നാളെ മൂന്നാംഘട്ടം: ക്ഷീണത്തിലായ ‘മോദിയുടെ ​ഗ്യാരണ്ടി’

ലോകസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വിധിയെഴുത്ത് നാളെ നടക്കുകയാണ്. പത്ത് സംസ്ഥാനങ്ങളിലായി 93 സീറ്റുകളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ഈ ഘട്ടത്തോടെ 284 സീറ്റുകളിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കപ്പെടും. 543ൽ ബാക്കിയുള്ള 259 മണ്ഡലങ്ങളിൽ അടുത്ത നാല് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണി വീണ്ടും അധികാരത്തിലേക്ക് വരും എന്ന സാധ്യതയ്ക്ക് അൽപ്പം മങ്ങലേറ്റു എന്ന് വിലയിരുത്തപ്പെടുന്ന സാഹചര്യത്തിലാണ് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ‘മോദിയുടെ ​ഗ്യാരണ്ടി’ എന്ന മുദ്രവാക്യം ബി.ജെ.പി പതിയെ മാറ്റിപ്പിടിക്കുന്നതായാണ് മൂന്നാംഘട്ടത്തിൽ കണ്ടത്.

ആദ്യ രണ്ട് ഘട്ടങ്ങളിൽ ബി.ജെ.പി പ്രകടിപ്പിച്ച അമിത ആത്മവിശ്വാസം അവർക്ക് നഷ്ടമാവുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വർ​ഗീയ പ്രചാരണങ്ങളിലേക്ക് മാത്രം ബി.ജെ.പി കടക്കുകയും ചെയ്തതായിരുന്നു മൂന്നാംഘട്ട പ്രചാരണ കാലത്തെ പ്രധാന ആശങ്കയായി മാറിയത്. വികസനവും നാരീശക്തിയും പറഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് പ്രവേശിച്ച ബി.ജെ.പി മൂന്നാംഘട്ടത്തോടെ അവരുടെ മുഖ്യ അജണ്ടയായ വർ​ഗീയതയിലേക്ക് വഴിമാറുകയായിരുന്നു. ധ്രുവീകരണ രാഷ്ട്രീയത്തിലൂടെ അധികാരം ഉറപ്പിക്കുക എന്ന അജണ്ട പരീക്ഷിച്ചുകൊണ്ട്, നരേന്ദ്ര മോ​ദിയും സംഘവും ഇന്ത്യൻ സമൂഹത്തിൽ വിഭാ​ഗീയത പടർത്തുന്ന കാഴ്ചയാണ് ഈ ഘട്ടത്തിൽ രാജ്യമെങ്ങും കണ്ടത്. ‘രാജ്യത്തിന്റെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്ക് നൽകും’ എന്ന രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി നടത്തിയ വർ​ഗീയ പരാമർശത്തിനെതിരെ പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും ഒന്നും സംഭവിച്ചില്ല. ‘ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെയുള്ള നിരാശ നരേന്ദ്ര മോദിയുടെ നുണകളുടെ നിലവാരം വല്ലാതെ താഴ്ത്തി’ എന്നാണ് രാഹുൽ ​ഗാന്ധി ഇതിനോട് പ്രതികരിച്ചത്. മോദി അതോടെ അവസാനിപ്പിച്ചില്ല. രാജ്യത്ത് ഭീകരാക്രമണം നടക്കുമ്പോൾ കോൺ​ഗ്രസ് പാകിസ്ഥാന് പ്രേമലേഖനം എഴുതുകയായിരുന്നു എന്ന് പ്രസം​ഗിച്ചുകൊണ്ട് പതിവ് ‘പാകിസ്ഥാൻ വിരുദ്ധ’ കാർഡും പ്രധാനമന്ത്രി കളത്തിലിറക്കി. നരേന്ദ്ര മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ വർ​ഗീയ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും രം​ഗത്തുവന്നു.

മധ്യപ്രദേശിൽ നടന്ന റാലിയിൽ വിദ്വേഷ പ്രസം​ഗം നടത്തുന്ന നരേന്ദ്ര മോദി. കടപ്പാട്:pti

കോൺ​ഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്ത് ശരീഅത്ത് നിയമം നടപ്പാക്കുമെന്നും ജനങ്ങളുടെ സ്വത്ത് പുനർവിതരണം ചെയ്യുമെന്നും പ്രകടന പത്രികയിൽ പറഞ്ഞിട്ടുണ്ടെന്ന് യോ​ഗി ആദിത്യനാഥ് ആരോപിച്ചു. തൊഴിലില്ലായ്മ, വിലക്കയറ്റം, കേന്ദ്രത്തിന്റെ സമ​ഗ്രാധിപത്യം (ബി.ജെ.പി ഇതര സംസ്ഥാനങ്ങളോടുള്ള സമീപനം) തുടങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ കൂടുതലായി ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയതോടെയാണ് അത്തരം കാര്യങ്ങളിൽ നിന്നും ശ്രദ്ധതിരിക്കുന്നതിനായി വർ​ഗീയതയിലേക്ക് ബി.ജെ.പി തിരിഞ്ഞത് എന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഗുജറാത്ത്, കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിൽ ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഹിന്ദുത്വ കാർഡ് കൂടുതൽ ഉപകാരപ്ര​ദമാകും എന്ന വിലയിരുത്തലും ബി.ജെ.പിക്കുള്ളതായി നിരീക്ഷിക്കപ്പെടുന്നു.

ഗുജറാത്തിലെ ആകെയുള്ള 26 സീറ്റുകളിലും നാളെയാണ് തെരഞ്ഞെടുപ്പ്. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും തട്ടകമെന്ന നിലയില്‍ ബി.ജെ.പിയെ സംബന്ധിച്ച് ഗുജറാത്ത് വളരെ നിര്‍ണായകമാണ്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നും അമിത് ഷാ ജനവിധി തേടുന്നുമുണ്ട്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഗുജറാത്തിലെ മുഴുവന്‍ സീറ്റുകളും ബി.ജെ.പിക്കാണ് ലഭിച്ചത്. ​ഇത്തവണയും എല്ലാ സീറ്റിലും വിജയിക്കാൻ കഴിയുമെന്നാണ് ബി.ജെ.പി ക്യാമ്പുകളിലെ പ്രതീക്ഷ. സൂറത്ത് മണ്ഡലത്തില്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളുകയും മറ്റു സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെ ബി.ജെ.പി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ ജയിച്ചത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. എന്നാൽ ജനാധിപത്യത്തെ അട്ടിമറിച്ച് വിജയം നേടുന്ന ബി.ജെ.പിയുടെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രചാരണം സംഘടിപ്പിക്കുന്നുണ്ട്. 2022-ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റുകളിൽ 156 ലും വിജയിച്ച് സംസ്ഥാന ഭരണം പിടിച്ചതും ബി.ജെ.പിയുടെ പ്രതീക്ഷയ്ക്ക് അടിത്തറയായുണ്ട്. 1995 മുതൽ ബി.ജെ.പി തന്നെയാണ് സംസ്ഥാനം ഭരിക്കുന്നത്. 24 സീറ്റുകളിൽ കോൺഗ്രസും രണ്ട് സീറ്റുകളിൽ ആം ആദ്മിയുമാണ് മത്സരരം​ഗത്തുള്ള പ്രധാന പ്രതിപക്ഷ പാർട്ടികൾ. കോൺ​ഗ്രസിന് മുൻവർഷങ്ങളിലുള്ളതിനേക്കാൾ ആത്മവിശ്വാസമുണ്ടെങ്കിലും ഗുജറാത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും പോർബന്തർ എം.എൽ.എയുമായ അർജുൻ മോഢ് വാഡിയയും സംസ്ഥാന വർക്കിങ് പ്രസിഡന്റ് അംബരീഷ് ഡേറും പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത് അവർക്ക് തിരിച്ചടിയായി മാറി. അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കേണ്ടതില്ല എന്ന പാർട്ടി നേതാക്കളുടെ തീരുമാനമാണ് കോൺഗ്രസ് വിടാനുള്ള കാരണമായി അംബരീഷ് പറഞ്ഞത്.

പ്രജ്ജ്വല്‍ രേവണ്ണയുടെ പ്രചാരണത്തിൽ നരേന്ദ്ര മോദി, എച്ച്.ഡി ദേവ​ഗൗഡ എന്നിവർ. കടപ്പാട്:rediff.com

ജെ.ഡി.എസ് എം.പി പ്രജ്ജ്വല്‍ രേവണ്ണക്കെതിരേയുള്ള ലൈംഗികാരോപണത്തില്‍ കര്‍ണാടക രാഷ്ട്രീയം കലങ്ങിമറിയുമ്പോഴാണ് സംസ്ഥാനത്തെ 14 മണ്ഡലങ്ങളിൽ മെയ് 7ന് വോട്ടെടുപ്പ് നടക്കുന്നത്. സഖ്യകക്ഷിയുടെ പ്രമുഖ നേതാവും മുൻ പ്രധാനമന്ത്രി ദേവ​ഗൗഡയുടെ ചെറുമകനുമായ പ്രജ്ജ്വല്‍ രേവണ്ണയ്ക്ക് എതിരെ ഉയര്‍ന്ന ലൈംഗികാരോപണം ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഹാസനിലെ സിറ്റിങ് എം.പിയായ പ്രജ്ജ്വല്‍ രേവണ്ണയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി പ്രചാരണം നടത്തിയിരുന്നു. ആരോപണം വന്നതിന് പിന്നാലെ ജര്‍മനിയിലേക്ക് പറന്ന പ്രജ്ജ്വലിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പി പ്രതീക്ഷവയ്ക്കുന്ന ഏക സംസ്ഥനമാണ് കര്‍ണാടക. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റില്‍ ഇരുപത്തിയഞ്ചും അവർ നേടിയിരുന്നു. എന്നാൽ, ഒരുവര്‍ഷം മുന്‍പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പിലെ തിരിച്ചടി ബി.ജെ.പിയെ ക്ഷീണിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഒരു കോണ്‍ഗ്രസ് നേതാവിന്റെ മകളെ കോളേജില്‍ വെച്ച് സഹപാഠി കുത്തിക്കൊലപ്പെടുത്തിയ സംഭവം ലവ് ജിഹാദ് ആണെന്ന് ആരോപിച്ച് ബി.ജെ.പി മൂന്നാംഘട്ടത്തിൽ വലിയ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍, പ്രജ്ജ്വല്‍ രേവണ്ണയുടെ ലൈംഗിക വൈകൃത കഥകള്‍ പുറത്തുവന്നതോടെ അതെല്ലാം പിന്നിലായി. നാളത്തെ വിധിയെഴുത്തിൽ പ്രജ്ജ്വല്‍ രേവണ്ണയോടും അയാളെ രാജ്യം വിടാൻ സഹായിച്ചവരോടുമുള്ള എതിർപ്പ് പ്രതിഫലിക്കും എന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ്.

ഹേമന്ത് കർക്കറെ

മഹാരാഷ്ട്രയിൽ മൂന്നാംഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത് 11 മണ്ഡലങ്ങളിലാണ്. പവാർ കുടുംബത്തിൽനിന്ന് സുപ്രിയ സുലെയും സുനേത്ര പവാറും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന ബാരാമതിയിലെ മത്സരമാണ് സംസ്ഥാനം ഉറ്റുനോക്കുന്ന ഒന്ന്. നരേന്ദ്ര മോ​ദിയുടെ നേതൃത്വത്തിൽ രണ്ട് ദിവസം കൊണ്ട് ആറ് തെരഞ്ഞെടുപ്പ് റാലികള്‍ നടത്തി ബി.ജെ.പി മൂന്നാംഘട്ട പ്രചാരണം ശക്തിപ്പെടുത്തിയിരുന്നു. മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സ്ക്വാഡ് മുൻ മേധാവി ഹേമന്ത് കർക്കറെയുടെ വധവുമായി ബന്ധപ്പെട്ട കോൺ​ഗ്രസ് നേതാവിന്റെ പ്രസ്താവനയാണ് മൂന്നാംഘട്ട വോട്ടെടുപ്പിന് തൊട്ടുമുന്നേ ഉയർന്നുവന്ന പ്രധാന ചർച്ച. ഹേമന്ത് കർക്കറെയെ വധിച്ചത് പാക് ഭീകരൻ അജ്മൽ കസബല്ല, ആർ.എസ്.എസ് അനുഭാവിയായ പൊലീസുകാരനാണെന്നാണ് മഹാരാഷ്‌ട്ര പ്രതിപക്ഷ നേതാവ് വിജയ് നാംദേവ്റാവു വഡേറ്റിവാർ പറഞ്ഞത്. മുംബൈ നോർത്ത് സെൻട്രലിലെ കോൺഗ്രസ് സ്ഥാനാർഥി വർഷ ഗെയ്ക്ക്‌വാദിന്‍റെ തെരഞ്ഞെടുപ്പു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 26/11 ഭീകരാക്രമണക്കേസിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്വൽ നികമാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി. മുൻ ഐ.ജി എസ്.എം മുഷ്റിഫിന്‍റെ പുസ്തകത്തിലെ വെളിപ്പെടുത്തലുകളാണ് താൻ ആവർത്തിച്ചതെന്ന് വഡേറ്റിവാർ പറയുന്നു. സംസ്ഥാനത്തെ 48 ലോക്‌സഭാ സീറ്റിൽ 45 എങ്കിലും നേടിയെടുക്കണമെന്നതാണ് ബി.ജെ.പി ലക്ഷ്യമാക്കുന്നത്. പിളരാത്ത ശിവസേനയ്ക്കൊപ്പം മത്സരിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 41 സീറ്റാണ് എൻ.ഡി.എ നേടിയത്. എന്നാൽ പിളർപ്പിനെ തുടർന്ന് ഉദ്ധവ് താക്കറെയുടെ ശിവസേന, കോൺ​ഗ്രസ് സഖ്യത്തിലാണ് ഇപ്പോഴുള്ളത്. അതേസമയം എൻ.സി.പിയിലെ പിളർപ്പ് പ്രതിപക്ഷ മുന്നണിക്ക് വലിയ ക്ഷീണമായി മാറിയിട്ടുമുണ്ട്. ശരദ് പവാർ സ്ഥാപിച്ച എൻ.സി.പി, അജിത് പവാറിന്റെ നേതൃത്വത്തിൽ എട്ട്‌ എം.എൽ.എമാർ ഏക്നാഥ് ഷിന്ദേയുടെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ ജൂലായിലാണ് പിളർത്തിയത്. കോൺഗ്രസിന്റെ ജനകീയ മുഖമായ മുൻ മുഖ്യമന്ത്രി അശോക് ചവാനെ അടർത്തിമാറ്റി ബി.ജെ.പിയിലേക്ക് എത്തിച്ചത് ​ഗുണമായി മാറുമെന്നാണ് അവരുടെ വിലയിരുത്തൽ. ജനസംഖ്യയുടെ 28 ശതമാനത്തിലേറെ വരുന്ന മറാഠ സമുദായം സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് 10 ശതമാനം സംവരണം പ്രഖ്യാപിച്ചത് ​വോട്ടായി മാറുമെന്നും ബി.ജെ.പി കരുതുന്നു.

നാലു മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തിൽ ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം മത്സരിക്കുന്ന മുർഷിദാബാദിലും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്. മുർഷി​ദാബാദിൽ വിജയിച്ചുകൊണ്ട് ബം​ഗാൾ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള കഠിന ശ്രമത്തിലാണ് സി.പി.എം. കോൺ​ഗ്രസിന്റെ പിന്തുണയോടെയാണ് ഇവിടെ സി.പി.എം മത്സരിക്കുന്നത്. 1980 മുതൽ 1999 വരെ സി.പി.എം തുടർച്ചയായി വിജയിച്ച സീറ്റാണിത്. മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന നാലും മുസ്ലീം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളായതിനാൽ ന്യൂനപക്ഷ വോട്ടുകൾ ഇടതുപക്ഷ-കോൺഗ്രസ് സഖ്യത്തിനും തൃണമൂൽ കോൺഗ്രസിനും ഇടയിൽ വിഭജിക്കപ്പെടും എന്നതിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി രണ്ട് തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച ജംഗിപൂർ മണ്ഡലത്തിലും നാളെയാണ് തെരഞ്ഞെടുപ്പ്. 2019ൽ 43 ശതമാനം വോട്ടുകൾ നേടിയ തൃണമൂൽ കോൺ​ഗ്രസിലെ ഖലീലുർ റഹ്‌മാൻ ഈ മണ്ഡലം കോൺ​ഗ്രസിൽ നിന്നും പിടിച്ചെടുക്കുകയായിരുന്നു. 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പശ്ചിമബം​ഗാളിലെ 42ൽ 18 സീറ്റുകൾ നേടി ബി.ജെ.പി എല്ലാവരെയും ഞെട്ടിച്ചിരുന്നു. 40.7 ശതമാനം വോട്ടുകൾ നേടിയാണ് ബി.ജെ.പി 18 സീറ്റിൽ വിജയിച്ചത്. അത് ഇത്തവണ വർദ്ധിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ തന്നെയാണ് അവരുള്ളത്. പ്രത്യേകിച്ച് സി.പി.എം-കോൺ​ഗ്രസ് കക്ഷികളുമായി തൃണമൂൽ കോൺ​ഗ്രസിന് സഖ്യമുണ്ടാക്കാൻ കഴിയാതെ വന്നതോടെ ബം​ഗാളിന്റെ രാഷ്ട്രീയം പ്രവചനാതീതമായി മാറിയിരിക്കുകയാണ്.

മുഹമ്മദ് സലീം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ. കടപ്പാട്:anandabazar

ഉത്തർപ്രദേശ് (10 സീറ്റ്), മധ്യപ്രദേശ് (9 സീറ്റ്), ഛത്തീസ്​ഗഢ് (7 സീറ്റ്), ബിഹാർ (5 സീറ്റ്), അസം (4 സീറ്റ്), ​ഗോവ (2 സീറ്റ്) എന്നീ സംസ്ഥാനങ്ങളും മൂന്നാംഘട്ടത്തിൽ പോളിം​ഗ് ബൂത്തിലേക്ക് പോകുന്നുണ്ട്. രാഹുൽ ​ഗാന്ധിയെ റായ്ബറേലിയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഈ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺ​ഗ്രസ് മൂന്നാംഘട്ട തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. എന്നാൽ ഹിന്ദി ഹൃദയഭൂമിയിൽ നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണ നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ ബി.ജെ.പിയും.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read