Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
കേരളത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ കണക്ക് 3.5 ദശലക്ഷമാണ്. ലേബർ ബ്യൂറോയുടെ കണക്ക് പ്രകാരം കേരളമാണ് ഇന്ത്യയിൽ കുടിയേറ്റ തൊഴിലാളികൾക്ക് ആകർഷകമായ വേതനം നൽകുന്ന സംസ്ഥാനം. കേരളത്തിലെ ഒട്ടുമിക്ക അസംഘടിത തൊഴിൽ മേഖലയിലും അതിഥി തൊഴിലാളികളുടെ സാന്നിധ്യം കാണാം. കായികാധ്വാനമുള്ള ജോലികൾ കൂടുതലും അതിഥി തൊഴിലാളികൾ തന്നെയാണ് ചെയ്യുന്നത്. ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾ ആവശ്യമുള്ള കടൽ മത്സ്യബന്ധനം പോലുള്ള മേഖലകളും ഇതിൽ ഉൾപ്പെടുന്നു. എട്ട് ലക്ഷത്തിൽ അധികം അതിഥി തൊഴിലാളികൾ എറണാകുളം ജില്ലയിൽ മാത്രമായി സ്ഥിതി ചെയ്യുന്നു. തിരുവന്തപുരം, പാലക്കാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെയും എണ്ണം ഇതിനോട് അടുത്ത് വരും. അന്തർ സംസ്ഥാന കുടിയേറ്റം പ്രധാനമായും ജോലി ആവശ്യത്തിനായിരിക്കും. പക്ഷേ, ഇത്തരത്തിൽ കുടിയേറിപ്പാർത്ത് കേരളത്തിൽ കുടുംബമായി ജീവിക്കുന്നവരുടെയും എണ്ണവും കുറവല്ല.
1956-ൽ കേരളം രൂപീകൃതമായ മുതൽ സംസ്ഥാനം അയൽ സംസ്ഥാനങ്ങളിൽ നിന്ന്, പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കുടിയേറ്റ തൊഴിലാളികളെ ആകർഷിച്ചു. 1961 മുതൽ 1991 വരെയുള്ള കാലയളവിൽ, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ബ്ലൂ കോളർ ലേബർ ഫോഴ്‌സിൻ്റെ ആവശ്യകത നികത്തുന്നതിൽ സ്വദേശി തൊഴിലാളികളെ പൂരകമാക്കി (കുമാർ 2016 ). എറണാകുളം ജില്ലയിലെ തടി വ്യവസായത്തിൽ ജോലി ചെയ്യാൻ ഒഡീഷയിൽ നിന്ന് കുടിയേറ്റക്കാർ എത്തിയതോടെയാണ് ദക്ഷിണേന്ത്യയ്ക്ക് പുറത്ത് നിന്നുള്ള തൊഴിലാളി കുടിയേറ്റം ഗണ്യമായി ആരംഭിച്ചത്. ആദ്യം എത്തിയ ഒഡീഷയിൽ നിന്നുള്ള കുടിയേറ്റക്കാർ മിൽ വളപ്പിൽ താമസിച്ചു, മിക്ക സമയങ്ങളിൽ പോലും കഠിനാധ്വാനം ചെയ്തു, ലഭ്യമായ പരിമിതമായ ജോലിയും സൗജന്യ താമസസൗകര്യവും കൊണ്ട് തൃപ്തിപ്പെട്ടു. ദക്ഷിണേന്ത്യയ്ക്ക് പുറത്ത് നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ എന്ന് വിളിക്കപ്പെടുന്ന ഭായികൾ , അവർക്ക് ഇന്ത്യയിൽ മറ്റെവിടെയെങ്കിലും സമ്പാദിക്കാൻ കഴിയുന്നതിനേക്കാൾ ഉയർന്ന കൂലി ലഭിക്കുകയും കേരളത്തിലെ ജോലിയും സമാധാനപരമായ ജീവിതവും ആസ്വദിക്കുകയും ചെയ്തു. പെരുമ്പാവൂരിലെ തടി സംരംഭകർ തമിഴരെക്കാൾ കിഴക്കൻ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരെയാണ് ഇഷ്ടപ്പെടുന്നത്, കാരണം അവർ ഒറ്റയ്ക്കാണ് വന്നത്, ചെലവ് കുറവാണ്, കൂടുതൽ വിധേയത്വം, കഠിനാധ്വാനം, താരതമ്യേന, വർഷം മുഴുവനും ലഭ്യമാണ് (പീറ്റർ ആൻഡ് ഗുപ്ത 2012).
ഇന്ന് കുടിയേറ്റ തൊഴിലാളികൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇവിടേക്ക് എത്തിപ്പെടുന്നു. തമിഴ്നാട്, ഒറീസ, ആസാം, വെസ്റ്റ് ബംഗാൾ, ബീഹാർ, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിങ്ങനെ ഒക്കെ കാണാം. അത് കൂടാതെ നമ്മുടെ അയൽ രാജ്യമായ നേപ്പാളിൽ നിന്നും കുടിയേറി ജോലി ചെയ്യുന്ന ആൾക്കാരെയും ഇന്ന് കാണാം. ഇത്തരത്തിൽ നോക്കി കഴിഞ്ഞാൽ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിനായി കേരള സർക്കാരും മറ്റ് സന്നദ്ധ സംഘടനകളും വിവിധ പ്രവർത്തനങ്ങൾ ചെയ്ത് വരുന്നുണ്ട്. കേരളത്തിൽ ആയതുകൊണ്ട് തന്നെ ഈ അസംഘടിത തൊഴിലാളികൾ സാമ്പത്തിക ചൂക്ഷണം നേരിടുന്നത് കുറവാണ്. 800 മുതൽ 1200 രൂപ വരെ ദിവസ വേതനം ലഭിക്കുന്ന അതിഥി തൊഴിലാളികൾ ഉണ്ട്. ഇത്തരക്കാർ പ്രധാനമായും കെട്ടിട നിർമാണം, കൃഷി, ഹോട്ടൽ, ഫാക്ടറി തുടങ്ങിയ മേഖലയിൽ ജോലി ചെയ്യുന്നു. പക്ഷെ ചില ഇടങ്ങളിൽ അധിക സമയം ജോലി ചെയ്യിപ്പിക്കുന്നതായും മനസിലാകുന്നു.
കുടിയേറ്റ തൊഴിലാളികളും ആരോഗ്യവും
കോവിഡ് കാലത്ത് അതിഥി തൊഴിലാളികൾ വലിയ പ്രശ്നങ്ങൾ അനുഭവിച്ചിട്ടുണ്ട്. തൊഴിലുടമകൾ ഉപേക്ഷിച്ചപ്പോൾ വലിയ തോതിൽ ഇവർക്ക് സുരക്ഷ നഷ്ടപ്പെട്ടു. 2023 ഒക്ടോബർ മുതൽ 2024 ആഗസ്റ്റ് വരെ അമർ സാഥ് ഫൗണ്ടേഷൻ എറണാകുളത്തെ 10 സ്ഥലങ്ങളിൽ അതിഥി തൊഴിലാളികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പുകൾ ഈ തൊഴിലാളികളുടെ നിലവിലെ ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്തുന്നു. 761 കുടിയേറ്റ തൊഴിലാളികൾ ക്യാമ്പിന്റെ ഭാഗമായി ചികിത്സ തേടി. അതിൽ 83 ശതമാനം പുരുഷന്മാരും 17 ശതമാനം സ്ത്രീകളും ആയിരുന്നു. പശ്ചിമ ബംഗാളിൽ നിന്നാണ് കൂടുതൽ ആളുകളും എന്നതാണ് കണക്കുകൾ പറയുന്നത്.
65.2 ശതമാനം ആൾക്കാരും പുകവലിക്കുന്നവരാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 64 ശതമാനം സ്ഥിരമായി മദ്യപിക്കുന്നവരാണ്. 74 ശതമാനം നിരന്തരം പാൻപരാഗ് ഉപയോഗിക്കുന്നവരാണ്. ഇത്തരത്തിൽ ലഹരിയുടെ ഉപയോഗം വളരെ കൂടുതലായി കാണാൻ സാധിച്ചു. അതിൽ തന്നെ ഒരു തൊഴിലാളി പറഞ്ഞത്, “എനിക്ക് ലഹരി നിർത്താൻ പറ്റുന്നില്ല. അത് കാരണം ജോലി ചെയ്ത് കിട്ടുന്ന തുക വീട്ടിലേക്ക് അയക്കാൻ പറ്റുന്നില്ല.” ഇത്തരത്തിൽ സാമ്പത്തിക അച്ചടക്കം പാലിക്കാൻ പറ്റാതെ വരികയും കുടുംബത്തിലേക്ക് വരുമാനത്തിന്റെ ചെറിയ വിഹിതം പോലും അയക്കാൻ പറ്റാതെ പാടുപെടുന്ന അതിഥി തൊഴിലാളികൾ അനവധിയാണ്. നിർമാണ തൊഴിലാളികൾ പ്രധാനമായും ചികിത്സ തേടിയിരിക്കുന്നത് അലർജി സംബന്ധമായ രോഗങ്ങക്കാണ്. ത്വക്ക് രോഗം, കൈകാൽ കുഴച്ചിൽ, മറ്റ് നാഡീ സംബന്ധമായ രോഗങ്ങൾ ഇവയും കാണപ്പെട്ടു. കൃത്യമായി സ്വയം പ്രതിരോധ ഉപകരണങ്ങൾ ഉപയോഗിക്കാതെ ജോലി ചെയ്യുന്നതിന്റെ ഫലമായി ആണ് ഇത് എന്ന് വ്യക്തമായി. വയറുവേദന, ഗ്യാസിന്റെ പ്രശ്നം എന്നിവയും ഇവരിൽ കൂടുതൽ ആയി കാണപ്പെട്ടു. പക്ഷേ, ഞെട്ടിപ്പിക്കുന്ന സത്യം ഉറക്കക്കുറവ്, ഉത്ക്കണ്ഠ, രക്താതിമർദ്ദം തുടങ്ങിയവയും വളരെ കൂടുതൽ ആണ് എന്നതാണ്. അവിടെ ഈ തൊഴിലാളികളെ ക്യാമ്പിൽ നിരന്തരം പരിശോധിച്ച ഡോക്ടർമാരെ അഭിമുഖം നടത്തിയതിൽ നിന്നും മനസിലായത് ഇവർക്ക് ജീവിത ശൈലീ രോഗങ്ങൾ ആണ് കൂടുതലും എന്നാണ്. കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാത്തതിനാൽ വയറു സംബന്ധമായതും, മൂത്ര സംബന്ധമയതും, കൂടാതെ തലവേദനയും പിടിപെടുന്നു എന്നത് മറിച്ചുവെക്കേണ്ടതല്ലാത്ത യാഥാർഥ്യം. ഇതിൽ തന്നെ ലഹരി ഉപയോഗം ഇവർക്കിടയിൽ കൂടുതൽ ആണെന്ന് തെളിഞ്ഞു കഴിഞ്ഞു. ലഹരി ഉപയോഗം തടയാൻ സർക്കാർ പരിപാടിയായ വിമുക്തി ഇന്ന് നിലവിൽ ഉണ്ട്. അവർക്ക് കേവലം ബോധവൽക്കരണം മാത്രമല്ലാതെ വൈകുന്നേരം വിനോദത്തിനായി പരിപാടികൾ, കായിക മത്സരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും ഇവർക്കിടയിൽ മാറ്റം ഉണ്ടാകും എന്നത് ഉറപ്പാണ്.
മാനസികാരോഗ്യവും പ്രധാനമാണ്
ദീർഘകാല ജോലി സമയം, ലഹരിവസ്തുക്കളുടെ ദുരുപയോഗം, സമൂഹത്തിൽ നിന്നുള്ള മാറ്റി നിർത്തലുകൾ, എന്നിവയാണ് കേരളത്തിലെ കുടിയേറ്റ തൊഴിലാളികൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ. ഇതിൽ മാനസികാരോഗ്യം എന്ന മേഖലയെ നോക്കുമ്പോൾ തിരിച്ചറിഞ്ഞത് ഈ മനുഷ്യർക്ക് ഉത്കണ്ഠ, വിഷാദം, തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെന്നതാണ്. അവബോധ കുറവ് മൂലം ചികിത്സ തേടാത്ത നിരവധി ആൾക്കാർ ഇന്നുണ്ട്. ഇന്നും ഇവരെ മനുഷ്യർ അല്ലാതെ കാണുന്ന ആൾക്കാർ കേരളത്തിൽ ഉണ്ട്. പാർശ്വവർകരിക്കപ്പെടുന്നത് ഒരു മുഖ്യ പ്രശ്നമാണ്.
ഒരു തൊഴിലാളി പറഞ്ഞത് ഇങ്ങനെയാണ്, “ഞാൻ ഒമ്പത് വർഷമായി കേരളത്തിൽ വന്നിട്ട്. ഞാൻ ഒരു ബിസിനസ് തുടങ്ങാം എന്ന രീതിയിൽ ഒരു മീൻ കട എറണാകുളത്ത് തുടങ്ങി. പക്ഷേ, ഇതരസംസ്ഥാനത്തിൽ നിന്ന് വന്നതുകൊണ്ട് എന്റെ കട മലയാളികളായ ചിലർ പൂട്ടിച്ചു. ഞങ്ങൾക്ക് ഇവിടെ സ്വന്തമായി നല്ല വരുമാനം ലഭിക്കുന്നത് ഒരു പ്രശ്നമാണോ?” ഇത്തരത്തിൽ മനുഷ്യരെ മനുഷ്യരായി കാണാത്ത ദേശത്തിന്റെ പേരിൽ പോലും അടിച്ചമർത്തുന്ന രീതികളിൽ നമ്മൾ പുലർത്തേണ്ട മാറ്റം വലതുതാണ്. മേൽ പറഞ്ഞ കാരണം കൊണ്ട് മാത്രം പാർശ്വവൽക്കരണം നേരിട്ട ആ മനുഷ്യൻ മാനസികമായി തകരുകയും കുറേ മാസങ്ങൾ അതിൽ നിന്നും പുറത്തുവരാൻ എടുത്തു എന്നതാണ് സത്യം. ഡോക്ടർമാരുടെ അഭിപ്രായത്തിൽ ലഹരിയുടെ അമിത ഉപയോഗം ഇവരുടെ മാനസികാരോഗ്യത്തിന് ഒരു വെല്ലുവിളിയാണ്. ഉറക്കക്കുറവ് പ്രധാന ലക്ഷണമായി തന്നെ അവർ കുറിക്കുന്നു. കുടുംബത്തിൽ നിന്നുള്ള ഒറ്റപ്പെടലും അമിത ജോലി ഭാരവും ദീർഘസമയ ജോലിയും മാനസികാരോഗ്യം തകർക്കുന്നതിന് ഒരു കാരണം ആണ്.
സർക്കാരും അതിഥി തൊഴിലാളി ആരോഗ്യ നിയമങ്ങളും
കുടിയേറ്റ തൊഴിലാളികൾക്കായി ഒരു സാമൂഹിക സുരക്ഷാ പദ്ധതി നടപ്പിലാക്കുന്ന ആദ്യത്തെ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. അതിൽ ആരോഗ്യവുമായി ബന്ധപ്പെട്ട് 2020-ൽ, ദേശീയ ആരോഗ്യ ദൗത്യം (NHM) മുഖേന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, കുടിയേറ്റ കുടുംബങ്ങൾക്ക് ആരോഗ്യം സംരക്ഷിക്കുന്നതിന് ലിങ്ക് വർക്കേഴ്സിനെ അവതരിപ്പിച്ചു. വകുപ്പിലെ മറ്റ് മുൻനിര തൊഴിലാളികളുമായി ഏകോപിപ്പിച്ചുകൊണ്ട് ആരോഗ്യ വിവരങ്ങൾ നൽകുന്നതിനും കുടിയേറ്റക്കാരെ അവരുടെ സ്വന്തം ഭാഷയിൽ സേവനങ്ങളുമായി ബന്ധിപ്പിക്കുന്നതിനും വിഭവസമൃദ്ധമായ കുടിയേറ്റ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയും പരിശീലനം നൽകുകയും ചെയ്തു. എച്ച്.ഐ.വി പ്രതിരോധ പ്രവർത്തനങ്ങൾ ഇവർക്കിടയിൽ വ്യാപിപ്പിച്ചു. അന്തർസംസ്ഥാന കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി 2010-പിന്നീട് 2019-ൽ പുതുക്കി ഇത് പ്രകാരം അഞ്ചോ അതിലധികമോ ദിവസങ്ങൾ വേണ്ടിവരുന്ന മാരക രോഗങ്ങൾക്കുള്ള അംഗങ്ങളുടെ ചികിത്സയ്ക്കായി, ആശുപത്രിയിൽ കിടത്തിയോ അല്ലാതെയോ 25,000 രൂപ നൽകാൻ തീരുമാനിച്ചു. 2016-ൽ DOLS ആരംഭിച്ച ആവാസ്, കുടിയേറ്റ തൊഴിലാളികൾക്കായി മാത്രം രൂപകൽപ്പന ചെയ്ത ഒരു ഇൻഷുറൻസ് പാക്കേജാണ്. ഒരു കുടിയേറ്റ തൊഴിലാളിക്ക് ആവാസിൽ സൗജന്യമായി എൻറോൾ ചെയ്യാനും 15,000 രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും നേടാനും കഴിയും (GOK 2020b ). വിമുക്തി ലഹരി ബോധവൽക്കരണം ഇവരിലേക്ക് കൂടി വ്യാപിപ്പിച്ചു.
സന്നദ്ധ സംഘടനകളുടെ പ്രാധാന്യം
കേരളത്തിൽ പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് പ്രവർത്തിക്കുന്ന നിരവധിയായ സന്നദ്ധ സംഘടനകൾ ഉണ്ട്. അതിഥി തൊഴിലാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തുച്ഛമാണ്. പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന് അവർക്കിടയിലേക്ക് വേഗത്തിൽ ചെന്നെത്തുവാനും പ്രൊഫഷണൽ ബന്ധങ്ങൾ പുലർത്തുവാനും കഴിയും. അത്തരത്തിൽ തൊഴിലാളികളുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ, അടിച്ചമർത്തലിന്റെ പ്രശ്നങ്ങൾ, ചൂഷണങ്ങൾ, മറ്റ് സാമൂഹിക പ്രശ്നങ്ങൾ ഇവയിൽ നേരിട്ട് ഇടപെടാനും കഴിയും. അങ്ങനെ സർക്കാരും അതിഥി തൊഴിലാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ സർക്കാരിനും പ്രശ്നങ്ങളെ കൃത്യമായി മനസിലാക്കി അതനുസരിച്ച് നിയമങ്ങൾ രൂപപ്പെടുത്താനും നടപടി എടുക്കാനും കഴിയും.