കെ.ജി.എസ് തുറന്നു കാണിച്ചു, തോൽവിയുടെ സുഖവേഷം ധരിച്ച ആ മലയാളിയെ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

വേണ്ടാത്തതേ കേൾക്കുന്ന പാഴ്ക്കാതുകൾ
വെറുപ്പേ ദഹിക്കുന്ന പാഴ് വയറുകൾ
വെറുപ്പേ വസിക്കുന്ന പാഴ് വീടുകൾ
വെറുപ്പേ!

(മെഴുക്കുപുരണ്ട ചാരുകസേര/1987/ കെ.ജി.എസ്)

38 വർഷം മുമ്പ് എഴുതിയ ഈ കവിതയല്ലേ കെ.ജി.എസിന്റെ ഏറ്റവും പ്രവചനാത്മകമായ രചന? വെറുപ്പ് ദഹിക്കുന്ന വയറുകൾ, വെറുപ്പ് വസിക്കുന്ന വീടുകൾ, ഒടുവിൽ വെറുപ്പേ എന്ന് വിളിച്ചുകൊണ്ടുള്ള ആത്മരോദനവും. നമ്മൾ വെറുപ്പിന്റെ രാഷ്ട്രീയം എന്ന് ഇന്ന് പേരിട്ട് വിളിക്കുന്ന കൊടും രോഗത്തിന്റെ ആദ്യ വൈറസ് ‘ആധുനിക’ മലയാള കവിതയിൽ കെ.ജി.എസ് അല്ലേ ആദ്യം തിരിച്ചറിഞ്ഞത് എന്ന് ഇപ്പോഴത്തെ ഇന്ത്യയിലിരുന്ന് മെഴുക്കുപുരണ്ട ചാരുകസേര വായിക്കുമ്പോൾ തോന്നുന്നു. (അങ്ങിനെ കാലം ആ കവിതയെ ഒരിന്ത്യൻ കവിതയായി പരിവർത്തിപ്പിച്ചിരിക്കുന്നു). വെറുപ്പ് എന്ന പദം ഇങ്ങിനെ, ഇവ്വിധം കെ.ജി.എസിന്റെ സമകാലികർ ഉപയോഗിച്ചുവോ എന്ന് സംശയം.

ആ കവിത ഇങ്ങിനെയാണല്ലോ തുടങ്ങുന്നത്:

ഒറ്റയ്ക്ക് മൃഗശാല കാണുന്നതിൽപര
മില്ലാ വിരസത; അതിൽപരം വിവശതയുമില്ല.
ഒറ്റയ്ക്ക് കാണുമ്പോൾ ജീവിക-
ളാരായും കുശലങ്ങൾ.
കരയിലാകാശത്തിൽ
കടലിലുമുള്ള
വിഹാര സൗഖ്യങ്ങൾ.
വീട്ടുതൊഴുത്തിലെ
വിചാര മൗഡ്യങ്ങൾ.

ഈ വരികളിൽ ഇന്നത്തെ ഒരിന്ത്യൻ പൗരനെ (പ്രജയാക്കപ്പെട്ടു കഴിഞ്ഞ പൗരനെ) ഒരാൾ കണ്ടെത്തിയാൽ എന്തു ചെയ്യും? ഒറ്റയക്ക് കാണുമ്പോൾ മാത്രം കുശലം ചോദിക്കാൻ കഴിയുന്ന ജീവിയായി നമ്മൾ പരിണമിച്ചതിന്റെ അടിക്കുറിപ്പാണോ ഈ കവിത. തീർപ്പ് കൽപ്പിക്കാനില്ലെങ്കിലും ആ കവിത ചരിത്രമായിത്തീർന്ന സത്യങ്ങളിലേക്ക് വായനക്കാരെ നയിക്കുന്നു എന്നതിൽ സംശയിക്കാനില്ല.

മധ്യവർഗ മലയാളിയെ – അതുകൊണ്ട് തന്നെത്തന്നെ – വിചാരണ ചെയ്യൽ (ആത്മവിചാരണ) കെ.ജി.എസ് 55 വർ‌ഷം മുമ്പെഴുതിയ ആദ്യ കവിത ‘വൃക്ഷം’ മുതലുണ്ട്. നിർമ്മിത ബുദ്ധിപോലെ, നിർമ്മിത ഭൂതകാലം എന്നൊന്നുണ്ട്. (ഈ ആശയത്തിന് ‘ടൈം ഷെൽട്ടർ’ എന്ന നോവലിലൂടെ അന്താരാഷ്ട്ര ബുക്കർ ലഭിച്ച ബൾ‌ഗേറിയൻ‌ എഴുത്തുകാരൻ ജോർജി ഗോസ്പിഡനോവിനോട് കടപ്പാട്). അങ്ങിനെ നിർമ്മിത ഭൂതകാലം വെറുപ്പ് മാത്രം സൃഷ്ടിക്കുന്നു. കാരണം ഓരോരുത്തരും അവിടെ ശുദ്ധിവാദികളാണ്. ശുദ്ധിവാദത്തിന്റെ ഇന്ധനം വെറുപ്പുമാത്രമാണ്. നിർമ്മിത ഭൂതകാലം വരുന്നു എന്ന് എൺപതുകളുടെ ഒടുവിൽ കെ.ജി.എസ് തിരിച്ചറിഞ്ഞു എന്നു വേണം മനസ്സിലാക്കാൻ.

കെ.ജി.എസ് കവിതകൾ കവർ

ചാരുകസേരക്ക് മുമ്പ് 1986ൽ അദ്ദേഹം ‘അന്യാധീനം’ എഴുതുന്നു. ചാരുകസേരക്ക് ശേഷം 1988ൽ കെ.ജി.എസ് ‘പല പോസിലുള്ള ഫോട്ടോകൾ’ എഴുതുന്നു. കെ.ജി.എസ് കവിതകളിലെ ഏറ്റവും പ്രധാനപ്പെട്ട ‘കാവ്യകവല’ (The poetry Junction) ഈ മൂന്ന് കവിതകൾ ചേർന്നുള്ളതാണ്. പിൽക്കാല കവിതകളെല്ലാം പൊട്ടിപ്പുറപ്പെടുന്നത്, ഒരു നനവ് പല വളവുകൾ കഴിയുമ്പോൾ ഒരു പുഴയായി മാറുന്നതു പോലെ ഈ ‘കാവ്യകവല’യിൽ നിന്നാണെന്ന് ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് തോന്നിയിട്ടുണ്ട്. (ബംഗാൾ അദ്ദേഹത്തിന്റെ പ്രധാന കവിതയായി എനിക്കനുഭവപ്പെട്ടിട്ടുമില്ല).

1986ൽ എഴുതിയ അന്യാധീനം ആരംഭിക്കുന്നത് “പറയാത്ത പ്രിയവാക്ക് കെട്ടിക്കിടന്നെന്റെ നാവു കയ്ക്കുന്നു” എന്ന വരിയുമായാണ്. അന്യാധീനത്തിലെ അവസാന വരികൾ ഇങ്ങിനെയാണ്.

പിന്നെ-
പുലരുന്നതിന്നേറെ മുമ്പാരോ
പടി കടന്നെത്തുന്നു, മൂഡം കിനാവോ
പുലർച്ചെ വണ്ടിക്കു വന്ന
പൂർവകാലത്തെ മിത്രം സഖാവോ.
പടി കടന്നെത്തുന്നു, പീ‍ഡത്തിലമരുന്നു,
സിഗരറ്റിലെരിയുന്നു, ലോക-
പരിഹാസ മൂർച്ഛയിൽ സ്ഖലിതനാകുന്നു,
സുഖവേഷധാരിയാം തോൽവി.
അവനോട് പറയാത്ത തെറിവാക്ക്
കെട്ടിക്കിടന്നെന്റെ
നാവ് പൊള്ളുന്നു.

എൺപതുകളിൽ സ്ഥിരക്കാരായിരുന്ന ഇത്തരം സുഖവേഷധാരിയാം തോൽവിക്കാരെ ഇന്ന് ‘വെറുപ്പ് ഫാക്ടറി’യിൽ ധാരാളമായി കാണാനുണ്ട്. കവിയുടെ നാവിൽ ആ തെറിവാക്ക് ഇന്നും കെട്ടിക്കിടക്കുന്നു, സാഹിത്യം തെറി പൂരമായിരിക്കുന്നു എന്ന് പറയുന്നവരെ കുഴിച്ചു നോക്കൂ, അതാ അവിടെയിരിക്കുന്നു തോൽവിയുടെ സുഖവേഷം ധരിച്ച ആ മലയാളി!

കെ.ജി.എസ്. ഫോട്ടോ: നിതിൻ കൃഷ്ണൻ. കടപ്പാട്:ചന്ദ്രിക

മെഴുക്കുപുരണ്ട ചാരുകസേരയിൽ നാം പരാജയപ്പെടുത്തിയ മനുഷ്യരെ ഒരു ആർക്കൈവിലെന്ന പോലെ (Poetry as an Archive എന്നൊരു സംഗതി കെ.ജി.എസ് കവിതകളുടെ മുഖമുദ്രയാണ്) കവി അവതരിപ്പിക്കുന്നു:

ചിലർ തടങ്ങലിൽ‌,
ചിലർ‌ വിഷങ്ങളിൽ, കാല-
മന്ദത മടുത്തവർ
ഭ്രാന്തിന്റെ കുത്തൊഴുക്കിൽ,
നിശിത പാളങ്ങളിൽ,
നമ്മുടെയറുപാപമറവിതൻ
നാറുമന്ധകാരത്തിൽ.

അറുപാപ മറവി (സുഖവേഷധാരിയാം തോൽവി) യിൽ നിന്നും വെറുപ്പിലേക്ക് നടന്നു കയറിയ മനുഷ്യരുടെ ശരീര ശാസ്ത്രവും മനഃശ്ശാസ്ത്രവും ഇവിടെ ഒന്നിച്ചുതെളിയുന്നുണ്ട്. ആ ചാരുകസേരയാകട്ടെ, മെഴുമെഴെ മെഴുക്കടിഞ്ഞക വീട്ടിക്കാതലൊക്കെയും മറഞ്ഞതാണ്. എന്നിട്ടും അതിലിരിക്കുന്നയാൾ കരുതന്നത് താൻ മലിന ചമയങ്ങളിൽ നിന്നും വളരെ ദൂരത്ത് കഴിയുന്നു എന്നാണ്.

1988ലാണ് ‘പല പോസിലുള്ള ഫോട്ടോകൾ’ പ്രസിദ്ധീകരിക്കുന്നത്. ഈ കവിതാത്രയത്തിലെ മൂന്നാം കവിതയിലാണ് ‘മലയാളി റിയലിസം’ എന്ന് വിളിക്കാവുന്ന രണ്ടു വരികൾ കവി എഴുതുന്നത്:

പുഴയുടെ ഒരുമ വേണ്ടപ്പോൾ
ഞാൻ മഴയുടെ ചിതറലാവുന്നു

ഇപ്പോൾ ആ ചിതറൽ പൂർത്തിയായിട്ടുണ്ടോ? അതോ, ഇനിയും നമുക്ക് ഏറെ ചിതറാനും രക്തപാനത്തിനും കാലമുണ്ടോ?

പിണക്കസ്സുഖം (മെഴുക്കുപുരണ്ട ചാരുകസേര), മക്കളില്ലാത്ത വീടിന്റെ മൗനം (അന്യാധീനം) അരൂപ തിമിര വിസ്താരം (പല പോസിലുള്ള ഫോട്ടോകൾ- കെ.ജി.എസ് തന്റെ എല്ലാ കവിതകളിലും അരൂപ തിമിര വിസ്താരം – വിചാരണ – നടക്കുന്നുണ്ട്. സത്യത്തിൽ അരൂപ തിമിര വിസ്താരിയായ കവി എന്ന് കെ.ജി.എസിനെ വിളിക്കാം. അരൂപവും തിമിരവും ചേർന്നിടത്ത് നിന്ന് യഥാർഥ രൂപവും ആശയും അതിനുള്ള രൂപകങ്ങളും ഖനിച്ചെടുക്കുകയാണ് ഈ കവി), മുട്ടറ്റമേയുള്ളൂ ഭൂതകാലക്കുളിർ (മണൽക്കാലം), ജന്മദീർഘമായ ശവദാഹം (കൊച്ചിയിലെ വൃക്ഷങ്ങൾ) അടക്കമുള്ള നൂറിലധികം പ്രയോഗങ്ങൾ – ഭാഷയുടെ ഉറയൂരൽ – കെ.ജി.എസ് മലയാള കവിതക്ക് നൽകിയ വാഗ്ദാനവും സംഭാവനയുമാണ്.

സൈനികന്റെ പ്രേമലേഖനം, കവർ

കെ.ജി.എസ് ഏറ്റവുമധികമായി ഉൽക്കണ്ഠപ്പെടുന്ന സമൂഹ രാഷ്ട്രീയ ശരീര-മനഃശാസ്ത്രത്തിന്റെ ഏറ്റവും ഉള്ളിൽ കർഷകനും വയലും എപ്പോഴും പ്രവർത്തിക്കുന്നുണ്ട്. സമകാല ഇന്ത്യൻ കവിതയിൽ ഈ പ്രമേയത്തെ വീണ്ടും അതിമനോഹരമായ ഒരു കവിതയിലൂടെ പുനരാവിഷ്ക്കരിച്ചത് ‘തകഴിയും മാന്ത്രികക്കുതിരയും’ എന്ന കെ.ജി.എസ് കവിതയാണ്. കൊയ്യാറായ വയൽ ആരോ കട്ടുകൊയ്യുന്നെന്ന ദുഃസ്വപ്നം കണ്ടുണരുന്ന തകഴിയെ അവതരിപ്പിച്ചാണല്ലോ ഈ കവിത തുടങ്ങുന്നത്. അങ്ങിനെ തകഴി വയലിലേക്ക് കൊടുംരാത്രിയിൽ പോകുന്നു. അവിടെയതാ കണ്ടൻമൂപ്പൻ (പണ്ടേ മരിച്ച വിതക്കാരൻ, കൃഷിയുടെ ഋഷി). കണ്ടൻ മൂപ്പൻ തകഴിയോട് പറയുന്നു:

പാടത്തെന്തോ പതിവുകേട് തോന്നി വക്കീൽ സാറേ,
നോക്കുമ്പോൾ കുഞ്ചിനിലാവ് കുലുക്കി മേയുന്നു
കണ്ടത്തിലൊരു പരദേശി മാന്ത്രികക്കുതിര….
കാഴ്ച്ചയിലിപ്പോൾ പാടം
പീഡിത പോലെ മയക്കത്തിൽ
ഓക്കാനിക്കുന്നത് കണ്ണും മൂക്കും
പൊള്ളിക്കും രാസമണം…..
കാഴ്ച്ചയിലിപ്പോൾ ശേഷിക്കുന്നത്
ഉൾക്കനം വാർന്ന്
വളഞ്ഞ നട്ടെല്ലുപോലെ ചില പതിർക്കുല;
ചുമ്മാ കിലുങ്ങുന്നത്.

ഇങ്ങിനെ വെറുപ്പിനും കൊള്ളയടിക്കുന്ന പാടങ്ങൾക്കും ഇടയിലുള്ള ചൂട്ട് വെളിച്ചത്തിന്റെ പേര് കൂടിയാണ് കെ.ജി.എസ്.

1969ൽ ആദ്യ രചന ‘വൃക്ഷം’ എന്ന കവിതയിലെ അവസാന ഖണ്ഡികയിൽ‌
പാരിതുപാതാളം,
ഞാൻ പാടി പാടിത്തളരുന്നൂ

എന്ന രണ്ട് വരിയുണ്ട്. അക്കാലത്ത് നീതിക്കുവേണ്ടി പാടിപ്പാടിത്തളരുന്നവരാണ് കവികൾ എന്ന സങ്കൽപ്പം ഏറെക്കുറെ എല്ലാ ഇന്ത്യൻ ഭാഷകളിലുമുള്ള കവിതകളിലുമുണ്ട്. സ്വാതന്ത്ര്യം കിട്ടി 22 വർഷം, കേരളത്തിൽ ആദ്യ ഇ.എംഎസ് ഗവൺ‌മെന്റ് വന്നിട്ട് 12 വർഷം – ആ സമയത്താണ് ‘വൃക്ഷം’ പുറത്തുവരുന്നത്. ഇങ്ങിനെ അന്നത്തെ യുവാക്കളുടെ തലമുറ പലതും പ്രതീക്ഷിക്കുകയും വിചാരിച്ചതൊന്നും കിട്ടാതിരിക്കുകയും ചെയ്ത കാലത്തിന്റെ നിലവിളി ഈ വരികളിലുണ്ട്. നെഹ്റുവിലും സോഷ്യലിസത്തിലും വിശ്വസിക്കുകയും തങ്ങളാഗ്രഹിച്ച ജീവിതം കിട്ടാതെ വരികയും ചെയ്തതിലെ നിരാശ 1960തുകളിലെ ഇന്ത്യൻ കവിതയിലുണ്ടായിരുന്നു. ഇതേ സോഷ്യലിസ്റ്റ് നിരാശയിൽ നിന്നും കേരളത്തിലെ കവികളും മുക്തരായിരുന്നില്ല.
ഈ നൂറ്റാണ്ടിന്റെ ആദ്യ പത്ത് വർഷത്തിന് ശേഷം കെ.ജി.എസ് വലിയ തോതിൽ പ്രതികരണ കവിതകൾ എഴുതുന്നുണ്ട്. ആദ്യകാല കവിതകളിലെ ധ്യാനാത്മകതയിലെ വിശ്വാസം പൂർണ്ണമായും അദ്ദേഹം ഉപേക്ഷിച്ചിരിക്കുന്നു. ഇക്കാല രാഷട്രീയം കെ.ജി.എസിന്റെ കാവ്യ ധ്യാനത്തെപ്പോലും ഇല്ലാതാക്കിയിരിക്കുന്നു.

വെട്ടുവഴി (ടി.പി ചന്ദ്രശേഖരൻ കൊലയെ മുൻനിർത്തി) മുതൽ ഹത്രസ്, കഠ് വ വരെയുള്ള എത്രയോ കവിതകൾ. പഴയ കെ.ജി.എസിൽ (വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന മരം എന്നാണ് ഒരു പത്രാധിപർ കെ.ജി.എസിനെ വിളിച്ചത്. കൊല്ലത്തിൽ ഒരു കവിത തന്നെ കഷ്ടിയായിരുന്ന കാലം അദ്ദേഹത്തിനുണ്ടായിരുന്നു) ഇതസാധ്യമായിരുന്നു.

ദേശത്തുടയോൻ, കവർ

കെ.ജി.എസിന്റെ അടുത്ത കാലത്ത് എഴുതിയ കവിതകളിലൊന്നായ ‘ദേശത്തുടയോൻ’ എടുക്കുക.

അതേ വയലിലായിരുന്നു നീലിപ്പെണ്ണിനെ,
ഞാനും കൂട്ടരും കാർന്ന് കാർന്ന് ബോധം കരിച്ചോളെ,
ചാക്കും വൈക്കോലും വയൽപ്പുല്ലുമിട്ട്
കാട്ടുകിളിയെപ്പോലെ കരച്ചിലോടെ ചുട്ടത്,
അന്നുമലയുന്നുണ്ടായിരുന്നു
മേലേ മാനത്തു നിന്ന്,
പാടത്ത് കരിഞ്ഞൊരു തൂവൽ നാമ്പ്
തേടിയൊരു വാനമ്പാടി വാൽസല്യം,
നീറുന്നുണ്ടായിരുന്നു കിരീടം ചൂടുമ്പോഴും
ഞാനെന്ന ദേശത്തുടയോനിൽ
കത്തിത്തീരാത്തൊരു പച്ചവിറക്,
കരിയും പുകയും പാപ നാളങ്ങളും.

ലക്ഷണമൊത്ത ‘പ്രതിജ്ഞാബദ്ധ’ കവിതയാണെന്ന് എളുപ്പത്തിൽ തോന്നാവുന്ന ഈ കവിതയിൽ കെ.ജി.എസ് പ്രതിഭ രണ്ട് വാക്കുകളിലൂടെ അട്ടിമറി സൃഷ്ടിക്കുന്നു. വാനമ്പാടി വാൽസല്യം, കത്തിത്തീരാത്ത പച്ചവിറക് എന്നീ പ്രയോഗങ്ങൾ കൊണ്ടാണ് ഈ കവിത കെ.ജി.എസ് കവിതയായി ഉയരുന്നത്.

കെ.ജി.എസ് നെരൂദയെക്കുറിച്ചുള്ള തന്റെ ലേഖനത്തിൽ കവികൾക്കും വായനക്കാർക്കും വേണ്ടി ഒരു ഒസ്യത്ത് എഴുതുന്നുണ്ട്: എന്നും പുതുക്കപ്പെടുന്നതിലെ ജാഗ്രതയ്ക്കു പകരം തൃപ്തിയുടെ ഭാവുകത്വ വ്യവസ്ഥയിലേക്ക് നാം ജഡീകരിക്കപ്പെട്ടോ? (മരിച്ചവരുടെ മേട്/ പേജ് 164). തൃപ്തിയുടെ ഭാവുകത്വ വ്യവസ്ഥക്ക് കീഴ്പ്പെടാത്ത ഒരു കവിയായി എന്നും പുതുക്കപ്പെട്ടു കൊണ്ട് കെ.ജി.എസ് കവിത അതിജീവിക്കുമെന്ന് തന്നെ കരുതാം.

‘ഇന്നലെയുടെ ബിനാമി’ എന്ന കവിതയിൽ ഏറെക്കാലത്തിന് ശേഷം കെ.ജി.എസിൽ സഖാവ് വർഗീസ് തിരിച്ചുവരുന്നത് കാണാം. അതിങ്ങിനെയാണ്:

കുമ്പാരക്കുനിയിലെ പാതിരാക്കുരുക്കിൽ
പോലീസുകാരനോട് വർഗീസാവശ്യപ്പെട്ടതും
കാഞ്ചി വലിക്കും മുൻപൊരു സൂചന;
ഒരു ചുമയോ മൂളലോ; ജീവിതം
അരനിമിഷം നീട്ടിത്തരുമൊരുയിർച്ചൂളം.
കയ്യൂർ സഖാക്കളെപ്പോലെ
മുദ്രാവാക്യമായി മനസ്സാളിക്കാൻ
പണിയെടുത്ത പാടത്ത് നാളെ
നൂറു മേനി വിളയിക്കാൻ.
ആ ചൂളം കേട്ടില്ല
വെടിയൊച്ച കേട്ടു.

ചൂളം കേൾക്കാത്ത, വെടിയൊച്ചകൾ നിരന്തരം ഉയരുന്ന സമകാലികതയെ ‘സൈനികന്റെ പ്രേമലേഖനം’ എന്ന കവിതയിൽ, സത്യത്തിൽ കൃത്യമായ ഒരു മണിപ്പൂർ കവിതയിൽ കെ.ജി.എസ് ഇങ്ങിനെ ആവിഷ്ക്കരിക്കുന്നുണ്ടല്ലോ:

അതിർത്തികൾ ഉള്ളിലാണ്,
ചുറ്റിലുമല്ല മണിപ്പൂരിൽ.
പടച്ചട്ട
ഉടുപ്പുകളുടെ അതിര്.
തോക്ക്,
കൈക്കോട്ടിന്റെ അതിര്
കവാത്ത്,
നടപ്പിന്റെ അതിര്.
കമാൻഡ്,
വാക്കിന്റെ അതിര്.
ഭയം,
സമാധാനത്തിന്റെ അതിര്.
അന്യത,
മനസ്സിന്റെ അതിര്.
വെടിയൊച്ച,
നെഞ്ഞിടിപ്പിന്റെ അതിര്.

ഇങ്ങിനെ വെറുപ്പ്, അതിര്, ഭയം, സുഖവേഷധാരിയാം തോൽവി… കെ.ജി.എസിന്റെ കവിതാലോകം വിനിമയത്തിനായി ഈ രൂപകങ്ങളെ, അതിലൂടെ രൂപത്തിൽ സ്വയം സമ്പൂർണ്ണമാകുന്ന മനുഷ്യരൂപങ്ങളെ അവതരിപ്പിക്കുന്നു (അവയില്ലാത്തത് ഒന്നു മാത്രം, മാനുഷികത). ‘കഴുതകളായി നടിക്കേണ്ടി വന്ന കുതിരകൾ’ കെ.ജി.എസ് ഇങ്ങിനെയാണല്ലോ അവസാനിപ്പിക്കുന്നത്.

അവ ഏതിനം കൊറ്റികൾ?
അല്ല, അവ കഴുതകളായി
ജീവിക്കേണ്ടി വന്ന കുതിരകളാണ്.

കവിതയുടെ അവസാനത്തിൽ കഴുതകളായി നടിക്കേണ്ടി വന്ന കുതിരകൾ കഴുതകളായി ജീവിക്കേണ്ടി വന്ന കുതിരകളായി മാറുന്നു. നടിക്കുകയല്ല, ജീവിക്കുകയാണ് ആ കഴുതകൾ/കുതിരകൾ. കെ.ജി.എസ് കവിതകളിൽ ഗംഭീരമായ ഫോക്ക് എൻഡിംഗുള്ള ഈ കവിത വായിക്കുമ്പോൾ ടി.എസ്.എലിയറ്റ് ‘വേസ്റ്റ് ലാൻഡ്’ എഴുതുമ്പോൾ അതിൽ എന്തുകൊണ്ട് London bridge is falling എന്ന നഴ്സറി റൈം ഉപയോഗപ്പെടുത്തി എന്ന് ചോദിക്കാൻ തോന്നും. അതൊരു റീകാപ്പ് ആയി ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് എലിയറ്റിന് ബോധ്യമുള്ളതുകൊണ്ട് എന്ന മറുപടിയും പെട്ടെന്ന് തെളിയും. ഇത്തരത്തിൽ തന്റെ കാവ്യലോകത്ത് ബുദ്ധനേയും മാർക്സിനേയും ഗാന്ധിയേയും വർഗീസിനേയും… അങ്ങിനെ വലിയൊരു നിര കെ.ജി.എസ് അവതരിപ്പിക്കുന്നു. പലതരം പാലങ്ങളും പാളങ്ങളും കെട്ടുന്നു. മനുഷ്യരും ദൈവങ്ങളും പ്രകൃതിയും പെൺകാലങ്ങളുടെ നിഴലുകളും നിറഞ്ഞാടുന്നു.

ഇപ്പറഞ്ഞതിന്റെയെല്ലാം രഹസ്യം എന്ത്? അന്വേഷിച്ചലയേണ്ടതില്ല. കെ.ജി.എസ് ‘അർഥം’ എന്ന ചെറുകവിതയിൽ തന്നെത്തന്നെ, തന്റെ കാവ്യകലയെത്തന്നെ ഇങ്ങിനെ ആവിഷ്ക്കരിച്ചിട്ടുണ്ടല്ലോ.

ഭാഷയുടെ ചരടിൽ കോർത്ത്
ലോകത്തെ ഒരു ഘടികാരം പോലെ
ഞാൻ കൊണ്ടുനടക്കുന്നു.
എവിടെപ്പോകുമ്പോഴും
എന്ത് ചെയ്യുമ്പോഴും.
അതിനാൽ ഏത് ദൂരത്തിനും
ഏതു കർമ്മത്തിനും
ഏതു വാക്കിനും
ഏതു താളത്തിനും
ഏതു നേരത്തും
ഒരേയോരർഥം; കാലം.

കെ.ജി.എസ് കവിതകളെ ഇങ്ങിനെത്തന്നെ വിളിക്കാം: കാലത്തിന്റെ കാവ്യകല.

Also Read

6 minutes read November 1, 2025 10:40 am