Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size


ടോണി ഗാറ്റ്ലിഫ് ഓർമ്മ
റൊമാനിയൻ/ജിപ്‌സി/നൊമാഡ് സംഗീതത്തിന്റെയും പ്രവാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കഥ പറഞ്ഞ സംവിധായകൻ ടോണി ഗാറ്റ്ലിഫ് 2026 സെപ്റ്റംബർ 3ന് വിടവാങ്ങി. ‘ലാച്ചോ ഡ്രോം’ — റൊമാനിയൻ ഭാഷയിൽ ‘നല്ല യാത്ര’ എന്നർത്ഥം. 1993-ൽ ടോണി ഗാറ്റ്‌ലിഫ് തന്റെ ഏറ്റവും പ്രശസ്തമായ സിനിമയ്ക്ക് നൽകിയ പേരായിരുന്നു അത്. 77-ാം വയസ്സിൽ അദ്ദേഹം അന്തരിക്കുമ്പോൾ, ആ വാക്കുതന്നെ അദ്ദേഹത്തിന്റെ സിനിമാജീവിതത്തിന് ഏറ്റവും യോജിച്ച വിശേഷണമായി മാറുന്നു.
അൾജീരിയയിൽ ജനിച്ച് ഫ്രാൻസിൽ സിനിമാ ജീവിതം ആരംഭിച്ച ടോണി ഗാറ്റ്‌ലിഫിന്റെ പ്രമേയങ്ങൾ അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതത്തെ അവരുടെ ശബ്ദത്തിലും സംഗീതത്തിലും അവിഷ്കരിക്കുന്നതിനാണ് ശ്രമിച്ചത്. 25-ലധികം ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം, റൊമാനിയൻ സംസ്കാരത്തെ പുറത്തുനിന്ന് നിരീക്ഷിക്കുകയായിരുന്നില്ല; അതിന്റെ സംഗീതവും ഓർമ്മകളും വേദനകളും സിനിമയുടെ അകത്തളമാക്കി മാറ്റുകയായിരുന്നു.


സംഗീതത്തിലൂടെ പറഞ്ഞ ചരിത്രം
ഗാറ്റ്‌ലിഫിന്റെ സിനിമകളിൽ സംഗീതം പശ്ചാത്തലമല്ല. അത് കഥയുടെ തന്നെ ഭാഷയാണ്. Les Princes (1983), Latcho Drom (1993), Gadjo Dilo (1997), Vengo (2000), Swing (2002), Exils (2004), Transylvania (2006), Korkoro (2009), Geronimo (2014), Djam (2017), Tom Medina (2021), Ange (2025) തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം യാത്ര, വേരുകൾ, കുടിയേറ്റം, പ്രണയം, സാമൂഹിക പുറന്തള്ളൽ, സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളെ പിന്തുടർന്നു. Exils അദ്ദേഹത്തിന് കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം നേടിക്കൊടുത്തു. Gadjo Dilo, Vengo തുടങ്ങിയ ചിത്രങ്ങൾ റൊമാനിയൻ സംഗീതത്തിന്റെയും യൂറോപ്യൻ നൊമാഡിയൻ /നാടോടി സംസ്കാരങ്ങളുടെയും ലോകം വിശാലമായ പ്രേക്ഷകസമൂഹത്തിലെത്തിച്ചു.
റൊമാനിയൻ സംഗീതം ഒരു ഏകീകൃത സംഗീതശൈലിയല്ല. ഇന്ത്യയിൽ നിന്നുള്ള ദീർഘമായ കുടിയേറ്റത്തിനിടെ റൊമാനിയൻ ജനത കടന്നുപോയ ഓരോ പ്രദേശത്തിന്റെയും സംഗീതവുമായി അത് ലയിച്ചു. ഇന്ത്യൻ സംഗീതത്തിൽ നിന്ന് പേർഷ്യയിലേക്കും ബാൽക്കൻ പ്രദേശങ്ങളിലേക്കും, അവിടെ നിന്ന് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്കും നീണ്ട യാത്രയിൽ സംഗീതം നിരന്തരം രൂപംമാറി. ഹംഗറിയിൽ റൊമാനിയൻ സംഗീതജ്ഞർ വയലിൻ, സിംബലോം തുടങ്ങിയ വാദ്യങ്ങളിലൂടെ സ്വന്തം പാരമ്പര്യം വളർത്തി. സ്പെയിനിലെ ഗിതാനോ സമൂഹം ഫ്ലമെങ്കോയുടെ വികാസത്തിൽ നിർണായക പങ്കുവഹിച്ചു. ഫ്രാൻസിൽ റോമാനിയൻ പാരമ്പര്യവും ജാസും ചേർന്ന് ഡിജാങ്ഗോ (django) റെയ്ൻഹാർട്ടിനെപ്പോലുള്ള സംഗീതജ്ഞരെ സൃഷ്ടിച്ചു. റൊമാനിയയിലും ബാൽക്കൻ രാജ്യങ്ങളിലും വിവാഹ-ആഘോഷ സംഗീതത്തിന്റെ പ്രധാന വക്താക്കളായി റൊമാനിയൻ സംഗീതജ്ഞർ മാറി. അതുകൊണ്ട് റൊമാനിയൻ സംഗീതം ഒരു ശൈലിയേക്കാൾ കൂടുതൽ — ഒരു ജനതയുടെ സഞ്ചാരത്തിന്റെ സംഗീത സ്മരണയാണ്.


ഗാറ്റ്‌ലിഫിന്റെ ഈ യാത്രയുടെ ഏറ്റവും മനോഹരമായ സിനിമാരൂപമാണ് ‘ലാച്ചോ ഡ്രോം’. ഇന്ത്യയിൽ നിന്ന് ആരംഭിച്ച് ഈജിപ്ത്, തുർക്കി, റൊമാനിയ, ഹംഗറി, സ്ലൊവാക്യ, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ ഇടങ്ങളിലൂടെ റോമാ ജനതയുടെ സംഗീതവും നൃത്തവും കുടിയേറ്റത്തിന്റെ ഓർമ്മകളും പിന്തുടരുന്ന സംഗീത-ഡോക്യുമെന്ററി സ്വഭാവമുള്ള ഈ ചിത്രം റൊമാനിയൻ ജനതയുടെ ചരിത്രത്തെ സംഭാഷണങ്ങളിലൂടെയോ വിശദീകരണങ്ങളിലൂടെയോ വിശദീകരിക്കാൻ ശ്രമിക്കുന്നില്ല. പാട്ടും നൃത്തവും പ്രകൃതിയും മനുഷ്യരുടെ മുഖങ്ങളും മാത്രമാണ് അതിന്റെ ഭാഷ. ഇന്ത്യൻ താളങ്ങളിൽ നിന്ന് ഫ്ലമെങ്കോയുടെ ആവേശത്തിലേക്ക് എത്തുന്ന ഈ യാത്രയിൽ സംഗീതം ഓരോ ഭൂമിയിലും മാറുന്നു. പക്ഷേ, അതിന്റെ ആത്മാവ് മാറുന്നില്ല.
സന്തോഷവും ദുഃഖവും, പ്രവാസവും വേരുകളും, പീഡനവും സ്വാതന്ത്ര്യവും എല്ലാം ഒരേ സംഗീതത്തിൽ ലയിക്കുന്നു. അതുകൊണ്ടുതന്നെ ‘ലാച്ചോ ഡ്രോം’ ഒരു ഡോക്യുമെന്ററി എന്നതിലുപരി ഒരു സംഗീതകവിതയായി അനുഭവപ്പെടുന്നു. ക്യാമറ പോലും സംഗീതത്തിന്റെ താളത്തിനൊപ്പം സഞ്ചരിക്കുന്നതുപോലെ തോന്നും. അതിരുകളില്ലാത്ത ഈ യാത്രയിൽ ടോണി ഗാറ്റ്ലിഫ് പിന്തുടർന്നത് റോമ ജനതയുടെ ചരിത്രയാത്രയായിരുന്നു — കുടിയൊഴിപ്പിക്കലും വിവേചനവും പീഡനവും അതിജീവിച്ചുകൊണ്ടുള്ള ഒരു ജനതയുടെ യാത്ര.


അദ്ദേഹത്തിന്റെ സിനിമകളിൽ സംഗീതം അതിജീവനത്തിന്റെ ശബ്ദമാണ്. അതിർത്തികൾ മനുഷ്യരെ വേർതിരിച്ചാലും സംഗീതത്തിന് അതിരുകളില്ലെന്ന ആശയമാണ് അദ്ദേഹത്തിന്റെ സിനിമകളിൽ ആവർത്തിക്കുന്നത്. ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്കുള്ള റോമ ജനതയുടെ ദീർഘയാത്രയെപ്പോലെ തന്നെ ഗാറ്റ്‌ലിഫിന്റെ സിനിമകളും നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു. 2026-ൽ അദ്ദേഹത്തിന്റെ യാത്ര അവസാനിച്ചു. പക്ഷേ, ‘ലാച്ചോ ഡ്രോം’ലെ സംഗീതം ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഒരു ജനതയുടെ ഓർമ്മയായി, സ്വാതന്ത്ര്യത്തിന്റെ ശബ്ദമായി, വേരുകൾ തേടുന്ന മനുഷ്യരുടെ പാട്ടായി.

