ബാബു ഭാസ്കർ എന്ന ബി.ആർ.പി ഭാസ്കറിനെ പറ്റി മുമ്പ് കേട്ടിട്ടുണ്ടെങ്കിലും 1980കളുടെ അവസാനത്തിലാണ് ഞാൻ ആഴത്തിൽ പരിചയപ്പെട്ട് തുടങ്ങുന്നത്. 1986 മുതൽ 92 വരെ ഡൽഹിയിൽ പി.ടി.ഐയുടെ ഭാഗമായി പ്രവർത്തിക്കുന്ന കാലത്താണ് ബി.ആർ.പിയുമായി കൂടുതൽ അടുക്കുന്നത്. ബാബു ഭാസ്കർ അന്ന് മറ്റൊരു വാർത്താ ഏജൻസിയായ യു.എൻ.ഐയിലാണ് പ്രവർത്തിച്ചിരുന്നത്. സർക്കാർ ഫണ്ട് ലഭിക്കുന്നത് കൊണ്ട് തന്നെ സർക്കാർ നിലപാടിനോടൊപ്പം സഞ്ചരിക്കുന്ന സ്വഭാവമായിരുന്നു പി.ടി.ഐക്കുണ്ടായിരുന്നത്. യു.എൻ.ഐ ഒരു സ്വതന്ത്ര ഏജൻസിയായതു കൊണ്ടുതന്നെ വലിയ സാമ്പത്തിക പ്രയാസം അന്നത് നേരിട്ടിരുന്നു. ഇത്തരം പ്രതിസന്ധികൾക്കിടയിലാണ് ധീരമായ മാധ്യമപ്രവർത്തനത്തിന്റെ മുഖമായി ബാബു ഭാസ്കർ അവിടെ പ്രവർത്തിച്ചിരുന്നത്. മാധ്യമ രംഗത്തെ ഏറ്റവും വിദഗ്ധനായ കോപി ഡസ്ക് എഡിറ്റർ എന്ന ഖ്യാതിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
ഡൽഹിയിൽ പി.ടി.ഐയിലായിരുന്നപ്പോഴും യു.എൻ.ഐയുടെ കാന്റീനിലേക്കായിരുന്നു ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോകാറ്. ചെറിയ ചെലവിൽ മികച്ച ഭക്ഷണം ലഭിക്കുന്ന ഇടം എന്ന അർത്ഥത്തിൽ യു.എൻ.ഐ കാന്റീൻ അന്ന് പ്രസിദ്ധമായിരുന്നു. യു.എൻ.ഐയുടെ കാന്റീനിനടുത്ത അവരുടെ തന്നെ സ്ഥലത്ത് ഷട്ടിൽ കളിക്കായി ഞങ്ങൾ സ്ഥിരമായി ഒത്തുകൂടാറുണ്ടായിരുന്നു. ഞങ്ങൾക്കൊപ്പം വി.കെ മാധവൻ കുട്ടിയും എം.എ ബേബിയും ജോൺ ബ്രിട്ടാസുമെല്ലാം അവിടെയുണ്ടാകാറുണ്ടായിരുന്നു. അങ്ങനെയൊക്കെയാണ് യു.എൻ.ഐയുമായും ബാബു ഭാസ്കറുമായും ഉള്ള എന്റെ ആദ്യകാല ബന്ധം. യു.എൻ.ഐയുടെ ജനറൽ മാനേജർ കെ.പി.കെ കുട്ടിയായിരുന്നെങ്കിലും ബി.ആർ.പി അന്നേ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനാണ്.
ഏഷ്യാനെറ്റിന്റെ ജനനവും ബി.ആർ.പിയുടെ വരവും
ഈ സമയത്താണ് ഏഷ്യാനെറ്റ് എന്ന ഒരു മീഡിയാ സംവിധാനത്തെ പറ്റി ഞാൻ ആലോചിച്ച് തുടങ്ങുന്നത്. യു.എൻ.ഐയുടെ അടുത്തുള്ള പ്രസ്ക്ലബിലാണ് മിക്ക മീറ്റിംഗുകളും നടക്കാറ്. ടി.എൻ ഗോപകുമാർ, ടി.വി കുഞ്ഞികൃഷ്ണൻ, സക്കറിയ തുടങ്ങിയവരെല്ലാം അവിടെ വരാറുണ്ട്. അവരോടെല്ലാം ഏഷ്യാനെറ്റ് എന്ന ആശയം ചർച്ച ചെയ്യുകയും ചെയ്യും. അന്നൊന്നും ബാബു ഭാസ്കർ ഏഷ്യാനെറ്റിന്റെ ഭാഗമായി വന്നിട്ടില്ല. 1992ലാണ് ഞാൻ പി.ടി.ഐ വിട്ട് മദ്രാസിലേക്ക് മാറുന്നത്. പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന അർത്ഥത്തിൽ ഏഷ്യാനെറ്റ് രജിസ്റ്റർ ചെയ്യുകയായിരുന്നു ലക്ഷ്യം. ഞാനായിരുന്നു അന്നതിന്റെ പ്രമോട്ടർ.
വാർത്താ ചാനൽ എന്ന അർത്ഥത്തിലല്ല ഏഷ്യാനെറ്റ് ആരംഭിക്കുന്നത്. പൊതുവിവരങ്ങളും വിനോദവും വാർത്തയും എല്ലാം ഉൾക്കൊള്ളുന്ന ഒരു ചാനൽ എന്ന രീതിയിലാണ് തുടക്കം. വാർത്തയും വാർത്താ വിശകലന പരിപാടിയും അതിൽ വേണമെന്ന നിർബന്ധവും ഉണ്ടായിരുന്നു. ഇത് വിശ്വസ്തതയോടെ കൈകാര്യം ചെയ്യാൻ ഒരാൾ വേണമെന്ന ആലോചനയാണ് ബാബു ഭാസ്കറിലേക്ക് എന്നെ എത്തിക്കുന്നത്. അന്ന് അദ്ദേഹം ബാംഗ്ലൂരാണ് താമസം. ഉടനെത്തന്നെ അവിടെ പോയി കാണുകയും സംസാരിക്കുകയും ചെയ്തു. വാർത്തയും വാർത്താനുബന്ധ പരിപാടികളും ലീഡ് ചെയ്യാൻ ഏഷ്യാനെറ്റിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. ഒരുപാട് സംസാരിച്ച് സമ്മതിപ്പിക്കേണ്ടി വരുമെന്നാണ് ഞാനാദ്യം കരുതിയത്. പക്ഷേ, ഞങ്ങളെടുക്കുന്ന സാഹസത്തിന്റെ ആഴം മനസ്സിലാക്കിയതു കൊണ്ടാണോ എന്നറിയില്ല, അദ്ദേഹം വേഗം സമ്മതിച്ചു. അങ്ങനെയാണ് ബി.ആർ.പി കേരളത്തിലേക്ക് വരുന്നത്.
ഏഷ്യാനെറ്റിന്റെ വാർത്തയുമായി ബന്ധപ്പെട്ട മുഴുവൻ പരിപാടികളുടെയും ഒരു ഗൈഡ് എന്ന അർത്ഥത്തിലാണ് അദ്ദേഹത്തെ കൊണ്ടുവരുന്നത്. അന്നത്തെ ചീഫ് എഡിറ്റർ നീലനാണ്. പ്രമോദ് രാമൻ, രവി, സി.എൽ തോമസ്, അതിന് ശേഷം നികേഷ് കുമാർ, ജയൻ, രത്നാകരൻ, ചന്ദ്രശേഖർ തുടങ്ങിയവരെല്ലാം ഏഷ്യാനെറ്റിലുണ്ട്. അന്നെല്ലാം വാർത്തയുമായി ബന്ധപ്പെട്ട പരിപാടികളുടെ അവസാനവാക്ക് ബി.ആർ.പിയായിരുന്നു. ഏഷ്യാനെറ്റിന്റെ വാർത്ത, വാർത്താ വിശകലന പരിപാടികളുടെ സ്ഥാപകൻ എന്ന് വേണമെങ്കിൽ അദ്ദേഹത്തെ വിശേഷിപ്പിക്കാം. കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് സ്വതന്ത്രവും സുതാര്യവുമായി പ്രവർത്തിക്കുന്ന, പുരോഗമന നിലപാടുകളോട് ചേർന്നു നിൽക്കുന്ന ഒരു സമീപനമാണ് വാർത്തകളോട് ഏഷ്യാനെറ്റ് സ്വീകരിച്ചു പോന്നത്. ബാബു ഭാസ്കറും ഇതേ നിലപാടിൽ മുന്നോട്ടുപോകുന്ന ആളായിരുന്നു. സ്വാഭാവികമായും ഏഷ്യാനെറ്റിലെ ചുമതല ബി.ആർ.പി ഭംഗിയായി കൈകാര്യം ചെയ്തു. അതുകൊണ്ട് തന്നെ എനിക്ക് ആ ഭാഗം ആലോചിച്ച് അസ്വസ്ഥനാകേണ്ടി വന്നിട്ടുമില്ല. ഒരുപാട് കാലം വിവിധ പത്രങ്ങളിലും ന്യൂസ് ഏജൻസിയിലും പ്രവർത്തിച്ച് വലിയ ലോക പരിചയം ഉള്ള ആളെന്ന നിലക്ക് അദ്ദേഹത്തെ ഉൾക്കൊള്ളാൻ ആർക്കും ഒരു പ്രയാസവുമുണ്ടായിരുന്നില്ല.
പത്രവിശേഷം ഉണ്ടാക്കിയ കോലാഹലങ്ങൾ
കാര്യങ്ങളെല്ലാം അങ്ങനെ സുഗമമായി മുന്നോട്ടുപോകുന്നതിനിടയിലാണ് പുതുതായി ഒരു വാർത്താ മാധ്യമ വിശകലന പരിപാടി തുടങ്ങിയാലോ എന്ന ആലോചന വരുന്നത്. ഒരു മാധ്യമം മറ്റൊരു മാധ്യമത്തിന്റെ വാർത്താവതരണ രീതികളെ വിശകലനം ചെയ്യുന്ന പരിപാടി ആരും അതുവരെ പരീക്ഷിച്ചിരുന്നില്ല. നമ്മൾ മാധ്യമങ്ങൾ സ്വയം വിമർശന വിധേയരാകേണ്ടതല്ലേ എന്ന ചിന്തയാണ് ഇങ്ങനെയൊരു ആലോചനയിലേക്ക് നയിക്കുന്നത്. അങ്ങനെയാണ് പത്രവിശേഷം എന്ന പരിപാടി ഏഷ്യാനെറ്റിൽ ആരംഭിക്കുന്നത്. ഇതിന്റെ അവതാരകനായി ബാബു ഭാസ്കറാണ് എന്റെ മനസ്സിൽ ആദ്യം വരുന്നത്. അദ്ദേഹത്തോട് ഇക്കാര്യം ചർച്ച ചെയ്തു. ബി.ആർ.പിയാണ് ഒരാൾ മാത്രം അവതരിപ്പിക്കുന്നതിന് പകരം ഓരോ എപിസോഡും വ്യത്യസ്ത ആളുകൾ മാറി ചെയ്യാം എന്ന അഭിപ്രായം മുന്നോട്ടുവെക്കുന്നത്. അങ്ങനെയാണ് എഴുത്തുകാരനായ സകറിയ അവതാരക റോളിലേക്ക് എത്തുന്നത്. ബി.ആർ.പിയുടെ ഗൗരവത്തിലുള്ള വിശകലനവും സക്കറിയയുടെ വ്യത്യസ്തമായ അവതരണ രീതിയും കൊണ്ട് പത്രവിശേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിന് മുമ്പോ ശേഷമോ അത്ര ആഴത്തിൽ മാധ്യമങ്ങളെ വിമർശനാത്മകമായി വിശകലനം ചെയ്യുന്ന ഒരു പരിപാടി ആരും ചെയ്തിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഓരോ ആഴ്ചയും ഇരുവരും മാറിമാറി അവതരിപ്പിക്കുന്ന രീതിയായിരുന്നു പത്രവിശേഷത്തിനുണ്ടായിരുന്നത്.
തുടക്കത്തിൽ പത്രവിശേഷം എന്ന ഒരു സാധാരണ പരിപാടിയായി ഇത് മുന്നോട്ട് പോയെങ്കിലും വളരെപ്പെട്ടെന്ന് തന്നെ മാധ്യമലോകത്തും പ്രേക്ഷകർക്കിടയിലും വലിയ ചർച്ചകൾ ഉയർത്തിക്കൊണ്ടുവരാൻ പത്രവിശേഷത്തിനായി. പലപ്പോഴും മുഖ്യധാരാ മാധ്യമങ്ങളുടെ എഡിറ്റോറിയൽ മീറ്റിംഗുകളിൽ പോലും പത്രവിശേഷം തങ്ങളുടെ ഇടപെടലിനെ എങ്ങനെയാണ് അവതരിപ്പിച്ചതെന്ന രൂപത്തിലുള്ള ചർച്ചകൾ ഉയർന്നുവരാൻ തുടങ്ങി. നിഷ്പക്ഷമായി ആ പരിപാടി കോർഡിനേറ്റ് ചെയ്ത ബി.ആർ.പിക്കുള്ള അംഗീകാരമായിരുന്നു അത്തരം ചർച്ചകൾ. ഒരിക്കൽ അന്നത്തെ മനോരമയുടെ ചീഫ് എഡിറ്ററായിരുന്ന കെ.എം മാത്യു എനിക്കൊരു കത്ത് എഴുതി. പത്രവിശേഷം എന്ന പ്രോഗ്രാമിനെപ്പറ്റി ഞങ്ങൾക്കൊക്കെ ചെറിയ ആശങ്കയുണ്ട്. ഇങ്ങനെയൊരു പരിപാടി ഒരു മാധ്യമത്തിന്റെ നേതൃത്വത്തിൽ ചെയ്യുന്നത് നല്ലൊരു പ്രവണതയാണോ, ഒരു മാധ്യമ സ്ഥാപനം മറ്റു മാധ്യമസ്ഥാപനങ്ങളെ വിമർശനാത്മകമായി വിശകലനം ചെയ്യുന്നത് ശരിയാണോ എന്നെല്ലാം ചോദിച്ചായിരുന്നു അദ്ദേഹത്തിന്റെ കത്ത്. ഞാൻ അദ്ദേഹത്തിന് മറുപടിയും എഴുതി. ഈ പ്രോഗ്രാം ചെയ്യുന്നത് ബാബു ഭാസ്കറിനെപ്പോലെ വളരെ സ്വതന്ത്രമായും നിഷ്പക്ഷമായും ചിന്തിക്കുന്ന ഒരു മാധ്യമപ്രവർത്തകനാണ്. കൂടെയുള്ളത് സക്കറിയയും. ഞങ്ങളുടെ ശൈലിയെപ്പോലും വിമർശനാത്മകമായി വിലയിരുത്താൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. പലപ്പോഴും അദ്ദേഹമത് ചെയ്തിട്ടുമുണ്ട്. ഒരാളെയും ഇകഴ്ത്തിക്കാണിക്കുക എന്ന ലക്ഷ്യത്തിലല്ല ഞങ്ങളിത് ചെയ്യുന്നത്. ജനങ്ങൾക്ക് മാധ്യമങ്ങളെക്കുറിച്ച് കൃത്യമായി ധാരണ നൽകുക എന്നതാണ് ലക്ഷ്യം. പരിപാടിയെക്കുറിച്ച് കുറച്ചൂടെ ആഴത്തിൽ ആലോചിക്കാനും എന്നിട്ടും പ്രശ്നം തോന്നുന്നുണ്ടെങ്കിൽ പങ്കുവെച്ചാൽ ഇതിനെക്കുറിച്ച് പുനരാലോചിക്കാം എന്നുകൂടി കെ.എം മാത്യുവിനുള്ള മറുപടി കത്തിന്റെ അവസാനം ഞാൻ കൂട്ടിച്ചേർത്തു. അദ്ദേഹം കത്തിന് മറുപടിയും അയച്ചു. എഡിറ്റോറിയൽ മീറ്റിംഗിൽ ഉയർന്നുവന്ന ചില ആശങ്കകൾ താങ്കളുമായി പങ്കുവെച്ചുവെന്നേയുള്ളൂ, അതിന് ശേഷം ഞാൻ ചില പ്രോഗ്രാമുകൾ കാണുകയും ചെയ്തു, കുഴപ്പമൊന്നുമില്ല, പരിപാടി തുടരട്ടെ എന്നായിരുന്നു കെ.എം മാത്യുവിന്റെ കത്തിന്റെ ഉള്ളടക്കം.
ശബ്ദകോലാഹലങ്ങളൊന്നുമില്ലാതെ ഒതുങ്ങി വളരെ നിശബ്ദമായി ജോലിയെടുക്കുകയും, എന്നാൽ വളരെ ആഴത്തിൽ വാർത്തകളെ സമീപിക്കുകയും, മൂർച്ചയുള്ള നിരീക്ഷണങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന പ്രകൃതമായിരുന്നു ബി.ആർ.പിയുടേത്. ഏഷ്യാനെറ്റിന്റെ വാർത്താ റൂമിനെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ സാന്നിധ്യം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അക്കാലത്തെ ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകർക്ക് എന്ത് സംശയത്തിനും സമീപിക്കാവുന്ന വ്യക്തിയായിരുന്നു അദ്ധേഹം.
ചാരക്കേസിൽ ബി.ആർ.പിയുടെ നിലപാട്
ചില ഘട്ടങ്ങളിൽ ഉറച്ച തീരുമാനങ്ങളെടുക്കുന്നതിൽ ബാബു ഭാസ്കറെന്ന മാധ്യമപ്രവർത്തകൻ കാണിച്ച ധൈര്യം എടുത്തുപറയേണ്ടതാണ്. ഐ.എസ്.ആർ.ഒ ചാരക്കേസ് ഉദാഹരണം. മാലിദ്വീപിൽ നിന്ന് വന്ന മറിയം റഷീദ, ഫൗസിയ എന്നീ സ്ത്രീകൾ ചാരപ്രവർത്തനത്തിന്റെ ഭാഗമായി എത്തിയതാണെന്നായിരുന്നു മുഖ്യധാരാ മാധ്യമ ഭാഷ. മലയാളത്തിൽ ഏഷ്യാനെറ്റൊഴികെ മറ്റെല്ലാവരും അത് ഏറ്റെടുക്കുകയും ചെയ്തു. ചാരപ്രവർത്തനത്തിന്റെ ഭാഗമായല്ല അവരെത്തിയത് എന്ന് പറയാനുതകുന്ന ചില സൂചനകൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു. എന്നാലും ഉള്ളിലൊരു ഭയമുണ്ടായിരുന്നു. തങ്ങൾ മാത്രമാണ് വ്യത്യസ്തമായ ഒരു അഭിപ്രായം പറയുന്നത്, അവസാനം ഞങ്ങൾ മാത്രം വിഡ്ഢികളാകുമോ എന്നതായിരുന്നു ആശങ്ക. അപ്പോഴെല്ലാം തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ ധൈര്യം നൽകിയത് ബാബു ഭാസ്കറായിരുന്നു. മറ്റുള്ളവർ എന്തു ചെയ്യുന്നു എന്നത് നമ്മുടെ പരിഗണനയിൽ വരേണ്ട ഒന്നല്ല. അവർ ചെയ്യുന്നതിന്റെ പിറകേ പോകേണ്ടവരല്ല നാം. അങ്ങനെ പോയാൽ പിന്നെ വ്യത്യസ്തമായ ചാനൽ എന്ന് അവകാശപ്പെടുന്നതിൽ എന്തർത്ഥം എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഉറച്ച വിശ്വാസവും തീരുമാനങ്ങളുമായിരുന്നു എന്നും ബി.ആർ.പിയുടെ പ്രത്യേകത. ഇന്ത്യാ ടുഡെയും ഏഷ്യാനെറ്റുമടക്കം വളരെ അപൂർവം ചാനലുകൾ മാത്രമാണ് ചാരക്കേസ് വിഷയത്തിൽ മുഖ്യധാരാ പൊതുബോധത്തിന് അപ്പുറത്ത് നിന്നത്. ചാരവൃത്തിയില്ലാ എന്ന് പറഞ്ഞതിന് അന്ന് ഏഷ്യാനെറ്റിനെതിരെ അപകീർത്തി കേസടക്കം കേരളാ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായി. ഇ.കെ നയനാരായിരുന്നു അന്ന് മുഖ്യമന്ത്രി. കൊച്ചിയിൽ പോയാണ് അന്ന് ഞാൻ മുൻകൂർ ജാമ്യം എടുക്കുന്നത്. എന്നാലും തീരുമാനത്തിൽ ഞങ്ങൾ ഉറച്ചുനിന്നു. അവസാനം ഞങ്ങൾ പറഞ്ഞതാണ് ശരിയെന്ന് തെളിയുകയും ചെയ്തു.
അവസാന കാലം
ബാംഗ്ലൂരിലായിരുന്ന ബാബു ഭാസ്കർ ഒരുപാട് കാലം തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കുന്നുണ്ട്. 2000ൽ ഞാൻ ഏഷ്യാനെറ്റ് വിടുകയും മദ്രാസിൽ വന്ന് മീഡിയ ഡവലപ്മെന്റ് ഫൗണ്ടേഷൻ എന്നൊരു ട്രസ്റ്റ് ആരംഭിക്കുകയും ചെയ്തു. അതിന്റെ കീഴിലാണ് ഏഷ്യൻ കോളജ് ഓഫ് ജേണലിസം എന്ന സ്ഥാപനം ആരംഭിക്കുന്നത്. കോളേജ് തുടങ്ങി രണ്ട് വർഷങ്ങൾക്ക് ശേഷമാണെന്ന് തോന്നുന്നു, അദ്ദേഹത്തിന്റെ മകൾ ബിന്ദു ഭാസ്കർ സ്ഥാപനത്തിൽ അധ്യാപികയായി ചേരുന്നുണ്ട്. ഫ്രണ്ട്ലൈനടക്കമുള്ള മാധ്യമങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ള മികച്ച മാധ്യമ പ്രവർത്തകയായിരുന്നു ബിന്ദു ഭാസ്കർ. ബിന്ദുവിന്റെ കൂടെ താമസിക്കാൻ ബാബു ഭാസ്കർ ഇടക്കിടെ ഇവിടെ വരുമായിരുന്നു. കുറേ കാലം കഴിഞ്ഞതിന് ശേഷം തിരുവനന്തപുരത്തെ വീടെല്ലാം വിറ്റിട്ട് മദ്രാസിലേക്ക് തന്നെ താമസം മാറ്റി. അപ്പോഴും ഞങ്ങൾ ഇടക്കിടെ കാണാറുണ്ടായിരുന്നു. അദ്ദേഹം കോളേജിൽ വരും. പല കാര്യങ്ങളും ഞങ്ങൾ പരസ്പരം ചർച്ച ചെയ്യും. അതിനിടക്കാണ് മകൾ ബിന്ദു ഭാസ്കർ ലോകത്തോട് വിടപറയുന്നത്. അത് അദ്ദേഹത്തിനുണ്ടാക്കിയ ആഘാതം ഏറെ വലുതായിരുന്നു. ഏക മകളായിരുന്നു ബിന്ദു. കുറച്ച് കാലം വല്ലാത്തൊരു അവസ്ഥയിലായിരുന്നു ബി.ആർ.പി. എന്നാൽ അത്തരമൊരു അവസ്ഥയെയും അദ്ദേഹം അതിജീവിച്ചു. ചെറിയൊരു ഇടവേളയിൽ ഭാര്യയും മരിച്ചു. അപ്പോഴൊക്കെ മനക്കരുത്തോടെ അതിനെയെല്ലാം നേരിടുന്ന ബി.ആർ.പിയെയാണ് ഞങ്ങൾക്ക് കാണാനായത്.
പ്രായമായ സമയത്തും സമൂഹത്തിൽ നടക്കുന്ന ചലനങ്ങളെ വളരെ സൂക്ഷമമായി നിരീക്ഷിക്കുന്നതിൽ അദ്ദേഹം ജാഗ്രവത്തായിരുന്നു. അനീതിക്കെതിരെ പോരാടണമെന്ന ഒരു നിശ്ചയദാർഢ്യം ജീവിതാവസാനം വരെ ബി.ആർ.പി കാത്തുസൂക്ഷിച്ചു. കൂടെയുണ്ടായിരുന്ന മകളും ഭാര്യയും മരിച്ചതിനാലും കുറച്ചുകൂടെ മികച്ച പരിചരണം ആവശ്യമെന്ന് തോന്നിയതിനാലും അവസാന സമയത്ത് ഇവിടെയടുത്തുള്ള ഒരു കെയർ സെന്ററിലേക്ക് അദ്ദേഹം മാറിയിരുന്നു. അപ്പോഴും ഞാനവിടെ പോയി കാണാറും സംസാരിക്കാറുമൊക്കെയുണ്ട്. അങ്ങനെ വിശ്രമജീവിതം മുന്നോട്ടുപോകുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ കാഴ്ച പതിയെ നഷ്ടപ്പെടുന്നത്. മെസേജുകൾ വായിക്കാനോ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യാനോ കഴിയാതായി. തീർത്തും എഴുത്തും വായനയും സാധ്യമല്ലാതാകുന്ന അവസ്ഥ. നിരന്തരമായി വായനയുടെയും എഴുത്തിന്റെയും ലോകത്ത് സജീവമായിരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമായ അവസ്ഥ. അപ്പോഴും അദ്ദേഹം തളർന്നില്ല. കാണാൻ വരുന്നവർ വായിച്ചു കൊടുക്കുന്നത് കേട്ടും പോഡ്കാസ്റ്റും യൂട്യൂബും കേട്ടും ശിഷ്ട കാലം ബി.ആർ.പി മുന്നോട്ടുനീക്കി. അക്കാലത്ത് ഞാൻ ഒന്നു രണ്ടു തവണ ബാബു ഭാസ്കറിനെ കാണാനും സംസാരിക്കാനും ശ്രമിച്ചിരുന്നു. ചെന്നൈയിൽ അവർക്ക് വലിയ പരിചയക്കാർ ഒന്നുമുണ്ടായിരുന്നില്ല. നാട്ടിൽ നിന്ന് വരുന്നവരായിരുന്നു സന്ദർശിച്ചിരുന്നതിലധികവും. അതുകൊണ്ട് തന്നെ ബി.ആർ.പി തിരുവനന്തപുരത്തേക്ക് തിരിച്ചുപോകുന്നുണ്ട്. അവിടെയും പുളിയറക്കോണത്ത് സുരക്ഷിതമായ ഒരു കെയർ ഹോമിലേക്കാണ് പോകുന്നത്. ഏകദേശം രണ്ട് മാസങ്ങൾക്ക് മുമ്പ് ഞാൻ അവിടെ പോകുകയും അദ്ദേഹത്തെ കാണുകയും ചെയ്തിരുന്നു. പ്രായം ഏറെയായിരുന്നിട്ടും ഓർമ്മയ്ക്കും മറ്റും പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. എല്ലാത്തിലും നല്ല വ്യക്തതയുണ്ടായിരുന്നു. വിവരങ്ങൾ അറിയാനും അപ്ഡേറ്റ് ചെയ്യാനും അദ്ദേഹത്തിനുണ്ടായിരുന്ന ആഗ്രഹം അത്ഭുതം തന്നെയായിരുന്നു.
വളരെ അർത്ഥവത്തായ ഒരു ജീവിതത്തിനുടമയായിരുന്നു ബി.ആർ.പി ഭാസ്കർ. ഏഷ്യാനെറ്റിന്റെയും എന്റെയും ഓർമ്മയിൽ ജ്വലിക്കുന്ന സ്മരണയായി എന്നും ബി.ആർ.പി നിലനിൽക്കുമെന്നതിൽ ഒരു സംശയവുമില്ല. അദ്ദേഹത്തിന് എന്റെ ആദരാഞ്ജലികൾ.