ഐ.എഫ്.എഫ്.കെ: വേണം തിരുത്തലുകൾ

28-മത് ഐ.എഫ്.എഫ്.കെ അവസാനിക്കുമ്പോഴും ലോക സിനിമകൾ തുറന്നിട്ട സംവാദങ്ങൾക്കൊപ്പം വിവാദങ്ങളും അവസാനിക്കുന്നില്ല. ഫെസ്റ്റിവൽ ഡയറക്ടറായി പ്രവർത്തിക്കുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൽ നിന്നും കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഇക്കുറിയും നിരുത്തരവാദിത്തപരമായ പ്രസ്താവനകൾ പുറത്തുവന്നു എന്ന് മാത്രമല്ല ചലച്ചിത്ര അക്കാദമി ഭരണസമിതി അംഗങ്ങൾ തന്നെ ഫെസ്റ്റിവൽ ഡയറക്ടർ കൂടിയായ രഞ്ജിത്തിനെതിരെ രംഗത്ത് വരികയും ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയെ കാണുകയും, അക്കാദമി സെക്രട്ടറിക്ക് പരാതി നൽകുകയും ചെയ്തു. ഭരണസമിതി അംഗങ്ങളുമായി കൂടിയാലോചനകൾ നടത്താതെ തീരുമാനങ്ങൾ എടുക്കുന്നതും, അടുത്തിടെ ഒരു ജനറൽ കൗൺസിൽ അംഗത്തോട് പരുഷമായി പെരുമാറിയതും, നിരുത്തരവാദിത്തപരമായ പ്രസ്താവനകൾ നിരന്തരം പുറപ്പെടുവിക്കുന്നതും രഞ്ജിത്തിന് എതിരായ പരാതിയിൽ കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നു. നിരവധി അന്താരാഷ്ട്ര മേളകളിൽ സിനിമകൾ പ്രദർശിപ്പിക്കുകയും രാജ്യാന്തര പുരസ്കാരങ്ങൾക്ക് അർഹനാവുകയും ചെയ്ത സംവിധായകൻ ഡോ. ബിജുവിന് എതിരെ രഞ്ജിത്ത് നടത്തിയ പരാമർശങ്ങളും വിമർശിക്കപ്പെട്ടു.

ഒരു ആർട്ടിസ്റ്റിക്ക് ഡയറക്ടർ ഇല്ലാതെയാണ്  28- ാമത് ഐ.എഫ്.എഫ്.കെ സംഘടിപ്പിക്കപ്പെട്ടത്. ഫെസ്റ്റിവൽ ഡയറക്ടറുടെ സ്ഥാനത്തുള്ള രഞ്ജിത്ത് അന്താരാഷ്ട്ര മേളകളിൽ പങ്കെടുത്ത് അനുഭപരിചയമുള്ള വ്യക്തിയല്ല. ആർട്ടിസ്റ്റിക്ക് ഡയറക്ടറുടെ അഭാവത്തിൽ, അതിന് പകരമായി ഈ വർഷം ക്യൂറേറ്ററായി ഫിലിം പ്രൊഡ്യൂസറും, ഫണ്ടിങ്ങ് ഏജന്റുമായ ഗോൾഡ സെല്ലം ഐ.എഫ്.എഫ്.കെയിൽ പ്രവർത്തിക്കുന്നു. എന്നാൽ ഒരു ഫെസ്റ്റിവൽ ക്യൂറേറ്ററായി അന്താരാഷ്ട്ര മേളകൾക്ക് നേതൃത്വം നൽകിയ പരിജ്ഞാനം ഗോൾഡ സെല്ലമിനും അവകാശപ്പെടനാവില്ല. പരിചയ സമ്പത്തുള്ള ഒരു ആർട്ടിസ്റ്റിക്ക് ഡയറക്ടറുടെ അഭാവം എങ്ങനെയെല്ലാമാണ് ഐ.എഫ്.കെ.യെ ബാധിക്കുന്നത്? ഇങ്ങനെയാണോ ഒരു അന്താരാഷ്ട്ര മേള സംഘടിപ്പിക്കപ്പെടേണ്ടത്?

നിശാ​ഗന്ധിയിലെ വേദി. കടപ്പാട്:iffk_fbpage

ഐ.എഫ്.എഫ്.കെയിൽ ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കുന്നതിനായി അയച്ച സിനിമകൾ പലതും ഒരു മിനിറ്റ് പോലും കണ്ട് നോക്കാതെ അവഗണിച്ചു എന്ന വിമർശനം മേളയുടെ ആരംഭത്തിൽ തന്നെ സ്വതന്ത്ര മലയാള സിനിമാ സംവിധായകർ ഉന്നയിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെടുന്നതിനായി അയച്ച സിനിമയുടെ വിമിയോ ലിങ്കിൽ നിന്നും ‘എറാൻ’ എന്ന തന്റെ സിനിമ കണ്ടിട്ടില്ല എന്ന് അനലറ്റിക്സിൽ നിന്നും വ്യക്തമായതായി സംവിധായകൻ ഷിജു ബാലഗോപാലൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. സിനിമകൾ ഡൗൺലോഡ് ചെയ്തു കണ്ടാണ് സെലക്ഷൻ നടത്തിയത് എന്നായിരുന്നു സെക്രട്ടറിയുടെ ഭാഗത്ത് നിന്നുള്ള  ഔദ്യാഗിക വിശദീകരണം. എന്നാൽ  ഒരു തേർഡ് പാർട്ടി സോഫ്റ്റ്വെയർ ഉപയോഗിച്ച് സിനിമ ഡൗൺലോഡ് ചെയ്ത് കാണുന്നത് കുറ്റകരമാണ് എന്നുള്ള ബോധം പോലും ഇല്ലാതെയായിരുന്നു ഈ വിശദീകരണം. എന്നാൽ ഈ വിഷയത്തിൽ തുടർ അന്വേഷണം നടക്കുകയോ നടപടികൾ ഉണ്ടാവുകയോ ചെയ്തിട്ടില്ല. ആദ്യമായല്ല ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിലേക്കുള്ള സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള പരാതി ഉയരുന്നത്. എന്നിട്ടും ചലച്ചിത്ര അക്കാദമിക്ക് സെലക്ഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട ഈ പരാതി പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.

അതേസമയം, ഐ.എഫ്.എഫ്.കെ.യിൽ പ്രദർശിപ്പിക്കുന്ന മലയാളത്തിലെ സ്വതന്ത്ര സിനിമകളുടെ ഗതിയെന്താണ്? 28 പതിപ്പുകൾ കഴിയുമ്പോഴും മലയാളത്തിലെ സ്വതന്ത്ര സിനിമകൾക്ക് ഒരു ആഗോളവേദി ഒരുക്കാൻ ഐ.എഫ്.എഫ്.കെയ്ക്ക് കഴിയാത്തത് എന്തുകൊണ്ടാണ്? ഈ വർഷം ഐ.എഫ്.എഫ്.കെയോട് അനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ഫിലിം ബസാർ അത്തരം സാധ്യതകൾ തുറക്കുന്നുണ്ടോ? 28- ാമത് ഐ.എഫ്.എഫ്.കെ അവസാനിക്കുമ്പോൾ അവശേഷിക്കുന്ന ഈ ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട്  കേരള ചലച്ചിത്ര അക്കാദമി മുൻ ആർട്ടിസ്റ്റിക്ക് ഡയറക്ടർ ദീപിക സുശീലൻ, ചലച്ചിത്ര വിമർശകനായ പി.കെ സുരേന്ദ്രൻ, സ്വതന്ത്ര സംവിധായകൻ കെ.പി ശ്രീകൃഷ്ണൻ എന്നിവർ.‌

28ാമത് ചലച്ചിത്രമേളയിൽ നിന്നും. കടപ്പാട്:iffk_fbpage

ആർട്ടിസ്റ്റിക്ക് ഡയറക്ടർ ഇല്ലാത്ത ഐ.എഫ്.എഫ്.കെ

ദീപിക സുശീലൻ

ക്യൂറേറ്റർ എന്നുള്ള നിലയിൽ ഞാൻ ഫെസ്റ്റിവലുകളിൽ പ്രവർത്തിക്കുമ്പോൾ എപ്പോഴും കാണുന്നത്, ഒരു കാറ്റഗറി ഫെസ്റ്റിവലുകളിൽ ഫെസ്റ്റിവൽ ഡയറക്ടറായി വരുന്നവർ ഫെസ്റ്റിവൽ പ്രോഗ്രാമിങ്ങിൽ പങ്കാളികളായി പരിചയമുള്ളവരാണ്. അവർ അക്കാദമിക്കുകളോ ക്രിട്ടിക്കുകളോ ഒക്കെ ആയിരിക്കാം. ചില മേളകളിൽ ആണെങ്കിൽ പ്രശസ്തരായ ഫിലിം മേക്കേർസാണ് ഫെസ്റ്റിവൽ ഡയറക്ടറായി വരുന്നത്. ഫെസ്റ്റിവൽ ഡയറക്ടറുടെ സജീവ പങ്കാളിത്തവും അവരുടേതായ ചിന്താപദ്ധതികളും ഉൾപ്പെടുന്ന ഒരു കൂട്ടായ പരിശ്രമത്തിലൂടെയാണ് ഫെസ്റ്റിവലുകൾ സംഭവിക്കുന്നത്. ഐ.എഫ്.എഫ്.കെയുടെ ആർട്ടിസ്റ്റിക്ക് ഡയറക്ടറായി ബീനാ പോളിനെ നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ പതിനഞ്ച് വർഷത്തിലേറെ അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറായാണ് ബീനാ പോൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഐ.എഫ്.എഫ്.കെ.യിൽ ബീനാ പോൾ ചെയ്തിരുന്നത് ഒരു ആർട്ടിസ്റ്റിക്ക് ഡയറക്ടറുടെ ജോലിയാണ്. അക്കാദമി ചെയർമാനായി പ്രിയദർശൻ എത്തിയപ്പോഴാണ് എന്ന് തോന്നുന്നു ബീനാ പോൾ ഫെസ്റ്റിവൽ ഡയറക്ടറാവുന്നത്. ആർട്ടിസ്റ്റിക്ക് ഡയറക്ടർ എന്ന പദവിയെ അല്ല നമ്മൾ ഫോക്കസ് ചെയ്യേണ്ടത്. ആർട്ടിസ്റ്റിക്ക് ഡയറക്ടറാവും മുമ്പ് ബീനാ പോൾ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നിട്ടും മേള നന്നായി തന്നെ നടന്നിരുന്നു. ചലച്ചിത്ര അക്കാദമിയാണ് ഈ മേള സംഘടിപ്പിക്കുന്നത്. അവരുടെ കപ്പാസിറ്റിയാണ് പരിശോധിക്കേണ്ടത്. അക്കാദമിയിൽ ഇരിക്കുന്നവർക്ക് പുറത്തുനിന്നുള്ള ഒരാളുടെ സഹായമില്ലാതെ മേള സംഘടിപ്പിക്കാനാവുമോ ഇല്ലയോ എന്ന ചോദ്യമാണ് അവിടെയുള്ളത്. അക്കാദമിക്ക് നേതൃത്വം നൽകുന്നവർക്ക് നേരിട്ട് മേള സംഘടിപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് ഒരു ക്യൂറേറ്ററേയോ ആർട്ടിസ്റ്റിക്ക് ഡയറക്ടറെയോ ആവശ്യമായി വരുന്നത്.

ദീപിക സുശീലൻ

ജിയോ മാമി ഫെസ്റ്റിവലിൽ ഞാൻ ക്യൂറേറ്ററായിരിക്കുമ്പോൾ തിരഞ്ഞെടുക്കുന്ന സിനിമകൾ ആവില്ല, ഐ.എഫ്.എഫ്.ഐയിലേക്കോ ഐ.എഫ്.എഫ്.കെയിലേക്കോ വേണ്ടി തിരഞ്ഞെടുക്കുക. നമ്മുടെ കാണികൾ സ്വീകരിക്കുന്ന സിനിമകൾ ആവില്ല ഐ.എഫ്.എഫ്.ഐ കാണികൾ അംഗീകരിക്കുക. കാരണം കുറേക്കൂടി ബോളിവുഡ് ഓറിയന്റഡ് ആയ ഫെസ്റ്റിവലാണ് ഐ.എഫ്.എഫ്.ഐ. കാണികൾക്ക് വേണ്ടിയാണ് നമ്മൾ എപ്പോഴും പ്രോഗ്രാമുകൾ ചെയ്യാറ്. കാണികളെ അറിയാത്ത ആരെയെങ്കിലും കൊണ്ട് വന്ന് ക്യൂറേറ്ററാക്കാൻ കഴിയില്ല. നമുക്ക് ഒരു വിഷൻ ഉണ്ടായിരിക്കണം. തൊണ്ണൂറോളം സിനിമകൾ വരെ പ്രദർശിപ്പിക്കുന്ന ഒരു മേളയാണ് കാൻ ഫിലിം ഫെസ്റ്റിവൽ. 14 വർഷമായി ഫെസ്റ്റിവലുകളിൽ പ്രവർത്തിക്കുന്ന ഒരു ക്യൂറേറ്റർ എന്ന നിലയിൽ ഒരു സിനിമ കാണുമ്പോൾ ഇത് കാനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സിനിമയായിരിക്കുമോ എന്ന് എനിക്ക് കൃത്യമായി പറയാനാവും. ഓരോ ഫെസ്റ്റിവലിനും ഒരു ക്യാരക്ക്ടറും ക്വാളിറ്റിയുമുണ്ട്. ആരാണോ ഒരു മേളയെ നയിക്കുന്നത് എന്നതിന് അനുസൃതമായിരിക്കുമത്. ഇത്തരം കാര്യങ്ങൾ ചലച്ചിത്ര അക്കാദമി പരിഗണിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഗോൾഡ സെല്ലം എന്ന വ്യക്തിയെ ഇന്റർനാഷണൽ ഫെസ്റ്റിവലുകളുടെ ക്യൂറേറ്ററായി നമുക്കാർക്കും അറിയില്ല. അക്കാദമിയിൽ നിന്നും ആദ്യം പുറത്തുവന്ന വാർത്തകളിൽ വിവിധ അന്താരാഷ്ട്ര മേളകളിൽ പ്രോഗ്രാമിങ്ങ് ചെയ്തിട്ടുള്ള, ക്യൂറേഷൻ നടത്തിയിട്ടുള്ള വ്യക്തിയായാണ് പരിചയപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അവർ ഒരു ഫിലിം ക്യൂറേറ്റർ അല്ല, ചലച്ചിത്ര അക്കാദമി അവർക്ക് കൊടുത്ത ഒരു പുതിയ ലേബൽ ആണ് ക്യൂറേറ്റർ എന്നുള്ളത്. ഫിലിം പ്രൊഡ്യൂസറായും, ഫിലിം ഫണ്ടിങ്ങ് എക്സ്പെർട്ടായുമാണ് ഗോൾഡ സെല്ലാമിനെ നമുക്കെല്ലാം അറിയുന്നത്. എന്നാൽ അത് ഒരു മീഡിയയും ഇതുവരെ ചോദ്യം ചെയ്തിട്ടുമില്ല.

പി.കെ സുരേന്ദ്രൻ

ഫെസ്റ്റിവൽ ഡയറക്ടറായിട്ടുള്ള രഞ്ജിത്താണ് ഈ മേള ക്യൂറേറ്റ് ചെയ്തിട്ടുള്ളത് എന്ന് എനിക്ക് തോന്നുന്നില്ല. സനൂസിയെയൊ, വിം വെൻഡേർസനെയൊ അദ്ദേഹത്തിന് അറിയും എന്നും തോന്നുന്നില്ല. അവരെ മേളയിൽ ഉൾപ്പെടുത്തിയതും അദ്ദേഹം ആവണം എന്നില്ല. കാരണം അത്തരം ഒരു സിനിമാസംസ്കാരം ഉള്ള ഒരാളാണ് രഞ്ജിത്ത് എന്ന് അദ്ദേഹം നടത്തിയിട്ടുള്ള പരാമർശങ്ങളിൽ നിന്നും തോന്നുന്നില്ല. രഞ്ജിത്തിനെയും, കമലിനെയും, പ്രിയദർശനെയും പോലുള്ള ആളുകളെ ഈ സംരഭത്തിന്റെ തലപ്പത്തേക്കു കൊണ്ടുവരുമ്പോൾ തന്നെ അതിന്റെ പാപ്പരത്തം നമുക്ക് മനസ്സിലാക്കാനാവും. ശരാശരി സിനിമകളാണ് കേരളത്തിലെ മേളയിൽ കൊണ്ടുവരുന്നതും, പ്രദർശിപ്പിക്കുന്നതും. അതിന്റെ കൂടെയാണ് തലപ്പത്ത് ഇത്തരം ആളുകളും വരുന്നത്.

പി.കെ സുരേന്ദ്രൻ

മുഖ്യധാരാ സിനിമകളിൽ മാത്രം പ്രവർത്തിക്കുന്നവരെ ഇത്തരം സ്ഥാനങ്ങളിൽ കൊണ്ടുവരുന്നത് തന്നെയും എതിർക്കപ്പെടേണ്ടതാണ്. ഈ വർഷം ക്യൂറേറ്ററുടെ സ്ഥാനം ഉള്ളയാൾക്കും അന്താരാഷ്ട്ര ചലച്ചിത്ര മേളകൾ നടത്തി പരിചയം ഇല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇവരെയൊക്കെ എന്തിനാണ് അക്കാദമി ചുമക്കുന്നത് ? സവർണ്ണതയും, സ്ത്രീ വിരുദ്ധതയും വളരെയുള്ള ഒരു സിനിമാക്കാരനെ അക്കാദമി ചുമക്കുന്നത് എന്തിനാണ് ? സ്ത്രീശാക്തീകരണത്തിന് ഊന്നൽ കൊടുക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു സർക്കാർ തന്നെയാണ് രഞ്ജിത്തിനെ പോലെ ഒരാളെ ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായും, ഐ.എഫ്.എഫ്.കെ.യുടെ ഫെസ്റ്റിവൽ ഡയറക്ടറായും നിയമിക്കുന്നത്.

കെ.പി ശ്രീകൃഷ്ണൻ

28 വർഷമായി തുട‍ർന്ന് വരുന്ന ഒരു ചലച്ചിത്ര മേള എന്ന നിലയിൽ IFFK-ക്ക്, അടൂർ ഗോപാലകൃഷ്ണൻ, ഷാജി.എൻ കരുൺ, ബീനാ പോൾ എന്നിങ്ങനെ ലോകത്തിലെ വിവിധ ചലച്ചിത്ര മേളകളുമായി അടുത്ത ബന്ധമുള്ള ആളുകൾ, അവിടുത്തെ പാക്കേജുകളും മറ്റു കാര്യങ്ങളും ഉറപ്പു വരുത്തിയതിന്റെ ഒരു തുടർച്ചയുണ്ട്. ഒരു ഫെസ്റ്റിവലൊക്കെ ഇങ്ങനെ നടക്കും. ഇപ്പോൾ നടന്നിട്ടുള്ളതും അങ്ങനെയാണ്. ഫിലിം കമ്പനികളുമായും ഗ്ലോബൽ ക്യൂറേറ്റർമാരുമായും ബന്ധപ്പെട്ടാൽ കിട്ടുന്ന ഫിലിം പാക്കേജുകളുണ്ട്. അതിൽ നല്ല സിനിമകളുമുണ്ട്. അത്തരം പാക്കേജുകൾ ലഭ്യമാവുന്നതിനായാവാം ഗോൾഡ സെല്ലമിനെ പോലെ ഒരാളെ ക്യൂറേറ്ററായി നിയമിച്ചിട്ടുള്ളത്. ഫെസ്റ്റിവൽ ഡയറക്ടറായി രഞ്ജിത്തിന്റെ പേരുവെച്ചാലും സിനിമകൾ തിരഞ്ഞെടുത്തിട്ടുള്ളത് അദ്ദേഹമാവാനിടയില്ല. മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ ലോകസിനിമയിൽ അദ്ദേഹത്തിന് അറിയുന്നവർ വളരെ കുറവായിരിക്കും.

കെ.പി ശ്രീകൃഷ്ണൻ

ജിയോ മാമി ഫെസ്റ്റിവലിലും, ഐ.എഫ്.എഫ്.ഐയിലും എല്ലാം പ്രദ‍ർശിപ്പിക്കപ്പെട്ട മലയാളി പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന കുറെ മികച്ച സിനിമകൾ ഇക്കുറി ഐ.എഫ്.എഫ്.കെയിൽ ഉൾപ്പെടാതെ പോയിട്ടുണ്ട്. സ്ലോ സിനിമയുടെ വക്താവായ ലാവ് ഡയാസിന്റെ ‘എസൻഷ്യൽ ട്രൂത്ത്സ് ഓഫ് ദി ലേക്ക്’ ഒരു ഉദാഹരണമാണ്. അതുപോലെ തന്നെ കണ്ടംപററി മാസ്റ്റേർസായ മിനിമം മൂന്ന് പേരെയെങ്കിലും ഐ.എഫ്.എഫ്.കെ.യിൽ കൊണ്ടുവരാറുണ്ടായിരുന്നു. അത്തരത്തിൽ പലതും ഇല്ലാതായി പോയിട്ടുണ്ട്.

28ാമത് ചലച്ചിത്രമേളയിൽ നിന്നും. കടപ്പാട്:iffk_fbpage

ഫിലിം ബസാറും ചലച്ചിത്ര മേളയും

ദീപിക സുശീലൻ

ഐ.എഫ്.എഫ്.കെ.യിൽ മാത്രമല്ല ഐ.എഫ്.എഫ്.ഐ.യിലും ഇന്റർനാഷണൽ ക്യൂറേറ്റേർസിന്റെ വലിയ പങ്കാളിത്തമൊന്നുമില്ല. ഇന്റർനാഷണൽ ക്യൂറേറ്റേർസിനെ ഐ.എഫ്.എഫ്.ഐ.യിൽ പങ്കെടുപ്പിക്കാനുള്ള പ്രവർത്തനങ്ങളും അവിടെ നടക്കുന്നില്ല. എന്നാൽ ക്യൂറേറ്റേർസ് ആയിട്ടുള്ളവർ ഒരു രാജ്യത്തെ അറിയാൻ ശ്രമിക്കുന്നത് അവിടുത്തെ പ്രധാനപ്പെട്ട ചലച്ചിത്ര മേളയിൽ പങ്കെടുത്തുകൊണ്ടാണ്. ഐ.എഫ്.എഫ്.ഐ.യാണ് ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേള എന്നതുകൊണ്ട് തന്നെ ഐ.എഫ്.എഫ്.ഐ.യുടെ പ്രോഗ്രാം അറിയുന്നതിനായി ഫെസ്റ്റിവൽ പ്രൊഫഷണലുകൾ എത്തുന്നുണ്ടാവാം. അല്ലാതെ ഐ.എഫ്.എഫ്.ഐ മുൻകൈയെടുത്ത് ഒരു സിനിമയും രക്ഷപ്പെട്ടിട്ടില്ല. ഞാൻ അവിടെ മൂന്ന് വർഷം പ്രവർത്തിച്ചപ്പോഴും അങ്ങനെയൊന്നും ഞാൻ അവിടെ കണ്ടിട്ടില്ല. ഒരേ സമയത്ത് നടക്കുന്നു എങ്കിലും ഫിലിം ബസാറും, ഫിലിം ഫെസ്റ്റിവലും തമ്മിൽ ബന്ധമില്ല. വെവ്വേറെ ടിക്കറ്റുകളാണ് രണ്ടിനും. എൻ.എഫ്.ഡ‍ി.സിയുടെ നേതൃത്വത്തിലാണ് ഫിലിം ബസാർ സംഘടിപ്പിക്കപ്പെടുന്നത്. വർഷങ്ങളായി അതിന് ഒരു ഉറച്ച അടിത്തറ ഉണ്ടാക്കിയെടുക്കാനും മേജർ ഫിലിം ഫെസ്റ്റിവലുകളുടെ ക്യൂറേറ്റേർസും, ആർട്ടിസ്റ്റിക്ക് ഡയറക്ടർമാരും, പ്രോഗ്രാമർമാരും ഒക്കെ തുടർച്ചയായി വരുന്ന നിലയിലേക്ക് അതിനെ വളർത്തിയെടുക്കാൻ അവർക്ക് കഴിഞ്ഞു എന്നുള്ളത് വലിയ നേട്ടമാണ്. പക്ഷേ കേരളത്തെ സംബന്ധിച്ചിടത്തോളം ഇതു വരെ അത് സംഭവിച്ചിട്ടില്ല. ഇപ്പോൾ നടന്ന ഫിലിം മാർക്കറ്റിൽ വ്യക്തിപരമായി ഞാൻ പങ്കെടുത്തിരുന്നില്ല. പക്ഷേ അവിടെ സംഘടിപ്പിക്കപ്പെടുന്ന പ്രോഗ്രാമുകൾ കണ്ടപ്പോൾ ഹോം വർക്ക് ചെയ്ത് സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടിയായി എനിക്ക് തോന്നിയില്ല.

28ാമത് ചലച്ചിത്രമേളയിൽ നിന്നും. കടപ്പാട്:iffk_fbpage

ഫെസ്റ്റിവൽ തുടങ്ങുന്നതിന് രണ്ട് ആഴ്ച്ച മുമ്പല്ല ഫിലിം മാർക്കറ്റിനെ കുറിച്ച് ചിന്തിച്ച് തുടങ്ങേണ്ടത്. രണ്ടാഴ്ച്ച മുമ്പ് ചിന്തിച്ച് തീരണം. എല്ലാം ചെയ്തിട്ടുണ്ടാവണം. ഒരു ഫെസ്റ്റിവൽ പ്രോഗ്രാം ചെയ്യാൻ ഏഴ് മാസം എങ്കിലും ആവശ്യമാണ്. എല്ലാ സിനിമകളെയും പരിഗണിച്ചുകൊണ്ട് മുന്നോട്ട് പോകണമെങ്കിൽ അത്രയും മാസങ്ങൾ വേണം. ഫിലിം മാർക്കറ്റിന്റെ കാര്യവും അങ്ങനെ തന്നെയാണ്. പെട്ടെന്ന് ഒരു നാല് പാനലിസ്റ്റുകളെ വിളിച്ച് അവർ വന്ന് ചായ കുടിച്ച് പോയതുകൊണ്ട് ഇവിടുത്തെ സിനിമകളൊന്നും രക്ഷപ്പെടാൻ പോകുന്നില്ല. ഫിലിം ബസാറിൽ ക‍ൃത്യമായ പ്ലാനിങ്ങ് വേണം. ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുന്ന പല സിനിമകളും സെയിൽസ് ഏജന്റ്സിൽ നിന്നും വാങ്ങുന്നതാണ്. ഈ സെയിൽസ് ഏജന്റ്സിന്റെ കയ്യിൽ എന്തുകൊണ്ട് മലയാള സിനിമകൾ എത്തുന്നില്ല എന്ന് ആലോചിക്കേണ്ടതാണ്. അത് സാധ്യമാകുന്നത് സെയിൽസ് ഏജന്റ്സിനെ ഫെസ്റ്റിവലിൽ കൊണ്ടുവരികയും അവരെ മലയാള സിനിമ കാണിക്കുകയും ചെയ്യുമ്പോഴാണ്. വളരെ പ്ലാനിങ്ങോടെ തന്നെ കൃത്യമായി ക്യൂറേറ്റ് ചെയ്യപ്പെടേണ്ടതാണ് ഫിലിം മാർക്കറ്റും. എല്ലാ സിനിമകളും അവിടെ പ്രദർശിപ്പിക്കാനാവില്ല. ക്വാളിറ്റി ചെക്ക് ആവശ്യമാണ്. മോശം സിനിമകൾ പ്രദർശിപ്പിച്ചാൽ സെയിൽസ് ഏജന്റ്സ് തുടർച്ചയായി വരില്ല. പിന്നെ ഡിസംബറിൽ നടക്കുന്ന ഒരു മേളയായതിനാൽ, ഡിസംബർ എല്ലാവരും പെർസണൽ ലീവ് എടുക്കുന്ന സമയമായതിനാൽ നേരത്തെ ക്ഷണിച്ചെങ്കിൽ മാത്രമെ ഫിലിം മാർക്കറ്റിലേക്ക് ആർട്ടിസ്റ്റിക്ക് ഡയറക്ടേർസും, ക്യുറേറ്റേർസും, സെയിൽസ് ഏജന്റ്സും എല്ലാം എത്തുകയുള്ളു. എന്നാൽ ആ രീതിയിൽ സീരിയസായി ഇവർ ഫിലിം മാർക്കറ്റിനെ
കാണുന്നുണ്ടോ എന്നത് സംശയകരമാണ്.

പി.കെ സുരേന്ദ്രൻ

സിനിമകൾ കാണിക്കാൻ വേണ്ടി മാത്രമാണ് IFFK ശ്രമിച്ചിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട വർക്ക്ഷോപ്പുകളും, ഫിലിം ബസാർ ഉൾപ്പെടെയുള്ള സംരഭങ്ങളിലും മേള ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല. ഇപ്പോൾ തുടങ്ങിയിട്ടുള്ള ഫിലിം ബസാറിലേക്ക് വിദേശ മേളകളിലെ ക്യൂറേറ്റേർസിനെ കൊണ്ടുവരാനും അവർക്ക് സിനിമ കാണാനും സംവിധായകരുമായി സംവദിക്കാനുമുള്ള ഒരു വേദിയുണ്ടാക്കി വളരെ ഫലപ്രദമായി പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ അങ്ങനെ ഒരു നിലയിലേക്ക് അത് മാറുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം നമ്മുടെ ഓപ്പൺ ഫോറങ്ങളിൽ പോലും നാലോ അഞ്ചോ വിഷയങ്ങൾ മാത്രമാണ് എല്ലാ വർഷവും ചർച്ച ചെയ്യുന്നത്. സിനിമയിലെ സ്ത്രീയുടെ സ്ഥാനം, രാഷ്ട്രീയ സിനിമ, പ്രൊപഗണ്ട സിനിമ തുടങ്ങിയ വിഷയങ്ങൾ മാത്രമാണ്. പുതിയ കാണികൾ ഫെസ്റ്റിവലിലേക്ക് എത്തുന്നുണ്ട്, അവരുടെ സിനിമകൾ മേളയിൽ തന്നെ പിന്നീട് പ്രദ‍ർശിപ്പിക്കപ്പെടുന്നുണ്ട് എന്നാൽ ഒരു മേളയിലൂടെ നവീകരിക്കാൻ ആവുന്നതല്ല മലയാളിയുടെ സിനിമാസ്വാദന ബോധം. നമ്മുടെ മേള ഒരു ആവറേജ് സിനിമകളെ ആണ് കാണിക്കുന്നത്, നമ്മുടെ സിനിമാസ്വാദന ബോധവും ആവറേജാണ്. മലയാളിയുണ്ടാക്കുന്ന സിനിമയും ആവറേജാണ്. ചെറിയ ചെറിയ വ്യത്യാസങ്ങൾ മാത്രമാണ് നമ്മുടെ സിനിമകളിൽ വരുന്നത്. അതേസമയം ലോക സിനിമ മാറുന്നു.  പെർഫോർമെൻസാണോ സിനിമയാണോ എന്ന് അറിയാൻ പറ്റാത്ത വിധം സിനിമ സങ്കരമായി. നിർമ്മിതബുദ്ധി സിനിമയുണ്ടാക്കുന്നു. അതേസമയം നമ്മൾ വളരെ സാമ്പ്രദായികമായ സിനിമാ സങ്കൽപ്പങ്ങളിലാണ് ഇപ്പോഴും നിലയുറപ്പിക്കുന്നത്. ഉദാഹരണത്തിന്, സ്കൂൾ, കോളേജ് പാഠ്യപദ്ധതികളിൽ സിനിമാ പഠനം ഉൾപ്പെടുത്തി. എന്നാൽ ഭാഷാധ്യാപകരാണ് കുട്ടികളെ സിനിമ പഠിപ്പിക്കുന്നത്. അല്ലാതെ ഫിലിം സ്റ്റഡീസ് കഴിഞ്ഞവരല്ല. അതുകൊണ്ട് തന്നെ സാഹിത്യം പഠിപ്പിക്കും പോലെ തന്നെ ടെക്സ്റ്റ് ബെയിസ്ഡ് ആയിട്ടാണ് സിനിമ പഠിപ്പിക്കുന്നത്. കാണുന്ന സിനിമയും, പഠിപ്പിക്കപ്പെടുന്ന സിനിമയും എല്ലാം പ്രമേയപരമായ സിനിമകളാണ്. അവർ സിനിമ ഉണ്ടാക്കുകയാണ് എങ്കിൽ സ്വാഭാവികമായും ഈ രീതിയിലുള്ള സിനിമകളുണ്ടാക്കും. മേളയിൽ കാണുന്നതും അതുതന്നെയാണ്. ശരാശരി സിനിമകളും, ശരാശരി മേളയും, ശരാശരി സിനിമാ സംസ്കാരവും നമുക്ക് ഉണ്ടാവുന്നത് മലയാളിയുടെ ആസ്വാദന ബോധത്തിന്റെ പ്രശ്നമാണ്.

28ാമത് ചലച്ചിത്രമേളയിൽ നിന്നും. കടപ്പാട്:iffk_fbpage

ക്യൂറേറ്റർമാരും മാനേജർമാരുമാണ് ലോകത്തൊട്ടാകെ സിനിമയെ നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് ഒരു പ്രത്യേക സ്വഭാവമുള്ള സിനിമകൾ ലോകത്തൊട്ടാകെയുള്ള മേളകളിൽ പലപ്പോഴും പ്രദർശിപ്പിക്കപ്പെടുന്നത്. ക്യൂറേറ്റർമാരും, പ്രൊഡക്ഷൻ കമ്മിറ്റികളും ചേർന്നാണ് ഈ സിനിമകൾ കൊണ്ടുവരുന്നത്. എന്നാൽ ഈ ഫെസ്റ്റിവൽ സർക്യൂട്ടിന് പുറത്ത് ഗംഭീരമായ സിനിമകൾ ഉണ്ടാവുന്നുണ്ട്. ഹൈബ്രിഡ് ആയ കലാരൂപങ്ങൾ ഉണ്ടാവുന്നുണ്ട്. അത് നമ്മൾ കൊണ്ടുവരുന്നില്ല, കാരണം ലോക മേളകളിൽ ആ സിനിമകൾ ഇല്ല. ഇൻസ്റ്റലേഷൻ ആയിട്ടുള്ള സിനിമകൾ, സിനിമകൾ ആയി മാറുന്ന ഇൻസ്റ്റലേഷനുകൾ എല്ലാം സംഭവിക്കുന്നു.  എന്നാൽ നമ്മൾ ഇപ്പോഴും ഒരു നരേറ്റീവ് സ്ട്രെക്ച്ചറിൽ തന്നെ കുടുങ്ങിക്കിടക്കുകയാണ്. കാരണം മലയാളിക്ക് ആശയങ്ങളില്ല. നമ്മൾ ഇന്ന് ബൗദ്ധികതയ്ക്ക് എതിരാണ്. മലയാളിയുടെ ഭാവനാശേഷി പരിമിതമാണ്, സിനിമകളിൽ നിന്നും അത് വ്യക്തമാണ്.

കെ.പി ശ്രീകൃഷ്ണൻ

ഗ്ലോബൽ ഫിലിം സർക്യൂട്ടുകളിൽ ഇന്ന് ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് ഫിലിം മാർക്കറ്റുകൾ. ഏഷ്യയിൽ തന്നെ ബുസാൻ ഫെസ്റ്റിവലിന്റെ ഫിലിം മാർക്കറ്റ്, ഹോങ്കോങ്ങിലേയും ഗോവയിലെയും ഫിലിം മാർക്കറ്റുകൾ പല അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലെ പ്രോഗ്രാമേർസ് പങ്കെടുക്കുന്ന ഇടങ്ങളാണ്. ഐ.എഫ്.എഫ്.കെ ഒരു വലിയ ഫെസ്റ്റിവലാണെങ്കിലും അതിന് അനുബന്ധമായി ഫിലിം മാർക്കറ്റ് പ്രവർത്തിച്ചിട്ടില്ല. ഇടയ്ക്ക് ആരംഭിക്കുകയും ഫണ്ട് ചെലവഴിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും തുടർച്ചയുണ്ടായിട്ടില്ല. ഇത്തവണ കെ.എസ്.എഫ്.ഡി.സിയുടെ നേതത്വത്തിൽ അത്തരം ഒരു സംരംഭം ആരംഭിച്ചിട്ടുണ്ടെങ്കിലും അതിന് ഒരു ഫോക്കസ് ഉണ്ടോ എന്നുള്ള കാര്യം സംശയമാണ്. ഒരു ഫിലിം മാർക്കറ്റ് തുടങ്ങുമ്പോൾ തന്നെ അതിന് ഒരു നൂക്ലിയസ് ഉണ്ടായിരിക്കേണ്ടതുണ്ട്. ഐ.എഫ്.എഫ്.കെയുടെ ഫിലിം മാർക്കറ്റ് എന്നുള്ള നിലയ്ക്ക് തീർച്ചയായും വലിയ സാധ്യതകൾ ഉണ്ട്. എന്നാൽ ആദ്യം തന്നെ അതിന്റെ നൂക്ലിയസ് രൂപപ്പെടുത്തേണ്ടതുണ്ട്. കെ.എസ്.എഫ്.ഡി.സി.യിലെ ഒരു ഉദ്യോഗസ്ഥനാണ് ഇപ്പോൾ അതിന് നേതൃത്വം കൊടുത്തിട്ടുള്ളത്. അങ്ങനെ ഒരു ഉദ്യോഗസ്ഥൻ മാത്രം വിചാരിച്ചാൽ ഫിലിം മാർക്കറ്റ് പോലെ ഒരു സംരംഭം മുന്നോട്ടുകൊണ്ട് പോകാനാവില്ല. അതിൽ ഒരു ക്യൂറേറ്റർ ഉണ്ടായിരിക്കണം, കോർഡിനേറ്റർ വേണം. അവർ തമ്മിലുള്ള കോൺട്രിബ്യൂഷനിലൂടെയാണ് അത് മുന്നോട്ട് പോകേണ്ടത്. ഇത്തവണ കുറച്ച് ക്ലാസുകളും മറ്റുമാണ് ഉണ്ടായിരുന്നത്. ആമസോൺ, നെറ്റ്ഫ്ലിക്സ് പോലെയുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികൾ സന്ദർശിച്ചിരുന്നതായി അറിഞ്ഞു. എന്നാൽ അവർ ഒന്നും ഇത്തരം സിനിമകൾ തിരഞ്ഞെടുക്കുന്നവരല്ല. അതല്ല സ്വതന്ത്ര സിനിമകൾക്ക് ആവശ്യമായിട്ടുള്ളത്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെടാൻ ഒരുപാട് സാധ്യതകളുണ്ട്. അതിനുവേണ്ടിയിട്ടല്ല ഫിലിം മാർക്കറ്റ് പ്രവർത്തിപ്പിക്കേണ്ടത്. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ വേദികളിലേക്ക് നമ്മുടെ സിനിമകൾ എത്തിക്കുന്നതിനുള്ള സംവിധാനം ആണ് വേണ്ടത്. അതിന്റെ കൂടെ മാത്രമെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളും മറ്റും വരുന്നുള്ളു. അതിനായി തുടക്കം തന്നെ ഒരു ക്യൂറേറ്ററെ നിയമിച്ച്, മലയാളത്തിലെ സ്വതന്ത്ര സിനിമകൾ ക്ഷണിച്ച്, ആ സിനിമകൾ കാണിക്കുന്നതിനുള്ള അവസരങ്ങളുണ്ടാക്കി, ലോകത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള പ്രോഗ്രാമേർസിനെ എത്തിച്ച്, അങ്ങനെ ഒരു വർഷം നീണ്ട് നിൽക്കുന്ന ഒരു പ്രക്രിയയിലൂടെയാണ് അത് നടക്കേണ്ടത്.

ടാ​ഗോർ തീയേറ്ററിന് മുന്നിലെ കാണികളുടെ നിര. കടപ്പാട്:iffk_fbpage

മലയാളത്തിലെ സ്വതന്ത്ര സിനിമകൾ ഒരുപാട് മുന്നോട്ട് പോയിക്കഴിഞ്ഞു. ഒരുപാട് പ്രമേയങ്ങളും, പലതരത്തിലുള്ള ഫോമുകളുടെ പരീക്ഷണങ്ങളും മലയാളത്തിലെ സ്വതന്ത്ര സിനിമകളിൽ വന്നു കഴിഞ്ഞു. എന്നാൽ മലയാളത്തിലെ സ്വതന്ത്ര സിനിമകളുടെ ക്യൂററ്റോറിയൽ പൊസിഷൻ വളരെ വീക്കാണ്. വി.കെ ജോസഫ്, ജി.പി രാമചന്ദ്രൻ, സി.എസ് വെങ്കിടേശ്വരൻ എന്നിവരായിരുന്നു നമ്മുടെ പ്രധാന സിനിമാ നിരൂപകർ. മലയാളത്തിലെ സ്വതന്ത്ര സിനിമയെ കുറിച്ചുള്ള ഇവരുടെ പഠനങ്ങളും വളരെ ദുർബലമാണ്. അതുകൊണ്ട് തന്നെ മലയാളത്തിലെ സ്വതന്ത്ര സിനിമകൾക്ക് തിയററ്റിക്കലായ പിന്തുണയുടെ കുറവുണ്ട്. ഇത്തരം ഒരു മാർക്കറ്റിന് വേണ്ടി ശ്രമിക്കുമ്പോൾ ആദ്യം ഈ സിനിമയുടെ തിയററ്റിക്കലായ വശങ്ങളും, ക്രിട്ടിക്കലായ വശങ്ങളും ഇവർക്ക് സ്ഥാപിക്കാൻ കഴിയണം. അത് കഴിഞ്ഞിട്ടാണ് ഫിലിം മാർക്കറ്റിലേക്ക് പ്രോഗ്രാമേർസിനെ ക്ഷണിക്കേണ്ടത്. മലയാളത്തിലെ സ്വതന്ത്ര സിനിമകളെ കുറിച്ച് ക്രിട്ടിക്കലായ ഒരു ടെക്സ്റ്റ് ഉണ്ടാക്കാൻ കഴിയുന്ന ക്രിട്ടിക്കുകളും, മാർക്കറ്റിങ്ങ് ക്യൂറേറ്ററും, കോർഡിനേറ്ററും, കെ.എസ്.എഫ്.ഡി.സി.യിലെ ഉദ്യോഗസ്ഥരും ചേർന്നാണ് ഈ നൂക്ലിയസ് രൂപപ്പെടുത്തേണ്ടത്. അവരുടെ കൂടെ ഡിസൈനേർസും, കമ്യൂണിക്കേറ്റിങ്ങ് അസിസ്റ്റൻസും എല്ലാം പ്രവർത്തിക്കേണ്ടതുണ്ട്. ഇത്തവണ ഡിസൈനിങ്ങും, കമ്മ്യൂണിക്കേഷൻ അസിസ്റ്റൻസും എല്ലാം നന്നായിരുന്നു. പക്ഷേ അത് മാത്രം പോര. പ്രധാനപ്പെട്ട കാര്യം ക്യൂറേറ്റേർസും നിരൂപകരും ഉൾപ്പെടുന്ന ടീം ആണ്. നമ്മുടെ ഏറ്റവും വലിയ പ്രശ്നം ഈ പഴയകാല ക്രിട്ടിക്കുകളാണ് എന്ന് തോന്നുന്നു. മലയാളത്തിലെ ആർട്ട് സിനിമയെ മാത്രമാണ് ഇവരിൽ ചിലരൊക്കെ നോക്കിയിട്ടുള്ളത്. അല്ലാതെ മലയാളത്തിലെ ഇൻഡിപെൻഡന്റ് സിനിമയെ നോക്കാനായി ഇവർക്ക് കഴിഞ്ഞിട്ടേയില്ല. അവർ ഉണ്ടാക്കിയിട്ടുള്ള ക്ഷതം വളരെ വലുതാണ്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

10 minutes read December 15, 2023 3:56 pm