കെ റെയിൽ: സന്തുഷ്ടിയോ അസന്തുഷ്ടിയോ?

“വലിയ മാറ്റങ്ങളാണ് കഴിഞ്ഞ 50 വർഷം കൊണ്ട് കേരളത്തിലുണ്ടായത്. പലർക്കും അത്യാവശ്യം നല്ല പാർപ്പിടങ്ങളായി, റോഡുകളും വിമാനത്താവളങ്ങളും വാഹനസൗകര്യങ്ങളും ആശുപത്രികളും വിദ്യാലയങ്ങളും വ്യാപാര വാണിജ്യങ്ങളും ഉപഭോ​ഗവസ്തുക്കളും എല്ലാം എത്രയധികം മെച്ചപ്പെട്ടിരിക്കുന്നു. ഇനിയും ജീവിതനിലവാരം ഉയർന്ന് കുടുതൽ കൂടുതൽ പുരോഗതിയിലേക്കാണ് കേരളം നീങ്ങുന്നത്. ഇങ്ങനെ പുരോ​ഗമിക്കുന്നതിന് കുന്നും വയലും പുഴയും കായലും മരവുമെല്ലാം അ‍ടങ്ങുന്ന നമ്മുടെ ചുറ്റുപാടുകളെ നാം മാറ്റിമറച്ചിട്ടുണ്ട്. പണ്ടത്തെ പോലെ മനുഷ്യർക്കു ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും ജീവിക്കാൻ ഇനി പറ്റില്ലല്ലോ. ജീവിതസൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാകണമെങ്കിൽ പ്രകൃതിയെ നശിപ്പിക്കേണ്ടിവരും. പുരോ​ഗതിയുടെ ചക്രത്തെ ആരു വിചാരിച്ചാലും പിടിച്ചു പിറകോട്ടു വലിക്കാൻ സാധിക്കില്ല, ലോകം മുന്നോട്ടാണ്. മുമ്പ് നമ്മൾ വയൽ നികത്തിയാണ് വീടും റോഡും ബസ്റ്റാന്റുമെല്ലാം ഉണ്ടാക്കിയതെങ്കിൽ, ഇനിയും വയലുകൾ വികസനത്തിനായി നികത്തേണ്ടി വരില്ലേ? കുന്നും മലയും ഇടിച്ചിട്ടു തന്നെയാണ് എല്ലാവരും മണ്ണും കല്ലും കൊണ്ട് കെട്ടിടങ്ങൾ പൊക്കിയതെങ്കിൽ, ആവശ്യങ്ങൾക്ക് ഇനിയും അവ നശിപ്പിക്കേണ്ടി വരും. മുമ്പ് ഇഷ്ടം പോലെ പുഴയിൽ നിന്നും മണലെടുത്തിരുന്നു. അതുപോലെ ഇപ്പോഴും മണലെടുക്കരുതോ? ഇതൊക്കെയുണ്ടെങ്കിലേ ആളുകൾക്കു തൊഴിലുണ്ടാകൂ, പാവപ്പെട്ടവനു വീടു കേറ്റാനും നാട്ടിൽ വികസനം നടത്താനും കഴിയൂ.” ഇതാണ് കെ-റെയിൽ ഉൾപ്പെടെ ഏതു വികസനത്തെയും കണ്ണടച്ച് പിന്തുണയ്ക്കുന്നവരുടെ കാഴ്ചപ്പാട്.

പക്ഷേ, എന്നിട്ടും എന്തിനാണ് നെൽവയൽ സംരക്ഷണ നിയമം 2008 ൽ കേരള നിയമസഭ പാസാക്കിയത്? അതിനും മുമ്പ് 2001ൽ പുഴസംരക്ഷണ നിയമം എന്തിനുണ്ടാക്കി? പുഴയിൽ നിന്നുള്ള മണലെടുപ്പ് 2015 ൽ നിരോധിക്കുകയും മണലെടുക്കുന്നവരെ വണ്ടിയുൾപ്പെടെ പോലീസ് പിടിക്കുകയും ചെയ്യുന്നതെന്തിനാണ്? എല്ലാ വർഷവും ജൂൺ 9 മുതൽ ജൂലായ് 31വരെ ട്രോളിം​ഗ് നിരോധനം. കൂടാതെ, വർഷകാലത്ത് തോടുകളിൽ നിന്നും ഊത്തമീൻ പിടിക്കരുത്. അങ്ങനെ ചെയ്താൽ 2015ലെ നിയമപ്രകാരം 10,000 രൂപ പിഴയും മൂന്നുമാസം തടവും കിട്ടുമെന്ന്! (The Kerala Inland Fisheries and Aquaculture Act, 2013 and 2015 (Amendments). പല പരിസ്ഥിതി സംരക്ഷണ നിയമങ്ങളും സർക്കാർ കൊണ്ടുവരുന്നതുകൂടാതെ ഇക്കാര്യങ്ങൾ മാത്രം നോക്കാനായി ദേശീയ ​ഹരിത ‌ട്രിബ്യൂണൽ എന്ന പേരിൽ രാജ്യത്താകെ അഞ്ചു സോണുകളിലായി പ്രത്യേക കോടതിയും 2010 ൽ സ്ഥാപിച്ചിരിക്കുന്നു. ഉയിർത്തെഴുന്നേൽക്കുന്ന ഭാരതത്തിന്റെ ക്ഷേത്രമെന്ന് (New Temple of Resurgent India) ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ച ഭക്രാംനം​ഗൽ അണക്കെട്ടുണ്ടാക്കിയപ്പോഴും (1948-1963), ഇടശ്ശേരിയുടെ കവിതയ്ക്കു വിഷയമായ കുറ്റിപ്പുറം പാലം 1953 ൽ വന്നപ്പോഴും നാട്ടുനടപ്പല്ലാതിരുന്ന ‘പാരിസ്ഥിതികാഘാത പഠനം’ ഏതു പദ്ധതിക്കും നടത്തണമെന്ന നിയമവും 1994 ജനുവരി 27 മുതൽ നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. എന്തിന്, തങ്ങൾ വായ്പ കൊടുക്കുന്ന എല്ലാ വലിയ പദ്ധതികൾക്കും പാരിസ്ഥിതികാഘാത പഠനം നിർബന്ധമാക്കുന്ന വ്യവസ്ഥ 1989 ൽ തന്നെ ലോകബാങ്ക് കൊണ്ടുവരികയുണ്ടായി.

കാടിന്റെയും പച്ചപ്പിന്റെയും ജീവികളുടെയും സൗന്ദര്യത്തെപ്പറ്റി “കാടെവിടെ മക്കളേ, മേടെവിടെ മക്കളേ” എന്നു കവികൾ കരഞ്ഞു പാടിയപ്പോൾ, അതുകേട്ടവരുടെ മനസ്സലിഞ്ഞിട്ടല്ല നെൽവയൽ, പുഴ, പ്രകൃതി വിഭവങ്ങൾ, ജൈവവൈവിധ്യം എന്നിവ സംരക്ഷിക്കാൻ പാരിസ്ഥിതാകാഘാത പഠനം പോലെയുള്ള നിയമങ്ങൾ ആ​ഗോളതലത്തിൽ മിക്ക രാജ്യങ്ങളിലും പ്രാബല്യത്തിൽ വന്നതും, അത്തരം കേസുകൾ കേൾക്കാൻ ഹരിത ‌ട്രിബൂണൽ പോലുള്ള പ്രത്യേക കോടതികൾ നിലവിൽ വന്നതും. കാടും പുഴയും വയലും കുന്നും അതിലെ ജീവജാതികളുമൊക്കെ കാണുമ്പോഴുള്ള അനുഭൂതിക്ക് വേണ്ടിയോ, അവയോട് തോന്നിയ അനുകമ്പയോ അല്ല അവ സംരക്ഷിക്കാൻ നിയമം പാസ്സാക്കാൻ കാരണമായത്. ന​ഗരത്തിൽ സർവ്വസുഖത്തിലും മുഴുകി, നേരമ്പോക്കിനായി കാറെടുത്തു പോയി കാട്ടരുവിയിൽ കുളിക്കുന്ന സമ്പന്നരുടെ വിനോദയാത്രയ്ക്കു വേണ്ടിയല്ല ആറ്റിലെ ഊത്തകളെ പിടിക്കുന്നത് നിരോധിച്ചത്. (ന​ഗരജീവികളായ മധ്യവർ​​ഗത്തിന്റെ നഷ്ടപ്പെട്ട ഫ്യൂഡൽ ഭൂപ്രകൃതിയോടും ആ സംസ്കാരത്തോടുമുള്ള നഷ്ടപ്രണയമാണ് പരിസ്ഥിതി പ്രേമം എന്നു കെ റെയിലിനെ സ്വീകരിച്ചുകൊണ്ട് കഥാകാരൻ അശോകൻ ചരുവിൽ പറഞ്ഞതോർക്കുക)

പരിസ്ഥിതി മധ്യവർ​ഗ നേരമ്പോക്കോ?

1972 ൽ ഐക്യരാഷ്ട്രസഭ വിളിച്ചു ചേർത്ത സ്റ്റോക്ക്ഹോം കൺവെൻഷനാണ് പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ കൊണ്ടുവരുന്നതിലേക്ക് ലോകരാഷ്ട്രങ്ങളെ നയിക്കുന്ന ആദ്യത്തെ ആ​ഗോള സമ്മേളനം. സ്റ്റോക്ക്ഹോം പ്രഖ്യാപനത്തിൽ രാഷ്ട്രങ്ങൾ ഒന്നടങ്കം ഇങ്ങനെ പറഞ്ഞു, “ലോകമെങ്ങുമുള്ള ജനങ്ങളുടെ സന്തുഷ്ടിയെയും സാമ്പത്തിക വികാസത്തെയും സ്വാധീനിക്കുന്ന മനുഷ്യപരിസ്ഥിതിയുടെ സംരക്ഷണവും പോഷണവും ഏറ്റവും പ്രധാനപ്പെട്ട പ്രശ്നമാണ്. ഇത് ലോകത്തുള്ള എല്ലാവരുടെയും അടിയന്തിര ആ​ഗ്രഹവും സർക്കാരുകളുടെ ഉത്തരവാദിത്തവുമാണ്.” (The protection and improvement of the human environment is a major issue which affects the well-being of peoples and economic development throughout the world; it is the urgent desire of the peoples of the whole world and the duty of all Governments.) പരിസ്ഥിതി സംരക്ഷണം സ്റ്റേറ്റിന്റെയും ജനങ്ങളുടെയും മൗലിക ഉത്തരവാദിത്വമാക്കി എഴുതിച്ചേർത്ത ആർട്ടിക്കിൾ 48-എ, ആർട്ടിക്കിൾ 51- എ എന്നിവ കൂട്ടിച്ചേർത്ത് ഭരണഘടന ഭേദ​ഗതി ചെയ്തുകൊണ്ടാണ് (1976ൽ ഭരണഘടനയുടെ 42-ാം ഭേദ​ഗതി) സ്റ്റോക്ക്ഹോം കൺവെൻഷനിലെ തീരുമാനങ്ങൾ ഇന്ത്യ പ്രയോ​ഗത്തിൽ വരുത്തിയത്. 1972 ലെ ആ​ഗോള പരിസ്ഥിതി സമ്മേളനത്തിനു ശേഷം 20 വർഷം കഴിഞ്ഞപ്പോൾ നടത്തിയ ആദ്യത്തെ ഭൗമ ഉച്ചകോടി (റിയോഡി ജനീറോ) യോടെ, ഇനി പരിസ്ഥിതി സംരക്ഷണനിയമങ്ങൾ കൊണ്ടുവരാതെ നിർവ്വാഹമില്ല എന്ന നിലയിലേക്ക് രാഷ്ട്രങ്ങൾ എത്തപ്പെട്ടു. 1972-1992 വർഷത്തിൽ ലോകത്ത് ഓരോ രാജ്യവും അവിടുത്തെ മനുഷ്യരും, പ്രത്യേകിച്ച് സാധാരണക്കാരും പരിസ്ഥിതി തകർച്ച മൂലം മുമ്പെങ്ങുമില്ലാത്തവിധം അനുഭവിച്ച വെല്ലുവിളികളും, അതിനെതിരെ ഈ അടിത്തട്ടു സമൂഹം നടത്തിയ സമരങ്ങളും, അതിനെ തുടർന്ന് ലോകമെങ്ങും നടത്തിയ ശാസ്ത്രീയ പഠനങ്ങളുമാണ് ലോകരാഷ്ട്രങ്ങളെ പരിസ്ഥിതി സംരക്ഷിക്കാനുള്ള പുതിയ നിയമങ്ങൾ അടിയന്തിരമായി നിർമ്മിക്കാൻ പ്രേരിപ്പിച്ചത്. മനുഷ്യർക്ക് ഇന്നത്തെ രീതിയിൽ സ്വസ്ഥമായും സുരക്ഷിതമായും ഈ ഭൂമിയിൽ ജീവിക്കണമെങ്കിൽ പരിസ്ഥിതി സംരക്ഷിക്കാതെ മറ്റു വഴിയില്ല എന്ന സത്യം മനസ്സില്ലാമനസ്സോടെ ആ​ഗോളതലത്തിൽ അം​ഗീകരിക്കേണ്ടി വന്നതോടെ, 1980 കളുടെ അവസാനത്തോടെ മിക്ക രാഷ്ട്രങ്ങളിലും പരിസ്ഥിതിക്ക് വേണ്ടി പ്രത്യേക വകുപ്പും പിന്നീട് പരിസ്ഥിതി മന്ത്രാലയവും മന്ത്രിസ്ഥാനവും രൂപീകരിക്കപ്പെട്ടു.

കേരളത്തിലെ ചില മനുഷ്യർക്കു നെല്ലുവിളഞ്ഞു കിടക്കുന്ന വയലു കാണുന്നതിന്റെ ഭം​ഗി നുകരാൻ വേണ്ടിയോ, കായൽക്കാറ്റേറ്റ് കള്ളുകുടിക്കുന്നതിനു വേണ്ടിയോ, അതിന്റെയൊക്കെ പടമെടുക്കുന്നതിനായിട്ടോ ഉണ്ടാക്കിയതല്ല നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം. വരൾച്ചയും വെള്ളപ്പൊക്കവും ജലക്ഷാമവും ഉണ്ടാകാൻ പ്രധാന കാരണങ്ങളിലൊന്ന് തണ്ണീർത്തടങ്ങളുടെ നാശമാണെന്ന് ജനസമൂഹത്തിന്റെ അനുഭവങ്ങളിൽ നിന്നും അവയെ ശരിവെയ്ക്കുന്ന ശാസ്ത്രീയ പഠനങ്ങളിൽ നിന്നും ബോധ്യപ്പെട്ടപ്പോൾ, ഇനിയുള്ളവയെങ്കിലും സംരക്ഷിച്ചില്ലെങ്കിൽ കുടിവെള്ളത്തിനു വരെ മുട്ടുവരും എന്നു വന്നപ്പോഴാണ് നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം നിയമസഭ പാസാക്കിയത്. പരിസ്ഥിതി സംരക്ഷണ നിയമങ്ങളൊന്നും തന്നെ പ്രകൃതിയോടു കാരുണ്യം തോന്നി കൊണ്ടുവന്നതല്ല. പരിസ്ഥിതിയിലുണ്ടാകുന്ന ആഘാതങ്ങൾ മനുഷ്യരെയാകെ പിടിച്ചുലയ്ക്കുന്ന സാമൂഹ്യപ്രശ്നങ്ങളായി നമ്മെ അലട്ടുന്നതുകൊണ്ടാണ് നമ്മുടെ നിലനിൽപ്പും മുന്നോട്ടുപോക്കും സു​ഗമമാക്കുന്നതിനായി ചില നിയന്ത്രണങ്ങൾ നിയമം വഴി കൊണ്ടുവന്നത്. ഉണ്ടു വയറു നിറഞ്ഞിരിക്കുന്നയാൾക്ക് പച്ചപ്പിനോടു തോന്നുന്ന കാല്പനികമായ അഭിനിവേശത്തിൽ നിന്നല്ല പാരിസ്ഥിതികാഘാത പഠനങ്ങൾ അത്യാവശ്യമായി തീർന്നത്.​ പകരം പരിസ്ഥിതിക്കേൽക്കുന്ന ആഘാതങ്ങൾ മനുഷ്യസമൂഹത്തിന് അതിലും വലിയ തിരിച്ചടിയായി മാറുന്നു എന്ന അനുഭവബോധ്യം ഇത്തരം പഠനങ്ങളെ നിർബന്ധമാക്കി മാറ്റുകയായിരുന്നു. പാരിസ്ഥിതികാഘാതം സാമൂഹികാഘാതമായി അനുഭവിക്കേണ്ടിവരുന്ന​ ​ഗതികേടിൽ മനുഷ്യലോകം എത്തിയിരിക്കുകയാണിന്ന്. അതുകൊണ്ട് സാമൂഹികാഘാതത്തിന്റെ മറ്റൊരു പേരു മാത്രമാണ് ഇന്ന് പാരിസ്ഥിതികാഘാതം. സാമ്പത്തികാഘാതം, സാമൂ​ഹികാഘാതം, പാരിസ്ഥിതികാഘാതം എന്നിങ്ങനെ വിഷയങ്ങളെ വേർതിരിച്ചു പഠിക്കുന്നുവെങ്കിലും മനുഷ്യരെ സംബന്ധിച്ച് ഇവയെല്ലാം സാമൂഹികാഘാതം തന്നെയാണ്.

വാഹനപ്പുക മനുഷ്യാരോ​ഗ്യത്തിനും പരിസ്ഥിതിക്കും ദോഷമാകുന്ന വിധം അതിരു കവിഞ്ഞപ്പോൾ, ഇതു സംബന്ധിച്ച പഠനങ്ങളുടെ അടിസ്ഥാനത്തിൽ 2000-2005 കാലത്ത് ഇന്ത്യയിലും എല്ലാ വാഹനങ്ങൾക്കും പുക പരിശോധനാ സർട്ടിഫിക്കറ്റ് നിയമമാക്കേണ്ടി വന്നു. അതനുസരിച്ച് ഇന്ധനം, വാഹനം എന്നിവ പരമാവധി മലിനീകരണം കുറയ്ക്കുന്നവയാക്കി മാറ്റാൻ ഉല്പാദനരം​ഗവും മാറ്റത്തിന് വിധേയമാകുകയുണ്ടായി. അല്ലാതെ ജന്മികാലത്തെ ശുദ്ധവായു വേണമെന്ന് അമേരിക്കയിൽ നിന്നും നാട്ടിൽ ഒഴിവിന് വന്ന പഴയ നാലുകെട്ടുവാസി കൊതിച്ചതുകൊണ്ടല്ല പൊലൂഷൻ കൺട്രോൾ നിയമം വന്നത്. പെരിയാർ മലിനമാണെന്ന് പറയുന്നത് അവിടെ പുഴയെ ഉപജീവനമാക്കിയ മീൻ പിടിക്കുന്ന അടിസ്ഥാനവർഗവും ആ വെള്ളം കുടിക്കാൻ വിധിക്കപ്പെട്ട് രോ​ഗാതുരരാകുന്ന തദ്ദേശീയ ജനതയുമാണ്. അത് നിയന്ത്രിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് വന്നത് പുഴയൊഴുകുന്നത് നോക്കി നിൽക്കാൻ വിദേശമലയാളി വിമാനത്തിൽ വരുമല്ലോ എന്നോർത്തിട്ടല്ല.

എന്നാൽ പരിസ്ഥിതി സംരക്ഷണവും അതുവഴി ജനജീവിതത്തിന്റെ അഭിവൃദ്ധിയും സ്റ്റേറ്റിന്റെയും പൗരസമൂഹത്തിന്റെയും മൗലികമായ കടമയായി ഭരണഘടനയിൽ കൂട്ടിച്ചേർക്കുകയും അത് പാലിക്കാൻ നിയമങ്ങൾ നിർമ്മിക്കുകയും ചെയ്യുന്ന ഭരണകൂടം തന്നെ ആ കടമയും നിയമങ്ങളും പാലിക്കാതെ വരുമ്പോൾ, സ്റ്റേറ്റിന്റെ ഇരട്ടത്താപ്പ് പൗരസമൂഹത്തിൽ വലിയൊരു വിള്ളലായിട്ടാണ് പ്രത്യക്ഷപ്പെടുക. ഭരണകൂടം ജനങ്ങളെ അവരറിയാതെ തന്നെ വിരുദ്ധചേരികളിൽ നിർത്തി പരസ്പരം ഏറ്റുമുട്ടിക്കുന്ന ഏർപ്പാടായി ഇതു മാറുന്നു. പൊതുതാല്പര്യത്തിന് വിധേയമായി പാസാക്കിയ നിയമങ്ങൾ ഭരണകൂടം തന്നെ ലംഘിക്കുകയും അത്തരം നിയമങ്ങളെ ദുർബ്ബലപ്പെടുത്തുന്ന വിധം നിയമങ്ങളിൽ വെള്ളം ചേർക്കുകയും ചെയ്യുമ്പോൾ, പൗരസമൂഹത്തെ രണ്ടുതട്ടിലാക്കി പോരടിപ്പിച്ചുകൊണ്ടാണ് ഭരണകൂടത്തിന് തന്ത്രപൂർവ്വം ഒഴിഞ്ഞുമാറാൻ പറ്റുന്നത്. സമൂഹവുമായി യാതൊരു ബന്ധവുമില്ലാത്ത, ആവശ്യം വരുമ്പോൾ ലക്കും ല​ഗാനുമില്ലാതെ നശിപ്പിക്കേണ്ട വിലങ്ങുതടിയായി-ശത്രുവായി മാത്രം പരിസ്ഥിതിയെ അപ്പോൾ ഭരണകൂടം ജനങ്ങൾക്കു മുമ്പാകെ അവതരിപ്പിക്കുകയും, പരിസ്ഥിതി നഷ്ടം ജനങ്ങൾക്കാകെ വരുത്തിവെയ്ക്കുന്ന സാമൂഹികാഘാതങ്ങളെ പറ്റി മൗനം പാലിക്കുകയും ചെയ്യുന്നു. വികസനം X പരിസ്ഥിതി എന്ന യുദ്ധമുഖത്തിൽ തമ്മിൽ തല്ലുന്നതിനായി ജനതയെ രണ്ടുതട്ടിൽ അണിനിരത്തുകയും ഭരണകൂടം വികസനപക്ഷത്ത് സർവ്വസൈന്യാധിപനായി നിലയുറപ്പിക്കുകയും ചെയ്യുന്നു.

അസന്തുഷ്ടിയുടെ വികസനവും സന്തുഷ്ടിയുടെ വികസനവും

കഴിഞ്ഞ150 വർഷമായി മനുഷ്യരുടെ ഭൗതികജീവിതത്തിൽ വന്നുചേരുന്ന വലിയമാറ്റങ്ങളുടെ സമാഹാരമാണ് വികസനം. വികസിക്കുക എന്നാൽ എല്ലാവിധത്തിലുള്ള ജീവിതസൗകര്യങ്ങളും മെച്ചപ്പെടുക എന്നർത്ഥം. ഇപ്രകാരം ഭൗതിക പുരോ​ഗതി നേടിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ആരംഭിച്ച് അവിടങ്ങളിൽ നിന്നും വികസ്വര രാഷ്ട്രങ്ങളിലേക്കും പിന്നീട് അവികസിത രാഷ്ട്രങ്ങളിലേക്കും വ്യാപിക്കുന്ന പുരോ​ഗതിയാണ് വികസനം. സ്കൂളും റെയിലും വൈദ്യുതിയും ഹോസ്പിറ്റലുമെല്ലാം ഇങ്ങനെ ലോകമാകെ വ്യാപിച്ചവയാണ്. സ്വർ​‌ഗം മറ്റെങ്ങുമല്ല ഈ ഭൂമിയിൽ തന്നെയാണ് എന്ന് അത്ഭുതത്തോടെയും ആദരവോടെയും നമ്മെ ബോധ്യപ്പെടുത്തുന്നതെന്തോ അതത്രേ വികസനം. വികസന സംസ്കാരത്തിനെതിരെ നിൽക്കുന്ന ശത്രുവായി പരിസ്ഥിതിയെ ഭരണകൂടം തന്നെ അവതരിപ്പിക്കുമ്പോൾ, സ്വർ​​ഗനിർമ്മിതിക്ക് വിലങ്ങായി നിൽക്കുന്ന പ്രാകൃതവിഡ്ഢിത്തങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടത് വികസന​ഗുണഭോക്താക്കളായ എല്ലാവരുടെയും കടമയായി മാറുന്നു. നമ്മുടെ വീടും നാമിരിക്കുന്ന തറയും മുമ്പിലുള്ള മൊബൈലും കമ്പ്യൂട്ടറുമെല്ലാം വികസനത്തിന്റെ അതിശയകരമായ ​ഗുണഫലങ്ങളായതിനാൽ, വികസനം വേണോ പരിസ്ഥിതി വേണോ എന്ന് രണ്ടു കൈനീട്ടി ഏതെങ്കിലും ഒന്നെടുക്കാൻ ഭരണകൂടം ആജ്ഞാപിച്ചാൽ നമ്മൾ തീർച്ചയായും വികസനത്തെ സ്വീകരിക്കുമെന്നതിന് തർക്കമില്ല. വികസനത്തിന്റെ ​ഗർഭപാത്രത്തിൽ സസുഖം കഴിയുന്ന നമ്മോട്, അമ്മയെ ഉപേക്ഷിക്കാൻ പറയുന്നതിനു തുല്യമായ നെറികേടായി തോന്നും വികസനത്തെ തള്ളിപ്പറയുക എന്നത്. പ്രകൃതി സ്നേഹത്താൽ എന്നും പ്രചോദിതരായി കാറ്റിനെപ്പറ്റിയും കടലിനെപ്പറ്റിയും കവിതയെഴുതുന്ന കവികൾ പോലും “രണ്ടിലേതെങ്കിലും തെരഞ്ഞടുക്കൂ” എന്ന് ഭരണകൂടം ആവശ്യപ്പെടുന്ന ഘട്ടത്തിൽ വികസന സംസ്കാരത്തോട് ആത്മവഞ്ചന ചെയ്യുന്നത് സഹിക്കാനാവാതെ പരിസ്ഥിതിയെ സ്വന്തം തരള​ഹൃദയത്തിൽ നിന്നും വിങ്ങിക്കൊണ്ട് പുറത്താക്കുമെങ്കിൽ സാധാരണ മനുഷ്യരുടെ കാര്യം പറയേണ്ടതില്ലല്ലോ!

എന്നാൽ, മുപ്പതു വർഷം മുമ്പ് നമുക്ക് അപരിചിതമായിരുന്ന പരിസ്ഥിതി സംരക്ഷണ നിയമങ്ങളും പാരിസ്ഥിതികാഘാത പഠനങ്ങളും കഴിഞ്ഞ കുറച്ചു കാലങ്ങളായി ലോകമെങ്ങും ഭരണകൂടങ്ങൾ കൊണ്ടുവന്നതിന്റെ തുടർച്ചയായി, വികസനത്തെപ്പറ്റി മുമ്പെങ്ങുമില്ലാത്ത തിരിച്ചറിവുകളിലേയ്ക്കും ഇപ്പോൾ ഭരണകൂടങ്ങൾ എത്തിച്ചേരുന്നുണ്ട്. ഭൗതിക സൗകര്യങ്ങൾക്കുവേണ്ടിയുള്ള നിരവധി ഉല്പാദന പ്രവർത്തനങ്ങൾ നടത്തിയും ജനങ്ങൾ കൂടുതൽ ഉപഭോ​ഗം നടത്തി ജീവിതനിലവാരം ഉയർത്തിയും സാമ്പത്തികമായി മുന്നേറുക മാത്രമാണ് രാഷ്ട്രങ്ങളുടെ പരമമായ ലക്ഷ്യം എന്ന കാഴ്ചപ്പാടിനെ സാമ്പത്തിക ശാസ്ത്രഞ്‍ജർ മാത്രമല്ല രാഷ്ട്രങ്ങൾ തന്നെയും ഇന്ന് പുനഃപരിശോധിക്കുന്നു. കൂടുതൽ സാമ്പത്തിക വളർച്ച നേടുകയാണ് രാഷ്ട്രപുരോ​ഗതിയുടെ അളവുകോൽ എന്ന കഴിഞ്ഞ നൂറ്റാണ്ടുകളിലെ കാഴ്ചപ്പാടും തിരുത്തപ്പെടുകയാണിന്ന്. രാഷ്ട്രമുന്നേറ്റമെന്നാൽ സാമ്പത്തിക വളർച്ച മാത്രമാണ്, സാമ്പത്തിക വളർച്ച നേടിയാൽ എല്ലാം നേടി, അത്തരം രാഷ്ട്രത്തിൽ ജനങ്ങൾ സന്തുഷ്ടരും സംതൃപ്തരുമായിരിക്കും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മാത്രം രാഷ്ട്രങ്ങളെ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ റാങ്ക് ചെയ്യുന്നതിന്റെ പോരായ്മകൾ ആ​ഗോളതലത്തി‍ൽ അഴിച്ചുപണിക്കു വിധേയമായിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയേക്കാൾ ജനങ്ങളുടെ സന്തുഷ്ടിയാകണം രാഷ്ട്രപുരോ​ഗതിയുടെ മാനദണ്ഡമെന്ന് ബോധ്യപ്പെട്ട്, അതിന്റെ അടിസ്ഥാനത്തിൽ 2011 മുതൽ രാഷ്ട്രങ്ങളെ പട്ടികപ്പെടുത്തുന്നുണ്ട്. അങ്ങനെയാണ് എല്ലാവിധത്തിലും ഏറ്റവും വികസിച്ചതും നമ്മുടെയെല്ലാം മാതൃകയുമായ അമേരിക്കയെ 19-ാം സ്ഥാനത്തേക്കു മാറ്റിക്കൊണ്ട്, ഫിൻലാന്റ് പോലുള്ള രാഷ്ട്രങ്ങൾ ലോക സന്തുഷ്ടി പട്ടിക (World Happiness Index) യിൽ ഏറ്റവും മുന്നിലേക്ക് വന്നത്.

2011ജൂലായിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി അം​ഗീകരിച്ച പ്രമേയം (Happiness: Towards a Holistic Definition of Development) വികസനത്തെ കാലഹരണപ്പെട്ട അതിന്റെ പഴകിയ നിർവ്വചനത്തിൽ നിന്നും മോചിപ്പിക്കണമെന്ന് അം​ഗരാഷ്ട്രങ്ങളോട് ആവശ്യപ്പെടുകയുണ്ടായി. വികസനമെന്നാൽ വെറും ഭൗതികമായ പുരോ​ഗതിയായി മാത്രം വിലയിരുത്തുന്നതിനു പകരം, അതിനെ ജനങ്ങളുടെ സന്തുഷ്ടിയായി പുനർനിർവ്വചിക്കണം. വികസനം കൊണ്ട് എത്രമാത്രം സന്തുഷ്ടി ജനങ്ങൾ അവരുടെ ജീവിതത്തിൽ അനുഭവിക്കുന്നുണ്ടെന്ന് പരിശോധിക്കണമെന്നും ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങളുടെ സന്തുഷ്ടിയെ ലക്ഷ്യമാക്കി വികസന നയങ്ങ​ൾക്ക് രൂപംകൊടുക്കണമെന്നും ഈ പ്രമേയം രാഷ്ട്രങ്ങൾക്ക് നിർദ്ദേശം കൊടുത്തു. തുടർന്ന് 2012 ൽ Well being and Happiness: Defining a New Economic Paradigm എന്നപേരിൽ കൂടിയ യു.എൻ ഉന്നതതല യോ​ഗം ഓരോ രാഷ്ട്രത്തിലും ഓരോ പൗരനും അനുഭവിക്കുന്ന ക്ഷേമത്തെയും സന്തുഷ്ടിയെയും അളക്കണമെന്നും അതുവഴി വികസനത്തിന്റെ പുതിയൊരു സാമ്പത്തിക മാതൃക രാഷ്ട്രങ്ങൾ സൃഷ്ടിക്കണമെന്നും തീരുമാനിച്ചു. രാജ്യത്തെ മൊത്തം സാമ്പത്തിക ഉല്പാദനം (Gross Domestic Product) അല്ല വികസനത്തിന്റെ മാനദണ്ഡമാക്കേണ്ടത്. പകരം രാജ്യത്തിലെ മൊത്തം ജനങ്ങളുടെ സന്തുഷ്ടി (Gross National Happiness) യാണ് വികസനത്തിന്റെ പുതിയ മാതൃക. സാമ്പത്തികമായ സുസ്ഥിതി മാത്രം നോക്കിയാൽ പോരാ, സാമൂ​ഹ്യമായ പിന്തുണ, ആരോ​ഗ്യത്തോടെ അവരവരുടെ കാര്യങ്ങൾ ചെയ്യാനുള്ള ആയുർദൈർഘ്യം (മരുന്നുകളുടെ സഹായത്താൽ ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്ന വിധത്തിലുള്ള വെറും ആയുർദൈർഘ്യമുള്ളതുകൊണ്ട് ഒരാൾ സന്തുഷ്ടനാകുന്നില്ല), ഇഷ്ടപ്പെട്ട ജീവിതം/തൊഴിൽ തെരഞ്ഞടുക്കാനുള്ള സ്വാതന്ത്ര്യം, സമൂഹത്തിന്റെ ഉ​ദാരമനസ്കത, അഴിമതിയില്ലായ്മ എന്നിവയെല്ലാം ഉണ്ടെങ്കിൽ മാത്രമേ സമൂഹം സന്തുഷ്ടിയുള്ളതായി തീരൂ.

രാഷ്ട്രത്തിന്റെ മൊത്തം സാമ്പത്തിക ഉല്പാദനം വർദ്ധിപ്പിക്കുക എന്നതിനു പകരം രാഷ്ട്രത്തിന്റെ മൊത്തം സന്തുഷ്ടി വർദ്ധിപ്പിക്കുക എന്നതായിരിക്കണം ഭരണകൂടത്തിന്റെ ലക്ഷ്യം എന്ന പുതിയ കാഴ്ചപ്പാടിനൊത്ത് നാം ഇതേവരെ അനുവർത്തിച്ചു പോന്ന എല്ലാ വികസന പ്രവർത്തനങ്ങളെയും ഉടച്ചുവാർക്കുന്നതിലേക്ക് പത്ത് വർഷത്തിനിടെ പല രാഷ്ട്രങ്ങളും എത്തിത്തുടങ്ങിയിരിക്കുന്നു. “ജി.ഡി.പി.യുടെയും സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളുടെയും തണുത്ത സംഖ്യകളേക്കാൾ ജീവിതത്തിൽ പലതുമുണ്ട് (There is more to life than the cold numbers of GDP and economic statistics)” എന്നു പറയേണ്ടി വന്നിരിക്കുകയാണ് ലോകത്തിലെ സമ്പന്നരാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒ.ഇ.സി.ഡിക്കു പോലും. എത്രത്തോളം നാട് പുരോ​ഗമിച്ചു എന്നറിയാൻ ജനങ്ങൾ എത്ര വരുമാനമുണ്ടാക്കി, മാർക്കറ്റിൽ എത്ര പണമൊഴുകി, എത്ര വിമാനത്താവളങ്ങളും രാജപാതകളും വന്നു, എത്ര സ്പീഡിൽ വണ്ടിയോടുന്നു എന്നതിന്റെയെല്ലാം കണക്കെടുത്തതുകൊണ്ട് കാര്യമില്ലെന്നും ജീവിതത്തിന്റെ ​ഗുണനിലനാരം-പാർപ്പിടം, ഇഷ്ടപ്പെട്ട തൊഴിൽ, മനുഷ്യർ തമ്മിലുള്ള സഹകരണം, നല്ല പരിസ്ഥിതി, പൗരാവകാശ ബോധം, ആരോ​ഗ്യപൂർണ്ണമായ ആയുസ്സ്, ജീവിത സംതൃപ്തി, വിനോദത്തിനും വിശ്രമത്തിനുമുള്ള സമയം-ആണ് പരമപ്രധാനമെന്നും അതിൽ ഒരുഘടകം മാത്രമാണ് വരുമാനമെന്നും ജനങ്ങൾ ഈ വികസിത രാഷ്ട്രങ്ങളെ പഠിപ്പിക്കുകയും അതനുസരിച്ചു സർക്കാർ നയങ്ങളിൽ പൊളിച്ചെഴുത്തുകൾ സംഭവിക്കകയും ചെയ്യുകയാണവിടങ്ങളിലിന്ന്. മാത്രമല്ല വികസനത്തിന്റെ അഭിമാനസ്തംഭങ്ങളായി കൊണ്ടാടപ്പെടുന്ന വമ്പൻ പ്രോജക്ടുകൾ രാഷ്ട്രത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കുതിപ്പു നൽകിയാലും, അത്തരം ലക്ഷം കോടിയുടെ പദ്ധതികൾ വരുത്തിവെയ്ക്കുന്ന പാരിസ്ഥിതിക തിരിച്ചടികളുടെയും സാമൂ​ഹിക തിന്മകളുടെയും സാമ്പത്തികനഷ്ടം കണക്കാക്കുമ്പോൾ ആ പദ്ധതികൾ രാജ്യത്തിനാകെ വലിയ സാമ്പത്തിക ബാധ്യതകൾ വരുത്തിവെച്ച് യഥാർത്ഥ പുരോ​ഗതിയെ പിന്നിലേയ്ക്കു വലിക്കുന്നതായി കാണാം. ഇത്തരത്തിൽ നേട്ടങ്ങളെയും കോട്ടങ്ങളെയും തട്ടിക്കിഴിച്ച് പുരോ​ഗതിയെ വിലയിരുത്തുന്ന യഥാർത്ഥ പുരോ​ഗതി സൂചകങ്ങൾ (Genuine Progress Indicator) പഴയ വികസനവാ​ഗ്ദാനങ്ങളെ അപ്രസക്തമാക്കുന്നു. മലിനീകരണവും കാലാവസ്ഥാമാറ്റവും വലിയ വിപത്തായി മാറിയ ഇന്ന് ആരോ​ഗ്യപൂർണ്ണമായ ആയുസ്സും ജീവിത സംതൃപ്തിയും തൊഴിൽ സന്തോഷവും മനുഷ്യർ തമ്മിലുള്ള സഹകരണവുമെല്ലാം പരിസ്ഥിതി സംരക്ഷണവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ആ​ഗോളതലത്തിൽ മനുഷ്യർ ഈ യാഥാർത്ഥ്യം തിരിച്ചറിയുന്നതായി ലോക സന്തുഷ്ടി സർവ്വേകൾ തെളിവു നൽകുന്നുണ്ട്. ( We have seen that people world-wide recognise the importance of the natural environment and its protection to their continued well-being, and the particular threat posed by climate change amongst the wide range of environmental risks we face.How Environmental Quality Affects Our Happiness. World Happiness Report 2020).

തൊട്ടുകാണിക്കാനും എണ്ണി തിട്ടപ്പെടുത്താനും എളുപ്പത്തിൽ പറ്റുന്ന വീട്, റോഡ്, സ്പീഡ് എന്നിങ്ങനെ ഭൗതിക വികസനത്തെപ്പറ്റി മാത്രം പറയാതെ, പുറമേ കാണാൻ കഴിയാത്തതും ജീവിതത്തെ സന്തുഷ്ടമാക്കുന്നതുമായ സഹകരണം, സഹനം, സമാധാനം, സംതൃപ്തി, സഹാനുഭൂതി എന്നീ മാനസിക ​ഗുണങ്ങളെ ശാസ്ത്രീയമായി അളക്കുന്നതിനും അതുവഴി രാഷ്ട്രങ്ങളിലെ ജനതയുടെ സമ​ഗ്രവികസനത്തെ കണ്ടെത്തുന്നതിനും കഴിയുന്ന സന്തുഷ്ടിയുടെ സാമ്പത്തികശാസ്ത്ര (Happiness Economics) ത്തിനായി വികസന സാമ്പത്തികശാസ്ത്രം വഴിമാറിക്കൊടുക്കുകയാണിന്ന്. ഇതുവരെ പിൻതുടർന്നു പോന്ന സങ്കുചിത വികസന ലക്ഷ്യങ്ങളെ കഴിഞ്ഞ പത്തുവർഷമായി കൈയൊഴിയുന്ന തിരക്കിലാണ് ലോകസന്തുഷ്ടി പട്ടികയിൽ ഒന്നാമതെത്തിയ സ്കാൻഡിനേവിയൻ രാഷ്ട്രങ്ങളും അവരെ പിൻപറ്റി മറ്റു പലരും. തായലന്റ്, ഫ്രാൻസ്, ഭൂട്ടാൻ, ക്യാനഡ, ദക്ഷിണ കൊറിയ, സിങ്കപ്പൂർ, ദുബായ്, യു.കെ. എന്നീ രാഷ്ട്രങ്ങൾ ജനസന്തുഷ്ടിയെ അവലംബിക്കുന്ന പുത്തൻ അളവുകോലുകൾ രൂപപ്പെടുത്തി, അതുവെച്ച് പദ്ധതികളുടെ ആസൂത്രണവും തുടങ്ങിയിട്ടുണ്ട്. ഇപ്രകാരം വികസനത്തെ സംബന്ധിച്ച് ഇന്നേവരെ കെങ്കേമമെന്ന് ഘോഷിച്ച സാമ്പ്രദായിക കാഴ്ചപ്പാടുകൾ നിലംപൊത്തിക്കൊണ്ടിരിക്കുന്ന ദശാസന്ധിയിലൂടെ ലോകം കടന്നുപോകുകയാണിപ്പോൾ. അതുകൊണ്ടാണ് കേരളത്തിൽ കെ റെയിൽ പദ്ധതി വന്നപ്പോൾ മുമ്പെങ്ങുമില്ലാത്ത വിധം എല്ലാ കോണുകളിൽ നിന്നും ശക്തമായ പ്രതിഷേധങ്ങൾ അലയടിക്കുന്നത്. കാല​ഹരണപ്പെട്ട വികസന മാതൃകകൾ കൈയൊഴിഞ്ഞ്, പകരം തീവ്രാഘാതങ്ങളില്ലാത്ത പരിസ്ഥിതി-സമൂഹ സൗഹൃദ പദ്ധതികളുടെ പ്രസക്തി പൗരസമൂഹം ഭരണകൂടങ്ങളെ പഠിപ്പിക്കുന്ന കാലമാണിത്. അതിന്റെ അലയൊലികൾ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ഐക്യരാഷ്ട്ര സഭയോളം എത്തിയതുകൊണ്ടാണ് അശാന്തി കൊയ്യുന്ന വികസന മോഡലുകൾക്കു പകരം രാഷ്ട്രസന്തുഷ്ടിയ്ക്കുതകുന്ന സുസ്ഥിര മാതൃകകൾ (Sustainable Development) നടപ്പിലാക്കാൻ വേണ്ടി ഇടയ്ക്കിടെ സമ്മേളിക്കേണ്ടി വരുന്നത്.

എന്നാൽ ഒരുവശത്ത് പരിസ്ഥിതി നിയമങ്ങളും സന്തുഷ്ട ജീവിത വികസനവും (Happiness Life Development) അടിസ്ഥാന പ്രമാണമാക്കി സമ്പന്ന ജനാധിപത്യരാഷ്ട്രങ്ങൾ ശാസ്ത്രീയ പഠനങ്ങളെയും ജനഹിതത്തെയും മാനിക്കുമ്പോൾ, മറുവശത്ത് മുൻ കോളനി രാഷ്ട്രങ്ങൾക്ക് അതേ ദിശയിൽ മുന്നേറാൻ കഴിയാതെ വരുന്നു. 2012 മുതൽ 2021 വരെ എല്ലാ വർഷവും പുറത്തുവരുന്ന ലോക സന്തുഷ്ടി പട്ടികയിൽ ആകെയുള്ള 156 രാഷ്ട്രങ്ങളിൽ ഇന്ത്യയുടെ സ്ഥാനം താഴേയ്ക്കുവന്ന് 139 ൽ ആണിപ്പോൾ. ഇന്ത്യ ഏറ്റവും വേ​ഗത്തിൽ സാമ്പത്തിക പുരോ​ഗതി നേടുന്ന രാജ്യമെന്ന് മാധ്യമങ്ങൾ വാഴ്ത്തുന്ന ഘട്ടത്തിലാണ് സന്തുഷ്ടിയുടെ കാര്യത്തിൽ ഈ കൂപ്പുകുത്തൽ എന്നോർക്കണം. രാജ്യത്ത് എക്സ്പ്രസ് ഹൈവേകളും ബുള്ളറ്റ് ട്രെയിനുകളും വിഴിഞ്ഞം പദ്ധതികളും മെട്രോകളും വൻകിട ഖനനങ്ങളും ലുലുമാളുകളും കുമിഞ്ഞുകൂടുന്നുവെങ്കിലും ജനസമൂഹം അത്തരം പളപളപ്പുകൾ കൊണ്ടൊന്നും ഒട്ടും സന്തുഷ്ടരല്ല എന്നാണർത്ഥം. കാരണം ആയുർദൈർഘ്യം കൂടി എന്ന അവകാശത്തെ അട്ടിമറിക്കുന്നവിധം പൊതു ആരോ​ഗ്യം മുമ്പത്തേതിലും ക്ഷയിക്കുകയാണ്. ഇഷ്ടപ്പെട്ട തൊഴിൽ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം/അവസരം ഒട്ടും തന്നെയില്ല. പാർപ്പിടമില്ലാത്തവർക്ക് കൈയും കണക്കുമില്ല. ജാതിമതശക്തികൾ സാമൂഹ്യസൗഹാർദ്ദം തകർത്തുകൊണ്ടിരിക്കുന്നു. ജനാധിപത്യപരമായ പൗരാവകാശങ്ങൾ നിഷേധിക്കപ്പെടുന്നു. പരിസ്ഥിതി നിയമങ്ങളെ കാറ്റിൽ പറത്തുന്ന വികസനം സൃഷ്ടിക്കുന്ന കുടിയിറക്കലും പ്രകൃതിക്ഷോഭങ്ങളും അടിസ്ഥാന ജീവനോപായങ്ങളെ മുഴുവൻ ഇല്ലാതാക്കുന്നു. വിനോദവും വിശ്രമവും നഷ്ടപ്പെട്ട്, ഐ.ടി പാർക്കുകളിലെ പ്രോജക്ടുകൾക്ക് മുന്നിൽ കുത്തിയിരുന്ന് യുവത്വം ആവിയായി പോകുന്നു. ആകെയുള്ള അരക്ഷിതത്വത്തിൽ നിന്നും രക്ഷപ്പെടാൻ ല​ഹരി മാത്രമേ സുലഭമായിട്ടുള്ളൂ. ശതകോടീശ്വരരുടെ ആസ്തി കൂടിക്കൂടി രാഷ്ട്രസമ്പത്ത് കുതിക്കുന്നെങ്കിലും ബാക്കി 99 ശതമാനം പേരുടെയും പോക്കറ്റ് ചോരുകയാണ്.

മേലാളരുടെ മുൻകോളനികൾ

അതായത് സമ്പന്നരാഷ്ട്രങ്ങൾ അസന്തുഷ്ടി വിതയ്ക്കുന്ന സാമ്പ്രദായിക വികസനത്തെ ദ്രുത​ഗതിയിൽ ഉപേക്ഷിച്ച് സന്തുഷ്ടിയുടെ വികസനത്തിലേയ്ക്ക് ചുവടുമാറുമ്പോൾ, മുൻകോളനി രാജ്യങ്ങൾ കാലഹരണപ്പെട്ട അസന്തുഷ്ട വികസനത്തെ വിട്ടുകളയുന്നില്ല എന്നു മാത്രമല്ല ഇന്നലത്തേതിലും കൂടുതൽ ചുറുചുറുക്കോടെ അതിനെ പുണരുകയാണ്. ഇത്തരം രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങൾ തന്നെ, അന്താരാഷ്ട്ര ഉടമ്പടികളുടെ ഭാ​ഗമായി കൊണ്ടുവന്ന പരിസ്ഥിതി നിയമങ്ങളെ സ്വന്തം രാജ്യത്ത് ലംഘിക്കുകയും അവയുടെ മൂർച്ച കുറയ്ക്കുന്നതിനായി നിയമത്തിന്റെ പല്ലുകൾ തല്ലിക്കൊഴിക്കുകയും ചെയ്യുന്നു. സമ്പന്ന രാഷ്ട്രങ്ങളുടെ മുൻകൈയിൽ കഴിഞ്ഞ 30 വർഷത്തിനിടയിൽ ആ​ഗോളമായി സ്വീകരിക്കപ്പെട്ടവയാണ് ഈ നിയമങ്ങളേറെയും എന്നോർക്കണം. എന്നാൽ ഇതേ കാലത്തുതന്നെ പുത്തൻ സാമ്പത്തിക നയങ്ങളുടെ ഭാ​ഗമായി, പ്രധാനമായും സമ്പന്ന രാഷ്ട്രങ്ങളിൽ നിന്നും വരുന്ന വിദേശ വായ്പയും നിക്ഷേപവും വഴിയുള്ള വികസനത്തിനയായി മുൻ കോളനിരാഷ്ട്രങ്ങളിലെ പരിസ്ഥിതി/സാമൂ​ഹ്യസുരക്ഷാ നിയമങ്ങൾ അവിടെയുള്ള ഭരണകൂടത്തിന്റെ കാർമ്മികത്വത്തിൽ ചവിട്ടിമെതിക്കുന്നു. ഒഡിഷയിൽ വേദാന്ത കമ്പനിക്കു വേണ്ടി ആദിവാസി ഭൂമിയായ നിയാംഗിരി മലകളിൽ ബോക്സൈറ്റ് ഖനനത്തിന് സർക്കാർ അനുമതി കൊടുക്കുന്നതും, ലുലു മാളിനായി ഇടപ്പള്ളിയിലും തിരുവനന്തപുരത്തും പാലക്കാടും തണ്ണീർത്തടങ്ങൾ നികത്തുന്നതും, നന്ദി​ഗ്രാമിൽ വെടിവെയ്പുണ്ടാകുന്നതും ഇതിനു തെളിവത്രേ. കോളനിയജമാന രാഷ്ട്രങ്ങളിൽ സന്തുഷ്ടിയുടെ വികസനം സാധ്യമാക്കി ലോകസന്തുഷ്ടി പട്ടികയിൽ ആദ്യ സ്ഥാനങ്ങൾ പിടിച്ചുപറ്റുമ്പോൾ ഇന്ത്യ പോലെയുള്ള മുൻ‍ കോളനി രാഷ്ട്രങ്ങൾ അസ്ന്തുഷ്ടിയുടെ വികസനത്തിലേക്ക് തലകുത്തി വീണുകൊണ്ടേയിരിക്കുകയാണ്. അസ്ന്തുഷ്ടിയുടെ വികസനം ആത്യന്തികമായി സാമൂഹികനീതി നിഷേധവും പൗരാവകാശ ലംഘനവും ഭരണഘടനാ വിരുദ്ധവുമായതിനാൽ പരിസ്ഥിതി, നീതി, സന്തുഷ്ടി എന്നിവ സംരക്ഷിക്കാൻ പൗരസമൂഹം മുന്നിട്ടിറങ്ങുമ്പോൾ നമ്മുടെ ഭരണകൂടം പരിസ്ഥിതി നിയമങ്ങളെ വലിച്ചെറിയുന്നത് കൂടാതെ ജനായത്തത്തെയും ചുരുട്ടിയെറിയുന്നു. നേരെ മറിച്ച് മുൻ കോളനി രാഷ്ട്രങ്ങളിലാകട്ടെ സന്തുഷ്ട വികസനത്തിനൊപ്പം ജനായത്തവും പൗരസമൂഹ സമ്മർദ്ദത്താൽ ദൃഢപ്പെടുന്നു.

മുൻ കോളനി രാഷ്ട്രമായ ഇന്ത്യയിൽ ഭരണകൂടം പരിസ്ഥിതി/സാമൂഹ്യ സുരക്ഷകൾ നിർവീര്യമാക്കിയും ജനായത്ത മൂല്യങ്ങളെ നിരസിച്ചും അസന്തുഷ്ടിയുടെ വികസനം അടിച്ചേൽപ്പിക്കുന്നത് പൗരസമൂഹത്തെ ആൾക്കൂട്ടമാക്കി-പറ്റങ്ങളാക്കി-ഭരണകൂടത്തിന്റെ ഭൂത​ഗണങ്ങളാക്കി അധഃപതിപ്പിച്ചുകൊണ്ടാണ്. അസന്തുഷ്ടിയുടെ വികസനത്തിന് വേണ്ടി ആർത്തുവിളിക്കുന്ന ആയുധധാരികളാണ് ഈ ആൾക്കൂട്ടം. മതത്താലും മതദ്വേഷത്താലും മനുഷ്യരെ കേഡർ കമാന്റോകളാക്കുന്ന ഹിംസാധിഷ്ഠിത പ്രത്യയശാസ്ത്രങ്ങളാലും ആട്ടിൻപറ്റങ്ങളെ പോലെ തെളിക്കപ്പെടുന്നവരാണ് ഈ ആൾക്കൂട്ടങ്ങൾ. അവർക്ക് കൂറ് ജനായത്ത വ്യവസ്ഥയോടല്ല, മത/രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ പറ്റങ്ങളായ പാർട്ടിയോടാണ്. അതിനാൽ ഭരണകൂടമായി താദാത്മ്യം പ്രാപിച്ച സ്വന്തം പാർട്ടിയുടെ സർക്കാരിനെ എന്തു വിലകൊടുത്തും കോട്ടപോലെ കാത്തുപോരുക എന്നതാണ് പാർട്ടിപ്പറ്റങ്ങളുടെ കടമ. സർക്കാർ ഏതു പാർട്ടിയുടേതായാലും ഭരണകൂടത്തെ ജനായത്ത വഴിയിൽ നടത്തിക്കുക എന്നതാണ് പൗരധർമ്മം. ജനായത്തത്തിന്റെ ഈ മർമ്മത്തെ അട്ടിമറിക്കുന്ന വിധേയത്വം പാർട്ടികളോട് മാത്രമുള്ള കൂറായി വളർത്തിയെടുക്കുമ്പോഴാണ് പൗരബോധം തീണ്ടാത്ത പാർട്ടിപ്പറ്റങ്ങൾ നിർമ്മിക്കപ്പെടുന്നത്.

അസന്തുഷ്ടിയുടെ വികസനം നടപ്പിലാക്കാൻ മാത്രമല്ല, അതുവഴി അധികാര ദുർവിനിയോ​ഗം നടത്തി അഴിമതിയിലൂടെ അനധികൃതധനം കൈക്കലാക്കുന്നതിലും മുൻ കോളനി രാഷ്ട്രങ്ങൾ മുന്നിലായതിനാൽ, അഴിമതിയെ എതിർക്കുന്നവരെ പരാജയപ്പെടുത്താനും ഉപയോ​ഗിക്കുന്നത് ഭരണകൂടദാസരാക്കി വരുതിയിൽ നിർത്തിയിരിക്കുന്നവരെയാണ്. ലോകകാഷ്ട്രങ്ങളുടെ അഴിമതി അനുഭവ പട്ടിക -2021 (Corruption Perceptions Index)ൽ സന്തുഷ്ട വികസനത്തെ ഭരണത്തിൽ കുടിയിരുത്തിയ രാജ്യങ്ങൾ അഴിമതി കുറഞ്ഞവയായി മുന്നിൽ നിൽക്കുമ്പോൾ, കോളനി ഭരണകാലത്തേതിലും കടുത്ത അഴിമതിയുമായി മുൻ കോളനി രാജ്യങ്ങൾ പിന്നിൽ നിൽക്കുകയാണ്. പൗരഹൃദയത്തിനപ്പുറം നമ്മുടെ ശരീരവും മനസ്സും പാർട്ടിവൽക്കരണത്തിന് അടിയറവ് പറഞ്ഞതുകൊണ്ടല്ലേ ഇത്? അഴിമതി വിവരപ്പട്ടിക -2021ൽ, കെ റെയിൽ വായ്പയും യന്ത്രസാമ​ഗ്രികളും ഇന്ത്യക്കു തരുന്ന ജപ്പാൻ 18-ാം സ്ഥാനത്താണെങ്കിൽ ഇന്ത്യ 85-ാംസ്ഥാനത്തത്രേ. അവിടത്തെ അഴിമതി താഴ്ന്നു നിൽക്കണമെങ്കിൽ ഇവിടെ അഴിമതി ഉയർന്നു നിൽക്കണമോ!

ഭരണകൂടസേവ ജീവിതവ്രതമാക്കിയ മത/രാഷ്ട്രീയ പാർട്ടിപ്പറ്റങ്ങൾ ഇന്ത്യയിലുണ്ടാകുന്നത് രണ്ടു കാരണങ്ങളാലാണ്. ഒന്ന്, ജന്മിവാഴ്ചാ ജാതിവ്യവസ്ഥയിൽ അമർന്നു ജീവിച്ച്, പൊന്നുതമ്പുരാന്റെ കാരുണ്യമാണ് തങ്ങളുടെ ഒരു നേരത്തെ കഞ്ഞി പോലും എന്നു കരുതുന്ന പരമ്പരാ​ഗത ഇന്ത്യൻ പ്രാദേശിക അടിമ സംസ്കാരം (ഇന്നും അന്നത്തെ ജാതിത്തമ്പുരാക്കന്മാരാണ് എം.എൽ.എ-എം.പി മാരിലേറെയും). രണ്ട്, ഇം​ഗ്ലീഷ് യജമാനന്മാരാൽ പരിപോഷിപ്പിക്കപ്പെട്ട ഭരണക്കാരോടുള്ള ഭയഭക്തി ബഹുമാനങ്ങൾ. കോളനി തമ്പ്രാക്കൾ സ്റ്റേറ്റിനോടുള്ള സമ്പൂർണ്ണ അനുസരണയാണ് ഇന്ത്യക്കാരെ പരിശീലിപ്പിച്ചത്. കെ റെയിലിനു കല്ലിടാൻ വീട്ടിൽ കേറി വന്ന പോലീസുകാർ വീട്ടുകാരോട് പറഞ്ഞത്, ‘ഇതെല്ലാം സർക്കാർ ഭൂമിയാണെന്നും, നിങ്ങൾക്കിതിൽ അവകാശമൊന്നുമില്ലെന്നും, സർക്കാരിന് ആവശ്യം വരുമ്പോൾ നിങ്ങളെ ഒഴിപ്പിക്കു’മെന്നുമാണ്. ഇതുകേട്ടപ്പോൾ കൂടിനിന്നവർക്ക് ഉത്തരംമുട്ടി. പൗരസമൂഹത്തിന്റെ ഇച്ഛകൾക്കെല്ലാം അതീതമായി ഭരണകൂടം സർവ്വവാധിപതിയും സർവ്വസംഹാരിയുമാണെന്ന് ഇന്ത്യക്കാരെ പഠിപ്പിച്ചത് കോളനി ഭരണമാണ്. ഇവ രണ്ടും- ജാതിയടിമബോധവും സർക്കാർ അടിമ ബോധവും സമാസമം ചേർത്ത്, അതിലേയ്ക്കു മത-രാഷ്ട്രീയ സ്വർ​ഗം കൂടി സന്നിവേശിപ്പിച്ച് ലഹരി പിടിപ്പിച്ച മനുഷ്യപ്പറ്റങ്ങളായി വെട്ടിമുറിച്ചിരിക്കുകയാണ് ഇന്ത്യൻ പൗരസമൂഹത്തെ. അതിനാൽ യൂറോപ്പിൽ കാണുന്നതുപോലെയുള്ള പതിനായിരങ്ങൾ പങ്കെടുക്കുന്ന പരിസ്ഥിതി-പൗരാവകാശ പ്രക്ഷോഭങ്ങൾ നമുക്ക് മിക്കവാറും അന്യമാണ്. ഇവിടെ ജനങ്ങൾ തെരുവിലിറങ്ങണമെങ്കിൽ പാർട്ടി ഓഡർ ഇറക്കണം. ​​ഗ്രെറ്റാ തുംബർ​ഗ് എന്ന 15 വയസ്സുകാരി, കിളവൻ ഭരണകൂടത്തിന്റെ മുഖത്തുനോക്കി നിറകണ്ണോടെ ആക്രോശിക്കുന്നതിനു കാരണം പാർട്ടികളുടെ ബാല​ഗ്രൂപ്പുകൾ ചെറുപ്പത്തിലേ പിടിച്ചെടുക്കാതെ വളർന്നുവരാൻ അവിടെ സാഹചര്യം ഉള്ളതുകൊണ്ടാകാം. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആഘോഷം നടത്തിയതിന് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പരസ്യമായി പൗരസമൂഹത്തോടു മാപ്പുപറയേണ്ടി വന്നതും, അവിടെ ഭരണകൂടത്തിന്റെ കാവൽപ്പടയായ പാർട്ടി ശരീരങ്ങൾ മാത്രമായി മനുഷ്യബോധത്തെ മരവിപ്പിക്കാൻ സമൂഹം അനുവദിക്കാത്തതുകൊണ്ടാകാം.

മടിയിലിരിക്കുന്ന തന്റെ കുട്ടി മുല കുടിക്കുമ്പോൾ, മറ്റേ മുല മാൻകിടാവിന്റെ ചുണ്ടിലേയ്ക്ക് അതേ മാതൃവാത്സല്യത്താൽ ചുരത്തുന്ന ജോധ്പുരിലെ ബൈഷ്ണോയി സ്ത്രീകളുടെ ചിത്രങ്ങൾ കണ്ടിട്ടില്ലേ? ഇവരുടെ മുൻതലമുറയിലെ ഒരമ്മയും അവരുടെ മൂന്നു പെൺമക്കളുമാണ് രാജസ്ഥാൻ മരുഭൂമിയെ ജലാർദ്രമാക്കി നിലനിർത്തുന്ന ഖേജ്റി മരങ്ങൾ വെട്ടി കൊട്ടാരം പണിയാൻ വന്ന മഹാരാജ അഭയസിം​ഗിനെ സധൈര്യം തടഞ്ഞതും രാജാജ്ഞയുടെ വാളിനിരയായതും. തുടർന്നുണ്ടായ ചെറുത്തുനില്പിൽ 363 ബൈഷ്ണോയികളെ രാജാവ് കൊന്നുകളഞ്ഞു. 1863 ലെ ഇം​ഗ്ളീഷ് വനംവകുപ്പും ഇന്ദിരാ​ഗാന്ധി സ്റ്റോക്ഹോം സമ്മേളനത്തിൽ പോയി തിരികെവന്ന് നമ്മുടെ ഭരണഘടനയിൽ എഴുതിച്ചേർത്ത പരിസ്ഥിതി സംരക്ഷണവും 1992 ൽ പ്രധാനമന്ത്രി പി.വി നരസിംഹറാവു പങ്കെടുത്ത ആദ്യ ഭൗമഉച്ചകോടിയും തുടർന്ന് ഇന്നേവരെ രാജ്യത്ത് പാസ്സാക്കിയ പരിസ്ഥിതി രക്ഷാനിയമങ്ങളും എല്ലാം വരുന്നതിനു മുമ്പാണ്, 1730 ൽ നിരക്ഷരരായ ബൈഷ്ണോയ് പെണ്ണുങ്ങൾ അവരുടെ മരുഭൂമി ജീവിതത്തിലെ നനവും തണലുമായ ഖേജ്റി വൃക്ഷങ്ങളെ കാക്കുന്നതിനായി ജീവൻ കൊടുത്തത്. ഈ പാരമ്പര്യത്തിന്റെ തുടർച്ചയായിട്ടാണ്, മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വന്ന് ഉത്തരാഖണ്ഡ് ​ഗ്രാമങ്ങൾ തകർന്നതിനെ തടയാനായി, മഴുവോങ്ങിയവർക്ക് മുന്നിൽ അമ്മമാർ മരങ്ങളെ പുണർന്നു നിന്ന ചിപ്കോ പ്രസ്ഥാന (1973 ) മുണ്ടായതും. അന്ന് ചിപ്കോ നേതാവായ സുന്ദർലാൽ ബഹു​ഗുണയാൽ വിരചിതമായ മുദ്രാവാക്യമാണ് “Ecology is the permanent economy” എന്നത്. കേരളത്തിനു കുറുകെ വൻമതിലായി കെ റെയിലുയരുമ്പോൾ നമ്മുടെ വാസത്തിനാധാരമായ മലയും ആളവും കാക്കുന്ന ഈ മണ്ണിന്റെ ​-സുസ്ഥിരമായ എക്കോണമിയുടെ- ഗതി എന്താകുമെന്നാണ് വീട്ടമ്മമാരും ചോദിക്കുന്നത്. “ഭൂമി ഇതല്ലേയുള്ളൂ, ഭൂമി കൂടുന്നില്ലാല്ലോ, അപ്പോ ആളുകളെവിടെ പോകും” എന്നൊരു വൃദ്ധ ചോദിച്ചത് കേട്ടല്ലോ.

ജനങ്ങൾ പരിസ്ഥിതി സംരക്ഷകരാകുന്നത് അവരുടെ ജീവിതം കെട്ടുപോകാതെ കാക്കുന്നതിനുവേണ്ടിയാണ്. അവർക്കാ വെളിച്ചം കിട്ടുന്നത് പൂമ്പാറ്റാ വർ​ഗീകരണത്തിന്റെ തിസീസിലൂടെയോ വൈൽഡ് ലൈഫ് ഫോട്ടോ​ഗ്രാഫിയിലൂടെയോ അല്ല. പരിസ്ഥിതി സംരക്ഷണത്തിന്റെ കാപട്യം പുലമ്പുന്ന ഭരണകൂടവുമല്ല അവരുടെ പരിസ്ഥിതി ​ഗുരു. അത് ജനജീവിതം തന്നെയാണ്. കേരളത്തിലാകട്ടെ അതിപ്പോൾ ഇടിച്ചു നിരത്തിയ കുന്നുകളും രണ്ടു വെള്ളപ്പൊക്കങ്ങളും മണ്ണിൽ മൂടിപ്പോയ ജന്മങ്ങളും അരക്ഷിതമായ ആശങ്കകളുമാണ്. ഒന്നാമതായി, ഒട്ടും കാല്പനികമല്ലാത്ത ജീവിത-പരിസ്ഥിതി ബോധത്തിലേക്ക് നാം വയസ്സറിയിച്ചു എന്നതിന് തെളിവായി ഇതിനെ കാണാം. ഇനിയങ്ങോട്ടുള്ള മാനവജീവിതത്തിൽ പരിസ്ഥിതി നിയമങ്ങളുടെ മൂല്യം നാം തിരിച്ചറിഞ്ഞു തുടങ്ങുന്നതിന്റെ, പരിസ്ഥിതിയും ജീവിതവും ഒന്നായി കാണുന്നതിന്റെ തുടക്കമാണിവിടം. രണ്ടാമതായി, വികസനമെന്നാൽ സമൂഹത്തിന് സന്തുഷ്ടി നൽകുന്നതാകണം എന്ന കാലാനുസൃതമായ പൊളിച്ചെഴുത്തിലേക്ക് നമ്മൾ ചുവടുവച്ചിരിക്കുന്നു. കെ റെയിലിനെ സംശയിക്കുന്നവർ സന്തുഷ്ടിയുടെ വികസനമാണ് ഇന്നത്തെയും നാളത്തെയും ലോകമാതൃക എന്നറിയുന്നു. കെ റെയിലിനെ സർവ്വാത്മനാ സ്വീകരിക്കുന്നവരാകട്ടെ കാലംചെയ്ത വികസനത്തെ തോളിൽ ചുമക്കുന്നു എന്നുമാത്രം. മൂന്നാമതായി, ഭരണകൂടത്തോടോ അതായി താദാത്മ്യപ്പെടുന്ന പാർട്ടികളോടോ ഉള്ള നിരുപാധികമായ കീഴടങ്ങലല്ല ജനായത്തവ്യവസ്ഥയിലെ പൗരധർമ്മമെന്നും നാം അറിഞ്ഞു തുടങ്ങുന്നതിന്റെ സൂചനയാണ് ഇടതുഭരണ കേരളത്തിൽ കെ റെയിലിനോടുള്ള ചോദ്യങ്ങൾ.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

February 7, 2022 1:05 pm