മലയാളിയുടെ ‘റിയൽ ഫിലിം മേക്കർ’

കെ.ജി ജോർജ് ആത്യന്തികമായി മലയാള സിനിമയിലെ അധികാരഘടനയേയും അതിന്റെ ഭാഗമായി കേരളത്തിലെ കുടുംബഘടനയേയും ചോദ്യം ചെയ്യുകയാണ് തന്റെ മിക്ക സിനിമകളിലും ചെയ്തത്. ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്’ൽ സുതാര്യമായി ഇക്കാര്യം തെളിഞ്ഞു നിൽക്കുന്നു. ലേഖ എന്ന നടി പുരുഷ-സിനിമാവ്യവസായത്തിന്റെ തന്നെ ഇരയായി എങ്ങിനെ മാറുന്നു എന്നാണ് ആ ചിത്രം അന്വേഷിക്കുന്നത്. ലോക സിനിമയിൽ ഇത്തരം അന്വേഷണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ മലയാള സിനിമ ഈ പ്രമേയം അവതരിപ്പിക്കാൻ ഭയന്ന് നിന്ന കാലത്താണ് 1983ൽ ഇങ്ങിനെയൊരു സിനിമ ജോർജ് എടുക്കുന്നത്. (അതേവർഷം തന്നെ ലെനിൻ രാജേന്ദ്രൻ ‘പ്രേം നസീറിനെ കാൺമാനില്ല’ എന്ന ചിത്രം എടുക്കുന്നുണ്ട്. പക്ഷേ, അത് മലയാള സിനിമാ ലോകത്തെ ഒരു ആൺകഥ മാത്രമാണ്). സിനിമയിലെ സ്ത്രീ എങ്ങിനെ പുരുഷ-അധികാരഘടനയാൽ ചവിട്ടിയരക്കപ്പെടുന്നു എന്ന് ആദ്യം മലയാള സിനിമയിൽ ശക്തമായി പറഞ്ഞതും ജോർജാണ്. കേരളത്തിൽ 84-85 കാലത്ത് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ ഉടലെടുക്കും മുമ്പ് ജോർജ് സ്ത്രീജീവിതത്തിലേക്ക് തന്റെ ക്യാമറ തിരിച്ചുവെച്ചു. അത്തരമൊരു തിരിച്ചറിവ്, സമൂഹത്തിലെ യഥാർഥ പ്രശ്നത്തെക്കുറിച്ചുള്ള അവതരണം തുടക്കം മുതലേ സാധ്യമാക്കിയ ജോർജാണ് മലയാളിയുടെ ‘റിയൽ ഫിലിം മേക്കർ’ എന്ന് അദ്ദേഹത്തിന്റെ സിനിമകൾ പുനഃസന്ദർശിക്കുന്ന ഒരാൾക്ക് തീർച്ചയായും തോന്നും.

ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്

‘ലേഖയുടെ മരണ’ത്തിന് തൊട്ടുപിന്നാലെ, 1984ൽ അദ്ദേഹം ‘ആദാമിന്റെ വാരിയെല്ല്’ എടുക്കുന്നു. ആ സിനിമയിലെ വിഖ്യാതമായ അവസാന രംഗം പലപ്പോഴായി സിനിമാ നിരൂപണത്തിൽ ഇടം പിടിച്ചിട്ടുള്ളതാണ്. ജോർജും സംഘവും സിനിമ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്ന ഫ്രെയിമിലേക്ക് പുനരധിവാസകേന്ദ്രത്തിലെ വാതിലുകൾ തള്ളിത്തുറന്ന് സൂര്യ അവതരിപ്പിച്ച അമ്മിണിയും ഒരു കൂട്ടം സ്ത്രീകളും ഓടി വരുന്നു. ഓരോ മുറികളിൽ നിന്നും സ്ത്രീകൾ ഇറങ്ങി വന്ന് അമ്മിണിയുടെ “നമുക്ക് പോകാം” എന്ന ആഹ്വാനത്തിന് പിന്നിൽ അണിനിരക്കുകയാണ്. ഓരോ വീട്ടിൽ നിന്നും ഇറങ്ങി വന്ന സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച സ്ത്രീകളുടെ സംഘത്തെ തന്നെയാണ് ജോർജ് അവതരിപ്പിച്ചത്. അവർ ക്യാമറയും മറ്റും തള്ളിത്താഴെയിട്ട് ലക്ഷ്യത്തിലേക്ക് ഓടുന്നു. ഇത് നോക്കി നിൽക്കുന്ന ജോർജിനെ ആ അവസാന രംഗത്തിൽ കാണാം. അങ്ങിനെയൊരു രംഗവും നമ്മുടെ സിനിമാ ചരിത്രത്തിൽ അതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. പെൺ ഉൺമയും സ്വാതന്ത്ര്യവും അതിന്റെ സമ്പൂർണ്ണ അർത്ഥത്തിൽ തിരിച്ചറിഞ്ഞ മലയാളത്തിന്റെ പ്രഥമ ഫിലിം മേക്കർ ജോർജ് ആണ്. ആ കാഴ്ച്ചപ്പാടിൽ നിന്നു കൊണ്ട് ഹിംസാത്മകമായ കേരളീയ കുടുംബ-സാമൂഹ്യഘടനയെ നിരന്തരം പരിശോധിക്കുകയും വിമർശിക്കുകയുമാണ് ജോർജ് ചെയ്തത്. കലാ സിനിമ-വാണിജ്യ സിനിമ എന്ന ബൈനറി തന്നെ നിലനിൽക്കാത്ത ഒന്നാണെന്ന് ജോർജ് തന്റെ രചനകളിലൂടെ അസന്നിഗ്ധമായി തെളിയിക്കുകയും ചെയ്തു.

ആദാമിന്റെ വാരിയെല്ല്

‘യവനികയും’ ‘ഇരകളും’ ഈ ബെനറിയെ എങ്ങിനെ പൊളിച്ചുവെന്നത് മലയാള സിനിമാ ചരിത്രത്തിലെ അപൂർവ്വ അധ്യായമായി ഇന്നും തുടരുന്നു. ‘യവനിക’ നാടകത്തിനുള്ളിലെ സിനിമയും ‘ഇരകൾ’ കുടുംബത്തിനുള്ളിലെ ജീവിത നാടകവുമാണ്. 80-90കളിലെ മലയാളി മധ്യവർഗ കുടുംബങ്ങളിലെ പ്രശ്നങ്ങളെ യാഥാർത്ഥ്യബോധ്യത്തോടെ അവതരിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. കാരണം നമ്മുടെ കലയിലും സാഹിത്യത്തിലും യൂറോപ്പ് ഏതാണ്ടുപേക്ഷിച്ച അസ്തിത്വവാദം അരങ്ങുതകർക്കുന്ന കാലം കൂടിയായിരുന്നു അത്. പക്ഷേ ജോർജ് മലയാളി മധ്യവർഗ ജീവിതത്തിന്റെ അസ്തിത്വത്തിന്റെ യഥാർഥ പ്രശ്നങ്ങളെ വിധ്വംസകമായി അവതരിപ്പിച്ചു. ദാമ്പത്യം നരകക്കുഴിയായി മാറിയ നിരവധി ദമ്പതികളെ തന്റെ സിനിമകളിൽ പതിപ്പിച്ചു. കുടുംബഘടന, സദാചാരം എന്നീ സ്റ്റാറ്റസ്കോയെ ജോർജ് തന്റെ സിനിമകളിൽ നിരന്തരം വെല്ലുവിളിച്ചു. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ‘മറ്റൊരാൾ’ (1988) തന്നെ. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലെ മൂല്യ വ്യവസ്ഥയോടാണ് ഈ സിനിമക്കാരൻ നിരന്തരമായി കലഹിച്ചത്, വിമർശനം ഉന്നയിച്ചത്.

ഇരകൾ

അതിനാൽ അദ്ദേഹത്തിന്റെ സിനിമകളിലൊന്നും ‘ശുഭം’ എന്ന പ്ലക്കാർഡുകൾ ഉയർന്നില്ല. ‘ശുഭം’ എന്ന അവസ്ഥ ആ സിനിമകളിൽ ഒരിടത്തമുണ്ടായിരുന്നില്ല എന്നതു തന്നെ കാരണം. തന്റെ സിനിമകളെ തുടർച്ചകൾ എന്ന നിലയിലാണ് ജോർജ് അവതരിപ്പിച്ചത്. ശുഭം പ്ലക്കാർഡ് കാണിച്ച് പൂർണ്ണ വിരാമം (ഫുൾ സ്റ്റോപ്പ്) ഇടാൻ ജോർജിന് തന്റെ കാരിയറിൽ ഒരിക്കലും പറ്റാതെ പോയതും ഇതുകൊണ്ടുതന്നെ. 1976ൽ തന്റെ പ്രഥമ ചിത്രം ‘സ്വപ്നാടന’ ത്തിന് ഈ സംവിധായകൻ കേന്ദ്ര-സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടി. മാനസിക ആരോഗ്യം (രോഗം) നിത്യജീവിത വ്യവഹാരം എന്നിവ മുഖാമുഖം നിൽക്കുന്ന സിനിമയാണിത്. അക്കാലത്ത്, രാജ്യത്ത് അടിയന്തിരാവസ്ഥയായിരുന്നു. എന്തു കൊണ്ടായിരിക്കും സൈക്കളോജിക്കൽ ഡിസോർഡർ എന്ന വിഷയത്തിലൂന്നിക്കൊണ്ട് ജോർജ് അടിയന്തിരാവസ്ഥ കാലത്ത് തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്തത് എന്നതോർക്കുമ്പോൾ ഒരേസമയം രാഷ്ട്രീയവും കലാപരവുമായ മറുപടി ഇന്നതിന് കിട്ടുന്നുണ്ട്. പൊളിറ്റിക്കലി കറക്ടാകുമ്പോൾ ആർട്ടിസ്റ്റിക്കിലി കൂടി കറക്ടാകണമെന്ന മാനിഫെസ്റ്റോ ആദ്യ ചിത്രം മുതലേ അദ്ദേഹം ഉയർത്തിക്കാട്ടിയിരുന്നു എന്നർത്ഥം.

യവനിക പോസ്റ്റർ

ജോർജ് തന്നോടുതന്നെ ചോദിച്ചുകൊണ്ടിരുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങൾ തന്നെയാണ് സ്വന്തം സിനിമകളിൽ അവതരിപ്പിച്ചുപോന്നത്. ആ ശ്രമം സ്വപ്നാടനം മുതലേ കാണാം. എന്നാൽ ഇതേ ജോർജിന് ‘പഞ്ചവടിപ്പാലം’ പോലെ ഒരു സറ്റയർ ചെയ്യാനും കഴിഞ്ഞു. പക്ഷെ അത്തരം ദുർബലമായ സറ്റയറുകൾക്ക് അധികം ആയുസ്സില്ല എന്ന തിരിച്ചറിവ് തന്നെയായിരിക്കണം പിന്നീട് ആ വഴിക്ക് പോകുന്നതിൽ നിന്നും ഈ സിനിമക്കാരനെ തടഞ്ഞത്. നാട്ടിൽ ഹോർഡിംഗ് ആർട്ടിസ്റ്റായി ജോലി ചെയ്യുമ്പോഴും പൂനയിൽ പഠിക്കുമ്പോഴും ഒന്നിനു പിറകെ ഒന്നായി സിനിമയ ചെയ്തുകൊണ്ടിരിക്കുമ്പോഴും സിനിമയുടെ ഭാഷയെക്കുറിച്ച് തന്നെ നിരന്തരമായി ചിന്തിച്ചുകൊണ്ടിരുന്ന, സിനിമക്കായി ജനിച്ചുവീണ ഒരാളായിരുന്നു ജോർജ്. മലയാള സിനിമയുടെ അധികാരഘടനയിൽ ഇടക്കിടെ വന്നുകൊണ്ടിരുന്ന മാറ്റങ്ങളുടെ ഗുണഭോക്താവും ചിലപ്പോൾ അതിന്റെ ഇരയും കൂടിയായി മാറിയ സംവിധായകൻ കൂടിയായിരുന്നു ജോർജ്. ‘ഇലവങ്കോട് ദേശം’ എന്ന ചിത്രം അക്കാലത്തെ മലയാള സിനിമയിലെ ഫോർ‌മുലയിൽ കുടുങ്ങി പ്രതിസന്ധിയിലായ ഒരു ഫിലിം മേക്കറേയാണ് വെളിച്ചത്ത് നിർത്തുന്നത്.

കെ.ജി ജോർജ്, കടപ്പാട്:thesouthfirst

‘കോലങ്ങൾ’, ‘മേള’ പോലുള്ള സിനിമകൾ ജോർജിന് മാത്രം സാധ്യമാകുന്നതായിരുന്നു. നമ്മുടെ എല്ലാ സർക്കസ് ചിത്രങ്ങളേയും ‘മേള’ എങ്ങിനെ പിന്നിലാക്കി എന്നതുതന്നെ ചിന്തിക്കാവുന്നതാണ് (അരവിന്ദന്റെ ‘തമ്പ്’ വിസ്മരിക്കാനാകില്ല). സിനിമ വ്യാവസായിക കലയാണ് എന്നതിൽ ഒരു സംശയവുമില്ല. അതിന്റെ വലിയ സാദ്ധ്യതയും അതിസങ്കീർണ്ണമായ പരിമിതിയും ഒരോപോലെ നേരിട്ട ചലച്ചിത്രകാരൻ കൂടിയാണ് ജോർജ്. സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഒരു ക്ലാസിൽ ഒരു യുവാവ് ചോദിച്ച ചോദ്യവും അതിനോട് അദ്ദേഹം പ്രതികരിച്ചതും ഈ സാധ്യത-പരിമിതിയുടെ വലിയ ഉദാഹരണങ്ങളിലൊന്നായി അനുഭവപ്പെട്ടിരുന്നു.

യുവാവിന്റെ ചോദ്യം: നമ്മുടെ സിനിമകളിൽ കഥാപാത്രങ്ങൾ അതിവേഗം ഓടി രക്ഷപ്പെടേണ്ട സന്ദർഭങ്ങൾ സ്ലോ മോഷനിൽ ചിത്രീകരിക്കുന്നതിന്റെ യുക്തി എന്താണ്?

കെ.ജി ജോർജിന്റെ ഉത്തരം: (അദ്ദേഹം ചോദ്യം കേട്ട് ആദ്യം നന്നായി ചിരിച്ചു. പിന്നെ പ്രതികരിച്ചു). കലയും ജീവിതവും ഒരേ സാധ്യതയിലും പരിമിതിയിലും മുങ്ങി നിൽക്കുകയല്ലേ, നമ്മൾ എന്തു ചെയ്യും?

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read