(മിലൻ കുന്ദേരയുടെ സാഹിത്യം, The Life Is Elsewhere എന്ന നോവലിന്റെ പശ്ചാത്തലത്തിൽ)
‘നോവലിന്റെ കല’ എന്ന പ്രബന്ധ സമാഹാരത്തിൽ മിലൻ കുന്ദേര, യോസഫ് സ്‌ക്വവ്‌റോസ്‌ക്കി എന്ന സുഹൃത്ത് പറഞ്ഞ ഒരു സംഭവം വിവരിക്കുന്നുണ്ട്. പ്രാഗിൽ നിന്നും ജോലിയുമായി ബന്ധപ്പെട്ട ഒരു യോഗത്തിനായി ഇംഗ്ലണ്ടിലേക്കു പോയ ഒരു എഞ്ചിനിയറുടെ അനുഭവം. പരിപാടി കഴിഞ്ഞ് അയാൾ നാട്ടിൽ തിരിച്ചെത്തി ആ ദിവസത്തെ പത്രം വായിക്കുമ്പോൾ വിചിത്രമായ ഒരു വാർത്ത കണ്ടു. ലണ്ടനിൽ കോൺഫറൻസിന് പോയ ഒരു എഞ്ചിനിയർ തന്റെ ജന്മരാജ്യത്തിനെതിരായി സംസാരിച്ചുവെന്നും, ലണ്ടനിൽത്തന്നെ തുടരാൻ തീരുമാനിച്ചു എന്നുമായിരുന്നു അത്. ഇതുതന്നെക്കുറിച്ചാണെന്നു മനസ്സിലായ അയാൾ നടുങ്ങിപ്പോയി. ഓഫീസിലെത്തിയ അയാളെ അവിശ്വസനീയമായ ഭാവത്തോടെയാണ് ആളുകൾ സ്വീകരിച്ചത്. യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നു മനസ്സിലാക്കുന്നതിനായി അയാൾ പാർട്ടിയുടെ ഔദ്യോഗിക പത്രത്തിന്റെ ഓഫീസിൽ ചെല്ലുന്നു. വാർത്ത തെറ്റായിരുന്നു എന്ന് അവർ പറഞ്ഞു, പക്ഷെ അത് ലഭിച്ചിട്ടുള്ളത് ആഭ്യന്തരമന്ത്രാലയത്തിൽ നിന്നുമാണ്. എഞ്ചിനിയർ മന്ത്രാലയത്തിന്റെ ഇടനാഴികളിലൂടെ അലഞ്ഞു. വാർത്ത തെറ്റായിരുന്നുവെന്ന് അവരും സമ്മതിച്ചു. ലണ്ടനിലെ ചെക്ക് എംബസിയിൽ നിന്നും ലഭിച്ചതായിരുന്നു, അതു പരിശോധിക്കാതെ ചേർത്തതാണ്. എന്നാൽപ്പിന്നെ ഒരു ക്ഷമാപണം ആയിക്കൂടേ? വാർത്തകളിൽ നിന്നും തങ്ങൾ പിന്മാറുന്ന പതിവില്ലെന്നും, എന്നാൽ ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നുമാണ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അയാളെ അറിയിച്ചത്. ഭയപ്പെടാൻ ഒന്നുമില്ല. എന്നാലും അയാൾക്ക് ഒരു സമാധാനവുമില്ല. അറിയാതെ താൻ നിരീക്ഷിക്കപ്പെടുകയാണെന്നും തന്റെ കഴുത്തിൽ എപ്പോഴും നിയമത്തിന്റെ, ഭരണകൂടത്തിന്റെ അദൃശ്യമായ തുടൽ പിണഞ്ഞുകിടപ്പുണ്ടെന്നും അയാൾ പേടിച്ചു. ഒടുവിൽ, വളരെ പണിപ്പെട്ട് നിയമവിരുദ്ധമായ മാർഗത്തിലൂടെ അയാൾ ജന്മരാജ്യത്തിൽ നിന്നും രക്ഷപ്പെടുകയാണ്.
ഈ കഥ കാഫ്ക്കയുടെ നോവലിലെ ഒരു സന്ദർഭം പോലെ തോന്നിക്കുന്നതായി കുന്ദേര എഴുതുന്നു. ‘വിചാരണ’യിലേയോ ‘കോട്ട’യിലേയോ പോലുള്ള ഒരു സവിശേഷ സന്ദർഭം. കാഫ്ക്കയിലെ നോവലിൽ താൻ ചെയ്ത തെറ്റെന്താണെന്ന് കെ എന്ന നായകന് മനസ്സിലാവാത്തതു പോലെത്തന്നെ ഇവിടേയും. വാസ്തവത്തിൽ പ്രാഗിലെ എഞ്ചിനിയർ തെറ്റുചെയ്തിട്ടില്ല. പക്ഷേ, മറ്റൊരു തരത്തിൽ അയാൾ ശിക്ഷിക്കപ്പെടുകയാണ്. കാഫ്ക്കയുടെ കഥകളിലേതുപോലെ, ശിക്ഷ ആദ്യം നടപ്പാവുകയും അതിനുള്ള കുറ്റം പിന്നീട് കണ്ടുപിടിക്കേണ്ടി വരുകയും ചെയ്യുന്ന അവസ്ഥ.
ഇരുപതാം നൂറ്റാണ്ടിലെ നൃശംസമായ ഭരണകൂടങ്ങൾക്കു കീഴിൽ ജീവിക്കേണ്ടിവന്ന ജനതകൾക്കൊക്കെയും ഏറെക്കുറെ ബാധകമായ ഈ സന്ദർഭങ്ങൾ പ്രവചിക്കാൻ കഴിഞ്ഞു എന്നതായിരിക്കണം കാഫ്ക്കയുടെ നിത്യനൂതനത്വത്തിനു കാരണം. കാഫ്ക്ക ഇരുപതാം നൂറ്റാണ്ടിനെ ദീർഘദർശനം ചെയ്ത എഴുത്തുകാരനായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിനാലിൽ അദ്ദേഹം മരിച്ചു. ഹിറ്റ്‌ലർ അധികാരത്തിലെത്തുന്നതിന് പിന്നേയും ഒരു ദശകം കൂടി കഴിയാനുണ്ട്. സ്വേച്ഛാധിപത്യത്തിന്റെ വലിയ ഉയരങ്ങളിലേക്ക് ലോകം, വിശേഷിച്ചും യൂറോപ്പ് പതുക്കെപ്പതുക്കെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അത് വ്യക്തിസ്വാതന്ത്ര്യത്തെ എങ്ങനെ നിരാകരിക്കുമെന്നും കാഫ്ക്ക തന്റെ നോവലുകളിലൂടെയും അപൂർണമാക്കി നിർത്തിയ അനേകം കുറിപ്പുകളിലൂടെയും ലോകത്തോടു പറഞ്ഞു.
അധികാരത്തെക്കുറിച്ചുള്ള നമ്മുടെ സമീപനങ്ങൾ ആപേക്ഷികമാണ്. പലപ്പോഴും ഏതൊരു പക്ഷവും അധികാരം എന്ന പേരിൽ കാണുന്നത് എതിർചേരിയിലെ ഭരണകൂടത്തേയോ പാർട്ടിയേയോ മതത്തേയോ സംഘങ്ങളെയോ ആയിരിക്കും. സ്വന്തം ചേരിയിലെ ഫാസിസത്തോട് അറിഞ്ഞോ അറിയാതെയോ ഒരു മൃദുസമീപനം സ്വീകരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതലും. അതേസമയം, വലതുപക്ഷ ഫാസിസമായായലും ഇടതുപക്ഷത്തു നിന്നുള്ള സ്വേച്ഛാധിപത്യമായാലും മതങ്ങളുടെ തേർവാഴ്ചയായാലും ഇരകളെ സംബന്ധിച്ചിടത്തോളം അനുഭവങ്ങളിൽ കാര്യമായ മാറ്റമില്ല. ആയിരത്തിത്തൊള്ളായിരത്തി നാൽപ്പത്തെട്ടിൽ സോവിയറ്റ് യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട വിപ്ലവവും അതിന്റെ ഫലമായി രൂപീകരിക്കപ്പെട്ട ഭരണകൂടവും കല, സാഹിത്യം, വ്യക്തിസ്വാതന്ത്ര്യം എന്നിങ്ങനെ ജീവിതത്തിന്റെ സമസ്തമേഖലകളെയും എങ്ങനെ ബാധിച്ചു എന്ന് വിശദീകരിക്കുന്നതാണ് കുന്ദേരയുടെ എഴുത്ത്. എങ്കിൽപ്പോലും കുന്ദേരയെ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനായി കാണുന്നതിൽ കുഴപ്പമുണ്ട്. അഭിമുഖീകരിക്കേണ്ടി വന്ന അധികാരസ്ഥാപനം ഇടതുപക്ഷത്തിന്റേതായിരുന്നു എന്നുള്ളതുകൊണ്ടാണ് ആ സാഹിത്യം ഇടതുപക്ഷവിരുദ്ധമായി തോന്നുന്നത്. അടിസ്ഥാനപരമായി സ്ഥാപനവൽക്കരിക്കപ്പെട്ട ഇടതുപക്ഷത്തോടുള്ള വിയോജിപ്പുകളായിരുന്നു അദ്ദേഹത്തിന് എഴുത്ത്.
കുന്ദേര ചെക്കോസ്ലാവാക്യൻ കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ അംഗമായിരുന്നു. 1948 ൽ സോവിയറ്റ് യൂണിയന്റെ കാർമ്മികത്വത്തിൽ അവിടെ വിപ്ലവം നടക്കുന്ന കാലത്ത്. രണ്ടു വർഷത്തിനു ശേഷം അദ്ദേഹം പാർട്ടിയിൽ നിന്നും പുറത്താക്കപ്പെടുന്നുണ്ട്. പിൽക്കാലത്ത് വീണ്ടും അദ്ദേഹം പാർട്ടിയിലേക്ക് വരുന്നു. 1968 ൽ ദ്യൂബ്‌ചെക്കിന്റെ നേതൃത്വത്തിൽ നടന്ന പരാജയപ്പെട്ട പ്രാഗ്‌വസന്ത കാലം വരേക്കും കുന്ദേര പാർട്ടിയിൽത്തന്നെ തുടരുകയുണ്ടായി. 1971ൽ പാരീസിലേക്ക് പോകുന്ന അദ്ദേഹം പിൽക്കാലത്ത് ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യം നേടുകയും ഫ്രഞ്ചിൽ എഴുതാനാരംഭിക്കുകയും ചെയ്തു. ആദ്യകാലത്തെ നോവലുകളുടെ ഫ്രഞ്ച് വിവർത്തനങ്ങളും പിന്നീട് കുന്ദേര പരിഷ്‌ക്കരിച്ചു. അങ്ങനെ ഫ്രാൻസിൽ ജീവിക്കുകയും സ്വയം ഒരു ഫ്രഞ്ച് എഴുത്തുകാരനാണെന്ന് കരുതാനിഷ്ടപ്പെടുകയും ചെയ്യുന്നു എന്നുള്ളതാണ് ഈ പ്രവാസി എഴുത്തുകാരന്റെ സവിശേഷത. പ്രവാസത്തെക്കുറിച്ചുള്ള സങ്കല്പങ്ങളിൽ ഇത് വളരെ പ്രധാനപ്പെട്ട ഒന്നായി തോന്നുന്നു. ദേശം മാത്രമല്ല, തന്റെ ഭാഷ കൂടി ഒരാൾ സ്വയം ഉപേക്ഷിക്കുകയും മറ്റൊന്ന് സ്വീകരിക്കുകയുമാണ് ഇവിടെ.
1969ൽ പ്രാഗ് വസന്തത്തിന്റെ തോൽവിക്കുശേഷമാണ് ‘ജീവിതം മറ്റെവിടയോ ആണ്’ (The Life Is Elsewhere) എന്ന നോവൽ എഴുതപ്പെടുന്നത്. അമ്പതുകളുടെ മധ്യത്തിൽ തന്നെ ഈ നോവലിന്റെ കഥാബീജം തന്നിലുണ്ടായിരുന്നുവെന്ന് കുന്ദേര പറയുന്നുണ്ട്. തികച്ചും രാഷ്ട്രീയമായ ഒരു നോവലാണെങ്കിൽക്കൂടിയും കാല്പനിക കവിതയെക്കുറിച്ചുള്ള ഒരന്വേഷണമായിട്ടാണ് എഴുത്തുകാരൻ ഈ രചനയെ കാണുന്നത്. ജെറോമിൽ എന്ന കവിയുടെ ജനനം, അയാളുടെ ബാല്യം, കൗമാരം, യൗവ്വനം, മരണം എന്നിങ്ങനെയുള്ള ജീവിതഘട്ടങ്ങളിലൂടെ കടന്നുപോവുകയും ഒരു കവി നിർമ്മിക്കപ്പെടുന്നതെങ്ങനെ എന്ന് ആരായുകയുമാണ് ഈ കൃതിയിൽ എന്ന് സാമാന്യമായി പറയാം. അയാൾ ഒരു ഭേദപ്പെട്ട കാല്പനിക കവിയായിരുന്നു. ഭാവഗീതങ്ങളാണ് അയാൾ എഴുതിയിരുന്നത്. ചരിത്രത്തിന്റെ നിർണായകമായ ചില സന്ധികളിൽ കാല്പനികതയുടെ കാലിടറുന്നതുകൊണ്ടാണ് അയാളിലെ കവി മഹത്വം ആർജ്ജിക്കാതിരുന്നത്. പ്രതിബദ്ധതയുടെ കവചം സ്വയം അണിയുകയും ഭരണകൂടത്തിന്റെ പിണിയാളായി മാറുകയും ചെയ്യുക എന്നതായിരുന്നു അയാളുടെ വിധി. രാഷ്ട്രീയ ജീവിതത്തിൽ അയാൾക്കു സംഭവിക്കുന്ന ദാരുണമായ പതനം അയാളുടെ കവിതയെയും വല്ലാതെ ചെറുതാക്കിക്കളഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ യൂറോപ്പിന്റെ സാംസ്‌ക്കാരിക ഭൂമികയിൽ നിന്നും മഹാനായ കവി എന്ന സങ്കല്പം ഒരു പളുങ്കുപാത്രം പോലെ ഉടഞ്ഞുപോകുന്നതും പിന്നീട് മഹത്തായ കവിത യൂറോപ്പിന്റെ പ്രൗഢിയായി മാറാതെ പോയി എന്നുള്ളതും ഈ രാഷ്ട്രീയ നിലപാടുകളിലെ നീചത്വം കൊണ്ടാണെന്ന് നോവലിന്റെ ഒടുവിൽ കുന്ദേര സ്ഥാപിക്കുന്നു.
യൂറോപ്പിന്റെ ജീവിതത്തിൽ ഉന്നതശീർഷനായ കവി എന്ന സങ്കല്പം വളരെ പ്രധാനപ്പെട്ടതാണ്. ദാന്തേ മുതൽ ഗെയ്‌ഥേ, പുഷ്‌ക്കിൻ എന്നിങ്ങനെ ദേശീയമുദ്രകളായി മാറിയ കവികൾ, ലോർക്ക, നെരൂദ, മയക്കോവ്‌സക്കി തുടങ്ങിയ വിപ്ലവത്തിന്റെ പ്രവാചകർ, ഹ്യൂഗോയെയും ആൻഡ്രൂ ബെർട്ടനെയും പോലെ ചരിത്രത്തിന്റെ വക്താക്കൾ : റില്‌ക്കേയെയും റിംബോയെയും പോലെ കവിത എന്ന അരാജക മതത്തിന്റെ ചക്രവർത്തിപദം അലങ്കരിച്ചിരുന്നവർ; എപ്പോഴും എവിടേയും കുലപതികളായ കവികളെ നമുക്കു കാണാമായിരുന്നു. എന്നാൽ കുന്ദേരയുടെ ‘ജീവിതം മറ്റെവിടെയോ’ ആണ് എന്ന നോവലിൽ ചിത്രീകരിക്കപ്പെടുന്ന കവി അവരുടെ നിഴൽ മാത്രമാണ്. അയാൾ അധികാരത്തിനോടൊപ്പം നീങ്ങുന്നു. അയാളുടെ കാവ്യജീവിതം ഹിറ്റ്‌ലറുടെ അധിനിവേശകാലഘട്ടത്തിൽ നിന്ന് ആരംഭിക്കുകയും രണ്ടാം ലോകമഹായുദ്ധത്തിലൂടെ കടന്നുപോവുകയും ചെയ്യുന്ന, ഇടതുപക്ഷ അധിനിവേശങ്ങളിലൂടെ സഞ്ചരിക്കുന്ന ഒന്നായിരുന്നു. അയാളുടെ ശബ്ദം കേൾക്കാനേയില്ല. ഈ മാറ്റം വളരെ വലുതാണെന്നും അതിനെ ഒരു പേരുചൊല്ലി വിളിക്കാൻ ഇനിയും ചരിത്രകാരന്മാർക്ക് സാധിച്ചിട്ടില്ലെന്നും കുന്ദേര പറയുന്നുണ്ട്. നിർമ്മിക്കപ്പെട്ട, ഇറക്കുമതി ചെയ്യപ്പെട്ട വിപ്ലവത്തിനും അതിനെത്തുടർന്ന് സ്ഥാപിതമായ ഭരണകൂടങ്ങൾക്കും വേണ്ടി സ്വന്തം ആത്മാവിഷ്‌ക്കാരങ്ങളെ ബലി കഴിച്ചതിലൂടെ ഉന്നതമായ കവിത ഇല്ലാതായി, കവി അവസാനിച്ചു. അത്തരം കവികളുടെ പ്രതിനിധിയായിരുന്നു ഈ നോവലിലെ നായകനായ യെരോമിൽ.
യെരോമിൽ വാസ്തവത്തിൽ ഒരു മോശം കവിയായിരുന്നില്ല. അയാൾ പലപ്പോഴും വളരെ വന്യമായി പെരുമാറുന്നുണ്ടെന്നുള്ളത് ശരിതന്നെ. പക്ഷേ, ഈ നിന്ദ്യമായ പെരുമാറ്റവും രീതികളുമെല്ലാം മറ്റെല്ലാവരിലും ഏറിയും കുറഞ്ഞും ഉള്ളതുതന്നെയാണല്ലോ. അയാൾ കമ്മ്യൂണിസത്തിന്റെ ഉല്പന്നമല്ല. അയാളിലെ നീചഭാവങ്ങളെ ഒരു തരത്തിൽ പ്രകാശിപ്പിക്കുക മാത്രമേ കമ്മ്യൂണിസം ചെയ്തിട്ടുള്ളൂ. കിഴക്കൻ യൂറോപ്പിലെ നിർബ്ബന്ധിത വിപ്ലവത്തെക്കുറിച്ചുള്ള, അല്ലെങ്കിൽ ആ കാലഘട്ടത്തെക്കുറിച്ചുള്ള ഒരു പഠനമെന്ന രീതിയിൽ നോവലിനെ പരിഗണിക്കരുതെന്നാണ് കുന്ദേര പറയുന്നത്. ആ കാലഘട്ടം അത്തരം ചില മനുഷ്യരെ മനസ്സിലാക്കാനുള്ള അവസരം തന്നു എന്നുള്ളതുകൊണ്ട് മാത്രമാണ് നോവലിലേക്ക് വരുന്നത്. കുന്ദേരയുടെ ഭാഷയിൽ ലെർമന്തോവിനെയും റിംബോയേയുമൊക്കെ കെണിവച്ചുപിടിക്കാനുള്ള ഒരവസരം മാത്രമായിരുന്നു എഴുത്തുകാരനെ സംബന്ധിച്ച് ആ കമ്മ്യൂണിസ്റ്റു കാലം. അപ്പോഴും എന്താണ് മനുഷ്യാവസ്ഥ എന്ന അനാദിയായി തുടരുന്ന അസ്തിത്വത്തെക്കുറിച്ചുള്ള ചോദ്യം തന്നെയാണ് അയാൾ ഉയർത്തുന്നത്. എന്താണ് യുവത്വം, എന്താണ് ഭാവഗീതമായി മാറുന്ന കവിത എന്നതിലേക്കൊക്കെയാണ് ആ അന്വേഷണം നീളുന്നത്. അതൊക്കെ മനസ്സിൽ കണ്ടുകൊണ്ട് നോവലിന് ഭാവഗീതത്തിന്റെ യുഗം (The Lyric Age) എന്നുതന്നെ പേരിടാനായിരുന്നു കുന്ദേര ഉദ്ദേശിച്ചിരുന്നത്. പക്ഷേ, ആ പേരിനെ പ്രസാധകൻ തിരസ്‌ക്കരിക്കും എന്ന ഭയം റിംബോയുടെ ഏറ്റവും പ്രശ്‌സതമായ ഒരു വാക്യം തന്നെ, ‘ജീവിതം മറ്റെവിടെയോ ആണ്’ ശീർഷകമാക്കി സ്വീകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 1968ൽ പാരീസിലെ വിദ്യാർത്ഥികൾ സോർബോ സർവ്വകലാശാലയുടെ മതിലിന്മേൽ എഴുതിവച്ചതും ഈ വാക്യം തന്നെയായിരുന്നു.
കുന്ദേരയുടെ മിക്കവാറും എല്ലാ നോവലുകളിലുമെന്നതുപോലെ ‘ലൈഫ് ഈസ് എൽസ്‌വേറി’ലും ഏഴ് ഖണ്ഡങ്ങളാണുള്ളത്. കവിയുടെ പടിപടിയായുള്ള ജീവിതം രേഖീയമായ രീതിയിൽ അവതരിപ്പിക്കപ്പെടുന്നു. യെരോമിലിന്റെ ജനനത്തിൽ അയാളുടെ അച്ഛന് താല്പര്യമുണ്ടായിരുന്നില്ല. അമ്മയും അച്ഛനും തമ്മിലുള്ള ബന്ധം ഉലഞ്ഞിരുന്നു. പിന്നീട് അമ്മയാണ് അവനെ വളർത്തുന്നത്. അവന്റെ ജീവിതത്തിന്റെ സകലഘട്ടങ്ങളിലും വലിയൊരു സ്വാധീനമായി, നിയന്ത്രണമായി അമ്മയുടെ സ്‌നേഹപരിപാലനം ഉണ്ടായിരുന്നു. വാസ്തവത്തിൽ ഒരു കവി എന്ന നിലയിൽ യെരോമിലിനെ രൂപപ്പെടുത്തുന്നതും എന്നാൽ അതിനുമപ്പുറം അയാളുടെ വളർച്ചയ്ക്ക് തടയിടുന്നതും ഈ പരിപാലനമായിരുന്നു. വളരെ ചെറുപ്പത്തിൽ പ്രാസമൊപ്പിച്ച് ചില വരികൾ ചമയ്ക്കാൻ കഴിയുമായിരുന്ന ഒരു സാധാരണകുട്ടിയെ അമ്മ കവിയാക്കി വളർത്തിയെടുക്കുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. കവിതയുടെ ആജന്മശത്രുവും അരസികനുമായിരുന്നു മുത്തച്ഛനിൽ നിന്നും പ്രാസനിർമ്മിതിയിലെ ആദ്യപാഠങ്ങൾ കുട്ടി പഠിക്കുന്നു. അവൻ കവിത പോലെ ഈരടികൾ പ്രയോഗിക്കുന്നു. മറ്റുള്ളവരുടെ മുന്നിൽ സ്വന്തം മകന്റെ പ്രതിഭയെക്കുറിച്ച് ഊറ്റം കൊള്ളുകയാണ് അഭിമാനിയായ അമ്മ. പിൽക്കാലത്ത് അമ്മയ്ക്കും മകന്റെ സ്വാധീനത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. പരസ്പരബന്ധിതമായ ഈ ജീവിതം തന്നെയാണ് നോവലിന്റെ പ്രമേയം.
മകന് മുലപ്പാൽ കൊടുക്കുന്നതിന് മുമ്പ് അതു രുചിച്ചു നോക്കുമായിരുന്നു അമ്മ. സ്വന്തം ശരീരത്തിന്റെ സ്വാദാണ് അവർ പരിശോധിച്ചിരുന്നത്. തന്റെ അസ്തിത്വത്തെ മകനിലേക്ക് വിക്ഷേപിക്കാനുള്ള ശ്രമം അവിടെ തുടങ്ങുന്നു. അമ്മയുടെ നിരന്തര സ്‌നേഹനിരീക്ഷണങ്ങളിൽ കഴിയുന്ന കുട്ടികൾ മറ്റുകുട്ടികളുമായി സൗഹൃദം സ്ഥാപിക്കാൻ മടിക്കും. ഇതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. അയാൾക്ക് സ്‌കൂളിൽ നല്ല കൂട്ടുകാരില്ല. മറ്റുള്ളവർക്കു മുന്നിൽ ആളാവാൻ ശ്രമിക്കുന്ന ഒരു കുട്ടിപ്രതിഭയായി അവർ അയാളെ പരിഗണിക്കുന്നു. ജീവിതാന്ത്യം വരേക്കും സൗഹൃദങ്ങളുടെ അഭാവം അയാളുടെ വൈകാരിക ജീവിതത്തെ ഉലയ്ക്കുന്നത് കാണാം. അമ്മയുടെ സ്‌നേഹത്തിന്റെ തുടലിൽ നിന്നും വിട്ടുപോരാനാവാതെ പിടയുന്ന യെരോമിലിനെ ചിത്രീകരിക്കുന്നതിലൂടെ കുന്ദേര സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നു. മാതാപിതാക്കളുടെ അഭാവമായിരിക്കണം സ്വാതന്ത്ര്യത്തിനുള്ള ആദ്യപടിയെന്നാണ് നോവലിസ്റ്റ് പറയുന്നത്. ഭൗതികമായ ഉണ്മയെക്കുറിച്ചല്ല ഇവിടെ സൂചന. ഒരാളെ സംബന്ധിച്ച് മാതാപിതാക്കളുടെ ജനനം ആണ് അയാളുടെ സ്വാതന്ത്ര്യത്തിന്റെ മരണം.
സ്വന്തം ഉറവിടത്തെപ്പറ്റി അറിയാത്തവൻ, വനത്തിലേക്ക് വീഴുന്ന ഒരു മുട്ടയിൽ നിന്നും ഉരുവം കൊള്ളുന്നവൻ, ആകാശത്തുനിന്നും ഭൂമിയിലേക്ക് കൃതജ്ഞതയുടെ പേറ്റുനോവില്ലാതെ വന്നുവീഴുന്നവൻ
അയാളാണ് യഥാർത്ഥത്തിൽ സ്വതന്ത്രൻ എന്നാണ് നോവലിസ്റ്റ് എഴുതുന്നത്.
അമ്മയിൽ നിന്നും വിട്ടുപോകണമെന്ന് യെരോമിലിന് തീർച്ചയായും ആഗ്രഹമുണ്ട്. എന്നാൽ അതിന് സാധിക്കുന്നില്ലെന്ന് മാത്രം. അപക്വരായ മനുഷ്യർ അമ്മയുടെ ഗർഭപാത്രത്തിന്റെ സാന്ത്വനത്തിനായി എക്കാലവും കൊതിക്കുന്നു എന്നും പറയാം. അമ്മയിൽ നിന്നും കുതറിമാറാൻ ശ്രമിക്കുമ്പോഴെല്ലാം താൻ തെറ്റുകാരനാണ് എന്നൊരു ബോധം അയാളെ പിന്തുടരുന്നു. “യെരോമിൽ, കഴുത്തിൽ ഒരു നീണ്ട തുടലുമായി ഒരു പട്ടിയെപ്പോലെ നീ ലോകത്തിലേക്ക് സഞ്ചരിക്കുന്നു. എത്ര ദൂരത്താണെങ്കിലും കഴുത്തിൽ ആ തുടലിന്റെ സ്പർശം നിനക്കനുഭവപ്പെടുന്നുണ്ട്. എവിടെയായാലും, കാമുകിമാരോടൊപ്പം കിടപ്പുമുറിയിലാണെങ്കിൽപ്പോലും അമ്മയുടെ കൈകളിലുള്ള ആ ചങ്ങലയുടെ അറ്റം നിന്നെ നിയന്ത്രിക്കുന്നു” എന്നാണ് കുന്ദേര പറയുന്നത്. അതിനെ ഉദാഹരിക്കുന്നത് പോലെ ഒരവസരത്തിൽ കാമുകിയോടൊത്തുള്ള ഒരു സംഭോഗവേളയിൽ മുറിയിലേക്ക് അതിക്രമിച്ചു കടക്കുന്ന അമ്മയുടെ ചിത്രീകരണമുണ്ട് നോവലിൽ.
തന്റെ സ്വാതന്ത്ര്യത്തെ എടുത്തുകാണിക്കുന്നതിന് സാങ്കല്പികമായ ഒരു കഥാപാത്രത്തെ ഭാവന ചെയ്യാൻ യെരോമിൽ ശ്രമിക്കുന്നുണ്ട്. സേവിയർ എന്ന പേരുള്ള ആ കഥാപാത്രം ബന്ധനങ്ങളിൽ നിന്നെല്ലാം വിമോചിതനാണ്. ഇഷ്ടമുള്ള പെൺകുട്ടിയെ സമ്പാദിക്കാൻ അയാൾക്ക് എളുപ്പമാണ്. കഴുത്തിൽ തുടലില്ലാത്ത വ്യക്തിയായി സേവിയർ എന്ന കഥാപാത്രം ഇടയ്ക്കിടെ കടന്നുവരുന്നു. യെരോമിലിന്റെ അഭിലാഷം അയാളിലൂടെ പൂർത്തിയാവുകയാണെന്ന് തോന്നും. പക്ഷെ, യഥാർത്ഥ ജീവിതത്തിൽ അയാൾ അങ്ങനെയല്ല. അയാൾ വളരുന്നുണ്ട്. പക്ഷെ, ആ വളർച്ചയിലൂടെ അയാൾ സ്വന്തം സ്വാതന്ത്ര്യത്തെ ബലി കഴിക്കുകയാണ്.
മുമ്പ് സൂചിപ്പിച്ചതുപോലെ, വളർച്ചയുടെ ഓരോ ഘട്ടത്തിലും ഒരു നിഴൽ പോലെ അമ്മ മകനെ പിന്തുടരുന്നു. അവൻ കവിത കാണിക്കാൻ പോകുന്ന ചിത്രകാരൻ അവളെ ലൈംഗികമായി ഉപയോഗിക്കുന്നു. ഈ ബന്ധം കൊണ്ടാണ് ചിത്രകാരൻ പ്രതിഭാശാലിയായ മകന്റെ കവിതയും ചിത്രങ്ങളുമൊക്ക കാണുന്നത്. യെരോമിൽ വരയ്ക്കുന്ന ചിത്രങ്ങളിൽ പട്ടികളുടെ തലയുള്ള മനുഷ്യരാണ് ആദ്യം വരുന്നത്. പിൽക്കാലത്ത് അവൻ വരയ്ക്കുന്ന സ്ത്രീകൾക്ക് ശിരസ്സില്ല. ഇങ്ങനെ തലയില്ലാത്ത മനുഷ്യരൂപങ്ങൾ വരയ്ക്കുന്നത് വഴി യെരോമിലിന്റെ ജീവിതവീക്ഷണം രൂപപ്പെടുന്നതായി നമുക്കു കാണാം. അയാൾക്ക് പ്രശസ്തനാവണം എന്നുണ്ട്. അയാളുടെ രചനകൾ ആളുകൾ വായിക്കണം. അതല്ലെങ്കിൽ മറച്ചുവയ്ക്കപ്പെട്ട ഒരു ഡയറിക്കുറിപ്പ് മാത്രമായി അത് മാറുമെന്ന് അയാൾക്ക് ബോധ്യമാണ്. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ യെരോമിൽ ചെയ്തുകൊണ്ടേയിരുന്നു.
എന്നാൽ യൂറോപ്പിന്റെ മഹദ്പാരമ്പര്യമായിരുന്നില്ല അയാളുടെ സിരകളിൽ. അയാൾ ഒരു ഭാവഗായകനായിരുന്നു. ഭാവഗാനങ്ങളുടെ കവി തന്റെ ആണത്തത്തെ നിർവ്വചിക്കുന്നതിനായി ജീവിതം മുഴുവൻ ചെലവഴിക്കുന്നുവെന്നാണ് നോവലിലെ നിരീക്ഷണം. ഏതൊരു പ്രസ്താവനയും അടുത്ത നിമിഷത്തിൽ സത്യമായി മാറുന്ന വിചിത്രലോകമാണ് ലിറിക്കൽ കവിയുടേത്. ജീവിതം കണ്ണീരിന്റെ താഴ്‌വരയാണെന്ന് അയാൾക്ക് എഴുതാം. അതു സത്യമാകുന്ന അടുത്ത നിമിഷത്തിൽ ജീവിതം പുഞ്ചിരിയുടെ മൈതാനമാണെന്നും സത്യം തന്നെയായി അയാൾക്ക് എഴുതി വയ്ക്കാൻ സാധിക്കും. ഇതു രണ്ടിലും വൈരുദ്ധ്യമില്ല. കാരണം ഭാവഗാനങ്ങളിൽ തെളിവുകൾ ആവശ്യമില്ല. അതിനുള്ളിൽത്തന്നെയുള്ള വികാരലോകം ഭാവഗാനങ്ങളിലെ പ്രസ്താവനകളെ സാധൂകരിക്കുന്നു.
1948ലെ ഇറക്കുമതി വിപ്ലവം ഒരർത്ഥത്തിൽ യെരോമിലിനെ അക്കാലത്തെ കാവ്യവേദികളിൽ പ്രമുഖനാക്കുന്നു. അക്കാലം വരെ ആധുനിക കവികളും കലാകാരന്മാരും വിപ്ലവത്തെ അനുകൂലിച്ചു. എന്നാൽ നിർബ്ബന്ധിത വിപ്ലവം സ്ഥാപിക്കപ്പെട്ടപ്പോഴാകട്ടെ, അവരെയെല്ലാം തള്ളിപ്പറയുന്നതിൽ കമ്മ്യൂണിസം ഉത്സാഹം കാണിച്ചു. അമൂർത്തമായ കലയും കവിതയും ബൂർഷ്വാ ഉൽപ്പമാണെന്നും അതുകൊണ്ടുതന്നെ ജനവിരുദ്ധമാണെും പ്രഖ്യാപിക്കപ്പെടുകയായി. യെരോമിലും ഈ വാദത്തിന്റെ വക്താവും സ്‌തോതാതാവുമായിരുന്നു. കലാകാരന്മാരും കവികളും സമൂഹത്തിൽ നിന്ന് നിഷ്‌ക്കാസിതരാകുന്നതിനും തടവിലാക്കപ്പെടുതിനുമൊക്കെ യെരോമിലിന് നീതീകരണമുണ്ടായിരുന്നു. അയാളുടെ കവിതയുടെ ആദ്യകാലസ്‌തോതാതാവായിരുന്ന ചിത്രകാരൻ മറ്റു വഴികളില്ലാതെ വാർക്കപ്പണിക്കാരനായി പോകുന്നതിനെ അനുകൂലിച്ച് യെരോമിൽ സംസാരിക്കുന്നുണ്ട്.
ഭരണകൂടത്തിന്റെ വക്താവായി, സ്വന്തം കാമുകിയുടെ സഹോദരനെ ഒറ്റുകൊടുക്കുന്നതാണ് യെരോമിലിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന സന്ദർഭം. ബലഹീനമായ ജീവിതത്തിൽ അയാൾ സ്വയം കണ്ടെത്തുന്ന ഒരു പിടിവള്ളിയായിരുന്നു അവൾ. ഒട്ടും സുന്ദരിയല്ലാത്ത, ഒരു കടയിലെ സാധാരണ ജീവനിക്കാരിയായിരുന്ന ചെമ്പൻമുടിക്കാരി പെൺകുട്ടിയെ അയാൾ സ്വന്തം ശാസനകൾക്കും അധികാരങ്ങൾക്കും വിധേയയാക്കുന്നുണ്ട്. എന്നാലും തൊട്ട നിമിഷത്തിൽ, കോഴി കൂവും മുമ്പേ ക്രിസ്തുവിനെ പത്രോസ് തള്ളിപ്പറയുന്നതു മാതിരി അതുതന്നെയാണ് കുന്ദേരയുടെ പ്രയോഗം /യെരോമിൽ അവളെ ഒഴിവാക്കിയെന്നിരിക്കും. അവളുടെ സഹോദരൻ നാടുവിടാൻ ഭാവിക്കുന്നു എന്ന് കാണിച്ച് യെരോമിൽ പൊലീസ് സ്‌റ്റേഷനിൽ രഹസ്യമായി പരാതിയെഴുതിക്കൊടുക്കുകയാണ്. താൻ ചെയ്യുന്നത് സോഷ്യലിസത്തിന്റെ മുന്നേറ്റത്തിന് വേണ്ടിയാണെന്ന വിശ്വാസം അയാളെ മുന്നോട്ടുനയിക്കുന്നു. പൊലീസ് അവളെ അറസ്റ്റുചെയ്യുന്നതിലേക്ക് ഈ സംഭവവികാസങ്ങൾ പരിണമിക്കുകയാണ്.
ഈ കഥാസന്ദർഭം പിൽക്കാലത്ത് മിലൻ കുന്ദേരയേയും വേട്ടയാടുന്നുണ്ടെന്ന് കാണാം. 2008 ൽ ഒരു വലിയ വിവാദം സൃഷ്ടിച്ച ആരോപണം പുറത്തുവന്നിരുന്നു. കമ്മ്യൂണിസ്റ്റ് ചെക്കോസ്ലോവോക്യയിലെ പോലീസ് രേഖകളിൽ നാടുവിടാൻ പോകുന്ന ഒരു പൈലറ്റിനെക്കുറിച്ച് വിവരം നൽകുന്ന ഒരു യുവാവിന്റെ പേരുണ്ട്: മിലൻ കുന്ദേര. ഇതായിരുന്നു വെളിപാടിന്റെ ഉള്ളടക്കം. ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ സ്വാഭാവികമായും ഈ ആരോപണത്തെ ആഘോഷിച്ചു. അങ്ങനെയൊരു പൈലറ്റിനെ താൻ അറിയുക പോലുമില്ലെന്ന പ്രസ്താവനയുമായി കുന്ദേര വരുകയുണ്ടായി. അനുകൂലമായോ പ്രതികൂലമായോ ഉള്ള തെളിവുകൾ അസാധ്യമാകും വിധം കാലം മാറിയിരുന്നു. ആ ദുരന്ത നാടകത്തിലെ കഥാപാത്രങ്ങളെല്ലാം മരിച്ചുപോയി. കുന്ദേരയ്‌ക്കെതിരെ വ്യാജമായൊരു ആരോപണം ഉന്നയിക്കുകയാണെന്ന് കാണിച്ചുകൊണ്ട് ലോകത്തിലെ വലിയ എഴുത്തുകാർ മുന്നോട്ടുവന്നു. മാർക്കേസും ഗോദിമറും നയ്‌പോളും റുഷ്ദിയും പാമുക്കുമൊക്കെ അവരിലുണ്ടായിരുന്നു.
1948ൽ ക്ലെമന്റ് ഗോട്ടവാൾഡ് സോവിയറ്റ് സഹായത്തോടെ ചെക്കോസ്ലാവാക്യയുടെ ഭരണാധികാരിയായി തീരുന്ന സന്ദർഭത്തിൽ യെരോമിൽ പൊടുന്നനെ സോഷ്യൽ റിയലിസത്തിന്റെ പടച്ചട്ടയണിഞ്ഞുകൊണ്ട് നിലവിലുള്ള കലയേയും സാഹിത്യത്തേയും പരിഹസിക്കുന്നത് ഈ നോവലിലുണ്ട്. അതേവരെ അയാൾ ഒരു കമ്മ്യൂണിസ്റ്റായിരുന്നു എന്ന് നാം എവിടേയും കാണുന്നില്ല. സ്വന്തം കലയെക്കുറിച്ചുള്ള ആത്മവിശ്വാസക്കുറവാണ് അയാളെ അത്തരമൊരു ചുവടുമാറ്റത്തിലേക്ക് നയിക്കുന്നത് എന്നു വിചാരിക്കണം. നിങ്ങളെപ്പോലുള്ള മുതലാളിത്ത കൃമികീടങ്ങളെ തൊഴിലാളിവർഗം ചരിത്രത്തിന്റെ ചവറ്റുകൂനയിലേക്ക് വലിച്ചെറിയും എന്ന് അയാൾ തന്നെ എതിർക്കുന്നവരോട് ആക്രോശിക്കുന്നു. സത്യത്തിൽ ഇത് പത്രങ്ങളിലൂടെയും പ്രചാരണ മാധ്യമങ്ങളിലൂടെയും നിരന്തരം ആവർത്തിക്കപ്പെടുന്ന ഒരു മുദ്രാവാക്യം മാത്രമായിരുന്നു. അത് നല്ലൊരു വാക്യം പോലുമല്ലെന്ന് യെരോമിലിന് അറിവുണ്ട്. പക്ഷെ തന്റെ വാദം ഉറപ്പിക്കാൻ അത്തരമൊരു വാക്യത്തെ കൂട്ടുപിടിക്കുകയായിരുന്നു അയാൾ. അത് പിന്നീട് അയാളെ തന്റെ ബലഹീനതകളിൽ നിന്നും രക്ഷിക്കുന്നു, ഇനിയും എത്തിച്ചേരാത്ത ആണത്തത്തിന്റെ സിംഹാസനത്തെ സ്വപ്‌നം കാണാൻ അനുവദിക്കുന്നു. എന്നാലും യെരോമിലിനെപ്പോലുള്ള കവികൾ പിൽക്കാലത്ത് ചരിത്രത്തിന്റെ മാലിന്യമായി മാറുക തന്നെ ചെയ്തു. സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ കൂടെ നില്ക്കുന്നവരിൽ നിന്നും അടിമത്തം മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. സ്വതന്ത്രമായ കലാപ്രവർത്തനം ഭരണകൂടത്തിന്റെ കണ്ണിൽ മതനിന്ദയേക്കാൾ കുറ്റകരമായി മാറി.
‘ചിരിയുടേയും മറവിയുടേയും പുസ്തകം’ എന്ന നോവലിന്റെ തുടക്കത്തിൽ കുന്ദേര ചരിത്രത്തിന്റെ ഗതിവിഗതികളെക്കുറിച്ച് ഉദാഹരിക്കാവുന്ന അന്യാപദേശകഥ പോലുള്ള ഒരു സന്ദർഭം വിവരിക്കുന്നു. 1948 ലെ അതേ ചരിത്രമുഹൂർത്തം. കമ്മ്യൂണിസ്റ്റ് നേതാവായ ക്ലമന്റ് ഗോട്ട്വാൾഡ് പ്രാഗാ കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ നിന്നുകൊണ്ട് ചത്വരത്തിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് മനുഷ്യരെ അഭിസംബോധന ചെയ്യുകയായിരുന്നു. ചെക്കോസ്ലാവാക്യൻ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ സന്ദർഭം. ഗോട്ട്വാൾഡിന് ചുറ്റും കുറച്ചു സഖാക്കൾ. നല്ല തണുപ്പുള്ള പ്രഭാതമായിരുന്നു. മഞ്ഞുപൊഴിയുന്നുണ്ട്. സഖാവ് ക്ലെമന്റിസ് തന്റെ രോമത്തൊപ്പി അഴിച്ച് ഗോട്ട്വാൾഡിന്റെ തലയിൽ വച്ചു. ക്യാമറകൾ മിന്നി. ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്ന നേതാവ്, അയാൾക്ക് ചുറ്റും കുറച്ചു സഖാക്കൾ, തലയിൽ രോമത്തൊപ്പി. ഈ ചിത്രം രാജ്യവ്യാപകമായി പ്രചരിക്കപ്പെട്ടു. സ്‌കൂൾക്കുട്ടികൾക്ക് പോലും ആ ചിത്രം അറിയാമായിരുന്നു. നാലുവർഷത്തിന് ശേഷം സഖാവ് ക്ലെമന്റിസ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു. പാർട്ടിയുടെ പ്രചാരണവിഭാഗം ഉടനെത്തന്നെ ഈ ചിത്രത്തെ പരിഷ്‌ക്കരിക്കുകയായി. പിന്നീട് പ്രചരിക്കുന്ന പഴയ ചരിത്രസന്ദർഭത്തെ അടയാളപ്പെടുത്തുന്ന ചിത്രത്തിൽ സഖാവ് ക്ലെമന്റിസ് ഇല്ല. അയാൾ ചരിത്രത്തിൽ നിന്നും മാഞ്ഞുപോയിരിക്കുന്നു.
അയാൾ അവിടെ ഉണ്ടായിരുന്നു എന്നതിന് തെളിവായി ഒരു രോമത്തൊപ്പി, ക്ലമന്റ് ഗോഡ്വാൾഡ് അണിഞ്ഞിരുന്ന ആ രോമത്തൊപ്പി മാത്രം അവശേഷിച്ചു. സഖാവ് ക്ലെമന്റിസിന്റെ ഓർമ്മകൾ ബാക്കിയാവുന്നത് ആ രോമത്തൊപ്പിയിൽ മാത്രമായിരുന്നു.
ഈ വാക്കുകൾ എഴുതിയ ശേഷം, അധികാരത്തിന് നേർക്കുള്ള എല്ലാ സമരങ്ങളും മറവിക്കുനേരെ ഓർമ്മ നടത്തുന്ന സമരങ്ങളാണെന്ന് കുന്ദേര എടുത്തെഴുതുന്നുണ്ട്. ജന്മനാടിനെ ഉപേക്ഷിച്ചുകൊണ്ട് ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ എഴുത്തുകാർ അനുഷ്ഠിച്ച പ്രവാസങ്ങളിൽ കുന്ദേരയുടെ എഴുത്തുജീവിതം വളരെ പ്രധാനപ്പെട്ടതാണ്. മറവിക്കെതിരെയുള്ള വലിയ കലാപമായി എഴുത്ത് മാറിത്തീരുന്നത് അദ്ദേഹത്തിന്റെ ഓരോ നോവലിലും നാം കണ്ടെത്തുന്നു.
മഷിയില്‍ വരച്ച പൈന്‍ മരത്തിന്റെ ചിത്രം (ബുക്കര്‍ മീഡിയ) എന്ന പുസ്തകത്തില്‍ നിന്ന്