കാണിയുടെ ആസ്വാദനത്തെ നിരന്തരം നവീകരിക്കുന്നവനാണ് ക്ലാസ് ചലച്ചിത്രകാരൻ. അല്ലെങ്കിൽ ക്ലാസ് കാണികളെ നിരന്തരം സൃഷ്ടിച്ചെടുക്കുന്നയാൾ. കാണിയുടെ ഉയർന്ന ചിന്തയെ മാനിക്കുന്ന ചലച്ചിത്രകാരൻ്റെ പരീക്ഷണങ്ങൾ ആവേശജനകമായിരിക്കും. ആവിഷ്കരണ പുതുമതേടലും അതിന് കൃത്യം പരിപ്രേക്ഷ്യമുണ്ടാക്കലും കെ.ജി .ജോർജ് കൃത്യം നിർവഹിച്ചിട്ടുണ്ട്. മലയാളത്തിലെ മികച്ച സിനിമകൾ ലിസ്റ്റ് ചെയ്താൽ, എണ്ണത്തിൽ ഇരുപതിൽ താഴെയെങ്കിലും ഒന്നിനോടൊന്ന് വ്യത്യസ്തമായ കെ.ജി ജോർജിൻ്റെ അഞ്ച് സിനിമകളെങ്കിലും ഉൾപ്പെടും. വ്യത്യസ്തങ്ങളായ പ്രമേയങ്ങൾ തേടൽ മാത്രമല്ലായിരുന്നു കെ.ജി ജോർജ് ചെയ്തത്. നായകകേന്ദ്രിത മുന്നേറ്റങ്ങളുടെ തുഞ്ചത്ത് നിന്ന് സിനിമയെ നിലത്തുനിർത്തുക, വാഴ്ത്തി വർണ്ണിച്ച് വിജൃംഭിപ്പിച്ച കുടുംബസദാചാര മൂല്യങ്ങളുടെ തലമണ്ടക്ക് കിഴുക്കുക, പാട്ടും നൃത്തവുമായി എങ്ങോട്ടോ പിരിവിട്ടു പായുന്ന കഥാഗതികളുടെ കഴുത്തിന് പിടിക്കുക – ഇങ്ങനെയൊക്കെ ചെയ്യാൻ പഴഞ്ചൻ സിനിമാസങ്കേതങ്ങളുടെ ഫോർമുലകളെയും പാറ്റേണുകളെയും നിരാകരിക്കണമെന്നും സധൈര്യം കെ.ജി. ജോർജ് തീരുമാനമെടുത്തു. പ്രമേയത്തിനേറ്റം തെളിച്ചവും വെളിച്ചവും കിട്ടുംവിധമുള്ള ആഖ്യാനങ്ങളുടെ പ്രിസത്തിലൂടെ തൻ്റെ പ്രിയ മാധ്യമത്തെ കടത്തിവിട്ടു.


പൂനയിൽ പോയി പഠിച്ച് മദ്രാസിലേക്ക് വണ്ടി കയറിയ ജോർജിന് രാമു കാര്യാട്ടിൻ്റെ ‘നെല്ല്’ പ്രതിഭ തെളിയിക്കാനുള്ള ഇടമായി. ‘നെല്ല്’ ജോർജിൻ്റെ കൂടി സിനിമയാകുന്നു. എന്നാൽ ആ പ്രതിഭ ഏകതാനതകളിലെ കയ്യടികളിൽ തൃപ്തനല്ലാതെ ബഹുവിധ പരീക്ഷണങ്ങളിൽ ഉത്സാഹിയായി. ‘സ്വപ്നാടനം’ അന്നത്തെപ്പോലെ ഇന്നും ഒരദ്ഭുത സിനിമയാണ്. സൈക്കോ മുഹമ്മദ് എന്നറിയപ്പെട്ട പ്രൊഫ.ഇ അഹമ്മദിൻ്റെ ജീവിതാനുഭവത്തിൽ നിന്ന് – “ബോധം വന്നപ്പോൾ സ്വന്തം പേരുപോലും മറന്ന ഒരാളുടെ ജീവിതത്തിൽ നിന്നാണ്” – പലായനം എന്ന കഥയുണ്ടാകുന്നത്. അതൊരു കൗതുകകഥ. പക്ഷേ അതിനേക്കാൾ അദ്ഭുതമായിരുന്നു ആ കഥ കെ.ജി ജോർജ് ‘സ്വപ്നാടന’ മാക്കിയപ്പോൾ മലയാള സിനിമ കണ്ടത്. അതുവരെ കണ്ടുശീലിക്കാത്ത ഒരു ദൃശ്യഭാഷയിൽ കാണിയുടെ നോട്ടങ്ങളും ഉൾനോട്ടങ്ങളും വിപുലപ്പെടുത്തിക്കൊണ്ടുവരുന്ന ഭ്രമാത്മക ജീവിതാഖ്യാനത്തിൻ്റെ തിരക്കാഴ്ച. ഡോ. ഗോപിയും സുമിത്രയും അനുബന്ധ കഥാപാത്രങ്ങളും കേരളീയ സാമൂഹിക മനോജീവിതത്തെക്കൂടി ഇഴകീറി കാണിച്ചുതന്നു. കെ.ജിയുടെ സൈക്കോ ഡ്രാമകളിൽ സ്വപ്നാടനം കഴിഞ്ഞ് ‘ഇരകൾ’ ലിസ്റ്റ് ചെയ്യാറുണ്ടെങ്കിലും ‘ഇരകൾ ‘ ഒരു സൈക്കോ പാത്തിൻ്റെയോ മനുഷ്യരിൽ അന്തർലീനമായ ഹിംസയുടെയോ മാത്രം പ്രതിനിധാനമല്ല. രാഷ്ട്രത്തിൻ്റെയോ സമൂഹത്തിൻ്റെയോ കുടുംബത്തിൻ്റെയോ അധികാരാധിപത്യങ്ങളുടെ വേട്ടക്കാരും ‘ഇര’ കളുമാണ് മനുഷ്യർ എന്ന നിസ്സഹായമായ സങ്കീർണ്ണാവസ്ഥ ചലച്ചിത്രം തുറന്നുവക്കുന്നു.’യവനിക’യും ‘ലേഖയുടെ മരണ’വും ത്രില്ലറും കുറ്റാന്വേഷണവുമായി പേരുചേർത്തു പറയുമ്പോഴും രണ്ടാണ്. ‘ഴാനർ പഠനം’ എന്ന നിലയിൽ യവനിക എപ്പോഴും മികച്ച ഉദാഹരണമായി ചൂണ്ടിക്കാണിക്കാറുണ്ട്. കുറ്റാന്വേഷണ സിനിമാ ചേരുവകളുടെ സ്ഥിരം സൂത്രങ്ങളെ വിസ്മരിച്ച്, അറിയാനുള്ള രഹസ്യങ്ങളെല്ലാം പ്രേക്ഷകരുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞ് ‘യവനിക’ ഉയർത്തി നിൽക്കുന്ന സിനിമ. കുറ്റവാളിയെ കണ്ടു പിടിക്കാനുള്ള ഉദ്വേഗമല്ല, ചലച്ചിത്രകാരൻ പ്രേക്ഷകന് കൊടുക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. തബലിസ്റ്റ് അയ്യപ്പൻ മലയാള സിനിമയിലെ കഥാപാത്ര വിശകലനത്തിന് ഏറ്റവും മികച്ച ഒരു സ്പെസിമനാണ്. നാടക കലയുടെ സങ്കേതങ്ങളറിയാത്ത ഒരാൾക്ക് അത്ര വിദഗ്ധമായി സിനിമയിൽ നാടകത്തെ കോർക്കാനാവില്ല എന്നതാണ് യവനികയെ മാസ്റ്റർ പീസാക്കുന്നത്. ഒരു പ്രണയവും ഒരു കൊലപാതകവും എന്ന പ്രമേയത്തിൽ നിന്ന് നാടകീയ മുഹൂർത്തങ്ങളുടെ വിന്യാസങ്ങളിലൂടെ സിനിമയുടെ ദൃശ്യഭാഷയിലേക്ക് സംലയനം നടന്ന് യവനിക എന്നത്തേയും ക്ലാസിക് സിനിമയായി.


സിനിമ തന്നെ സിനിമയ്ക്ക് വിഷയമാക്കി, കലാനിർമാണ പ്രക്രിയയിലെ അധോതലങ്ങൾക്കുനേരെ കെ.ജി ജോർജ് കണ്ണയച്ച സിനിമയാണ് ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്.’ പുരുഷാധിപത്യക്രമങ്ങൾ, ചട്ടങ്ങൾ, അധികാരങ്ങൾ സ്ത്രീ കലാകാരികളിൽ ഏൽപിച്ച ആഘാതങ്ങൾ സ്വയം ഹത്യകളായി തെന്നിന്ത്യൻ സിനിമയെ നടുക്കികൊണ്ടിരുന്ന കാലം. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കവേ വിജയശ്രീയും (1974) അസാമാന്യ പ്രതിഭകൊണ്ട് കാണിയെ അമ്പരപ്പിച്ച ഫടാഫട് ജയലക്ഷ്മിയും (1980) മികച്ച അഭിനേത്രിക്കുള്ള ദേശീയ അവാർഡ് നേടി രാഷ്ട്ര ശ്രദ്ധ നേടിയ ശോഭയും (1980) പാതിവഴിയിൽ തങ്ങളുടെ കലയും ജീവിതവും ഉപേക്ഷിച്ചു പോയവരാണ്. ശോഭയുടെ ജീവിതം അടുത്തു നിന്ന് കണ്ടറിഞ്ഞ ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ ആ വിയോഗത്തെ ‘ലേഖ’യുടെ പ്രചോദനമായി സ്വീകരിക്കുകയായിരുന്നു കെ.ജി ജോർജ്.
സിനിമ എന്ന ‘സിസ്റ്റം’ അഭിനേത്രികളോട് കാണിക്കുന്ന അനീതികളെപ്പറ്റി ‘കോലങ്ങ’ളിൽ തന്നെ സൂചന തരുന്നുണ്ട് ജോർജ്. തൻ്റെ കലാ മാധ്യമം പുലർത്തുന്ന വേട്ടമനസ്ഥിതിയെ കുറേക്കൂടി വിശദമായി ആത്മപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു ‘ ലേഖയുടെ മരണ’ത്തിൽ കെ.ജി ജോർജ് ചെയ്തത്. എപ്പിസോഡിക്കൽ ഘടനയിൽ, യഥാതഥ ശൈലിയിൽ, ഇന്ന് പോലും കോടികൾ മുടക്കി കോടികൾ കൊയ്യുന്ന ഗ്ലാമർ വ്യവസായത്തെ പൊലിപ്പിക്കാൻ പറ്റുന്ന ഒരു കഥയെ മിനിമലിസത്തിൽ ഏറ്റവും തികവോടെ, കലാപരതയോടെ കെ.ജി ജോർജ് സൃഷ്ടിച്ചു. അതാണ് മാസ്റ്റർ.
ആത്മസംഘർഷങ്ങളും മുറിവുകളും ക്രൂരമായ അടിച്ചമർത്തലും പീഢകളും അത്രമേൽ വേദനയാണെന്ന് കെ.ജി ജോർജിന്റെ സ്ത്രീ കഥാപാത്രങ്ങൾ തിരയിൽ പിടഞ്ഞു. ആലീസും വാസന്തിയും അമ്മിണിയും അവരുടെ പരിച്ഛേദങ്ങളാണ്. മനോവിഭ്രാന്തിയും ആത്മഹത്യയും പോരാട്ടത്തിലെ പരാജയങ്ങളാവാം. പക്ഷേ പോരാട്ടമവസാനിപ്പിക്കുന്നില്ല. ഒരു ജീൻ എങ്കിലും സ്വാതന്ത്ര്യത്തിലേക്ക് കുതറിയോടുന്നതിന് പര്യാപ്തമാക തന്നെ ചെയ്യും എന്ന് ആദാമിൻ്റെ വാരിയെല്ലിലെ ‘അമ്മിണി’ ക്യാമറയും തട്ടിത്തെറിപ്പിച്ചോടി സാക്ഷ്യപ്പെടുത്തി. ആ ക്ലൈമാക്സ് ഇന്ന് സർറിയലിസ്റ്റിക്കല്ല.


മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യമെന്നു പ്രശംസ നേടിയ ‘പഞ്ചവടിപ്പാലം’ ഇന്ന് സാങ്കല്പിക കഥയല്ലല്ലോ. ദുശ്ശാസനക്കുറുപ്പ്, ശിഖണ്ഡിപ്പിള്ള, മണ്ഡോദരിയമ്മ, ജീമൂതാഹനൻ, യൂദാസ് കുഞ്ഞ്, ബറാബാസ്, അനാർക്കലി, അവറാച്ചൻ സ്വാമി… പേരുകളിൽ ചിരിച്ചാലും ‘ഐരാവതക്കുഴി’യും അവിടത്തെ ഗതിവിഗതികളും ഇന്നും പ്രസക്തമാണ്. ചിരിച്ചിട്ട് ചിന്തിച്ചിവിടെയെങ്കിൽ നേരെ അപ്പുറത്ത് ‘ഉൾക്കടലി’ൽ വിഷാദത്തിന്റെ ആഴത്തിലിറങ്ങി ചിന്തകളറ്റുതേങ്ങി. ‘മേള’യിൽ മമ്മൂട്ടിക്കും ശ്രീനിവാസനും മുന്നേ തിരശ്ശീലയിൽ ‘രഘു’ എന്ന പേര് എഴുതി കെ.ജി ജോർജ്. സൗന്ദര്യവും പുരുഷാകാരത്തികവുള്ള വിജയനെ (മമ്മൂട്ടി) അപ്പുറത്തുനിർത്തി ഒരുപക്ഷേ ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു ചെറു മനുഷ്യനെ നായകനാക്കി. ‘മറ്റൊരാൾ’ ദാമ്പത്യത്തിന് നേർക്കു വച്ച കണ്ണാടിയാണ്. സത്യങ്ങളതേപടി പ്രതിഫലിപ്പിച്ച ആ കണ്ണാടിയിൽ കൈമൾ – ബാലൻ – ഗിരി ആണുങ്ങളെയും സുശീല – വേണി പെണ്ണുങ്ങളെയും കണ്ടവർക്ക് കഠിനയാഥാർഥ്യങ്ങളുടെ നനഞ്ഞ തോർത്ത് പിഴിഞ്ഞ് വിരിക്കലേ നിവർത്തിയുള്ളൂ.


കെ.ജി ജോർജിൻ്റെ ഓരോ സിനിമയും എത്രവട്ടം ആവർത്തിച്ചു കണ്ടാലും എന്തെങ്കിലുമൊന്ന് പുതുതായി ചിന്തിക്കും. അല്ലെങ്കിൽ നേരത്തെ ചിന്തിച്ചത് പുതുക്കും. സിനിമയുടെ ഭാഷയോ, പ്രമേയമോ, പരിചരണമോ, മൂല്യമോ, കഥാപാത്ര നിർമ്മിതിയോ… അങ്ങനെ എന്തെങ്കിലും. അതാണ് യഥാർത്ഥ ‘ന്യൂജൻ’ എന്നു ഞാൻ വിശ്വസിക്കുന്നു. അതുവരെയുള്ള സമ്പ്രദായങ്ങളെയും ശീലങ്ങളെയും തച്ചുടുച്ചുകൊണ്ട് കാലത്തിന് മുന്നേ നടക്കുന്നതങ്ങനെയാണ്. ഇപ്പോഴും അത് മുന്നിൽ നിൽക്കുന്നു. ആ ദൂരം മലയാള സിനിമ നടന്നുവരാനുള്ള കാലം കൂടിയാണ്. വേണമെങ്കിൽ ഓടി വരാനുള്ള സാഹചര്യങ്ങൾ ഏറെയുണ്ട് താനും! കെ.ജി ജോർജിൻ്റെ കാലത്തിനും, ആ കാലത്തിൻ്റെ സന്തതികളായ പിൻതലമുറയ്ക്കും അവരുടെ ഇപ്പോഴത്തെ പുതുപ്പിള്ളേർക്കും – അങ്ങനെ മൂന്നു തലമുറക്ക് കെ.ജി ജോർജ് ന്യൂജനാണ്. ഇനിയുമുദിക്കും പിള്ളേർക്കും ജോർജിൻ്റെ സിനിമകൾ പാoശാലയായി തുടർന്നേക്കും.
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

