ഇസ്രായേൽ വംശഹത്യ അന്താരാഷ്ട്ര കോടതിയിൽ

യുദ്ധത്തിന്റെ പേരിൽ ഇസ്രായേൽ ഗാസയിൽ നടത്തുന്നത് വംശഹത്യയാണെന്ന് വാദിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക പരാതി നൽകിയിരിക്കുകയാണ്. കേസിന്റെ വാദം ജനുവരി 11ന് നെതർലന്റ്സിലെ ഹേഗിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര കോടതിയിൽ തുടങ്ങി. 1948 ലെ വംശഹത്യ കൺവെൻഷന്റെ ലംഘനമാണ് ഇസ്രായേൽ ഗാസയിൽ നടത്തിയതെന്ന് ദക്ഷിണാഫ്രിക്ക വാദിക്കുന്നു. വംശഹത്യ ആരോപണങ്ങളിൽ കോടതി ഇപ്പോൾ അന്തിമവിധി പുറപ്പെടുവിക്കേണ്ട ആവശ്യമില്ലെങ്കിലും, ഇസ്രായേലിന്റെ ചില നടപടികളെങ്കിലും കൺവെൻഷന്റെ വംശഹത്യ നിർവചനത്തിൽ ഉൾപ്പെടുമെന്ന് നിഗമനം ചെയ്യാമെന്നും അതിനാൽ കോടതി ഈ കാര്യത്തിൽ ഇടപെടണമെന്നും ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച അഭിഭാഷകരിൽ ഒരാളായ ആദില ഹാസിം കോടതിയിൽ പറഞ്ഞു. അഭിഭാഷകയായ ആദില ഹാസിമിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് വാദിക്കുന്നത്.

​ഗാസയിലെ ഖാൻ യൂനിസിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുന്നു. കടപ്പാട്:aljazeera

ഇസ്രായേൽ നടത്തിയ പ്രധാന വംശഹത്യ നടപടികളെ ആദില ഹാസിം കോടതിയിൽ വിശദീകരിച്ചിരുന്നു. പലസ്തീനികൾക്കെതിരെ നടത്തിയ കൂട്ടക്കൊലകൾ, ശാരീരികവും മാനസികവുമായ അക്രമം, നിർബന്ധിത കുടിയിറക്കലും ഭക്ഷ്യവസ്തുക്കളിലുള്ള ഉപരോധവും, പലസ്തീൻ കുട്ടികളുടെ ജനനം തടയൽ, ആരോഗ്യ സംവിധാനങ്ങൾ തകർക്കൽ എന്നീ കൃത്യങ്ങൾ ചൂണ്ടിക്കാട്ടി ഇസ്രായേൽ നടത്തുന്നതെന്ന് വംശഹത്യയാണെന്ന് അവർ വാദിക്കുന്നു.

ഇസ്രായേലിന്റെ വംശഹത്യാ കുറ്റങ്ങൾ

1. പലസ്തീനികൾക്കെതിരെ നടത്തിയ കൂട്ടക്കൊലകൾ

ഇസ്രായേൽ നടത്തിയ വംശഹത്യ കുറ്റങ്ങളിൽ ആദ്യത്തേത് പലസ്തീനികൾക്കെതിരെ നടത്തിയ കൂട്ടക്കൊലയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാതെ, കൂട്ടത്തോടെ മറവ് ചെയ്ത ചിത്രങ്ങൾ കാണിച്ചുകൊണ്ടാണ് ആദില ഹാസിം ഈ വാദങ്ങൾ ഉന്നയിച്ചത്. ഗാസയുടെ ഭാഗങ്ങളിൽ 2000 പൗണ്ട് ഭാരമുള്ള അത്യന്തം വിനാശകരമായ ബോംബുകൾ ഇസ്രായേൽ വിന്യസിച്ചിട്ടുണ്ടെന്നും അത് സുരക്ഷിതമാണെന്ന് ഇസ്രായേൽ സ്വയം പ്രഖ്യാപിക്കുകയാണെന്നും അവർ പറഞ്ഞു. 1800 ൽ അധികം കുടുംബങ്ങൾക്ക് ഒന്നിലധികം കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു, ചില കുടുംബങ്ങളിൽ മുഴുവൻ അംഗങ്ങളും കൊല്ലപ്പെട്ടുവെന്നും ഹാസിം പറഞ്ഞു.

2. ശാരീരികവും മാനസികവുമായ അക്രമം

ആരോഗ്യ സംവിധാനം തകർന്ന സ്ഥലത്ത് 60,000 ത്തോളം ആളുകൾക്ക് പരിക്കേൽക്കുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ആദില പറയുന്നു. കുട്ടികളടക്കം നിരവധി പലസ്തീനികളെ അറസ്റ്റ് ചെയ്യുകയും, വിവസ്ത്രരാക്കുകയും ചെയ്തുകൊണ്ട് ട്രക്കുകളിൽ അജ്ഞാത സ്ഥലങ്ങളിലേക്ക് കടത്തിയതായി ആദില ചൂണ്ടിക്കാണിക്കുന്നു.

3. നിർബന്ധിത കുടിയിറക്കലും ഭക്ഷ്യവസ്തുക്കളിലെ ഉപരോധവും

ജീവൻ നിലനിർത്താൻ കഴിയാത്ത അവസ്ഥ ഇസ്രയേൽ ഗാസക്കുമേൽ ബോധപൂർവം അടിച്ചേൽപ്പിക്കുകയാണെന്ന് ഹാസിം പറയുന്നു. ദശലക്ഷക്കണക്കിന് കുടുംബങ്ങൾ ഒന്നിലധികം തവണ കുടിയിറക്കപ്പെട്ടു. ഇപ്പോൾ മടങ്ങി ചെല്ലാൻ അവർക്കു വീടുകളില്ല. പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതിനോ ഉള്ള യാതൊരു സഹായവും നൽകാതെ 24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞുമാറാൻ മുഴുവൻ ആശുപത്രികൾക്കും ഇസ്രായേൽ നിർദ്ദേശം നൽകിയതെങ്ങനെയെന്ന് അവർ കോടതിയിൽ ചോദിച്ചു. വടക്കൻ ഗാസയുടെ വലിയ ഭാഗങ്ങളിലും ഇസ്രായേൽ ഇത് ആവർത്തിച്ചു. അവിടെ ഒരു ദശലക്ഷത്തിലധികം ആളുകളോട് ചെറിയ സമയത്തിനുള്ളിൽ ആ പ്രദേശത്ത് നിന്നും ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ആവശ്യപ്പെട്ടു. ഈ നിർദേശം തന്നെ വംശഹത്യാപരമാണെന്ന് ആദില ഹാസിം പറയുന്നു.

​ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ നിന്നുള്ള ദൃശ്യം. കടപ്പാട്:theintercept

ഗാസ മുനമ്പിലേക്കുള്ള ഭക്ഷണവും വെള്ളവും ഇസ്രായേൽ തടഞ്ഞത് വ്യാപകമായ പട്ടിണിക്ക് കാരണമായി. സന്നദ്ധ പ്രവർത്തകരുടെ സഞ്ചാരം നിയന്ത്രിച്ചുകൊണ്ട് ലഭ്യമായ ഭക്ഷണം വിതരണം ചെയ്യാനുള്ള വഴിയും ഇസ്രായേൽ അടച്ചു. ഗാസയിലേക്ക് സഹായവുമായി പോകുന്ന ട്രക്കിന് പിന്നാലെ നൂറുകണക്കിന് പലസ്തീനികൾ ഓടുന്ന ഒരു ക്ലിപ്പ് ഹാസിം കോടതിക്ക്‌ മുൻപാകെ കാണിച്ചു. ഗാസയിലെ ജനങ്ങൾക്ക് മതിയായ പാർപ്പിടം, വസ്ത്രങ്ങൾ, കിടക്കകൾ, മറ്റ് നിർണായകമായ ഭക്ഷ്യേതര വസ്തുക്കൾ എന്നിവ നിഷേധിക്കുന്ന വ്യവസ്ഥകൾ ഇസ്രായേൽ ബോധപൂർവം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഹാസിം കൂട്ടിച്ചേർത്തു. കുടിക്കാനും, വൃത്തിയാക്കാനും, പാചകം ചെയ്യാനും സുരക്ഷിതമായ വെള്ളമില്ലെന്നും വയറിളക്കം ഉൾപ്പെടെയുള്ള രോഗബാധിതർ വർധിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കൂടുതൽ പലസ്തീനികൾ പട്ടിണിയും രോഗവും കാരണം മരിച്ചേക്കാമെന്ന അവസ്ഥയുണ്ടായിട്ടും ഇസ്രായേൽ ഉപരോധം തുടരുകയാണെന്നും അവർ പറയുന്നു.

4. ആരോഗ്യസംവിധാനങ്ങൾ തകർക്കൽ

നാലാമത്തെ വംശഹത്യ നടപടി, ഗാസയിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന് നേരെയുള്ള ഇസ്രായേൽ സൈനിക ആക്രമണമാണ്, അത് അവിടെ ജീവിതം സാധ്യമല്ലാതാക്കുന്നു.

5. പലസ്തീൻ കുട്ടികളുടെ ജനനം തടയൽ

പ്രവസ സമയത്ത് നൽകേണ്ട ജീവൻരക്ഷാ ചികിത്സകൾ നവജാത ശിശുക്കൾക്ക് നൽകുന്നത് ഇസ്രായേൽ തടയുന്നു. ഇതിലൂടെ ഗാസയിലെ ജനനനിരക്കിനെ നിയന്ത്രിക്കുകയാണെന്നും അത് വംശഹത്യയ്ക്ക് തുല്യമാണെന്നും, ഹാസിം കൂട്ടിച്ചേർത്തു.

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യൊആവ് ഗാലന്റ്, പ്രസിഡന്റ് ഐസക് ​​ഹെർസോഗ് എന്നിവരുടെ പ്രസ്താവനകൾ വംശഹത്യക്ക് തെളിവാണെന്ന് മറ്റൊരു അഭിഭാഷകൻ തെംബെക കുകൈതോബി ചൂണ്ടിക്കാട്ടി. ‘അമാലേക്യരെ ആക്രമിക്കുകയും അവരുമായി ബന്ധപ്പെട്ട എല്ലാം നശിപ്പിക്കുകയും ചെയ്യുക’ എന്ന വേദപുസ്തകത്തിലെ വാക്യം ചൊല്ലി ഇസ്രായേൽ സൈനികർ ​ഗാസയിൽ ആഹ്ലാദപൂർവം ഗാനം ആലപിക്കുന്ന ദൃശ്യവും കോടതിയിൽ പ്രദർശിപ്പിച്ചു. അമാലേക്യൻ സമൂഹത്തിലെ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മൃഗങ്ങളെയും കൊന്നുകളയാനുള്ള ഇസ്രായേലിന്റെ ഒന്നാമത്തെ രാജാവായ ശൗലിന്റെ കൽപനയെക്കുറിച്ച് പ്രധാനമന്ത്രി നെതന്യാഹു ഇസ്രായേൽ ജനതയെ ഓർമിപ്പിക്കുന്ന വിഡിയോയും തെളിവായി ഹാജരാക്കി.

നവജാത ശിശുവുമായി അഭയാർത്ഥി ക്യാമ്പിൽ ഒരു കുടുംബം. കടപ്പാട്:seattletimes

ഇസ്രയേലിന്റെ വാദങ്ങൾ ജനുവരി 12ന് അവർ കോടതിയിൽ അവതരിപ്പിക്കുകയുണ്ടായി. വംശഹത്യാ പദ്ധതി നടത്തുന്നത് ഹമാസാണെന്ന് ഇസ്രായേൽ കോടതിയിൽ ആരോപിച്ചു. ഹമാസിനെതിരെയുള്ള ആക്രമണം സ്വയം പ്രതിരോധമാണെന്നും ഇസ്രായേൽ വാദിക്കുന്നു. സൈനികർ യുദ്ധകുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതന്വേഷിക്കുവാൻ ഇസ്രായേലിൽ കോടതികളുണ്ടെന്നും ഇസ്രായേലിന് വേണ്ടി വാദിക്കുന്ന ടാൽ ബക്കർ പറയുന്നു.

എന്തുകൊണ്ട് ദക്ഷിണാഫ്രിക്ക പലസ്തീനൊപ്പം?

വർണ്ണവിവേചനത്തിനെതിരായ ​ദക്ഷിണാഫ്രിക്കൻ ജനതയുടെ പോരാട്ടത്തെ എപ്പോഴും പിന്തുണച്ചിട്ടുള്ള ​ജനതയാണ് പലസ്തീൻ. 1994 ൽ സ്വാതന്ത്ര്യം നേടിയ ശേഷം ദക്ഷിണാഫ്രിക്കയിലെ ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (ANC), പലസ്തീനികളുടെ സ്വയം നിർണ്ണയാവകാശത്തെയും സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെയും പിന്തുണച്ചുകൊണ്ട് സ്ഥിരമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യ സമരനേതാവും വർണ്ണ വിവേചന വിരുദ്ധ പോരാളിയും ആദ്യ പ്രസിഡന്റുമായ അന്തരിച്ച നെൽസൺ മണ്ടേല, “പലസ്തീനികളുടെ സ്വാതന്ത്ര്യമില്ലാതെ ഞങ്ങളുടെ സ്വാതന്ത്ര്യം അപൂർണ്ണമാണ്” എന്ന് ആവർത്തിച്ച് പ്രസ്താവിച്ചിരുന്നു. “ദക്ഷിണാഫ്രിക്കയും പലസ്തീനും ഒരേ പോരാട്ടം പങ്കിടുന്നുവെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ANC അവർക്കുള്ള പിന്തുണ തുടരണം. പലസ്തീനിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യം തീവ്രമാക്കണം” എന്ന് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ ആറാമത്തെ നയ സമ്മേളന റിപ്പോർട്ട് പ്രസ്താവിക്കുന്നുണ്ട്.

വെസ്റ്റ് ബാങ്കിലെ റാമല്ല ന​ഗരത്തിലുള്ള നെൽസൺ മണ്ടേല സ്ക്വയറിൽ നടന്ന പലസ്തീൻ ഐക്യദാർഢ്യ റാലി. കടപ്പാട്:theintercept

എന്താകും കോടതി വിധി?

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ വിധി പുറപ്പെടുവിക്കൻ വർഷങ്ങളെടുക്കാൻ സാധ്യതയുണ്ട്. എന്നാൽ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കാനുള്ള അവകാശം കോടതിക്കുണ്ട്. കോടതിയുടെ തീരുമാനം അന്തിമമാണെങ്കിലും കോടതിക്ക് വിധി നടപ്പിലാക്കുവാനുള്ള ഏജൻസികളില്ല. ഇസ്രായേൽ വിധി പാലിക്കുന്നില്ലെങ്കിൽ, ദക്ഷിണാഫ്രിക്കയ്ക്ക് യു.എൻ രക്ഷാസമിതിയെ സമീപിക്കാം. എന്നാൽ രക്ഷാസമിതിയിൽ സ്ഥിരാംഗമെന്ന നിലയിൽ അമേരിക്കയ്ക്ക് വീറ്റോ അധികാരമുണ്ട്. ഇസ്രയേലിനെ വിമർശിക്കുന്ന യുഎ.ൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ തടയാൻ അമേരിക്ക കുറഞ്ഞത് 34 തവണ വീറ്റോ അധികാരം ഉപയോഗിച്ച ചരിത്രമുണ്ട്. അതിനാൽ നീതി ഉറപ്പാക്കുക എന്നത് പ്രയാസം തന്നെയാണ്. എന്നാൽ ഇസ്രായേൽ തുടരുന്ന ആക്രമങ്ങളെ വീണ്ടും ആ​ഗോള ശ്രദ്ധയിലേക്ക് കൊണ്ടുവരാനും ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനും കഴിഞ്ഞുവെന്നതാണ് ദക്ഷിണാഫ്രിക്കയുടെ ഈ നീക്കത്തിന്റെ പ്രാധാന്യം.

ഹേ​​ഗിലെ അന്താരാഷ്ട്ര കോടതിക്ക് മുന്നിൽ നടന്ന പലസ്തീൻ ഐക്യദാർഢ്യ റാലി. കടപ്പാട്:theintercept

വാദം നടക്കുമ്പോൾ തന്നെ ഹേ​​ഗിലെ അന്താരാഷ്ട്ര കോടതിക്ക് പുറത്ത് ആയിരങ്ങൾ ഇസ്രായേൽ അതിക്രമത്തിനെതിരെ പ്രതിഷേധവുമായി രം​ഗത്ത് വന്നിരുന്നു. ഇസ്രായേലിന്റെ ആക്രമണം ഗാസയിൽ ഇപ്പോഴും തുടരുകയാണ്. ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളിൽ 85 ശതമാനത്തിലേറെയും 2023 ഒക്‌ടോബർ 7 മുതൽ പലായനം ചെയ്യാൻ നിർബന്ധിതരായിട്ടുണ്ട്. 23,000 ത്തിൽ അധികമാണ് നിലവിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ മരണസംഖ്യ. 8000 പേരെ കാണാതായിട്ടുമുണ്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

January 13, 2024 1:10 pm