ശിശുക്ഷേമം: ഇരകൾക്കൊപ്പമോ, പ്രതികൾക്കൊപ്പമോ?

എവിടെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ?
പരമ്പര –
4

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം കേരളത്തിൽ അടുത്തിടെ വലിയ ചർച്ചയായിരുന്നല്ലോ. 2020 ഒക്ടോബറില്‍ കാട്ടാക്കട നെയ്യാര്‍ മെഡിസിറ്റി ആശുപത്രിയില്‍ വച്ച് അനുപമ എന്ന യുവതി പ്രസവിച്ച കുഞ്ഞിനെ തട്ടിയെടുത്ത് ശിശുക്ഷേമ സമിതിക്ക് കൈമാറുകയും പിന്നീട് ദത്ത് നല്‍കുകയും ചെയ്തു എന്നതാണ് കേസ്. ജനന സര്‍ട്ടിഫിക്കറ്റിലടക്കം തിരിമറി നടത്തി, ശിശുക്ഷേമ സമിതിയിലെ രേഖകളിലും വ്യാജ കാരണങ്ങള്‍ എഴുതിച്ചേര്‍ത്ത് കുഞ്ഞിനെ ആന്ധ്രാ സ്വദേശികള്‍ക്ക് ദത്ത് നല്‍കുകയായിരുന്നു.

പ്രസവിക്കും മുമ്പേ അനുപമയെക്കൊണ്ട് മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുവാങ്ങി, പ്രസവ ശേഷം കുഞ്ഞിനെ നോക്കാന്‍ തനിക്ക് കഴിവില്ലാത്തതിനാല്‍ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുന്നതായി നോട്ടറി അറ്റസ്റ്റ് ചെയ്ത വ്യാജരേഖ അനുപമ അറിയാതെ ഉണ്ടാക്കി. ജനിച്ച് മൂന്നാം നാള്‍ ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാന് കുഞ്ഞിനെ കൈമാറി. തുടര്‍ന്ന് ശിശുക്ഷേമ സമിതി അധികൃതരുടെ ഒത്താശയോടെ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചതായുള്ള രേഖയുണ്ടാക്കി. ശിശുക്ഷേമ സമിതിയിലും ആദ്യം പെണ്‍കുഞ്ഞെന്ന് രേഖപ്പെടുത്തി തെളിവ് നശിപ്പിക്കാനും ശ്രമം. പിന്നീട് ആണ്‍കുഞ്ഞെന്നാക്കി മാറ്റി. തൈക്കാട് ആശുപത്രിയിലെ ഡോക്ടറെക്കൊണ്ടും ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് എഴുതിച്ചു. അമ്മത്തൊട്ടിലില്‍ പെണ്‍കുഞ്ഞിനെ ലഭിച്ചു എന്നും ‘മലാല’ എന്ന് പേരിട്ടെന്നും കാണിച്ച് അടുത്ത ദിവസം ശിശുക്ഷേമ സമിതി ദത്തിനുള്ള പത്രപരസ്യം നല്‍കി. പിന്നീട് ആണ്‍കുഞ്ഞെന്ന് തിരുത്തി ‘സിദ്ധാര്‍ത്ഥന്‍’ എന്ന് കുഞ്ഞിന്റെ പേര് മാറ്റി. അതേസമയത്ത് ജനിച്ച കുഞ്ഞിനെ അന്വേഷിച്ച് നാട് മുഴുവന്‍ അലയുകയായിരുന്നു അമ്മയായ അനുപമ. നിരവധി പരാതികള്‍, അന്വേഷണങ്ങള്‍ ഉണ്ടായെങ്കിലും പരിഹാരം കണ്ടില്ല. അതിനിടെ ഈ വര്‍ഷം ജൂലായില്‍ ദത്ത് നല്‍കാനായി സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് അതോറിറ്റി വെബ്‌സൈറ്റില്‍ കുഞ്ഞിന്റെ വിവരം അപ്‌ലോഡ് ചെയ്തു. ദത്തു നല്‍കല്‍ കമ്മിറ്റിയില്‍ സെക്രട്ടറി ഷിജുഖാനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനന്ദയും ഉണ്ടായിരുന്നു. അമ്മയുടെ പരാതികള്‍ മറച്ചുവച്ച് ഓഗസ്റ്റ് ഏഴിന് കുഞ്ഞിനെ ദത്ത് നല്‍കി. രണ്ട് ദിവസം കഴിയുമ്പോള്‍ കുഞ്ഞിനെ നല്‍കിയത് ശിശുക്ഷേമ സമിതിയിലാണെന്ന് അനുപമയെ പൊലീസ് അറിയിക്കുന്നു. പിന്നീട് നടന്ന ഡി.എന്‍.എ പരിശോധനയിലും തിരിമറി. ദത്തുകേന്ദ്രത്തിലുണ്ടായ കുട്ടികളുടെ സീനിയോരിറ്റി മറികടന്നാണ് അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതെന്നും കണ്ടെത്തി.
കേസ് കുടുംബക്കോടതിയില്‍ എത്തി നില്‍ക്കുകയാണ്. ശിശുക്ഷേമ സമിതിയില്‍ കുഞ്ഞ് ഉപേക്ഷിക്കപ്പെട്ട് കിട്ടിയതാണോ സ്വീകരിച്ചതാണോ എന്നതില്‍ വ്യക്തത വരുത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ഡബ്ല്യു.സിയോട് കോടതി ആവശ്യപ്പെട്ടു. ദത്ത് നടപടിക്രമങ്ങള്‍ വ്യക്തമാക്കാനും നിര്‍ദ്ദേശിച്ചു. അതിനിടെ ദത്തുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതി ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസന്‍സ് ആണെന്ന് കോടതി വിമര്‍ശനവും ഉന്നയിച്ചു.

ശിശു ക്ഷേമമില്ലാത്ത സമിതി

കുഞ്ഞുങ്ങളുടെ നല്ലതിന് വേണ്ടി, കുഞ്ഞുങ്ങളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കേണ്ട സമിതി അതാണ് ശിശു ക്ഷേമ സമിതി. എല്ലാ തിരിമറികള്‍ക്കും കൂട്ടുനിന്ന്, കൃത്യമായി ആലോചിച്ച് തയ്യാറാക്കിയ പദ്ധതി നടപ്പിലാക്കിയതും അതേ സംവിധാനം തന്നെയെന്നതാണ് വൈരുദ്ധ്യം. അനുപമയുടെ കുടുംബം പ്രതിസ്ഥാനത്ത് വരുമ്പോഴും സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ് ലഭിച്ച ഏജന്‍സിയും അതാണ്. സാമൂഹ്യ നീതി വകുപ്പിന് നേരിട്ട് ഇടപെടാനും ഫലം ഉണ്ടാക്കാനും കഴിയുന്ന സംവിധാനങ്ങളാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ബാലാവകാശ കമ്മീഷന്‍, ചൈല്‍ഡ് ലൈന്‍ പോലുള്ളവ. ഈ സംവിധാനങ്ങള്‍ തന്നെ കുട്ടികളുടെ നീതിക്കും സുരക്ഷിതത്വത്തിനും വിഘാതം സൃഷ്ടിക്കുന്ന നടപടികള്‍ ചെയ്തു വരുന്നുവെന്നത് നാളുകളായി നിലനില്‍ക്കുന്ന വിമര്‍ശനമാണ്. അനുപമയുടെ കേസ് ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രം. പല തരത്തില്‍ പലയിടങ്ങളില്‍ നിന്നും ശാരീരികമായും മാനസികമായും പീഡനങ്ങള്‍ക്ക് ഇരയാകുന്ന കുഞ്ഞുങ്ങള്‍ക്ക് രക്ഷയാകേണ്ട ഈ ഏജന്‍സികളില്‍ നടക്കുന്ന ക്രമക്കേടുകളുടെ നിരവധി സംഭവങ്ങൾ വെളിപ്പെടുന്നുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെന്ന ‘ക്വാസി ജുഡീഷ്യല്‍ ബോഡി’യുടെ തലപ്പത്തേക്കുള്ള തെരഞ്ഞെടുപ്പിലും നിരവധി തിരിമറികൾ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വാര്‍ത്ത ഏറെ പ്രാധാന്യത്തോടെയാണ് ബാലാവകാശ പ്രവര്‍ത്തകര്‍ നോക്കിക്കാണുന്നത്.

സി.ഡബ്ല്യു.സിയ്‌ക്കെതിരെ ചൂണ്ടുന്ന വിരല്‍

കേരള മനസാക്ഷിയെ ഉലച്ച മറ്റൊരു കേസാണ് വാളയാര്‍ പെണ്‍കുട്ടികളുടെ മരണം/കൊലപാതകം. പാലക്കാട് സി.ഡബ്ല്യു.സി ചെയര്‍മാന്‍ ചുമതലയിലുള്ള അഡ്വ. എന്‍ രാജേഷിന്റെ പശ്ചാത്തലമാണ് കേസിന്റെ നാള്‍വഴികളില്‍ ചര്‍ച്ചയായ പ്രധാന സംഭവം. വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പോക്സോ കേസില്‍, പ്രതിഭാഗത്തിനു വേണ്ടി കേസ് ഏറ്റെടുക്കുകയും, മേയ് രണ്ട്, മൂന്ന് തീയതികളില്‍ വാദത്തിനായി കോടതിയില്‍ ഹാജരാകുകയും ചെയ്തയാളാണ് എന്‍. രാജേഷ്. 2017ല്‍ നടന്ന സംഭവത്തെ ആസ്പദമാക്കി എടുത്തിട്ടുള്ള കേസില്‍ പ്രതിയായ പ്രദീപ്കുമാറിനു വേണ്ടിയാണ് രാജേഷ് ഹാജരായത്. എന്നാല്‍, സി.ഡബ്ല്യു.സി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് താന്‍ കേസില്‍ നിന്നും ഒഴിഞ്ഞിരുന്നുവെന്നും, പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായി എന്നത് തെറ്റായ വാദമാണെന്നുമായിരുന്നു രാജേഷിന്റെ പക്ഷം. എന്നാല്‍ പോക്‌സോ കേസ് പ്രതിക്ക് വേണ്ടി ഹാജരാകുന്ന വ്യക്തിയെ സി.ഡബ്ല്യു.സി പോലൊരു സമിതിയുടെ അധ്യക്ഷനായി നിയമിച്ചാല്‍ കേസുകള്‍ അട്ടിമറിക്കപ്പെടുന്നതിനുള്ള സാധ്യതകള്‍ ഉന്നയിച്ചുകൊണ്ടാണ് ബാലാവകാശ പ്രവര്‍ത്തകര്‍ ഈ നടപടിയെ ചോദ്യം ചെയ്തത്. വാളയാര്‍ കേസിലെ പ്രതിക്കായി ഹാജരായി എന്നത് മാത്രമായിരുന്നില്ല അന്നത്തെ പാലക്കാട് സി.ഡബ്ല്യു.സി ചെയര്‍മാനായ രാജേഷിനെതിരെ ആരോപിക്കപ്പെട്ടത്. നിര്‍ഭയ ഷെല്‍റ്റര്‍ ഹോമില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ നേരില്‍ ചെന്ന് കണ്ട് സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു അതില്‍ പ്രധാന ആരോപണം. സ്വന്തം അമ്മയും അമ്മൂമ്മയും കേസില്‍ പ്രതികളെന്നിരിക്കെ പെണ്‍കുട്ടിയെ കണ്ട് കേസ് പിന്‍വലിക്കുന്നതിനായി സ്വാധീനിച്ചു. തുടര്‍ന്ന് പോക്‌സോ കേസില്‍ ഹാജരാകുന്ന അഭിഭാഷകരില്‍ ചിലര്‍ രാജേഷിനെതിരെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കി. ആ സമയത്താണ് വാളയാര്‍ കേസിലെ പ്രതിക്ക് വേണ്ടിയും ഇയാള്‍ ഹാജരായിരുന്നു എന്ന കാര്യം പുറത്താവുന്നത്. അന്ന് രാജേഷിനെതിരെ പരാതി നല്‍കിയ അഭിഭാഷകരില്‍ ഒരാളായ സഹീറ നൗഫല്‍ പറയുന്നു, “സ്വന്തം അച്ഛന്‍ പ്രതിയായിരുന്ന സംഭവത്തില്‍ പോലും ഇത്തരം ഒത്തുതീര്‍പ്പുകള്‍ക്ക് ചെയര്‍മാന്‍ ശ്രമിച്ചിട്ടുണ്ട്. പരാതി ലഭിച്ചപ്പോള്‍, തല്‍ക്കാലം എഫ്‌.ഐ.ആര്‍ ഇടണോ, പറഞ്ഞ് മനസ്സിലാക്കി തിരുത്താം എന്ന് സി ഐ.യെ വിളിച്ചുപറഞ്ഞ സംഭവം പോലും ഉണ്ടായി. പരാതി നല്‍കാന്‍ വരുന്ന കുട്ടികളെ പേഴ്‌സണലായിട്ട് വിളിച്ച് പരാതിയാക്കാതെ ഒത്തുതീര്‍പ്പാക്കുന്ന ഇടപെടലും ഉണ്ടായി. അത്തരം ആളുകളുടെ കയ്യില്‍ കുട്ടികളെ സംരക്ഷിക്കാനുള്ള ഏജന്‍സിയുടെ ചുമതല ഏല്‍പ്പിച്ചാല്‍ കുട്ടികളെങ്ങനെയാണ് സേഫ് ആവുക?”

വാളയാർ എന്ന വേദന

വാളയാര്‍ അട്ടപ്പള്ളത്തു നിന്നുള്ള സഹോദരികളായ ദളിത് പെണ്‍കുട്ടികള്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചതാണ് പോക്സോ കേസ്. 2017 ജനുവരി 13ന് പതിമൂന്നു വയസ്സുകാരിയായ മൂത്ത സഹോദരി വീടിന്റെ ഉത്തരത്തില്‍ തൂങ്ങി മരിച്ചത്. പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായിരുന്നങ്കിലും പോക്സോ പ്രകാരം കേസെടുക്കാനോ, ഇളയ സഹോദരിക്ക് വേണ്ട കൗണ്‍സിലിംഗുകള്‍ കൊടുക്കാനോ അന്വേഷണ സംഘത്തിന് സാധിച്ചില്ല. ദിവസങ്ങള്‍ക്കു ശേഷം മാര്‍ച്ച് നാലിന് ഇളയ സഹോദരിയെയും അതേ സ്ഥാനത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടു സഹോദരിമാരുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സാമ്യത പരിശോധിച്ചാണ് ഇരുവരും ശാരീരിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തുന്നത്. തുടര്‍ന്ന് പോക്സോ, ആത്മഹത്യാ പ്രേരണ, എസ്.സി/എസ്.ടി ആക്ട് എന്നിവ പ്രകാരം കുട്ടികളുടെ ബന്ധുക്കളെയും അയല്‍വാസിയെയുമടക്കം നാലു പേരെ അറസ്റ്റു ചെയ്തു. കുട്ടികളുടെ അമ്മയുടെ ബന്ധുക്കളായ എം മധു, വി മധു, അച്ഛന്റെ സുഹൃത്ത് ഇടുക്കി സ്വദേശി ഷിബു, അയല്‍വാസിയും ട്യൂഷന്‍ അധ്യാപകനുമായ പ്രദീപ് എന്നിവരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. കേസ് അട്ടിമറിച്ച് സി.പി.എം ബന്ധമുള്ള പ്രതികളെ രക്ഷപ്പെടുത്താനാണ് സി.ഡബ്ല്യു.സി ചെയര്‍മാന്റെ ശ്രമം എന്നാണ് മഹിള സമഖ്യ പ്രവര്‍ത്തകര്‍ അന്ന് ആരോപിച്ചിരുന്നു. വാളയാര്‍ കേസ് തന്നെ മുമ്പ് ഒതുക്കിത്തീര്‍ക്കാന്‍ സി.ഡബ്ല്യു.സി ശ്രമിച്ചതായും ഇവര്‍ പറഞ്ഞു.

വാളയാര്‍ സംഭവം നടന്ന പ്രദേശത്തെ പോലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ അഞ്ച് വര്‍ഷത്തിനിടെ 69 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് വിവരാവകാശ രേഖ വെളിപ്പെടുത്തുന്നത്. പുതുശ്ശേരി, വാളയാര്‍ കസബ പോലീസ് സ്‌റ്റേഷനുകളിലെ മാത്രം കണക്കാണിത്. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കാനായി പോരാടുന്നവരില്‍ ഒരാളായ മാഴ്‌സണ്‍ പ്രതികരിക്കുന്നു, “41 പോക്‌സോ കേസുകളാണ് വാളയാറില്‍ മാത്രം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കണക്ക് നോക്കിയാല്‍ മാസത്തില്‍ ഒന്ന് എന്നുവച്ച് കേസുകള്‍ ഉണ്ട്. ഇത് റിപ്പോര്‍ട്ട് ചെയ്തതാണ്. പുറത്തുവരാത്ത എത്രയോ കേസുകള്‍ വേറെ ഉണ്ട്. സമ്പന്നര്‍ക്കോ, സ്വാധീനിക്കാന്‍ ശക്തിയുള്ളവര്‍ക്കോ വേണ്ടി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായി പലപ്പോഴും സി.ഡബ്ല്യു.സി പോലുള്ള സംവിധാനങ്ങള്‍ മാറുന്നുണ്ട്. പാലക്കാട് രണ്ടാനച്ഛന്‍ പീഡിപ്പിച്ച കേസിൽ ഒരു പെണ്‍കുട്ടിയെ ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ പിന്നീട് സി.ഡബ്ല്യു.സിയുടെ ഇടപെടലിലൂടെ ആ കുട്ടിയെ പ്രതി താമസിക്കുന്ന വീട്ടിലേക്ക് തന്നെ തിരികെ അയച്ചിരിക്കുകയാണ്. വാളയാര്‍ കേസുമായി ബന്ധപ്പെട്ട് ഇടപെടലുകള്‍ നടത്തുന്ന കാലത്തിനിടയില്‍ ഇത്തരം നിരവധി സംഭവങ്ങള്‍ നേരിട്ട് അറിയാൻ കഴിഞ്ഞിരുന്നു. അതിനാല്‍ ഈ ഏജന്‍സിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമായ പഠനം തന്നെ ആവശ്യമാണ്.”

കൊട്ടിയൂരിലെ അട്ടിമറികൾ

കൊട്ടിയൂര്‍ പീഡനക്കേസ് ഇടക്കാലത്ത് വീണ്ടും ചര്‍ച്ചയായിരുന്നു. പ്രതിയായ ഫാ. റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് അതിക്രമത്തിനിരയായ പെണ്‍കുട്ടിയും, വിവാഹം കഴിച്ച് പെണ്‍കുട്ടിയെയും കുഞ്ഞിനെയും സംരക്ഷിച്ചുകൊള്ളാമെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിയും നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. മുമ്പ് ഇതേ ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. നിരവധി നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് റോബിന്‍ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വര്‍ഷത്തെ കഠിനതടവ് തലശ്ശേരി പോക്‌സോ കോടതി വിധിച്ചത്. എന്നാല്‍ മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചാല്‍ മതി. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ആയിരുന്ന റോബിന്‍ വടക്കുംചേരി പള്ളിമേടയില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിക്കുകയും പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും ചെയ്തു. 2017ല്‍ കേസില്‍ ഗൂഢാലോചനയും വിവരം മറച്ചുവച്ചതും അടക്കം കുറ്റങ്ങള്‍ ചുമത്തി എട്ട് പേരെ പോലീസ് പ്രതി ചേര്‍ത്തു. കേസില്‍ വീഴ്ച വരുത്തിയ വയനാട് സി.ഡബ്ല്യു.സി ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകം, സി.ഡബ്ല്യു.സി അംഗം സിസ്റ്റര്‍ ബെറ്റി എന്നിവരെ പ്രതി ചേര്‍ക്കാന്‍ പോലീസ് ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ടും നല്‍കി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് കമ്മിറ്റി ചെയര്‍മാനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തു. ഫാദര്‍ തോമസ് ജോസഫ് തേരകവും സിസ്റ്റര്‍ ബെറ്റി ജോസഫും വിചാരണ നേരിടണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പിന്നീട് വെറുതെ വിട്ടു. എന്നാല്‍ സി.ഡബ്ല്യു.സിയുടെ വിശ്വാസ്യത ഈ സംഭവത്തിലും ചോദ്യം ചെയ്യപ്പെട്ടു.

ഇടുക്കി സ്വദേശിയായ 16 കാരി, ഒരു വ്യക്തി നിരന്തരം ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയ പെണ്‍കുട്ടിയാണ്. പെണ്‍കുട്ടിയെ അതിക്രമിച്ച കേസില്‍ പ്രധാന പ്രതിക്കൊപ്പം അമ്മയേയും ഉള്‍പ്പെടുത്തിയാണ് പൊലീസ് കേസ് ചാര്‍ജ് ചെയതത്. ഈ പെണ്‍കുട്ടി തിരുവനന്തപുരത്ത് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ താമസിച്ചു വരികയാണ് 2018 മേയ് 16-ന് കുട്ടിക്ക് താത്പര്യമില്ലാതിരുന്നിട്ടുപോലും നിര്‍ബന്ധിച്ച് അച്ഛനും അമ്മയും ആവശ്യപ്പെട്ട പ്രകാരം ഒരാഴ്ച വീട്ടിലേക്ക് വിടുന്നത്. സഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു ഇത്. എന്നാല്‍ കുട്ടി ആക്രമിക്കപ്പെട്ട ഇടത്തേക്കു തന്നെ, അതും പ്രതികളില്‍ ഒരാള്‍ക്കൊപ്പം കുട്ടിയെ വിട്ടുകൊടുക്കരുതെന്ന് അഭ്യര്‍ത്ഥന ഉണ്ടായിട്ടും അത് അവഗണിക്കപ്പെടുകയായിരുന്നു. കുട്ടി വീണ്ടും ആക്രമിക്കപ്പെടാനോ സ്വാധീനിക്കപ്പെടാനോ സാധ്യതയുള്ളതുകൊണ്ട് വിട്ടുകൊടുക്കരുതെന്ന് മഹിള സമഖ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. എന്നിട്ടും സ്വാഭാവിക നീതി എന്ന ന്യായം പറഞ്ഞായിരുന്നു അന്ന് തിരുവനന്തപുരം സി.ഡബ്ല്യു.സി കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചത്. എന്നാല്‍ പ്രധാന പ്രതി പെണ്‍കുട്ടിയെ ആക്രമിച്ചു. മുണ്ടക്കയം പോലീസില്‍ പെണ്‍കുട്ടി പരാതി നല്‍കി. ബാലാവകാശ കമ്മീഷന്‍ അംഗമായ കന്യാസ്ത്രീക്കെതിരെയും പെണ്‍കുട്ടി പരാതിപ്പെട്ടു. പെണ്‍കുട്ടിയുടെ ഉത്തരവാദിത്തം മുമ്പ് ഇടുക്കി ശിശുക്ഷേമ സമിതിയായിരുന്നു ഏറ്റെടുത്തത്. അവരും കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ക്ക് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ വീട്ടില്‍ എത്തിയ കുട്ടി ആത്മഹത്യശ്രമം നടത്തി. മാത്രമല്ല, പ്രതിയുടെ അഭിഭാഷകന്റെ ഓഫീസില്‍ ഇടുക്കിയില്‍ നിന്നുള്ള ഉന്നത രാഷ്ട്രീയ നേതാവിന്റെ സഹായി, കുട്ടിയുടെ പിതാവ്, അഭിഭാഷകന്‍, പ്രധാന പ്രതി എന്നിവര്‍ ചേര്‍ന്ന് കുട്ടിയെ കേസില്‍ മൊഴി മാറ്റിപ്പറയിപ്പിക്കാനായി സ്വാധീനിക്കുകയും ചില പേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങുകയും ചെയ്തു. എന്നാല്‍ ഇടുക്കി ജില്ല കളക്ടര്‍ സി.ഡബ്ല്യു.സി തീരുമാനത്തിനെതിരെ നിലപാടെടുത്തു. തുടര്‍ന്നാണ് കുട്ടിയെ തിരുവനന്തപുരം സി.ഡബ്ല്യു.സിയുടെ കീഴില്‍ കൊണ്ടുവരുന്നത്.

രാഷ്ട്രീയ നിയമനങ്ങള്‍

ജുഡീഷ്യല്‍ അധികാരങ്ങളുള്ള സി.ഡബ്യു.സി പോലൊരു സമിതിയെ, സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ വരുന്നതാണെങ്കിലും, നിയന്ത്രിക്കാനോ തീരുമാനങ്ങളില്‍ ഇടപെടാനോ മറ്റ് ഏജന്‍സികള്‍ക്ക് അനുവാദമില്ലെന്ന് ബാലാവകാശ കമ്മീഷന്‍ മുന്‍ അംഗവും അവകാശപ്രവര്‍ത്തകയുമായ അഡ്വ. ജെ സന്ധ്യ വിശദീകരിക്കുന്നു. സി.ഡബ്ല്യു.സികള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നന്വേഷിക്കാനും ഉപേക്ഷയുണ്ടായാല്‍ നടപടിയെടുക്കാനും പോന്ന മറ്റൊരു സ്ഥാപനമില്ലെന്നര്‍ത്ഥം. വാളയാര്‍ കേസില്‍ പോലും സി.ഡബ്ല്യു.സി സ്ഥാനത്ത് നിന്ന് ചെയര്‍മാന്‍ രാജിവച്ചതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായില്ല. സി.ഡബ്ല്യു.സിയെ പരിശോധിക്കാനാകില്ലെങ്കിലും പോക്‌സോ മോണിറ്ററിങ് ഉത്തരവാദിത്തം സംസ്ഥാന ബാലാവകാശ കമ്മീഷനുണ്ട്. എന്നാല്‍ കമ്മീഷന്‍ ഇത്തരം കേസുകളില്‍ മൗനം പാലിക്കുകയാണ്.

അഡ്വ. ജെ സന്ധ്യ

കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങളില്‍ കര്‍ശനമായ ഇടപെടലുകള്‍ നടത്താന്‍ നിയോഗിക്കപ്പെട്ടിട്ടുള്ള സി.ഡബ്ല്യു.സിയുടെ ജില്ലാ കമ്മിറ്റികളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നാണ് തുടര്‍ച്ചയായി ഉയര്‍ന്നുവരുന്ന ആക്ഷേപം. പാലക്കാടും കാസര്‍​ഗോഡും അടക്കം മറ്റു പല ജില്ലാ കമ്മിറ്റികളിലേക്കും ഇത്തരത്തില്‍ പല താല്‍പര്യങ്ങളുമുള്ളവരെ തെരഞ്ഞെടുത്തിട്ടുണ്ടെന്ന് പരാതിയുണ്ട്. ബാലാവകാശവുമായി ബന്ധപ്പെട്ട മേഖലകളില്‍ ചുരുങ്ങിയത് ഏഴു വര്‍ഷത്തെ പ്രവൃത്തി പരിചയം അപേക്ഷകര്‍ക്ക് ആവശ്യമാണെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കിലും, നിലവിലെ ജില്ലാ കമ്മിറ്റികളില്‍ എത്ര പേര്‍ ഈ മാനദണ്ഡമനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന് ബാലാവകാശ പ്രവര്‍ത്തകര്‍ സംശയമുന്നയിക്കുന്നു. രാഷ്ട്രീയ നിയമനങ്ങളാണ് കുട്ടികളുടെ ക്ഷേമം ഉദ്ദേശിച്ചുള്ള സംവിധാനത്തെ പലപ്പോഴും തളച്ചിടുന്നതെന്ന് അഡ്വ. ജെ സന്ധ്യ പറയുന്നു. “സി.ഡബ്ല്യു.സി യുടെ പ്രവര്‍ത്തനത്തില്‍ നാല് കാര്യങ്ങളിലാണ് മാറ്റം വരുത്തേണ്ടത്. പ്രധാനമായും രാഷ്ട്രീയ നിയമനങ്ങള്‍ പാടില്ല. കോര്‍പ്പറേഷനുകളിലും മറ്റും സര്‍ക്കാര്‍ മാറി വരുമ്പോള്‍ ചുമതലക്കാരെ മാറ്റുന്നത് പോലെയല്ല സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമവും നീതിയും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സി.ഡബ്ല്യു.സിയുടെ ചുമതലക്കാരെ മാറ്റേണ്ടത്. ആ കമ്മറ്റിയുടെ തീരുമാനം നേരിട്ട് ബാധിക്കുന്നത് സ്ത്രീകളേയും കുട്ടികളേയുമാണ്. രാഷ്ട്രീയ നിയമനങ്ങള്‍ ഉണ്ടാവുമ്പോള്‍ ആ സംവിധാനത്തിന്റെ ലക്ഷ്യത്തില്‍ നിന്ന് മാറിപ്പോവും. അടുത്ത മാര്‍ച്ചില്‍ സി.ഡബ്ല്യു.സി കമ്മിറ്റികളുടെ കാലാവധി അവസാനിക്കും. ഇനിയെങ്കിലും അതിനകത്ത് രാഷ്ട്രീയത്തിനതീതമായി, കുട്ടികളുടെ വെല്‍നസിന് പ്രാധാന്യം നല്‍കുന്നവരെ നിയമിക്കേണ്ടതുണ്ട്. രാഷ്ട്രീയ നിയമനങ്ങള്‍ ആവുമ്പോള്‍ വാദിക്കോ പ്രതിക്കോ വേണ്ടിയുള്ള സ്വാധീനശ്രമങ്ങള്‍ ഉണ്ടാവാം. സെലക്ഷന്‍ ബോര്‍ഡ് ഉണ്ടാക്കി, നിയമനങ്ങള്‍ കൃത്യതയുള്ളതാക്കണം. രണ്ട്, കമ്മിറ്റികളിലുള്ളവര്‍ക്ക് ഗൗരവമായ പരിശീലനം നല്‍കണം. അവരവരുടെ മനസാക്ഷിക്കും കാഴ്ചപ്പാടുകള്‍ക്കും ചിന്തകള്‍ക്കും അനുസരിച്ചല്ല നീതി നടപ്പാക്കേണ്ടതും തീരുമാനമെടുക്കേണ്ടതും. പലപ്പോഴും തീരുമാനമെടുക്കേണ്ടവരുടെ സദാചാരമൂല്യങ്ങളും കാഴ്ചപ്പാടുകളും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായുള്ള തീരുമാനങ്ങളില്‍ പ്രതിഫലിക്കാറുണ്ട്. എന്താണോ നിയമം പറഞ്ഞിട്ടുള്ളത്, അത് നടപ്പാക്കാനും അതിനനുസരിച്ച് നീതി ലഭ്യമാക്കാനുമുള്ള, പ്രൊഫഷണൽ സമീപനം വേണം. അതിന് വേണ്ട പരിശീലനം നൽകണം. എങ്കില്‍ മാത്രമേ നീതി ശരിയാംവിധം നടപ്പാക്കാനാവൂ. മൂന്ന്, ശക്തമായ മോണിറ്ററിങ് സംവിധാനം വേണം. ഓട്ടോണോമസ് ബോഡി ആയിരിക്കുമ്പോള്‍ തന്നെ സിസ്റ്റമാറ്റിക് ആയ മോണിറ്ററിങ് ഉണ്ടായാല്‍ മാത്രമേ അത് കേസുകളുടെ നടത്തിപ്പിലും മറ്റ് നടപടികളിലുമെല്ലാം പ്രതിഫലിക്കൂ. നാല്, കൂടുതല്‍ തസ്തികകള്‍ സി.ഡബ്ല്യു.സിക്ക് അനുവദിക്കണം. നിരവധി കേസുകളാണ് ഓരോ ദിവസവും സി.ഡബ്ല്യു.സിക്ക് മുന്നില്‍ വരുന്നത്. എന്നാല്‍ അത് കൈകാര്യം ചെയ്യാനുള്ള അംഗ ശേഷി ഇല്ല. എല്ലാ ദിവസവും സി.ഡബ്ല്യു.സി ഓഫീസ് പ്രവര്‍ത്തിക്കണമെന്നാണ് ഇപ്പോഴുള്ള തീരുമാനം. കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമെ ഒരു ക്ലര്‍ക്ക് മാത്രമാണ് ജില്ലാ കമ്മിറ്റികളില്‍ ഉള്ളത്. എല്ലാ ഉത്തരവാദിത്തവും ചുമതലയും ആ ക്ലറിക്കല്‍ പോസ്റ്റിലുള്ളയാളാണ് നിര്‍വ്വഹിക്കുന്നത്. അതിനും പരിഹാരം കാണേണ്ടതുണ്ട്.”

മത സംഘടനകളോ പ്രതിനിധികളോ സി.ഡബ്ല്യു.സി കമ്മിറ്റി ചുമതലക്കാരാവുന്നതും കേസുകളെ ബാധിക്കുന്നതായി ആരോപണമുണ്ട്. ഏഴ് വര്‍ഷം കുട്ടികളോടൊപ്പം ചെലവഴിച്ച് പരിചയമുള്ളവര്‍ക്കാണ് ചുമതല നല്‍കുക എന്ന വ്യവസ്ഥ ഇവിടെ പ്രതികൂലമാവുന്നു. പലപ്പോഴും അനാഥാലയം നടത്തിപ്പുകാരുടെ കൈകളിലേക്ക് സി.ഡബ്ല്യു.സി സംവിധാനം പോവാനും ഇത് കാരണമാവും.

കോടികള്‍ മറിയുന്ന ‘പോക്‌സോ വ്യവസായം’

ഒരോ സിറ്റിം​ഗിനുമാണ് സി.ഡബ്ല്യു.സി കമ്മിറ്റി അംഗങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുന്നത്. എന്നാല്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഉള്‍പ്പെടെ അതില്‍ അംഗങ്ങളാവാന്‍ വരെ ഇന്ന് വലിയ രീതിയിൽ പിടിവലി നടക്കുന്നു. “അതിന് ഒറ്റ കാരണമേ ഉള്ളൂ. ലക്ഷങ്ങളും കോടികളും മറിയുന്ന വലിയ ഒരു ബിസിനസ്സാണ് ഇന്ന് പലര്‍ക്കും പോക്‌സോ.” അഡ്വ. സഹീറ പ്രതികരിക്കുന്നു. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പും അതിന് ശേഷവും ഉള്ള ഒത്തുതീര്‍പ്പുകള്‍, അതിലൂടെ സഹായസഹകരണത്തിന് ലഭിക്കുന്ന വന്‍തുക; അത്തരത്തില്‍ വലിയ ഒരു വ്യവസായമായി പോക്‌സോ കേസുകളെ മാറ്റുകയാണ് ചില നിക്ഷിപ്ത താത്പര്യക്കാർ. “എല്ലാവരും അങ്ങനെയാണെന്നല്ല. എന്നാല്‍ അങ്ങനെയുള്ള നിരവധി പേർ കമ്മറ്റികളിലേക്കെത്തുന്നു. ആ ഒറ്റലക്ഷ്യമാണ് പലരേയും ഈ സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതും. കേസില്‍ പെട്ടിരിക്കുന്നത് പണം കൊണ്ടോ അധികാരംകൊണ്ടോ സ്വാധീനം കൊണ്ടോ വലിയ ആളുകളാണെങ്കില്‍ കേസുകള്‍ പുറത്തെത്തുന്നതിന് മുമ്പേ ഒതുക്കിത്തീര്‍ക്കും. അതിക്രമിക്കപ്പെട്ടവര്‍ക്കുള്ള ഒരു തുക നല്‍കിയിട്ട് ബാക്കി ഇടനിലക്കാർ വീതിച്ചെടുക്കും. നാട്ടില്‍ ഒരു ഇഷ്യൂ ഉണ്ടായാല്‍ പലപ്പോഴും ആദ്യം പോവുക രാഷ്ട്രീയക്കാരുടെ അടുത്തേക്കാവും, ഒന്നുകില്‍ വാദി അല്ലെങ്കില്‍ പ്രതി. സി.ഡബ്ല്യു.സി കമ്മറ്റിയുമായി ബന്ധമുള്ള രാഷ്ട്രീയക്കാര്‍ വേണ്ട ഇടപെടലും നടത്തും. കോടതിയില്‍ അത് നടക്കില്ല എന്നതുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പാവും ഒത്തുതീര്‍പ്പ് നടക്കുക. പുറത്ത് പോക്‌സോ കൈകാര്യം ചെയ്യുന്ന അഭിഭാഷകര്‍ക്കായാലും രണ്ട് മൂന്ന് വര്‍ഷത്തേക്കുള്ള ഇന്‍കം ആണ് പോക്‌സോ. അതുകൊണ്ടുതന്നെ പലരും അതില്‍ താത്പര്യവും കാണിക്കും.” സഹീറ കൂട്ടിച്ചേര്‍ത്തു.

പോക്‌സോ കേസുകള്‍ ദിവസവും പുറത്തുവന്നുകൊണ്ടേയിരിക്കുന്നു. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നിയമവും അതിന്റെ പിന്‍ബലവും കൂടുതല്‍ ആവശ്യമായി വരുന്നു. അതുകൊണ്ടുതന്നെ സി.ഡബ്ല്യു.സി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ പ്രാധാന്യവും ദിനംപ്രതി വര്‍ധിച്ചുവരികയാണ്. കൂടുതല്‍ ശക്തമായി, കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇന്ന് കേരളത്തിൽ നിലനിൽക്കുന്നത്. നിയമങ്ങളിലുള്‍പ്പെടെ വെള്ളം ചേര്‍ത്ത്, അഴിമതിയും ക്രമക്കേടും കാരണം ഈ സംവിധാനങ്ങൾ ദുഷിക്കുമ്പോൾ ചോദ്യ ചിഹ്നമാവുന്നത് കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയാണ്.

(അവസാനിച്ചു)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

November 9, 2021 3:52 pm