സംസ്ഥാന സര്‍ക്കാരിന്‍റെ ‘കേരളീയം’ പരിപാടിയോട് അനുബന്ധിച്ച് തയ്യാറാക്കിയിട്ടുള്ള ‘ലിവിങ്ങ് മ്യൂസിയം’ പട്ടികഗോത്രവര്‍ഗ വിഭാഗങ്ങളോടുള്ള സമീപനങ്ങളെയും അവരുടെ ഉന്നമനത്തെയും, പാരമ്പര്യ സംരക്ഷണത്തെയും സംബന്ധിച്ചുള്ള ചില ചര്‍ച്ചകളിലേക്ക് വീണ്ടും എത്തിച്ചിരിക്കുകയാണ്. ലിവിങ്ങ് മ്യൂസിയത്തിന്‍റെ ഭാഗമായി, പളിയര്‍, ഊരാളി, മന്നാന്‍, മാവിലന്‍, കാണിക്കാര്‍ തുടങ്ങിയ പട്ടികഗോത്രവിഭാഗങ്ങളില്‍ നിന്നുള്ളവരെ, ‘തനത്’ വസ്ത്രധാരണവും, അലങ്കാരങ്ങളും സഹിതം അവര്‍ ജീവിച്ചിരുന്നതായിട്ടുള്ള കുടിലുകളുടെ മാതൃകകള്‍ പശ്ചാത്തലമാക്കിക്കൊണ്ട്, അവരുടെ പാട്ടുകളെയും ആട്ടങ്ങളെയും ആരാധനയെയും കാഴ്ചക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന ഒരു മാതൃകാ ആവാസവ്യൂഹത്തെ റി-ക്രിയേറ്റ് ചെയ്യുകയാണ് ഉണ്ടായിരിക്കുന്നത്
മ്യൂസിയം എന്നത് ചരിത്ര-സാംസ്കാരിക പ്രാധാന്യമുള്ള വസ്തുക്കളെ പ്രദര്‍ശിപ്പിക്കുന്ന ഒരു സംവിധാനം എന്ന് പൊതുവെ നിര്‍വചിക്കപ്പെട്ടിട്ടുള്ളത് പരിശോധിക്കുമ്പോൾ, ‘ലിവിങ്ങ് മ്യൂസിയം’ എന്ന പേരിന് തന്നെ കാര്യമായ പ്രശ്നം ഉള്ളതായി തോന്നുന്നു. ആര്‍ട്ടിഫാക്ടുകളുടെ ഒരു പ്രദര്‍ശനം എന്നതിനുപരിയായി ആ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന/ ജീവിച്ചിരുന്ന മനുഷ്യരും ഈ പ്രദര്‍ശനത്തിന്‍റെ പേരില്‍ കാഴ്ചക്കാരുടെ മുന്നിലേക്ക് അവതരിപ്പിക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍, ലിവിങ്ങ് മ്യൂസിയമെന്ന പേരിലുള്ള ഇത്തരം ആശയങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന മനുഷ്യത്വരഹിതവും മനുഷ്യാന്തസിനെ ഹനിക്കുന്നതുമായ ഘടകങ്ങളെ മനസിലാക്കാന്‍ കഴിയാത്തിടത്തോളം കാലം, ആധുനികസമൂഹമെന്നത് ഒരു പൊള്ളയായ സംവിധാനമായി മാത്രമേ കണക്കാക്കാനാവൂ. മനുഷ്യരെ പ്രദര്‍ശന വസ്തുക്കളാക്കുന്ന, ഇത്തരം കാഴ്ചകൾ കണ്ട് കൗതുകം കൂറുകയും ആസ്വദിക്കുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കെ, ഇതൊരു സമത്വ സുന്ദരമായ ഒരു വ്യവസ്ഥിതിയിലേക്ക് നടന്നടുക്കുന്ന സമൂഹമായി കണക്കാക്കാനാവില്ല.


ഫോക്‌ലോർ അക്കാദമിയുടെ പേരില്‍ ഫോക്‌ലോർ എന്ന വൈജ്ഞാനികശാഖയുടെപിന്‍ബലത്തോടെ നടപ്പിലാക്കിയിട്ടുള്ള, ലിവിങ്ങ് മ്യൂസിയമെന്ന ഈ റി-ക്രിയേഷന്‍റെ പുറകിലുള്ള മാനസികാവസ്ഥ എന്തായിരിക്കും? ആദിവാസി വിഭാഗങ്ങളുടെ കലയെയും ജീവിതരീതിയെയും വിശ്വാസങ്ങളെയും അവതരിപ്പിച്ചുകൊണ്ട് അവ സംരക്ഷിക്കുക എന്നതായിരിക്കുമോ? കാഴ്ചക്കാരുടെ ഉള്ളിലുള്ള കൗതുകങ്ങളെ ഉണര്‍ത്തിക്കൊണ്ട് ഒരു ഓളം സൃഷ്ടിക്കുക എന്നതായിരിക്കുമോ? ആദിവാസി വിഭാഗങ്ങളെക്കുറിച്ച് ഇതരവിഭാഗങ്ങള്‍ക്ക് അല്ലെങ്കില്‍ കാഴ്ചക്കാര്‍ക്ക് അറിവുകള്‍ നല്‍കുക എന്നതായിരിക്കുമോ? യഥാര്‍ത്ഥത്തില്‍ ഇത്തരം പ്രവൃത്തികള്‍ക്ക് പിറകിലുള്ള ചിന്താധാരകളെ പ്രശ്നവല്‍ക്കരിച്ചു കൊണ്ടല്ലാതെ, പട്ടികഗോത്രവിഭാഗ ഉന്നമനത്തിനുവേണ്ടിയോ, പൈതൃക സംരക്ഷണത്തിനുവേണ്ടിയോ അഹോരാത്രം പണിയെടുത്തിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഏറ്റവും കുറഞ്ഞത്, ഇത്തരം ചിന്താധാരയുടെ അടിത്തറയില്‍ നിന്നോ അറിവില്‍ നിന്നോ അല്ല പട്ടികവര്‍ഗ മേഖലയില്‍ ഇടപെടലുകള്‍ നടത്തേണ്ടത് എന്ന തിരിച്ചറിവ് നമുക്ക് ഇനിയും ഉണ്ടായി വരേണ്ടതുണ്ട്. പട്ടികഗോത്രവിഭാഗങ്ങളോട് ഇതരസമൂഹങ്ങള്‍ പുലര്‍ത്തിക്കൊണ്ടു വരുന്ന കാഴ്ചപ്പാടുകളില്‍ ഇനിയും ഏറെ ദൂരം മുന്നോട്ടു പോവാനുണ്ട് എന്നതാണ് ലിവിങ്ങ് മ്യൂസിയങ്ങള്‍ പോലുള്ള കാല്‍പ്പനിക സങ്കല്‍പ്പങ്ങളിലൂടെയുള്ള ഇടപെടലുകള്‍ വെളിപ്പെടുത്തിത്തരുന്നത്.
കൊളോണിയല്‍ കാലഘട്ടത്തില്‍ ആദിമജനതയോട് വെച്ചുപുലര്‍ത്തിയിരുന്ന അധികാര- മേല്‍ക്കോയ്മ സമീപനങ്ങളുടെ മറ്റൊരു പതിപ്പാണ് സിവിലൈസ്ഡ് എന്ന തലത്തിലേക്ക് ഉയര്‍ന്നതായി കണക്കാക്കപ്പെടുന്ന ആധുനികസമൂഹം, പട്ടിക ഗോത്രവിഭാഗങ്ങളെ ഇത്തരത്തില്‍ മ്യൂസിയവല്‍ക്കരിക്കുന്നതിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്. ‘മ്യൂസിയം പീസ്’ അല്ലെങ്കില്‍ ‘കൗതുകമുണര്‍ത്തുന്ന വിഭാഗങ്ങള്‍’ എന്ന രീതിയില്‍ ഒട്ടിച്ചുവെക്കുന്നതിനപ്പുറത്തേക്ക് സമൂഹത്തിന്‍റെ ഉല്‍പ്പാദനപ്രക്രിയയില്‍ പങ്കാളിത്തം വഹിക്കുന്നതാണവരെന്ന മൂല്യത്തിലേക്ക് പട്ടികഗോത്രവിഭാഗങ്ങളെ ഉള്‍ച്ചേര്‍ക്കാന്‍ അതിന്‍റെ സൂക്ഷ്മതലത്തില്‍ ഇനിയും സാധ്യമായിട്ടില്ല. അതിനുകാരണം, ആദിവാസി വിഭാഗങ്ങളെ കൗതുകത്തിനപ്പുറത്തേക്ക് കാണാനുള്ള അറിവിന്‍റെ ഉല്‍പ്പാദനം ഇവിടെ ഒരു കാലത്തും നടന്നിട്ടില്ല എന്നതാണ്. ഒരു ‘എത്‌നിക്’ ചട്ടക്കൂടിനകത്തു നിര്‍ത്തിക്കൊണ്ട് മാത്രമാണ് നാളിതുവരെയും പട്ടികഗോത്രവിഭാഗങ്ങളുടെ നിര്‍വചനം നടന്നിട്ടുള്ളത്. അവരുടെ സാമൂഹിക ബന്ധങ്ങളെക്കുറിച്ചോ, സാമൂഹിക സംഭാവനകളെക്കുറിച്ചോ പരാമര്‍ശിക്കുന്നതില്‍ ന്യായീകരിക്കാനാവാത്ത വിധമുള്ള നിലപാടുകളാണ് നാളിതുവരെയും സാമൂഹിക അധികാരം കയ്യാളുന്നവര്‍ സ്വീകരിച്ചു പോന്നിട്ടുള്ളത്. അതിന്‍റെ തുടര്‍ച്ച തന്നെയാണ് പട്ടികഗോത്രവിഭാഗങ്ങളെ മ്യൂസിയം പീസുകളാക്കി രംഗത്തിറക്കുന്നതിന് പിന്നിലുള്ള ചേതോവികാരവും.


ഇവിടെ ഫോക് ലോര്‍ എന്ന വൈജ്ഞാനികശാഖ, അധികാരം കയ്യിലില്ലാത്ത ഒരു വിഭാഗം മനുഷ്യരുടെ ആത്മാഭിമാനത്തെ പരിഗണിക്കാതെ ഇത്തരം കാര്യങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന്‍റെ അപകടം തിരിച്ചറിയേണ്ടതുണ്ട്. ഇത്തരം വൈജ്ഞാനികശാഖകളുടെ പ്രയോഗത്തില്‍, കാലഹരണപ്പെട്ട ധാരണകളെ വീണ്ടും പച്ചപിടിപ്പിക്കുന്നതിന്‍റെ ആഘാതങ്ങള്‍ പുറത്തുകടക്കാനാകാത്ത വിധം പേറേണ്ടി വരുന്നത് പട്ടികഗോത്രവിഭാഗങ്ങളാണ്. കാരണം, ഇത്തരം മ്യൂസിയവല്‍ക്കരണത്തിലൂടെ പട്ടികവര്‍ഗ ഗോത്രവിഭാഗങ്ങളോട് കാലാകാലങ്ങളായി പുലര്‍ത്തിപ്പോരുന്ന ‘അപര ജീവിതങ്ങള്‍’ എന്ന സങ്കല്‍പ്പങ്ങളുടെ പുനരുല്‍പ്പാദനം വീണ്ടും വീണ്ടും നടന്നുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. പ്രദര്‍ശന മേളയില്‍ കാഴ്ചക്കാരായി വരുന്നവരില്‍, പട്ടികഗോത്ര വിഭാഗങ്ങള്‍ എന്നത്, തങ്ങളെപ്പോലെയുള്ള മനുഷ്യരല്ലെന്നും ഇവര്‍ വേറൊരുത്തര്‍ ആണെന്നുമുള്ള ധാരണ ഊട്ടിയുറപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.


യഥാര്‍ത്ഥത്തില്‍, കേരളത്തിലെ ഭൂരിഭാഗം പട്ടികഗോത്രവിഭാഗങ്ങളും അതിരൂക്ഷമായ സാമ്പത്തിക പ്രയാസങ്ങളും, വിഭവങ്ങളുടെ അന്യവല്‍ക്കരണവും സൃഷ്ടിക്കുന്ന ജീവിത പ്രയാസങ്ങളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നവരാണ്. അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്ന പ്രതിസന്ധികളില്‍ നിന്ന് കരകയറാനുള്ള പദ്ധതികള്‍ വിഭാവനം ചെയ്ത് നടപ്പിലാക്കാന്‍, ഭരണസംവിധാനങ്ങള്‍ക്ക് കഴിയാതെ പോകുന്നുവെന്നത് നിരാശാജനകമാണ്. അതോടൊപ്പം പൈതൃകസംരക്ഷണമെന്ന പേരില്‍ മനുഷ്യാന്തസിനെ പരിഗണിക്കാത്ത രീതിയിലുള്ള ഇത്തരം പ്രദര്‍ശനങ്ങള്‍ മറുഭാഗത്ത് അരങ്ങേറുകയും ചെയ്യുന്നു. കാരണം ഇത്തരം പ്രദര്‍ശനങ്ങള്‍ ഒരു ദിവസത്തെ കൂലികൊടുത്ത് ഉണ്ടാക്കിയെടുക്കുക എന്നത് എളുപ്പമാണ്. പക്ഷെ സ്ഥായിയായ പ്രശ്നപരിഹാരങ്ങള്‍ സങ്കീര്‍ണ്ണവും അത്ര എളുപ്പമല്ലാത്തതുമാണ്.
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

