് പ്രധാനമായും എഴുതപ്പെട്ട രേഖകളുടെ വസ്തുതാപരതയെ ചോദ്യം ചെയ്തു കൊണ്ടുള്ള ചരിത്രത്തിന്റെ പുനർവായന ഇന്ന് സാധ്യമാണ്.
ഒരു സമൂഹത്തിന്റെ ഓർമ്മകൾ, പലവിധത്തിലുള്ള അവരുടെ നിർമ്മാണ രീതികൾ, ജ്ഞാനരൂപീകരണവും അവയുടെ വിതരണവും (Knowledge Production and distribution) തുടങ്ങി ലിഖിതമില്ലാത്ത പല ഉറവിടങ്ങളേയും നവചരിത്രരചയിതാക്കൾ ഇന്നാശ്രയിക്കുന്നുണ്ട്. നിസ്വരായ മനുഷ്യരുടെ നാവുകളാണ് അവരുടെ നിർമ്മിതികൾ. ആയിരക്കണക്കിന് അടിമകളുടെ, കൈത്തൊഴിലാളികളുടെ വിജ്ഞാനവും നിർമ്മിതിയുമാണല്ലോ നാമിന്ന് കാണുന്ന ലോകം.
സമീപകാലത്ത് ചരിത്ര വിദ്യാർഥികകൾ ധരാളമായി ആശ്രയിക്കുന്ന രീതിശാസ്ത്രമായി നരവംശശാസ്ത്രം (Anthropology) മാറിയിട്ടുണ്ട്. വിവിധ വൈജ്ഞാനിക ശാഖകളുടെ കാഴ്ചപ്പാടുകളിലൂടെ സയൻസ് ആൻഡ് ടെക്നോളജി സ്റ്റഡീസ് (STS) എന്ന ഒരു വിപുലമായ പാഠ്യ ശേഖരം തന്നെ ഇന്ന് രൂപപ്പെട്ടിട്ടുണ്ട്. 1960കളുടെ ഒടുവിൽ യൂറോപ്പിലും അമേരിക്കയിലും വൈജ്ഞാനിക മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കിയ ഒരു പഠനശാഖയാണ് STS . ആദ്യകാലത്ത് ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും അടങ്ങുന്ന ഒരു ചെറു സമൂഹം ശാസ്ത്ര സാങ്കേതിക മേഖലകളെ കുറിച്ചും സാമൂഹ്യ പ്രസക്തിയും അവ സമൂഹത്തിലും വ്യക്തികളിലും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചുമൊക്കെയായിരുന്നു STS ചർച്ച ചെയ്തിരുന്നത്. എന്നാൽ നരവംശ ശാസ്ത്രം, ഫിലോസഫി, സാമ്പത്തിക ശാസ്ത്രം, ചരിത്രം തുടങ്ങിയ വിവിധ തുറകളിൽ നിന്നുള്ള സമീപനങ്ങളൂം ചിന്തകളും കൂടി സ്വംശീകരിച്ചു കൊണ്ട് ഹിസ്റ്ററി ഓഫ് സയൻസ്, ഹിസ്റ്ററി ഓഫ് ടെക്നോളജി എന്ന സ്വതന്ത്ര വൈജ്ഞാനിക ശാഖയായി ഈ മേഖല വികസിച്ചു. പല പാശ്ചാത്യ സർവ്വകലാശാലകളിലും മാനവിക-സാമൂഹ്യ ശാസ്ത്ര ഡിപ്പാർട്മെന്റുകളുടെ ഭാഗമായാണ് ഈ വിഷയങ്ങളിൽ ബിരുദാനന്തര ഗവേഷണ പഠനങ്ങൾ നടക്കുന്നത്. ഇത്തരത്തിൽ ഹിസ്റ്ററി ഓഫ് ടെക്നോളജിയിലെ ഗവേഷകരും പ്രൊഫഷണലുകളുമടങ്ങുന്ന ആഗോളതലത്തിലുള്ള ഒരു സംഘടനയാണ് സൊസൈറ്റി ഫോർ ദ ഹിസ്റ്ററി ഓഫ് ടെക്നോളജി(SHOT). ഈ സംഘടന പ്രധാനമായും യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ സർവ്വകലാശാലകളുമായി സഹകരിച്ചാണ് അവരുടെ അന്താരാഷ്ട്ര വാർഷിക സമ്മേളനങ്ങൾ സംഘടിപ്പിക്കാറുള്ളത്. ടെക്നോളജി അഥവാ സാങ്കേതികവിദ്യയുടെ ചരിത്രപഠനവും, രാഷ്ട്രീയം, സമ്പദ്ഘടന, തൊഴിൽ, വാണിജ്യം, പരിസ്ഥിതി, പബ്ലിക്ക് പോളിസി, ശാസ്ത്രം, കല എന്നിവയുമായുള്ള സാങ്കേതികവിദ്യയുടെ കൊടുക്കൽ വാങ്ങലുകൾ എന്നിവയൊക്കയാണ് ഇത്തരം വർഷിക സമ്മേളനങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത്. ഈ മേഖലയിൽ നിന്നുള്ള വൈജ്ഞാനിക ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന ടെക്നോളജി ആൻറ് കൾച്ചർ, ടെക്നോളജി സ്റ്റോറിസ് എന്നീ പ്രസിദ്ധീകരണങ്ങളും ഈ സംഘടന പുറത്തിറക്കുന്നുണ്ട്.
ഈ ലേഖകൻ കൂടി പങ്കെടുത്ത SHOTന്റെ 2022 ലെ വാർഷിക സമ്മേളനം നടന്നത് അമേരിക്കയുടെ തെക്ക് കിഴക്കൻ സംസ്ഥാനമായ ലൂസിയാനയിലെ ന്യൂ ഓർലിയാൻസ് നഗരത്തിലായിരുന്നു. 1762 മുതലുള്ള സ്പാനിഷ്, പോർച്ചുഗൽ, ഫ്രഞ്ച് കോളനിവൽക്കരണവും കറുത്ത മനുഷ്യരെ വില പറഞ്ഞ് വിൽക്കുകയുമൊക്കെ ചെയ്ത് ചരിത്രത്തിൽ കുപ്രസിദ്ധിയാർജ്ജിച്ച ഒരു നഗരമാണിത്. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വിവിധ ആഫ്രിക്കൻ പ്രവിശ്യകളിൽ നിന്നും കടത്തിക്കൊണ്ട് വന്ന അടിമകളായുള്ള കറുത്ത വംശജരുടെ ഒത്തുച്ചേരലിൽ നിന്നാണ് മിശ്രസംസ്ക്കാരം ഉൾക്കൊള്ളുന്ന, ഊർജം അഥവാ പ്രവാഹം എന്നൊക്കെ അർത്ഥമുള്ള ജാസ് എന്ന സംഗീതധാര രൂപം കൊള്ളുന്നത്. ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും സ്വാധീനം ചെലുത്തിയ ജാസ് സംഗീതഞ്ജനാണ് ലൂയിസ് ഡാനിയൽ ആംസ്ട്രോങ് എന്ന ലൂയിസ് ആംസ്ട്രോങ്. അദ്ദേഹത്തിൻ്റെ പേരിലാണ് ന്യൂ ഓർലിയാൻസ് അന്താരാഷ്ട്ര വിമാനത്താവളം അറിയപ്പെടുന്നത്. ഒരു ചന്ദ്രക്കലപ്പോലെ മിസിസിപ്പി നദിയൊഴുകി അറ്റ്‌ലാന്റിക് സമുദ്രത്തിലും കരീബിയൻ ദ്വീപ് തടങ്ങളിലുമൊക്കെ വ്യാപിക്കുന്ന, ഭൂമിശാസ്ത്രപരമായി വളരെ പ്രത്യേകതകളുള്ള ഒരു നഗരം കൂടിയാണിത്. ഹുറാക്യൻ, കാട്രീന എന്നീ ചുഴലിക്കാറ്റുകളുടെ നിരന്തരഭീഷണി നേരിടുന്ന ഈ നഗരത്തിൽ 2022 നവംബർ10 മുതൽ 13 വരെ നടന്ന വാർഷിക സമ്മേളനത്തിൽ വിവിധ സർവ്വകലാശാലകളിൽ നിന്നും സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഏകദേശം മുന്നൂറോളം പ്രതിനിധികൾ പങ്കെടുത്തു. ‘എംപയർ, ഗ്ലോബലൈസേഷൻ ആന്റ് ടെക്നോജിക്കൽ ചെയ്ഞ്ച്’ എന്നതായിരുന്നു ഈ വർഷത്തെ വാർഷിക സമ്മേളനത്തിന്റെ വിഷയം. ഈ വിഷയത്തിലൂന്നി 64 സെക്ഷനുകളിലായി 250ലധികം ഗവേഷണപ്രബന്ധങ്ങളും അരഡസനോളം റൗണ്ട് ടേബിൾ ചർച്ചകളും ശില്പശാലകളും പ്ലീനറി സെഷനുകളുമൊക്കെ അടങ്ങുന്നതായിരുന്നു സമ്മേളനം. ലോക പ്രശസ്ത സർവ്വകലാശാലകളുടെ പ്രസിദ്ധീകരണവിഭാഗങ്ങളുടെ മേൽനോട്ടത്തിലുള്ള പുസ്തകപ്രദർശനവും ഇവിടെ ക്രമീകരിച്ചിരുന്നു.
സമ്മേളനത്തോടനുബന്ധിച്ച് ഇക്കൊല്ലത്തെ ലിയാനോഡോ ഡാവിഞ്ചി മെഡൽ സ്വീകരിച്ചു കൊണ്ട് യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗ് പ്രൊഫസർ ഡൊണാൾഡ് മക്കിൾസ് നടത്തിയ പ്രഭാഷണം സാങ്കേതികവിദ്യയുടെ നവീന രാഷ്ട്രീയതത്വശാസ്ത്രത്തെക്കുറിച്ചായിരുന്നു. ഇദ്ദേഹത്തിന്റെ ‘മാർക്സ് ആന്റ് ദ മെഷീൻ’ എന്ന ലേഖനം വളരെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് സൂചിപ്പിച്ചത് പോലെ ചരിത്രരചനയ്ക്കും പഠനത്തിനും വേറിട്ട വഴിയും കാഴ്ച്ചയും ദൃഡപ്പെടുത്തുന്ന ചിന്തകളാണ് ഈ സമ്മേളനത്തിലുണ്ടായത്.
ശാസ്ത്രസാങ്കേതിക രംഗങ്ങളിലെ പരീക്ഷണോപകരണങ്ങളുടെ നിർമ്മാണവും (Instruments/Objects/Arte facts) അവയുടെ പരിപാലനവും അറ്റകുറ്റപ്പണികളും സംബന്ധിച്ച ധാരാളം ചർച്ചകൾ ഇവിടെ സംഭവിച്ചു. ആദ്യകാല ടെലിസ്കോപ് മുതൽ അത്യാധുനിക സൂപ്പർ കമ്പ്യൂട്ടർ വരെ ഉൾപ്പെടുന്ന വിപുലമായ ഒരു നിരയാണ് ഉള്ളടക്കമായി കടന്നു വന്നത്. ഈ ഉപകരണങ്ങളെല്ലാം നിശ്ചിതമായ സാമൂഹ്യ ചുറ്റുപാടുകളിൽ രൂപപ്പെടുന്ന നിർമ്മിതികളാണ് . അതാത് കാലത്തെ അധികാരം, സമ്പദ്ഘടന, സാമൂഹ്യ വ്യവസ്ഥ എന്നിവയിലധിഷ്ഠിതമായാണ് ഇവ രൂപപ്പെടുന്നത്. അതുകൊണ്ടുതന്നെ ഉപകരണങ്ങളുടെ ചരിത്രം മനസ്സിലാക്കുന്നത് ലോക ചരിത്രത്തെ മറ്റൊരു കാഴ്ചപ്പാടിൽ കാണാൻ സഹായിക്കും. മേല്പറഞ്ഞ ഉപകരണങ്ങളുടെ പട്ടികയിൽ നമ്മുടെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന തയ്യൽ മെഷീനും സൈക്കിളും എന്തിനേറെ മുളം കൂടകൾ വരെ ഉൾപ്പെടുന്നു എന്ന വിപുലമായ ബോധ്യമാണ് ഹിസ്റ്ററി ഓഫ് ടെക്നോളജി നല്കുന്ന വലിയ സന്ദേശം. വ്യവസ്ഥാപിത ചരിത്രകാരന്മാർക്ക് ഇത് ഒരു പക്ഷേ ആധികാരിക ചരിത്രം ആയിക്കൊള്ളണമെന്നില്ല.
എന്നാൽ ചരിത്രത്തിൽ മനുഷ്യരോടൊപ്പം തന്നെ ഇത്തരം ഉപകരണങ്ങളും അഥവാ മനുഷ്യവിജ്ഞാനത്തിന്റെ ഉല്പന്നങ്ങളും കണിശമായ സ്വാധീനവും നിലപാടുകളും പുലർത്തിയിട്ടുണ്ട്. റെയിൽവേ, ഇലക്ട്രിഫിക്കേഷൻ, വാക്സിനേഷൻ, ജനസംഖ്യാനിയന്ത്രണം എന്നിങ്ങനെ നമ്മുടെ ജീവിതത്തെയും സംസ്ക്കാരത്തെയും സ്വാധീനിച്ച എല്ലാതലങ്ങളും പരിശോധിക്കുമ്പോൾ സാങ്കേതികവിദ്യ ഒരു സാമൂഹ്യ നിർമ്മിതിയെന്ന് പറയാം. കേരളം പോലെ ലോകാന്തര ബന്ധങ്ങളുള്ള ഒരു ചെറു സമൂഹത്തിന്റെ ചരിത്രം പുനർവായിക്കുന്നതിന് ഇത്തരത്തിലുള്ള നവീന രീതിശാസ്ത്രങ്ങളെ നമ്മുടെ അക്കാദമിക ചരിത്രമെഴുത്തുകാർ മനസിലാക്കേണ്ടതുണ്ട്. കേരളത്തിന്റെ കൃഷി, വ്യവസായം, വാണിജ്യം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയുടെ ചരിത്രത്തിന് പുതിയ മാനങ്ങൾ നല്കാൻ ഹിസ്റ്ററി ഓഫ് ടെക്നോളജി എന്ന വിഞ്ജാനശാഖയ്ക്ക് കഴിയുമെന്ന് തന്നെ പറയാം.
Reference: Schatzberg, Eric (2018), Technology : Critical History of a concept, University of Chicago Press.
(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഓഫ് മദ്രാസിലെ ഗവേഷക വിദ്യാർത്ഥിയും ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹിസ്റ്ററി ഓഫ് സയൻസിലെ വിസിറ്റിംഗ് റിസർച്ച് ഫെല്ലോയും ആണ് ലേഖകൻ.)