അലിഞ്ഞുപോയ പേരുകളെ തിരിച്ചു വിളിച്ചവൾ

വിക്ടോറിയ അമെലിന (37) യുക്രൈയ്ൻ‌ നോവലിസ്റ്റും കവിയും ജൈവ ബുദ്ധിജീവിയുമായിരുന്നു. കിഴക്കൻ യുക്രൈയ്നിലെ ക്രാമട്രോർക്കിലെ പിസ്സ ഭക്ഷണശാലക്ക് നേരെ ജൂൺ 27ന് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമെലിന ജൂലൈ ഒന്നിന് മരിച്ചു. റഷ്യ തന്റെ രാജ്യത്തിന് നേരെ യുദ്ധം ആരംഭിച്ച അന്നു മുതൽ റഷ്യയുടെ യുദ്ധക്കുറ്റങ്ങൾ രേഖപ്പെടുത്തുന്ന പ്രവർത്തിയിലാണ് അവർ ശ്രദ്ധയത്രയും കേന്ദ്രീകരിച്ചിരുന്നത്. തന്റെ എഴുത്തും സർഗാത്മകതയും ഇതിനായി ഉപയോഗിക്കുകയായിരുന്നു യൂറോപ്യൻ യൂണിയൻ പ്രൈസ് നേടിയ അമെലിന. റഷ്യക്കാർ കൊലപ്പെടുത്തിയ യുക്രൈയ്ൻ എഴുത്തുകാരൻ വൊലോഡൈമർ വകുലെങ്കോയുടെ ഡയറി കണ്ടെത്തി പുറംലോകത്തെത്തിച്ചതും ഇവരായിരുന്നു. മകനെ പോളണ്ടിൽ സുരക്ഷിതമായ ഒരിടത്ത് എത്തിച്ച ശേഷം അവർ നാട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു. മടങ്ങി വന്ന ദിവസം അവരെഴുതി: “ബോംബിംഗ് നടക്കുന്ന സ്ഥലത്ത് നിന്ന് കുറച്ചു മാറി സുരക്ഷിതമായ ഒരിടത്ത് തങ്ങാൻ കഴിഞ്ഞാൽ നിങ്ങൾ രക്ഷപ്പെട്ടേക്കും. പക്ഷെ മരിച്ച അയൽക്കാരെക്കുറിച്ച് നിങ്ങളറിയില്ല. അവരുടെ പേരുകൾ ആരും നിങ്ങളോട് പറയില്ല. എനിക്കത് അറിയുകയും രേഖപ്പെടുത്തുകയും ചെയ്തേ പറ്റൂ. അതിനായാണ് ഞാൻ മടങ്ങി വന്നത്.”

വിക്ടോറിയ അമെലിന കൊല്ലപ്പെട്ട പിസ്സ ഭക്ഷണശാല. കടപ്പാട്: theglobeandmail

യുദ്ധങ്ങളുടെ നിഷ്ഫലത ഇനിയും ബോധ്യപ്പെടാത്ത ലോകത്തിനുവേണ്ടി അവരെഴുതിയ കവിതകളിലൊന്നിന്റെ വിവർത്തനം ഇവിടെ പ്രസിദ്ധീകരിക്കുന്നു.

കാക്കയെക്കുറിച്ച് ഒരു കവിത

വസന്ത കാലത്ത്
വിളയൊന്നുമില്ലാത്ത പാടത്ത്
കറുത്ത വസ്ത്രമണിഞ്ഞ്
ഒരുവൾ നിൽക്കുന്നു,
അവളുടെ സഹോദരിമാരുടെ
പേരു വിളിച്ച് കരഞ്ഞുകൊണ്ട്.
ഒഴിഞ്ഞ ആകാശത്തെ ഒറ്റപ്പറവ പോൽ.
അവൾ തന്നെത്തന്നെ വിളിച്ച് കരയുകയാണ്.
വളരെപ്പെട്ടെന്ന് അതിലൊന്ന് പറന്നുപോകുമെന്നുറപ്പ്.
മരിക്കാൻ യാചിക്കുന്നു അതിലൊന്ന്.
മരണത്തെ തടയാൻ കഴിയാതെ മറ്റൊന്ന്.
കാത്തിരിപ്പ് അവസാനിപ്പിക്കാത്ത
ഇനിയൊന്ന്.
വിശ്വസിക്കുന്നത് ഇനിയും
അവസാനിപ്പിച്ചിട്ടില്ലാത്ത മറ്റൊരാൾ.
മൗനത്തിലും നിശ്ശബ്ദതയിലും
വിതുമ്പുന്നു ഇനിയൊരാൾ.
അവൾ അവരുടെ കരച്ചിലിനെ
ഭൂമിയിലേക്കു നയിക്കുന്നു.
ഭൂമിക്കു വേദനിക്കുന്നുവല്ലോ
എന്നു ഭയന്ന് കൊയ്ത്ത്
നടത്തും പോലെ.
വേദനയിൽ നിന്നും
പെൺ പേരുകളിൽ നിന്നും
അവളുടെ പുതിയ സഹോദരിമാർ
മുളച്ചു പൊന്തും.
പിന്നീട് ആഹ്ലാദത്തിന്റെ
ജീവിത ഗാനങ്ങൾ പാടും
പക്ഷെ, അവളുടെ, ഈ കാക്കയുടെ
കാര്യമെന്താകും?
അവൾ ഈ കൃഷിക്കളത്തിൽ
എന്നേക്കുമായി അവശേഷിക്കും.
കാരണം, അവൾ മാത്രമാണ്
വായുവിലലിഞ്ഞുപോയ
പേരുകളെ തിരിച്ചു വിളിക്കുന്നത്.
അവൾ പേരുകൾ വിളിക്കുന്നത്
നിങ്ങൾ കേൾക്കുന്നുണ്ടോ?
എല്ലാവരേയും അവൾ വിളിക്കുന്നത്
സ്വന്തം പേരിൽ തന്നെയാണ്.

വിക്ടോറിയ അമെലിന

(സ്വതന്ത്ര പരിഭാഷ: വി.എം.എ)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read