വീട്ടുതൊഴിലാളികളുടെ ജീവിത സമരങ്ങൾ

ഇന്ത്യയിലെ അസംഘടിത തൊഴിൽ മേഖലയിലെ ഒരു പ്രധാന വിഭാ​ഗമാണ് ​ഗാർഹിക തൊഴിലാളികളായ സ്ത്രീകൾ. കൃത്യമായ വേതനം പോലും ലഭിക്കാതെ, തൊഴിലവകാശങ്ങൾ ഒന്നുമില്ലാതെ വീട്ടുജോലിയിൽ ഏർപ്പെടുന്ന അനേകായിരം സ്ത്രീകൾ നമ്മുടെ രാജ്യത്തുണ്ട്. പ്രത്യേകിച്ച്, മധ്യവർ​ഗ സമൂഹം കൂടുതലായി താമസിക്കുന്ന ഇന്ത്യയുടെ മെട്രോ ന​ഗരങ്ങളിൽ ​ഗാർഹിക തൊഴിലാളികളുടെ സാന്നിധ്യം വളരെ കൂടുതലാണ്. എന്നാൽ വൻകിട ന​ഗരങ്ങളിലെ ജീവിത ചെലവുകളുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ കുറഞ്ഞ വേതനമാണ് ഇവർക്ക് ലഭിക്കുന്നത്. തൊഴിലവകാശങ്ങൾ ഉറപ്പാക്കപ്പെടാത്തതുകൊണ്ട് തന്നെ മറ്റു സാമൂഹിക സുരക്ഷാ പദ്ധതികളിൽ നിന്നും ഇവർ ഒഴിവാക്കപ്പെടുകയും ചെയ്യുന്നു. അക്കാരണങ്ങളാൽ ജീവിതം കൂടുതൽ സങ്കീർണമായി മാറുകയും പാർശ്വവത്കരണത്തിന് ഇരകളായി തീരുകയും ചെയ്യുന്നു മഹാന​ഗരങ്ങളിലെ ​ഗാർഹിക തൊഴിലാളികൾ. മലയാളികൾ വലിയതോതിൽ കുടിയേറിയിട്ടുള്ള ഇന്ത്യയുടെ ഐടി ന​ഗരമായ ബാം​ഗ്ലൂരിൽ ​ഗാർഹിക തൊഴിലാളികളായ സ്ത്രീകൾ നേരിടുന്ന അത്തരം സാമൂഹിക-സാമ്പത്തിക അസമത്വങ്ങളെ കുറിച്ചാണ് ഈ ലേഖനം അന്വേഷിക്കുന്നത്.

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ILO) 2019 ലെ കണക്ക് അനുസരിച്ച് ഏകദേശം 52 ദശലക്ഷം സ്ത്രീകളും കൗമാരക്കാരായ പെൺകുട്ടികളും ഗാർഹിക തൊഴിൽ ചെയ്യുന്നുണ്ട്. കൂടാതെ 2004 -05 നാഷണൽ സാമ്പിൾ സർവ്വേ ഓർഗനൈസേഷൻ നഗരചേരികളിൽ താമസിക്കുന്ന 4.2 ദശലക്ഷം സ്ത്രീകൾ സ്വകാര്യ വസതികളിൽ ഗാർഹികതൊഴിൽ ചെയ്യുന്നുണ്ടെന്നും രേഖപ്പെടുത്തുന്നു. സാമ്പത്തിക വികസനത്തിന് സ്ത്രീകളുടെ സംഭാവന ദൃശ്യവും അദൃശ്യവുമായ രൂപത്തിൽ വളരെ വലുതാണ്. വീട്ടുതൊഴിലാളികളായ സ്ത്രീകൾ കൂടുതലും അനൗപചാരിക സമ്പത്ത് വ്യവസ്ഥയിൽ ഒതുങ്ങി നിൽക്കുന്നതിനാൽ അവർ ഇപ്പോഴും സാമൂഹിക തൊഴിൽ നയരൂപീകരണത്തിന്റെ പരിധിക്ക് അപ്പുറത്താണ്. ഈ വിഭാഗം തൊഴിലിടങ്ങളിലും വീട്ടിലും നിരവധി ചൂഷണങ്ങൾ നേരിടുന്നുണ്ട്. ജോലിസംബന്ധമായ ആരോഗ്യപ്രശ്നങ്ങളും നിരവധിയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ സെറ്റിൽമെന്റ് (IIHS) നടത്തിയ പഠനത്തിൽ ബാംഗ്ലൂരിലെയും ചെന്നൈയിലെയും വീട്ടുജോലിക്കാർക്ക് ദിവസേന ആറു വീടുകളിൽ വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യേണ്ടിവരുന്നു എന്ന് കണ്ടെത്തി. തൊഴിലാളികളുടെ വേതനം ബാംഗ്ലൂരിൽ 2000 രൂപയ്ക്കും പതിമൂന്നായിരം രൂപയ്ക്കും ഇടയിലാണ്. എന്നാൽ കർണാടകയിലാകട്ടെ മിനിമം വേതനം 12,241 രൂപ മുതൽ 14,711 രൂപ വരെ ആണ്. ആയതിനാൽ ഒരു തൊഴിലാളിക്ക് മിനിമം വേതനം ലഭിക്കുന്നതിന് ബാംഗ്ലൂരിലെ ഏറ്റവും കുറഞ്ഞത് 6 വീടുകളിൽ ജോലി ചെയ്യേണ്ടി വരും. അതിന്റെ കാരണം ഒരു വീട്ടിൽ നിന്ന് ലഭിക്കുന്നത് തുച്ഛമായ ശമ്പളം ആണെന്നത് വാസ്തവം. (Mirror, 2023) ഗാർഹിക ജോലി ഇന്ത്യയിൽ ഒരു തൊഴിലായി പോലും അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിൽ തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങളെകുറിച്ചുള്ള അവബോധം കുറവാണ്. ഇത്തരത്തിൽ വീട്ടുതൊഴിലാളികളുടെ അവസ്ഥ കേരളത്തിലെ സാഹചര്യങ്ങൾ വച്ചു നോക്കുകയാണെങ്കിൽ തികച്ചും വിപരീതമാണ്. കേരളത്തിൽ പൊതുവേ വീട്ടുതൊഴിലാളികളുടെ എണ്ണം കുറവാണ് എന്നത് ഒരു വസ്തുതയാണ്. കൃത്യമായിട്ടുള്ള കൂലി, സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ, ചികിത്സാ സംവിധാനങ്ങൾ ഇവയൊക്കെ ഇവർക്ക് ലഭിക്കുന്നുമുണ്ട്.

representational image

അവകാശ പോരാട്ടങ്ങൾ

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ അവകാശലംഘനങ്ങൾ കാലാകാലങ്ങളായി ഉന്നയിക്കപ്പെടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി പ്രത്യേക രൂപകൽപന ചെയ്ത സോഷ്യൽ സെക്യൂരിറ്റി ആകറ്റ്-2008 (Unorganized Sectors Social Security Act-2008) അടക്കം പല നിയമ പരിരക്ഷകളും നിലവിലുണ്ടെങ്കിൽ പോലും അവയെല്ലാം ഇന്നും നാമമാത്രമായി തുടരുകയാണ്. ബ്ലാഗ്ലൂരിലെ അംബേദ്കർ നഗർ, കൊറമംഗല, എൽ ആർ നഗർ എന്നിവിടങ്ങളിൽ നടത്തിയ ഫീൽഡ് നിരീക്ഷണങ്ങളുടെ കണ്ടെത്തലുകൾ ഇതിനെ സാധൂകരിക്കുന്നതാണ്. ഇന്ത്യയിലെ മറ്റുള്ള നഗരപ്രദേശങ്ങളിലെ പോലെ ബ്ലാംഗ്ലൂരിലും ​ഗാർഹികതൊഴിലിൽ ഏർപ്പെടുന്നത് ഭൂരിഭാഗവും സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന സ്ത്രീകളാണ്. ഇവർക്കുണ്ടാകുന്ന അവകാശലംഘനങ്ങൾ സ്ത്രീകളുടെ അവകാശലംഘനങ്ങളായിക്കൂടി പരിഗണിക്കപ്പെടേണ്ടതാണ്. മിക്ക സ്ത്രീതൊഴിലാളികൾക്കും അവരുടെ തൊഴിലിടങ്ങളിൽ പര്യാപ്തമായ ടോയ്ലറ്റ് സൗകര്യം ലഭിക്കുന്നില്ല. തങ്ങളുടെ വീട്ടിലെ ടോയ്ലറ്റുകൾ വൃത്തിയാക്കുന്ന ഈ സ്ത്രീകൾക്ക് ഇതേ വീടുകളിലെ ജോലി സമയത്തുള്ള ടോയ്ലറ്റ് ഉപയോഗം തൊഴിൽദാതാക്കൾ മന:പൂർവം നിരസിക്കുന്നു. ഇതിലൂടെ വീട്ടുതൊഴിലാളികളുടെ അന്തസ്സുറ്റ തൊഴിൽ നിർവഹണാവകാശം, ആരോഗ്യപരമായ അടിസ്ഥാനവകാശങ്ങൾ എന്നിവ ലംഘിക്കുന്നു. ഇക്കാരണത്താൽ വീട്ടുതൊഴിലാാളികളികളായ മിക്ക സ്ത്രീകളും ടോയ്ലറ്റ് ഉപയോഗം കുറയ്ക്കുന്നതിനായി തങ്ങൾ നിത്യേന കുടിക്കുന്ന വെള്ളത്തിന്റെ അളവ് പോലും പരിമിതപ്പെടുത്താൻ നിർബന്ധിതരാകുന്നു. കൂടാതെ ആർത്തവ ശുചിത്വം നിലനിർത്തുന്നതിലും വെല്ലുവിളിയാവുന്നു. സ്ത്രീകൾക്ക് അടിയന്തിരമായി ടോയ്ലറ്റ് ഉപയോഗിക്കേണ്ട സാഹചര്യത്തിലും അതിനുള്ള സമ്മതം കിട്ടുന്നത് ടോയ്ലറ്റ് ഉപയോഗിച്ച ശേഷം മുഴുവനായി വൃത്തിയാക്കി കൊടുക്കാം എന്ന് ഉറപ്പു പറഞ്ഞാൽ മാത്രമാണ്. ഇത്തരം പ്രതികരണങ്ങൾ തൊഴിൽപരമായതും ജാതിപരമായതുമായ വിവേചനങ്ങളും, കൂലിയില്ലാതെ തൊഴിൽ ചെയ്യിക്കാനുള്ള തന്ത്രവുമാണ്. തൊഴിലിടങ്ങളിലെ ടോയ്‌ലെറ്റുകൾ ദിനംപ്രതി വൃത്തിയാക്കേണ്ടത് ​ഗാർഹിക തൊഴിലാളികളുടെ ഉത്തരവാദിത്വത്തിലുൾപ്പെടുത്തുന്നു.

വീടിനകത്തും ജോലിസ്ഥലങ്ങളിലുമുള്ള കൃത്യമായ വിശ്രമമില്ലാത്ത അവസ്ഥ മൂലം പലതരം ശാരീരികപ്രശ്നങ്ങൾ ഇവർ നേരിടുന്നു. പല തൊഴിൽദാതാക്കളും കൈയുറ, ഏപ്രൺ തുടങ്ങിയ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ നൽകാതെയാണ് വീട്ടുജോലികൾ ചെയ്യിക്കുന്നതെന്നും തൊഴിലാളികൾ വ്യക്തമാക്കി. “ഞാൻ ദിവസവും വെറും കൈകൾ കൊണ്ടാണ് ടോയ്ലറ്റുകൾ വൃത്തിയാക്കുന്നത്. സോപ്പ്, വെള്ളം, ക്ലീനിംഗ് ആസിഡുകൾ എന്നിവയുടെ തുടർച്ചയായ ഉപയോഗംകാരണം കയ്യിലെ തൊലിയിൽ ചൊറിച്ചിലും മറ്റ് ‌ കേടുപാടുകളുമുണ്ടാകുന്നു. ഇത് എന്റെ ഏക ഉപജീവന മാർഗ്ഗമായത് കൊണ്ട് ഞാൻ നിർബന്ധിതയാണ് ഈ തൊഴിൽ ചെയ്യാൻ.” ഒരു തൊഴിലാളി പറഞ്ഞു. ILO ഡൊമസ്റ്റിക് വർക്കർസ് കൺവെൻഷൻ 2011,ആർട്ടിക്കിൾ 13 പ്രകാരം സുരക്ഷിതവും ആരോഗ്യപരവുമായ തൊഴിൽ അന്തരീക്ഷമൊരുക്കുകയെന്നതിന് വിപരീതവും, മാന്യമായ തൊഴിൽ സാഹചര്യങ്ങൾക്കുള്ള അവകാശത്തെ ലംഘിക്കുന്ന തരത്തിലുമുള്ള പ്രവർത്തനങ്ങളാണിത്.

മുകളിൽ ചേർത്ത രേഖാചിത്രം കോറമംഗല പ്രദേശത്തെ ഗാർഹിക തൊഴിലാളികളുടെ ദൈനംദിന ജീവിതചര്യയുടെ ചിത്രീകരണമാണ്. ഇതവരുടെ ദൈനംദിന ജീവിതഘടനയെക്കുറിച്ചുള്ള കൃത്യമായ ധാരണ നൽകുന്നു. ജോലി സമയത്ത് മതിയായ വിശ്രമത്തിന്റെ അഭാവവും പ്രതിവാര-വാർഷിക അവധികളുടെ അഭാവവും തൊഴിലാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ദിവസേനയും ആഴ്ചതോറുമുള്ള വിശ്രമഇടവേളകൾ, ശമ്പളമുള്ള വാർഷിക അവധി, എന്നിവയുടെ പ്രാധാന്യം ILO വ്യക്തമാക്കുന്നുണ്ട്. ഇത്തരമവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് കൂടാതെ കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിക്കുന്ന അപര്യാപ്തമായ സമയം കുടുംബാംഗങ്ങൾ തമ്മിൽ ചെലവഴിക്കപ്പെടേണ്ട ക്വാളിറ്റി ടൈംമിനെയും അമ്മമാരും കുട്ടികളുമായുളള ബന്ധത്തെത്തെയും ബാധിക്കുന്നു. വീട്ടുജോലിക്കാർ അവരുടെ പ്രതിവാര അവധി ഉപേക്ഷിച്ച് ജോലി ചെയ്തിട്ടും അതനുസരിച്ചുള്ള അധിക ആനുകൂല്യങ്ങളോ നഷ്ടപരിഹാരമോ ലഭിക്കുന്നില്ല. അടിയന്തിരസാഹചര്യങ്ങളിൽ പോലും അവധിയെടുക്കുന്ന തൊഴിലാളികളെ തൊഴിലുടമകൾ ഉടനടി മാറ്റിസ്ഥാപിക്കുന്നു. അവധിയില്ലാത്ത തൊഴിൽ കാരണം മതപരമായ അനുഷ്ഠാനങ്ങളിലും വിനോദ പ്രവർത്തനങ്ങളിലും അസോസിയേഷൻ മീറ്റിംഗുകളിലും തൊഴിലാളികൾക്ക് പങ്കെടുക്കാൻ സാധിക്കുന്നില്ല. തൊഴിൽദാതാക്കളായ വീട്ടുടമസ്ഥർ തൊഴിലാളികളുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങളെ വിലക്കുന്നതായുള്ള അനുഭവങ്ങളും തൊഴിലാളികൾ പങ്കു വെയ്ക്കുന്നുണ്ട്. ആർട്ടിക്കിൾ 19 (1) c പ്രകാരം ഇന്ത്യയിലെ പൗരൻമാർക്ക് അസോസിയേഷനുകളോ, യൂണിയനുകളോ രൂപീകരികരിക്കാനുള്ള അവകാശം നൽകുന്നുണ്ട്. എന്നാൽ ബാംഗ്ലൂരിലെ ഗാർഹിക തൊഴിലാളി സംഘടനായ MAKAAYUവിലെ അംഗങ്ങൾ പറയുന്നത് തങ്ങളുടെ സംഘടനാപരമായ വ്യക്തിത്വം തുറന്നു കാട്ടുന്നതിന് തൊഴിൽദാതാക്കളുടെ മനോഭാവം തടസം സൃഷടിക്കുന്നുണ്ടെന്നാണ്. മാത്രമല്ല ഇത്തരം സംഘടനകളിൽ ചേരുന്നതും, അംഗങ്ങളായ തൊഴിലാളികളെ ജോലിക്കെടുക്കുന്നതിനും വീട്ടുടമസ്ഥർ വിമുഖത കാണിക്കുന്നു. തങ്ങളുടെ അവകാശങ്ങളെകുറിച്ചുള്ള ഡയലോഗ് പ്രോസസിൽ ഏർപ്പെടാനുള്ള ധൈര്യത്തെ അത് ഇല്ലാതാക്കുകയും ചെയ്യുന്നു. സംഘടനയിൽ അംഗത്വമുണ്ടെന്നതിന്റെ പേരിൽ തൊഴിൽ നഷ്ടമായ അനുഭങ്ങളും ഇവർക്കൊരുപാടുണ്ട്. ഇതു കൂടാതെ തെളിവുകളില്ലെങ്കിൽ കൂടി വീട്ടു തൊഴിലാളർക്കെതിരെ ആരോപിക്കപ്പെടുന്ന മോഷണക്കുറ്റങ്ങൾ നിരവധിയാണ്. അതിനെ തുടർന്നുണ്ടാകുന്ന മുന്നറിയിപ്പില്ലാത്ത വീടുകയറിയുള്ള പൊലീസ് റേയ്ഡുകൾ തൊഴിലാളികളുടെ അന്തസ്സിനും മാനസികാരോഗ്യത്തിനും വെല്ലുവിളിയാകുന്നുണ്ട്. ഇന്ത്യൻ ഭരണഘടന,ആർട്ടിക്ൾ 14 പ്രകാരം ജാതിപരമായ വിവേചനങ്ങൾ നിർത്തലാക്കിയിട്ടുള്ളതാണ്. എന്നിരിക്കെത്തന്നെ വീട്ടുതൊഴിൽ മേഖലയിൽ പാചക തൊഴിൽ ബ്രാഹ്മിൺസിന്റെ മാത്രം തൊഴിലായും മറ്റു ജാതിയിലുള്ള തൊഴിലാളികളെ ഈ തൊഴിലിൽ നിന്ന് ജാതിപരമായ കാരണങ്ങളാൽ മാറ്റി നിർത്തുകയും ചെയ്യുന്നു. അയ്യങ്കര ബ്രാഹ്മിൺ ആണ് പാചക തൊഴിലിൽ കൂടുതലായും ഏർപ്പെടുന്നത്. ക്ലീനിംഗ് തൊഴിലാളികളേക്കാൾ ഇവരുടെ ജോലിസമയവും അധ്യാനവും കുറവും വേതനം കൂടുതലുമാണെന്നതാണ് മറ്റൊരു കാര്യം. ഇവർക്ക് ആഴ്ചയിലൊരിക്കൽ ലീവും ലഭിക്കുന്നുണ്ട്. വീടിന് പുറത്ത് ക്ലീനിംഗ് തൊഴിലിലേർപ്പെടുന്നവർക്ക് വീടിനകത്തേക്ക് പ്രവേശിക്കാൻ അനുവാദമില്ല. ഇതിനെക്കുറിച്ച് ഒരു തൊഴിലാളി പറഞ്ഞതിങ്ങനെയാണ്. “വീടിന് പുറത്ത് വെച്ചാണ് ഞാൻ പാത്രം കഴുകേണ്ടത്. കഴുകിയ പാത്രം അകത്തേക്ക് വെക്കാനെനിക്കു അനുവാദമില്ല. അത് പിന്നീട് വീട്ടുടമസ്ഥ വന്ന് അൽപം വെള്ളം തളിച്ചാണ് അകത്തേക്ക് കൊണ്ടു പോകുക. ഞാൻ ശുദ്ധിയില്ലാത്തതും ഞാൻ കഴുകിയ പാത്രങ്ങൾ ഇവർ വന്ന് വെള്ളം തളിക്കുമ്പോൾ ശുദ്ധിയാകുന്നതുമെങ്ങനെയാണ് !. ഇക്കാരണത്താൽ ഞാൻ ജോലി ഉപേക്ഷിച്ചു.”

കോറമംഗലയിലെ വീട്ടുതൊഴിലാളികൾ ഭൂരിപക്ഷവും തൊഴിലിനാശ്രയിക്കുന്നത് തൊട്ടടുത്തുള്ള നാഷണൽ ഗെയിംസ് വില്ലേജിലെ അപാർട്മെന്റുകളെയാണ്. സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന, പോലീസ് മേധാവിമാർ, ജുഡീഷ്യൽ ഒഫീഷ്യലുകൾ, ആർമി ഒഫീഷ്യലുകൾ, വിവിധ ബാങ്കുകളിലെ ഉന്നത അധികൃതർ, കോർപറേറ്റ് അംഗങ്ങൾ തുടങ്ങിയവരൊക്കെയാണ് ഇവിടെ താമസിക്കുന്നത്. എന്തുകൊണ്ടാണ് ഗാർഹിക തൊഴിലാളികൾക്ക് ഇത്തരം വിവേചനങ്ങളും അവകാശ ലംഘനങ്ങളും നേരിടേണ്ടിവരുന്നത് വളരെ ആശയക്കുഴപ്പമുണ്ടക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും മേല്പറഞ്ഞതു പോലുള്ള സ്വാധീനമുള്ള സമൂഹത്തിൽ സ്വാധീനപരമായ മാറ്റങ്ങൾ കൊണ്ടുവരേണ്ട ഒരു കൂട്ടമാളുകളുടെ സാമീപ്യത്തിലും തൊഴിലിനു വേണ്ടിയുള്ള ആശ്രിതത്വത്തിലുമാകുമ്പോൾ.

representational image

ഇരട്ട തൊഴിൽ ഭാരം

തങ്ങളുടെ ഔദ്യോഗിക ജോലിക്ക്‌ പുറമേ വീട് വൃത്തിയാക്കൽ, പാചകം, ശിശു പരിപാലനം, പോലുള്ള വീട്ടിനുള്ളിലെ ശമ്പളമില്ലാത്ത വീട്ടുജോലികൾക്ക് സാധാരണയായി സ്ത്രീകൾ ഉത്തരവാദികളായിരിക്കുന്ന സാഹചര്യത്തെയാണ് ഇരട്ടഭാരം അർത്ഥമാക്കുന്നത്. പലപ്പോഴും മതിയായ പിന്തുണയോ അംഗീകാരമോ ഇല്ലാതെ ഈ വ്യക്തികൾ ഏറ്റെടുക്കേണ്ട അധിക ജോലിഭാരവും ഉത്തരവാദിത്തങ്ങളും ഈ പദം എടുത്തുകാണിക്കുന്നു. വ്യക്തികൾ അവരുടെ സമയത്തിലും ഊർജ്ജത്തിലും മത്സരാധിഷ്ഠിതമായ ആവശ്യങ്ങൾ സന്തുലിതമാക്കാൻ പാടുപെടുന്നതിനാൽ ഇരട്ടഭാരം ശാരീരിക ആരോഗ്യം, മാനസിക ക്ഷേമം, ജീവിതനിലവാരം എന്നിവയിൽ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. മറ്റ് കുടുംബാംഗങ്ങളുടെ സഹായമില്ലാതെ ശുചീകരണം, പാചകം, ശിശു പരിപാലനം എന്നിവയുൾപ്പെടെയുള്ള വീട്ടുജോലികൾ ചെയ്യാനുള്ള പ്രാഥമിക ഉത്തരവാദിത്തം വീട്ടുജോലിക്കാർക്കാണ്. അവരുടെ പ്രൊഫഷണൽ ചുമതലകളും ഗാർഹിക ഉത്തരവാദിത്തങ്ങളും ഒരേസമയം നിറവേറ്റേണ്ടതിനാൽ ഈ ആനുപാതികമല്ലാത്ത ജോലിഭാരം അവർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഒരു ഗാർഹിക സ്ത്രീ തൊഴിലാളി നൽകിയ മറുപടി ഇങ്ങനെയായിരുന്നു, “ക്ഷീണം കാരണം എനിക്ക് എല്ലാ ജോലികളും പൂർത്തിയാക്കാൻ കഴിയാത്ത ദിവസങ്ങളുണ്ട്. പിറ്റേന്ന് രാവിലെ ഞാൻ ഉണർന്ന് അവയെല്ലാം ചെയ്യുന്നതുവരെ അവയെല്ലാം ഉപേക്ഷിക്കപ്പെട്ടുകിടക്കുന്നു.” ഗാർഹിക തൊഴിലാളികളുടെ ശമ്പളമുള്ള ജോലിയും വീട്ടുജോലികളും തമ്മിലുള്ള പൊരുത്തക്കേട് അവർക്ക് സ്വയം പരിചരണത്തിനോ ഒഴിവുസമയ പ്രവർത്തനങ്ങൾക്കോ പരിമിതമായ സമയവും ഊർജ്ജവുമാണ് നൽകുന്നത്. വീടിനുള്ളിലെ എല്ലാ ജോലികളും പൂർത്തിയാക്കാൻ അവർ പലപ്പോഴും ദീർഘനേരം ചിലവഴിക്കുന്നു. ചിലപ്പോൾ ഇടവേളകളില്ലാതെ ജോലി ചെയ്യുന്നു, ഇത് ശാരീരികവും മാനസികവുമായ ക്ഷീണത്തിലേക്ക് നയിക്കുന്നു. ജോലിയുടെ ഇരട്ടഭാരം വീട്ടുജോലിക്കാരുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. വീട്ടുജോലികളുടെ ആവർത്തിച്ചുള്ള സ്വഭാവവും വിശ്രമത്തിന്റെ അഭാവവും മസ്കുലോസ്കെലിറ്റൽ പ്രശ്നം (Musculoskeletal ),ക്ഷീണം, ജോലിയുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയുടെ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ജോലിയും വീട്ടുത്തരവാദിത്തങ്ങളും സന്തുലിതമാക്കാനുള്ള നിരന്തരമായ സമ്മർദ്ദം വീട്ടുജോലിക്കാരുടെ മാനസികക്ഷേമത്തെ ബാധിക്കുന്നു. തൊഴിലുടമകളും അവരുടെ കുടുംബങ്ങളും വീട്ടുജോലിക്കാർക്ക് നൽകുന്ന ജോലികൾ കൈകാര്യം ചെയ്യുമ്പോൾ തൊഴിലാളികൾ പലപ്പോഴും സമ്മർദ്ദവും ആശങ്കയും അനുഭവിക്കുന്നു. എന്നിരുന്നാലും, ഈ അനുഭവങ്ങൾ സാങ്കൽപ്പികമാണെന്നും സാമ്പിൾ ജനസംഖ്യയ്ക്കുള്ളിൽ കൂടുതൽ അനുഭവപരമായ അന്വേഷണം ആവശ്യമാണെന്നും അംഗീകരിക്കേണ്ടത് അത്യാവശ്യമാണ്. വീട്ടുജോലിക്കാർ അഭിമുഖീകരിക്കുന്ന ഇരട്ടഭാരം പലപ്പോഴും രൂപപ്പെടുന്നത് കുടുംബത്തിലെ സ്ത്രീകളുടെ റോളുകൾ നിർണ്ണയിക്കുന്ന ലിംഗപരമായ പ്രതീക്ഷകളാലാണ്. സാമൂഹിക മാനദണ്ഡങ്ങളും സാംസ്കാരിക വിശ്വാസങ്ങളും പരിചരണവും വീട്ടുജോലിയും അന്തർലീനമായി സ്ത്രീ ഉത്തരവാദിത്തങ്ങളാണെന്ന ആശയത്തെ ശക്തിപ്പെടുത്തുന്നു, ഇത് വീട്ടുജോലിയുടെ അസന്തുലിതാവസ്ഥയെ കൂടുതൽ നിലനിർത്തുന്നു. ഇതുകൂടാതെ, കുടുംബാംഗങ്ങൾ സ്വന്തം വീടുകളിൽ ഗാർഹിക പീഡനം അനുഭവിച്ചതായി നിരവധി അംഗങ്ങൾ പറയുകയുണ്ടായി. വീട്ടുജോലിക്കാരുടെ കുടുംബങ്ങളിലെ ഭൂരിഭാഗം പുരുഷ അംഗങ്ങളും മദ്യപാനികളാണ്. ഇത് അക്രമാസക്തമായ പെരുമാറ്റത്തിന്റെ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നു. ഈ വ്യക്തികൾ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ക്രൂരമായ ശാരീരിക പീഡനങ്ങളിൽ ഏർപ്പെടുകയും പലപ്പോഴും തൊഴിൽ ഉത്തരവാദിത്തങ്ങൾ അവഗണിക്കുകയും സാമ്പത്തികഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തൽഫലമായി, കുടുംബത്തിൽ ഉപജീവനക്കാരന്റെ പങ്ക് ഏറ്റെടുക്കാൻ സ്ത്രീകൾ നിർബന്ധിതരാകുന്നു, ഇത് വീട്ടുജോലിക്കാർക്ക് സമ്മർദ്ദവും മാനസിക ക്ഷീണവും വർദ്ധിപ്പിക്കുന്നു. ​ഗാർഹികപീഡനത്തിന് ഇരയായ വീട്ടമ്മയുടെ വാക്കുകൾ ഇങ്ങനെയാണ്. “എന്റെ അന്തരിച്ച ഭർത്താവിനെ ഞാൻ ഓർക്കുന്നു; അദ്ദേഹം അമിതമായി മദ്യപിക്കുകയും എന്റെ കുട്ടികളുടെ മുന്നിൽ എന്നെ തുടർച്ചയായി ശാരീരികമായി പീഡിപ്പിക്കുകയും ചെയ്യുമായിരുന്നു. ഞാൻ കഴിക്കാൻ പോകുന്ന ഭക്ഷണത്തിന് മുകളിൽ അദ്ദേഹം ചെളി ഒഴിച്ച ദിവസം ഞാൻ ഒരിക്കലും മറക്കില്ല. പിന്നെയും സഹിക്കാൻ കഴിയാത്തതിനാൽ ഞാൻ വീടുവിട്ട് പോയി. പക്ഷേ, എന്റെ കുട്ടികൾ കാരണം മാത്രമാണ് ഞാൻ മടങ്ങിയെത്തിയത്.”

ഗാർഹിക തൊഴിലാളി നേതാക്കളുമായുള്ള അഭിമുഖത്തിൽ നിന്ന്.

അരികുവൽക്കരണത്തിന്റെ നേർകാഴ്ചകൾ

ഒന്നിലധികം രീതിയിൽ പാർശ്വവൽക്കരിക്കപ്പെട്ടതോ ദുർബലമായതോ ആയ വിഭാഗങ്ങളിൽപ്പെട്ട വ്യക്തികൾ അനുഭവിക്കുന്ന പോരായ്മകളു‌‌‌ടെയും വിവേചനങ്ങളുടെയും വിഭജിക്കുന്ന രൂപങ്ങളാണ് അരികുവൽകരണം. ലിംഗഭേദം, വർണ വംശീയത, സാമൂഹിക – സാമ്പത്തികനില, കുടിയേറ്റ നില, തുടങ്ങിയ ഘടകങ്ങൾ കാരണം ഗാർഹിക തൊഴിലാളികൾ പലപ്പോഴും പാർശ്വവൽക്കരണത്തിന്റെ വിവിധ തലങ്ങൾ അഭിമുഖീകരിക്കുന്നു. പരസ്പരം വേർതിരിക്കുന്ന ഈ സ്വത്വങ്ങൾ അവരുടെ അനുഭവങ്ങളെ സങ്കീർണ്ണമായ രീതികളിൽ രൂപപ്പെടുത്തുകയും അതുല്യമായ വെല്ലുവിളികളിലേക്കും ദുർബലതകളിലേക്കും നയിക്കുകയും ചെയ്യുന്നു. ലോകമെമ്പാടുമുള്ള വീട്ടുജോലിക്കാരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഈ തൊഴിലിൽ ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള വിവേചനം വ്യാപകമാണ്. സമമല്ലാത്ത ശമ്പളം, പരിമിതമായ തൊഴിലവസരങ്ങൾ, അവരുടെ അധ്വാനത്തിന് അംഗീകാരമില്ലായ്മ എന്നിവ ഗാർഹിക തൊഴിലാളികൾ പലപ്പോഴും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. മാത്രമല്ല, പരിചരണം നൽകുന്നവർ, വീട്ടുജോലിക്കാർ എന്ന നിലയിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പുകളെ ശക്തിപ്പെടുത്തുന്ന പരമ്പരാഗതവും ലിംഗപരവുമായ റോളുകളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഗാർഹിക ജോലികൾ പലപ്പോഴും വിലകുറഞ്ഞതാണ്. വീട്ടുജോലിക്കാർ പലപ്പോഴും താഴ്ന്ന വരുമാനമുള്ള പശ്ചാത്തലത്തിൽ നിന്നുള്ളവരും വിദ്യാഭ്യാസ-സാമ്പത്തിക അവസരങ്ങൾ ഇല്ലാത്തവരുമാണ്. ജീവിതസാഹചര്യം കൊണ്ട് ഈ ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒരു തിരഞ്ഞെടുപ്പിന്റെ സാധ്യത നഷ്ടമാവുകയും അവർ ദാരിദ്ര്യത്തിന്റെ ചക്രങ്ങളിലേക്ക് തള്ളപ്പെടുന്നു. കുറഞ്ഞ വേതനം, നീണ്ട ജോലി സമയം, പരിമിതമായ ആനുകൂല്യങ്ങൾ എന്നിവ അവരുടെ സാമ്പത്തിക ദുർബലതയ്ക്കും സാമൂഹിക ഒഴിവാക്കലിനും കാരണമാകുന്നു. ഒരു വീട്ടുജോലിക്കാരിയുടെ സാഹചര്യം ഇങ്ങനെയായിരുന്നു: “തുടക്കത്തിൽ ഒരു സ്കൂളിലാണ് ജോലി ചെയ്തിരുന്നത്. ശേഷം, കോവിഡ്-19 പകർച്ചവ്യാധി കാരണം എനിക്ക് ജോലി നഷ്ടപ്പെട്ടു. തുടർന്ന്, ഉപജീവനത്തിനുള്ള മാർഗമായി ഞാൻ വീട്ടുജോലിയിലേക്ക് തിരിഞ്ഞു.” ബാംഗ്ലൂരിലെ വീട്ടുജോലിക്കാർ അനുഭവിക്കുന്ന ഒന്നിലധികം പാർശ്വഫലങ്ങളെ ജാതി വിവേചനം വർദ്ധിപ്പിക്കുന്നു, അവർ വൃത്തിയാക്കുന്ന ടോയ്ലറ്റുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുക, വെള്ളവും ഭക്ഷണവും പ്രത്യേക പ്ലേറ്റുകളിൽ നൽകുക, കഴുകിയ പ്ലേറ്റുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ജലം ഉപയോഗിച്ച് ശുദ്ധീകരിക്കുക തുടങ്ങിയ വിവേചനപരമായ സമ്പ്രദായങ്ങൾ ഇതിന് തെളിവാണ്. വ്യത്യസ്ത ഗ്ലാസുകളിൽ വെള്ളം നൽകുന്ന തൊഴിലുടമയുടെ സമ്പ്രദായത്തിൽ അപമാനം തോന്നുന്നുവെന്ന് പ്രതികരിച്ച ഒരാൾ പറഞ്ഞു, ‘അവരുടെ ഈ സമീപനത്തിലൂടെ ഞാൻ മലിനമായ ഒരാളാണെന്ന് എനിക്ക് തോന്നി പോകുന്നു’. ഈ വിവേചനപരമായ പ്രവർത്തനങ്ങൾ ഗാർഹിക തൊഴിൽമേഖലയിലെ വ്യവസ്ഥാപിത അസമത്വങ്ങൾ നിലനിർത്തുന്ന ആഴത്തിൽ വേരൂന്നിയ ജാതി അടിസ്ഥാനമാക്കിയുള്ള മുൻവിധികളുടെ പ്രകടനങ്ങളാണ്.

ജാതി പറയുന്ന നഗരങ്ങൾ

LR നഗർ, അംബേദ്കർ നഗർ തുടങ്ങിയ ഇടങ്ങളിലെ ഗാർഹിക തൊഴിലാളികൾ പ്രധാനമായും ദലിത്‌ വിഭാഗങ്ങളിൽ പെടുന്നവരാണ്. അവിടെ താമസിക്കുന്നത് ജഡ്ജിമാരും ബാങ്ക് ഓഫീസർമാരും ആർമി ഉദ്യോഗസ്ഥരും ഒക്കെ അടങ്ങുന്ന സമൂഹത്തിലെ ഉന്നത ജോലികളിൽ നിൽക്കുന്ന ആൾക്കാരാണ്. പക്ഷേ, വീട്ടുതൊഴിലാളികളായ ജാതിവ്യവസ്ഥയിൽ പിന്നോക്കം നിൽക്കുന്ന ഈ മനുഷ്യർ അവിടുത്തെ പല വീടുകളിലും ജാതീയമായ അരികുവത്ക്കരണത്തിന്റെ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ബ്രാഹ്മണ മേധാവിത്വത്തിന്റെ നേർക്കാഴ്ചകൾ നമുക്ക് കാണാൻ വേണ്ടി കഴിയും. ജാതിയിൽ താഴ്ന്നതാണ് എന്ന കാരണത്താൽ വീടും പാത്രങ്ങളും വൃത്തിയാക്കുന്ന ജോലി മാത്രമാണ് ഈ തൊഴിലാളികൾക്ക് നൽകുക. ഉയർന്ന ജാതിയിൽപ്പെട്ട കുടിയേറ്റ തൊഴിലാളികൾക്ക് മാത്രമാണ് അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാനുള്ള ജോലി ഏൽപ്പിക്കുക എന്നത് മനുഷ്യനെ വേർതിരിക്കുന്നതിന്റെ പ്രധാന ഉദാഹരണമാണ്. ജാതിയിൽ താഴ്ന്ന ഈ മനുഷ്യർ കഴുകി വൃത്തിയാക്കുന്ന പാത്രങ്ങൾ വീണ്ടും പുണ്യാഹം തെളിച്ചതിനുശേഷം മാത്രമേ അടുക്കളയുടെ ഉള്ളിലേക്ക് കയറ്റൂ എന്ന പ്രവണത പോലും ഈ മനുഷ്യർ നേരിടുന്ന ജാതിവിവേചനത്തിന്റെ അടയാളപ്പെടുത്തലുകളാണ്. അതുകൂടാതെ പ്രത്യേകം സ്റ്റീൽ ഗ്ലാസ്‌ ഇവയൊക്കെ കാണാം. ഇത്തരത്തിൽ നോക്കുമ്പോൾ നിരവധി പ്രശ്നങ്ങൾ ഈ മനുഷ്യർ അനുഭവിക്കുന്നുണ്ട്. വേറെ ജോലിയൊന്നും ലഭിക്കാതിരിക്കുന്നതും ജനിച്ചുവളർന്ന സ്ഥലം എന്ന രീതിയിൽ മറ്റു സ്ഥലങ്ങളിലേക്ക് മാറിപ്പോകുവാൻ കഴിയാത്തതും അവർ ഇന്നും അനുഭവിക്കുന്ന ജാതിയുടെയും സമ്പത്തിന്റെയും അരികുവൽക്കരണത്തിന്റെ പ്രധാന കാരണമാണ്.

രാജേന്ദ്ര നഗറിലെ ഗാർഹിക തൊഴിലാളിയുമായുള്ള അഭിമുഖത്തിൽ നിന്ന്.

ശാരീരിക വെല്ലുവിളികൾ

വീട്ടുതൊഴിലാളികളായിട്ടുള്ള സ്ത്രീകൾ വിവിധ തരത്തിലുള്ള ശാരീരിക വെല്ലുവിളികൾ തൊഴിലിന്റെ ഭാഗമായി അനുഭവിക്കുന്നു. ഗാർഹിക തൊഴിലാളികൾ ഭാരമുള്ള വസ്തുക്കൾ ഉയർത്തുക, ദീർഘനേരം നിൽക്കുക, ഉചിതമായ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളില്ലാതെ വൃത്തിയാക്കുക (മാസ്ക്, ഗ്ലൗസ്) തുടങ്ങിയ പ്രവർത്തികൾ ചെയ്യുന്നു. ഈ ജോലികൾ അവരുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. മാത്രമല്ല, തങ്ങളുടെ സ്വന്തം ജോലിക്കുപുറമേ വീട്ടുജോലികൾ കൈകാര്യം ചെയ്യേണ്ടിവരുന്നത് അവരുടെ ഇരട്ടഅധ്വാനത്തെ അടിവരയിടുന്നു. ഇത് അവരുടെ വിശ്രമത്തെ സാരമായ തോതിൽ ബാധിക്കുന്നു. തൊഴിലാളികളോട് ആവശ്യപ്പെടുന്ന ജോലികളും, ജോലി സമയത്തെ അപര്യാപ്തമായ ഇടവേളകളും കൂടിച്ചേരുമ്പോൾ അതവരുടെ ശാരീരിക ക്ഷേമത്തെ സാരമായി ബാധിക്കുന്നു. കൂടാതെ, പല വീട്ടുജോലിക്കാരും പ്രതിദിനം ഒന്നിലധികം വീടുകളിൽ സേവനമനുഷ്ഠിക്കുന്നു. ഇതവരുടെ ജോലിഭാരം വർദ്ധിപ്പിക്കുന്നു. ഇത്തരത്തിൽ ജോലി ചെയ്യുന്നത് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കുവാൻ വേണ്ടിയാണ്. “ഞാൻ രണ്ട് വീടുകളിൽ ജോലി ചെയ്യുന്നുണ്ട്, എന്റെ ജോലി രാവിലെ 6 മണിക്ക് ആരംഭിക്കും” എന്നും ഒരു സ്ത്രീ പറഞ്ഞു. “തുടർച്ചയായ ജോലിഭാരവും എന്റെ സ്വന്തം വീട്ടുത്തരവാദിത്തങ്ങളും കാരണം സന്ധി വേദനയും നടുവേദനയും ഉണ്ടായിട്ടുണ്ട്. മറ്റ് കുടുംബാംഗങ്ങൾ വീട്ടുജോലികളിൽ സഹായിക്കില്ല” തുടങ്ങിയ ഉത്തരങ്ങൾ വീട്ടതൊഴിലാളികളുടെ അവസ്ഥ വ്യക്തമാക്കുന്നു. കോറമംഗലയിൽ താമസിക്കുന്ന വീട്ടുജോലിക്കാർ സന്ധിവേദന, നടുവേദന, വെരിക്കോസ് വെയിൻ തുടങ്ങിയ ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ പങ്കുവെച്ചു. വേറൊരു തൊഴിലാളി പങ്കുവച്ച അവരുടെ അനുഭവം ഇങ്ങനെയാണ്. “ഞാൻ ഒരു ക്ലീനിംഗ് അറ്റൻഡന്റായി ജോലി ചെയ്യുന്നു, മൂന്ന് വീടുകൾക്ക് രണ്ട് മണിക്കൂർ വീതം. തൽഫലമായി, എനിക്ക് ലാറ്ററൽ എപ്പിക്കോണ്ടിലൈറ്റിസ് (tennis elbow) ഉണ്ടായിട്ടുണ്ട്. സമയക്കുറവ് കാരണം എനിക്ക് ഒരു ഡോക്ടറെ കാണാൻ കഴിഞ്ഞിട്ടില്ല.”

വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ അഭാവം കാരണം വീട്ടുജോലിക്കാർ അലർജി പ്രശ്നങ്ങൾ നേരിടുന്നു. ഭൂരിഭാഗം വീട്ടുജോലിക്കാരും തൊഴിൽപരമായ ശാരീരിക ആരോഗ്യ പ്രശ്നങ്ങൾ, പ്രത്യേകിച്ച് മസ്കുലോസ്കെലിറ്റൽ പ്രശ്നങ്ങൾ നേരിടുന്നു. വെരിക്കോസ്, നടുവേദന, സന്ധിവാതം എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾക്കൊപ്പം നിരവധി പേർക്ക് രണ്ട് കാലുകളിലും കൈകളിലും സന്ധി വേദന അനുഭവപ്പെടുന്നു. കൂടാതെ, അസിഡിക് ക്ലീനിംഗ് മെറ്റീരിയലുകൾ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അലർജി പ്രശ്നങ്ങൾ വ്യാപകമാണ്. ജോലി സമയത്ത് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇത് കൂടുതൽ വഷളാകുന്നു. ഗാർഹിക തൊഴിലാളികളും പോഷകാഹാരക്കുറവ് നേരിടുന്നു. ഇത് സന്ധിവേദനയ്ക്ക് കാരണമാകുന്ന ഘടകങ്ങളിലൊന്നാണ്. ഗാർഹിക തൊഴിലാളികൾ അവരിൽ വിളർച്ചയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അംബേദ്കർ നഗറിലെ ചില വീട്ടുജോലിക്കാർ പ്രതികരിച്ചു, “ഞങ്ങൾക്ക് ഭക്ഷണം കഴിക്കാൻ സമയമില്ല; ഞങ്ങൾ ഭക്ഷണം കഴിക്കാതെ ജോലിക്ക് പോകുന്നു, ഇത് ഞങ്ങളുടെ ആരോഗ്യത്തെയും ബാധിക്കുന്നു.” വീട്ടുജോലിക്കാർക്ക് പലപ്പോഴും തങ്ങൾക്കായി ഭക്ഷണം തയ്യാറാക്കാൻ പരിമിതമായ സമയം മാത്രമേ ഉള്ളൂ. ഇത് ആരോഗ്യകരമായ ഭക്ഷണത്തിനുള്ള പരിമിതമായ ലഭ്യതയ്ക്ക് കാരണമാകുകയും വിറ്റാമിൻ കുറവിലേക്ക് നയിക്കുകയും ചെയ്യും. ചില സന്ദർഭങ്ങളിൽ, വീട്ടുജോലിക്കാർക്ക് ദിവസം മുഴുവൻ ശുദ്ധമായ കുടിവെള്ളം പതിവായി ലഭിക്കണമെന്നില്ല, പ്രത്യേകിച്ചും ജലാംശത്തിന് മുൻഗണന നൽകാത്തതോ മതിയായ ഇടവേളകൾ നൽകാത്തതോ ആയ വീടുകളിൽ അവർ ജോലി ചെയ്യുകയാണെങ്കിൽ. കൂടാതെ, കുറഞ്ഞ വേതനം ഗാർഹിക തൊഴിലാളികളുടെ പോഷകസമൃദ്ധമായ ഭക്ഷണം വാങ്ങാനുള്ള കഴിവിനെ പരിമിതപ്പെടുത്തുകയും വിലകുറഞ്ഞതും ആരോഗ്യകരമല്ലാത്തതുമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ജോലിസ്ഥലത്ത് വ്യാപകമാണ്. വീട്ടുജോലിക്കാർക്ക് പലപ്പോഴും അവരുടെ തൊഴിലുടമകളുടെ ടോയ്ലറ്റുകൾ ഉപയോഗിക്കാൻ അവസരം ലഭിക്കുന്നില്ല. ഇത് ജോലിസ്ഥലത്തെ അപര്യാപ്തമായ ടോയ്ലറ്റ് സൗകര്യങ്ങളുടെ പ്രശ്നം ഉയർത്തിക്കാട്ടുന്നു. മതിയായ ടോയ്ലറ്റ് സൗകര്യങ്ങളുടെ അഭാവം ഗാർഹിക തൊഴിലാളികൾക്ക് കാര്യമായ ആരോഗ്യ, സുരക്ഷാ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു. ഇത് ശരിയായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാൻ സാധിക്കാത്തത് കാരണം മൂത്രനാളിയിലെ അണുബാധകൾ, ദഹനനാളത്തിന്റെ പ്രശ്നങ്ങൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. വൃത്തിയുള്ളതും പ്രവർത്തനക്ഷമവുമായ ടോയ്ലറ്റ് സൗകര്യങ്ങൾ ഉൾപ്പെടുന്ന സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം നൽകേണ്ടത് തൊഴിലുടമകളുടെ കടമയാണ്. ഗാർഹിക തൊഴിലാളികൾക്ക് ശൗചാലയങ്ങൾ നിഷേധിക്കുന്നത് അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെയും അന്തസ്സിന്റെയും ലംഘനമായി കാണാനാകും. എല്ലാവർക്കും, അവരുടെ തൊഴിൽ ഇടങ്ങളിൽ വൃത്തിയുള്ളതും സ്വകാര്യവുമായ ടോയ്ലറ്റ് സൗകര്യങ്ങൾ ലഭിക്കാൻ അവകാശമുണ്ട്. ടോയ്ലറ്റുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിലൂടെ, തൊഴിലുടമകൾ വീട്ടുജോലിക്കാരുടെ അന്തസ്സും ക്ഷേമവും ദുർബലപ്പെടുത്തുകയും അവരെ മനുഷ്യരേക്കാൾ താഴ്ന്നവരായി കണക്കാക്കുകയും ചെയ്യുന്നു. ഓരോ തൊഴിലാളിക്കും അവരുടെ ജോലി സമയങ്ങളിൽ ന്യായമായ ഇടവേളകൾക്ക് അവകാശമുണ്ട്, അതിൽ ടോയ്ലറ്റ് സൗകര്യങ്ങളും ഉൾപ്പെടുന്നു. ഈ അവകാശങ്ങൾ നിഷേധിക്കുന്നത് തൊഴിൽ നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്ന ചൂഷണത്തിന്റെയും ദുരുപയോഗത്തിന്റെയും ഒരു രൂപമായി കണക്കാക്കാം. ഭൂരിഭാഗം വീട്ടുജോലിക്കാർക്കും ആരോഗ്യ ഇൻഷുറൻസ് ഇല്ലെന്നതും വരുമാനം കുറവായതിനാൽ ഡോക്ടർമാരെ സമീപിക്കുന്നതിൽ തടസ്സങ്ങൾ നേരിടുന്നു എന്നതുമാണ് ശ്രദ്ധേയമായ വസ്തുത. 2008ലെ അസംഘടിതമേഖലയിലെ സാമൂഹിക സുരക്ഷാ നിയമം ആരോഗ്യം, പ്രസവ ആനുകൂല്യങ്ങൾ, വാർദ്ധക്യ സംരക്ഷണം എന്നിവയ്ക്കുള്ള അവകാശങ്ങൾ ഉറപ്പാക്കുന്നുണ്ടെങ്കിലും പല വീട്ടുജോലിക്കാർക്കും ഈ ആനുകൂല്യങ്ങൾ ലഭ്യമല്ല. ഈ ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥ ഇടപെടലുകൾ, പതിവായി തുടർനടപടികൾ, സർക്കാരിൽ നിന്നുള്ള സജീവമായ സംരംഭങ്ങൾ എന്നിവ ആവശ്യമാണ്. ഈ നിയമപരമായ വ്യവസ്ഥകൾ ഉണ്ടായിരുന്നിട്ടും, ഗാർഹിക തൊഴിലാളികൾക്ക് അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇപ്പോഴും ലഭിക്കുന്നില്ല എന്ന വസ്തുത കൂടി ചിന്തിക്കേണ്ടതുണ്ട്.

ബാംഗ്ലൂർ അംബേദ്കർ നാഗറിലെ ഗാർഹിക തൊഴിലാളികളുടെ കൂടെ.

സംഘടന പ്രവർത്തനവും ജലലഭ്യതയും

ന്യായമായ വേതനം, മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, നിയമപരമായ പ്രാതിനിധ്യം എന്നിവയ്ക്കായി കൂട്ടായ വിലപേശൽ ശക്തി ഉപയോഗിച്ച് അവരെ ശാക്തീകരിക്കാൻ ഗാർഹിക തൊഴിലാളികൾക്കിടയിലെ യൂണിയൻ അനിവാര്യമാണ്. അനുഭവങ്ങൾ പങ്കിടാനും പൊതുവായ വെല്ലുവിളികളെ നേരിടാനും ഗാർഹിക തൊഴിലാളികളെ പ്രാപ്തരാക്കുന്ന ഐക്യദാർഢ്യത്തിനുള്ള ഒരു വേദി യൂണിയനുകൾ നൽകുന്നു. യൂണിയനുകൾ സുഗമമാക്കുന്ന അവകാശങ്ങളെക്കുറിച്ചുള്ള വർദ്ധിച്ച അവബോധം, ഗാർഹികതൊഴിലാളികൾ അവരുടെ അവകാശങ്ങൾ മനസിലാക്കുകയും ഉറപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും കൂടുതൽ തുല്യവും പിന്തുണയുള്ളതുമായ തൊഴിൽ അന്തരീക്ഷം വളർത്തുകയും ചെയ്യുന്നു. ബാംഗ്ലൂരിലെ കോറമംഗലയിൽ പ്രവർത്തിക്കുന്ന ഗാർഹികതൊഴിലാളികളുടെ ഒരു പ്രമുഖ യൂണിയനാണ് മകായു (MAKKAYU). തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ട്രഷറർ, സെക്രട്ടറി, കമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് യൂണിയനെ നയിക്കുന്നത്. ജനറൽ ബോഡി മീറ്റിംഗുകൾ രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്നു, എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗുകൾ പ്രതിമാസം നടക്കുന്നു. ആളുകളെ സംഘടിപ്പിക്കുന്നതിലും ജോലി സ്ഥലത്തെ അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിലും തെരുവ് യോഗങ്ങളും ഏരിയ സഭയും നിർണായക പങ്കുവഹിക്കുന്നു. കൂട്ടായ വിലപേശൽ, ചർച്ചകൾ, വാദങ്ങൾ എന്നിവയിലൂടെ ഗാർഹിക തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും അവകാശ ലംഘനങ്ങളും യൂണിയൻ അഭിസംബോധന ചെയ്യുന്നു. എന്നിരുന്നാലും, വീട്ടുജോലിക്കാർ അഭിമുഖീകരിക്കുന്ന ഒരു പ്രധാന വെല്ലുവിളി ഈ മീറ്റിംഗുകളിൽ പങ്കെടുക്കാനും പ്രക്രിയയിൽ പങ്കെടുക്കാനുമുള്ള സമയക്കുറവാണ്. ഈ തൊഴിലാളികൾ ഉന്നയിച്ച ഒരു പ്രാഥമിക പരാതി, ജലലഭ്യതയുടെ സമയം, അവരുടെ വീട്ടുജോലികളെ ബാധിക്കൽ, ജലലഭ്യത സമയക്രമത്തിലെ പതിവ് മാറ്റങ്ങൾ എന്നിവയാണ്. ജലലഭ്യതയുടെ പ്രശ്നം കാരണം പലപ്പോഴും യോഗങ്ങൾ മാറ്റിവയ്ക്കുന്നു. നയപരമായ പരിഷ്കാരങ്ങൾക്കായി വാദിക്കുന്നതിലും ഗാർഹികതൊഴിലാളികളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ നടപ്പിലാക്കുന്നതിലും യൂണിയൻവൽക്കരണം ഒരു പ്രധാന പങ്കുവഹിക്കുന്നു. മൊത്തത്തിൽ, തൊഴിൽ വിപണിയിൽ ഗാർഹിക തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക ക്ഷേമവും നിലയും വർദ്ധിപ്പിക്കുന്നതിന് യൂണിയനുകൾ രൂപീകരിക്കുന്നത് നിർണായകമാണ്. അത് കൂടാതെ നിലവിൽ പ്രവർത്തിക്കുന്ന യൂണിയനുകൾ കൂട്ടിച്ചേർത്തു ഒരു ഫെഡറേഷൻ സംവിധാനം കൊണ്ടുവരുന്നത് ഇന്ത്യയിൽ ഉടനീളം ഉള്ള ഗാർഹികതൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് കൂടി ഊന്നൽ നൽകും.

(ശ്രീ ശങ്കരാചര്യ സംസ്‌കൃത സർവകലാശാലയുടെ പ്രാദേശിക പഠനകേന്ദ്രത്തിലെ സോഷ്യൽവർക്ക്‌ വിദ്യാർത്ഥികളായ അതുൽ കെ, ലക്ഷ്മി എസ്, നസ്വീഹ പി എന്നിവ‌‍ർ പഠനത്തിന്റെ ഭാ​ഗമായി തയ്യാറാക്കിയ റിപ്പോ‍‍‍‌ർട്ട്).

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read