ഡാറ്റ ശാസ്ത്രജ്ഞനായ നീലകണ്ഠൻ ആർ.എസ് രചിച്ച ‘സൗത്ത് വേഴ്‌സസ് നോർത്ത്: ഇന്ത്യാസ് ഗ്രേറ്റ് ഡിവൈഡ്’ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന അസമത്വപരമായ അന്തരങ്ങളെ കണക്കുകളിലൂടെ തുറന്നുകാണിച്ച പുസ്തകമാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എങ്ങനെയാണ്, എന്തുകൊണ്ടാണ് രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നതെന്നും വർദ്ധിച്ചുവരുന്ന അധികാര കേന്ദ്രീകരണം ഈ സംസ്ഥാനങ്ങളെ എങ്ങനെയാണ് ബാധിക്കുന്നതെന്നും നീലകണ്ഠൻ ആർ.എസ് വ്യക്തമാക്കുന്നു. വർഷങ്ങളായി ദക്ഷിണ സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തിൻ്റെ വിഹിതം എങ്ങനെയാണ് കുറഞ്ഞതെന്നും പുസ്തകം കണക്കുകൾ സഹിതം വിശദമാക്കുന്നു. സംസ്ഥാനങ്ങൾക്കിടയിൽ വരുമാനം പങ്കിടുന്നതിന് ധനകാര്യ കമ്മീഷൻ ഉപയോഗിക്കുന്ന ഫോർമുല കാരണം ജനസംഖ്യാ വളർച്ചാ നിരക്ക് കുറയുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നികുതി വരുമാനത്തിൽ നിന്ന് മതിയായ വിഹിതം ലഭിക്കാതെ പോകാൻ കാരണമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ ലഭ്യമാകുന്ന തരത്തിൽ ഫെഡറൽ ജനാധിപത്യ സംവിധാനത്തിന്റെ ഘടനയെ തന്നെ മാറ്റണം എന്നാണ് നീലകണ്ഠൻ ആർ.എസ് അഭിപ്രായപ്പെടുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ നീലകണ്ഠൻ ആർ.എസ് കേരളീയവുമായി സംസാരിക്കുന്നു.
2021ൽ നടത്തേണ്ടിയിരുന്ന സെൻസസ് നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോകുന്നത്. എന്തുകൊണ്ട് സെൻസസ് നടത്തുന്നില്ല എന്നതിന് വിശദീകരണം നൽകാൻ സർക്കാർ തയ്യാറായിട്ടുമില്ല. വനിതാ സംവരണ ബിൽ പാസാക്കിയപ്പോഴാണ് ആഭ്യന്തരമന്ത്രി അമിത് ഷാ സെൻസസിനെക്കുറിച്ച് സൂചിപ്പിച്ചത്. സെൻസസ് ഇല്ലാതെ പോകുന്ന ഈ സാഹചര്യത്തെ ഒരു ഡാറ്റാ സയൻ്റിസ്റ്റ് എന്ന നിലയിൽ എങ്ങനെയാണ് മനസ്സിലാക്കുന്നത്?
സെൻസസ് എന്നത് സ്വതന്ത്രമായി നടത്തപ്പെടേണ്ടതാണ്, രാജ്യത്തെ ഏതെങ്കിലും നയപരിപാടികളുമായോ രാഷ്ട്രീയ സംഭവങ്ങളുമായോ അതിന് ബന്ധമുണ്ടാകേണ്ട കാര്യമില്ല. സെൻസസ് എന്നത് ജനങ്ങളുടെ എണ്ണമെടുക്കലാണ്. മറ്റെന്തിനേക്കാളും സ്വതന്ത്രമായി നടക്കേണ്ട കാര്യമാണിത്. കോവിഡ് മഹാമാരിയുടെ ഇടയിലും നിരവധി രാജ്യങ്ങൾ സെൻസസ് നടത്തിയിട്ടുണ്ട്, പക്ഷേ ഇന്ത്യ സെൻസസ് നടത്തിയില്ല. ജനങ്ങൾക്ക് ഒരു വിശദീകരണവും നൽകാതെ, അടിസ്ഥാനപരമായ എണ്ണമെടുക്കൽ പോലും നടത്താതെ സർക്കാർ മുന്നോട്ടുപോയി എന്നത് ഈ രാജ്യത്തെ സംബന്ധിച്ച് ഒരു ദുരന്തമാണ്. മാത്രമല്ല, ഇതേക്കുറിച്ച് വലിയ ചോദ്യങ്ങളൊന്നും നമ്മുടെ രാജ്യത്തെ പൗരർ ഉന്നയിക്കുകയോ സർക്കാരിൽ നിന്നും മറുപടി ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല എന്നതും സങ്കടകരമാണ്. ഏകദേശം ഒന്നര നൂറ്റാണ്ടായി നിലനിൽക്കുന്ന പതിവാണ് ഓരോ പത്ത് വർഷവും നമ്മൾ പൗരരുടെ കണക്കെടുക്കുന്നു എന്നത്. അത് നിർത്തിവെക്കുക യുദ്ധമുണ്ടാകുന്ന സാഹചര്യത്തിലാണ്. പക്ഷേ ഈ രാജ്യത്ത് അവർ ആ പതിവ് നടപ്പിലാക്കിയില്ല, സമൂഹം അതുമായി പൊരുത്തപ്പെടുന്നു. ചിന്തിക്കുന്നൊരു സമൂഹം എങ്ങനെയാണ് സെൻസസ് ഇല്ലാതെ മുന്നോട്ടുപോകാൻ തയ്യാറാകുന്നത്?
രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ജനങ്ങളോ ഇതേക്കുറിച്ച് ഉയർത്തിയ ചോദ്യങ്ങൾ വളരെ കുറവാണെന്ന് നിങ്ങൾ പറയുന്നു. പത്രങ്ങളിലോ ടെലിവിഷനിലോ ഇതേക്കുറിച്ചുള്ള ആഖ്യാനങ്ങളൊന്നും കാണാനുമുണ്ടായിരുന്നില്ല. ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്നാണ് താങ്കൾ കരുതുന്നത്?
ഞാൻ ടെലിവിഷൻ കാണാറില്ല. ടെലിവിഷൻ കാണുന്നതിൽ അർത്ഥമില്ലെന്ന് മനസ്സിലാക്കിയ ഒരു സമയത്താണ് അത് നിർത്തിയത്. ബോംബെയിൽ തീവ്രവാദ ആക്രമണമുണ്ടായപ്പോൾ മാധ്യമങ്ങൾ സൃഷ്ടിച്ച ഭയാന്തരീക്ഷം എന്നെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അച്ചടി മാധ്യമങ്ങളുടെ കാര്യമെടുത്താൽ, എന്റെ നാട്ടിൽ നിന്ന് പുറത്തിറങ്ങുന്ന ദ ഹിന്ദു എടുത്തുനോക്കിയാൽ ഈ വിഷയങ്ങളിൽ ഇടയ്ക്കിടെ എഡിറ്റോറിയൽ പേജിൽ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നത് കാണാം. എത്രയോ കുറച്ചുപേരാണ് അതൊക്കെ വായിക്കുന്നത്? എന്തുകൊണ്ടാണത് വളരെ കുറച്ചാളുകളുടെ ആശങ്ക മാത്രമായി അത് തുടരുന്നത് എന്നതാണ് ചോദ്യം. ഒരു സമൂഹമെന്ന നിലയിൽ നമ്മൾ മികച്ച ഭരണത്തിന്റെ അടിസ്ഥാന പ്രക്രിയകളെക്കുറിച്ച് ചിന്തിക്കുന്നതേയില്ല എന്നതുകൊണ്ടാണോ? വ്യക്തിപരമായ രാഷ്ട്രീവുമായി ഇതിന് ബന്ധമുണ്ട് എന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾ ആർക്കാണ് വോട്ട് ചെയ്യുന്നത് എന്നല്ല, ഈ രാജ്യത്തെ ജനസംഖ്യ എണ്ണമെടുക്കലിലൂടെ രേഖപ്പെടുത്തുക എന്നത് ഇവിടെ നടക്കേണ്ട പ്രാഥമികമായൊരു കാര്യമാണ്. ഈ നിസ്സംഗത എന്നെ തീർച്ചയായും ഭയപ്പെടുത്തുന്നുണ്ട്.
താങ്കൾ പറഞ്ഞതുപോലെ, കണക്കെടുപ്പ് നടക്കാത്ത സാഹചര്യമുണ്ടായത് യുദ്ധകാലത്ത് മാത്രമാണല്ലേ?
അതെ, ഉദാഹരണത്തിന്, യൂറോപ്പിൽ സെൻസസ് നടക്കാതിരുന്ന സമയം രണ്ടാം ലോക മഹായുദ്ധ കാലത്താണ്. കോവിഡിനിടയിലും യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് സെൻസസ് നടത്തിയിട്ടുണ്ട്. ഇന്ത്യ ഇന്ത്യയുമായിത്തന്നെ ഒരു യുദ്ധത്തിലാണ്.
അതത് കാലഘട്ടങ്ങളിൽ എങ്ങനെയാണ് പഞ്ചവത്സര പദ്ധതികൾ വ്യത്യസ്ത സംസ്ഥാനങ്ങളിൽ ഇന്ത്യൻ ജനതയുടെ പിന്നോക്കാവസ്ഥ പരിഹരിച്ചത് അല്ലെങ്കിൽ അവരെ മുന്നോട്ടുനയിച്ചതെന്ന് താങ്കൾ പഠിച്ചിട്ടുണ്ടോ? പ്ലാനിംഗ് കമ്മീഷന്റെ ഘടനാപരമായ മാറ്റം ഇന്നത്തെ ഇന്ത്യൻ അവസ്ഥയെ എങ്ങനെയെല്ലാമാണ് ബാധിച്ചിട്ടുള്ളത്?
ഇതൊരു പ്രധാനപ്പെട്ട ചോദ്യമാണ്. കേന്ദ്ര സർക്കാരിൽ നിന്നും സംസ്ഥാനങ്ങളിലേക്ക് വിഭവങ്ങൾ നീക്കിവയ്ക്കുന്ന കാര്യത്തിൽ നിങ്ങൾ സൂചിപ്പിച്ചത് ഒരു പ്രധാന ഘടകമാണ്. പ്ലാനിംഗ് കമ്മീഷൻ കുറ്റമറ്റതാണെന്ന് ആരും വാദിക്കുന്നില്ല, പ്ലാനിംഗ് കമ്മീഷനും ഗുരുതരമായ പിഴവുകളുണ്ടായിരുന്നു. ഓരോ ഫിനാൻസ് കമ്മീഷനും ഫോർമുല അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിലേക്ക് വിഹിതം നൽകേണ്ടതുണ്ടെന്നും ഇതൊരിക്കലും രാഷ്ട്രീയ നേതാക്കളെ വ്യക്തിപരമായി പരിഗണിച്ചുകൊണ്ടാകരുതെന്നുമാണ് നിലവിലുള്ള ഘടന. രാഷ്ട്രീയ നേതാക്കളിലേക്ക് നേരിട്ട് ബന്ധിപ്പിച്ചുകഴിഞ്ഞാൽ, അവർ ഈ ഫണ്ട് കൈമാറ്റത്തെ അവരുടെ തെരഞ്ഞെടുപ്പ് സാധ്യതകളുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ ആയുധമാക്കി മാറ്റും. സംസ്ഥാനത്തെ ജനങ്ങൾ തനിക്ക് വോട്ട് ചെയ്യുമെന്ന പ്രതീക്ഷയിൽ ആ സംസ്ഥാനത്തിന് വേണ്ടി കൂടുതൽ പണം നൽകും. ഫിനാൻസ് കമ്മീഷൻ വഴിയല്ലാതെ, സംസ്ഥാനങ്ങളിലേക്കുള്ള ഡിസ്‌ക്രീഷണറി ധന കൈമാറ്റ അനുപാതം വല്ലാതെ കുറഞ്ഞതായി കാണാൻ കഴിയും. പ്ലാനിംഗ് കമ്മീഷന് പകരമായി കൊണ്ടുവന്ന സംവിധാനം എന്താണെന്നും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എന്താണ് എന്നും നമ്മൾ ഗൗരവമായി പരിശോധിക്കണം. രണ്ട് ട്രാക്കുകളിലൂടെയാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് പണം നൽകുന്നത്. അതിലൊന്നിൽ കാര്യമായ കുറവുണ്ടായപ്പോഴാണ് അത് സംസ്ഥാനങ്ങളുടെ ബഡ്ജറ്റിനെ ബാധിക്കാൻ തുടങ്ങിയത്. കേന്ദ്ര സർക്കാർ സ്വന്തം ഭാഗത്ത് കൂടുതൽ പണം നിലനിർത്തുന്നു. രണ്ട് ട്രാക്കുകളിലൂടെ പണം കൈമാറുന്നിടത്ത് നിന്നും പെട്ടെന്ന് ഒരു ട്രാക്ക് എടുത്തുമാറ്റുമ്പോൾ അത് അർത്ഥമാക്കുന്നത് സംസ്ഥാനങ്ങൾക്ക് കൊടുക്കാനുള്ള ധനവിഹിതം കേന്ദ്ര സർക്കാർ അതിന്റേതായ രാഷ്ട്രീയ പദ്ധതികൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നാണ്. 2011-2012 മുതൽ 2020-2021 വരെയുള്ള കാലയളവിൽ, ഫിനാൻസ് കമ്മീഷൻ ഇതര ഗ്രാന്റുകളും നീക്കിവയ്പ്പുകളും 49 ശതമാനത്തിൽ നിന്നും 33 ശതമാനം അല്ലെങ്കിൽ 34 ശതമാനം ആയി കുറഞ്ഞു. സംസ്ഥാനങ്ങൾക്കുള്ള ഫിനാൻസ് കമ്മീഷൻ ഇതര ഫണ്ടിങ്ങിൽ 11 ശതമാനം വ്യത്യാസമുണ്ടായി. സ്‌പെഷ്യൽ ഇക്കണോമിക് സോണുമായി ബന്ധപ്പെട്ട മാറ്റങ്ങൾ വഴി ഇതിനകം തന്നെ സംസ്ഥാനങ്ങളിലേക്കുള്ള ഫിനാൻസ് കമ്മീഷൻ ഇതര ഫണ്ടിങ്ങ് കുറഞ്ഞ സാഹചര്യമാണ് ഉള്ളത്. ഫിനാൻസ് കമ്മീഷന്റെ അലോക്കേഷൻ റേഷ്യോ ട്രാക്ക്, നമ്മൾ അടയ്ക്കുന്ന നികുതിപ്പണം കേന്ദ്ര സർക്കാരിന്റെ ഡിവിസീവ് പൂളിലേക്ക് പോകുന്നു. അതിൽ നിന്നും ഇപ്പോൾ 42 ശതമാനം ആണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകേണ്ടത്. ഈ 42 ശതമാനം എന്നത് തീരുമാനിക്കുന്നത് ഫിനാൻസ് കമ്മീഷൻ ആണ്. മറ്റൊന്ന് വരുമാന കമ്മി ഗ്രാന്റുകൾ (റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ്‌സ്) ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ പരിഗണിക്കുന്നതാണ്. ഇതിൽ സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ പലതാകാം. പ്ലാനിംഗ് കമ്മീഷനിലൂടെ സംസ്ഥാന തലത്തിലുള്ള പദ്ധതികൾക്കായി ഫണ്ടിംഗ് നൽകുക എന്നതായിരുന്നു നിലനിന്നിരുന്ന പഴയ രീതി. പ്ലാനിംഗ് കമ്മീഷൻ വഴി സംസ്ഥാനങ്ങൾക്ക് പണം നൽകുന്നത് ഇല്ലാതാക്കപ്പെട്ടതോടെ ഇപ്പോൾ ഒരു ട്രാക്കിലൂടെ മാത്രമാണ് സംസ്ഥാനങ്ങൾക്ക് ഫണ്ട് ലഭിക്കുന്നത്. ഇത് കൂടാതെയുള്ളത് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ലഭ്യതയ്ക്കുള്ള സാധ്യതയും.
സർക്കാർ ഡേറ്റയിൽ വളരെയധികം കൃത്രിമത്വം നടക്കാറുണ്ടല്ലോ. സർക്കാരിന്റെ ഭാഗത്ത് നിന്നും വളരെ പ്രത്യക്ഷമായ പിഴവുകൾ വരുന്ന സാഹചര്യങ്ങളും സംഭവങ്ങളുമുണ്ടാകുമ്പോൾ അവയെപ്പറ്റി വിവരശേഖരണം നടത്തുക മാധ്യമപ്രവർത്തകർക്ക് ഏറെക്കുറെ അസാധ്യമാകാറുണ്ട്. 2017ലെ ഗൊരഖ്പൂർ ഓക്‌സിജൻ ദുരന്തത്തെ തുടർന്ന് ഇത് സംഭവിച്ചിട്ടുണ്ട് എന്ന് അവിടെയുള്ള ഒരു മാധ്യമപ്രവർത്തകൻ അറിയിച്ചിരുന്നു. മാത്രമല്ല ജാപ്പനീസ് എൻസിഫലൈറ്റിസ് കാരണമുള്ള മരണങ്ങൾ ഇപ്പോൾ ഗൊരഖ്പൂർ ആശുപത്രിയിൽ ഉണ്ടാകാറില്ല എന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. എന്നാൽ ഈ മാധ്യമപ്രവർത്തകൻ നൽകിയ വിവരം മറ്റൊരു രോഗത്തിന്റെ പേരിലാണ് ജാപ്പനീസ് എൻസിഫലൈറ്റിസ് ബാധിച്ചുള്ള മരണങ്ങളെ പട്ടികപ്പെടുത്തുന്നത് എന്നാണ്. സർക്കാർ ഡാറ്റയുടെ രൂപപ്പെടൽ സംബന്ധിച്ചുള്ള ഇത്തരം പ്രശ്‌നങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?
നമ്മൾ പരിശോധിക്കുന്ന മെട്രിക് (അളവുകോൽ) എന്തായിരിക്കണം, ഒരു സംസ്ഥാനത്തിന്റെ വികസന സൂചകങ്ങളായി നമ്മൾ എന്തൊക്കെയാണ് പരിഗണിക്കുന്നത് എന്നത് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. എന്റെ പുസ്തകം ശ്രദ്ധിച്ചാൽ മനസ്സിലാകും, മരണങ്ങളുടെ അസുഖതലത്തിലുള്ള റിപ്പോർട്ടിങ് ഞാനതിൽ ഉൾപ്പെടുത്തിയിട്ടില്ല. അങ്ങനെ ചെയ്തത് അവ ഉൾപ്പെടുത്തുകയില്ല എന്ന് തീരുമാനിച്ചതുകൊണ്ടാണ്. ഇത് ഇന്ത്യയുടെ മാത്രം കാര്യമല്ല, വികസ്വരമായ ഏതൊരു രാജ്യത്തും അസുഖങ്ങൾ പട്ടികപ്പെടുത്തിക്കൊണ്ടുള്ള സർക്കാരുകൾ ഡാറ്റ ഒരിക്കലും സുതാര്യമാക്കുകയില്ല. അതിന് കൃത്യമായ രാഷ്ട്രീയ കാരണങ്ങളും ഉണ്ടാകും. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വികസ്വര രാജ്യങ്ങൾക്ക് അതുകൊണ്ട് തന്നെ ഡാറ്റ മറച്ചുവയ്ക്കാൻ എളുപ്പവുമാകും. ശിശുമരണം ഭീകരമായൊരു ദുരന്തമാണ്. ഒരു കുഞ്ഞ് മരിക്കുന്നു എന്നാൽ ഒരു കുഞ്ഞ് മരിക്കുന്നു എന്നാണ്. മരിക്കുന്ന കുഞ്ഞിന്റെ രക്ഷിതാക്കളെ സംബന്ധിച്ച് അത് അവരുടെ ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തമാണ്. അതുകൊണ്ട് കുഞ്ഞുങ്ങളുടെ മരണം എന്നത് ഒളിപ്പിക്കാൻ കഴിയുന്ന ഒരു വിവരമല്ല. അവരുടെ മരണകാരണം എന്താണ് എന്നത് തീർച്ചപ്പെടുത്താൻ പ്രയാസമുള്ള ഒന്നാണ്. ആന്തരികമായി വികസിച്ചുകൊണ്ടിരിക്കുന്ന രണ്ട് സമൂഹങ്ങളെ താരതമ്യം ചെയ്യേണ്ടിവരുമ്പോൾ അതിനായി തെരഞ്ഞെടുക്കുന്ന അളവുകോലുകൾ ശിശുമരണ നിരക്കും അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്കുമാണ്. കാരണം, എന്തുതന്നെയായാലും ഒരു കുഞ്ഞ് മരിച്ചിട്ടുണ്ടെങ്കിൽ അത് മറച്ചുവെക്കുക എളുപ്പമല്ല. സെൻസസ് ഉണ്ടായിരുന്നുവെങ്കിൽ ഇത് സെൻസസ് ഡാറ്റയിൽ രേഖപ്പെടും, നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേയിൽ രേഖപ്പെടും, സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റം സെൻസസിൽ രേഖപ്പെടും, ഇങ്ങനെ പല രൂപങ്ങളിൽ ഈ വിവരം കാണപ്പെടും. വികസ്വര രാജ്യങ്ങളിൽ രോഗങ്ങളുടെ പട്ടികപ്പെടുത്തൽ ഹോസ്പിറ്റൽ തലത്തിലും പ്രശ്‌നം നിറഞ്ഞതാണ്. അതുകൊണ്ട് ഞാൻ ആ ഡാറ്റ പഠനവിധേയമാക്കാൻ ഉപയോഗിക്കാറില്ല.
നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ ഡാറ്റയുടെ കൃത്യതയെ ചോദ്യം ചെയ്യുന്ന റിപ്പോർട്ടുകൾ ഈയിടെ പുറത്തുവന്നിരുന്നു, ദേശീയ തലത്തിൽ വിവരശേഖരണം നടത്താൻ ഈ സർവ്വേകൾ ഉപയോഗിക്കുന്ന രീതികൾ മുന്നോട്ടുവെക്കുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്?
എല്ലാ സർവേ ഡാറ്റയും പിഴവുകൾ ഉള്ളതാണ്. അതുകൊണ്ടാണ് അതിനെ സർവേ ഡാറ്റ എന്ന് വിളിക്കുന്നത്. എന്തുതന്നെയായാലും അത് സർവ്വേകൾ വേണ്ട എന്ന് പറയാനുള്ള ഒരു കാരണവുമല്ല. ഇതിനുള്ള ഉത്തരം കൂടുതൽ സർവ്വേകൾ ചെയ്യാൻ പറ്റുക എന്നതും അതിലൂടെ തെറ്റുകൾ മനസ്സിലാക്കി നമ്മുടെ സർവ്വേകളെ മെച്ചപ്പെടുത്തുക എന്നതുമാണ്. ഇന്ത്യയുടെ വലിപ്പവും വൈവിധ്യങ്ങളും കണക്കിലെടുത്താൽ ഇത്തരം സർവ്വേകൾ നടത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതുകൊണ്ട് തന്നെ കുറച്ചധികം പിഴവുകൾ അതിൽ പ്രതീക്ഷിക്കേണ്ടതാണ്. അതിനാൽ നമുക്ക് കൂടുതൽ സർവ്വേകൾ നടത്തേണ്ടുന്നതിന്റെ ആവശ്യവും ഉണ്ട്.
മാധ്യമപ്രവർത്തനത്തിന് ഡാറ്റയിലെ വിടവുകൾ പരിഹരിക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോ?
ഡാറ്റയെ സംബന്ധിച്ചുള്ളത് ഒരു ഘടനാപരമായ പ്രശ്‌നമാണ്. ഡാറ്റയുടെ സ്വഭാവം അതാണ്. സംസ്ഥാനതലത്തിലോ കേന്ദ്രതലത്തിലോ ഉള്ള സംവിധാനപരമായ പരിഹാരമാണ് അതിന് ആവശ്യം. അപൂർണമായ ഡാറ്റയെയും അത് കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളെയും ഒരു നല്ല ജേണലിസ്റ്റിന് തുറന്നുകാട്ടാൻ കഴിഞ്ഞേക്കും. അതിലൂടെ രൂപപ്പെടുന്ന പൊതുജന സമ്മർദ്ദം പരിഗണിച്ച് സർക്കാർ ഘടനാപരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും പ്രതീക്ഷിക്കാം. കേരളം, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിൽ മാധ്യമപ്രവർത്തനം മാത്രമല്ല, തെരുവുകളിൽ നടക്കുന്ന രാഷ്ട്രീയ ആക്റ്റിവിസവും മാറ്റങ്ങളുണ്ടാക്കാറുണ്ട്. ഈ സംസ്ഥാനങ്ങളിൽ ഡേറ്റ മറച്ചുവയ്ക്കൽ നടക്കുന്നില്ല എന്നല്ല ഞാൻ പറയുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന അത്രയും ആഴത്തിൽ ഇവിടെ അത് സംഭവിക്കുന്നില്ല. നമ്മൾ കൂടുതൽ പരിഷ്‌കൃതരും സത്യസന്ധരും ആയതിനാലാണ് എന്നല്ല, ഇവിടെയുള്ള രാഷ്ട്രീയ പ്രവർത്തനം എപ്പോഴും സർക്കാരിൽനിന്നും സുതാര്യത ആവശ്യപ്പെടുന്നതായതുകൊണ്ടാണ്. അതുകാരണം എളുപ്പത്തിൽ ഡാറ്റ മറച്ചുവയ്ക്കാൻ കഴിയില്ല. പ്രശ്‌നങ്ങളുടെ ദൃശ്യത വലിയൊരു ഘടകമാണ്. അധികാരത്തിലുള്ള സർക്കാർ അവരെ തെരഞ്ഞെടുത്ത ജനങ്ങളെ ഭയക്കുന്നുണ്ടെങ്കിൽ അവർ കുറച്ചധികം സത്യസന്ധതയുള്ളവരാണ് എന്നതാണ് ജനാധിപത്യ സമൂഹങ്ങളിലുള്ള പ്രതീക്ഷ.
തുടർച്ചയായി നടപ്പിലാക്കിയ വിവിധ ഭരണഘടനാ ഭേദഗതികൾ, പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം, പാർലമെന്റ് അംഗങ്ങളെ കൂട്ടമായി സസ്‌പെൻഡ് ചെയ്ത സംഭവം, ഭേദഗതി ചെയ്ത ക്രിമിനൽ നിയമങ്ങൾ എന്നിവയെല്ലാം പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെ തകർച്ച സൂചിപ്പിക്കുന്നവയാണ്. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയാണ് ഏറ്റവും മികച്ചത് എന്ന അഭിപ്രായത്തോടെയല്ല ഇത് പറയുന്നത്. ജനാധിപത്യ സങ്കൽപത്തെ തകർക്കുന്ന സംഭവങ്ങളുണ്ടാകുമ്പോൾ ജനാധിപത്യത്തിന്റെ മരണം സംഭവിച്ചു എന്നാണ് നമ്മൾ പറയാറുള്ളത്. പാർലമെന്ററി ജനാധിപത്യത്തിലൂടെ ജനങ്ങളുടെ അധികാരം എങ്ങനെയെല്ലാമാണ് ഘടനാപരമായി ഇല്ലായ്മ ചെയ്യപ്പെടുന്നത് എന്നതിൽ താങ്കളുടെ നിരീക്ഷണങ്ങൾ പങ്കുവയ്ക്കാമോ?
ഇതൊരു സങ്കീർണമായ ചോദ്യമാണ്. എന്റെ പുസ്തകത്തിലെ അവസാന അധ്യായം ഇതേക്കുറിച്ചാണ്. ജനാധിപത്യ വ്യവസ്ഥ ഇല്ലാതാക്കപ്പെടുന്നതിന് അധികാരത്തിലിരിക്കുന്ന സർക്കാരിനെയോ പാർലമെന്റ് അംഗങ്ങളെയോ കുറ്റപ്പെടുത്തുക എന്നത് വളരെ എളുപ്പമാണ്. പക്ഷേ ഇതൊരു ഘടനാപരമായ പ്രശ്‌നമാണ്. രാഷ്ട്രീയ നേതാക്കളെ നമ്മൾ തന്നെ തെരഞ്ഞടുക്കുകയും അവർ അവരുടെ സ്വാർത്ഥ താൽപര്യങ്ങൾ മാറ്റിവെച്ച് പ്രവർത്തിക്കണമെന്നുമാണ് നമ്മൾ ആഗ്രഹിക്കുക. ഇത് കൂടുതൽ അധികാരം അവർക്ക് കൊടുക്കുന്നതിന് തുല്യമാണ്. ഇതുതന്നെ തുടരുന്നതിൽ അർത്ഥമില്ല. ഒരു മോശം വ്യവസ്ഥിതി ഉണ്ടാക്കിയിട്ട് അതിൽ നിന്നും നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല. പാർലമെന്റിന്റെ കാര്യത്തിൽ ശരിക്കും അതാണ് സംഭവിച്ചിരിക്കുന്നത്. ഒരു ചെറിയ യൂറോപ്യൻ രാജ്യത്തിന്റെ അത്രയുമുള്ള മണ്ഡലങ്ങളിൽ നിന്നാണ് എംപിമാരെ തെരഞ്ഞെടുക്കുന്നത്. ‘ഫസ്റ്റ് പാസ്റ്റ് ദ പോസ്റ്റ്’ എന്ന സിസ്റ്റം വഴി. എന്നാൽ, ഈ എംപിക്ക് പാർലമെന്റിൽ ശബ്ദമില്ല. അവരുടെ പാർട്ടി വിപ് അനുസരിച്ച് മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ. ഒരു എംപി പ്രതിനിധീകരിക്കുന്നത് രണ്ട് മില്യൺ ആളുകളെയാണ് എന്നിരിക്കട്ടെ. ഈ എംപിക്ക് എന്നെയോ താങ്കളെയോ പ്രതിനിധീകരിക്കാൻ കഴിയില്ല-നമ്മുടെ രണ്ടുപേരുടെയും രാഷ്ട്രീയ വിശ്വാസങ്ങൾ ഈ എംപിയുടേതുമായി ചേർന്നു നിൽക്കുന്നതാകണമെന്നില്ല. അത് വ്യക്തികൾ എന്ന നിലയിൽ പോലും സാധ്യമാകുന്ന കാര്യമല്ലല്ലോ. സ്വന്തം മണ്ഡലത്തിന്റെ താൽപര്യം എന്താണെന്ന് പാർലമെന്റിൽ പ്രതിഫലിപ്പിക്കാൻ അതുകൊണ്ട് ഈ എംപിക്ക് കഴിയില്ല. ഒന്നാലോചിച്ച് നോക്കൂ, ഒരു രാഷ്ട്രീയ കൂട്ടുകക്ഷി സർക്കാരിൽ പോലും രാഷ്ട്രീയ പാർട്ടികളുടെ ശബ്ദങ്ങൾക്ക് എത്രത്തോളം അധികാരം ഉണ്ടാകുമെന്ന്. എന്തിനാണ് നമുക്കൊരു ജനാധിപത്യ വ്യവസ്ഥ? എംപിമാരോ എംഎൽഎമാരോ മന്ത്രിമാരോ ഉണ്ടാകുന്നതിന് വേണ്ടിയല്ല, ജനങ്ങളുടെ ആഗ്രഹങ്ങളെ ഭരണത്തിൽ പ്രതിനിധീകരിക്കാനാണ്. അതാണ് ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാന ലക്ഷ്യം. ഇവിടെ സംഭവിച്ചത് നമ്മൾ പ്രാതിനിധ്യ ജനാധിപത്യത്തെ വ്യക്തിയിലേക്കും വ്യക്തിയുടെ അധികാരത്തിലേക്കും ആഗ്രഹങ്ങളിലേക്കും രാഷ്ട്രീയത്തിലേക്കും മാറ്റി സ്ഥാപിച്ചു എന്നതാണ്. ഭരണപ്രക്രിയയെ കരിയർ സാധ്യത ആക്കിക്കഴിഞ്ഞാൽ അതാണ് സംഭവിക്കുക. അതൊരിക്കലും ജനങ്ങൾക്ക് അനുകൂലമാകുകയില്ല. ഓരോ തവണയും ജനാധിപത്യം മരിച്ചു എന്ന് വിലപിക്കുന്നതിനേക്കാൾ, ജനങ്ങളുടെ ആവശ്യങ്ങളെ മെച്ചപ്പെട്ട രീതിയിൽ പ്രതിനിധീകരിക്കാൻ എന്ത് ചെയ്യാൻ കഴിയും എന്നാണ് നമ്മൾ ആലോചിക്കേണ്ടത്. മറ്റൊരു കാര്യം, ഇത്രയധികം വൈവിധ്യമുള്ള ജനസംഖ്യയുള്ളതിനാൽ ഓരോ സംഭവം ഉണ്ടാകുമ്പോഴും അതിന്റെ തീവ്രത ആ രീതിയിൽ നമുക്ക് വെളിപ്പെടുന്നതുകൊണ്ട് കൂടിയാണ് പല തവണയായി ജനാധിപത്യം മരിക്കുന്നു എന്ന് നമുക്ക് പറയേണ്ടിവരുന്നത്. ചില സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ പാർലമെന്ററി വ്യവസ്ഥയിൽ ജനാധിപത്യ സംവിധാനം മുന്നോട്ടുപോകുന്നുണ്ട്. ചെറിയ, എത്‌നിക് ആയി ഏകാത്മകമായ (ethnically homogeneous) ആ രാജ്യങ്ങളിൽ വെസ്റ്റ്മിൻസ്റ്റർ മോഡലിൽ ഭരണം നടക്കുന്നുണ്ട്. ഇന്ത്യയിലേതുപോലെ പ്രാദേശികമായി വിഭിന്നമല്ല അവിടെയൊന്നും.
“തുടക്കം മുതൽ തന്നെ ഇന്ത്യ ഇന്ത്യയിലെ ജനങ്ങളോട് അവരെ ഭരിക്കുന്നതിനുള്ള സമ്മതം തേടിയിട്ടില്ല. ഹിതപരിശോധന ആവശ്യപ്പെട്ട, വാഗ്ദാനം ചെയ്ത കശ്മീർ, ഹെെദരാബാദ് എന്നിവിടങ്ങളിൽ ഇതുവരെയും അങ്ങനെയൊന്ന് നടത്തിയിട്ടില്ല. എത്രകാലം ഇതിങ്ങനെ തുടരാൻ കഴിയും?” ‘ഗോയിങ് സൗത്ത്: ദ ഡീപെനിങ് ഫോൾട്ട് ലൈൻസ് ബിറ്റ്വീൻ സതേൺ സ്‌റ്റേറ്റ്‌സ് ആൻഡ് ദ ഇന്ത്യൻ യൂണിയൻ’ എന്ന കാരവനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ താങ്കൾ ഇങ്ങനെ എഴുതിയിട്ടുണ്ട്. ഭരിക്കപ്പെടാനുള്ള സമ്മതം എന്ന ആശയത്തെക്കുറിച്ച് വിശദീകരിക്കാമോ?
ഇന്ത്യൻ എന്ന് സ്വയം വിളിക്കുന്നതിലൂടെയോ, ദേശീയതയുടെ ഭാഷ സംസാരിക്കുന്നതിലൂടെയോ, അർധ സ്വതന്ത്രമായ മാധ്യമ അന്തരീക്ഷത്തിൽ പീരിയോഡിക് ആയി തെരഞ്ഞെടുപ്പുകൾ നടത്തിയതുകൊണ്ടോ സ്വയം ഒരു ജനാധിപത്യം എന്ന് അവകാശപ്പെടാൻ കഴിയും എന്ന് ഇന്ത്യ കരുതുന്നുണ്ട് എന്ന് തോന്നുന്നു. ജനാധിപത്യത്തിന്റെ ആദ്യ നിയമം എന്നത് ഭരിക്കപ്പെടാനുള്ള സമ്മതം നൽകിയവരായിരിക്കണം ജനങ്ങൾ എന്നതാണ്. നമ്മളോട് ഒരിക്കലും ഭരിക്കപ്പെടാൻ സമ്മതമാണോ എന്ന് ചോദിച്ചിട്ടില്ല. കൊളോണിയൽ ഭരണത്തിന്റെ സൗകര്യത്തിന് വേണ്ടിയാണ് ഇന്ത്യൻ ഫിസ്‌കൽ യൂണിയൻ തന്നെ ഉണ്ടായത്. അല്ലാതെ ബ്രിട്ടീഷ് കൊളോണിയൽ അധികാരികൾ മദ്രാസ് പ്രസിഡൻസിയോടോ ബോംബെ പ്രസിഡൻസിയോടോ നിങ്ങൾക്ക് ബംഗാൾ ഗവർണറുടെ ഓഫീസിന്റെ ഭാഗമാകാൻ സമ്മതമാണോ എന്ന് ചോദിച്ചിട്ടില്ല. 1833ൽ ഇതെല്ലാം തമ്മിൽ ബന്ധിക്കപ്പെട്ടിട്ടില്ലാത്ത ഇടങ്ങളായിരുന്നു. കൊളോണിയൽ അഡ്മിനിസ്‌ട്രേഷനിൽ നിന്നും ആധുനിക ഇന്ത്യൻ യൂണിയനിലേക്ക് ഒരു നേർവര വരക്കാൻ കഴിയും. അതാണ് ഞാൻ ഹൈദരാബാദിന്റെ ഉദാഹരണം നൽകിയത്. ഹൈദരാബാദിലെ ജനങ്ങൾക്ക് നിസാമിന്റെ ഭരണകൂടത്തിന്റെയോ പാകിസ്താന്റെയോ ഭാഗമാകാൻ താൽപര്യമുണ്ടായിരുന്നില്ല. അവർ ഇന്ത്യയിൽ നിൽക്കാൻ തീരുമാനിച്ചു. ഹിതപരിശോധന നടത്തിയാൽ ജയിക്കാൻ സാധ്യതയുണ്ട് എന്നറിയുന്നിടത്ത് പോലും അത് നടത്താത്ത സർക്കാരാണ് ഇന്ത്യയിലേത്. അവിടെപ്പോലും ഇന്ത്യൻ യൂണിയൻ ജനങ്ങളോട് ചോദിച്ചിട്ടില്ല നിങ്ങൾക്ക് ഞങ്ങളുടെ ഭാഗമാകണോ എന്ന്. ഭരണം എന്നത് ജനങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടതില്ലാത്ത ഭരണകൂടത്തിന്റെ അവകാശമാണ് എന്ന് ഇന്ത്യൻ ഗവണ്മെന്റ് കരുതുന്നുണ്ട്.
ആർട്ടിക്കിൾ 370 ഭേദഗതി ചെയ്ത് കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതിനെതിരെ വന്ന ഹർജികളിൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചത് ഭേദഗതി നിയമപരമാണെന്നാണ്. ബാബറി മസ്ജിദ് കേസിലെ വിധിയും ഇത്തരത്തിൽ വസ്തുതകളെ മറച്ചുപിടിച്ചുകൊണ്ടുള്ളതായിരുന്നല്ലോ. ഇതെല്ലാം വരുന്നത് ഇന്ത്യയുടെ പരമോന്നത നീതിപീഠം എന്ന് അറിയപ്പെടുന്ന സുപ്രീം കോടതിയിൽ നിന്നും. കശ്മീർ കേസിലെ പുതിയ വിധിയോടുകൂടി കശ്മീരിനുമേൽ ഒന്നുകൂടി കേന്ദ്രം അധികാരമുറപ്പിച്ചു എന്നു തോന്നുന്നുണ്ടോ?
സുപ്രീം കോടതിയുടെ സ്വതന്ത്രതയെക്കുറിച്ച് സൈദ്ധാന്തികമായ വിശദീകരണങ്ങൾ എന്തൊക്കെയാണെങ്കിലും അത് ഇന്ത്യൻ സ്‌റ്റേറ്റിന്റെ ഒരു സുപ്രധാന ഭാഗം തന്നെയാണ്. ഒരു സംസ്ഥാനമായി തുടരുന്നതിൽ രൂപീകരണ സമയത്തെ ധാർമ്മിക കാരണങ്ങളുണ്ടെങ്കിൽ, ഉദാഹരണത്തിന് ഹൈദരാബാദിന്റെ കാര്യം- സുപ്രീം കോടതി ഒരിക്കലും പറയുകയില്ല ഹൈദരാബാദിന്റെ സമ്മതം തേടാതെയാണ് ഇന്ത്യൻ യൂണിയനിലേക്ക് ഹൈദരാബാദിനെ കൂട്ടിച്ചേർത്തതെന്ന്. അതുകൊണ്ട് നമ്മൾ ഹൈദരാബാദിനെ ഇന്ത്യയുടെ ഭാഗമായി കാണേണ്ടതില്ല എന്ന് പറയുകയില്ല. അതുപോലെ 1833ൽ മദ്രാസ് പ്രസിഡൻസിയോട് ബംഗാൾ ഗവർണറുടെ ഓഫീസിന്റെ ഭാഗമാകുവാൻ സമ്മതമുണ്ടോ എന്ന് അന്വേഷിച്ചിട്ടില്ല. ഇതെല്ലാം വളരെ ആഴമേറിയ തത്വശാസ്ത്രപരമായ ചോദ്യങ്ങളാണ്. അതുകൊണ്ട് നമ്മൾ ഈ കാര്യത്തിൽ സുപ്രീം കോടതിയിലേക്ക് നോക്കരുത്. ഇതൊരു നിയമപ്രശ്‌നമല്ല, ആരാണ് നമ്മൾ എന്നതിനെ സംബന്ധിക്കുന്ന ചോദ്യമാണിത്. നമ്മൾ ആരാണ് എന്ന് നിർവ്വചിക്കാൻ സുപ്രീം കോടതിയിലേക്ക് നോക്കേണ്ട. നമ്മൾ ആരാണോ അതാണ് നമ്മൾ. നമുക്കിടയിലുള്ള ചില തർക്കങ്ങൾ പരിഹരിക്കാൻ സുപ്രീം കോടതിയെ സമീപിക്കുന്നു, പക്ഷേ നമ്മൾ ആരാണ് എന്ന് സുപ്രീം കോടതി അല്ല പറയേണ്ടത്. സുപ്രീം കോടതി ഒരു പ്രശ്‌നപരിഹാര സംവിധാനം മാത്രമാണ്. പരമോന്നതമായത് എന്റെ സ്വത്വം ആണ്. ഇന്ത്യൻ ഭരണഘടനയ്ക്കും അപ്പുറം, അതിനും മുകളിലാണ് അതിന്റെ നിലനിൽപ്പ്.
പക്ഷേ സുപ്രീം കോടതിയിൽ വർഷങ്ങളോളം കെട്ടിക്കിടന്ന കേസുകളായിരുന്നല്ലോ ഇതെല്ലാം?
ശരിയാണ്, അതുകൊണ്ടാണ് ഞാൻ പറയുന്നത് ഫിലോസഫിക്കൽ സ്വഭാവമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണം എന്ന ആഗ്രഹവുമായി ആരും സുപ്രീം കോടതിയെ സമീപിക്കരുത് എന്ന്. സുപ്രീം കോടതി പറയുന്നു, നിങ്ങൾക്കവിടെ രാമക്ഷേത്രം പണിയാം, നോക്കൂ ഇതൊരു ഭൂമി തർക്ക പ്രശ്‌നമല്ല. ഒരു സമൂഹം എന്ന നിലയിൽ നമ്മൾ ആരാണ് എന്ന ചോദ്യമാണ്. ഭീകരമായ ഭൂരിപക്ഷമുള്ളൊരു സർക്കാരും അവ്യക്തമായ നിയമമുപയോഗിച്ച സുപ്രീം കോടതിയും. അവർക്ക് എങ്ങനെ വേണമെങ്കിലും എന്തും ചെയ്യാം എന്ന സ്ഥിതിയായി. പക്ഷേ ഒരു ലിബറൽ സൊസൈറ്റി എന്ന നിലയിൽ രാജ്യത്തെ ഒരു വലിയ വിഭാഗം ജനങ്ങൾ ഇടം നഷ്ടപ്പെട്ടവരായി. അവരുടെ ജീവിതം ഭീഷണിയിലാണ് എന്ന തോന്നലിന് ഇടം കൊടുക്കാതിരിക്കേണ്ടവരല്ലേ നമ്മൾ? ഇത് മനസാക്ഷിയോടുള്ള ചോദ്യമാണ്, സുപ്രീം കോടതിക്ക് അവിടെ യാതൊരു മൂല്യവുമില്ല. പക്ഷേ, ജനാധിപത്യ സമൂഹത്തിലെ ചിന്തിക്കുന്ന ആളുകൾ ഒരു ലിബറൽ സൊസൈറ്റി നിർമ്മിച്ചെടുക്കുന്നതിനായി അവരുടെ ധാർമിക ബോധത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. അതാണ് ഒരു ജനാധിപത്യ വ്യവസ്ഥയുടെ ഉദ്ദേശ്യം. ഇന്ത്യൻ യൂണിയൻ സ്വന്തം ജനങ്ങളെ നിസ്സാരമായി എടുക്കുന്നതിന്റെ തീവ്രമായൊരു ഉദാഹരണമാണ് കശ്മീർ. ഇത് ഇന്ത്യയുടെ ഇൻഡോ-ഗംഗാ സമതലങ്ങളിലെ സംസ്ഥാനങ്ങൾ ഒഴികെ, മറ്റെല്ലാ ഭാഗങ്ങളെ വെച്ച് നോക്കിയാലും ശരിയാണ്. തമിഴ്‌നാടിന് വിഭാഗീയ മുന്നേറ്റത്തിന്റെ നീണ്ടൊരു ചരിത്രമുണ്ട്. ഉദാഹരണത്തിന്, 1960കളിലെ ഇന്ത്യ-ചൈന യുദ്ധം നടക്കുന്നതുവരെ തമിഴ്‌നാട്ടിലെ ജനകീയമായ രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണ ആശയങ്ങളിൽ ഒന്ന് വിട്ടുപോകൽ (secession) തന്നെ ആയിരുന്നു. അതുകൊണ്ട്, ശബ്ദം താഴ്ത്തി സംസാരിക്കേണ്ടൊരു വിഷയമല്ല ഇത്. ഞങ്ങളെ സംബന്ധിച്ച് ഇത് ഞങ്ങളുടെ ചരിത്രത്തിന്റെ ഭാഗമാണ്, അതുകൊണ്ടാണ് ഇന്ത്യൻ യൂണിയൻ എന്താണ് എന്ന് നമ്മൾ ചോദിക്കേണ്ടത്. ഇന്ത്യൻ യൂണിയൻ എന്നത് വിവിധ ജനതകൾ ഒന്നിച്ചുചേർന്ന, എല്ലാവരും അവരുടേതായ നല്ല ജീവിതങ്ങൾ ജീവിക്കുന്ന രാഷ്ട്രീയ സംവിധാനമാണോ അതോ ഇന്ത്യൻ യൂണിയൻ എന്നത് ‘സിവിലൈസേഷണൽ സ്റ്റേറ്റ്’ എന്ന ഹിന്ദു വലതുപക്ഷത്തിന്റെ നിർമ്മിതിയാണോ? ഇന്ത്യൻ യൂണിയൻ എന്നാൽ അങ്ങനെയാണ് എന്ന് കരുതുന്നവരുണ്ട്. അതിനു വിരുദ്ധമായി കരുതുന്നവരുണ്ട്. പക്ഷേ ഈ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഇതിന് നടുവിലുള്ളൊരിടത്താണ്. ആ ഇടം എന്താണ് എന്ന ചോദ്യത്തെ കൂടുതൽ മനസ്സിലാക്കണമെങ്കിൽ വികേന്ദ്രീകൃതമായ തെരഞ്ഞെടുപ്പുകൾ ആവർത്തിച്ചു നടത്തണം. ജനങ്ങൾക്ക് വേണ്ടത് എന്താണ് എന്ന് തീരുമാനിക്കാൻ അവരെ അനുവദിക്കണം. ഇന്ത്യൻ യൂണിയൻ എന്നത് വിവാഹമോചന നിയമം ഇല്ലാത്തൊരു നിർബന്ധിത വിവാഹം പോലെയാണ്.
ഡീലിമിറ്റേഷൻ (മണ്ഡല പുനർനിർണ്ണയം) ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മുന്നിൽ ഒരു വെല്ലുവിളിയായി നിൽക്കുകയാണ്, എന്തിനാണ് നിയോജക മണ്ഡലങ്ങളുടെ ഡീലിമിറ്റേഷൻ നടത്തുന്നത്?
ഓരോ ജനാധിപത്യ സംവിധാനത്തിലും നടക്കുന്ന പ്രക്രിയയാണ് ഡീലിമിറ്റേഷൻ, ജനങ്ങളുടെ ചലനാത്മകതയാണ് ഇത് നടത്തുന്നതിന്റെ ഒരു കാരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജനസംഖ്യ ഏറുകയും കുറയുകയും ചെയ്യും. അതിന് ചരിത്രത്തിലെ സംഭവങ്ങളും സാമ്പത്തിക വികസനവും കാരണമാകും. യുഎസിന്റെ ഉദാഹരണമെടുത്താൽ, കാലങ്ങളോളം ഇൻഡസ്ട്രിയൽ മിഡ് വെസ്റ്റ് എന്നറിയപ്പെടുന്ന മിഡിൽ അമേരിക്കയിൽ ജനിച്ചവർ, ന്യൂയോർക്, കാലിഫോർണിയ എന്നിവിടങ്ങളിലേക്ക് കുടിയേറി. ഓരോ സെൻസസിന് ശേഷവും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ മാറ്റിവരയ്ക്കും. കൂടുതൽ ജനസംഖ്യയുള്ള ഒരിടത്തേക്ക് കുടിയേറിയവരെ നഷ്ടപ്പെടാത്ത രീതിയിലാണ് ഇത് ചെയ്യുന്നത്. ചരിത്രപരമായി ലോകത്തിലെല്ലായിടത്തും ഇത് നടക്കുന്നുണ്ട്. ഇന്ത്യയുടെ പ്രശ്‌നത്തിലേക്ക് വരാം, 1970കളിൽ ഇന്ത്യയിൽ ഇന്ദിരാഗാന്ധി സർക്കാർ പോപുലേഷൻ കൺട്രോൾ പോളിസി പ്രഖ്യാപിച്ചു. ജനസംഖ്യ നിയന്ത്രിക്കുക എന്നാൽ ജനാധിപത്യത്തിന്റെ അടിത്തറയുടെ ഇന്ധനത്തെ ആക്രമിക്കുന്നതിന് തുല്യമാണ്. എന്നിരുന്നാലും അന്ന്, ക്ഷാമം പ്രതീക്ഷിച്ച ഇന്ത്യൻ സാഹചര്യത്തിലാണ് പരിഹാരമെന്ന രീതിയിൽ ജനസംഖ്യാനിയന്ത്രണം അവതരിപ്പിക്കപ്പെട്ടത്. ഇന്ദിരാ ഗാന്ധി സർക്കാർ ചെയ്തത് എംപിമാരുടെ എണ്ണം 25 വർഷത്തേക്ക് മരവിപ്പിക്കുകയാണ്. പിന്നീട് വാജ്‌പേയി സർക്കാർ 1999ൽ ഇത് വീണ്ടും 25 വർഷത്തേക്ക് നീട്ടി. ഈ കാലയളവ് 2026ൽ അവസാനിക്കുകയാണ്. ഈ പതിനഞ്ച് വർഷങ്ങളിൽ കേരളത്തിലെ ജനസംഖ്യ 56 ശതമാനം വളർന്നിട്ടുണ്ട്, 1971നും 2011നും ഇടയിൽ ലഭ്യമായ സെൻസസ് വിവരമനുസരിച്ച്. ഈ കാലയളവിൽ രാജസ്ഥാനിലെ ജനസംഖ്യ 165 ശതമാനം ആണ് വർധിച്ചത്. കേരളത്തിൽ നിന്നും എംപിമാരെ രാജസ്ഥാനിലേക്ക് അയക്കുമോ? തമിഴ്‌നാടിനും കുറേ എംപിമാരെ ഈ തരത്തിൽ നഷ്ടപ്പെടും. നിലവിലെ സംവിധാനം എംപിമാരുടെ എണ്ണം ഫ്രീസ് ചെയ്തുവെക്കുകയാണ് ചെയ്യുന്നത്. മണ്ഡല പുനർനിർണയത്തിലൂടെ സംഭവിക്കാൻ പോകുന്നത് ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കിയ സംസ്ഥാനങ്ങൾക്ക് എംപിമാരുടെ എണ്ണം കുറയുകയും ജനസംഖ്യ കൂടുതൽ ഉള്ള സംസ്ഥാനങ്ങളിൽ എംപിമാരുടെ എണ്ണം കൂടുകയും ചെയ്യും. പ്രത്യുല്പാദന നിരക്ക് കുറഞ്ഞ കേരളവും ജനസംഖ്യ കൂടുതൽ ഉള്ള രാജസ്ഥാനും പാർലമെന്റിൽ തുല്യ പ്രതിനിധാനം ഇല്ലാതെയാകും. ജനാധിപത്യത്തിൽ എല്ലാ വോട്ടും തുല്യമായിരിക്കണം. കേന്ദ്ര സർക്കാരിന്റെ അധികാരം കുറയ്ക്കണം, അധികാരം വികേന്ദ്രീകരിക്കണം.
ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഫെഡറലിസത്തെ എങ്ങനെയാണ് കണ്ടത്? ഡോ. ബി.ആർ അംബേദ്കറുടെ നിലപാട് എന്തായിരുന്നു?
ഭരണഘടനാ അസംബ്ലിയിൽ അംബേദ്കറിന് ഒരു ശക്തമായ യൂണിയൻ വേണം എന്ന നിലപാടിലായിരുന്നു. സംസ്ഥാനങ്ങൾക്കോ പ്രാദേശിക ഭരണസംവിധാനങ്ങൾക്കോ കൂടുതൽ അധികാരങ്ങൾ ഉണ്ടാകുന്നതിനെ എതിർത്തിരുന്നു അദ്ദേഹം. അങ്ങനെ സംഭവിച്ചാൽ അവിടെയെല്ലാം പ്രബല സാമൂഹ്യ വിഭാഗങ്ങൾ അധികാരം കയ്യടക്കുമെന്ന് അംബേദ്കർ ഭയന്നിരുന്നു. അടിച്ചമർത്തപ്പെടുന്ന സാമൂഹ്യ വിഭാഗങ്ങൾ ഈ സംസ്ഥാനങ്ങളിലും പ്രാദേശിക സർക്കാരുകളിലും കൂടുതൽ അടിച്ചമർത്തൽ നേരിടുമെന്ന ആശങ്കയാണ് ഈ നിലപാടിന്റെ അടിസ്ഥാനം. എന്നാൽ കേന്ദ്ര സർക്കാരിലും ഇതേ പ്രശ്‌നങ്ങൾ തന്നെ നിലനിൽക്കുന്നു. ഇന്ന് കാണുന്ന രീതിയിൽ elite capture കേന്ദ്ര സർക്കാരിലും സംഭവിക്കുമെന്ന് അംബേദ്കർ മുൻകൂട്ടി കണ്ടില്ല. കേന്ദ്രീകൃത രീതിയിലുള്ള ഭരണത്തിൽ പിഴവുകൾ ഉണ്ടാകുകയില്ല എന്നത് അംബേദ്കർ, നെഹ്‌റു എന്നിങ്ങനെ ഭരണഘടനാ സമിതിയിലെ എല്ലാ അംഗങ്ങളും കരുതിയിരുന്നു. കാരണം ദേശീയതാ പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നവരെല്ലാം കരുതിയത് അവരെ പിന്തുടരുന്ന ജനങ്ങളെല്ലാവരും അവരെപ്പോലെ തന്നെയാണ് എന്നാണ്. എന്നാൽ അത് ശരിയായിരുന്നില്ല. തീവ്രമായ വികേന്ദ്രീകരണത്തിന്റെ ആവശ്യം അങ്ങനെയാണ് കൂടുതൽ വ്യക്തമാകുന്നത്. കേരളത്തിൽനിന്നും ഇ.എം.എസ് നമ്പൂതിരിപ്പാട്, തമിഴ്‌നാട്ടിൽ നിന്നും പെരിയാർ, മുഹമ്മദ് അലി ജിന്ന എന്നിങ്ങനെ വികേന്ദ്രീകരണം ആവശ്യപ്പെട്ട ശബ്ദങ്ങൾ അന്നുമുണ്ടായിരുന്നു.
1957ൽ കേന്ദ്ര സർക്കാർ പിരിച്ചുവിട്ട ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. ഇന്നും കേരളത്തിൽ നിയമിക്കപ്പെടുന്ന ഗവർണർമാരുടെ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിൽ നിന്നും എപ്പോഴും ഇത്തരത്തിലുള്ള അമിതാധികാര പ്രയോഗങ്ങൾ നേരിട്ടിട്ടുണ്ടോ?
ഉണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഇന്ത്യൻ യൂണിയനുമായി പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ട്. ചരിത്രപരമായി എന്തുകൊണ്ട് അത്തരം പ്രശ്‌നങ്ങളുണ്ടായി? ഭാഷ, സാംസ്‌കാരികത എന്നീ ഘടകങ്ങൾ ഹിന്ദു വലതുപക്ഷം മുന്നോട്ടുവെച്ച ഹിന്ദി-ഹിന്ദു പദ്ധതിയിൽ നിന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ വേറിട്ടുനിർത്തി. നമ്മുടെ സിസ്റ്റത്തിൽ ഗവർണർമാർക്ക് വലിയ അധികാരങ്ങളില്ല. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഗവർണർമാർ സ്വയം മറ്റൊരു അധികാരതലത്തിൽ അവരെ സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. ഗവർണർമാരുടെ പ്രസ്താവനകളും പ്രകടനങ്ങളുമെല്ലാം ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള നീക്കങ്ങളാണ്. ഇവരെ ഉൾക്കൊള്ളുന്ന ഘടനയെക്കുറിച്ചാണ്, അല്ലാതെ നിയമിതരാകുന്ന ഈ വ്യക്തികളെ കുറിച്ചല്ല നമ്മൾ ആശങ്കപ്പെടേണ്ടത്.
പക്ഷേ ഗവർണർമാരിലൂടെ ഏകീകൃത ഇന്ത്യ എളുപ്പത്തിൽ സാധ്യമാക്കാനുള്ള ശ്രമങ്ങളും കേന്ദ്ര സർക്കാരിന് നടത്താവുന്ന സാധ്യതകളില്ലേ?
ഗവർണർക്കെതിരെയും ഗവർണറുടെ നിർണയിക്കപ്പെട്ട അധികാരങ്ങൾക്കെതിരെയും ഒരുകാലത്ത് സംസാരിച്ചിരുന്നത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ആയിരുന്നു. ഇപ്പോൾ ഗവർണർ പദവിയെക്കുറിച്ചുള്ള മോദിയുടെ അഭിപ്രായം എന്തായിരിക്കും ? തുടക്കം മുതൽ തന്നെ സംസ്ഥാനങ്ങളെ ഏകീകരിക്കുക എന്നത് ഹിന്ദു വലതുപക്ഷത്തിന്റെ അജണ്ടയാണ്. ഭരണഘടനാ നയങ്ങൾക്കുണ്ടായിരുന്ന മൂല്യം ഇന്ന് ഇല്ലാതാകുകയാണ്. ഇന്നത്തെ രാഷ്ട്രീയത്തിൽ മൂല്യങ്ങൾ അപ്രധാനമായിക്കൊണ്ടിരിക്കുന്നു.
സ്‌റ്റേറ്റ് ലിസ്റ്റിൽ നിന്നും എങ്ങനെയാണ് വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റപ്പെട്ടത്?
വിദ്യാഭ്യാസത്തെ സ്റ്റേറ്റ് ലിസ്റ്റിൽനിന്നും കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റുക എന്നത് 1970കളിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടപ്പിലാക്കിയതാണ്. എഴുപതുകളിൽ തുടങ്ങിയ സംസ്ഥാനങ്ങളുടെ അധികാരം വെട്ടിക്കുറക്കുവാനുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നു ഇത്. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പല പദ്ധതികളും ശ്രദ്ധിച്ചാൽ അറിയാം, അവർ പറയും ഈ പ്രൊജക്റ്റിന് നമ്മൾ ഫണ്ട് ചെയ്യും. ബജറ്ററി രീതിയിലൂടെ നടപ്പിലാക്കുന്നതിനാൽ ഈ പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായിരിക്കും. ഫണ്ടിങ് കാലക്രമേണ കുറച്ചുകൊണ്ടുവരും. ഒടുവിൽ, ഡൽഹിയിൽ ഡിസൈൻ ചെയ്ത ഒരു പദ്ധതിയിൽ ഒരു സംസ്ഥാനം പെട്ടുപോകും. ചിലപ്പോൾ ഈ പദ്ധതി ഒരു സംസ്ഥാനത്തിന് ഉപകാരപ്പെടുന്നതോ ആവശ്യപ്പെടുന്നതോ പോലും ആയിരിക്കുകയില്ല. 90 ശതമാനം ഉണ്ടായിരുന്ന കേന്ദ്ര സർക്കാർ ഫണ്ടിംഗ് ചിലപ്പോൾ 20 ശതമാനം ആയി കുറഞ്ഞേക്കാം. ഇങ്ങനെയൊക്കെയാണ് ഇന്ത്യയിൽ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഇല്ലാതാക്കപ്പെട്ടത്. ബജറ്റിൽ നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ഫ്‌ളാഗ്ഷിപ് പദ്ധതികൾ ശ്രദ്ധിക്കൂ, അവയെല്ലാം സംസ്ഥാനങ്ങൾ ചെയ്യേണ്ടവയാണ്. സംസ്ഥാനങ്ങൾക്ക് നേരിട്ട് പണം നൽകാൻ അവർ തയ്യാറാകുന്നില്ല.
ഇന്ത്യയിൽ മെഡിക്കൽ ഗവേഷണ സംവിധാനങ്ങൾ വേണ്ടത്രയില്ല എന്ന് താങ്കളുടെ പുസ്തകത്തിൽ പറയുന്നുണ്ട്, വിശദീകരിക്കാമോ?
ഇന്ത്യയിൽ പൊതു ആരോഗ്യ പദ്ധതികൾക്കായുള്ള ഗവേഷണം വളരെ അണ്ടർഫണ്ടഡ് ആണ്. വളരെ കുറച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ മാത്രമേ അതിനായി ഇന്ത്യയിലുള്ളൂ. ആരോഗ്യം സ്‌റ്റേറ്റ് ലിസ്റ്റിൽ പെടുന്നതാണ്, മെഡിക്കൽ ഗവേഷണത്തിനായി കേന്ദ്രത്തിന് സംസ്ഥാനങ്ങളെ ഫണ്ട് ചെയ്യാൻ കഴിയും. വലിയ രീതിയിലുള്ള ബജറ്റ് പിന്തുണ ആവശ്യമുള്ളതിനാൽ കേന്ദ്രസ ർക്കാരിന്റെ സഹായം ഇതിൽ നിർണായകമാകും.
താങ്കളുടെ എഴുത്തിന് പിന്നിലുള്ള പഠനങ്ങൾ എങ്ങനെയൊക്കെയാണ്?
ഞാൻ ഗവണ്മെന്റ് റിപോർട്ടുകളും രേഖകളും വായിക്കും, അതിലൂടെ മനസ്സിലാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് എഴുതും. അങ്ങനെയാണ് ഞാൻ വർക്ക് ചെയ്യുന്നത്. പ്രാഥമികമായി ഞാൻ സർക്കാർ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടുകളാണ് പഠിക്കുന്നത്. എനിക്കു തോന്നുന്നത് ഇത് എല്ലാ പൗരരും ചെയ്യേണ്ടതാണ് എന്നാണ്.
സെന്റർ ഫോർ സോഷ്യൽ ആൻഡ് എക്കണോമിക് പ്രോഗ്രസ് നടത്തിയ ഒരു പാനൽ ചർച്ചയിൽ പങ്കെടുത്ത് നീതി ആയോഗ് സി.ഇ.ഒ ബി.വി സുബ്രഹ്മണ്യം സംസ്ഥാനങ്ങൾക്കുള്ള ഫണ്ട് നീക്കിവയ്ക്കലിൽ മോദി സർക്കാരിന്റെ ഇടപെടൽ ഉണ്ടായതായി വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് റിപ്പോർട്ടേഴ്സ് കലക്റ്റീവ് നടത്തിയ അന്വേഷണങ്ങൾക്ക് ശേഷം ഈ പാനൽ ചർച്ചയുടെ വീഡിയോ യൂട്യൂബിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. (2014 ഡിസംബറിലെ ഫിനാൻസ് കമ്മീഷൻ റിപോർട്ട് ശുപാർശ ചെയ്തത് സംസ്ഥാനങ്ങൾക്ക് കേന്ദ്ര നികുതിയുടെ 42 ശതമാനം നൽകണം എന്നാണ്. ഇതിനെതിരായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫിനാൻസ് കമ്മീഷൻ ചെയർപേഴ്സൺ ആയിരുന്ന വെെ.വി റെഡ്ഡിയെ സ്വാധീനിക്കാൻ ശ്രമങ്ങൾ നടത്തി. നീതി ആയോഗ് സി.ഇ.ഒ സുബ്രഹ്മണ്യൻ, പ്രധാനമന്ത്രി, ഫിനാൻസ് കമ്മീഷൻ ചെയർപേഴ്സൺ വെെ,വി റെഡ്ഡി എന്നിവർക്കിടയിൽ നടന്ന രണ്ട് മണിക്കൂർ നീണ്ട യോഗത്തിനൊടുവിൽ പ്രധാനമന്ത്രിയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാടെടുക്കുകയായിരുന്നു ഫിനാൻസ് കമ്മീഷൻ ചെയർപേഴ്സൺ വെെ.വി റെഡ്ഡി) ഇത് വളരെ ഗൗരവത്തോടെ കാണേണ്ട സംഭവമല്ലേ?
ഇതിൽ നിന്ന് രണ്ട് കാര്യങ്ങളാണ് മനസിലാക്കുന്നത്. ഒന്ന്, ഭാരതരത്ന അർഹിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അത് ഡോ. വെെ.വി ആണ്. അത്രയും കടുത്ത സമ്മർദ്ദത്തിന് മുന്നിൽ വെെ.വി റെഡ്ഡി സൂക്ഷിച്ച ദൃഢനിശ്ചയത്തോട് നമ്മൾ കടപ്പെട്ടിരിക്കുന്നു. രണ്ട്, ഇത്തരം വെളിപ്പെടുത്തലുകളിലൂടെ സർക്കാരിലെ ആളുകളെ കുറിച്ചുള്ള നമ്മുടെ കടുത്ത ഭയങ്ങൾ സത്യമായി മാറുന്നതാണ് കാണുന്നത്. അതും നമ്മൾ കടന്നുപോകും, അടുത്തൊരു ഭയം ഇതുപോലെ സത്യമാകുന്നതുവരെ.
‘സൗത്ത് വേഴ്‌സസ് നോർത്ത് ഇന്ത്യാസ് ഗ്രേറ്റ് ഡിവൈഡ്’ എന്ന പുസ്തകം എഴുതാനുണ്ടായ കാരണമെന്താണ്? ഇതൊരു പുസ്തകമായി പുറത്തിറക്കുന്നതിനെ കുറിച്ച് ചിന്തിച്ചത് എപ്പോഴാണ്?
കുറേക്കാലമായി ഇതൊരു ചിന്തയായി ഉള്ളിൽ കിടക്കുന്നുണ്ടായിരുന്നു. പക്ഷേ അന്നൊന്നും ഇതൊരു പുസ്തകമാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. വ്യത്യസ്ത വികസന സൂചകങ്ങളുടെ വ്യതിയാനങ്ങളിലാണ് ഞാൻ തുടങ്ങിയത്. പുസ്തകത്തിന്റെ ഒരു ഭാഗത്ത് ചർച്ച ചെയ്യുന്നത് തെരഞ്ഞെടുപ്പിൽ ഓരോ വോട്ടിന്റെ സാധ്യതയ്ക്കുമുള്ള വിലയാണ്. അങ്ങനെ നോക്കുമ്പോൾ തമിഴ്‌നാട്ടിലെ ഒരു വോട്ടർ മധ്യപ്രദേശിലെ ഒരു വോട്ടറേക്കാൾ തെരഞ്ഞെടുപ്പ് ഫലത്തിൽ ശക്തമായ സ്വാധീനമാകാൻ കഴിവുള്ളയാളാണ്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കുന്നതിലൂടെയാണ് ഈ പുസ്തകം തുടങ്ങുന്നത്. ഫിനാൻസ് കമ്മീഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും ഞാൻ ആ സമയത്ത് എഴുതുന്നുണ്ടായിരുന്നു, ഇതെല്ലാം തമ്മിൽ ബന്ധമുണ്ടെന്നും മനസ്സിലാക്കി. ചില മാധ്യമങ്ങളിലെല്ലാം ഇതേക്കുറിച്ച് എഴുതി. പബ്ലിഷർ ആണ് ഈ എഴുത്തുകളെല്ലാം ഒരു പുസ്തകമായി പുറത്തിറക്കുന്നതിനെക്കുറിച്ച് സംസാരിച്ചത്. തെരഞ്ഞെടുപ്പിൽ ഒരു വോട്ടർക്കുള്ള സ്വാധീനത്തെ കുറിച്ച് ഞാൻ ചിന്തിച്ചത് 2011ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ്. പക്ഷേ അന്നൊന്നും ഇതൊരു പുസ്തകമാക്കണമെന്ന് ആലോചിച്ചിരുന്നില്ല. 2019-2020 കാലത്താണ് പുസ്തകം എഴുതി തുടങ്ങിയത്.
ഗവർണർമാരും പ്രതിപക്ഷ സംസ്ഥാനങ്ങളും എന്ന പരമ്പരയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ വായിക്കാം.
തകർക്കപ്പെടുന്ന ഇന്ത്യൻ ഫെഡറലിസം
ഗവർണറുടെ രാഷ്ട്രീയവും സർക്കാരിന്റെ താത്പര്യങ്ങളും
ദ്രവീഡിയൻ മാതൃകയെ തള്ളിപ്പറഞ്ഞ ഗവർണറും തമിഴ്നാടിന്റെ പ്രതിരോധവും