പത്ത് കൊടും വഞ്ചനകൾ: പത്ത് – രാജ്യദ്രോഹം മതപരമാക്കുന്നു

വാഗ്ദാനം ചെയ്തത്

ധർമ്മം പുനഃസ്ഥാപിക്കുക.

എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്?

ധർമ്മത്തിന്റെ ശരിയായ അർത്ഥം ‘നീതി ‘ എന്നാണ്. ധർമ്മം സ്ഥാപിക്കുക എന്നാൽ നീതി നടപ്പിലാക്കുക എന്നാണ്. എന്നാൽ ബി.ജെ.പി എന്താണ് ചെയ്യുന്നത്? മതത്തിന്റെ പേരിൽ രാഷ്ട്രീയത്തിൽ ഇടപെടുകയാണ് ബി.ജെ.പി. അത് മതങ്ങൾക്കിടയിൽ സംഘർഷം വളർത്തുന്നു. ജാതികൾക്കിടയിൽ തർക്കങ്ങൾക്ക് ആക്കം കൂട്ടുന്നു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി കുഴപ്പങ്ങൾ ഉണ്ടാക്കുന്നു. ഇത് ധർമ്മമല്ല; ഇത് ജനങ്ങൾക്കെതിരായ രാജ്യദ്രോഹമാണ്. ഇത് അധർമ്മമാണ്.

വൻ കോർപ്പറേറ്റുകളുമായുള്ള ബി.ജെ.പിയുടെ സഖ്യങ്ങൾ, കോർപ്പറേറ്റ് താല്പര്യങ്ങളാൽ നിർണയിക്കപ്പെടുന്ന അതിന്റെ നയങ്ങൾ, സ്വന്തം നേട്ടത്തിനായി ആളുകളെ കൗശലം കൊണ്ട് സ്വാധീനിക്കുന്ന രീതികൾ, കൂടാതെ പ്രധാനമായും അതിന്റെ കെടുകാര്യസ്ഥതയും പൊതു ഫണ്ടുകളും ബോണ്ടുകളും വഴിയുള്ള കൊള്ളയും – ഇതിൽ നിന്നെല്ലാം ജനശ്രദ്ധയെ മറ്റൊന്നിലേക്ക് വഴിമാറ്റേണ്ടിയിരിക്കുന്നു. നിന്ദ്യമായ പ്രവർത്തികൾക്കിടയിലും ജനങ്ങൾ നൽകുന്ന പിന്തുണ തുടരുമെന്ന് ഉറപ്പാക്കാൻ ബി.ജെ.പി മതത്തിന്റെ മൂടുപടത്തെ തീവ്രമായി ആശ്രയിക്കുന്നു.

പൗരത്വഭേദഗതി നിയമവും ദേശീയപൗരത്വ രജിസ്റ്ററും നടപ്പാക്കി മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വത്തെ തരംതിരിക്കുന്ന ദുഷ്പ്രവണത നിയമവിധേയമാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. വിവിധ മതവിഭാഗങ്ങൾക്കിടയിൽ മതിലുകൾ കെട്ടി ചിലരെയൊക്കെ രണ്ടാംതരം പൗരന്മാരായി നിശ്ചയിക്കുകയും മറ്റുള്ളവരിൽ നിന്ന് വേർതിരിക്കുകയും ചെയ്യുന്ന മനുഷ്യത്വരഹിതവും നീചവുമായ ചിന്താഗതിയാണ് അവർക്കുള്ളത്.

വസ്തുതകളെ വെളിപ്പെടുത്താൻ പരിശ്രമിക്കുന്നവരുടെ സ്വരങ്ങളെ ക്രൂരമായി അടിച്ചമർത്തിക്കൊണ്ട്, കേന്ദ്രസർക്കാർ ഒരു സ്വേച്ഛാധിപത്യ അധികാരകേന്ദ്രമായി ഉയർന്നുവരികയാണ്. കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരെപ്പോലുള്ള പല ഭിന്നാഭിപ്രായക്കാരുടെയും ചോരക്കറ പൂണ്ടതാണ് അവരുടെ കൈകൾ. ഫാദർ സ്റ്റാൻസ്വാമി, ആനന്ദ് തെൽതുംദെ, വരവര റാവു, പ്രൊഫ. ജി.എൻ സായിബാബ, ഉമർ ഖാലിദ് തുടങ്ങിയ സാമൂഹ്യനീതിക്കായി ശക്തമായി പോരാടിയ പലരെയും അന്യായമായി തടവിൽ വയ്ക്കുകയും നിശ്ശബ്ദരാക്കുകയും ചെയ്തു. ഫാദർ സ്റ്റാൻ സ്വാമി രോഗബാധിതനായപ്പോൾ അദ്ദേഹത്തിന് ആവശ്യമായ അടിസ്ഥാന മെഡിക്കൽ ശുശ്രൂഷയും മറ്റ് സൗകര്യങ്ങൾ പോലും നിഷേധിക്കുകയുണ്ടായി. ജയിലിൽ വെച്ചുള്ള അദ്ദേഹത്തിന്റെ മരണത്തിലേക്ക് ഇത് നയിച്ചു.

പ്രതിപക്ഷ നേതാക്കളുടെ പാർപ്പിടങ്ങൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവ ഐ.ടി/ഇ.ഡി/സി.ബി.ഐ എന്നിവയാൽ റെയ്ഡ് ചെയ്യപ്പെടുകയാണ്, സ്വന്തം പാർട്ടികളെ ഉപേക്ഷിച്ച് ബി.ജെ.പിയിലേക്ക് ചേക്കേറാൻ ഇതവരിൽ സമ്മർദ്ദം ചെലുത്തുന്നു.

പാർലമെൻറിൽ സംവാദം നടത്താതെ നിയമങ്ങൾ പാസാക്കുന്നു. ചോദ്യങ്ങൾ ചോദിക്കുന്ന പ്രതിപക്ഷ എം.പിമാർ പുറത്താക്കപ്പെടുന്നു, നിശ്ശബ്ദരാക്കപ്പെടുന്നു. ജനാധിപത്യം അടിച്ചമർത്തപ്പെടുന്നു. പ്രതിപക്ഷം ഇല്ലാത്ത ഒരു നിയമനിർമ്മാസഭയെയാണ് ബി.ജെ.പി സ്വപ്നം കാണുന്നത്.

ബജ്റം​ഗദൾ പ്രവർത്തകരുടെ രാമനവമി ഘോഷയാത്ര. കടപ്പാട്:scroll

ഇതിന്റെ കാരണങ്ങൾ

ബി.ജെ.പിയും അതുമായി ബന്ധപ്പെട്ടിരിക്കുന്ന സംഘപരിവാരവും ജനാധിപത്യ വ്യവസ്ഥയേയോ ഈ രാജ്യത്തിന്റെ ഭരണഘടനയേയോ പിന്തുടരുന്നവരല്ല.

എം.പിയായ ആനന്ദ് കുമാർ ഹെഗ്ഡെ പല മീറ്റിങ്ങുകളിലും ഇപ്രകാരം നേരിട്ട് പ്രസ്താവിച്ചിട്ടുണ്ട്, “ഭരണഘടനയെ മാറ്റുക, അതാണ് ഞങ്ങളുടെ ലക്ഷ്യം.” ഹിന്ദുത്വയുടെ പേരിൽ മനുസ്മൃതിയെ പുനഃസ്ഥാപിക്കുകയാണ് അടിസ്ഥാനപരമായി അവർ ലക്ഷ്യമാക്കുന്നത്. കൂടാതെ ഹിന്ദു പാരമ്പര്യത്തിന്റെ പേരിൽ ഭരണഘടനയെ പൊളിച്ചെഴുതി സമ്പൂർണ അധികാരം സ്ഥാപിച്ചെടുക്കലുമാണ്.

ഇന്ത്യൻ ഭരണഘടന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സാമൂഹ്യനീതി എന്നീ തത്വങ്ങൾ ഉൾക്കൊള്ളുന്നു. ബി.ജെ.പി ഈ തത്വങ്ങളെയെല്ലാം എതിർക്കുന്നു. ജനങ്ങൾ, മാധ്യമങ്ങൾ, പ്രതിപക്ഷകക്ഷികൾ, ജനാധിപത്യവാദികൾ എന്നിവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തുന്നു. സാമ്പത്തികവും സാമൂഹികവുമായ സമത്വം, ക്ഷേമ രാഷ്ട്രം എന്ന ആശയം, സബ്സിഡികൾ, സർക്കാരിന്റെ പിന്തുണയോടുകൂടിയ പദ്ധതികൾ ഇവ പൊളിച്ചടുക്കാനാണ് ഇവർ തിരക്കുകൂട്ടുന്നത്. വ്യത്യസ്ത മതസമൂഹങ്ങളുടെ ഇടയിൽ നിലനിൽക്കുന്ന സഹവർത്തിത്വത്തിന്റെ പാരമ്പര്യം നശിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു. സൗഹാർദ്ദത്തിനു വേണ്ടി വാദിക്കുന്നവർക്കും ഇവരെതിരാണ്.

യാതൊരു പ്രതിരോധവും ഇല്ലാതെ സ്വേച്ഛാധിപത്യ ഭരണം ഏകീകരിക്കാനും സ്വകാര്യ കോർപ്പറേറ്റുകളുടെ അത്യാഗ്രഹത്തിന് അനിയന്ത്രിതമായ അവസരങ്ങൾ നൽകാനും, സമൂഹത്തിലെ ഉയർന്ന സ്ഥാനങ്ങളിൽ ഉയർന്ന ജാതികളുടെ ആധിപത്യം പുനഃസ്ഥാപിക്കാനും ബി.ജെ.പി ലക്ഷ്യമിടുന്നു.

എല്ലാ അർത്ഥത്തിലും ബി.ജെ.പി മതത്തിന്റെ മറവിൽ ആധിപത്യപരമായ കോർപ്പറേറ്റ് ഭരണം സ്ഥാപിക്കാനുള്ള ഒരു ദൗത്യത്തിലേക്ക് ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. ഈ ദൗത്യം വിജയിക്കുന്നതിനായി വീണ്ടും തെരഞ്ഞെടുപ്പിൽ വിജയം നേടുന്നതിന് നിയമവിരുദ്ധമായ എല്ലാ മാർഗങ്ങളും അവർ അവലംബിക്കുന്നു. വീണ്ടും അവർ ഭരണത്തിലെത്തുകയാണെങ്കിൽ എല്ലാ അധികാരവും ആധിപത്യവും ഉയർന്ന ജാതികളിലും ശതകോടീശ്വരന്മാരിലും നിലനിർത്തുന്ന വിധത്തിൽ അവർ ഭരണം സ്ഥാപനവൽക്കരിക്കും. ഈ ഭരണമാതൃക ‘ഹിന്ദുരാഷ്ട്ര’ത്തിന്റെയും ‘ധർമ്മ സൻസദിന്റെ’യും വേഷത്തിൽ ഉയർന്ന ജാതികളുടെ പരമാധികാരം സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. ഇന്ത്യയുടെ ജനാധിപത്യ ഭരണഘടനാ സംവിധാനത്തെ അസാധുവാക്കി അത് നമ്മുടെ രാജ്യത്തെയും മതത്തിന്റെ പേരിലുള്ള ഒരു പുതിയ സ്വേച്ഛാധിപത്യത്തിന് വിധേയമാക്കും. ഒരേ കുഴിയിൽ രണ്ടുപ്രാവശ്യം വീഴുക സാധ്യമാണോ? ഒരു വ്യക്തിയ്ക്ക് കഴിഞ്ഞ പത്തുവർഷത്തെ അനുഭവങ്ങളെ മറന്ന് ഒരിക്കൽക്കൂടി ബി.ജെ.പിക്ക് വോട്ട് ചെയ്യാൻ സാധിക്കുമോ?

ബി.ജെ.പി എന്ന് വിളിക്കപ്പെടുന്ന ഒരു അധഃപതിച്ച പാർട്ടിയുടെയും അതിന്റെ കപടനേതാവായ മോദിയുടെയും വർണ്ണാഭമായ വാക്കുകളിൽ വശീകരിക്കപ്പെട്ട പലയാളുകളും വീണ്ടും മോദിക്ക് വോട്ട് ചെയ്തു. മെച്ചപ്പെട്ട ദിനങ്ങൾ പ്രതീക്ഷിച്ചുകൊണ്ടാണ് അവരത് ചെയ്തത്. എന്നാൽ ഇക്കഴിഞ്ഞ പത്ത് കൊല്ലങ്ങളിൽ സാധാരണ ജനജീവിതം അധഃപതിച്ചിരിക്കുകയാണ്. അവശ്യവസ്തുക്കളുടെ വില വാനോളം ഉയർന്നു. കർഷകർ കൃഷി തന്നെ ഉപേക്ഷിക്കുന്ന നിലയിലെത്തി. അവർ സർക്കാരിനെ ചെറുക്കാനുള്ള ശ്രമം തുടരുകയാണ്. യുവാക്കൾക്കിടയിൽ മെച്ചപ്പെട്ട ജീവിതം എന്ന പ്രതീക്ഷ ഇല്ലാതായിട്ടുണ്ട്. തൊഴിലവസരങ്ങൾ കുത്തനെ താഴ്ന്നു. സ്ഥിരമായി തൊഴിൽ എന്ന ആശയം തന്നെ മാഞ്ഞുപോകുന്നതായി തോന്നുന്നു, കൂടാതെ ഒരുതരം ആധുനിക അടിമവേല എല്ലാ മേഖലകളിലും തഴച്ചുവളരുന്നു. ഇതിനിടെ വൻകിട കോർപ്പറേറ്റുകൾ അഭിവൃദ്ധി പ്രാപിക്കുന്നു. പൊതുമുതൽ കൊള്ളയടിക്കാനുള്ള സ്വാതന്ത്ര്യം അവയ്ക്ക് നൽകപ്പെട്ടിട്ടുണ്ട്. അഴിമതി എന്നത്തേക്കാളും ഉയർന്ന കുതിച്ചുചാട്ടം നടത്തുന്നു. ഇലക്ട്രൽ ബോണ്ട്/ഇലക്ഷൻ ഫണ്ട് എന്ന ലേബലിൽ ഉള്ള കൊള്ളയടി വ്യാപകമാണ്. ഐ.ടി/ഇ.ഡി/സി.ബി.ഐ എന്നീ ഏജൻസികളെ ഭീഷണിപ്പെടുത്താനുള്ള സർക്കാരിന്റെ ഉപകരണങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. സാമൂഹ്യനീതി വിസ്മൃതിയിലാണ്. ജാതികൾ തമ്മിലുള്ള സംഘർഷങ്ങൾ ആളിക്കത്തുന്നു. സമൂഹത്തിന്റെ ഘടന തന്നെ ഛിന്നഭിന്നമാക്കപ്പെടുന്നു. ക്രിമിനലുകൾ മഹത്വവൽക്കരിക്കപ്പെടുകയും അതിക്രമങ്ങൾ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യത്തെയും അട്ടിമറിക്കാനുള്ള കുതന്ത്രങ്ങൾ, ശിക്ഷിക്കപ്പെടും എന്ന ഭയമേതുമില്ലാതെ നടപ്പാക്കപ്പെടുന്നു.

ഈ രാജ്യത്തിന്റെ ഐക്യം, ജനത്തിന്റെ ജീവനോപാധികൾ, അതിന്റെ മഹത്വപൂർണ്ണമായ പൈതൃകം എന്നിവ സംരക്ഷിച്ച് രാജ്യത്തെ രക്ഷിക്കാനുള്ള ഒടുവിലത്തെ അവസരമാണിത്. ഇനിയും ഒരിക്കൽ കൂടി ജീർണ്ണിച്ച, അതേ പഴയ കുഴിയിൽ വീഴരുത്. തീർച്ചയായും, അധികാരത്തിൽ വരുന്നത് ഏത് പാർട്ടിയാണെങ്കിലും ജീവിക്കാനുള്ള നമ്മുടെ അധ്വാനം തുടർന്നുകൊണ്ടേയിരിക്കണം എന്നുള്ളത് ജീവിതത്തിന്റെ കഠിനമായ ഒരു യാഥാർത്ഥ്യമാണ്. എങ്കിലും, ബി.ജെ.പി അധികാരത്തിൽ തിരിച്ചുവരികയാണെങ്കിൽ, നമ്മുടെ രാജ്യം അതിജീവിച്ചു എന്ന് വരില്ല. അതിനാൽ, കൗശലവും കുതന്ത്രവും കൈമുതലാക്കിയ ഈ സർക്കാരിനെ ഒരു പാഠം പഠിപ്പിക്കുക എന്നത് അനിവാര്യമാണ്. ജനത്തിന്റെ ദൃഢനിശ്ചയം പ്രകടിപ്പിക്കണം, അവരെ അധികാരത്തിൽ നിന്നും ഇറക്കണം. അധികാരം ആരുടെ കൈയിൽ ആയാലും നാം സംഘടിതരാകേണ്ടതുണ്ട്, നമ്മുടെ താൽപര്യങ്ങളെ സുരക്ഷിതമാക്കേണ്ടതുണ്ട്. നാം ചുമതല ഏറ്റെടുക്കുകയും ഒരിക്കൽ കൂടി നമ്മുടെ രാഷ്ട്രത്തെ കെട്ടിപ്പടുക്കുകയും വേണം.

വരൂ, നമുക്കൊരുമിക്കാം, ഈ ഭരണഘടനാ വിരുദ്ധരായ ഏകാധിപതികളെ പരാജയപ്പെടുത്തുമെന്ന് ദൃഢനിശ്ചയം ചെയ്യാം.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

April 26, 2024 10:20 am