ഈ ഫെസ്റ്റിവലിന് ഒരു നിറം മാത്രം, കാവി

ഐ.എഫ്.എഫ്.കെയിൽ ഒരുപാട് തവണ പോയിട്ടുണ്ടെങ്കിലും ഐ.എഫ്.എഫ്.ഐ യിൽ ഇതാദ്യമായാണ്.” അ‍ർച്ചന പറഞ്ഞു തുടങ്ങി. “ഈ മേളയുടെ രാഷ്ട്രീയം എന്താണെന്ന് വിളിച്ചുപറയുന്നതായിരുന്നു ഫെസ്റ്റിവൽ ഇടങ്ങളിൽ എങ്ങും തലയുയർത്തി നിൽക്കുന്ന കാവിയുടുത്ത രാമന്റെ കട്ടൗട്ടുകൾ. പിന്നെ ബീച്ച് സൈഡിലാവട്ടെ ബോളിവുഡ് താരങ്ങളുടെ കട്ടൗട്ടുകൾ. അന്താരാഷ്ട്ര സിനിമകളും, ഇന്ത്യയിലെ വിവിധ ഭാഷകളിലെ സിനിമകളും പ്രദ‍ർശിപ്പിക്കുന്ന ഒരു രാജ്യാന്തര ഫെസ്റ്റിവലിന്റെ മുഖമുദ്രയായി രാമനെ പ്രതിഷ്ഠിക്കുന്നതും ബോളിവുഡല്ലാതെ ഇന്ത്യയിൽ സിനിമ നി‍ർമ്മിക്കപ്പെടുന്നില്ല എന്ന് തോന്നിക്കുന്ന കട്ടൗട്ടുകളുമെല്ലാം കാവിവത്കരിച്ച ഐ.എഫ്.ഐ.യിലേക്ക് കാണികളെ സ്വാഗതം ചെയ്യുന്നു. കേരളത്തിൽ നിന്നുള്ള ഒരു കാണിയായ എന്നെ ഐ.എഫ്.എഫ്.ഐ കാഴ്ചകൾ നിരാശപ്പെടുത്തി.

ഐ.എഫ്.എഫ്.ഐ കട്ടൗട്ടുകളിലൊന്ന്.

പനാജി മാർക്കറ്റിന് അടുത്താണ് ഐനോക്സ് തീയറ്ററുള്ളത്. ഫെസ്റ്റിവലിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഫെസ്റ്റിവൽ കാർഡ് കണ്ട് മാർക്കറ്റിലെ കടകളിൽ ഇരിക്കുന്നവർ ചോദിക്കും, അവിടെ എന്താണ് നടക്കുന്നത് ? നിങ്ങൾ സൽമാൻ ഖാനെ കണ്ടോ ? എന്ന തരം ചോദ്യങ്ങൾ. കേരളത്തിലെ മേളയിലേത് പോലെ എല്ലാവർക്കും വന്നു ചേരാവുന്ന ഒരിടമല്ല ഐ.എഫ്.എഫ്.ഐ. സിനിമ കാണാനെത്തുന്നവർ മാത്രമല്ല കേരളത്തിലെ മേളയിലെത്തുന്നത്. പലതരം ആളുകൾ കൂടിച്ചേരുന്ന ഐ.എഫ്.എഫ്.കെയിൽ ഒരു ജനാധിപത്യ പരിസരം രൂപപ്പെടാറുണ്ട്. എന്നാൽ ഇവിടെ ഡെലിഗേറ്റുകളാവാനുള്ള തുക കൊടുക്കാൻ കഴിയുന്നവർക്ക് മാത്രമേ പ്രവേശനമുള്ളൂ. ഒരു വിഭാഗം ആളുകൾ മാത്രമേ ഇവിടെ വരുന്നുമുള്ളു. അതിനാൽ തന്നെ ഒട്ടും ജനാധിപത്യപരമായ ഒരിടമല്ല ഐ.എഫ്.എഫ്.ഐ.

ഐ.എഫ്.എഫ്.ഐ കട്ടൗട്ടുകളിലൊന്ന്.

സമരങ്ങൾക്കും, പ്രതിഷേധങ്ങൾക്കും ഒന്നും ഐ.എഫ്.എഫ്.ഐ.യിൽ ഇടമില്ല. പലരുമായും സംസാരിച്ചപ്പോൾ മനസ്സിലായി, ഇവിടെ വരുന്ന കാണികളിൽ വലിയൊരു വിഭാഗവും ചലച്ചിത്രപ്രവർത്തകരാണ്. കേരളത്തിൽ നിന്നും ഹൈദരാബാദിൽ നിന്നും ബാംഗ്ലൂരിൽ നിന്നുമെല്ലാമുള്ള ചലച്ചിത്ര പ്രവർത്തകർ, പിന്നെ പൂനെയിലെയും കൽക്കത്തയിലെയുമെല്ലാം ഫിംലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ. കാണികളുടെ വൈവിധ്യമില്ലായ്മയും ഐ.എഫ്.എഫ്.ഐ.യുടെ വലിയൊരു പരിമിതിയാണ്. ഐ.എഫ്.എഫ്.ഐ കാവിവത്കരിക്കപ്പെടുന്നതിൽ ഈ കാണികൾക്കും പങ്കുണ്ട്. ഒരു നിറം മാത്രമേ ഈ മേളയിലുള്ളൂ, അത് കാവിയാണ്.”

***

“കഴിഞ്ഞ വ‍ർഷം കശ്മീ‍ർ ഫയൽസ് ഐ.എഫ്.എഫ്.ഐ മത്സരവിഭാഗത്തിൽ പ്രദ‍ർശിപ്പിച്ചിരുന്നു. അതൊരു വൾഗർ പ്രൊപഗണ്ട സിനിമയാണെന്നും മത്സരവിഭാഗത്തിൽ ഉൾപ്പെടുത്താൻ പാടില്ലാത്തതാണെന്നും ജൂറി തലവനായിരുന്ന നദാവ് ലാപിഡ് ക്ലോസിങ്ങ് സെറിമണിയിൽ തുറന്നുപറഞ്ഞു.

നദാവ് ലാപിഡ്

എന്നാൽ ഈ വ‍ർഷം അതേ വാക്കുകളാൽ വിശേഷിപ്പിക്കാവുന്ന കേരള സ്റ്റോറിയും ഐ.എഫ്.എഫ്.ഐയിൽ പ്രദർശിപ്പിച്ചു. കശ്മീ‍‍ർ ഫയൽസിന്റെ സംവിധായകൻ വിവേക് അഹ്നിഹോത്രി പുതിയ സിനിമയുമായി വന്നു, ‘ദി വാക്സിൻ വാ‍ർ’. ഈ സിനിമ ഉൾപ്പെടെ ഇന്ത്യയ്ക്കകത്തും പുറത്തും നിന്നുള്ള നിരവധി വലതുപക്ഷ പ്രചാരണ സിനിമകൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു പാക്കേജാണ് ഇത്തവണ ഐ.എഫ്.എഫ്.ഐ. ‘മാളികപ്പുറം’ എന്ന മലയാള സിനിമയക്ക് മൾട്ടിപ്പിൾ പ്രദർശനം ഉണ്ടായിരുന്നു. ഇങ്ങനെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ കാവിവത്കരിക്കുകയും വെറുപ്പ് പടർത്താനുള്ള വേദിയാക്കുകയുമാണ്. അതിന്റെ ഭാഗമായി വലതുപക്ഷ സിനിമകൾ മേളയിൽ പ്രദർശിപ്പിക്കപ്പെടുന്നു. അത്തരം സിനിമകൾ ചിത്രീകരിക്കുന്നവർ അതിഥികളായി ക്ഷണിക്കപ്പെടുന്നു, ആദരിക്കപ്പെടുന്നു.

ദി വാക്സിൻ വാർ

ബോസ്നിയയിൽ നിന്നുമുള്ള ‘ഡൈ ബിഫോർ ഡെത്ത്’ എന്ന സിനിമ മത്സരവിഭാഗത്തിൽ പ്രദ‍‌ർശിപ്പിച്ചിരുന്നു. ആ സിനിമ അവസാനിക്കുന്നത് ആന്റി അബോർഷൻ ചിന്താഗതിയോടെയാണ്. അതായത് ഇവിടുത്തെ വലതുപക്ഷ പ്രചാരണ സിനിമകളോടൊപ്പം ഇറക്കുമതി ചെയ്യുന്ന വലതുപക്ഷ സിനിമകളിലൂടെയും മേളയെ കാവിവത്കരിച്ചുകൊണ്ടിരിക്കുന്നു.

ഡൈ ബിഫോർ ഡെത്ത് എന്ന സിനിമയിൽ നിന്നും ഒരു രംഗം.കടപ്പാട്: iffigoa.org

‘മാണ്ഡലി’ എന്ന ഒരു സിനിമ പ്രദ‍ർശിപ്പിച്ചിരുന്നു. എന്റെ സുഹൃത്ത് ആ സിനിമ കാണാനായി പോയിരുന്നു. ആ സിനിമയുടെ പ്ര‍ദർശനത്തിന് ശേഷം സിനിമയുടെ പ്രവർത്തകർ തീയറ്ററിനകത്ത് ജയ് ശ്രീറാം മുഴക്കുക പോലുമുണ്ടായി. അതോടൊപ്പം ഓപ്പൺ ഫോറം സെഷനുകളുടെ നിലവാരവും വല്ലാതെ താഴോട്ട് പോയിരിക്കുന്നു. സെലിബ്രിറ്റി ഇന്റർവ്യൂകളുടെ നിലവാരത്തിലാണ് അവതാരകരുടെ ചോദ്യങ്ങൾ. ഡാൻസ് ചെയ്യാനും, ഡയലോഗ് പറയാനും, അഭിനയിച്ചു കാണിക്കാനുമൊക്കെയാണ് അതിഥികളോട് ആവശ്യപ്പെടുന്നത്. താരങ്ങളുടെ വ്യക്തിജീവിതത്തിലേക്ക് ചുഴിഞ്ഞു നോക്കുകയല്ലാതെ സിനിമയെ കുറിച്ചുള്ള ചർച്ചകൾ പോലും ഇത്തരം സെഷനുകളിൽ ഉയർന്നു കേൾക്കുന്നില്ല- ശ്രീനാഥ് വിശദമാക്കി.

മാണ്ഡലി എന്ന സിനിമയിൽ നിന്നും ഒരു രംഗം. കടപ്പാട്: iffigoa.org

‘എ ഹൗസ് ഇൻ ജറുസലേം’ എന്ന ഒരു സിനിമ ഞാൻ കണ്ടു. അമ്മയുടെ മരണത്തിന്റെ വേദന മറികടക്കാനായി ഒരു ജൂയിഷ് – ബ്രിട്ടീഷ് പെൺകുട്ടി ഇംഗ്ലണ്ടിൽ നിന്നും ജറുസലേമിലേക്ക് പോകുന്നതും, ജറുസലേമിലെ വീട്ടിൽ ഒരു പലസ്തീൻ പെൺകുട്ടിയുടെ പ്രേതത്തെ കണ്ടുമുട്ടുന്നതുമാണ് സിനിമയുടെ പ്രമേയം. പലസ്തീനുമായി ബന്ധപ്പെട്ട സിനിമയാവാം എന്ന തോന്നലിലാണ് ഞാൻ കാണാനായി പോയത്. പലസ്തീനിൽ നിന്നാണ് സിനിമ വരുന്നതെന്ന് ഫെസ്റ്റിവൽ ബുക്കിലുണ്ടായിരുന്നു. എന്നാൽ അതിൽ സിനിമ പരിചയപ്പെടുത്തുന്ന കുറിപ്പിൽ എവിടെയും പലസ്തീൻ എന്ന ഒരു വാക്കുപോലും കണ്ടില്ല. എന്നാൽ ഐ.എം.ഡി.ബിയിൽ ഈ സിനിമ എടുത്തുനോക്കിയാൽ കാണാം, ഇസ്രായേലിലേക്ക് പോയ ഈ പെൺകുട്ടിയെ കണ്ടുമുട്ടുന്നത് ഒരു പലസ്തീൻ പെൺകുട്ടിയാണെന്ന്. ഫെസ്റ്റിവൽ ബുക്കിലെ സിനോപ്സിസിൽ അത് ഒഴിവാക്കിയത് ഒരു മാറ്റിനിർത്തലാണെന്നാണ് എനിക്ക് തോന്നുന്നത്. മനപ്പൂർവ്വമായ ഒരു മാറ്റിനിർത്തലാണത്.” അർച്ചന കൂട്ടിച്ചേർത്തു.

എ ഹൌസ് ഇൻ ജറുസലേം എന്ന സിനിമയിൽ നിന്നുള്ള രംഗം. കടപ്പാട്: imdb.com

“ഈ സിനിമകളെ കുറിച്ചൊന്നും തന്നെ മേളയിൽ ആരും പരസ്യമായി അഭിപ്രായം പറയാൻ തയ്യാറല്ല. പലർക്കും സിനിമാ മോഹം ഉള്ളതിനാൽ വിമർശനങ്ങൾ എല്ലാം പിറുപിറുക്കലുകളായ് ഒടുങ്ങുന്നു. മേളയിൽ നിന്നും ബാൻ ചെയ്യുമെന്നോ, ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടുമെന്നോ പലരും ഭയപ്പെടുന്നു. അവ‍ർക്ക് കാണാനുള്ള സിനിമകളുടെ ലിസ്റ്റുമായി അവർ വരുന്നു. ഇത്തരം വലതുപക്ഷ പ്രചാരണ സിനിമകൾക്കിടയിൽ ചില നല്ല സിനിമകളും പ്രദ‍ർശിപ്പിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ചലച്ചിത്രമേളയെ ആ‍ർക്കും പൂർണ്ണമായും വിമർശിക്കാനുമാവില്ല. ഇങ്ങനെ തിയറ്ററിനകത്തും പുറത്തും വലതുപക്ഷ മൂല്യങ്ങൾ ഐ.എഫ്.എഫ്.ഐയിൽ ഒളിച്ചുകടത്തുന്നു.” ശ്രീനാഥ് പറഞ്ഞു.

***

“ആദ്യ ദിവസം തന്നെ പ്രതികരിക്കണം എന്നുണ്ടായിരുന്നു. മുറുമുറുപ്പുകളായി അത് തുടങ്ങി. രണ്ടു ദിവസം കൊണ്ട് കുറേ പോസ്റ്ററുകൾ ഉണ്ടാക്കി. പലരോടും സംസാരിച്ചു. അപ്പോഴാണ് മനസ്സിലായത്, ഇവിടെ പ്രതിഷേധിക്കാൻ പലർക്കും അത്ര താത്പര്യമില്ല എന്ന്. ഇത് ഐ.എഫ്.എഫ്.കെ അല്ല, പലരും പറഞ്ഞു. മുമ്പ് പ്രതിഷേധിച്ചവരുടെ വിധി ഓർമ്മിപ്പിച്ചു. ഡെലിഗേറ്റ് പാസുകൾ പിടിച്ചുകൊണ്ടു പോയതും, പുറത്താക്കിയതും… ഫെസ്റ്റിവലിൽ പ്രതിഷേധിക്കുന്നതിൽ നിന്നും പിന്മാറാനുള്ള ന്യായമായൊരു കാരണം തന്നെയായിരുന്നു ആ ഭയം. അപ്പോഴും ഞാൻ ആലോചിച്ചു, സമാധാനപരമായി പ്രതിഷേധിച്ചാൽ അവർക്ക് എന്തു ചെയ്യാനാവും?” ആ ചോദ്യം അർച്ചന വീണ്ടും ചോദിച്ചു.

“നിഷ്ക്കളങ്കമായി ചിന്തിക്കുമ്പോൾ നമുക്ക് തോന്നും, അങ്ങനെയങ്ങ് പിടിച്ചുകൊണ്ട് പോകാനാവുമോ ? മിണ്ടാതിരിക്കുന്ന ഒരാളെ പോലീസിന് പിടിച്ചുകൊണ്ടുപോകാൻ ആവുമോ? ആരും ഇല്ലെങ്കിൽ ഒരു മനുഷ്യനുമില്ലെങ്കിൽ ഞാൻ ഒറ്റയ്ക്ക് നടക്കാം എന്ന് വിചാരിച്ചു.”

“ആദ്യം ദിവസം തൊട്ടുതന്നെ നമുക്ക് എന്തെങ്കിലും ചെയ്യണം എന്ന് ശ്രീനാഥ് പറയുന്നുണ്ടായിരുന്നു. മറ്റൊരു സുഹൃത്തും കൂടെയുണ്ടായിരുന്നു. കേരളത്തിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകർ രണ്ട് മൂന്ന് നാൾ കഴിഞ്ഞാൽ മടങ്ങി പോകും. അതിന് മുന്നേ നമുക്ക് ചെയ്യാം എന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു. എന്നാൽ അവരൊക്കെ മടങ്ങും മുമ്പേ ഒരു പ്രതികരണവും സാധ്യമായില്ല. കൂടെ നിൽക്കാമെന്ന് പറഞ്ഞ സുഹൃത്തും നാട്ടിലേക്കുള്ള തീവണ്ടി കേറി. മടങ്ങേണ്ടി വന്നതിൽ അദ്ദേഹത്തിന് വിഷമം ഉണ്ടായിരുന്നു. എഫ്.ബിയിൽ എഴുതിയിട്ടാലോ എന്ന് അദ്ദേഹം ചോദിച്ചു. നമ്മൾ ഇവിടെ ഉള്ളപ്പോൾ, എഫ്.ബിയിൽ പ്രതികരിക്കുന്നതെന്തിന് ? സമാധാനപരമായി പ്രതിഷേധിച്ചാൽ ആരെന്തുചെയ്യും ? എന്റെ ദേഹത്ത് ഞാൻ ഒരു പോസ്റ്റർ ഒട്ടിച്ചാൽ ആരത് വലിച്ചുകീറും ?

മറ്റാരും കൂടെ ഇല്ലാത്തതിനാൽ, പോസ്റ്ററുകളൊന്നും പുറത്തെടുത്തില്ല. ഓരോ കാണിക്കും ഓരോ ലഘുലേഖ കൊടുക്കാനായി അച്ചടിക്കുള്ള കാശൊന്നും കയ്യിലില്ല. ശ്രീനാഥിന് ഒരു മീം ഐഡിയ ഉണ്ടായി. അതിന് ഞാനൊരു പടം ഇട്ടുകൊടുത്തു, ഞങ്ങൾ ഒരു മീം ഉണ്ടാക്കി. ( ചിത്രങ്ങളെയും വാക്കുകളെയും അനുകരണത്തിലൂടെ ചേർത്തുവെക്കുന്ന ഹാസ്യരൂപം) ഇതെന്തു ചെയ്യണം എന്നെല്ലാം അവസാന നിമിഷമാണ് തീരുമാനിക്കപ്പെട്ടത്.

കേരള സ്റ്റോറിയെ വിമർശിക്കുന്ന മീം.

മീം ഞങ്ങളുടെ ദേഹത്ത് ഒട്ടിച്ചു. ഒരു 50 കോപ്പി ലഘുലേഖകളും അച്ചടിപ്പിച്ചു. നാലരയ്ക്കാണ് കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നത്. ഞാനും ശ്രീനാഥും നേരത്തെ എത്തി. എന്നാൽ തിയറ്ററിനകത്ത് കയറാനായി വലിയ ക്യൂവുണ്ടായിരുന്നില്ല. ചെറിയ, ചെറിയ കൂട്ടങ്ങളായി ആളുകൾ സിനിമയ്ക്ക് കേറിക്കൊണ്ടിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങൾ അവിടിവിടെയായി നിന്നു.”

ആശങ്കയോടെ അർച്ചന പറയവെ ശ്രീനാഥ് കൂട്ടിച്ചേർത്തു. “270 സീറ്റുകളുള്ള തിയറ്ററിൽ ഹൗസ്ഫുള്ളായിട്ടാണ് കേരള സ്റ്റോറിയുടെ പ്രദർശനം നടത്തുന്നത്. ഈ സിനിമയക്ക് കയറാൻ പാടില്ലാത്തത് എന്തെന്നും മേളയിൽ ഈ സിനിമ പ്രദർശിപ്പിക്കപ്പെടാൻ പാടില്ലാത്തത് എന്തുകൊണ്ടെന്നും സിനിമ കാണാനായി വരുന്നവരോട് വിശദീകരിക്കുന്നതായിരുന്നു ഞങ്ങൾ തയ്യാറാക്കിയ ലഘുലേഖ. എന്നാൽ കാണികളുടെ ക്യൂവില്ലാത്തതിനാൽ ആ ലഘുലേഖ വിതരണം ചെയ്യാനാവാതെ നിൽക്കുമ്പോഴാണ് കേരള സ്റ്റോറിയുടെ സംവിധായകൻ റെഡ് കാർപറ്റിൽ വരുന്നതായി അറിയിപ്പുവന്നത്.”

ശ്രീനാഥും അർച്ചന രവിയും മീമുമായി ഐ.എഫ്.എഫ്.ഐയിൽ.

“സംവിധായകൻ വരുന്നതറിഞ്ഞ് ഞങ്ങൾ ഇരുവരും റെഡ്കാർപ്പറ്റ് റാമ്പിന്റെ വേലിക്കരികിൽ നിന്നു. അർച്ചന തുടർന്നു, അവരുടെ മുന്നിൽ തന്നെയായതിനാൽ സുദീപ്തോ സെൻ അത് നോക്കിക്കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ തെളിവാകുമല്ലോ എന്നു കരുതി ഞാൻ വീഡിയോ പകർത്തുന്നുണ്ടായിരുന്നു. ഞങ്ങൾ രണ്ടു പേരേയുള്ളൂ എങ്കിലും പരമാവധി ഇംപാക്ടുണ്ടാക്കണം എന്നുണ്ടായിരുന്നു.

റെഡ്കാർപ്പറ്റിലെ സംസാരം കഴിഞ്ഞ് സുദീപ്തോ സെന്ന് ഞങ്ങളുടെ നേർക്ക് വന്നു. ഇതെന്താണെന്ന് ചോദിച്ചു. കയ്യിൽ ഇരുന്ന ലഘുലേഖയൊന്ന് ഞാൻ നീട്ടി. കേരള സ്റ്റോറിയുടെ അസത്യ പ്രചാരണങ്ങളെ തകർക്കുന്ന ആൾട്ട് ന്യൂസിന്റെ ഫാക്ട് ചെക്കിൽ നിന്നുള്ള വിവരങ്ങൾ ഉള്ളടങ്ങിയതായിരുന്നു ലഘുലേഖ. അത് വായിച്ച് ക്ഷുഭിതനായി സുദീപ്തോ സെൻ ചോദിച്ചു, നിങ്ങൾ ആ സിനിമ കണ്ടിട്ടുണ്ടോ? സിനിമ കണ്ടിട്ട് നിങ്ങളുടെ ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം തരാം.

കേരളാസ്റ്റോറി ഐ.എഫ്.ഐ.യിൽ നിന്നും ഒഴിവാക്കേണ്ടത് എന്തുകൊണ്ട് എന്ന് വിശദീകരിക്കുന്ന ലഘുലേഖ.

ഉത്തരം ഒന്നും തരേണ്ടതില്ല, നിങ്ങൾ നുണ പറയാതിരുന്നാൽ മതി എന്നു ഞാൻ തറപ്പിച്ചു പറഞ്ഞു.

ഞാനൊരിക്കലും 35,000 എന്ന് പറഞ്ഞിട്ടില്ല. 50,000 വും അതിനു മുകളിലും എന്നാണ് ഞാൻ പറഞ്ഞത്. സുദീപ്തോ സെൻ തറപ്പിച്ചു പറഞ്ഞു.

അതു തന്നെയാണ് നുണ എന്നു പറഞ്ഞതെന്ന് ഞാൻ മറുപടി പറഞ്ഞു. നിങ്ങൾക്ക് ആ നുണ എടുത്ത് മാറ്റേണ്ടി വന്നു എന്നും ഓർമിപ്പിച്ചു.

കേരളാസ്റ്റോറി ഐ.എഫ്.ഐ.യിൽ നിന്നും ഒഴിവാക്കേണ്ടത് എന്തുകൊണ്ട് എന്ന് വിശദീകരിക്കുന്ന ലഘുലേഖ.

ഞാൻ ഒന്നും എടുത്തു മാറ്റിയിട്ടില്ല. ഇപ്പോഴും അതിൽ തന്നെ ഉറച്ചുനിൽക്കുന്നു എന്ന് സുദീപ്തോ സെൻ ഉറപ്പിച്ചു പറഞ്ഞപ്പോൾ, ഞങ്ങൾക്കെല്ലാം ഓർമ്മയുണ്ടെന്ന് പിന്നിൽ നിന്നും ആരോ ഒരാൾ വിളിച്ചു പറഞ്ഞു. അതു കൂടെ കേട്ടപ്പോൾ അയാൾ അവിടെ നിന്നും പോയി. ഇതിനിടയിൽ ഐ.എഫ്.എഫ്.ഐ സംഘാടകനായ ഒരാൾ വന്ന്, ഇതിനുള്ള സ്ഥലമല്ല ഇതെന്ന് പറഞ്ഞു. ഇയാളാണ് ഞങ്ങളോട് ഒച്ചവെയ്ക്കുന്നത് ഞങ്ങളല്ല ഒച്ചപ്പാടുണ്ടുക്കുന്നത് എന്ന് ഞാൻ അവിടെ തന്നെ പിടിച്ചു നിന്നു.

എല്ലാവർക്കും വിതരണം ചെയ്യാനുള്ള ലഘുലേഖകൾ ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നില്ല. ഞങ്ങളെ കണ്ട് അടുത്തു വരുന്നവർക്ക് ഓരോ ലഘുലേഖ എടുത്തുകൊടുക്കും.

നിങ്ങൾ എന്തിനാണ് ഇപ്പോൾ ഇവിടെ വന്ന് പ്രതിഷേധിക്കുന്നത്? നിങ്ങൾക്ക് ഈ സിനിമ ഇറങ്ങിയപ്പോൾ പ്രതികരിക്കാമായിരുന്നില്ലേ ? എന്നെല്ലാം ചോദിച്ച് ഫെസ്റ്റിവലിന്റെ സ്പോൺസർമാരായ ഒന്ന് രണ്ട് പേർ വന്ന് ഞങ്ങൾക്കടുത്ത് വന്നു. നിങ്ങൾ ഈ രണ്ടു പേരെന്ത് ചെയ്യാൻ ? നിങ്ങൾ ആളുകളെയും കൊണ്ട് വാ… എന്നൊക്കെ പലരും പറഞ്ഞുകൊണ്ടിരുന്നു. ഒന്നും ചെയ്യാതെ ഉപദേശിക്കാൻ നിൽക്കുന്നവരോട് ഞങ്ങൾ മറുപടി ഒന്നും പറയാൻ പോയില്ല.

എല്ലാം കഴിഞ്ഞ് ഞങ്ങൾ സെൽഫി എടുത്ത് നിൽക്കുമ്പോഴാണ് പൊലീസ് വന്ന് ഞങ്ങളെ പിടിച്ചുകൊണ്ട് പോയത്. രണ്ട് പേരെ പിടിച്ചുകൊണ്ട് പോകാൻ അഞ്ച് പോലീസുകാർ വന്നു. ഒരു ഫൈറ്റ് സീൻ കഴിഞ്ഞ് നടക്കുന്നതുപോലെ ഞങ്ങൾ അവർക്കിടയിൽ നടന്നു. ഐ.എഫ്.എഫ്.ഐയിലെ പൊലീസ് ഔട്ട്പോസ്റ്റിലേക്ക് അവർ ഞങ്ങളെ കൊണ്ടുപോയി.

അർച്ചന രവിയും സുദീപ്തേ സെന്നും തമ്മിലെ സംവാദം.

പ്രതിഷേധിക്കാനുള്ള സ്ഥലം അല്ല ഇതെന്ന് അവർ പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങളുടെ മൊബൈൽ ഫോണുകൾ അവർ അൺലോക്ക് ചെയ്യിച്ചു. പൊലീസ് പിടിച്ചുകൊണ്ട് പോകുന്നതിന് മുമ്പ് സുഹൃത്തുക്കൾക്ക് ഞങ്ങൾ മെസ്സേജ് അയച്ചിരുന്നു. ഒരേ മെസ്സേജ് രണ്ട് പേർക്കെ ഫോർവേഡ് ചെയ്യാൻ കഴിഞ്ഞിരുന്നുള്ളു. ഇവർക്കിതിൽ എന്താണ് പങ്ക് എന്നാണ് അവർക്ക് അറിയേണ്ടിയിരുന്നത്. ഞങ്ങൾ രണ്ട് പേർ മാത്രമായി ഇങ്ങനെ പ്രതിഷേധിക്കാൻ ധൈര്യപ്പെടില്ല എന്ന് അവർക്ക് ഉറപ്പുള്ളതു പോലെ. ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. ഇതിന് പിന്നിൽ കുറെയാളുകളുണ്ട്. ആരൊക്കെയാണ് നിങ്ങളുടെ സംഘത്തിലുള്ളത് ? അവർ ചോദിച്ചുകൊണ്ടിരുന്നു.

ഒരു മീം ഉണ്ടാക്കാൻ എന്തിനാണ് ഗൂഢാലോചന? ഇതെന്തൊരു മണ്ടത്തരമാണ് എന്ന് തിരിച്ചു ചോദിച്ചപ്പോൾ അവർക്ക് ഇഷ്ടപ്പെട്ടില്ല. പോലീസുകാരിൽ ഒരാൾ എന്നെ ദേഷ്യത്തോടെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. എന്നെ തുറിച്ചു നോക്കരുതെന്ന് ഞാൻ പറഞ്ഞു.

ഈ ഫോട്ടോ എടുത്തത് ആരാണ്? അവരുടെ ചോദ്യം ചെയ്യൽ തുടർന്നുകൊണ്ടിരുന്നു. നിങ്ങളുടെ കൂടെയാരാണുള്ളത്? ഈ ഫോട്ടോ എടുത്ത ആളുടെ നമ്പർ പറയൂ.

വാട്സാപ്പ് ചാറ്റുകൾ തുറന്നുനോക്കി, അവർ പഴയ മെസ്സേജുകൾ ഓരോന്നും വായിക്കാൻ തുടങ്ങി. പിന്നെയും ചോദ്യങ്ങൾ ഉയർന്നു.

നിങ്ങൾ എന്തിനാണ് ഇവിടെ പ്രശ്നമുണ്ടാക്കാൻ നിൽക്കുന്നത്? നിങ്ങൾ എന്തിനാണ് ഇവിടെ വെറുപ്പ് പടർത്തുന്നത്?

വെറുപ്പ് പടർത്തുന്നത് ആരാണെന്നും വെറുപ്പ് പടർത്തുന്നവർക്കെതിരെയാണ് ഞങ്ങൾ പ്രതിഷേധിക്കുന്നതെന്നും, കേരളത്തിലെ മുസ്ലിംങ്ങളെ കുറിച്ച് തെറ്റിദ്ധാരണകൾ പടർത്തുന്ന സിനിമയാണിതെന്നും ഞങ്ങൾ വിശദീകരിച്ചുകൊണ്ടിരുന്നു.

ഞങ്ങളുടെ ടീഷർട്ടിലുള്ള മീം ഊരിക്കളയാൻ എന്നോടും ശ്രീനാഥിനോടും അവർ പറഞ്ഞുകൊണ്ടേയിരുന്നു. ഇതിനുള്ള പ്ലാറ്റ്ഫോം ഇതല്ലെന്ന് ആവത്തിച്ചുകൊണ്ടിരുന്നു. മീം ഊരാതെ ഞങ്ങൾ നിന്നപ്പോൾ ശ്രീനീഥിന്റെ ദേഹത്തു നിന്നും അവർ അതു പറിച്ചെടുത്തു.  

നിങ്ങളുടെ പ്ലാറ്റ്ഫോമിലല്ല എന്റെ ദേഹത്താണ് ഞാൻ ഇതുവെച്ചിരിക്കുന്നത്. ഒടുവിൽ ഞാൻ പറഞ്ഞു, നിങ്ങൾ എന്തായാലും ഞങ്ങളെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാൻ പോവുകയല്ലെ, ഞങ്ങൾ പ്രതിഷേധം തുടരുകയാണ്!

എനിക്ക് തോന്നുന്നു ഞങ്ങളിലൊരാൾക്ക് ഒരു മുസ്ലീം പേരായിരുന്നെങ്കിൽ ഞങ്ങൾ അകത്ത് കിടന്നേനെ.” അർച്ചന വിശദമാക്കി.

“ഔട്ട്പോസ്റ്റിൽ നിന്നും ഞങ്ങളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വോട്ടർ ഐഡിയും, ലൈസൻസും ഫോണുമെല്ലാം എടുത്താണ് കൊണ്ടുപോയത്.

അവിടുത്തെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഞങ്ങളോട് പറഞ്ഞു. എന്റെ അധികാര പരിധിയിൽ നിങ്ങൾ എവിടെ പ്രതിഷേധിച്ചാലും ഞാൻ അറസ്റ്റ് ചെയ്യും!”

***

“മുസ്ലീം വിരുദ്ധ ഡയലോഗുകൾ കേട്ട് കാണികൾ ചിരിക്കുകയായിരുന്നു എന്നാണ് കേരളാ സ്റ്റോറി കാണാൻ പോയ സുഹൃത്ത് പറഞ്ഞത്. കൺവർട്ട് ചെയ്യാനുള്ള ഒരു ഇരയെ കിട്ടി എന്ന് തട്ടമിട്ട പെൺകുട്ടി പറയുന്നതുകേട്ട് ചിരിക്കുന്ന കാണികളാണ് ഐ.എഫ്.ഐ.യിൽ കേരളാ സ്റ്റോറി കണ്ടിരുന്നത്. ചിരിച്ചുകൊണ്ട് അവർക്ക് ആ സിനിമ ആസ്വദിക്കാനായി. സിനിമയുടെ കൂടെ തന്നെയായിരുന്നു കാണികൾ. മലയാളികളെയും, ഐ.എഫ്.എഫ്.ഐയെയും അവമതിക്കുന്ന കേരള സ്റ്റോറി എന്ന സിനിമ ഇവിടെ പ്രദർശിപ്പിക്കപ്പെടുമ്പോൾ ഒരാളെങ്കിലും ശബ്ദം ഉയർത്തിയേപറ്റൂ എന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു.” ശ്രീനാഥ് പറഞ്ഞു.

“ഗൊദാർദ് ആണ് എനിക്ക് പ്രചോദനം തന്നത്. പാരീസിലെ പ്രശസ്തമായ വിദ്യാർത്ഥി കലാപകാലത്ത്, വിദ്യാർത്ഥികൾക്ക് എതിരായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ലോകത്തെ ഏറ്റവും വലിയ ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായ കാൻ ഫെസ്റ്റിവൽ ഗൊദാർദ് ഒരിക്കൽ നിർത്തിവെപ്പിച്ചിട്ടുണ്ട്. ഗൊദാർദിനെ പോലെ ഒരാൾക്ക് കാൻ ഫെസ്റ്റിവൽ നിർത്തിവെപ്പിക്കാൻ കഴിയുമെങ്കിൽ ഈ ഫെസ്റ്റിവലിൽ എന്റെ പ്രതിഷേധം രേഖപ്പെടുത്തുകയെങ്കിലും വേണമല്ലോ.

1968 ലെ കാൻ ഫെസ്റ്റിവലിലെ സംഘർഷം. കടപ്പാട്: wordpress.com

ഈ ഫെസ്റ്റിവലിന്റെ മുഖമുദ്രയായി എല്ലാ വശങ്ങളിലും രാമൻ നിലയുറപ്പിച്ചിരിക്കുന്നു. ആർ.ആർ.ആർ മൂവിയിലെ ഒരു കഥാപാത്രം മാത്രമായി ഈ രാമനെ കാണാനാവില്ല. കാവിവത്കരിച്ച ഐ.എഫ്.എഫ്.ഐയുടെയും ഇന്ത്യയുടെയും പ്രതീകമാണ് കാവിയുടുത്ത രാമന്റെ കട്ടൗട്ടുകൾ.

ഈ സിനിമയുടെ പ്രദർശനത്തിനു ശേഷം, പരിചയപ്പെടുമ്പോൾ ഞാൻ കേരളത്തിൽ നിന്നുമാണെന്ന് പറഞ്ഞപ്പോൾ ഒരാൾ എന്നോട് ചോദിച്ചു, കേരളത്തിൽ, അവിടെ നിങ്ങൾ സുരക്ഷിതരാണോ? എങ്ങനെയാണ് അവിടെ ജീവിക്കാൻ പറ്റുന്നത് ?

ഗോവയിൽ ജീവിക്കുന്ന മലയാളിയായ ഒരു സുഹൃത്ത് പറഞ്ഞിരുന്നു, കേരള സ്റ്റോറി ഇറങ്ങി കഴിഞ്ഞപ്പോൾ ഗോവയിലുള്ള പല സുഹൃത്തുക്കളും പറഞ്ഞു കേരളത്തിൽ ഇനി ജീവിക്കേണ്ട. ഞങ്ങൾ ഇവിടെ ഒരു വീട് എടുത്ത് തരാം. കേരളത്തിലേക്ക് തിരിച്ചുപോകേണ്ട. ഇവിടെ താമസിക്കാം എന്നെല്ലാം. കേരളത്തിലുള്ളവരെ രക്ഷിക്കാനായാണ് ഈ സിനിമയെടുത്തിരിക്കുന്നത് എന്ന നിലയിലാണ് പലരും ഈ സിനിമ കണ്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ഐ.എഫ്.എഫ്.ഐയിൽ ഈ സിനിമ പ്രദർശിപ്പിക്കുമ്പോൾ കേരളത്തിൽ നിന്നുള്ള ഒരു ചലച്ചിത്ര പ്രവർത്തകനും കാണിയുമായി വന്ന് ഒന്നും മിണ്ടാതെ തിരിച്ചുപോകാൻ എനിക്കു പറ്റിയില്ല. മറ്റൊന്നും ചെയ്യാൻ കഴിയില്ല. നിരോധിച്ചതുകൊണ്ട് കാര്യമില്ല. സംവാദങ്ങളിലൂടെയാണ് തിരുത്തുകളുണ്ടാവേണ്ടത്. എന്നാൽ സംവാദങ്ങൾക്കുള്ള ഇടങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.”

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

November 29, 2023 11:01 am