പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കിയതോടെ പ്രധാനപ്പെട്ട നാല് ബില്ലുകളാണ് ചർച്ച കൂടാതെ കഴിഞ്ഞ ആഴ്ച കേരള നിയമസഭ പാസാക്കിയത്. സബ്ജക്ട് കമ്മറ്റിയ്ക്കു വിടേണ്ട ബില്ലുകളായിരുന്നു ഇവ. ഈ കൂട്ടത്തിൽ സെലക്ട് കമ്മറ്റിക്ക് വിടുകയും സമഗ്ര ഭേദഗതികൾ നിർദ്ദേശിക്കുകയും ചെയ്ത പൊതുജന ആരോഗ്യ ബില്ലും ചർച്ച കൂടാതെ നിയമസഭ പാസാക്കി. ഫിനാൻസ് ബില്ല്, പഞ്ചായത്തിരാജ് ഭേദഗതി ബില്ല്, മുനിസിപ്പൽ ഭേദഗതി ബില്ല്, സ്വകാര്യവനം പതിച്ചുകൊടുക്കുന്നതിനുള്ള ബില്ല് എന്നിവയാണ് സബ്ജക്ട് കമ്മറ്റിക്ക് വിടാതെ നേരിട്ട് പാസാക്കിയത്. 2021ൽ ഓർഡിനൻസായി കൊണ്ടുവന്നതാണ് കേരള പൊതുജന ആരോഗ്യബിൽ. കോവിഡ് കാലത്തു പകർച്ചവ്യാധി നിയന്ത്രണത്തിന്റെ പേരിൽ നടന്ന സ്റ്റേറ്റിന്റെ അമിതാധികാര പ്രയോഗത്തെയും, അതുവഴി കുത്തക കമ്പനികൾ ജീവിതം നിയന്ത്രിച്ചതും ഒരു മോക്ക് ഡ്രിൽ ആയി പരിഗണിച്ചാൽ പുതിയ പൊതുജന ആരോഗ്യ ബില്ല് ആ സംവിധാനങ്ങൾ ഭാവിയിൽ സ്ഥിരമായി നടപ്പാക്കാനുള്ള പൂർണ്ണ ലൈസൻസ് ഭരണകൂടത്തിന് നൽകുന്നതാണ്. ഒരു ഭാഷ, ഒരു സംസ്ക്കാരം, ഒരു പാർട്ടി, ഒരു മതം, ഒരു തെരഞ്ഞെടുപ്പ് എന്ന പോലെ ഏകീകരണത്തിലൂടെ വൈവിധ്യങ്ങളെയും, മനുഷ്യ സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കി വിപണി നിയമങ്ങൾ മനുഷ്യ ജീവിതവും ആരോഗ്യവും നിർണ്ണയിക്കുന്ന ഒരു സംവിധാനം. വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾക്കും വഴിയൊരുക്കുന്നതാണ് ബില്ലിലെ പല വ്യവസ്ഥകളും.
കേരള പൊതുജന ആരോഗ്യ ബിൽ
കേരള സംസ്ഥാനം രൂപീകൃതമായി അറുപത്തിയേഴ് വർഷം കഴിഞ്ഞിട്ടും സംസ്ഥാനത്തിന് സമഗ്രമായ ഒരു പൊതുജന ആരോഗ്യനിയമം ഉണ്ടായിരുന്നില്ല. 1939 ലെ മദ്രാസ് പബ്ലിക് ഹെൽത്ത് ആക്റ്റിലെയും 1955 ലെ തിരുവിതാംകൂർ-കൊച്ചി പബ്ലിക് ഹെൽത്ത് ആക്‌റ്റിലെയും വ്യവസ്ഥകളാണ് കേരളം നാളിതുവരെയായി നടപ്പാക്കിക്കൊണ്ടിരുന്നത്.
പൊതുജന ആരോഗ്യവുമായി ബന്ധപ്പെട്ട് നേരത്തെ നിലനിന്നിരുന്ന രണ്ടു നിയമങ്ങളെ ഏകീകരിക്കുന്ന പുതിയതും സമഗ്രവുമായ കേരള പബ്ലിക് ഹെൽത്ത് ബിൽ ആണ് ഇപ്പോൾ നിയമസഭ പാസാക്കിയിരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ‘2021 ലെ കേരള സാംക്രമിക രോഗങ്ങൾ ബിൽ’ നേരത്തെ നിയമസഭ ഏകകണ്ഠമായി പാസാക്കിയിരുന്നു. പകർച്ചവ്യാധിക്കാലത്ത് സർക്കാരിന് അതിനെ നേരിടാൻ വിപുലമായ അധികാരം ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. അതുകൂടാതെയാണ് അതേ അധികാര പ്രയോഗത്തിന്റെ മറ്റൊരു രൂപമായി കുറച്ചുകൂടി സമഗ്രമായ മറ്റൊരു ബില്ലായി പൊതുജന ആരോഗ്യ ബില്ല് മാറുന്നത്. രണ്ടിലും കാണാൻ കഴിയുന്ന ഒരു പൊതുകാര്യം ഭരണകൂടത്തിന് ലഭിക്കുന്ന അമിതാധികാര സാധ്യതകളും അതുപയോഗിച്ചു ഏകീകൃതമായി നടപ്പാക്കാൻ കഴിയുന്ന ചികിത്സാ പ്രോട്ടോക്കോളുമാണ്. പൊതുജന ആരോഗ്യ ബില്ലിലേക്കെത്തുമ്പോൾ അത് പകർച്ചവ്യാധികളുടെ ചികിത്സയും രോഗ നിർമ്മാർജ്ജനവും കൂടാതെ ആരോഗ്യവുമായി ബന്ധപ്പെട്ട ജലത്തിന്റെ സുരക്ഷ ഉറപ്പാക്കൽ, ശുചിത്വ സംവിധാനങ്ങൾ, പരിസര ആരോഗ്യത്തിനു ഹാനികരമാകുന്ന ശല്യങ്ങൾ നിയന്തിക്കുക, പ്രത്യുൽപ്പാദനം, മാതൃ, നവജാത ശിശു, ശൈശവ, കൗമാര, ആരോഗ്യം, വെക്റ്ററിന്റെ നിയന്ത്രണം, സാമൂഹിക ഒത്തുകൂടലും പൊതു ജനാരോഗ്യവും, വയോജനങ്ങൾ, കിടപ്പു രോഗികൾ, മാരകരോഗമുള്ളവർ, സാംക്രമികേതര രോഗങ്ങളുടെ നിയന്ത്രണം തുടങ്ങി വൈയക്തിക സാമൂഹിക ജീവിതത്തിലെ ഒട്ടുമിക്ക ഘടകങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് നടപ്പിലാക്കാനുള്ള ചുമതലകളും അധികാരവും സംസ്ഥാന-ജില്ലാ-പ്രാദേശിക തലത്തിൽ പബ്ലിക് ഹെൽത്ത് ഓഫീസർമാർക്കും, പൊതുജന ആരോഗ്യ സമിതികൾക്കുമാണ്. സെലക്ട് കമ്മിറ്റി ശുപാർശകളോട് വിയോജിപ്പ് പ്രകടിപ്പിക്കുന്ന അഞ്ചു എം.എൽ.എമാരുടെ കുറിപ്പോടെയാണ് ബിൽ നിയമസഭയിൽ എത്തിയത്. സർക്കാരും പ്രതിപക്ഷവും തമ്മിൽ വാക്പോര് തുടരുന്നതിനിടെ യാതൊരു ചർച്ചയും കൂടാതെ ബില്ല് പാസാക്കുകയായിരുന്നു.
കാലാനുസൃതമായ നിയമം ഇതാണോ?
കേരള സംസ്ഥാനത്തിന്റെ പൊതുജന ആരോഗ്യവുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങൾക്കു പകരം കാലാനുസൃതമായ മാറ്റങ്ങളും ആവശ്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള വ്യവ്യസ്ഥകൾ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ഈ ബിൽ എന്ന് ആമുഖത്തിൽ പറയുന്നുണ്ട്. മനുഷ്യന്റെയും പ്രകൃതിയുടെയും ആരോഗ്യം അസാധാരണമായ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തിൽ തീർച്ചയായും പുതിയൊരു ആരോഗ്യ നയം കാലം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അത് കൊണ്ടുവരേണ്ടതും നടപ്പാക്കേണ്ടതും അവധാനതയോടെയും ജനകീയ പങ്കാളിത്തത്തോടെയുമാണ്. അത് ഇവിടെ പാലിക്കപ്പെട്ടില്ല. ബില്ലിന്റെ പബ്ലിക് ഹിയറിങ് സമയത്തുതന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. സെലക്ട് കമ്മറ്റിയുടെ അധ്യക്ഷയായ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ നാല് ഭാഗങ്ങളിലായാണ് പബ്ലിക് ഹിയറിങ് നടത്തിയത്. ഇത്ര പ്രധാനപ്പെട്ട ബില്ലുമായി ബന്ധപ്പെട്ട പൊതുചർച്ചകൾ ഇങ്ങനെ കേന്ദ്രീകൃതമായി നടത്തി എന്ന് മാത്രമല്ല അത് പൊതു ജനങ്ങളെ ശരിയായ രീതിയിൽ അറിയിച്ചില്ല എന്നും പരാതികൾ ഉയർന്നിരുന്നു. കൂടാതെ ചർച്ചകളിൽ നിന്നും മാധ്യമ പ്രവർത്തകരെ ഒഴിവാക്കുകയും വീഡിയോ ചിത്രീകരണം തടയുകയും ചെയ്തത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. പൊതുജന താല്പര്യങ്ങൾക്കായുള്ള ഇത്തരം വേദികൾ സുതാര്യമാക്കാതിരിക്കുന്നത് ഏതു ചട്ടങ്ങളുടെ പേരിലായാലും പൊതുജന താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് അന്ന് പലരും ചൂണ്ടിക്കാട്ടി. “പ്രത്യക്ഷത്തിൽ പുരോഗമനാത്മകമായ ഒരു ബില്ലായിട്ടാണ് തോന്നുക. എന്നാൽ പലയിടത്തും ആവശ്യത്തിലേറെ നിയന്ത്രണങ്ങൾ വരുകയും, വിവിധ വൈദ്യശാസ്ത്രങ്ങളുടെ തനിമയേയും വളർച്ചയേയും തുരങ്കം വെക്കുന്നതുമാണ് ഈ ബില്ല്. നാം ഒരേ സമയം പകർച്ചവ്യാധികളുടെയും ജീവിത ശൈലി രോഗങ്ങളുടെയും ഇരട്ട ഭാരം കുറയ്ക്കാൻ നമ്മുടെ വിവിധ വൈദ്യശാഖകളുടെ പങ്കാളിത്വം അനിവാര്യമായ അവസ്ഥയിലാണ്. ചെറിയ അസുഖങ്ങൾക്ക് പോലും അനാവശ്യമായി ലാബുകളെ ആശ്രയിക്കേണ്ട സ്ഥിതി ഇനിയുണ്ടാകും. വൺ ഹെൽത്ത് എന്നതു വൺ മെഡിസിൻ എന്നതിലേക്ക് ചുരുങ്ങിപ്പോകാതിരിക്കാൻ ജാഗ്രത വേണം. ഇനി ചികിത്സാ ചെലവ് താങ്ങാനാവാതെ അമേരിക്കയിലൊക്കെ പോലെ ഹെൽത്ത് ഇൻഷുറൻസ് ഇല്ലാതെ ജീവിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാക്കും. ഇൻഷുറൻസ് ലോബിയുടെ ആവശ്യങ്ങൾ ഇതിലൂടെ നടപ്പാക്കി കിട്ടും. ഈ ബില്ലിലെ സബ്ജറ്റ് , സെലക്ട് കമ്മറ്റിയിൽ അംഗങ്ങളായ മിക്ക എം.എൽ.എമാരേയും നേരിൽ കണ്ട് ചർച്ച ചെയ്തിരുന്നു. അവരിൽ ഭൂരിപക്ഷം പേരും ഈ ബില്ലിനെ ഗൗരവമുള്ള ഒരു വിഷയമായി തുടക്കത്തിൽ പരിഗണിച്ചിരുന്നില്ല എന്നാണ് മനസിലായത്. ലോകാരോഗ്യ സംഘടനയുടെ ഫണ്ട് ഒക്കെ വരണമെങ്കിൽ ഏകീകൃതമായ പ്രോട്ടോക്കോൾ ഒക്കെ നിലവിലുണ്ടാവണം, ഹോമിയോ ആയുർവേദം ഒന്നും അതിനു പറ്റിയതല്ല എന്നും ചില എം.എൽ.എമാർ തെറ്റിദ്ധരിച്ചിരുന്നു. കെ.ബി ഗണേഷ്‌കുമാർ, ഇ.കെ വിജയൻ, കെ.കെ രമ തുടങ്ങിയവരാണ് ഇത് പൊതു ജനങ്ങളെ ബാധിക്കുന്ന ഒരു പ്രധാന വിഷയം എന്ന രീതിയിൽ കണ്ടത്”ആരോഗ്യ പ്രവർത്തകനായ ഡോ. പ്രവീൺ ടി ധർമരത്നം കേരളീയത്തോട് പറഞ്ഞു.
പൊതു ജനാരോഗ്യത്തിന് ഏകാരോഗ്യം (One Health) എന്ന സമീപനം സ്വീകരിക്കേണ്ടതിനാലും രോഗ നിർണ്ണയം, ചികിത്സ എന്നിവയ്ക്കപ്പുറം ആരോഗ്യം പ്രദാനം ചെയ്യുന്ന സാമൂഹിക സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും രോഗങ്ങൾക്ക് കാരണമാവുന്ന അവസ്ഥകളെ ദുർബലപ്പെടുത്തേണ്ടതിനാലും ഇല്ലാതാക്കേണ്ടതിനാലും ഇങ്ങനെ ഒരു ബില്ല് ആവശ്യമായിരിക്കുന്നു എന്നാണ് ആമുഖത്തിൽ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം. എന്നാൽ ഇത് വെറും പ്രഹസനം മാത്രമാണെന്ന് ബില്ലിന്റെ ഉള്ളടക്കത്തിലേക്കു കടക്കുമ്പോൾ മനസിലാകും. ചികിത്സയ്ക്കപ്പുറവും ആരോഗ്യം ഉറപ്പാക്കുന്ന സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങളെ അല്ലെങ്കിൽ രോഗത്തിന്റെ സാമൂഹ്യ നിർണയത്തെ (Social Determinants of Health ) പരിഗണിക്കാതെയാണ് ഈ ബില്ലിലെ വ്യവസ്ഥകൾ തയ്യാറാക്കിയിരിക്കുന്നത്. സേവന സമീപനം, ആരോഗ്യ വിദ്യാഭ്യാസം തുടങ്ങിയ സാധ്യതകൾ തേടാതെ നിയന്ത്രണ സമീപനത്തിൽ ഒതുങ്ങുന്നതാണ് പുതിയ ബിൽ വ്യവസ്ഥകൾ. അധികാര പ്രയോഗം, പിഴ തുടങ്ങിയവയിലൂടെ നിയമം പ്രാബല്യത്തിൽ വരുത്തലും, പകർച്ചവ്യാധി കാലത്തെ പ്രോട്ടോക്കോളിന്റെ നടപ്പാക്കലുമാണ് ബില്ലിൽ ഉടനീളം പലവിധത്തിൽ ഊന്നൽ നൽകിയിരിക്കുന്നത്. കൂടാതെ കാലാവസ്ഥ വ്യതിയാനം, മനുഷ്യ-മൃഗ സമ്പർക്കം മുതലായവയുടെ ഭാഗമായി കടന്നു വരുന്ന പുതിയ വൈറസുകളെയും, രോഗാണുക്കളെയും, പകർച്ചവ്യാധികളെയും, മഹാമാരികളെയും പ്രതിരോധിക്കേണ്ടത് ആവശ്യമാകയാലും വർധിച്ചു വരുന്ന ജീവിതശൈലീ രോഗങ്ങളെ തടയേണ്ടതും നിയന്ത്രിക്കേണ്ടതും അനിവാര്യമായിരിക്കുന്നു എന്നും ബില്ലിൽ പറയുന്നു.
എന്നാൽ ഈ പ്രതിസന്ധികളുടെ അടിസ്ഥാനത്തിൽ ഉണ്ടാകേണ്ട പുതിയ തിരിച്ചറിവുകളുടെ അടിസ്ഥാനത്തിൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്ന, കൂടുതൽ വികേന്ദ്രീകൃത രീതിയിൽ ജനകീയ പങ്കാളിത്തത്തോടെ ആരോഗ്യത്തെ സമീപിക്കുന്ന, വൈവിധ്യത്തെ (diversity) ഒരു മൂല്യമായി കണക്കാക്കുന്ന, വർധിച്ചു വരുന്ന ആരോഗ്യ രംഗത്തെ വാണിജ്യവൽക്കരണത്തെ തടയുന്ന, ആരോഗ്യ നൈതികതയ്ക്ക് പ്രാധാന്യം നൽകുന്ന, വർധിച്ചു വരുന്ന മരുന്നുകളുടെ ഉപയോഗത്തെയും ചികിത്സാ ചിലവിനേയും പ്രതിരോധിക്കുന്ന ഒന്നും തന്നെ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നില്ല എന്നത് കേരളത്തെ സംബന്ധിച്ച് ആരോഗ്യ രംഗത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കാൻ മാത്രമേ സഹായിക്കൂ.
പബ്ലിക് ഹെൽത്ത് ഓഫീസറിൽ അധികാര കേന്ദ്രീകരണം
സംസ്ഥാന, ജില്ലാ പ്രാദേശിക പൊതു ജനാരോഗ്യ സമിതികളും പബ്ലിക് ഹെൽത്ത് ഓഫീസർമാരുമാണ് ഈ ആക്ടിലെ വ്യവസ്ഥകൾ നടപ്പിലാക്കാൻ ഉത്തരവാദിത്തപ്പെട്ട സംവിധാനം. ആരോഗ്യ വകുപ്പ് ഡയറക്റ്റർ ആയിരിക്കും സമിതിയുടെ മെമ്പർ സെക്രട്ടറിയും സംസ്ഥാന പബ്ലിക് ഹെൽത്ത് ഓഫീസറും. ആരോഗ്യവകുപ്പ് മന്ത്രി അദ്ധ്യക്ഷയും. ജില്ലാതലത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ആയിരിക്കും ജില്ലാ പബ്ലിക് ഹെൽത്ത് ഓഫീസർ. ഗ്രാമ പഞ്ചായത് തലത്തിൽ ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർ ആയിരിക്കും ഈ ചുമതല വഹിക്കുക. മുനിസിപ്പാലിറ്റി/കോപ്പറേഷൻ തലങ്ങളിലും ഈ വ്യവസ്ഥ പിന്തുടരുന്നു.
നിലവിൽ പഞ്ചായത്തീരാജ് നിയമത്തിന്റെയും, മുനിസിപ്പാലിറ്റി ആക്ടിന്റെയും, ഭക്ഷ്യ സുരക്ഷാ നിയമങ്ങളുടെയും, മറ്റു നിയമങ്ങളുടെയും ഭാഗമായി നിലവിൽ വിവിധ വകുപ്പുകളുടെ ഉത്തരവാദിത്തത്തിൽ ഉൾപ്പെടുന്ന കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമം, ഭക്ഷ്യസുരക്ഷ, രക്തബാങ്കുകൾ, രക്തസുരക്ഷ, ബയോമെഡിക്കൽ മാലിന്യ സംസ്കരണം, ആന്റിമൈക്രോബയൽ പ്രതിരോധം, പൊതു ഇടങ്ങളിൽ മതിയായ ടോയ്‌ലറ്റ് സൗകര്യം എന്നിവ ഉറപ്പാക്കുക തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾ സംസ്ഥാന-പ്രാദേശിക ആരോഗ്യ സമിതികളുടെ ഉത്തരവാദിത്തങ്ങളായി മാറുകയും അത് നടപ്പാക്കുന്നതിനുള്ള അധികാരം പബ്ലിക് ഹെൽത്ത് ഓഫീസറിൽ നിക്ഷിപ്തമായിരിക്കുകയും ചെയ്തിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതിയെ അടക്കം നോക്കുകുത്തിയാക്കിക്കൊണ്ട് ആരോഗ്യമേഖലയിൽ നടക്കേണ്ട ജനകീയ ഇടപെടലുകളെ ഒരുപറ്റം ഉദ്യോഗസ്ഥരിലേക്കു ചുരുക്കുന്നതാണ് ഈ നടപടി. “ഇന്ന് ആരോഗ്യരക്ഷ ഭരണകൂടത്തിന്റെ പ്രധാന ഉത്തരവാദിത്വങ്ങളിൽ ഒന്നായിരിക്കുന്നു. ഓരോ വകുപ്പും ഉണ്ടാകുന്നതിന് പിന്നിൽ ഒരു ചരിത്രമുണ്ടാകണം. പകർച്ച രോഗങ്ങൾ സമ്പദ് വ്യവസ്ഥയുടെ സുഗമമായ പോക്കിന് ആഘാതങ്ങൾ വരുത്തിയ ഘട്ടത്തിലാണ് ലോകത്ത് ആരോഗ്യരക്ഷ സർക്കാർ ഉത്തരവാദിത്തമായി ഏറ്റെടുക്കപ്പെടുന്നത്. പകർച്ചരോഗം വഴി സാമൂഹ്യ ജീവിതവും സാമ്പത്തിക പ്രവർത്തനവും മന്ദഗതിയിലാകുന്നതു തടയുക എന്നതാണ് ആരോഗ്യവകുപ്പിന്റെ ഉത്ഭവ ലക്ഷ്യം. ഇംഗ്ലണ്ടിൽ വ്യവസായവൽക്കരണവും നഗരവൽക്കരണവും ചേർന്ന് സാധാരണക്കാരുടെ നഗര ജീവിതം ദാരിദ്ര്യത്തിലും പട്ടിണിയിലും നഗരമാലിന്യങ്ങളിലും കോളറ മാതിരിയുള്ള പകർച്ചവ്യാധികളിലും എത്തിച്ചപ്പോൾ രോഗ നിയന്ത്രണത്തിനായി സർക്കാരിന്റെ മുൻകൈയിൽ പബ്ലിക് ഹെൽത്ത് ആക്ട് ഉണ്ടാകുന്നതാണ് 19-ാം നൂറ്റാണ്ടിന്റെ പകുതിയിൽ നാം കാണുന്നത്. പകർച്ച രോഗങ്ങൾക്ക് കാരണമായ പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കുക എന്നതായിരുന്നില്ല പകരം, ആ സാഹചര്യങ്ങളെ അങ്ങനെ തന്നെ നിലനിർത്തിക്കൊണ്ട് രോഗവ്യാപനം എങ്ങനെ തടയാം എന്നതിൽ ആയിരുന്നു ഭരണകൂടത്തിന്റെ ശ്രദ്ധ.” പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ അശോക കുമാർ വി ആരോഗ്യ മേഖലയിലെ ഭരണകൂട ഇടപെടലുകളെ വിശകലനം ചെയ്തു കൊണ്ട് പറഞ്ഞു.
പ്രാദേശിക പൊതുജനാരോഗ്യ സമിതിക്കു രൂപം നൽകിയിട്ടുണ്ടെങ്കിലും പ്രാദേശിക പബ്ലിക് ഹെൽത്ത് ഓഫീസർക്ക് അമിതാധികാരങ്ങൾ നൽകുന്നതാണ് ബില്ലിലെ വ്യവസ്ഥകൾ. പബ്ലിക് ഹെൽത്ത് ഓഫീസർക്ക് വീടുകളിലും അപ്പാർട്മെന്റുകളിലും രണ്ടു മണിക്കൂർ മുൻപ് നോട്ടീസ് നൽകിയും മറ്റു സ്ഥലങ്ങളിൽ അറിയിപ്പില്ലാതെ ഏതു സമയത്തും പരിശോധന നടത്താവുന്നതാണെന്ന വ്യവസ്ഥ ഇതിനു ഒരു ഉദാഹരണം മാത്രം. സാക്രമികേതര രോഗങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങൾ ആരോഗ്യ ബജറ്റിന്റെ ഒരു വിഹിതം നീക്കിവയ്ക്കണമെന്നും ബിൽ ആവശ്യപ്പെടുന്നു. കുടിവെള്ളം, മാലിന്യ നിയന്ത്രണം തുടങ്ങി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഇടപെട്ട് ഒരു സമാന്തര അധികാര കേന്ദ്രമായി പബ്ലിക് ഹെൽത്ത് ഓഫീസർ മാറും. അധികാര ദുർവിനിയോഗ സാധ്യതകൾക്കൊപ്പം ചികിത്സ പ്രോട്ടോകോൾ ഉൾപ്പെടെ വിവിധ ചികിത്സാ രീതികളുടെ ഫലപ്രമായ സമന്വയം ഉറപ്പാക്കാതെ അലോപ്പതിയെ മുഴുവൻ ജനങ്ങളിലേക്കും അടിച്ചേൽപ്പിക്കാനും പബ്ലിക് ഹെൽത്ത് ഓഫീസർക്ക് അധികാരം ലഭിക്കുന്നുണ്ട്. എവിടെയും പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തുക, നോട്ടീസ് നൽകുക, നിയമ നടപടികൾ സ്വീകരിക്കുക, പിഴ ഈടാക്കുക തുടങ്ങിയവയാണ് ഇനി ആരോഗ്യ പരിപാലനത്തിന്റെ പേരിൽ കേരളത്തിൽ അരങ്ങേറാൻ പോകുന്നത്. ഇങ്ങനെ ശേഖരിക്കുന്ന പിഴയും മറ്റു ഫീസുകളും പൊതു ജനാരോഗ്യ ഫണ്ടിലേക്കാണ് നിക്ഷേപിക്കുക. കൂടാതെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളൊഴികെയുള്ള ഏതു കുറ്റവും പ്രാദേശിക പബ്ലിക് ഹെൽത്ത് ഓഫീസർക്ക് പ്രോസിക്യൂഷൻ ആരംഭിക്കുന്നതിനു മുൻപും ശേഷവും പിഴയടച്ച് കുറ്റം രാജിയാക്കുന്നതിനും അധികാരം നൽകുന്നു. കൂടാതെ പബ്ലിക് ഹെൽത്ത് ഓഫീസർക്കെതിരെയും പൊതുജന ആരോഗ്യ സമിതിക്കെതിരെയും ഈ നിയമം നടപ്പാക്കുന്ന മറ്റു ഉദ്യോഗസ്ഥർക്കെതിരെയും ഒരു പൗരന് സിവിൽ കോടതിയിൽ ഹർജി നൽകാനും കഴിയില്ല. അവർ ഉത്തമ വിശ്വാസപൂർവ്വം ചെയ്ത പ്രവർത്തികൾക്ക് എതിരായി യാതൊരു വ്യവഹാരമോ പ്രോസിക്യൂഷനോ മറ്റു നിയമ നടപടികളോ നിലനിൽക്കില്ല എന്ന് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. ഏറെ ആശങ്കയുണ്ടാക്കുന്ന മറ്റൊരു കാര്യമാണ് സംസ്ഥാന പബ്ലിക് ഹെൽത്ത് ഓഫീസർ പൊതുജന ആരോഗ്യ വിഷയങ്ങളെ സംബന്ധിച്ച് ശേഖരിക്കുന്ന വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും. സ്വകാര്യ കമ്പനികൾ വ്യക്തിഗത വിവരങ്ങൾ ഏതു വിധേയനെയും കൈക്കലാക്കാനും ദുരുപയോഗം ചെയ്യാനും ഏറെ സാധ്യത നിലനിൽക്കുന്നു എന്നത് ഇന്ത്യയിലെ ഡാറ്റ ഹാക്കിങ്/ചോർത്തൽ/കൈമാറ്റം ഇവ നടന്നതിന്റെ ഭൂതകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയാൻ കഴയും.
ആയുഷ് ഐക്യവേദിയുടെ താൽപ്പര്യങ്ങൾ മാത്രമല്ല പ്രശ്നം
‘ആയുഷ് ഐക്യവേദി’ എന്ന ബാനറിന് കീഴിൽ സംസ്ഥാനത്തെ ആയുഷ് പ്രൊഫഷണൽ അസോസിയേഷനുകൾ സർക്കാരിനോട് തങ്ങളുടെ ആശങ്കകളും എതിർപ്പുകളും അറിയിക്കാൻ ഒരു കൺസോർഷ്യം രൂപീകരിച്ചു. അവർ പൊതുജനാരോഗ്യവും അതിന്റെ ഭരണവുമായി ബന്ധപ്പെട്ട നിലവിലുള്ള നിയമങ്ങൾ ഏകീകരിക്കുന്നതുമായ ബില്ലിനെക്കുറിച്ചുള്ള എതിർപ്പുകൾ സർക്കാരിനെ അറിയിച്ചിരുന്നു. നേരത്തെ ഇറക്കിയ ഓർഡിനനൻസ് പ്രകാരം അലോപ്പതി ഡോക്ടർമാർക്ക് മാത്രമായി സാംക്രമിക രോഗങ്ങൾക്കും 30-ലധികം രോഗങ്ങൾക്കും രോഗവിമുക്ത സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം പരിമിതപ്പെടുത്തിയിരുന്നു. അത് പുതിയ ബില്ലിൽ മാറ്റം വരുത്തിയിട്ടുണ്ട്. സംസ്ഥാന പൊതുജനാരോഗ്യം ഭരിക്കാൻ ഒരൊറ്റ വൈദ്യശാസ്ത്ര സമ്പ്രദായത്തിൽ നിന്ന് ഒരു അതോറിറ്റിയെ നിയമിക്കുന്നത് ആരോഗ്യമേഖലയിൽ ഏകപക്ഷീയമായ നടപടികൾക്കും അധികാര ദുർവിനിയോഗത്തിനും വിവേചനപരമായ പെരുമാറ്റത്തിനും ഇടയാക്കുമെന്ന വാദത്തെ തുടർന്ന് അത് പൊതുജന ആരോഗ്യ സമതിയാക്കി മാറ്റി. മാത്രവുമല്ല നേരത്തെ മൂന്ന് തലത്തിൽ വിഭാവനം ചെയ്ത സംസ്ഥാന പബ്ലിക് ഹെൽത്ത് അതോറിറ്റിയുടെ തലവൻ പബ്ലിക് ഹെൽത്ത് ഡയറക്ടർ ആയിരുന്നു. സംസ്ഥാനത്ത് ത്രിതല പൊതുജനാരോഗ്യ ഭരണസംവിധാനമാണ് പുതിയ ബിൽ വിഭാവനം ചെയ്യുന്നത്. പുതിയ ബില്ലിൽ പബ്ലിക് ഹെൽത്ത് അതോറിറ്റിക്ക് പകരം വന്ന പൊതുജന ആരോഗ്യ സമിതികളിൽ ഭാരതീയ ചികിത്സാ വകുപ്പിനും, ഹോമിയോ വിഭാഗത്തിനും അംഗങ്ങളാകാൻ കഴിയും. എന്നാൽ പുതിയ ബില്ലിലെ ഈ മാറ്റങ്ങളിൽ ആയുഷ് വിഭാഗം ഡോക്ടർമാരുടെ സംഘടനകൾ, പ്രത്യേകിച്ച് ഇടതുപക്ഷ അനുകൂല സംഘടനകൾ തൃപ്തരായിരിക്കുകയാണ്. എന്നാൽ പുതിയ ബില്ലിന്റെ അന്തസത്തയും അധികാര ഘടനയും പഴയ ബില്ലിൽ നിന്നും ഏറെ വ്യത്യസ്തമല്ല എന്നത് പൊതു ജനങ്ങളെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്നതാണ്. അത് ഏതെങ്കിലും വിഭാഗത്തിന്റെ ചികിത്സാ അധികാരവുമായി ബന്ധപ്പെട്ട ഒന്നല്ല, മറിച്ചു ഭരണഘടന നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിനും സ്വന്തം ശരീരത്തിന് മേലെയുള്ള നിർണ്ണയാവകാശത്തെ ഹനിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ആയുഷ് മേഖലയ്ക്ക് അർഹമായ അംഗീകാരവും പങ്കാളിത്തവും നൽകണമെന്ന ആവശ്യത്തിനപ്പുറമാണ് പുതിയ ബില്ലിലെ വ്യവസ്ഥകൾ വഴി ഓരോ പൗരന്മാരുടെയും മൗലിക അവകാശങ്ങളുടെ മേലുള്ള ഭരണകൂട, വിപണി താല്പര്യങ്ങളുടെ കടന്നുകയറ്റം.
പൊതുജന ആരോഗ്യ ബിൽ ഇന്ത്യൻ ചികിത്സാ സമ്പ്രദായത്തെ സംസ്ഥാനത്ത് നിന്ന് പൂർണ്ണമായും ഇല്ലാതാക്കുമെന്ന് ‘ആയുഷ് ഐക്യവേദി’ ആരോപിച്ചിരുന്നു. എന്നാൽ സംസ്ഥാന തല പബ്ലിക് ഹെൽത്ത് ഓഫിസർ പുറപ്പെടുവിക്കുന്ന പ്രോട്ടോക്കോൾ പ്രകാരം പകർച്ച വ്യാധികളെയും സാംക്രമികേതര രോഗങ്ങളെയും ചികിത്സിക്കാൻ ഒരു വ്യക്തിക്ക് ആയുർവേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി സമ്പ്രദായങ്ങൾ തെരഞ്ഞെടുക്കാൻ കഴിയുമോ എന്ന് ഇപ്പോഴും ഉറപ്പില്ല. ആത്യന്തികമായി തീരുമാനങ്ങൾ എടുക്കുന്നത് ആധുനിക വൈദ്യ ശാസ്ത്രവും അതിനെ പിന്താങ്ങുന്ന ഒരു വിഭാഗം ആളുകളുമായിരിക്കും എന്നതിൽ ഒരു മാറ്റവും വന്നിട്ടില്ല. പൊതുജനാരോഗ്യ മേഖലയിൽ ഇതര മെഡിക്കൽ പ്രാക്ടീഷണർമാർ നൽകുന്ന സേവനങ്ങൾ പുതിയ പൊതുജനാരോഗ്യ ബില്ലിന്റെ പരിധിയിൽ നേരിട്ട് നിഷേധിക്കുന്നില്ലെങ്കിലും പബ്ലിക് ഹെൽത്ത് ഓഫീസർ, ഹെൽത്ത് ഇൻസ്പെക്റ്റർമാർ അടക്കമുള്ള അധികാര സംവിധാനം ഫലത്തിൽ മറ്റു വൈദ്യശാസ്ത്ര മേഖലകളെ അകറ്റി നിർത്തും എന്ന് മനസിലാക്കാൻ കേരളത്തിന്റെ കോവിഡ്കാല അനുഭവം മാത്രം പരിശോധിച്ചാൽ മതി. പൊതുജനാരോഗ്യ കാര്യങ്ങളിൽ ഇടപെടാൻ ആധുനിക വൈദ്യശാസ്ത്ര മേഖലയിലെ വിദഗ്ധരെ മാത്രം കേന്ദ്രീകരിച്ചാണ് പുതിയ ബില്ലിന്റെ ഘടനയും. രോഗങ്ങളുടെയോ, ചികിത്സയുടെയോ, പ്രതിരോധത്തിന്റെയോ പൊതു പ്രോട്ടോക്കോൾ പബ്ലിക് ഹെൽത്ത് ഓഫീസർക്ക് സർക്കാർ നിശ്ചയിക്കുന്ന വിദഗ്ധരുടെ സഹായത്തോടെ രൂപീകരിക്കാനും നടപ്പാക്കാനും കഴിയും. ഇത് നേരത്തെ പകർച്ചവ്യാധികളുടെ കാര്യത്തിൽ മാത്രം ആയിരുന്നെങ്കിൽ ഇപ്പോൾ ജീവിതശൈലീ രോഗങ്ങൾ, ആരോഗ്യ ഭീഷണികൾ, മറ്റ് രോഗങ്ങൾ തുടങ്ങിയവയുടെ കാര്യത്തിലും സർക്കാർ വിജ്ഞാപനം വഴി നടപ്പാക്കാൻ കഴിയും. കേരളത്തിന്റെ പശ്ചാത്തലത്തിൽ അത് ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA ) പോലുള്ള സംഘടനകളുടെയും ശാസ്ത്രമാത്രവാദികളായ ഉപദേശക സംഘത്തിന്റെയും നേതൃത്വത്തിൽ ആയിരിക്കും. കൂടാതെ അധികാരം ഒരു വ്യക്തിയെക്കാൾ വിവിധ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മേഖലയിലെയും വ്യത്യസ്ത ചികിത്സാ സമ്പ്രദായങ്ങളിലെയും വിദഗ്ധരുടെ പ്രാതിനിധ്യം ഉള്ളതും അവരുടെ സുതാര്യമായ ഇടപെടൽ ഉറപ്പിക്കുന്നതുമായ ഒരു സംഘമായിരിക്കണം തീരുമാനങ്ങൾ എടുക്കേണ്ടതെന്ന അടിസ്ഥാന തത്വം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. കാരണം ആരോഗ്യം എന്നത് രോഗ ചികിത്സയുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഒറ്റപ്പെട്ട തുരുത്തല്ല എന്ന് കോവിഡ് കാലത്തു കേരളം ഒരിക്കൽക്കൂടി തിരിച്ചറിഞ്ഞതാണ്. അത് ഒരു നിയമപാലനത്തിന്റെ വിഷയം മാത്രവുമല്ല. പ്രളയത്തിന് ശേഷം റീ ബിൽഡ് കേരള പദ്ധതികൾക്കു രൂപം നൽകിയപോലെ കോവിഡിന്റെ അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ പഠിക്കാതെയാണ് കേന്ദ്രീകൃത സംവിധാനങ്ങളുടെ അധികാരം ഊട്ടിയുറപ്പിക്കുന്ന ആരോഗ്യ ബില്ലിന് സർക്കാർ രൂപം നൽകിയിരിക്കുന്നത് എന്ന് കാണാം.
സർക്കാർ നയങ്ങളിലെ കാണാച്ചരടുകൾ
“ഇപ്പോള്‍ മനുഷ്യരാശി നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി ഒരുകൂട്ടം കുത്തക കമ്പനികള്‍ ലോകാരോഗ്യ സംഘടനയുടെയും ദേശീയ സര്‍ക്കാരുകളുടെയും ഉപദേശകരായി എത്തുന്നുണ്ട്. അവര്‍ നിര്‍ദ്ദേശിക്കുന്ന പല കാര്യങ്ങള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയുള്ള നയങ്ങള്‍ യാതൊരു ചര്‍ച്ചയും സുതാര്യതയുമില്ലാതെ നടപ്പിലാക്കാനും ശ്രമിക്കുന്നുണ്ട്. അതിലൊന്നാണ് പോഷക ദാരിദ്ര്യം കുറക്കാനുള്ള നയപരിപാടികളില്‍ കൊണ്ടുവരുന്ന മാറ്റം. അതിലൊരു പ്രധാന ഇടപെടലാണ് ഫുഡ് ഫോര്‍ട്ടിഫിക്കേഷന്‍ അഥവാ ഭക്ഷണ സംപുഷ്ടീകരണം.” എന്ന് ഉഷ എസ് എഴുതിയിരുന്നു.
ബഹുരാഷ്ട്ര കുത്തകകളും, ലോക ബാങ്ക് പോലുള്ള അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളും രാഷ്ട്രങ്ങളുടെ പരമാധികാരത്തിൽ കൈകടത്തുകയും തങ്ങളുടെ സാമ്പത്തിക താല്പര്യങ്ങൾക്കനുസൃതമായി നിയമങ്ങളും നയങ്ങളും നിർമ്മിക്കാൻ ഭരണകൂടങ്ങളെ നിർബന്ധിക്കുകയും ചെയ്യുന്നത് വ്യാപകമായത് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ആണ്. നവ ഉദാരവൽക്കരണ നയങ്ങൾ പിന്തുടർന്ന് ഇന്ത്യയിലെ ഭരണകൂടങ്ങളുടെ അധികാരം വൻകിട സാമ്പത്തിക ശക്തികളുടെ ഇച്ഛാനുസരണം ചലിക്കാൻ തുടങ്ങിയതോടെ ക്ഷേമ രാഷ്ട്രം എന്ന സങ്കല്പം തന്നെ ചോദ്യം ചെയ്യപ്പെടുകയായിരുന്നല്ലോ. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, പൊതുമേഖല, സാമൂഹ്യക്ഷേമ പരിപാടികൾ തുടങ്ങി സർക്കാരിന്റെ ഒട്ടുമിക്ക പ്രവർത്തനങ്ങളിലേക്കും കോർപ്പറേറ്റുകൾ നേരിട്ടും അല്ലാതെയും ഇടപെടാൻ തുടങ്ങിയപ്പോൾ അതിന്റെ ആരംഭത്തിൽ ഉണ്ടായത്ര എതിർപ്പുകൾ ഇപ്പോൾ ഇടതുപക്ഷം പോലും ഉന്നയിക്കാതെയായി. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൽ നിന്നും ലോകബാങ്കിൽ നിന്നും ഒക്കെ ഒരു ലോൺ സുരക്ഷിതമാക്കാൻ ഒരു രാജ്യം പാലിക്കേണ്ട സാമ്പത്തിക പരിഷ്കാരങ്ങളുടെ പ്രഖ്യാപിത നയമാണ് ‘ഘടനാപരമായ ക്രമീകരണം (Structural Adjustments). ഘടനാപരമായ ക്രമീകരണങ്ങൾ പലപ്പോഴും ഗവൺമെന്റ് ചെലവ് കുറയ്ക്കൽ, സ്വതന്ത്ര വ്യാപാരത്തിന് തുറന്നുകൊടുക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള സാമ്പത്തിക നയങ്ങളുടെ ഒരു ക്രമീകരണമാണ്. ഈ അടുത്ത കാലത്തു കേന്ദ്ര സർക്കാരും കേരള സർക്കാരും നടപ്പാക്കിയ ചില നയങ്ങൾ പരിശോധിച്ചാൽ തന്നെ അത് ബോധ്യമാവും. ഇന്ത്യയിൽ ജനിതക മാറ്റം വരുത്തിയ കടുകിന്റെ തുറന്ന വയലിലെ പരീക്ഷണങ്ങൾക്കുള്ള അനുമതി, സമ്പുഷ്‌ടീകരിച്ച അരി നൽകി പോഷക ദാരിദ്ര്യത്തെ പരിഹരിക്കാനുള്ള പദ്ധതി , റീ ബിൽഡ് കേരള ഇനിഷ്യയേറ്റിവിന്റെ കോൺസൾട്ടന്റായി കെ പി എം ജി എത്തുന്നത്, നാലാം വ്യവാസായിക വിപ്ലവത്തിനുള്ള തയ്യാറെടുപ്പുകൾ, അലോപ്പതി ഡോക്ടർമാരുടെ മുന്നറിയിപ്പുകൾ പോലും അവഗണിച്ചു നടപ്പിലാക്കിയ കോവിഡ് മാസ് വാക്സിനേഷൻ തുടങ്ങിയവ കുത്തക കമ്പനികളുടെയോ, അമേരിക്ക പോലുള്ള വൻകിട രാഷ്ട്രങ്ങളുടെയോ, ലോക ബാങ്ക് പോലുള്ള സാമ്പത്തിക സ്ഥാപനങ്ങളുടെയോ വ്യവസ്ഥകൾക്ക് സർക്കാരുകൾ വഴങ്ങിയതിന്റെ കൂടി ഫലമായിരുന്നു. ഇപ്പോൾ വന്നിരിക്കുന്ന പൊതു ജനാരോഗ്യ ബില്ലിന്റെ കാര്യത്തിലും ലോകാരോഗ്യ സംഘടനയുടെയും അതിന്റെ നിയന്ത്രിക്കുന്ന ബിൽഗേറ്റ്സ് ആൻഡ് മിലിന്ദ ഫൌണ്ടേഷൻ പോലുള്ള സംഘടനകളുടെയും പങ്കു പരിശോധിക്കേണ്ടിയിരിക്കുന്നു.
വൺ ഹെൽത്ത്
കേരള പൊതു ജനാരോഗ്യ ബില്ലിന്റെ ആമുഖത്തിൽ പറയുന്നത് പൊതു ജനാരോഗ്യ സംരക്ഷണത്തിന് ഏകാരോഗ്യം (One Health) എന്ന സമീപനം സ്വീകരിക്കേണ്ടതിനാൽ കൂടിയാണ് പുതിയ ബിൽ കൊണ്ടുവരുന്നത് എന്നാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടനയാണ് ഏകാരോഗ്യം എന്ന നയം കൊണ്ട് വരുന്നത്. ലോകാരോഗ്യ സംഘടന ഏകാരോഗ്യത്തെ നിർവചിക്കുന്നത് “മികച്ച പൊതുജനാരോഗ്യ ഫലങ്ങൾ കൈവരിക്കുന്നതിന് ഒന്നിലധികം മേഖലകൾ ആശയവിനിമയം നടത്തുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന പ്രോഗ്രാമുകൾ, നയങ്ങൾ, നിയമനിർമ്മാണം, ഗവേഷണം എന്നിവ രൂപകൽപ്പന ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ഒരു സമീപനം” എന്നാണ്. മനുഷ്യന് മാത്രമായി ആരോഗ്യം കൈവരിക്കാൻ കഴിയില്ലെന്നും പ്രകൃതിയിലെ മറ്റു ജീവജാലങ്ങളുടെ ആരോഗ്യത്തോടൊപ്പമേ മനുഷ്യരുടെ ആരോഗ്യം ഉറപ്പാക്കാൻ കഴിയൂ എന്നുമാണ് അതിന്റെ അന്തസത്ത. എന്നാൽ ഇന്ത്യ പോലുള്ള പല ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും ലാറ്റിനമേരിക്കൻ രാജ്യങ്ങളിലുമൊക്കെ നിലനിന്നിരുന്ന പ്രകൃതിയിലെ വൈവിധ്യത്തെ, ആവാസ വ്യവസ്ഥയെ, ജൈവ സംവിധാനത്തെ ഒക്കെ മനസ്സിലാക്കിയും പരിപാലിച്ചുമുള്ള ജീവിത വ്യവസ്ഥയാണ് കൊളോണിയൽ രാഷ്ട്രങ്ങളും വികസിത രാഷ്ട്രങ്ങളും ചേർന്ന് ഇല്ലാതാക്കിയത്. ഇപ്പോൾ അതേ മൂല്യങ്ങളെ ആധാരമാക്കി ഏകാരോഗ്യം എന്ന സമീപനത്തെ ലോകാരോഗ്യ സംഘടന വഴി അതേ രാഷ്ട്രങ്ങളിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ആശയപരമായി പരിസ്ഥിതിയെ പരിഗണിക്കാനും മറ്റു ജീവജാലങ്ങളുടെ ആരോഗ്യത്തെ ഉറപ്പാക്കാനും ജൈവ വൈവിധ്യത്തെ സംരക്ഷിക്കാനും ആഹ്വാനം ചെയ്യുമ്പോഴും അതിന്റെ അടിസ്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമായ വ്യാപാര സാധ്യതകളാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളിലേക്ക് ഒളിച്ചു കടത്തുന്നത് എന്നതാണ് മറ്റൊരു വൈരുധ്യം. അധികാര കേന്ദ്രീകരണം, ആരോഗ്യ രംഗത്തെ കമ്പോളവൽക്കരണം എന്നിവയിലൂടെ ചികിത്സാരംഗത്തെ വൈവിധ്യത്തെ ഇല്ലാതാക്കി ആധുനിക വൈദ്യത്തിലേക്കു ചുരുക്കുക, എല്ലാറ്റിനും ഒറ്റമൂലിയായി പ്രധിരോധ കുത്തിവയ്പ്പ് കൊണ്ടുവരിക, അമിത വൈദ്യവൽക്കരണത്തിലൂടെ മരുന്ന് കച്ചവടം പ്രോത്സാഹിപ്പിക്കുക, നൂതന സാങ്കേതിക വിദ്യയിലൂടെ ജനിതക ചികിത്സ, പ്രവചന മരുന്ന് (Predictive Medicine ) തുടങ്ങിയ ചികിത്സാ രീതികൾ പ്രചരിപ്പിക്കുക തുടങ്ങിയവയിലൂടെ വൈദ്യരംഗത്ത് കുത്തക സാമ്പത്തികവൽക്കരണമാണ് ഇന്ന് ലോകത്തു നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. “ആരോഗ്യ രംഗത്തുള്ള മിക്ക ചികിത്സാ വിഭാഗങ്ങളും ഏറിയും കുറഞ്ഞും കമ്പോളവുമായി ചേർന്നാണ് നിലനിൽക്കുന്നത്. സർക്കാർ നയങ്ങൾ എല്ലാം വരുന്നത് വലിയ കോർപ്പൊറേറ്റുകൾക്ക് വിപണന സാധ്യതകൾ തുറന്നു കൊടുക്കുന്ന രീതിയിലാണ്. അതിനു ഏറ്റവും അനുയോജ്യം ആധുനിക വൈദ്യവും അതിന്റെ സംവിധാനങ്ങളുമാണ്. ജീവിതശൈലി മാറ്റിയാൽ ഭേദമാവുന്ന അസുഖങ്ങൾക്കുപോലും ആജീവനാന്തം മരുന്ന് കഴിക്കേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്. ഈ ബില്ലിലും പൊതുജന താൽപ്പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള വ്യവസ്ഥകളല്ല ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികളുടെയും ഇൻഷുറൻസ് കമ്പനികളുടെയും താല്പര്യങ്ങൾ ചോദ്യം ചെയ്യാതിരിക്കാൻ വേണ്ടിയാവണം ബില്ല് ചർച്ച ചെയ്യാതെ പാസാക്കിയത്. പ്രതിപക്ഷത്തിനും ഇതിലൊന്നും വലിയ എതിർപ്പില്ല എന്നതും വാസ്തവമാണ്. ഏകീകൃത പ്രോട്ടോക്കോളോക്കെ നടപ്പാക്കുക വഴി ആരോഗ്യ രംഗത്തെ സാമൂഹ്യ രാഷ്ട്രീയ ഇടപെടലുകൾ ഒഴിവാക്കാനും അവസാനത്തെ ആശ്രയമായ വാക്സിനെ തുടക്കത്തിൽ തന്നെ അടിച്ചേൽപ്പിക്കാനും സ്വാഭാവിക പ്രതിരോധ ശേഷിയെ പരിപോഷിപ്പിക്കുന്ന കാര്യങ്ങളെ ഒഴിവാക്കാനും കഴിയും” എന്ന് ആരോഗ്യ പ്രവർത്തകനായ ഡോ. പി ജി ഹരി പറയുന്നു.
ബിൽ ഗേറ്റ്സ് പറയുന്നു, ലോകം അനുസരിക്കുന്നു
ലോകമാകമാനം കോവിഡിനെ നേരിടുന്നതിനെക്കുറിച്ച് രാജ്യങ്ങൾ ഗൗരവപൂർവ്വം ചർച്ച ചെയ്യുന്നതിനിടയിൽ, നാല് ഗ്രൂപ്പുകൾ വാക്സിൻ വിപണിയുടെ ആഗോള സാധ്യതകൾ തിരിച്ചറിഞ്ഞ് അതിന്റെ വികസനത്തിൽ നിക്ഷേപം ആരംഭിക്കുകയായിരുന്നു. തുടർന്ന് കോവിഡ് ചികിത്സയ്ക്കുള്ള പ്രോട്ടോകോൾ ഉണ്ടാക്കി മരുന്നും മറ്റു ഉപകരണങ്ങളും ആവശ്യമുള്ള രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി ലോകമെമ്പാടുമുള്ള ഒരു വിതരണ പദ്ധതി സൃഷ്ടിക്കാൻ അവർ ലോകാരോഗ്യ സംഘടനയുമായുള്ള അവരുടെ സ്വാധീനം ഉപയോഗിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജീവ കാരുണ്യ സംഘടനയായ ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനായിരുന്നു അതിൽ ഏറ്റവും വലുതും ശക്തവുമായത്. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലെ ആളുകൾക്ക് കുത്തിവയ്പ്പ് നൽകാൻ ഗേറ്റ്സ് കണ്ടെത്തിയ ആഗോള വാക്‌സിൻ ഓർഗനൈസേഷനായ ഗവിയും (Gavi ) മുൻ വർഷങ്ങളിൽ ഗേറ്റ്സ് ഫൗണ്ടേഷനുമായി സഹകരിച്ച് കോടിക്കണക്കിന് ഡോളർ നിക്ഷേപമുള്ള ബ്രിട്ടീഷ് ഗവേഷണ ഫൗണ്ടേഷനായ വെൽകം ട്രസ്റ്റും (Wellcome Trust ) ഒന്നിച്ചുണ്ടായിരുന്നു. കൂടാതെ 2017-ൽ ബിൽ ഗേറ്റ്‌സും വെൽക്കം ട്രസ്റ്റും ചേർന്ന് സൃഷ്ടിച്ച Coalition for Epidemic Preparedness Innovations എന്ന അന്താരാഷ്ട്ര വാക്‌സിൻ ഗവേഷണ വികസന ഗ്രൂപ്പുമുണ്ടായിരുന്നു.
ഈ ഗ്രൂപ്പുകളുടെ നിക്ഷിപ്ത താൽപ്പര്യങ്ങൾക്കെതിരെ പല കോണുകളിൽ നിന്നും അന്നുതന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. “യു.എസ്. ഗവൺമെന്റിന് ഉപദേശം നൽകാനും വിഭവങ്ങൾ എവിടെയാണ് നൽകേണ്ടതെന്ന് ഉപദേശിക്കാനും ബിൽ ഗേറ്റ്സിനെ യോഗ്യനാക്കുന്നത് എന്താണ്?” ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് ആക്‌സസ് കാമ്പെയ്‌നിന്റെ സീനിയർ വാക്‌സിൻ പോളിസി അഡ്വൈസറായ കേറ്റ് എൽഡർ (Kate Elder ) ആ അവസരത്തിൽ ചോദിച്ചിരുന്നു. എന്നാൽ താമസിയാതെ, അമേരിക്കയിലെയും യൂറോപ്പിലെയും ഗവൺമെന്റുകൾ ഈ നാല് ഗ്രൂപ്പുകൾക്ക് നിർണായക പിന്തുണ വാഗ്ദാനം ചെയ്യുന്നതാണ് ലോകം കണ്ടത്. ലോബിയിംഗ് രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന സംഘടനകളുടെ വിശകലനമനുസരിച്ച്, യുഎസിലും യൂറോപ്പ്യൻ യൂണിയനിലും ലോബിയിംഗിനായി ഈ സംഘടനകൾ കുറഞ്ഞത് 8.3 മില്യൺ ഡോളർ ചെലവഴിച്ചു. ഗവിയും CEPI യും ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനും ഗവൺമെന്റുകളെയും ലോകാരോഗ്യ സംഘടനയെയും തങ്ങളുടെ വരുതിയിൽ വരുത്തുന്നതിന് ഒരുമിച്ച് നിർണായക പങ്ക് വഹിച്ചു എന്നത് ചരിത്രം. രാഷ്ട്രീയം, നയം, അധികാരം എന്നിവയേക്കുറിച്ചു പഠിക്കുന്ന ആഗോള സംഘടനയായ POLITICO ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. രോഗ പ്രതിരോധത്തെ വാക്സിനേഷനിലേക്കും ആരോഗ്യത്തെ പകർച്ചവ്യാധികളുടെ നിയന്ത്രണത്തിലേക്കും ഒതുക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന ബിൽ ഗേറ്റ്സ് എന്ന കപട മനുഷ്യ സ്നേഹിയുടെ സാമ്പത്തിക താൽപ്പര്യങ്ങൾ വെളിപ്പെട്ടിട്ടും സ്വതന്ത്ര രാഷ്ട്രങ്ങളുടെ ആരോഗ്യ നയങ്ങൾക്ക് രൂപം കൊടുക്കുന്നതിൽ ബിൽ ഗേറ്റ്സിന്റെ സ്വാധീനം ജനാധിപത്യ സംവിധാനങ്ങളിലൂടെ നിർബാധം ഇപ്പോഴും തുടരുകയാണ്.
കേരള സർക്കാർ രൂപ കൽപ്പന ചെയ്ത കേരള പൊതു ജന ആരോഗ്യ ബില്ലിന്റെ അന്തസത്തയ്ക്ക് രൂപം കൊടുത്തത് സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിൽ ജനാധിപത്യ രീതിയിൽ ഇടപെടാൻ മനസുള്ളവരല്ല എന്നത് നിശ്ചയമാണ്. ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തെ, പ്രധിരോധ കുത്തിയവപ്പ് എന്ന ഒറ്റമൂലിയെ, മരുന്ന് വ്യാപാരത്തെ, ആധുനിക വൈദ്യത്തിന്റെ അപ്രമാദിത്വത്തെ, സാങ്കേതിക മികവിനെ ഒക്കെ കൊണ്ടാടുന്ന ശാസ്ത്ര രംഗത്തെ വിദഗ്ധരാണ് അതിനു പിന്നിൽ എന്ന് ഈ ബില്ല് വായിക്കുന്ന ഒരാൾക്ക് തോന്നിയാൽ കുറ്റം പറയാൻ കഴിയില്ല. ഇത്തരം നയങ്ങൾ നടപ്പാക്കുന്ന, ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന ഭരണാധികാരികളെയാണ് ഇത്തരം നയങ്ങളും നിയമങ്ങളും സ്പോൺസർ ചെയ്യുന്ന കുത്തക സംഘടനകൾ വിലയ്ക്ക് വാങ്ങുന്നതെന്നത് നമുക്ക് കാണാൻ കഴിയും. അടുത്തകാലത്ത് ബിൽ ഗേറ്റ്സ് എഴുതിയ ഒരു ലേഖനത്തിൽ ഇങ്ങനെ പറയുന്നുണ്ട്. “തീയണയ്ക്കാൻ തയ്യാറെടുക്കുന്നതുപോലെ രോഗബാധയ്‌ക്കെതിരെ പോരാടാനും നാം തയ്യാറെടുക്കേണ്ടതുണ്ട്. അല്ലെങ്കിൽ അത് നിയന്ത്രണാതീതമായി കത്തിത്തീരും, ആ തീ ഒരു വീടിന് മാത്രമല്ല, സമൂഹത്തിലെ ഓരോ വീടിനും ഭീഷണിയാണ്. സാംക്രമിക രോഗങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. കോവിഡ് നൽകിയ അനുഭവത്തിൽ നിന്നും നമുക്ക് നന്നായി അറിയാവുന്നതുപോലെ, ഒരു പട്ടണത്തിൽ പൊട്ടിപ്പുറപ്പെടുന്ന രോഗം പെട്ടെന്ന് ഒരു രാജ്യത്തുടനീളം വ്യാപിക്കുകയും പിന്നീട് ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു. അത് തടയാൻ ഏറ്റവും അർത്ഥവത്തായ നിരവധി പ്രവർത്തനങ്ങൾ സർക്കാരിന്റെ ഉന്നത തലങ്ങളിൽ നിന്നുള്ള ഏകോപനം വഴി ലോകത്തിന് ആവശ്യമാണ്. ഒന്നിലധികം അലാറം തീയണക്കാനായി തയ്യാറെടുക്കുക – ആവശ്യമായ അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകളും ഉപകരണങ്ങളും നൽകാൻ ലോകാരോഗ്യ സംഘടനയ്ക്ക് (W.H.O ) കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു പകർച്ചവ്യാധി രഹിത ഭാവിയിലേക്കുള്ള പുരോഗതി നമുക്ക് ഉണ്ടോ എന്നതാണ് ചോദ്യം. വളരെ വൈകുന്നതിന് മുമ്പ് ആ ഭാവിക്കുവേണ്ടിയുള്ള നിക്ഷേപമാവണം നമ്മുടെ ദീർഘവീക്ഷണം.” ‘പകർച്ച വ്യാധികളുടെ വ്യാപാരി’ യായി ലോകം ചുറ്റി നടക്കുന്ന ബിൽ ഗേറ്റ്സ് ലക്‌ഷ്യം വയ്ക്കുന്ന തയ്യാറെടുപ്പുകളുടെ ഭാഗമാണോ കേരള പൊതുജന ആരോഗ്യ ബില്ല് എന്നത് ഗൗരവമായി അന്വേഷിക്കുകയും ചർച്ച ചെയ്യുകയും വേണം. കോവിഡ് കാലത്തു പോലീസിനെ ഉപയോഗിച്ച് നടപ്പാക്കിയ സാമൂഹ്യ നിയന്ത്രണ രീതികളുടെ സാധ്യതകൾ, ബല പ്രയോഗം, പിഴയിടൽ, പബ്ലിക് ഹെൽത്ത് ഓഫീസർ എന്ന ഉദ്യോഗസ്ഥന് നൽകുന്ന അമിതാധികാരങ്ങൾ ഒക്കെ ചേർന്ന് പൊതുജന ആരോഗ്യം എന്ന ബ്രഹത്തായ വിഷയത്തെ രോഗ ചികിത്സയിലേക്കും പകർച്ചവ്യാധി നിയന്ത്രണത്തിലും ഒതുക്കിയത് ആരുടെ താല്പര്യമാണെന്നറിയാൻ കേരളത്തിലെ ഓരോ പൗരനും അവകാശം ഉണ്ട്. അത് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി തുടങ്ങിയവർക്ക് നേരെ പതിവ് രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെ കണ്ടെത്താൻ കഴിയുന്നതല്ല. കുറഞ്ഞത് കേരളത്തിലെ ബുദ്ധിജീവികളുടെയും, പുരോഗമന ആരോഗ്യ വിദഗ്ധരുടെയും ഇടയിലെ ലോകാരോഗ്യ സംഘടനയുടെ സ്വാധീനം എങ്കിലും പരിഗണിക്കേണ്ടിവരും.