കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് കേരളീയം സംഘടിപ്പിച്ച ‘മലയാളം ആരുടെ ഭാഷ?’ എന്ന സംവാദത്തിന്റെ പ്രക്ഷേപണം കേൾക്കാം, സംക്ഷിപ്ത പകർപ്പെഴുത്തും വായിക്കാം.
പങ്കെടുക്കുന്നത്: ഭാഷാസാങ്കേതികത, ലിപി രൂപകല്പന എന്നീ മേഖലകളിൽ മൂന്നു ദശാബ്ദമായി പ്രവർത്തിക്കുന്ന കെ.എച്ച് ഹുസൈൻ, മാവിലൻ തുളു ഗോത്രഭാഷയിലും മലയാളത്തിലും കവിത എഴുതുന്ന ധന്യ വേങ്ങച്ചേരി, കവിയും മലയാളം അധ്യാപകനുമായ പി രാമൻ. മോഡറേറ്റർ: വി മുസഫർ അഹമ്മദ് (എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ).
പോഡ്കാസ്റ്റ് ലിങ്ക്:
വി മുസഫർ അഹമ്മദ് (മോഡറേറ്റർ):
കേരളപ്പിറവിയുമായി ബന്ധപ്പെട്ട് നമ്മൾ എല്ലാക്കാലത്തും ചർച്ച ചെയ്യാറുള്ളത് ഭാഷയെക്കുറിച്ചാണ്. സമീപകാലത്ത് പലതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ മലയാളവുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. മൂന്നാം ക്ലാസിലും നാലാം ക്ലാസിലും എത്തുന്ന പല കുട്ടികൾക്കും മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്ന എൻ.സി.ആർ.ടി സർവ്വെ പുറത്തുവന്നു. നമ്മൾ ചർച്ച ചെയ്യുന്ന ഒരു കാര്യം, വലിയ സാങ്കേതികവിദ്യയിലേക്ക് വളർന്നു കഴിഞ്ഞ ഒരു ലോകത്ത് നമ്മുടെ മലയാളം എങ്ങനെയാണ് നിലനിൽക്കുക, അതിജീവിക്കുക എന്നതാണ്. മറ്റൊന്ന് കേരളം മലയാളികളുടെ മാത്രം മാതൃഭൂമിയാണോ എന്നതാണ്. മലയാളം മാതൃഭാഷയായ പല സമൂഹങ്ങളും കേരളത്തിലുണ്ട്. അതിനപ്പുറം ഇതര സംസ്ഥാനങ്ങളിൽ നിന്നും ജോലിക്കായി വന്ന തൊഴിലാളികളും അവരുടെ മക്കളും മലയാള ഭാഷ ഉപയോഗിക്കുന്നുണ്ട്. ഈയൊരു സന്ദർഭത്തിലാണ് മലയാളത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും നമ്മൾ ഇവിടെ ചർച്ച ചെയ്യുന്നത്.
കെ.എച്ച് ഹുസൈൻ:
ഭാഷ അഭിമുഖീകരിക്കുന്ന പ്രശ്ങ്ങളുടെ മാനങ്ങൾ അടുത്തകാലത്ത് ഏറെ മാറിയിട്ടുണ്ട്. ലിപി പരിഷ്ക്കരണവുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്നങ്ങൾ ആവിർഭവിക്കുന്നത്. ഒന്നൊന്നര നൂറ്റാണ്ടോളം, 1970 വരെ വലിയ മാറ്റങ്ങൾക്ക് വിധേയമാകാതെയാണ് മലയാള ലിപി നിലനിന്നിരുന്നത്. ഈ കാലത്താണ് നിരവധി പുസ്തകങ്ങൾ ഉണ്ടാവുന്നതും, ലൈബ്രറി പ്രസ്ഥാനം ശക്തി പ്രാപിക്കുന്നതും, ‘വായിച്ചു വളരുക’ എന്ന മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുക്കുന്നതും. ആ കാലത്തെ ഇല്ലാതാക്കുന്ന തരത്തിലുള്ള പ്രക്രിയയാണ് 1970 ലെ ലിപി പരിഷ്കരണം കൊണ്ട് ഉണ്ടാകുന്നത്. 1970 ന് ശേഷം വിദ്യാർത്ഥി സമൂഹം അഭിമുഖീകരിച്ച പ്രശ്നം, പഴയ തലമുറയിലെ അധ്യാപകർ എഴുതുന്നത് പാഠപുസ്തകത്തിലുള്ള ലിപിയിൽ അല്ല എന്നതാണ്. ഇത് വലിയ ഒരു അങ്കലാപ്പ് ക്ലാസ്മുറികളിൽ സൃഷ്ടിച്ചു. ഇന്ത്യയിലെ അല്ലെങ്കിൽ ലോകത്തിലെ തന്നെ ഒരു ഭാഷയ്ക്കും സംഭവിക്കാത്ത ഒരു പ്രശ്നമാണിത്. പുതിയ ലിപി പഠിച്ച അധ്യാപകർ 1990 കളോടെ വരുന്നു. അപ്പോഴേക്കും മലയാളത്തിന്റെ കമ്പ്യൂട്ടിങ് ആരംഭിക്കുന്നു. പാഠപുസ്തകങ്ങളിൽ തന്നെ വ്യത്യസ്തരീതികളിൽ പരിഷ്‌ക്കരിച്ച ലിപി വരുന്നു. പുസ്തക പ്രസാധകർക്കിടയിലും വർത്തമാന പത്രങ്ങളിലും വ്യത്യസ്ത ലിപികൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇങ്ങനെ ഒരു വ്യവസ്ഥയുമില്ലാത്ത രീതിയിലേക്ക് നമ്മുടെ അക്ഷരങ്ങൾ പോയി. അക്ഷരങ്ങൾ ഉണ്ടായിട്ട് ഏതാണ്ട് 3000 വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ലോകത്തുള്ള 7000 ഭാഷകളിൽ 600 ഭാഷകൾക്ക് മാത്രമേ അക്ഷരങ്ങൾ ഉള്ളൂ. അതിലൊന്നാണ് മലയാളം. എന്നാൽ 1970 കളിൽ വന്ന മാറ്റം നമ്മുടെ സമ്പന്നമായ കൂട്ടക്ഷരങ്ങളെ മോശമായി ബാധിക്കുകയും പല ലിപികൾ ചേർന്ന് കുഴഞ്ഞുമറിഞ്ഞു പോവുകയും ചെയ്തു. ഇത് നമ്മുടെ ഭാഷ അഭിമുഖീകരിക്കുന്ന വലിയ ഒരു പ്രശ്നമാണ്. ഇതിന്റെ ഒരു പരിഹാരം എന്ന നിലയയിലാണ് 1999 ലിൽ ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ചേർന്ന് മലയാളം അതിന്റെ തനതു ലിപിയിലേക്കു മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടത്.
മറ്റൊന്ന്, സർവ ശിക്ഷ അഭിയാനും അതിനു മുമ്പുള്ള സംവിധാനവും 15-20 വർഷങ്ങളായിട്ട് കുട്ടികളെ എഴുതാൻ പഠിപ്പിക്കുന്നില്ല എന്നതാണ്. വാക്കുകൾ എങ്ങനെ വേണമെങ്കിലും എഴുതാം എന്നാണു നയം. ഒരു വിദ്യാഭ്യാസ സെമിനാറിൽ അധ്യാപകൻ പറഞ്ഞത് കുട്ടികൾ എങ്ങനെ വേണമെങ്കിലും എഴുതട്ടെ, അതിൽ ചുവപ്പു മഷി കൊണ്ട് വരയാൻ ഞങ്ങൾ തയ്യാറല്ല എന്നാണ്. ഇത് കേരളത്തിൽ മലയാളത്തിന് മാത്രം സംഭവിച്ച ദുര്യോഗമാണ്. ഇംഗ്ലീഷ് ഉൾപ്പടെ മറ്റു ഭാഷകൾക്കൊന്നും ഇങ്ങനെ ഏതു രീതിയിൽ എഴുതിയാലും അംഗീകരിക്കുന്ന അവസ്ഥ ഇല്ല. എന്നാൽ മലയാളത്തിലേതുപോലെ ശബ്ദത്തിന് അനുരൂപമായ ലിപി സമ്പ്രദായം മറ്റു ഭാഷകളിൽ ഇല്ല എന്നും നമ്മൾ ഓർക്കണം. ഇത്രയും അവ്യവസ്ഥിതമായ ഒരു ബോധന സമ്പ്രദായം ലോകത്ത് വേറെ എവിടെയെങ്കിലും ഉണ്ടോ എന്ന് എനിക്കറിയില്ല.
നമ്മുടെ ഗ്രന്ഥശാലാ പ്രസ്ഥാനം അതിന്റെ എഴുപത്തഞ്ചാം വർഷികമോ മറ്റോ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ സംസ്ഥാനത്ത്, 500 കിലോമീറ്ററിനകത്ത് അതിന് കീഴിൽ 7300 ഓളം ലൈബ്രറികൾ ഉണ്ട്. ഈ സാന്ദ്രത അമേരിക്കയിലോ യൂറോപ്യൻ രാജ്യങ്ങളിലോ പോലുമില്ല. ഈ കണക്കുവച്ചാണ് ഗ്രന്ഥശാലാ പ്രസ്ഥാനം വളരുന്നു എന്ന് നമ്മൾ പറയുന്നത്. വില്ലേജ് ലൈബ്രറിയുടെ എണ്ണം വർദ്ധിക്കുക എന്നാൽ സാക്ഷരതയുടെ വളർച്ച മാത്രമല്ല, വൈജ്ഞാനിക മണ്ഡലവും വികസിക്കുന്നു എന്നാണല്ലോ അർത്ഥം. പത്തു പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് 50 മുതൽ 60 വരെ പുസ്തകങ്ങൾ ലൈബ്രറികളിൽ വൈകുന്നേരങ്ങളിൽ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ രണ്ടോ മൂന്നോ ആളുകളാണ് ലൈബ്രറികളിൽ പുസ്തകം എടുക്കാൻ വരുന്നത്. വളരെ ചുരുക്കം ലൈബ്രറികളിൽ മാത്രമേ മറിച്ചൊരവസ്ഥ ഉള്ളൂ. അതിനു പല കാര്യങ്ങൾ ഉണ്ടാവാം. എന്തിനൊക്കെയോ വേണ്ടി ആർത്തിപിടിക്കുന്ന ഒരു സമൂഹമായി നമ്മൾ മാറിയിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. നമ്മൾ മലയാളത്തിൽ പ്രസിദ്ധീകരിച്ച അറുപതിനായിരത്തിലധികം വരുന്ന പുസ്തകങ്ങളെ ഒന്ന് കാറ്റലോഗ് ചെയ്യാൻ പോലും ലൈബ്രറി കൗൺസിലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് അതിനുള്ള ശ്രമങ്ങൾ 30 കോടിയോളം ചെലവഴിച്ചു തുടങ്ങിയെങ്കിലും എവിടെയും എത്തിയിട്ടില്ല. ഓരോ വർഷവും അച്ചടിച്ചു വരുന്ന പുസ്തകങ്ങളുടെ എണ്ണം നോക്കുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വായന സമൂഹവും വൈജ്ഞാനിക സമൂഹവും നമുക്കുണ്ടാവേണ്ടതാണ്.
നാലാമത്തെ പ്രശനം ഭാഷാ സാങ്കേതികത സംബന്ധിച്ചാണ്. അത് പ്രധാനമായും അക്ഷര സാങ്കേതികതയാണ്. 1999 ൽ രചന അക്ഷരവേദി ഉണ്ടാവുകയും മലയാളത്തിന്റെ തനത് അക്ഷര ലിപി മലയാളം കംപ്യൂട്ടിങ്ങിലേക്ക് കൊണ്ടുവരുകയും ചെയ്തപ്പോൾ ഒരുപാട് എതിർപ്പുകൾ ഉണ്ടായിരുന്നു. ഏറ്റവും എതിർത്തത് സർക്കാരിന്റെ ഏജൻസിയായ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആണ്. എന്നാൽ പിന്നീട് മലയാളത്തിന്റെ തനതു ലിപിയിൽ രചന ഫോണ്ട് ഉപയോഗിച്ച് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തന്നെ പുസ്തകങ്ങൾ ഇറക്കുകയുണ്ടായി. അതോടൊപ്പം 2004 ൽ യൂണികോഡ് മലയാളം വരുന്നു. അതോടെ രചനയ്ക്ക് നേരത്തെ ഉണ്ടായിരുന്ന എതിർപ്പുകൾ ആ സാങ്കേതികത ഇല്ലാതാക്കി. യൂണികോഡിൽ 65000 ലക്ഷം ഫോണ്ടുകൾ വേണമെങ്കിൽ കൈകാര്യം ചെയ്യാൻ പറ്റും. 250 ഓളം ലോക ഭാഷകൾ യൂണികോഡിലേക്കു വരികയും ചെയ്തു. നമ്മുടെ ദേശീയ ഭാഷയായ ഹിന്ദിക്കുപോലും മാർഗദർശനം നൽകാൻ കഴിയുന്ന ഒരു ടെക്നോളജി നമുക്ക് വികസിപ്പിക്കാൻ കഴിഞ്ഞു. ഇങ്ങനെ പോകുമ്പോഴാണ് കഴിഞ്ഞ മാസം പരിഷ്‌ക്കരിച്ച പുതിയ ലിപി എന്ന നിലയിൽ ‘പപ്പു ലിപി’ കൊണ്ടുവന്ന് സർക്കാർ ഒരു പരിഷ്‌ക്കരണം നടത്തുകയും ഏകീകൃത ലിപിക്കകത്ത് വീണ്ടും വിള്ളൽ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നത്. അത് അടുത്ത വർഷം മുതൽ പാഠപുസ്തകങ്ങളിൽ വരും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതുണ്ടാക്കാൻ പോകുന്ന അങ്കലാപ്പ് എന്താണെന്ന് നമുക്കറിയില്ല.
ധന്യ വേങ്ങച്ചേരി:
ഞങ്ങളുടെ ഊരിൽ മലയാളം വളരെ കുറച്ചുമാത്രമേ കേൾക്കുമായിരുന്നുള്ളൂ. വീട്ടിൽ എല്ലാവരും ഗോത്ര ഭാഷയിലാണ് സംസാരിച്ചിരുന്നത്. മലയാളം പരിചയപ്പെടുന്നത് ടെലിവിഷൻ വഴിയാണ്. എന്നാൽ ടെലിവിഷനിൽ പറയുന്ന പലകാര്യങ്ങളും ഉൾക്കൊള്ളാനും പറ്റാറില്ലായിരുന്നു. ഹുസ്സൈൻ മാഷ് പരാമർശിച്ച പൊതു വായനശാലകളും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് സ്കൂൾ ലൈബ്രറി ആയിരുന്നു. എന്റെ ഓർമ്മയിൽ ലൈബ്രറിയിൽ നിന്നും എടുത്തു വായിച്ച ഒരു പുസ്തകം എം.ടി യുടെ ‘മഞ്ഞ്’ മാത്രമാണ്. മലയാളം പഠിക്കാൻ സ്കൂളിൽ അവസരം ഉണ്ടായപ്പോഴേക്കും ഒരുപാട് പേര് കൊഴിഞ്ഞുപോയിരുന്നു. അതിനു കാരണം ഭാഷ മാത്രമായിരുന്നില്ല. പല സാഹചര്യങ്ങളും അതിലേക്കു നയിച്ചു എന്നുപറയാം. എന്നാൽ പ്രധാന കാരണം ഭാഷ തന്നെയാണ്. കുട്ടികൾ ഗോത്ര ഭാഷ സംസാരിക്കുന്നതുകൊണ്ട് അവരെ സ്കൂളിൽ അയക്കാൻ രക്ഷിതാക്കൾക്ക് മടി ആയിരുന്നു. മനസ്സിലാകുന്ന ഭാഷയിൽ ബോധനം കിട്ടാതെ വന്നതുകൊണ്ട് സ്കൂളിൽ പോവുക എളുപ്പമല്ലായിരുന്നു. നമ്മുടെ ഇടയിലുള്ള കുട്ടികളെ അധ്യാപകർ കൈകാര്യം ചെയ്യുന്ന രീതിയും ഒരു പ്രശ്നമായിരുന്നു. അട്ടപ്പാടിയിലെ ഗോത്ര വിഭാഗത്തിലെ കുട്ടികൾ ഭാഷ മനസ്സിലാകാതെ വിപരീതരീതിയിൽ പ്രതികരിക്കുന്നത് ഒരു ഡോക്യുമെന്ററിയിൽ ഈ അടുത്തകാലത്ത് കാണാൻ ഇടയായി.
ഗോത്രഭാഷകൾ വാമൊഴിയായിട്ടാണ് അധികവും നിലനിൽക്കുന്നത്. എന്നാൽ ഈ അടുത്തകാലത്ത് ഗോത്ര ഭാഷയെ അടയാളപ്പെടുത്തുന്ന പുതിയ കൃതികൾ വരുന്നുണ്ട്. ഗോത്രഭാഷയെ അംഗീകരിക്കാനും തിരിച്ചറിയാനും ഈ ഇടപെടലുകൾ കാരണമായി. ഇപ്പോൾ ഗോത്ര ഭാഷയും മലയാളത്തോട് കൂട്ടിച്ചേർത്തു വായിക്കുന്ന അവസ്ഥയാണുള്ളത്. ഗോത്രഭാഷയിലെ എഴുത്തുകൾ മലയാളത്തെ ആശ്രയിച്ചാണ് ഇപ്പോൾ നിൽക്കുന്നത്. അങ്ങനെയാണ് അത് കൂടുതൽ വായിക്കപ്പെടുന്നത്. എന്നാൽ ഗോത്രഭാഷയിലെ എല്ലാ വാക്കുകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ പറ്റണമെന്നില്ല. അതിന് തതുല്യമായ വാക്കോ ലിപിയോ മലയാളത്തിൽ ഇല്ലാതാവുമ്പോൾ ആ വാക്ക് ഞാൻ കവിതയിൽ നിന്നും മറ്റു രചനകളിൽ നിന്നും ഒഴിവാക്കുകയാണ് ചെയ്യുന്നത്. പകരം എല്ലാവർക്കും മനസ്സിലാവുന്ന വാക്ക് കണ്ടെത്തുകയാണ് ചെയ്യുന്നത്. പലപ്പോഴും വിവർത്തനം വായിച്ച ശേഷമായിരിക്കാം പലരും ഗോത്രഭാഷയിലുള്ള എഴുത്തിനെ ശ്രദ്ധിക്കുന്നത്. ഞങ്ങളുടെ കൃതികളെ മനസ്സിലാക്കാൻ മറ്റൊരു ഭാഷ വേണ്ടിവരുന്നു.
ഞാൻ പല ആളുകളോടും ചോദിച്ചിട്ടുണ്ടായിരുന്നു, എങ്ങനെയായിരുന്നു സ്വന്തമല്ലാത്ത ഒരു ഭാഷ വിദ്യാലയങ്ങളിൽ കേൾക്കേണ്ടിവരുമ്പോഴുള്ള അനുഭവം എന്ന്. പലർക്കും ഓർത്തെടുക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. പലരും ഭാഷ കാരണം സ്കൂളിൽ നിന്നും അകന്നു നിൽക്കുകയും പഠനം ഉപേക്ഷിക്കുകയുമാണ് ചെയ്തത്. മാത്രവുമല്ല, സ്കൂളിൽ നിന്നും ഈ പുതിയ ഭാഷയിലൂടെ അറിയുന്ന പല കാര്യങ്ങളും പുതിയ അറിവുകളാണ്. അതൊക്കെ ഞങ്ങളുടെ ഭാഷയിൽ തന്നെ അറിയാൻ പറ്റിയിരുന്നെങ്കിൽ കൂടുതൽ അറിഞ്ഞു പഠിക്കാൻ പറ്റുമായിരുന്നു. നമ്മളുടെ ഇടയിലെ കുട്ടികൾക്ക് പത്താം ക്ലാസ്സിൽ എത്തിയിട്ടുപോലും മലയാളം കൂട്ടിവായിക്കാനോ എഴുതാനോ കഴിയുന്നില്ല. ഞങ്ങളുടെ രക്ഷിതാക്കൾക്ക് കുട്ടികൾ വീട്ടിലെത്തിയാൽ അവർക്കു വേണ്ട പാഠങ്ങൾ പറഞ്ഞുകൊടുക്കാൻ കഴിയുകയുമില്ല.
വിവിധ ഗോത്ര ഭാഷയിലെ ആവിഷ്ക്കാരങ്ങൾക്ക് മലയാളത്തെ ആശ്രയിക്കാതെ നിലനിൽക്കാൻ പറ്റുമോ എന്നുള്ളതാണ് മറ്റൊരു പ്രധാന ചോദ്യം. ഗോത്രഭാഷയിലെ രചനകളെ വലിയൊരു വിഭാഗം ജനങ്ങളിലേക്ക് എത്തിക്കാൻ മലയാളം സഹായിക്കുന്നു എന്നത് വലിയ കാര്യം തന്നെയാണ്. പക്ഷെ അതിനു മലയാളം തന്നെ വേണമെന്നില്ല. എന്നാൽ ആദിവാസികൾക്ക് അവരുടെ ഗോത്രഭാഷ തന്നെ നഷ്ടമാകുന്നു എന്നതാണ് യാഥാർത്ഥ്യം. ഭാഷ കാരണം നാണക്കേടും ജാതീയമായ അധിക്ഷേപങ്ങളും നേരിടേണ്ടി വരുന്ന അവസ്ഥയുണ്ട്. അങ്ങനെ മലയാളത്തെ കൂടുതൽ സ്നേഹിക്കുകയും ഗോത്രഭാഷ ഉപേക്ഷിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവുന്നു. ആരെങ്കിലും തുളു ഭാഷ സംസാരിച്ചാലും മലയാളത്തിൽ മറുപടി പറയാൻ തുടങ്ങും. പുതു തലമുറയിലെ കുട്ടികൾക്ക് മാതൃഭാഷ സംസാരിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇപ്പോൾ ഞങ്ങളുടെ ഭാഷ നിലനിൽക്കുന്നത് തനതു കലകളിലും വാമൊഴി പാട്ടുകളിലും വൈദ്യത്തിലും ഒക്കെയാണ്.
ഗോത്ര വിഭാഗത്തിലെ കുട്ടികളെ പഠിപ്പിക്കാൻ ഗോത്ര ബന്ധു പോലുള്ള സംവിധാനങ്ങൾ ഉണ്ട്. കിർത്താഡ്‌സ് പോലുള്ള സ്ഥാപനങ്ങൾ പല ഗോത്ര ഭാഷകളുടെയും ലിപികൾ കണ്ടെത്തുകയും പണിയ, കൊറഗ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ ഭാഷയെ മുൻനിർത്തി പാഠഭാഗങ്ങൾ ഉണ്ടാക്കുകയും ചെയ്തത് കണ്ടിട്ടുണ്ട്. ഇത് കൃത്യമായി കുട്ടികൾക്ക് കിട്ടുന്നുണ്ടോ, അവർക്കു സഹായപ്രദമാകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പ്രധാനമാണ്. ഗോത്രഭാഷയിൽ പുതിയ എഴുത്തുകാർ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതൊക്കെ നല്ല കാര്യമാണ്. പട്ടാമ്പി കവിത കാർണിവലിൽ വച്ചാണ് അശോകൻ മറയൂരിനെ കാണുന്നതും ഗോത്രഭാഷയിൽ കവിത വായിക്കുന്നത് കേൾക്കുന്നതും. ആ അനുഭവം എനിക്ക് ഒരുപാട് ആത്മവിശാസം നൽകി. ആ അനുഭവം എന്റെ എഴുത്തിനെ ഒരുപാട് സഹായിച്ചിട്ടുണ്ട്.
പി രാമൻ:
മലയാളത്തെക്കുറിച്ച് സംസാരിക്കുമ്പോൾ മൂന്ന് തരത്തിൽ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഒന്ന് ഒരു ദൈനംദിന വ്യവഹാര ഭാഷ എന്ന നിലയിൽ, രണ്ടാമത്തേത് ബോധന ഭാഷ അല്ലെങ്കിൽ അക്കാദമിക വ്യവഹാര ഭാഷ എന്ന നിലയിൽ, മൂന്നാമത്തേത് സാഹിത്യ ഭാഷ എന്ന നിലയിൽ. ദൈനംദിന വ്യവഹാര ഭാഷ എന്ന നിലയിൽ മലയാളത്തെ കുറിച്ച് പറയുമ്പോൾ, കൊളോണിയൽ ബാധയൊക്കെ പേറുന്ന മലയാളി സൈക്കിനെ സംബന്ധിച്ചിടത്തോളം ഒരു നിവൃത്തികേടിന്റെ ഭാഷയാണ് മലയാളം. എന്നാൽ ഗോത്രഭാഷകളെ മലയാളം വിഴുങ്ങുന്നതുപോലെ വേറൊരു ഭാഷ ദൈനംദിന വ്യവഹാര ഭാഷ എന്ന നിലയിൽ മലയാളത്തെ വിഴുങ്ങുന്നില്ല. ഒരു നിവൃത്തികേടിന്റെ ഭാഷയായി മലയാളി ദൈനംദിന വ്യവഹാരത്തിൽ അത് സഹിക്കുന്നു. മാത്രവുമല്ല ആ മേഖലയിൽ മലയാളം വളർന്നുകൊണ്ടും വികസിച്ചുകൊണ്ടിരിക്കുകയുമാണ്. മലയാളം സംസാരിക്കുന്ന പുതിയ വിഭാഗങ്ങൾ, അകേരളീയരായ പല ആളുകളും ഇവിടെ വരികയും മലയാളം സംസാരിക്കുകയും ചെയ്യുന്നുണ്ട്. എന്റെ വിദ്യാലയത്തിൽ തന്നെ മറ്റു സംസ്ഥാനത്തിലെ തൊഴിലാളികളുടെ മക്കളുണ്ട്. അവർക്ക് അവരുടെ ഭാഷ എഴുതാനും വായിക്കാനും അറിയില്ല. അവർക്ക് മലയാളം മാത്രമേ അറിയൂ. രണ്ടാമത്തെ കാര്യം, പ്രാദേശികതയ്ക്ക് വലിയ പ്രാധാന്യം കിട്ടുന്നു എന്നുള്ളതാണ്.
ഇനി സാഹിത്യ ഭാഷ എന്ന നിലയിൽ എടുത്താലും മലയാളം തളർന്നിട്ടില്ല എന്നുതന്നെയാണ് എനിക്ക് തോന്നുന്നത്. പ്രധാനപ്പെട്ട ഒരു മാറ്റം, സംസ്കൃതത്തിന്റെ പിടി കുറയുകയും മലയാളം അതിന്റെ ദ്രാവിഡീയത പതുക്കെ പതുക്കെ വീണ്ടെടുക്കുകയും ചെയ്യുന്നുണ്ട് എന്നതാണ്. പ്രാദേശികതകളൊക്കെ സാഹിത്യ ഭാഷ സ്വാശീകരിച്ചു കഴിഞ്ഞിട്ടുമുണ്ട്. ഇത് കുറച്ചു വർഷം മുൻപ് ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്. സംസാര ഭാഷയും സാഹിത്യ ഭാഷയും തമ്മിൽ നേരത്തെ ഉണ്ടായിരുന്ന അത്രയും വിടവ് ഇന്നില്ല. ഇതൊരു പ്രധാനപ്പെട്ട ഒരു മാറ്റമാണ്, വളർച്ചയുമാണ്.
ഇനി ബോധന ഭാഷയുടെ കാര്യമെടുക്കാം. അവിടെയാണ് പ്രശ്നം നിലനിൽക്കുന്നത്. അക്കാദമിക വ്യവഹാര ഭാഷ എന്ന നിലയിൽ മലയാളം അതേ വളർച്ച നിലനിർത്തുന്നില്ല. ബോധന ഭാഷ എന്ന നിലയിൽ കൊളോണിയൽ ഭൂതകാലമുള്ള മലയാളിയെ സംബന്ധിച്ചിടത്തോളം വേറെ ഓപ്ഷൻ ഉണ്ട്. അങ്ങനെ ആ രംഗത്ത് മലയാളം ഒരു സംരക്ഷിത ഭാഷയായി നിൽക്കുകയാണ്. മലയാളത്തെ സർക്കാർ ഒന്നാം ഭാഷയായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും മലയാളം എല്ലാ വിദ്യാലയങ്ങളിലും പഠിപ്പിക്കുന്നുണ്ടോ? ഞാൻ സർക്കാർ പൊതുവിദ്യാലയത്തിൽ പഠിപ്പിക്കുന്ന ഒരു അധ്യാപകനാണ്. പി കുഞ്ഞിരാമൻ നായർ അടക്കം പല പ്രമുഖരും പഠിച്ചുപോയ വിദ്യാലയമാണ്. എന്റെ സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ്സുവരെ മലയാളം അല്ല, സംസ്കൃതവും അറബിയുമാണ് കുട്ടികൾ പഠിക്കുന്നത്. മലയാളം രണ്ടാം ഭാഷയായിട്ടുപോലും പഠിക്കുന്നില്ല. ഇത്തരത്തിലുള്ള നാല്പത്തഞ്ചോളം പൊതു വിദ്യാലയങ്ങൾ കേരളത്തിൽ ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്.
ഗോത്രഭാഷകളെ സംബന്ധിച്ചിടത്തോളം ദൈനംദിന വ്യഹാരം എന്ന നിലയിൽ തന്നെ അപകടത്തിലാണ്. മലയാളം ഗോത്രഭാഷകളെ വിഴുങ്ങുന്ന സാഹചര്യത്തെക്കുറിച്ച് ധന്യ സൂചിപ്പിച്ചു. എന്നാൽ ഇരുള, മുതുവാൻ പോലുള്ള ഭാഷകൾ ഇന്നും ദൈനംദിന വ്യവഹാര ഭാഷ എന്ന നിലയിൽ ശക്തമായി നിൽക്കുന്നുമുണ്ട്. മുമ്പില്ലാത്ത രീതിയിൽ സാഹിത്യ ഭാഷ അവിടെ വികസിച്ചു വരുന്നുമുണ്ട്. മലയാളം മാത്രമല്ല മുപ്പത്തിയഞ്ചിലേറെ ഗോത്രഭാഷകൾ കൂടി ചേർന്നതാണ് കേരളം എന്നുള്ള കാഴ്ചപ്പാട് കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഉണ്ടായിവന്നിട്ടുണ്ട്. ഇത് പ്രധാനപ്പെട്ട ഒരു വീക്ഷണ വ്യതിയാനമാണ്. എന്നാൽ അക്കാദമിക വ്യവഹാര ഭാഷ എന്ന നിലയിൽ കൂടി ഗോത്രഭാഷ അടയാളപ്പെടേണ്ടതുണ്ട്. കിർത്താഡ്‌സൊക്കെ മുതുവാൻ ഭാഷയിലും മറ്റും ചെറിയ ക്ലാസ്സിലേക്ക് പാഠപുസ്തകങ്ങൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഇതൊക്കെ കുട്ടികളിൽ എത്തുന്നുണ്ടോ, അധ്യാപകർ പഠിപ്പിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും വേണ്ട രീതിയിൽ പരിശോധിക്കപ്പെടുന്നില്ല.
ബോധന മാധ്യമം എന്ന രീതിയിൽ മലയാളം നേരിടുന്ന കുറേ പ്രശ്നങ്ങൾ ഉണ്ടാവുന്നത് വ്യവസ്ഥ അത് ആഗ്രഹിക്കുന്നില്ല എന്നുള്ളതുകൊണ്ടുകൂടിയാണ്. ഒന്നാം ഭാഷയായി മലയാളത്തെ പ്രഖ്യാപിച്ചത് ആത്മാർത്ഥതയില്ലാത്ത ഒരു പ്രഖ്യാപനം മാത്രമായിരുന്നു. ഹയർ സെക്കന്ററി സ്കൂളിലെ മലയാളം അധ്യാപകൻ എന്ന രീതിയിൽ വലിയ അപമാനം നേരിട്ടുള്ള ഒരാളാണ് ഞാൻ. അവിടെ മറ്റു ഭാഷകൾക്കിടയിലെ ഒരു രണ്ടാം ഭാഷ മാത്രമാണ് മലയാളം. ഈ രണ്ടാം ഭാഷയിലെ അധ്യാപക നിയമനം കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ്. എത്ര കുട്ടികൾ മലയാളം പഠിക്കാൻ ഉണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകരുടെ തസ്തിക നിർണ്ണയിക്കപ്പെടുന്നത്. ഇങ്ങനെ പോസ്റ്റ് നിലനിർത്താൻ വേണ്ടി മാർക്ക് വല്ലാതെ കൂട്ടിയിടുന്ന ഒരു പ്രവണത എല്ലാ രണ്ടാം ഭാഷ പരീക്ഷകളിലും കുറേ നാളായി നടക്കുന്നുണ്ട്. അപ്പോൾ പഠിക്കാൻ കുട്ടികൾ വരും, തസ്തിക നിലനിൽക്കും. ഉദ്യോഗസ്ഥർക്കെല്ലാം ഈ യാഥാർത്ഥ്യം അറിയാം. എന്നാൽ ഇതിൽ എന്തെങ്കിലും ഒരു തിരുത്തൽ വരുത്താൻ ഇത്രകാലമായിട്ടും അവർ തയ്യാറായിട്ടില്ല. ഇത് ഇങ്ങനെ തുടരുന്ന കാലത്തോളം കുട്ടികളും രക്ഷിതാക്കളും ഏറ്റവും കുറഞ്ഞ അധ്വാനം കൊണ്ട് മാർക്ക് നേടാൻ കഴിയുന്ന ഭാഷ മാത്രമേ എടുക്കുകയുള്ളൂ. അങ്ങനെ സിസ്റ്റത്തിനും കുട്ടിക്കും പൊതുസമൂഹത്തിനും മലയാളത്തെ ആവശ്യമില്ലാതായിരിക്കുന്നു.
വേറൊരു കാര്യം, മുമ്പ് മുന്നോക്ക വിഭാഗത്തിലെ കുട്ടികൾ അധികവും രണ്ടാം ഭാഷയായി തിരഞ്ഞെടുക്കുക ഹിന്ദിയും സംസ്കൃതവുമാണ്. മുസ്ലിം കുട്ടികളിൽ അമ്പതു ശതമാനം അറബിയും ബാക്കി ഹിന്ദിയും മലയാളവും എടുക്കും. ഒ.ബി.സി വിഭാഗം മൂന്നായി തിരിയും, സംസ്കൃതവും ഹിന്ദിയും മലയാളവും. എസ്.സി വിഭാഗം ഒരു ഇരുപതു വർഷം മുൻപ് 90 ശതമാനവും മലയാളം ആയിരുന്നു രണ്ടാം ഭാഷയായി തിരഞ്ഞെടുത്തിരുന്നത്. ഇപ്പോൾ മുന്നോക്ക വിഭാഗത്തിലെ കുട്ടികൾ പഴയതുപോലെ സംസ്കൃതവും ഹിന്ദിയും തുടരുന്നു. മുസ്ലിം കുട്ടികൾ ഇപ്പോൾ 80 ശതമാനവും അറബിയാണ് തെരഞ്ഞെടുക്കുന്നത്. ഒ.ബി.സി വിഭാഗം വലിയ മാറ്റമില്ലാതെ പഴയപോലെ തുടരുന്നു. എസ്.സി വിഭാഗത്തിലെ കുട്ടികൾ ഇന്ന് 70 ശതമാനം മാത്രമേ മലയാളം എടുക്കുന്നുള്ളൂ. ബാക്കി കുട്ടികൾ മിക്കവരും സംസ്കൃതം ആണ് എടുക്കുന്നുന്നത്. ഭാഷകൾ തെരഞ്ഞെടുക്കുന്നതിന് പിന്നിലെ രാഷ്ട്രീയത്തെക്കുറിച്ചാണ് ഞാൻ സൂചിപ്പിക്കുന്നത്. ആധികാരികമായ ഒരു കണക്കല്ല എങ്കിൽകൂടി ഇത് പഠിക്കേണ്ട ഒരു വിഷയമാണ്.
ഉപസംഹാരം
കെ.എച്ച് ഹുസൈൻ:
ധന്യയുടെ വാക്കുകൾ കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. സ്വന്തം ഭാഷയിലെ ചില ശബ്ദങ്ങൾക്ക് മലയാളത്തിൽ ലിപിയില്ല എന്നതുകൊണ്ട് മനസ്സിൽ തോന്നിയ കാര്യം എഴുതാൻ കഴിയുന്നില്ല എന്നത് വളരെ ഖേദകരമാണ്. സമാനമായ രീതിയിലുള്ള ഈ പ്രശ്നത്തെ നേരിടാൻ നടന്ന രണ്ടു ശ്രമങ്ങളിൽ ഒന്ന് അറബി മലയാളം ആണ്. മലയാളം സിറിയക് ഭാഷയിലെഴുതുന്നതാണ് മറ്റൊന്ന്. രണ്ടും സെമറ്റിക് ഭാഷകളാണ്. മലയാളത്തിലില്ലാത്ത പന്ത്രണ്ടോളം ശബ്ദങ്ങൾ അറബിയിലുണ്ട്. ഈ ശബ്ദങ്ങളെ കൊണ്ടുവരാനായി അറബി മലയാളം ലിപികളുണ്ടായി. ഈ പ്രശ്നം ഗോത്രഭാഷയിൽ നിലനിൽക്കുന്നു എന്ന് മനസ്സിലായത് ധന്യ സംസാരിച്ചപ്പോഴാണ്. ധന്യയുടെയും മറ്റു സമുദായങ്ങളിലെയും വളരെ വ്യത്യസ്തമായ ശബ്ദങ്ങൾ മലയാളത്തിൽ ഉപയോഗിക്കാൻ വേണ്ടി അറബി മലയാളത്തിൽ ചെയ്തപോലെ യൂണികോഡിൽ തന്നെ ഒരു പ്രത്യേക സെറ്റ് ലിപി രൂപങ്ങൾ രൂപകൽപ്പന ചെയ്യാൻ കഴിയും. അതിനുള്ള പ്രവർത്തനങ്ങൾ നമുക്ക് ചെയ്യാവുന്നതാണ്. അല്ലെങ്കിൽ നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന, അടുത്ത തലമുറയ്ക്ക് കൈമാറാൻ ശ്രമിക്കുന്ന പല വിലപ്പെട്ട വിവരങ്ങളും പിന്നീട് നഷ്ടപ്പെട്ടുപോയേക്കാം .
പി രാമൻ:
നേരത്തെ സൂചിപ്പിച്ച എന്റെ വിദ്യാലയത്തിലെ വിഷയം എന്റെ നാട്ടിൽ തന്നെ പൊതുജന ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ മറ്റു പല പ്രശ്നങ്ങളും ഉണ്ടായി. അഞ്ചു മുതൽ പത്തുവരെ മലയാളം എല്ലാവരും പഠിക്കണം എന്ന് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മുസ്ലിമിന്റെ ഭാഷ അറബി, ഹിന്ദുവിന്റെ ഭാഷ സംസ്കൃതം എന്ന നിലയിലായിരുന്നു പ്രതികരണം. അപ്പോൾ മലയാളം ആർക്കു വേണം? മലയാളം ആരുടേതുമല്ലാത്ത ഒരു ഭാഷയായിട്ടാണ് പൊതുസമൂഹം കാണുന്നത്.
ഇത്രയും നേരം ഞാൻ അശോകൻ മറയൂരിനെ ഓർക്കുകയായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവനെ ഞാൻ കാണുന്നത്. അന്ന് അശോകൻ കവിത എഴുതി എന്നെ കാണിക്കുമായിരുന്നു. അവന്റെ കവിത അന്നും ഏറെ മനോഹരമായിരുന്നു. പക്ഷെ മലയാളം എഴുതുമ്പോൾ ഏറെ തെറ്റുകൾ വരുമായിരുന്നു. പിന്നീടാണ് എനിക്ക് മനസിലായത് മലയാളം അശോകനെ സംബന്ധിച്ച് രണ്ടാം ഭാഷ പോലുമല്ല എന്ന്. അവിടെ രണ്ടാം ഭാഷ തമിഴ് ആണ്. മൂന്നാം ഭാഷയിൽ എഴുതുമ്പോൾ സ്വാഭാവികമായും തെറ്റുകൾ വരും. പിന്നീട് ഞങ്ങളുടെ സംഭാഷണത്തിന്റെ ഒരു ഘട്ടത്തിൽ ആണ് മുതുവാൻ ഭാഷയിൽ തന്നെ എഴുതിക്കൂടെ എന്ന ചിന്ത ഉണ്ടായത്. അപ്പോൾ അശോകൻ രണ്ടു ചോദ്യങ്ങൾ ചോദിച്ചു. മുതുവാൻ ഭാഷയിൽ എഴുതിയാൽ എന്റെ കമ്മ്യൂണിറ്റിയിൽ ആര് വായിക്കും? മുതുവാൻ ഭാഷയ്ക്ക് ലിപിയില്ലാത്തതുകൊണ്ട് ഏതു ഭാഷയിൽ അത് എഴുതും? ഗോത്ര സമൂഹത്തിലെ അടുത്ത തലമുറയെങ്കിലും ഗോത്രഭാഷയിൽ എഴുതുന്നത് വായിക്കും എന്ന പ്രതീക്ഷ അവനുണ്ട്. അങ്ങനെ മുതുവാൻ ഭാഷയിൽ എഴുതാൻ തുടങ്ങി. എഴുതാൻ വലിയ ബുദ്ധിമുട്ടില്ലായിരുന്നു. പക്ഷെ എഴുതിയത് പ്രിന്റ് ചെയ്യാൻ നേരത്ത് മുതുവാൻ ഭാഷയിലെ ശബ്‍ദങ്ങൾക്കനുസൃതമായി മലയാള ലിപികൾ എങ്ങനെ നിരത്തും എന്നത് വലിയ പ്രശ്നമായിരുന്നു.
വി മുസഫർ അഹമ്മദ് (മോഡറേറ്റർ)
ഭാഷാ പ്രവർത്തനങ്ങളെ തന്നെ മുന്നോട്ടുകൊണ്ടുപോകുന്ന, കേരളത്തിന് അകത്തുള്ള മറ്റ് ഭാഷാ സമൂഹങ്ങളോട് മലയാളം മുഖാമുഖം നിൽക്കുമ്പോഴുള്ള പ്രശ്നങ്ങളെക്കൂടി ഉയർത്തിക്കൊണ്ട് ഈ ചർച്ച കൂടുതൽ സർഗാത്മകമായ ഭാഷാപ്രവർത്തനങ്ങളുടെ വേദിയായി മാറട്ടെ എന്ന് പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു. നന്ദി.