കലയുടെ പരിവർത്തന ചരിത്രത്തിൽ ക്യൂറേറ്റർമാരുടെ ഇടപെടലുകൾ

1960 കളുടെ അന്ത്യത്തിലും 70 കളുടെ തുടക്കത്തിലും ലോകത്താകമാനം കലാസാംസ്കാരികരംഗം മൗലികമായ പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരുന്നു. കലയുടെ സൃഷ്ടിയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന മാറ്റമായിരുന്നില്ല അത്. മറിച്ച് കലയുടെ പ്രദർശനത്തെയും ആസ്വാദകരുടെ കാഴ്ച്ചയേയും ഊന്നിക്കൊണ്ടുള്ള പരിവർത്തനമായിരുന്നു. കലാകാരാൽ (ആർട്ടിസ്റ്റ്) മാത്രം കല നിർവചിക്കപ്പെടുക എന്നതിൽ നിന്ന് മാറി കാഴ്ച്ചക്കാരാലും കല നിർവചിക്കപ്പെടാൻ തുടങ്ങി. അതോടെ കാണികൾ സഹൃദയരായി. ഇത്തരത്തിൽ കാഴ്ച്ചക്കാരിൽ നിന്നും സഹൃദയരിലേക്കുള്ള പരിണാമത്തിന്റെ ഇടയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ക്യൂറേറ്റർ. ഇന്ത്യയിൽ 90 കളിൽ പോലും കേട്ടുപരിചയമില്ലാത്ത വാക്കുകളായിരുന്നു ‘ക്യൂറേറ്റർ’, ‘ക്യൂററ്റോറിയൽ’, ‘ക്യൂറേഷൻ’ മുതലായവ. സംരക്ഷിക്കുക, സൂക്ഷിക്കുക, കേടുപാടുകൾ തട്ടാതെ കാക്കുക എന്നൊക്കെ അർത്ഥം വരുന്ന ‘ക്യുറാറെ’ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് ക്യൂറേറ്റർ എന്ന പദത്തിന്റെ ഉത്ഭവം. ക്യൂറേറ്ററാൽ ചെയ്യപ്പെടുന്ന ക്രിയയായും ക്യൂറേറ്റരുടെ പ്രവൃത്തിയായുമാണ് ക്യൂറേഷൻ എന്ന പദം ബന്ധപ്പെട്ടു കിടക്കുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ ക്യൂറേഷൻ എന്ന പദം കൂടുതലായും മ്യൂസിയം ക്യൂറേഷനുമായാണ് ചേർന്നുനിൽക്കുന്നത്. ചരിത്രത്തെ കേടുപാടുകൾ കൂടാതെ സംരക്ഷിക്കുക, അവയെ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ആദ്യകാലങ്ങളിൽ ഇന്ത്യൻ മ്യൂസിയങ്ങൾക്കുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു നൂറ്റാണ്ടുകളായി മ്യൂസിയങ്ങൾ അവയുടെ രൂപത്തിലും ഉള്ളടക്കത്തിലും ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയുള്ള ക്യൂററ്റോറിയൽ അവതരണങ്ങൾ അതിനുദാഹരണമാണ്.

പഴശ്ശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം, കോഴിക്കോട്

പ്രദർശനം (Display) എന്ന പരമ്പരാഗത രൂപത്തിൽ നിന്നും അവതരണം എന്ന രൂപത്തിലേക്കും ഇന്ററാക്ടീവ് ഗ്യാലറികൾ എന്ന രൂപത്തിലേക്കും ആധുനിക കാലത്തെ മ്യൂസിയങ്ങൾ മാറിത്തുടങ്ങി. അതിന്റെ ഫലമായി മാറുന്ന കാലത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര വീക്ഷണങ്ങൾ മ്യൂസിയങ്ങളുടെയും മ്യൂസിയം നടത്തിപ്പിന്റെയും ഭാഗമായി. കഴിഞ്ഞ കാലത്തിന്റെ പ്രദർശനം, ചരിത്രത്തിന്റെ സൂക്ഷിപ്പ് എന്ന രീതിയിൽ നിന്നും മാറി മ്യൂസിയങ്ങളും അതിന്റെ പ്രവർത്തനങ്ങളും രാഷ്ട്രീയമായ പ്രക്രിയയുടെ ഭാഗമായിത്തീരുക കൂടിയാണിന്ന്. അതിൽ ക്യൂറേറ്റർമാർ ഗൗരവപരമായ ഇടപെടലുകൾ നടത്തുന്നുണ്ട്. ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന സ്വതന്ത്ര-ഇൻസ്റ്റിറ്റ്യൂഷണൽ ക്യൂറേറ്റർമാരായ നിയതി ഷിൻഡെ, ജോണി എം.എൽ, ദർശൻ കുമാർ, ജയറാം പൊതുവാൾ മുതലായവർ ഇത്തരത്തിലുള്ള ആർട് – മ്യൂസിയം ക്യൂറേഷന്റെ വിവിധ സാധ്യതകൾ മുന്നോട്ടുവെക്കുന്നവരാണ്.

മ്യൂസിയങ്ങളും ക്യൂറേഷനും

മ്യൂസിയം പതിനേഴാം നൂറ്റാണ്ടിൽ രൂപംകൊണ്ട സങ്കൽപമാണ്. ആ സങ്കൽപം ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ എത്തിനിൽക്കുമ്പോൾ സാംസ്കാരിക–ചരിത്ര വിനിമയോപാധി എന്നതിലുപരി ശക്തമായ ബോധനമാർഗം കൂടിയായി മാറിയിരിക്കുന്നു. വർത്തമാനകാലത്ത് നിന്നുകൊണ്ട് ഒരു സമൂഹത്തിന്റെ ഭൂതകാലത്തെ സമഗ്രമായി അവതരിപ്പിക്കുന്നു എന്നതിനാലാണ് ആധുനികകാലത്ത് മ്യൂസിയങ്ങൾക്ക് പ്രാധാന്യം വർധിക്കുന്നത്. അതുകൊണ്ടുതന്നെയാണ് സംസ്കാരത്തെയും സമൂഹത്തെയും സമ്പന്നമാക്കുക, സംരക്ഷിക്കുക, വിനിമയം ചെയ്യുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തി ഇന്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസ് 1978 മുതൽ ലോക മ്യൂസിയം ദിനമായി മെയ് 18 ആഘോഷിക്കുന്നത്. 2023 മെയ് 18 ലെ അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് ‘ക്യൂറേറ്റിങ്ങ് ഇൻ ടൈം’ (Curating in Time) എന്ന വിഷയത്തിൽ കേരള പുരാവസ്തു വകുപ്പും കോഴിക്കോട് പഴശ്ശിരാജ മ്യൂസിയവും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിലും മ്യൂസിയങ്ങളുടെയും മ്യൂസിയം ക്യൂറേഷനുകളുടെയും പ്രാധാന്യം വിനിമയം ചെയ്യപ്പെട്ടു. ക്യൂറേറ്റർമാർ കലാ–ചരിത്രമേഖലകളിൽ നടത്തുന്ന നവീനമായ ഇടപെടലുകൾ, ക്യൂറേറ്ററിനാൽ കലയും ചരിത്രവും ഏതെല്ലാം വിധത്തിൽ പുനഃസൃഷ്ടിക്കപ്പെടുന്നു, ഇന്ത്യയിലെ മ്യൂസിയം–ആർട് ക്യൂറേഷനുകളുടെ സാധ്യതകൾ എന്നിവയായിരുന്നു ‘ക്യുറേറ്റിങ്ങ് ഇൻ ടൈം’ എന്ന സെമിനാറിന്റെ ഉള്ളടക്കം.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കലയും കലാസ്വാദനവും ഉപരിവർഗത്തിന്റേതോ വിജ്ഞാനസമൂഹത്തിന്റെയോ ഭാഗമായി മാത്രം വളരുകയും വികാസം പ്രാപിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷമായിരുന്നു നിലനിന്നിരുന്നത്. ഈയൊരു സമയത്താണ് കലയിലെ അധീശത്വസ്വഭാവം ചോദ്യംചെയ്യപ്പെടാൻ തുടങ്ങിയത്. അതിൽ ക്യൂറേറ്റർമാർ നടത്തിയ ഇടപെടലുകൾ ശ്രദ്ധാർഹമാണ്. അതുവരെ വിജ്ഞാനസമൂഹത്തിന്റെയോ സാംസ്കാരിക സമൂഹത്തിന്റെയോ ഭാഗമായി നിന്നിരുന്ന കല പൗരസമൂഹത്തിന്റെ കൂടി ഭാഗമാവുകയും ക്യൂറേറ്ററാൽ കല ജനകീയവൽക്കരിക്കപ്പെടുകയും ചെയ്തു. കലയിൽ ഇത്തരത്തിൽ ജനകീയവത്കരണം സംഭവിച്ചുവെങ്കിലും ആർട് ഗ്യാലറികളും മ്യൂസിയങ്ങളും എന്നും നമുക്കപരിചിതമായിതന്നെ തുടർന്നു.

ഡോ. ജയറാം പൊതുവാൾ

അന്യമാക്കപ്പെടുന്ന മ്യൂസിയങ്ങൾ

‘ക്യുറേറ്റിങ്ങ് ഇൻ ടൈം’ സെമിനാറിൽ സംസാരിച്ച ആർട് ക്യൂറേറ്ററും എം.എസ് യൂണിവേഴ്സി ആർട് ഹിസ്റ്ററി & ഏസ്തെറ്റിക്സ് വിഭാഗത്തിന്റെ മേധാവിയുമായ ഡോ. ജയറാം പൊതുവാളിന്റെ അഭിപ്രായത്തിൽ ഇന്ത്യയിലെ ജനസംഖ്യയുടെ പത്ത് ശതമാനം ആളുകൾ പോലും മ്യൂസിയങ്ങൾ സന്ദർശിക്കുന്നവരല്ല. മ്യൂസിയങ്ങളുടെ പ്രവർത്തനങ്ങൾക്കുവേണ്ടി സർക്കാർ ധാരാളം പണം ചിലവഴിക്കുന്നുണ്ടെങ്കിലും ഇന്നും ആരെല്ലാം മ്യൂസിയങ്ങളും ആർട്ട് ഗ്യാലറികളും സന്ദർശിക്കുന്നുണ്ടെന്നത് ഒരു വലിയ ചോദ്യമായിതന്നെ അവശേഷിക്കുന്നു. അതിന്റെ പ്രധാനകാരണങ്ങളിലൊന്ന് പ്രദർശനമാണ് (Display). പലപ്പോഴും അവതരണം എന്നതിലുപരി കേവലം പ്രദർശനമായിത്തീരുകയാണ് ഇന്ത്യയിലെ ക്യൂററ്റോറിയൽ ഇടപെടലുകൾ. മാനവ സംഗ്രാലയ മ്യൂസിയം അതിനുദാഹരണമാണ്. എന്നാൽ അതേസമയം ഝാർഖണ്ഡിലെ ട്രൈബൽ മ്യൂസിയം, ബിർളാ മ്യൂസിയം എന്നിവ ക്യൂററ്റോറിയൻ സാധ്യതകളാണ് തുറന്നുകാട്ടുന്നത്. മ്യൂസിയം ക്യൂറേഷൻ, ആർട് ക്യൂറേഷൻ മുതലായവ ഇന്ത്യൻ കലാ –സാംസ്കാരിക-ചരിത്രമേഖലയെ ഒരു പരിധിവരെ പുതുക്കിപ്പണിയുന്നുണ്ട്. ഇന്ത്യൻ ജനതയുടെ ആസ്വാദനതലത്തിലും കാഴ്ചയിലും ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്താൻ ക്യൂററ്റോറിയൻ ഇടപെടലുകൾക്ക് സാധിച്ചിട്ടുണ്ട്. മ്യൂസിയം എന്നത് ഭൂതവും ഭാവിയും വർത്തമാനവും ഒന്നിച്ചുചേരുന്ന അപൂർവ്വം ഇടങ്ങളിലൊന്നാണ്. പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുന്ന നിലവറകൾ മാത്രമല്ല മ്യൂസിയങ്ങൾ, മറിച്ച് അവ വർത്തമാനകാലത്തെയും ഭാവിയെയും ചലനാത്മകമായ രീതിയിൽ അവതരിപ്പിക്കുന്ന ഇടങ്ങൾ കൂടിയാണ്. ഇത്തരത്തിൽ മ്യൂസിയങ്ങളെ ക്രിയാത്മകമാക്കുന്നതിൽ ക്യൂറേറ്റർമാർ നടത്തിയ ഇടപെടലുകൾ ശ്രദ്ധാർഹവുമാണ്. ജയറാം പൊതുവാൾ അഭിപ്രായപ്പെടുന്നു.

സ്വതന്ത്ര ക്യൂറേറ്ററും ഫോട്ടോ-ആർട് ചരിത്രകാരിയുമായ ഡോ. നിയതി ഷിൻഡെ ക്യൂറേഷൻ, ക്യൂറേറ്റർ എന്നിവയെ കാലഘട്ടത്തിനനുസൃതമായി അർത്ഥവ്യാപ്തി സംഭവിച്ച പദങ്ങളായാണ് പരിഗണിക്കുന്നത്. മ്യൂസിയം നടത്തിപ്പുകാർ എന്ന പരമ്പരാഗത അർത്ഥത്തിൽ നിന്നും ക്യൂറേഷൻ എന്ന പദം ഇന്ന് കമ്മ്യൂണിറ്റി ക്യൂറേറർ, ലിറ്റററി ക്യൂറേറ്റർ, ഡിജിറ്റൽ ക്യൂറേറ്റർ എന്നിങ്ങനെ വിവിധ മാനങ്ങൾ കൈവരിച്ചിരിക്കുന്നു. എന്നാൽ അതേസമയം ക്യൂറേഷൻ എന്നത് എന്തിനെയും വിപണിവൽക്കരിക്കാനും വിൽക്കാനുമുള്ള മാർഗമായി മാറുന്നുമുണ്ട്- അവർ ചൂണ്ടിക്കാട്ടി.

ഡോ. നിയതി ഷിൻഡെ

സ്വതന്ത്ര കലയും ക്യൂറേഷനും

ക്യൂറേറ്റർമാരിൽ പൊതുവെ ഇൻസ്റ്റിറ്റ്യൂഷണൽ ക്യൂറേറ്റർ, ഇൻഡിപെൻഡന്റ് ക്യൂറേറ്റർ എന്നിങ്ങനെ രണ്ട് വിഭാഗക്കാരുണ്ടെന്ന് ജോണി എം.എൽ സെമിനാറിൽ അഭിപ്രായപ്പെട്ടു. ഇൻസ്റ്റിറ്റ്യൂഷണൽ ക്യൂറേഷനെ അപേക്ഷിച്ച് കലയെ കൂടുതൽ സ്വതന്ത്രമാക്കുന്നത് ഇൻഡിപെൻഡന്റ് ക്യൂറേഷനാണ്. സ്വതന്ത്ര ക്യൂറേഷനിലൂടെ കലയും, ചരിത്രവും അപനിർമ്മിക്കപ്പെടുന്നതായി കാണാൻ സാധിക്കുമെന്നും ജോണി എം.എൽ അദ്ദേഹത്തിന്റെ ക്യൂറേഷൻ വർക്കുകളെ മുൻനിർത്തി വിശദീകരിച്ചു.

കാഴ്ചക്കും അവതരണത്തിനും പുതിയമാനങ്ങൾ കൊണ്ടുവരാൻ സ്വതന്ത്ര ക്യൂറേഷന് കഴിയുന്നുണ്ട്. ചരിത്രത്തെ അഥവാ ഭൂതകാലത്തെ പുനർനിർമ്മിച്ച് അനുഭവവേദ്യമാക്കാനാണ് ക്യൂറേറ്റർമാർ ശ്രമിക്കുന്നത്. ജോണി എം.എൽ ന്റെ ‘സ്മാൾ ബട്ട് സിഗ്നിഫിക്കന്റ്’, ‘ഹീറ്റ്’, ‘ഡ്രീംസ്: പ്രൊജക്ട് അൺറീയലൈസ്ഡ്’ മുതലായവ ഇന്ത്യയിലെ ക്യൂററ്റോറിയൽ പരീക്ഷണങ്ങളുടെ ആദ്യമാതൃകകളാണ്. ഡ്രീംസ് : പ്രൊജക്ട് അൺറീയലൈസ്ഡ് ഇതുവരെ നിലനിന്നിരുന്ന ആർട് ക്യൂറേഷനുകളുടെ പരമ്പരാഗത മാതൃകയിൽ നിന്നും കുതറി നിൽക്കുന്ന ക്യൂററ്റോറിയൽ ഇടപെടലായിരുന്നു. കലയുടെ പ്രകാശനത്തിൽ ക്യൂറേഷന് വലിയ പങ്കാണുള്ളതെന്നും, ഏതൊരു കലാവസ്തുവും എങ്ങനെ പ്രദർശിപ്പിക്കപ്പെടണമെന്ന് തീരുമാനിക്കുന്നത് ക്യൂറേറ്ററാണെന്നും, കലാവസ്തുവിന്റെ അവതരണം അഥവാ പ്രദർശനം എന്നത് ക്യൂറേറ്ററുടെ മാത്രം സൃഷ്ടിയുമാണെന്നും ജോണി എം.എൽ സെമിനാറിൽ സംസാരിക്കവെ അഭിപ്രായപ്പെട്ടു. അപ്പോൾ മാത്രമാണ് സൃഷ്ടിക്കപ്പെട്ട കലയുടെ പുനഃസൃഷ്ടി നടക്കുന്നത് എന്നതിനെ സാധൂകരിക്കുന്ന വിധത്തിലുള്ള നവീനമായ ക്യൂററ്റോറിയൽ പരീക്ഷണമായിരുന്നു ‘ഡ്രീംസ് : പ്രൊജക്ട് അൺറീയലൈസ്ഡ്’. അവതരണത്തിലും ഉള്ളടക്കത്തിലും ആ പുതുമ നിലനിർത്താൻ ഡ്രീംസ് പ്രൊജക്ടിന് സാധിച്ചു. ചുവരുകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന, തൊടരുതെന്ന് എഴുതി വെച്ചിരുന്ന പ്രദർശനമാതൃകയിൽ നിന്നും വ്യത്യസ്തമായി ലൈബ്രറികളിലും ഓഫീസുകളിലും ഡോക്യുമെന്റുകൾ സൂക്ഷിക്കുന്ന ഫയൽ ബോക്സിന്റെ മാതൃകയിലുള്ള അവതരണവും കലാസൃഷ്ടിയെ തൊട്ടറിയാനുള്ള അവസരവും ഡ്രീംസ് കാണികൾക്ക് നൽകി. കാഴ്ചയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന അനുഭവത്തിൽ നിന്ന് വ്യത്യസ്തമായി സ്പർശനത്തിലൂടെ കലാകാരുടെ നടക്കാത്ത സ്വപ്നങ്ങളെ വായിച്ചും തൊട്ടും കണ്ടും അറിയുക എന്നതായിരുന്നു ഡ്രീംസിന്റെ ലക്ഷ്യം. ക്യൂറേഷന്റെ സംവാദാത്മകതലത്തെയാണ് ഡ്രീംസ് പോലുള്ള ക്യൂററ്റോറിയൽ പരീക്ഷണങ്ങൾ അക്കാലത്ത് മുന്നോട്ടുവെച്ചത്.

ജോണി എം.എൽ

ഹീറ്റും ഇത്തരത്തിൽ ക്യൂററ്റോറിയൽ രംഗത്തെ പുതിയൊരു ചുവടുവയ്പ്പായിരുന്നു. മനുഷ്യശരീരത്തിന്റെ പരിപൂർണതയെ പ്രശ്നവൽക്കരിക്കുകയായിരുന്നു ഹീറ്റിന്റെ ലക്ഷ്യം. കലാരംഗത്തും ക്യൂറേഷൻ രംഗത്തും സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലുണ്ടായിരുന്ന വിവേചനത്തെ മുൻനിർത്തി നടത്തിയ ‘ദി ട്വിലൈറ്റ് സോൺ ഓഫ് ദി ഗ്രേറ്റ് ഇന്ത്യൻ ഡിജിറ്റൽ ഡിവൈഡ്’, ‘വീഡിയോ വെനസ്ഡേ’ മുതലായ ക്യൂറേഷൻ പ്രൊജക്ടുകളും സ്വതന്ത്ര പരീക്ഷണാത്മക ക്യൂററ്റോറിയൽ അവതരണങ്ങളിലെ സാധ്യതകളെയാണ് മുന്നോട്ടുവെച്ചത്.

കലാകാരന്മാർക്കിടയിൽ നിലനിന്നിരുന്ന ഡിജിറ്റൽ വിഭജനത്തെയാണ് ‘ദി ട്വിലൈറ്റ് സോൺ ഓഫ് ദി ഗ്രേറ്റ് ഇന്ത്യൻ ഡിജിറ്റൽ ഡിവൈഡ്’ എന്ന ക്യൂറേഷനിലൂടെ അവതരിപ്പിക്കപ്പെട്ടത്. മുൻകാലങ്ങളിലും കലാകാരന്മാർക്കിടയിൽ ഇത്തരത്തിലുള്ള അസമത്വങ്ങൾ നിലനിന്നിരുന്നു. എന്നാൽ അത് സാങ്കേതികവിദ്യയിലൂന്നിക്കൊണ്ടായിരുന്നില്ല. മറിച്ച് ഭാഷയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ ശേഷിപ്പെന്നോണം ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവരും പ്രാദേശികഭാഷ സംസാരിക്കുന്നവരും കലാസാംസ്കാരികരംഗത്ത് രണ്ടായി നിലനിന്നുവന്നു. ഇത്തരത്തിലുള്ള കലയിലെ വരേണ്യതയുടെ മറ്റൊരു രൂപമായിരുന്നു സാങ്കേതികവിദ്യയുടെ വളർച്ചാഘട്ടത്തിൽ ഇന്ത്യയിലെ കലാസാംസ്കാരിക പ്രവർത്തകർക്കിടയിൽ നിലനിന്നിരുന്ന ഡിജിറ്റൽ വിഭജനമെന്നും ജോണി എം.എൽ ചൂണ്ടിക്കാണിച്ചു.

ദർശൻ കുമാർ

മ്യൂസിയങ്ങൾ ഇന്ന് കലാ സാംസ്കാരിക കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ചരിത്രങ്ങളുടെയും സ്മാരകങ്ങളുടെയും പ്രദർശനം എന്നതിലുപരി അവയുടെ അപനിർമിതിക്കും വായനക്കുമായുള്ള ഇടങ്ങളായും മ്യൂസിയങ്ങൾ മാറിക്കൊണ്ടിരിക്കുന്നുണ്ട്. അതിനാൽ തന്നെ ആധുനികോത്തരകാലത്തെ മ്യൂസിയങ്ങൾ, അത് ചരിത്ര മ്യൂസിയങ്ങളോ – കലാ മ്യൂസിയങ്ങളോ ആകട്ടെ അതിന്റെ രൂപത്തിനും പ്രയോജകത്വത്തിനും മാറ്റങ്ങൾ വന്നിട്ടുണ്ട്. ആ മാറ്റത്തിൽ ക്യൂറേറ്റർമാർ നടത്തിയ ഇടപെടലുകൾ ശ്രദ്ധാർഹമാണ്. കലയെയും ചരിത്രത്തെയും വളച്ചൊടിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ആർട് ഗ്യാലറികളും മ്യൂസിയങ്ങളും സമൂഹത്തിൽ ഏതുവിധേനയാണ് വായിക്കപ്പെടുന്നതും അവതരിപ്പിക്കപ്പെടുന്നതും എന്നത് പ്രസക്തമാണ്. അത്തരം സന്ദർഭങ്ങളിലാണ് ക്യൂറേറ്ററുടെയും ക്യൂററ്റോറിയലുകളുടെയും ഇടപെടലുകൾ നിർണ്ണായകമാകുന്നത്. കോഴിക്കോട്ട് നടന്ന സെമിനാർ ഇത്തരം കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്നതായി.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read