ആർക്കൈവിൽ നിന്നും. കേരളീയം 2011 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ലേഖനം
ഓർമ്മകളുമായി വീണ്ടും വിഷുവെത്തുന്നു. രണ്ടുമൂന്നു വർഷം മുൻപാണ്, ഒരു വിഷുപ്പുലർച്ച. പാലക്കാടൻ നെല്ലറയുടെ വിശാലതയിലൂടെ എവിടേക്കോ നടക്കുകയാണ്. ഇളവെയിലുംകൊണ്ട് പാടവരമ്പേ അങ്ങനെപോകുന്നേരം ഒരു കാഴ്ച കണ്ടു. വിഷു ആചരണത്തിന്റെ ഭാഗമായി ഒരു കർഷകൻ പാടത്ത് ചാലിട്ടു വിത്തിറക്കാനുള്ള ഒരുക്കത്തിലാണ്. കഴുകിത്തുടച്ചു വൃത്തിയാക്കി നിർത്തിയ ട്രാക്ടർ അയാൾക്കു സമീപം. തന്റെ കയ്യിലുള്ള കിണ്ണത്തിൽ നിന്നും ചാലിച്ച ചന്ദനമെടുത്ത് അയാൾ ശ്രദ്ധയോടെ ട്രാക്ടറിന്റെ ‘ബോഡി’യിലുടനീളം കുറിതൊടുവിക്കുകയാണ്. അതുകണ്ടപ്പോൾ എന്തോ ഒരു വല്ലായ്മ ഉള്ളിൽ പടർന്നു. (പതിനായിരക്കണക്കിന് വർഷങ്ങളായി കർഷകന്റെ ജീവിതക്കൂട്ടാളിയായി അവനും മുൻപേ മണ്ണിൽ നടന്ന് കലപ്പ വലിച്ച സ്നേഹാർദ്രതയുടെ ഉടൽ രൂപങ്ങളായിരുന്ന ഉഴവുകന്നുകളെ തന്റെ പുകക്കുഴലിലൂടെ ഉൾവലിച്ച്, “ഞാനൊന്നുമറിഞ്ഞില്ലേ” എന്ന് എല്ലാവരേയും കബളിപ്പിച്ചു നിൽക്കുന്ന യന്ത്രപ്പരിഷ…! അതിന്റെ പുറത്താണല്ലോ കർഷകന്റെ സ്നേഹലാളനവും ചന്ദനലേപനവും!) മൗഢ്യത്തോടെ അതും നോക്കി നിൽക്കെ, പാടവരമ്പേ മനസ്സ് കഴിഞ്ഞ കാലങ്ങളിലേക്ക് പാഞ്ഞുപോയി. കൃഷിനിലങ്ങളിൽ ചാലിട്ടു വിത്തിറക്കലാണ് വിഷുവിന്റെ ഏറ്റവും അർത്ഥപൂർണ്ണവും ആഹ്ലാദകരവുമായ അനുഷ്ഠാനങ്ങളിലൊന്ന്. കണികണ്ടുണരുന്നതുപോലും ഈ ശുഭകർമ്മത്തിന് ഐശ്വര്യമേകാനാണ്. കണികാണുവാനും ചാലിട്ടു വിത്തിറക്കാനുമുള്ള നല്ല ദിവസവും ശുഭമുഹൂർത്തവും ഓലയിൽ കുറിച്ചിരിക്കും. വിഷുഫലവും വർഷഫലവും കുറിച്ച ഓല ദേശത്തെ ജ്യോത്സ്യനാണ് വീട് തോറും എത്തിക്കുക. അതിന് അയാൾക്ക് അവകാശവുമുണ്ട്. പുലർച്ചെ, ഉദിച്ചുവരുന്നേരത്തായിരിക്കും എപ്പോഴും മുഹൂർത്തം. സാധനങ്ങളൊക്കെ തലേന്നുതന്നെ ഒരുക്കിവെക്കും. പൊലിയളക്കുന്ന കളമുളത്തിൽ വിത്ത്, നാരായത്തിലും നാഴിയിലും നിറവെച്ച്, നാക്കിലയിൽ കൊന്നപ്പൂവ്, ചന്ദനം, ഇളനീര്, ഓലച്ചൂട്ട്, പടക്കം, പൂത്തിരി….. കണികാണാനുള്ള കാത്തിരിപ്പുപോലെത്തന്നെയാണ് കുട്ടിക്കാലത്ത് ചാലിട്ടു വിത്തിറക്കാനുള്ള ഉത്സാഹവും.
കഷ്ടിച്ചു കണ്ണുകണ്ടു തുടങ്ങുന്നേരത്തുതന്നെ കുട്ട്യമ്മാമ ഓടത്തിൽ നല്ലെണ്ണയുമെടുത്ത് തൊഴുത്തിലേക്കു കയറും. ചെമ്പന്റെയും കാരിയുടെയും നെറുകിലും കൊമ്പിലും മുതുകിലും എണ്ണ കുളുർക്കെ തേക്കും. കഥയറിയാതെ മാടുകൾ അപ്പോൾ സ്നേഹത്തോടെ അമറും. എണ്ണ തേക്കുന്ന കൈത്തലം നാവുനീട്ടി നക്കും. ചൂടാക്കിയ തവിടുകഞ്ഞിയും കൊടുത്ത് കുട്ട്യമ്മാമ കന്നിന്റെ കയറഴിക്കുമ്പോഴേക്കും കുട്ടികളായ ഞങ്ങൾ പല്ലുതേ ച്ച് തയ്യാറായിട്ടുണ്ടാവും. വിത്തും വെള്ളവും കാത്ത് ചുട്ടു വിണ്ടുകിടക്കുന്ന മുണ്ടകപ്പാടത്തുകൂടെ കന്നിനെയും കൊണ്ട് പുഴയിലേക്ക്. പാടം കഴിഞ്ഞാൽ പുഴയിലേക്കിറങ്ങുന്ന കുണ്ടനിടവഴിയാണ്. ഇരുട്ട് അപ്പോഴും പതുങ്ങിനിൽക്കുന്ന ഇടുങ്ങിയ വഴിയിലെ തണുത്തു മിനുസമായ പൂഴിയിൽ ചവിട്ടുമ്പോഴേക്കും പുഴ സാന്നിദ്ധ്യം മണത്ത കന്നുകൾ പുളകം പൂണ്ട് വാലു ചുഴറ്റി മുക്രയിട്ട് ഒരു പാച്ചിലാണ് പുഴവെള്ളത്തിലേക്ക്. ഇരുപുറത്തുനിന്നും വഴിയിലേക്കു ചാഞ്ഞു നിൽക്കുന്ന പടുകൂറ്റൻ നാട്ടുമാവുകളിൽ നിന്നും പഴുത്തുഞെട്ടറ്റ മാമ്പഴങ്ങൾ കൊതിയൂറുന്ന പലതരം മണവും പ്രസരിച്ച് കിടപ്പുണ്ടാവും. ഇട വഴിനീളം ക്ഷണനേരംകൊണ്ട് കുറെ പെറുക്കിയെടുത്ത് തേക്കില പൊടിച്ച് കുമ്പിൾ കുത്തി അതിൽ നിറച്ച്, കന്നിനു പിറകെയെത്താനായി ഞങ്ങളും കുതികുതിക്കും.
കുട്ട്യാമ്മ ചവുളി (ഒരുതരം കിഴങ്ങി-തൊപ്പിക്കിഴങ്ങ്-ന്റെ ഉണങ്ങിയ വള്ളി) കൊണ്ട് കന്നിനെ ഉരച്ചുകുളിപ്പിക്കുന്ന നേരത്ത് ഞങ്ങൾ പുഴയിലെ ഇളംചൂടുള്ള വെള്ളത്തിൽ നാലുതലയുമായി തകർക്കും. കന്നിനെ കഴുകി കയറ്റിയ ശേഷം കുട്ട്യാമ്മ ഞങ്ങൾക്കു നേരെ മുങ്കോലു (കന്നിനെ തെളി ക്കുന്ന പ്രത്യേകവടി) കൊണ്ട് ഓങ്ങി വന്നാലേ ഞങ്ങൾ വെള്ളത്തിൽ നിന്നും കയറൂ. പുഴ കയറുമ്പോഴേക്കും വെയിലുദിച്ച് പരന്നിട്ടുണ്ടാവും. നേരേ കൃഷിനിലത്തേക്ക്. അവിടെ ചെല്ലുമ്പോഴേക്കും ‘ചാലി’ ടാനുള്ള സാമഗ്രികളുമായി അമ്മമ്മയും ചെറിയമ്മയും കണ്ടത്തിലെത്തിയിരിക്കും.
കുട്ട്യാമ്മാമ്മ നാക്കിലയിൽ നിന്നും ചന്ദനമെടുത്ത്, കന്നിന്റെ നെറ്റിയിലും കൊമ്പിലും മുതുകിലും കുറിവരയ്ക്കും. എന്തോ തീറ്റ സാധനമെന്നു കരുതി അപ്പോഴും കന്നിന്റെ നാവ് ഇക്കിളിയോടെ നീണ്ടുവരും. കൈത്തലത്തിലേക്ക് വിഷുവിനു തൊട്ടുമുമ്പായി ദേശത്തെ ആശാരി ഉണ്ടാക്കി കാഴ്ചവെച്ച പുത്തൻ ‘കരി’യിലും നുകത്തിലും ചന്ദനം തൊട്ടശേഷം കുട്ട്യാമ്മാമ കിഴക്കു നോക്കി കന്നിനെ പൂട്ടിക്കെട്ടും. വിള കാക്കുന്ന സൂര്യദേവനെയും അന്നപൂർണ്ണേശ്വരിയായ ചെറുകുന്നിലമ്മയെയും നല്ലോണം വിചാരിച്ച് മാടുകളുടെ രക്ഷകരായ ‘തെക്കൻ പറങ്ങോട’ നെയും ‘കരിപ്പൂട്ടി’യെയും, കാവിലെ നാഗദൈവങ്ങളേയും നെഞ്ചിൽ തൊട്ടു വിളിച്ച്, ‘പിഴയ്ക്കരുതേ’ എന്ന് ഉള്ളു കടഞ്ഞ് മണ്ണിൽ കരികൊളുത്തി ചാലിടുന്നു. ഉഴവുചാലിൽ കൊന്നപ്പൂക്കളർപ്പിച്ച്, ഓലച്ചൂട്ടു കത്തിച്ച് കുത്തി ദൈവങ്ങളെയും നിർത്തുന്നു.
എല്ലാം ഒരിക്കൽ കൂടി ഉള്ളിൽ ചൊല്ലി വിളിച്ച് ഇളകിയ മണ്ണിന്റെ ഇളം ചൂടാർന്ന ഹൃത്തടത്തിലേക്ക് വിത്തിടുന്നു. തുടർന്ന് ഇളനീര് മൂടുവെട്ടി ഉഴവുചാലിലൊഴുക്കുന്നു. “വർഷമേഘങ്ങളേ…. മുളയിടാനുള്ള വിത്തിനെ ഉള്ളിൽ പേറുന്ന ചുടുമണ്ണിന്റെ ദാഹമറിഞ്ഞ് അലിഞ്ഞു പെയ്യണേ” എന്നാണ് തൂവുന്ന ഇളനീരിന്റെ പ്രാർത്ഥന. ചൂട്ടുകറ്റയിൽ നിന്നും ഓലപ്പടക്കം കൊളുത്തി വായുവിലെറിഞ്ഞ് പൊട്ടിച്ചും പൂത്തിരി കത്തിച്ചും വിത്തിന്റെയും മണ്ണിന്റെയും ഉള്ളുണർത്തി ഞങ്ങൾ കുട്ടികളും ആഘോഷിക്കും. ചാലുകഴിഞ്ഞ് പാടവരമ്പിലൂടെ കന്നിനെയും തെളിച്ച് വീട്ടിലേക്കു മടങ്ങും നേരം കായ്കറി കണ്ടതിൽ നിന്നും വെള്ളരിക്ക പൂവലും ഇളവനും കക്കരിയും പൊടിച്ച് കന്നിന് തിന്നാൻ കൊടുക്കും. (മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് പാടത്ത്, ഗ്ലാം വെച്ചു തേവി നനയ്ക്കാൻ സൗകര്യമുള്ള കണ്ടത്തിൽ അയൽക്കാരായ അഞ്ചാറു വീടുക്കാർ ചേർന്ന്, വെള്ളരി, മത്തൻ, കുമ്പളം, ചുരയ്ക്ക, കക്കരി, പയറ്, വെണ്ട, ചീര തുടങ്ങി പലവിധ പച്ച ക്കറികളും കൃഷി ചെയ്തുണ്ടാക്കുന്നതാണ് വേനൽ കായ്കറി).
കവി കടമ്മനിട്ടയുടെ, കുറത്തിയുടെ വിലാപം പോലെ, കൊഴുത്തലയ്ക്കലുറങ്ങിയ ഒരു മാത്രയുടെ ക്ഷണികതയിൽ ആ കാലങ്ങളും, കാഴ്ചകളും പോയ്മറഞ്ഞുവല്ലോ എന്ന് വികാരങ്ങളൊന്നുമില്ലാത്ത ആ ഉഴവുയന്ത്രത്തിന്റെ ഇരുമ്പുമുഖത്തേക്കു നോക്കി വെറുതെ വിചാരപ്പെട്ടുനിന്നു. കർഷകൻ യന്ത്രത്തെ എത്ര സ്നേഹിച്ചാലും അത് അവനെ നോക്കില്ലല്ലോ…. സ്നേഹത്തോടെ അമറില്ലല്ലോ…. കൈത്തലത്തിൽ ഇക്കിളിയാക്കും വിധം സ്നേഹം കൊണ്ട് നക്കിത്തുടയ്ക്കില്ലല്ലോ…. ജീവിതപ്രശ്നങ്ങളുടെ കുരുക്കിൽപെട്ട് അന്തിച്ചുനിൽക്കുന്ന കർഷകന്റെ നേർക്ക്, നിസ്സഹായമെങ്കിലും നിഷ്കളങ്ക സ്നേഹത്തിന്റെ കണ്ണയച്ച് “എന്തേ…. എന്തേ….” എന്ന് ചോദിക്കും പോലെ മുഖമുയർത്തി ഇമവെട്ടാതെ നോക്കി സാന്നിദ്ധ്യം തന്നെ സാന്ത്വനമാക്കി നിൽക്കാനും ആ വില്ലല്ലോ ആ ഇരുമ്പുയന്ത്രത്തിന്…!
അല്പകാലത്തെ ഹരിത വിപ്ലവം കൊണ്ടുതന്നെ തങ്ങളുടെ മണ്ണ് തരിശായി എന്ന് മനസ്സിലാക്കിയപ്പോഴാണ് “ട്രാക്ടർ ചാണകമിട്ടില്ല” എന്ന സത്യം പഞ്ചാബിലെ കർഷകർ മനസ്സിലാക്കിയത്! തൊഴുത്തുകളും ഉഴവുകാളകളും കന്നുപൂട്ടിന്റെ കർഷക സംഗീതങ്ങളും ഉയിർത്തെഴുന്നേൽക്കുകയാണിപ്പോൾ പഞ്ചാബിലും ഹരിയാനയിലും മറ്റും. നാലിഞ്ചുമേൽ മണ്ണിൽ മാത്രം വേരുപടർത്തി വളരുന്ന നെല്ലു നടാനായി നാല്പതും അമ്പതും ഇഞ്ച് മണ്ണിളക്കിമറിച്ച് ഉഴവ് കലാപമാക്കി മാറ്റുന്ന യന്ത്രത്തിന് എന്തുപകരം എന്ന് ഗൗരവമായാലോചിക്കാൻ നാമിനിയും എത്രകാലമെടുക്കും! വികസനത്തിന്റെ നഗരഭാഷകളിൽ ഉഴവും വിതയും കന്നും തൊഴുത്തും വെറും ‘ഡെർട്ടി’യായിത്തീരുമ്പോൾ കീടനാശിനി കലർന്ന വായുവും വെള്ളവും ഭക്ഷണവും മൂലം വിഷമയമായിത്തീർന്ന ജീവിതം നമുക്ക് ‘വിഷു ഫല’മായിത്തീരുന്നു. ഇങ്ങനെയൊക്കെ ആകുലപ്പെടുത്തുംവിധം കാലം പകരുമ്പോഴും, പ്രതീക്ഷകളുടെ വിഷുപക്ഷി മലയാളിയുടെ ഹൃദയത്തിന്റെ ഇനിയുമുണങ്ങാത്ത ഏതോ ചില്ലയിലിരുന്ന് ഇങ്ങനെ പാടുന്നുണ്ട്.
“ഏതു ധൂരസങ്കല്പങ്ങളിൽ വളർന്നാലും
ഏതു യന്ത്രവത്ക്കരണ ലോകത്തിൽ പുലർന്നാലും മനസ്സിലുണ്ടാകട്ടെ
ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും
ഇത്തിരികൊന്നപ്പൂവും”.
– വൈലോപ്പിള്ളി ശ്രീധരമേനോൻ