കലാപങ്ങളാല്‍ പൂരിപ്പിച്ച റിപ്പബ്ലിക്കിന്റെ ചരിത്രം

“Every man who has in his soul a secret feeling of revolt against any act of the State, of life, or of destiny, is on the verge of riot; and so soon as it appears, he begins to quiver, and to feel himself borne away by the whirlwind.” – Victor Hugo

വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വ ങ്ങളിലൊന്നാണ്. വിയോജിക്കാനുള്ള അവകാശത്തെ രാജ്യത്തെ ജനങ്ങള്‍ പലനിലയില്‍ പ്രയോജനപ്പെടുത്തുന്നു. ഈ അവകാശം പ്രതിഷേധങ്ങളുടെയും സമരപരിപാടികളുടെയും രൂപത്തില്‍ ജനങ്ങള്‍ ആവിഷ്കരിക്കും. ഭരണകൂടം കൈകൊണ്ട തീരുമാനങ്ങളിലുള്ള അതൃപ്തി പ്രകടിപ്പിക്കാന്‍ ജനങ്ങള്‍ വിവിധ വഴികള്‍ സ്വീകരിക്കാറുണ്ട്. ചില പ്രതിഷേധങ്ങള്‍ അക്രമത്തിന്റെ ഭാഷ സ്വീകരിക്കും. പ്രതിഷേധം കലാപത്തിന്റെ രൂപം പ്രാപിക്കാന്‍ അധിക സമയം വേണ്ട. കലാപത്തിന് പല കാരണങ്ങള്‍ ഉണ്ട്. പട്ടിണി, തൊഴിലില്ലായ്മ, ദേശീയതയെ സംബന്ധിച്ച തര്‍ക്കങ്ങള്‍, ഭരണകൂടാധിനിവേശം, വംശീയപ്രശ്നങ്ങള്‍, ഭരണകൂടത്തോടുള്ള എതിര്‍പ്പ് തുടങ്ങി നിരവധി കാരണങ്ങള്‍ കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. ചില കലാപങ്ങള്‍ ലക്ഷ്യമാക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ സംസ്ഥാപനമാണ്. അതില്‍ നിന്ന് വേറിട്ട ലക്ഷ്യങ്ങളുള്ള ഭരണകൂട നിര്‍മ്മിത കലാപങ്ങളും ഇന്ത്യയില്‍ സംഭവിക്കുന്നുണ്ട്.

എന്‍.കെ ഭൂപേഷ് രചിച്ച ‘ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങള്‍’ എന്ന പുസ്തകം രാജ്യത്തെ പിടിച്ചുകുലുക്കിയ കലാപങ്ങളെ വിശദീകരിക്കുന്നു. കലാപങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍, കലാപത്തിന് പശ്ചാത്തലമായ പ്രദേശത്തിന്റെ ചരിത്രവും വര്‍ത്തമാനവും, രാഷ്ട്രീയമാറ്റവും, ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയോടുള്ള കലാപത്തിന്റെ പ്രതികരണവും വിശദമാക്കുന്നു. ഒരു റിപ്പബ്ലിക്കിനെ രൂപപ്പെടുത്തുന്നത് വ്യത്യസ്തതകളുടെ ഐക്യമാണ്. ഈ വ്യത്യസ്തതകളെ നിഷേധിക്കുന്ന മനോഭാവം ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുമ്പോള്‍ രാജ്യത്ത് അസ്വസ്ഥതകള്‍ പെരുകും. മാറ്റിനിര്‍ത്തപ്പെടുന്ന വിഭാഗം അനുഭവിക്കുന്ന ഒറ്റപ്പെടല്‍ സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തും. കലാപങ്ങള്‍ക്കെല്ലാം പിറകില്‍ ഭരണകൂടത്തിന്റെ ഒരു സവിശേഷ ഇടപെടലോ, മനോഭാവമോ പ്രകടമാണ്. മാധ്യമങ്ങളിലൂടെ നാം അറിഞ്ഞതിനും അപ്പുറം ഓരോ കലാപവും അവശേഷിപ്പിക്കുന്ന ചിലതുണ്ട്. ഒരോ സംഭവത്തെയും സവിശേഷമായി പരിശോധിക്കുമ്പോഴാണ് പുകമറയത്ത് നിന്ന ചില വസ്തുതകള്‍ വെളിച്ചം കാണുന്നത്. ഈ പുസ്തകം അത്തരമൊരു ശ്രമമാണ്. പതിനാല് അധ്യായങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കലാപങ്ങള്‍ ഈ പുസ്തകം പഠനവിധേയമാക്കുന്നു. പുസ്തകത്തിന്റെ രീതിശാസ്ത്രം ആമുഖത്തില്‍ ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നുണ്ട്. ”രാഷ്ട്രീയപ്രശ്നങ്ങൾ എന്ന നിലയിലാണ് ഇതിൽ ഉൾപ്പെടുത്തിയ സംഭവങ്ങളെ സമീപിച്ചിട്ടുള്ളത്. അവയുടെ കാരണവും പരിണാമത്തെയും കുറിച്ച് വിവരിച്ചുപോകുകയാണ് ചെയ്തിട്ടുള്ളത്. ലഭ്യമായ ചരിത്രപുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും അടിസ്ഥാനത്തിൽ മാറി നിന്ന് സംഭവങ്ങളെ വിവരിച്ചു പോകുകയാണ് ചെയ്തിട്ടുള്ളത്.”

അതുകൊണ്ടുതന്നെ ഭരണകൂടം തന്നെ നിര്‍മ്മിച്ച വര്‍ഗ്ഗീയ കലാപങ്ങള്‍ ഈ പുസ്തകത്തിന്റെ പരിധിയില്‍ വരുന്നില്ല. നിരവധി വര്‍ഗ്ഗീയ സംഘടനകള്‍ ഇന്ത്യയിലൊട്ടാകെ നടത്തിയ കലാപങ്ങളെയും പുസ്തകം പ്രതിപാദിക്കുന്നില്ല. ഇന്ത്യ ഭരിക്കുന്ന സംഘപരിവാര്‍ നിരവധി കലാപങ്ങളിലൂടെ-ഗോധ്രയും അയോദ്ധ്യയും ഡല്‍ഹിയും ഭീമാ കൊറെഗാവും ഉള്‍പ്പെട്ട നിരവധി- രാജ്യമെങ്ങും സൃഷ്ടിച്ച അരക്ഷിതാവസ്ഥയും അടിയന്തിരാവസ്ഥയ്ക്കും ഇന്ദിരവധത്തിനു ശേഷം ഇന്ത്യയാകെ പടര്‍ന്ന കലാപങ്ങളും സവിശേഷമായി ഈ പുസ്തകം പരിശോധിക്കുന്നില്ല. അതിനുള്ള കാരണവും ഗ്രന്ഥകാരന്‍ ആമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കാശ്മീര്‍, അസം, മണിപ്പൂര്‍, മിസോറാം, പഞ്ചാബ്, നാഗാലാന്‍ഡ്, ത്രിപുര, തെലങ്കാന, തമിഴ്നാട് തുടങ്ങിയ പ്രദേശങ്ങളില്‍ നടന്ന കലാപങ്ങളാണ് ഈ പുസ്തകത്തിന്റെ പരിധിയില്‍ വരുന്നത്. കൂട്ടിച്ചേര്‍ക്കലുകളും തുടര്‍ച്ചകളും ഉണ്ടാവേണ്ട പുസ്തകം കൂടി യാണിത്. കാരണം ഇന്ത്യയെന്ന മഹത്തായ ജനാധിപത്യ രാഷ്ട്രം അഭിസംബോധന ചെയ്യേണ്ട പ്രശ്നങ്ങളാണ് ഓരോ കലാപവും ഉയര്‍ത്തുന്നത്. ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശം നഷ്ടമാകുകയും മൗലികാവകാശങ്ങളെല്ലാം ലംഘിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒരു ജനസമൂഹം കലാപത്തെ പ്രതിഷേധ മാര്‍ഗ്ഗമാക്കാം. അതിനെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യുകയും കലാപത്തില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിച്ച് നീതി ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വത്തിന്റെ കാര്യക്ഷമമായ നടത്തിപ്പാണ് റിപബ്ലിക്കിന്റെ സുസ്ഥിരതയെ നിര്‍ണ്ണയിക്കുന്നത്.

1
കശ്മീര്‍ എന്ന പ്രദേശത്തെ ചരിത്രപരമായി മനസ്സിലാക്കിയാല്‍ മാത്രമെ ഇന്ന് കശ്മീര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്‍.കെ ഭൂപേഷ് ‘കശ്മീര്‍’ എന്ന ‘കലാപ ‘ പ്രദേശത്തെ ചരിത്രപരമായാണ് അഭിസംബോധന ചെയ്യുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാശ്മീരിന്റെ ചരിത്രത്തെയും സ്വാതന്ത്ര്യാനന്തര സംഭവിച്ച രാഷ്ട്രീയമാറ്റം കശ്മീരിനെ കണ്ണീരുണങ്ങാത്ത ഭൂമിയായി എങ്ങനെ മാറ്റിയെന്നും ‘കാശ്മീര്‍’ , ‘ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം ‘പുതിയ’കാശ്മീരില്‍’ എന്നീ അധ്യായങ്ങളിലായി അന്വേഷിക്കുന്നു. കശ്മീര്‍ ഒരു നിത്യസംഘര്‍ഷഭൂമിയായി തുടരുന്നതിന്റെ ചരിത്രപരവും രാഷ്ട്രീയവുമായ കാരണങ്ങളെയാണ് ഗ്രന്ഥകാരന്‍ രണ്ട് അധ്യായങ്ങളില്‍ വിവരിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവിയും അവകാശങ്ങളും എടുത്തുകളഞ്ഞ ഇന്ത്യന്‍ സാഹചര്യത്തില്‍ കശ്മീരിനെ സവിശേഷമായി പഠിക്കുന്നതില്‍ വലിയ പ്രാധാന്യമുണ്ട്.

കശ്മീർ. കടപ്പാട്: AP Photo

കശ്മീരിന്റെ കലാപചരിത്രത്തെ അന്വേഷിക്കുമ്പോള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ പ്രധാന സംഭവങ്ങിലൊന്നായ വിഭജനവും നാട്ടുരാജ്യങ്ങളുടെ ഇന്ത്യന്‍ യൂണിയനിലേക്കുള്ള ലയനവും വിവരിച്ചാണ് അധ്യായം ആരംഭിക്കുന്നത്. ഹൈദരബാദ്, കശ്മീര്‍, ജുനഗഢ് എന്നീ മൂന്നു സ്ഥലങ്ങള്‍ എപ്രകാരമാണ് ഈ ലയനത്തോട് പ്രതികരിച്ചത് എന്ന കാര്യമാണ് ആദ്യം ചര്‍ച്ച ചെയ്യുന്നത്. ഹൈദരബാദും ജുനഗഢും സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഇന്ത്യയുടെ ഭാഗമായെങ്കിലും കാശ്മീരിലെ സ്ഥിതി മറ്റൊന്നായിരുന്നു. ”എന്നാൽ കശ്മീരിന്റെ സ്ഥിതി അതായിരുന്നില്ല. സങ്കീർണതകളിൽ നിന്ന് കൂടുതൽ സങ്കീർണതകളിലേക്കാണ് ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ശേഷം കശ്മീർ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിനകത്തുതന്നെ ഏറ്റവും കൂടുതൽ സൈനിക സാന്നിധ്യമുള്ള പ്രദേശമെന്ന വൈരുദ്ധ്യത്തിലേക്ക് കശ്മീരികളുടെ ജീവിതം മാറി. എങ്ങനയാണ് കശ്മീരിന് ഈ ദുരിതാവസ്ഥയിലൂടെ കടന്നുപോകേണ്ടിവരുന്നത്. ഇതിനുള്ള ഉത്തരം ഇന്ത്യാവിഭജന കാലത്തെ ഇന്ത്യയുടെ ദേശീയ നേതാക്കൾ എടുത്ത സമീപനത്തിലും പിന്നീടുണ്ടായ രാഷ്ട്രീയ നിലപാടുകളിലുമുണ്ട്. ലോകരാഷ്ട്രീയത്തിലെ ചലനങ്ങളും കശ്മീരി ജീവിതത്തെ സങ്കീർണ്ണമാക്കി.” (പേജ് 13) എന്ന് ഗ്രന്ഥകാരന്‍ എഴുതുന്നു. ഈ സങ്കീര്‍ണ്ണത നിറഞ്ഞ ദേശചരിത്രമാണ് അടുത്ത പേജുകളില്‍ വിവരിക്കുന്നത്.

കശ്മീരിന്റെ വിഭജനത്തിനു മുന്‍പുള്ള ചരിത്രം സിഖ് രാജവംശത്തിന്‍ കീഴിലുള്ള കശ്മീരിന്റെയും ബ്രിട്ടീഷ് സിഖ് യുദ്ധത്തിന്റെയും ചരിത്രമാണ്. ഈ യുദ്ധവിജയത്തിനുശേഷം രൂപപ്പെട്ട അമൃത്സര്‍ കരാറിന്റെ ഭാഗമായി ദോഗ്ര രാജഭരണം കശ്മീരില്‍ നിലവില്‍ വന്നു. അങ്ങനെ ബ്രിട്ടന്റെ കീഴിലെ സ്വയംഭരണ രാജ്യമായി കശ്മീര്‍ മാറി. ഹരിസിങ് രാജഭരണം ഏറ്റെടുത്തത് മുതല്‍ നിരവധി എതിര്‍പ്പുകള്‍ ഉണ്ടായി. മുസ്ലീങ്ങള്‍ക്കെതിരായി ഉണ്ടാകുന്ന ആക്രമണങ്ങളെ ഭരണകൂടം മൗനമായി അനുകൂലിച്ചു എന്ന വാദമുണ്ടായി. ഷേഖ് അബ്ദുള്ളയുടെ വരവോടെ പ്രതിഷേധങ്ങള്‍ക്ക് പുതിയ തലം കൈവന്നു. രാഷ്ട്രീയ യോഗങ്ങള്‍ വിലക്കിയ ഭരണകൂടത്തെ ഏതിര്‍ത്ത് റീഡിംഗ് ക്ലബ് രൂപീകരിക്കുകയും അതിലൂടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയും ചെയ്തു ഷേക്ക് അബ്ദുള്ള. ഷേക്ക് അബ്ദുള്ളയുടെ മതേതര നിലപാടുകളും കശ്മീരിന്റെ സമഗ്രമായ മാറ്റത്തിനും മോചനത്തിനുമായുള്ള പരിശ്രമവും ഒരു ബഹുജന മുന്നേറ്റമായി മാറി.

ഷേഖ് അബ്ദുള്ള മുസ്ലീം കോണ്‍ഫറന്‍സ് എന്ന സംഘടനയെ നാഷണല്‍ കോണ്‍ഫറന്‍സ് ആക്കിയപ്പോള്‍ മുഹമ്മദലി ജിന്ന അടക്കമുള്ള നേതാക്കള്‍ എതിര്‍ത്തു. നെഹ്റുമായുള്ള ഷേക്ക് അബ്ദുള്ളയുടെ ബന്ധവും ജിന്നയുടെ വിപ്രതിപത്തിക്ക് കാരണമായി. രാജഭരണകൂടത്തിന്റെ എതിര്‍പ്പും അബ്ദുള്ളയ്ക്ക് നേരിടേണ്ടി വന്നു.ഷേക്ക് അബ്ദുള്ള തന്റെ സ്വാധീനശക്തി പ്രബലമാക്കുകയും നവ കശ്മീര്‍ പത്രിക അവതരിപ്പിക്കുകയും ചെയ്തു. എന്നാല്‍ പുരോഗമനപരമായ പത്രികയിലെ ആശയങ്ങള്‍ യാഥാസ്ഥിതികരെ ചൊടിപ്പിച്ചു. വിഭജനകാലവും ക്വിറ്റ് കശ്മീര്‍ സമരവും അതിര്‍ത്തി ഗാന്ധിയുടെ ഇടപെടലും പിന്നീട് കശ്മീര്‍ ചരിത്രത്തിന്റെ ഗതി മാറ്റി. ക്വിറ്റ് കശ്മീര്‍ സമരത്തെ ഭരണകൂടം ശക്തമായി നേരിട്ടു. കശ്മീരിന്റെ സ്വാതന്ത്ര്യബോധത്തിന്റെ പ്രതീകമായി നെഹ്റു ഷേക്ക് അബ്ദുള്ളയെ വിശേഷിപ്പിച്ചു.

വിഭജനകാല സംഘര്‍ഷങ്ങളും നുഴഞ്ഞുകയറ്റക്കാരോടുള്ള സമീപനവും ഇടകലസര്‍ക്കാരിനായുള്ള നീക്കവും കശ്മീരിനെ സംഘര്‍ഷഭൂമികയാക്കി. നേതാക്കള്‍ പലരും കൈകൊണ്ട നിലപാടുകളിലെ വൈരുദ്ധ്യം അപരിഹാര്യ സമസ്യയായി കാശ്മീര്‍ തുടരാന്‍ കാരണമായി. പട്ടേലും നെഹ്റുവും തമ്മിലുള്ള അഭിപ്രായഭിന്നതകളും ഹിന്ദു വര്‍ഗ്ഗീയശക്തികള്‍ കാശ്മീരിനെ കലാപഭൂമികയാക്കിയതും ഭൂപേഷ് ഈ അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. നെഹ്റു ശ്യാമപ്രസാദ് മുഖര്‍ജിക്കെഴുതിയ കത്തും അവര്‍ തമ്മില്‍ നടന്ന സംവാദവും ആര്‍.എസ്.എസിനെതിരെ നെഹ്റു പുലര്‍ത്തിയ ജാഗ്രതയോടെയുള്ള സമീപനവും കശ്മീര്‍ ചരിത്രത്തില്‍ നിര്‍ണ്ണായകമായി. ഡല്‍ഹി കരാറും സിംല കരാറും ധവളപത്രവും പണ്ഡിറ്റുകളുടെ പലായനവും ഈ അധ്യായത്തില്‍ ചര്‍ച്ചയാവുന്നു.

ആർട്ടിക്കിൾ 370 എടുത്തുമാറ്റിയതിന് എതിരായ പ്രക്ഷോഭം. കടപ്പാട്: southasianvoices.org

കശ്മീരില്‍ 370 എടുത്തുമാറ്റിയതിന് ശേഷമുള്ള മോദി ഭരണകാലത്തെ കശ്മീരാണ് തുടര്‍ന്നുള്ള രണ്ട് അധ്യായങ്ങളില്‍ വിവരിക്കപ്പെടുന്നത്. ബി.ജെ.പിയുടെ അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്നാണ് ഇന്നും ദുഷ്കരമായി തുടരുന്ന അവിടുത്തെ മനുഷ്യജീവിതം തെളിയിക്കുന്നത്. ഭൂപേഷ് ഒരിടത്ത് എഴുതുന്നു. ”പതിനായിരക്കണക്കിന് ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ആയിരങ്ങളെ കാണാതായി. ജീവൻ നഷ്ടപ്പെട്ട സുരക്ഷാ സൈനികരുടെ എണ്ണം ഇതിന് പുറമെയാണ്. ഭീതി കൂടാതെ ജീവിക്കാൻ കശ്മീരി ജനതയ്ക്ക് എന്നാണ് കഴിയുക എന്നത് സംബന്ധിച്ച് ആർക്കും ഒരു ഉറപ്പും നൽകാനില്ല. നേരത്തെ പലപ്പോഴും പരീക്ഷിച്ച് പരാജയപ്പെട്ട പരിഹാരമാർഗങ്ങളെ അവലംബിച്ചും യാഥാർത്ഥ്യ ബോധമില്ലാത്ത അവകാശവാദങ്ങൾകൊണ്ടും കശ്മീരിന് സ്വസ്ഥത നൽകാൻ കഴിയുമെന്ന തോന്നൽ ഒഴിവാക്കി, വിശാല മാനവികതയുടെ അടിസ്ഥാനത്തിൽ ആ പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെയും രാഷ്ട്രീയത്തെയും കാണാൻ എല്ലാവർക്കും കഴിയുന്ന ഒരു കാലത്തു മാത്രമാണ് ഭൂമിയിലെ സ്വർഗം എന്നു വിളിക്കപ്പെട്ട ദേശത്ത് സമാധാനത്തിന് സ്ഥാനം ഉണ്ടാവുകയുള്ളൂ.”

2

പൗരത്വ രജിസ്റ്ററിന്റെ ഭാഗമായാണ് അസം വീണ്ടും സജീവശ്രദ്ധയില്‍ വരുന്നത്. കശ്മീരിനെന്ന പോലെ അസമിനും ഗ്രന്ഥകാരന്‍ സവിശേഷ ശ്രദ്ധ നല്‍കിയിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പൊതു രാഷ്ട്രീയസ്ഥിതി വ്യക്തമാക്കിയതിന് ശേഷമാണ് അസമിലേക്ക് പ്രത്യേക ശ്രദ്ധയൂന്നുന്നത്. ഭൂതകാലവും വര്‍ത്തമാനവും അസമിലെ സംഘര്‍ഷാവസ്ഥ പശ്ചാത്തലമാക്കി ഈ അധ്യായത്തില്‍ വിവരിക്കുന്നു. യാന്‍ഡാബൂ കരാറിന്റെ ബലത്തില്‍ 600 വര്‍ഷം അസം ഭരിച്ച അഹോം രാജവംശത്തെ ഭരണത്തില്‍ നിന്ന് മാറ്റിയാണ് ബ്രീട്ടന്‍ ഈ മേഖലയില്‍ പ്രവേശിക്കുന്നത്. ബംഗാള്‍ പ്രവിശ്യയുടെ ഭാഗമായിരുന്ന അസമിലേക്ക് പിന്നീട് വിവിധ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തൊരു പ്രദേശമാക്കി മാറ്റി ബ്രീട്ടീഷ് ഭരണം തുടങ്ങി. വിവിധ ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷം ഒരു രാഷ്ട്രീയ പ്രശ്നമായി മാറി. കിഴക്കന്‍ ബംഗാളില്‍ നിന്ന് തേയില തോട്ടങ്ങളിലേക്ക് ആളുകള്‍ എത്താന്‍ തുടങ്ങിയതോടെ കലാപകലുഷിതമായ കാലം ആരംഭിച്ചു. നേപ്പാളില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും അസമില്‍ തൊഴിലാളികള്‍ എത്തി. അവര്‍ മനുഷ്യത്വവിരുദ്ധമായ പീഡനങ്ങള്‍ക്ക് ഇരയായി. ഈ കാലത്താണ് കോണ്‍ഗ്രസ് അസമില്‍ സ്വാധീനം ഉറപ്പിക്കുന്നത്. അസം അസോസിയേഷന്‍ എന്ന സംഘടന കോണ്‍ഗ്രസിലെത്തുകയും മഹാത്മാഗാന്ധി അസം സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍ ഒട്ടും നല്ല സ്വീകരണമല്ല ബ്രീട്ടിഷുകാരില്‍ നിന്നും ഗാന്ധിക്ക് ലഭിച്ചത്. 1940 കളില്‍ അസം ഛത്ര സന്‍മിലാനിയും 1967 ല്‍ ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയനും രൂപീകരിക്കപ്പെട്ടത് അസമിന്റെ രാഷ്ട്രീയ ചരിത്രത്തെ തന്നെ മാറ്റിമറിച്ചു. കുടിയേറ്റക്കാരും തദ്ദേശീയരും തമ്മിലുള്ള സംഘര്‍ഷാവസ്ഥയും രൂക്ഷമായി. 1979 ല്‍ അസമില്‍ കുടിയേറ്റക്കാര്‍ക്ക് എതിരെ പ്രക്ഷോഭം ശക്തമാക്കുകയും ബന്ദ് നടക്കുകയും ചെയ്തു. തദ്ദേശീയരുടെ അക്രമണോത്സുകത തെളിഞ്ഞുകണ്ട സന്ദര്‍ഭമായിരുന്നു അത്. ഈ പ്രക്ഷോഭങ്ങള്‍ അസമിനെ തദ്ദേശീയര്‍, കുടിയേറ്റക്കാര്‍ എന്നിങ്ങനെ വിഭജിച്ചു.

പൗരത്വ നിയമത്തിനെതിരെ അസ്സമിൽ നടന്ന പ്രതിഷേധം. കടപ്പാട്: Reuters

പൗരത്വം, കുടിയേറ്റ പ്രശ്നം, വംശീയ പ്രശ്നങ്ങള്‍ എന്നിവ അസമിന്റെ ശാന്തിയെ ഇല്ലാതാക്കി എന്ന നിരീക്ഷണമാണ് ഭൂപേഷ് മുന്നോട്ടുവെക്കുന്നത്. എണ്‍പതുകളില്‍ ഉയര്‍ന്ന പൗരത്വ പരിശോധന എന്ന ആവശ്യം ഇന്ദിരാന്ധി നിരാകരിച്ചു. വോട്ടര്‍പട്ടിക പരിഷ്കരണം എന്ന ആവശ്യം പ്രക്ഷോഭകാരികള്‍ ഗൗരവമായി ഉയര്‍ത്തി. ഇന്ദിരാഗാന്ധി പ്രക്ഷോഭകരുമായി ചര്‍ച്ച നടത്തിയെങ്കിലും അത് വിജയം കണ്ടില്ല. കുടിയേറ്റക്കാരെ പുറത്താക്കുക, അസമിനെയും അസം വംശജരെയും സംരക്ഷിക്കുക എന്ന ആവശ്യമാണ് പ്രക്ഷോഭകര്‍ ഉയര്‍ത്തിയത്. ഇന്ത്യയുടെ ചരിത്രത്തിലെ വലിയ വംശീയ ആക്രമണം ഉണ്ടാകുന്നത് അസമിലെ നെല്ലിയിലാണ്. നെല്ലിക്ക് സമീപം ലാലുങ്ങ് ഗോത്രത്തില്‍ ഉള്ള അഞ്ച് കുട്ടികള്‍ മരിച്ച സംഭവം പ്രക്ഷോഭകരെ പ്രകോപിക്കുകയും തിരഞ്ഞെടുപ്പ്‌ കൊടുമ്പിരികൊണ്ട അസമില്‍ പ്രക്ഷോഭകര്‍ മുസ്ലീം ഭൂരീപക്ഷ ഗ്രാമങ്ങള്‍ വളഞ്ഞ് ആക്രമണം നടത്തുകയും ചെയ്തു.

”1800 ആളുകൾ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ മറ്റ് പല സ്വതന്ത്ര ഏജൻസികളും 3000 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. ആറ് മണിക്കൂറോളമാണ് ആക്രമണം നീണ്ടുനിന്നത്. അലിസിങ്ക, കുലപതാർ ബസുന്ദരി, ബുപ, ബീൽ, ബുപ, ഹബി, ബോർജോല, ബുടുനി ഇന്ദുമുരി, മുലധരി, ബോർബോരി, നെല്ലി എന്നീ പ്രദേശങ്ങളാണ് പൂർണമായും ആക്രമണത്തിൽ ഇല്ലാതായത്.
അക്രമത്തെ അതിജീവിച്ചവർ പിന്നീട് കുറച്ചുകാലം കഴിഞ്ഞത് നെല്ലിയിലെ സർക്കാർ സ്കൂളിലായിരുന്നു. അങ്ങനെയാണ് ഈ പ്രദേശങ്ങളിലെല്ലാം അരങ്ങേറിയ കൂട്ടക്കൊല നെല്ലി എന്ന സ്ഥല പേരുമായി ബന്ധപ്പെടുത്തി അറിയാൻ തുടങ്ങിയത്.” (പേജ് 101)

തദ്ദേശീയവാസികളുടെയും അസമിലെ രാഷ്ട്രീയ സംഘടനകളുടെയും വികാരത്തെ ആര്‍.എസ്.എസ് അടക്കമുള്ള തീവ്രവലതുപക്ഷസംഘടനകള്‍ ഊതികത്തിച്ചാണ് ഈ കൂട്ടക്കൊല നടത്തിയതെന്ന അഭിപ്രായവും പ്രദേശവാസികള്‍ക്കുണ്ട്. നെല്ലി സംഭവം ഹിന്ദു മുസ്ലീം ഐക്യത്തിന് വിഘാതം സൃഷ്ടിച്ചു. കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നാഷണല്‍ രജിസ്റ്ററി ഫോര്‍ സിറ്റിസണ്‍ പിന്നീട് പൗരത്വഭേദഗതി ബില്ലായി മാറുന്നതും അത് വര്‍ഗ്ഗീയവും രാഷ്ട്രീയവുമായ ആയുധമായി മാറുന്നതും നാം കണ്ടതാണ്.
സ്വതന്ത്ര അസമിനായി ഉണ്ടായ ഉള്‍ഫയും 1983 ലെ തിരഞ്ഞെടുപ്പും അസമിന്റെ കലാപചരിത്രത്തിലെ സവിശേഷ അധ്യായങ്ങളായി ഗ്രന്ഥകാരന്‍ പരിഗണിക്കുന്നുണ്ട്. അസം നേരിട്ട അവഗണയും ചൂഷണവുമാണ് ഉള്‍ഫയ്ക്ക് നാന്ദി കുറിച്ചത് എന്ന് പറയുന്നവരുമുണ്ട്. കാണക്കാണെ ഉള്‍ഫെയുടെ പ്രവര്‍ത്തനും തീവ്രവാദത്തിലേക്ക് മാറി. ഹിംസാത്മകമായ സ്വരൂപം ആ സംഘടന കൈക്കൊണ്ടു. ഉള്‍ഫയെ നേരിടാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഓപ്പറേഷന്‍ ബജ്റാംഗ്, ഓപ്പറേഷന്‍ റൈനോ എന്നിവ ആവിഷ്ക്കരിച്ചു. എന്നാല്‍ അതിന്റെ പേരില്‍ സൈന്യം നടത്തിയ കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ ചര്‍ച്ചയായി.

”വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കെതിരെ അസമിൽ ഒരു നടപടിയും ഉണ്ടായില്ലെന്നതാണ് യാഥാർത്ഥ്യം. സൈനികർക്കുള്ള പ്രത്യേക അവകാശ നിയമം നിയമലംഘകർക്ക് തുണയായി. വ്യാജ ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് പറഞ്ഞവർക്കെതിരെ വെടിവയ്പ്പ് നടന്ന സംഭവം പോലുമുണ്ടായി. കക്കോപത്താറിലുണ്ടായ വെടിവയ്പ്പ് ഇത്തരത്തിലുള്ളതായിരുന്നു. 10 പേരാണ് 2006-ൽ സൈന്യം നടത്തിയ വെടിവയ്പ്പിൽ മരിച്ചത്. ഉൾഫയുടെ സ്വാധീന പ്രദേശങ്ങളിലൊന്നായിരുന്നു കക്കോപത്താർ. ഭിന്നത കാരണവും സൈനിക നടപടികൾ കാരണവും സ്വാധീനം കുറഞ്ഞ ഉൾഫയ്ക്ക് അനുകൂലമായി വികാരം ഉണ്ടാക്കിയെടുക്കുന്നതിന് ഈ സംഭവം സഹായിച്ചു.” (പേജ് 113 )

അസം ഉയര്‍ത്തിയ മറ്റൊരു പ്രശ്നമാണ് ബോഡോ കലാപം. ബോഡോ ഗോത്രവിഭാഗം ബോഡോലാന്റ് എന്ന സ്വന്തം രാജ്യത്തിനായി ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ ആരംഭിച്ച കലാപം രക്തരൂക്ഷിതമായി. മൂന്നു കരാറുകള്‍ ബോഡോ വിഭാഗവുമായി സര്‍ക്കാര്‍ ഉണ്ടാക്കി.1993 ലും 2003 ലും 2020 ലും. എന്നാല്‍ ശാശ്വതമായ ലക്ഷ്യം വിദൂരസാധ്യത മാത്രമായി അവശേഷിക്കുന്നു. നാലായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ട ബോഡോ പ്രക്ഷോഭങ്ങളും കടുത്ത അരക്ഷിതാവസ്ഥയാണ് അസമില്‍ സൃഷ്ടിച്ചത്. പൗരത്വരജിസ്റ്ററും അനുബന്ധ ചര്‍ച്ചകളും അസമിലെ ജനജീവിതം കൂടുതല്‍ കടുപ്പമേറിയതാക്കുകയാണ്. സമാധപൂര്‍ണ്ണമായ ജീവിതം ആ ജനതയ്ക്ക് അപ്രാപ്യമായി തുടരുന്നു. വിവിധ വംശീയകാലപങ്ങളുടെ മുറിവുകള്‍ ഉണങ്ങാതെ നില്‍ക്കുന്നു.

3
ഒരു കാലഘട്ടത്തില്‍ ഉപദേശീയ വികാരമായി ദ്രാവിഡ പ്രസ്ഥാനം ഉയര്‍ന്നുവന്നത് ഭാഷയെ ആധാരമാക്കിയാണ്. ‘ദ്രാവിഡ പ്രസ്ഥാനം’ എന്ന അധ്യായത്തില്‍ ഈ വിഷയം സവിശേഷമായി ചര്‍ച്ച ചെയ്യുന്നു. ഹിന്ദി വിരുദ്ധതയും ബ്രാഹ്മണവിരുദ്ധതയും ചേര്‍ന്ന രാഷ്ട്രീയമാണ് ദ്രാവിഡപ്രസ്ഥാനത്തിന് വിത്തിട്ടത്. ബ്രാഹ്മണ്യത്തിന്റെ അധികാരവ്യവസ്ഥയോട് പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍ സംഘടനയില്‍ നിന്ന് രാജിവെച്ചു. നോണ്‍ ബ്രാഹ്മണ്‍ മാനിഫെസ്റ്റോയ്ക്ക് രൂപം നല്‍കി. കോണ്‍ഗ്രസിനെയും ദേശീയപ്രസ്ഥാനത്തെയും ഭരിക്കുന്നത് ബ്രാഹ്മണ്യമാണെന്നും ഇന്ത്യ സ്വയംഭരണത്തിന് പര്യാപ്തമായില്ലെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. കൊളോണിയലിസത്തെക്കാള്‍ രാജ്യത്തിന് അപകടം ബ്രാഹ്മണ്യം സൃഷ്ടിക്കുമെന്നും ഈ മാനിഫെസ്റ്റോയിലൂടെ ഉന്നയിക്കപ്പെട്ടു. പക്ഷെ മുഖ്യധാരയും ഹിന്ദു അടക്കമുള്ള മാധ്യമങ്ങളും നോണ്‍ ബ്രാഹ്മിണ്‍ മാനിഫെസ്റ്റോയെ എതിര്‍ത്തു.

​ദ്രാവിഡ പ്രസ്ഥാനം. കടപ്പാട്: kveeramani.com

സംഘടിതരാവാനുള്ള ശ്രമമാണ് ജസ്റ്റിസ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. പെരിയാര്‍ ഇ.വി രാമസ്വാമി അയ്യരും അണ്ണാദുരൈയും ഈ ശ്രമങ്ങളെ ആളികത്തിച്ചു. പുരാണങ്ങളില്‍ അറിവ് നേടിയ പെരിയാർ അന്ധവിശ്വാസങ്ങളെയും യുക്തിരഹിതമായവയെയും എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സ്വാഭിമാന്‍ പ്രസ്ഥാനം എന്ന സംഘടന ആത്മാഭിമാനത്തിന്റെ മനുഷ്യാന്തസ്സിന്റെയും അടിസ്ഥാനധാരയില്‍ നിന്ന് ഇ.വി രാമസ്വാമി അയ്യര്‍ രൂപീകരിച്ചു. ശിഷ്യനായ അണ്ണാദുരൈയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രാവിഡപ്രസ്ഥാനത്തെ ചടുലമാക്കി. പല കാര്യങ്ങളിലും രാമസ്വാമി അയ്യരും അണ്ണാദുരൈയും വിയോജിച്ചു. പാര്‍ലമെന്ററി ഭരണത്തില്‍ അധിഷ്ഠിതമായിരുന്നില്ല പെരിയാറിന്റെ സംഘടനാ സങ്കല്പം. എന്നാല്‍ അണ്ണാദുരൈ പാര്‍ലിമെന്ററി സംവിധാനത്തിനോട് യോജിച്ചു. ഡി.എം.കെ പ്രവര്‍ത്തകനായ ചിന്നസ്വാമിയുടെ ആത്മഹത്യയും എഴുപതോളം പേര്‍ കൊല്ലപ്പെട്ടതും ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തെ ആളികത്തിച്ചു. ”ഹിന്ദിവിരുദ്ധ സമരം യഥാർത്ഥത്തിൽ ബ്രാഹ്മണിസത്തിനെതിരായ ദ്രാവിഡ പ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്ര സമീപനവുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നാണ് ചില സാമൂഹ്യശാസ്ത്രകാരന്മാർ വിലയിരുത്തുന്നത്. രണ്ട് രീതിയിലാണ് അവർ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ ചെറുത്തത്. ജാതിവിഭജനത്തെയും ലിംഗ അസമത്വത്തെയും സാധൂകരിക്കുന്ന ബ്രാഹ്മണ്യ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് സംസ്കൃതത്തെ അവർ കണ്ടത്. സംസ്കൃതവുമായി സാമ്യമുള്ള ഭാഷയെന്ന നിലയിൽ ഹിന്ദിയെയും ലിംഗ അസമത്വവും ജാതി അടിച്ചമർത്തലും നിലനിർത്താൻ ശ്രമിക്കുന്ന ഭാഷയായിട്ടാണ് അവർ കണ്ടത്. അതായത് ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ തമിഴ്നാട്ടിലെ ദ്രാവിഡ പ്രസ്ഥാനം കണ്ടത് ബ്രാഹ്മണിക്കൽ വ്യവസ്ഥയുമായി തമിഴ് സമൂഹത്തെ കണ്ണിചേർ ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്. അതുപോലെ, തമിഴിനെക്കാൾ ഏതെങ്കിലും തരത്തിൽ മികവുള്ള ഭാഷയായി അവർ ഹിന്ദിയെ കാണുന്നുമില്ല. അങ്ങനെയാവുമ്പോൾ പോലും ഹിന്ദിക്ക് പകരമായി തമിഴ് പഠിക്കണമെന്നല്ല അവർ ആവശ്യപ്പെട്ടത്. മറിച്ച് കൂടുതൽ സ്വീകാര്യതയുള്ള ഇംഗ്ലിഷ് ഭാഷ മതിയെന്നാണ്. അതുപോലെതന്നെ പ്രധാനമാണ് തമിഴ് സ്വത്വത്തിന്മേലുള്ള ക‌ടന്നുകയറ്റമായി ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെ കാണുന്നുവെന്നത്. കേന്ദ്രസർക്കാരിന്റെ തമിഴ്നാടിനോടുള്ള സമീപനം സൗഹാർദ്ദപരമല്ലെന്ന ബോധത്തിലാണ് അവിടുത്തെ പ്രധാന രാഷ്ട്രീയപ്പാർട്ടികൾ.” (പേജ് 302)

ഹിന്ദിയെ ഔദ്യോഗിക ഭാഷയാക്കാനുള്ള ശ്രമങ്ങള്‍ക്ക് വളരെ കാലത്തെ ചരിത്രമുണ്ട്. 2014 ല്‍ സംഘപരിവാര്‍ അധികാരമേറ്റത് മുതല്‍ ആ ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി. കഴിഞ്ഞ ദിവസങ്ങളിലാണ് പാര്‍ലമെന്റിന്റെ ഔദോഗിക ഭാഷാസമിതി രാഷ്ട്രപതിക്ക് മുന്നില്‍ വച്ച നിര്‍ദ്ദേശങ്ങളില്‍ ഹിന്ദിക്ക് നല്‍കിയ പ്രധാന്യം ചര്‍ച്ചയായത്. കേന്ദ്രീയ വിദ്യാലയങ്ങള്‍, ഐ.ഐ.ടികള്‍, ഐ.ഐ.എമ്മുകള്‍, കേന്ദ്ര സര്‍വകലാശാലകള്‍ തുടങ്ങിയവയില്‍ ഹിന്ദി നിര്‍ബന്ധമാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷകളിലെ ചോദ്യങ്ങള്‍ ഹിന്ദിയിലാവണമെന്നും ശിപാര്‍ശകളിലുണ്ട്. ഒരു ബഹുഭാഷാ സമൂഹത്തിന്റെ ഭാഷ വൈവിധ്യത്തെയാകെ റദ്ദ് ചെയ്ത് പൊതുഭാഷയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളെ ഇടതുപക്ഷമടക്കമുള്ള പ്രതിപക്ഷകക്ഷികള്‍ ശക്തമായി എതിര്‍ക്കുകയുണ്ടായി. ജനിച്ച ഭാഷയില്‍ ജീവിക്കാനും സാമൂഹികവ്യവഹാരങ്ങളില്‍ ഏര്‍പ്പെടാനുമുള്ള അവകാശങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന കാലത്ത് കേന്ദ്രസര്‍ക്കാരിന്റെ നയം എതിര്‍ക്കപ്പെടേണ്ടതാണ്.

തെലങ്കാന സമരത്തിലെ സായുധ കർഷകർ. ഫോട്ടോ: വിക്കികോമൺസ്

ആന്ധ്രാപ്രദേശിലേക്ക് യാത്ര നടത്തിയാണ് രവീന്ദ്രന്‍ തന്റെ വിഖ്യാതമായ സഞ്ചാരങ്ങള്‍ക്ക് തുടക്കമിട്ടത്. ‘പുകയുന്ന ഗ്രാമങ്ങള്‍’ എന്നാണ് അദ്ദേഹം ആന്ധ്രയിലേക്ക് നടത്തിയ യാത്രകുറിപ്പിന് നൽകിയ ശീർഷകം. ആ പുകച്ചില്‍ പഴയ തീവ്രതയില്‍ അല്ലെങ്കിലും ഇന്ത്യന്‍ മണ്ണില്‍ പലയിടങ്ങളിലായി ഒടുങ്ങാതെ തുടരുന്നു. തെലങ്കാന എന്ന ഭൂമിക ഇന്ത്യയുടെ ആഭ്യന്തര കലാപങ്ങളുടെ ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത ഏടാണ്. തെലങ്കാന സമരത്തെക്കുറിച്ച് പറയുന്ന വേളയില്‍ ഇ.എം.എസ് പുന്നപ്ര വയലാര്‍ സമരത്തെക്കുറിച്ചും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ പറയുന്നുണ്ട്. രണ്ട് സ്വഭാവത്തിലുള്ളതെങ്കിലും അനേകം സമാനതകള്‍ പുലര്‍ത്തുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ രണ്ട് വലിയ സമരപോരാട്ടങ്ങള്‍. അത് സൃഷ്ടിച്ച അലകള്‍ ഇന്നും കെട്ടടങ്ങാതെ നില്‍ക്കുന്നു.
ഹൈദരബാദ് എന്ന നാട്ടുരാജ്യത്തിന്റെ രൂപീകരണവും സ്വതന്ത്രാനന്തരം ഇന്ത്യന്‍ യൂണിയനുമായുള്ള ആ നാട്ടുരാജ്യത്തിന്റെ സംഘര്‍ഷനിര്‍ഭരമായ ഇടപെടലും വിവരിച്ചാണ് ഗ്രന്ഥകാരന്‍ ‘തെലങ്കാന സമരം’ എന്ന അധ്യായം ആരംഭിക്കുന്നത്. നല്ലമല്ല വനമേഖലയും ഗോദാവരി നദീതടവും രക്തത്താല്‍ ചുവന്ന കാലമായിരുന്നു അത്. പി സുന്ദരയയ്യുടെ ആത്മകഥയെ ഈ അധ്യായത്തില്‍ ഭൂപേഷ് ആശ്രയിക്കുന്നുണ്ട്. ഭൂവുടമകളും കര്‍ഷകരും നടത്തിയ സമരത്തിന്റെ ചരിത്രം ഭരണകൂടത്തിനെതിരെ ജനത സംഘടിച്ചതിന്റെ ചരിത്രം കൂടിയാണ്. അടുത്ത അധ്യായത്തില്‍ നക്സലൈറ്റ് പ്രസ്ഥാനങ്ങളും ചാരുമജുംദാറും കനുസന്യാലും ഒരു വലിയ രാഷ്ട്രീയ പ്രയോഗത്തിന്റെ അനന്തരഫലങ്ങളും ചര്‍ച്ചയാവുന്നു. മൂവായിരത്തോളം ഗ്രാമങ്ങള്‍ ഫ്യൂഡല്‍ മാടമ്പികളില്‍ നിന്നും മോചിപ്പിച്ച സമരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ ഇതിഹാസ സമാനമായ അധ്യായമാണ്. ഭൂപേഷ് നടത്തുന്ന ശ്രദ്ധമായൊരു നീരിക്ഷണം ഇങ്ങനെയാണ്, ”ഇടത് അനുഭാവിയെന്നു കരുതുകയും ലിബറൽ ജനാധിപത്യവാദിയുമായിയുമായ ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഇത്തരത്തിൽ സ്വന്തം ജനതയ്ക്കെതിരേ സായുധ പോരാട്ടം ഇന്ത്യൻ സേന നടത്തിയതെന്ന കാര്യവും വിസ്മരിച്ചു കൂടാ. എന്തുകൊണ്ടായിരിക്കും നൈസാമിന്റെ കീഴടങ്ങലിനു ശേഷവും ഇന്ത്യൻ സൈന്യത്തെ ഹൈദരാബാദിൽ നിലനിർത്താൻ നെഹ്റുവിന്റെ സർക്കാർ തീരുമാനിച്ചിട്ടുണ്ടാവുക? ഇന്ത്യയിലെ ലിബറൽ ജനാധിപത്യ സംവിധാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കമ്മ്യൂണിസ്റ്റുകൾ എന്ന നിലപാടിലേക്ക് ജവഹർലാൽ നെഹ്റു എത്തിയിട്ടുണ്ടാകുമോ? പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് കേരളത്തിൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിനെ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പിരിച്ചുവിടുന്നത്.”( പേജ് 190 ) ചരിത്രത്തോടുള്ള പ്രധാന ചോദ്യങ്ങളിലൊന്നായി തന്നെ ഇതിനെ കാണണം.

4
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ അപരിഹര്യമായ പ്രശ്നം പോലെ ഇന്ത്യയുടെ രാഷ്ട്രീയഭൂപടത്തില്‍ കാലങ്ങളായി നിലകൊള്ളുന്നു. വിഭവസമ്പത്താലും പ്രകൃതിഭംഗിയാലും വൈവിധ്യങ്ങളാലും അനു​ഗ്രഹീതമായ ഈ പ്രദേശം ഇന്ത്യന്‍ ഭരണകൂടമായി സംഘര്‍ഷഭരിതമായി സംവദിക്കാന്‍ ഇടയായ സാഹചര്യങ്ങളും ഈ പ്രദേശത്തെ കലാപകലുഷിതമാക്കിയ അന്തരീക്ഷവും ഗ്രന്ഥകാരന്‍ സവിശേഷമായി ചര്‍ച്ച ചെയ്യുന്നു.

മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പോലെ തന്നെ ത്രിപുരയിലും ഗോത്രവര്‍ഗ്ഗവിഭാഗങ്ങളാണ് കൂടുതലും പാര്‍ക്കുന്നത്. പതിനെട്ടോളം ഗോത്രവര്‍ഗ്ഗവിഭാഗങ്ങള്‍ ത്രിപുരയിലുണ്ട്. ത്രിപുരയിലെ സംഘര്‍ഷങ്ങള്‍ക്ക് പിറകിലെ കാരണമായി കുടിയേറ്റത്തെയാണ് ഗ്രന്ഥകാരന്‍ ചൂണ്ടികാട്ടുന്നത്. തോട്ടം തൊഴിലാളികളായി നിരവധി പേര്‍ ത്രിപുരയ്ക്ക് പുറത്ത് നിന്നും അങ്ങോട്ട് കുടിയേറി. ബ്രീട്ടിഷ് ഭരണകാലത്താണ് തേയില തോട്ടങ്ങളിലെ ജോലിയ്ക്കായി വലിയ തോതില്‍ കുടിയേറ്റം നടന്നത്. അതു കൂടാതെ നവഖാലിയിലെ കലാപകാലത്ത് നിരവധി പേര്‍ കിഴക്കന്‍ ബംഗാളില്‍ നിന്ന് ത്രിപുരയിലേക്ക് അഭയാര്‍ത്ഥികളായി പ്രവഹിച്ചു. അഭയാര്‍ത്ഥികളായി വന്നവര്‍ക്ക് സൗകര്യമൊരുക്കാനായി ഗോത്രവിഭാഗങ്ങള്‍ക്കായി നീക്കിവെച്ചിരുന്ന ഭൂമിയില്‍ നിന്ന് നിശ്ചിത ശതമാനം അഭയാര്‍ത്ഥികള്‍ക്കായി രാജാവ് പകുത്ത് നല്‍കി. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വിത്ത് പാകി. ബംഗാളികളോടുള്ള കടുത്ത എതിര്‍പ്പ് വംശീയ കലാപത്തിലേക്കാണ് നയിച്ചത്. 1940 ലെ ഭക്ഷ്യക്ഷാമം ഈ എതിര്‍പ്പിന് ആക്കം കൂട്ടി എന്ന് ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. ഭക്ഷ്യക്ഷാമവും ബംഗാളികളുടെ കുടിയേറ്റവും ത്രിപുരയുടെ സ്വാസ്ഥ്യത്തിന് ഭംഗം വരുത്തി. 1948 ല്‍ ത്രിപുര രാജ്യമുക്തി പരിഷത്ത് രൂപീകരിച്ചു. ഭക്ഷ്യവിഭവങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച ഗോത്രവിഭാഗങ്ങള്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തും, ആ പോലീസുകാര്‍ ബംഗാളികളായതും കലാപത്തിന്റെ തീ ആളിക്കത്താന്‍ കാരണമായി. സായുധ കലാപം ത്രിപുരയില്‍ അങ്ങനെയാണ് പൊട്ടിപുറപ്പെടുന്നത്.

ത്രിപുരയിലെ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം. കടപ്പാട്: ഇന്ത്യൻ എക്സ്പ്രസ്

രാജ്യമുക്തി പരിഷത്ത് പിന്നീട് സി.പി.ഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഈ പ്രവര്‍ത്തനം ത്രിപുരയുടെ രാഷ്ട്രീയ ഭൂപടത്തില്‍ കാര്യമായ ചലനങ്ങളുണ്ടാക്കി. അതേ സമയം ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ ശക്തമായ രീതിയില്‍ സായുധപരിശീലനവും മറ്റും നടത്താന്‍ നേതൃത്വം നല്‍കുന്ന സംഘടനകള്‍ രൂപപ്പെട്ടു. ബംഗാളികള്‍ ഒഴിഞ്ഞുപോയില്ലെങ്കില്‍ കൊന്നുകളയുമെന്ന ഭീഷണിയും ഉണ്ടായി. സെന്‍ക്രാക്ക് പോലുള്ള സായുധ സംഘടനകളും ഈ കാലത്താണ് ആരംഭിക്കുന്നത്. ബിജോയ്കുമാര്‍ ഹ്രാംഗ്വാളിന്റെ ത്രിപുര നാഷണല്‍ വളന്റിയേഴ്സും തദ്ദേശവാസികളുടെ പ്രക്ഷോഭത്തിന് തീ പകര്‍ന്നു. എന്നാല്‍ സര്‍ക്കാര്‍ നിരന്തര ഇടപെടലുകളിലൂടെ ആ കാലത്ത് രൂപീകരിച്ച നിരവധി സംഘടനകളുടെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കി. വികസനപ്രവര്‍ത്തനകളും തദ്ദേശീയ വാസികള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നല്‍കിയ പ്രാതിനിധ്യവും ത്രിപുരയെ ശാന്തമാക്കാന്‍ സഹായിച്ചു. മാണിക് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായ നടപടികള്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന് കാരണമായി. എന്നാല്‍ ബി.ജെ.പി ത്രിപുര ഭരിച്ചതോടെ മുസ്ലീം വിരുദ്ധ കലാപങ്ങളുടെ ഭൂമിയായി ത്രിപുര മാറാന്‍ തുടങ്ങി. രാഷ്ട്രീയ പ്രവര്‍ത്തനം അസാധ്യമാക്കുന്ന തരത്തില്‍ ഇടതുപാര്‍ട്ടികളെ തിരഞ്ഞുപിടിച്ച് ബി.ജെ.പി ആക്രമിച്ചു. ലെനിന്‍ പ്രതിമ തകര്‍ക്കപ്പെട്ടു. സി.പി..എം പ്രസിദ്ധീകരണങ്ങള്‍ക്കും വിലക്കുണ്ടായി. ത്രിപുരയിലെ സാഹചര്യം ഇന്നും സംഘര്‍ഷഭരിതമായി തുടരുന്നു.

2004 ലാണ് ലോകം ശ്രദ്ധിച്ച ഒരു പ്രതിഷേധം മണിപ്പൂരില്‍ അരങ്ങേറുന്നത്. സൈന്യത്തിന്റെ അമിതാധികാരത്തിനെതിരെ, അഫ്സ്പ എന്ന ദുര്‍നിയമത്തിനെതിരെ ഒരു കൂട്ടം സ്ത്രീകള്‍ നഗ്നരായി  പ്രതിഷേധിച്ചു. ഇന്ത്യന്‍ ആര്‍മി റേപ് അസ് എന്ന ബാനറിന് പിറകില്‍ അവര്‍ ഒത്തുച്ചേര്‍ന്നു. തങ്കജം മനോരമ എന്ന സ്ത്രീയെ അസം റൈഫിള്‍സിലെ ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും മൃതദേഹം വഴിയിലുപേക്ഷിക്കുകയും ചെയ്തതാണ് പ്രതിഷേധത്തിന് ആധാരമായ സംഭവം. ഈ പ്രതിഷേധം വിവരിച്ചാണ് ഭൂപേഷ് ‘മണിപ്പൂര്‍’ എന്ന അധ്യായം ആരംഭിക്കുന്നത്.
ലോയിംബയുടെ കാങ്ഗപാലിക് രാജവംശവും മണിപ്പൂര്‍ – ആംഗ്ലോ പോരാട്ടവും ചേര്‍ന്ന ചരിത്രമാണ് മണിപ്പൂരിനുള്ളത്. ഇന്ത്യക്ക് സ്വാതന്ത്രലഭിക്കുന്നതിന് മുന്‍പ് തന്നെ സ്വന്തമായി ഭരണഘടന ഉണ്ടായ തിരഞ്ഞെടുപ്പ് നടന്ന പ്രദേശമാണ് മണിപ്പൂര്‍. എന്നാല്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതിനോട് മണിപ്പൂരിലെ പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം എതിര്‍പ്പ് പ്രകടിപ്പിച്ചു. കോണ്‍ഗ്രസ്, തീരുമാനം ജനങ്ങള്‍ വിടണം എന്ന അഭിപ്രായമാണ് മുന്നോട്ടുവെച്ചത്. 1948 ല്‍ സമ്മേളിച്ച നിയമസഭയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിരോധനമുണ്ടായത് മണിപ്പൂരിന്റെ രാഷ്ട്രീയ കാലാവസ്ഥയില്‍ മാറ്റമുണ്ടാക്കി. ബോധിചന്ദ് മഹാരാജാവാണ് ആ കാലം മണിപ്പൂര്‍ ഭരിച്ചിരുന്നത്. 1949 ല്‍ സൈനിക നീക്കത്തിലൂടെ മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമായി. ഈ ബലപ്രയോഗം അവസാനമില്ലാത്ത കലാപങ്ങളുടെ ഭൂമിയായി മണിപ്പൂരിനെ മാറ്റി. അമ്പതുകളില്‍ കമ്മ്യൂണിസ്റ്റ് സമരവും അറുപതുകളില്‍ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടും സമരപ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജിതമാക്കി. അരംബം സമരേന്ദ്രയാണ് UNLF ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പൂര്‍ണ്ണ സംസ്ഥാന പദവിയാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടത്. 1969 ല്‍ ഇന്ദിരാഗാന്ധികെതിരെയും പ്രക്ഷോഭമുണ്ടായി.1972 ല്‍ മണിപ്പൂരിന് പൂര്‍ണ്ണ സംസ്ഥാന പദവി ലഭിച്ചു. സൈനികര്‍ക്കുള്ള പ്രത്യേക അവകാശം അവിടെ തുടര്‍ന്നു. വിവിധ തീവ്രസ്വഭാവ സംഘടനകളുടെ ആരംഭത്തിന് ഈ നിയമം കാരണമായി. എന്നാല്‍ അതോടൊപ്പം തന്നെ, ”ദേശീയതാ പ്രസ്ഥാനങ്ങൾ എന്ന നിലയ്ക്കപ്പുറം വടക്കുകിഴക്കൻ മേഖലയിൽ പ്രകടമായി നിലനിന്നത് വംശീയതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ്. അസമിലായാലും മണിപ്പൂരിലായാലും അതുതന്നെ ആയിരുന്നു സ്ഥിതി. ദേശീയതാ പോരാട്ടത്തെക്കാൾ മണിപ്പൂരിനെ രക്തത്തിൽ മുക്കിയത് വംശീയാധിപത്യം കാണിക്കാനുള്ള ചില വിഭാഗങ്ങളുടെ നീക്കങ്ങളാണെന്നു പറയാം.” (പേജ് 136). കുകി – നാഗാ പോരാട്ടവും വിവിധ വംശങ്ങള്‍ തമ്മിലുള്ള സ്വത്വപ്രശ്നങ്ങളും മണിപ്പൂരിനെ സംഘര്‍ഷഭരിമാക്കി. അതെ സമയം സൈനിക നീക്കം ശക്തമാകുകയും നിരവധി കൂട്ടകൊലകള്‍ അരങ്ങേറുകയും ചെയ്തു.മാലോം കൂട്ടകൊലയെ തുടര്‍ന്നാണ് ഇറോം ശര്‍മ്മിളയുടെ സമരം ആരംഭിക്കുന്നത്. സൈനിക നീക്കങ്ങള്‍ക്കെതിരെ, അഫ്സ്പ എന്ന ദുര്‍നിയമത്തിനെതിരെ പതിനാറ് വര്‍ഷം ഇറോം ചാനു ശര്‍മ്മിള സമരം ചെയ്തു. എന്നാല്‍ സമരം അവസാനിപ്പിച്ച് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച ഇറോം ശര്‍മ്മിളയ്ക്ക് കാര്യമായി പിന്തുണ ലഭിച്ചില്ല. വടക്കുകിഴക്കന്‍ മേഖലയില്‍ ഭരണകൂടത്തിന്റെ ബലപ്രയോഗവും വംശീയ സംഘര്‍ഷങ്ങളും ഇടവേളകളില്ലാതെ അനുഭവിച്ച പ്രദേശമാണ് മണിപ്പൂര്‍.

പട്ടാളത്തിനെതിരെ മണിപ്പൂരിൽ നടന്ന പ്രതിഷേധം. ഫോട്ടോ: ഔട്ട്ലുക്ക്

1964 – 65 കാലഘട്ടത്തിലെ മൂന്നംഗ നാഗാലാന്‍ഡ് പീസ് മിഷന്റെ ഭാഗമായി നാഗാലാന്‍ഡ് സന്ദര്‍ശിച്ചതിന്റെ അനുഭവം ജയപ്രകാശ് നാരായണന്‍ പാറ്റ്നയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ വിവരിക്കുന്നുണ്ട്. രാമാചന്ദ്രഗുഹ Makers of Modern India യില്‍ ആ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. നാഗാലാന്‍ഡിലെ മനുഷ്യരും അവരുടെ വിഭവവിനിയോഗവും സ്വയപര്യാപ്തതയും സംസ്കാരിക വൈവിധ്യവും തന്നെ ആകര്‍ഷിച്ചതായി ജയപ്രകാശ് നാരായണന്‍ പറയുന്നുണ്ട്. ഇന്ത്യയുടെ അവിഭാജ്യഘടകമായി ആ പ്രദേശത്തെ മാറ്റുമ്പോള്‍ തന്നെ ആ ദേശത്തിലെ ജനങ്ങള്‍ക്ക് അവരുടെ തനിമയോടെ ജീവിക്കാനുള്ള അവകാശവുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇന്ത്യയുടെ ഭാഗമാകുമ്പോള്‍ തന്നെ നാഗാലാന്‍ഡും അവിടുത്തെ ജനതയും പൂര്‍ണ്ണസ്വതന്ത്രരാണ്‌. രാഷ്ട്രീയ ഐക്യത്തെക്കാള്‍ സാംസ്കാരിക ഐക്യത്തിനാണ് പ്രധാന്യം എന്ന വാദമാണ് പ്രസംഗത്തിലൂടെ ജയപ്രകാശ് നാരായണന്‍ മുന്നോട്ടുവെക്കുന്നത്.

‘നാഗാലാന്‍ഡ്’ എന്ന അധ്യായത്തില്‍ നാഗാലാന്‍ഡ് എന്ന സങ്കീര്‍ണ്ണമായ രാഷ്ട്രീയ അസ്വസ്ഥതകള്‍ നിലനില്‍ക്കുന്ന പ്രദേശത്തിന്റെ ചരിത്രവും വര്‍ത്തമാനവുമാണ് ഗ്രന്ഥകാരന്‍ വിവരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയെ തന്നെ വെല്ലുവിളിച്ച പ്രദേശങ്ങളിലൊന്നാണ് നാഗാലാന്‍ഡ്. മറ്റൊരു രാജ്യത്തിനായാണ് അവര്‍ കലാപമുയര്‍ത്തിയത്. വിമതനേതാവായ അംഗാമി സപു ഫിസ്സോയുടെ നേതൃത്വത്തില്‍ നാാഗലാന്‍ഡില്‍ വലിയ കലാപമാണ് അരങ്ങേറിയത്. ഫിസ്സോയുടെ മരണശേഷമാണ് നാഗാലാന്‍ഡ് സ്വതന്ത്രമാകുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമാണ് നാഗാകുന്നുകള്‍ ബ്രീട്ടീഷ് സര്‍ക്കാരിന്റെ ഭാഗമാകുന്നത്. വിവിധ ഗോത്രവിഭാഗങ്ങള്‍ ജീവിക്കുന്ന നാഗാലാന്‍ഡ് എളുപ്പം മെരുങ്ങുന്ന ഇടമല്ലെന്ന് ബ്രീട്ടീഷ് ഇന്ത്യയ്ക്ക് ബോധ്യമായി. നാഗാ ക്ലബിന്റെ രൂപീകരണം വിമതശബ്ദങ്ങള്‍ക്ക് തുടക്കമിട്ടു. സൈമണ്‍ കമ്മീഷനോട് തങ്ങളുടെ സ്വതന്ത്രമാകാനുള്ള ഇച്ഛ അവര്‍ അറിയിച്ചു. 1946 ല്‍ സുപു ഫിസ്സോയുടെ നേതൃത്വത്തില്‍ നാഗാ നാഷണല്‍ കൗണ്‍സില്‍ രൂപീകരിച്ചു. എന്നാല്‍ സംഘര്‍ഷാവസ്ഥയില്‍ വിശ്വാസമില്ലാത്ത ചിലര്‍ ഒഴിഞ്ഞുപോയത്തോടെ സംഘടനകള്‍ ദുര്‍ബലമായി. ഇന്ത്യയുമായി സഹകരിക്കാന്‍ ചിലര്‍ തയ്യാറായി.എന്നാല്‍ അടിയന്തിരാവസ്ഥ ജനജീവിതം വീണ്ടും ദുഷ്കരമാക്കി. പ്രശസ്തമായ ഷില്ലോങ്ങ് കരാര്‍ ഈ കാലത്താണ് ഉണ്ടാക്കുന്നത്. അതിനെതിരെയും കലാപങ്ങളുണ്ടായി. 1997 നു ശേഷം 2014 ല്‍ വീണ്ടും ഒരു കരാര്‍ രൂപീകരിച്ചു. എന്നാല്‍ കലാപം അവസാനിപ്പിക്കാന്‍ ബി.ജെ.പി സര്‍ക്കാരിന് ആയില്ലെന്ന് മാത്രമല്ല മോണ്‍ ജില്ലയിലെ സൈനികനീക്കത്തില്‍ നടന്ന കൂട്ടകൊലയില്‍ ഖേദം പ്രകടിപ്പിക്കേണ്ടിയും വന്നു. നാഗാലാന്‍ഡിന്റെ സമാധാനശ്രമങ്ങളുടെ വര്‍ത്തമാന അവസ്ഥ വിവരിച്ചാണ് ഈ അധ്യായം അവസാനിക്കുന്നത്. സൈന്യത്തിന്റെ ബലപ്രയോഗം ജനജീവിതത്തെ ബാധിക്കുന്നത് എങ്ങനെയാണ് എന്ന് ഇവിടേയും ചര്‍ച്ചയാവുന്നു.

‘മീസോറാം’ എന്ന അധ്യായത്തില്‍ മിസോറാമിന്റെ പ്രക്ഷോഭങ്ങള്‍ മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ പ്രക്ഷോഭങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്നാണ് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നത്. മൗത്തും എന്ന പ്രകൃതിപ്രതിഭാസം രാഷ്ട്രീയകലാപത്തിന് തിരികൊളുത്തുകയും അത് ജനതയ്ക്ക് മേല്‍ ബോംബ് വര്‍ഷിക്കാന്‍ വരെ ഭരണകൂടത്തെ പ്രേരിപ്പിച്ച ചരിത്രമാണ് മിസോറാമിന്റേത്. മുളങ്കാടുകളാല്‍ സമ്പന്നമായ മിസോറാമില്‍ നാല്‍പത്തിയെട്ടു വര്‍ഷത്തിലൊരിക്കല്‍ മുളങ്കാടുകള്‍ കൂട്ടമായി പൂക്കുന്ന മൗത്തും എന്ന പ്രതിഭാസമുണ്ടാവുകയും അതുമൂലം റാഡ്ഫ്ലാറ്റ് എന്ന എലികള്‍ പെരുകുകയും എലികളുടെ ശല്യത്താല്‍ കൃഷിയിടങ്ങള്‍ നശിച്ച് ആ നാട് മുഴുവന്‍ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. 1862ലും 1911 ലും മിസോറാം ഇത്തരം പ്രതിസന്ധിയെ അഭിമുഖീകരിച്ചു.

1960 കളിലെ മൗത്തും വന്‍ദുരന്തം സൃഷ്ടിച്ചു. പട്ടിണി വ്യാപകമായി ആളുകള്‍ മരിച്ചപ്പോഴും നിഷേധാത്മകവും താത്പര്യരഹിതവുമായ നിലപാടാണ് അസം ഭരണകൂടം (അന്ന് മീസോറാം അസമിന്റെ ഭാഗമാണ് ) സ്വീകരിച്ചത്. ഈ നിലപാട് ജനങ്ങളെ പ്രക്ഷുബ്ധരാക്കി. മിസോ നാഷണല്‍ ഫാമിന്‍ ഫ്രണ്ടിന്റെ രൂപീകരണം ഈ പശ്ചാത്തലത്തിലാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സംഘടന പതുക്കെ മീസോ നാഷണല്‍ ഫ്രണ്ടായി മാറി. മിസോറാമിന് ഇന്ത്യയില്‍ നിന്ന് മോചനം വേണമെന്ന ആവശ്യമാണ് ഇവര്‍ ആദ്യം ഉന്നയിച്ചത്. സമാധപരമായിരുന്ന പ്രതിഷേധങ്ങള്‍ ക്രമേണ സായുധകലാപത്തിന്റെ സ്വഭാവം പ്രാപിച്ചു. ഭരണകൂടത്തിന്റെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിച്ച് 1966 ല്‍ ആദ്യ ആക്രമണം അവര്‍ നടത്തി. അസം റൈഫിള്‍സിനെയും ബി.എസ്.എഫിനെയും എം.എന്‍.എഫ് ആക്രമിച്ചു.

ഭരണകൂടത്തിന്റെ പ്രത്യാക്രമണം അതിരൂക്ഷമായിരുന്നു. മീസോറാം പള്ളിയും പുരോ ഹിതന്മാരും സമധാനശ്രമങ്ങള്‍ നടത്തിയെങ്കിലും ശക്തമായൊരു വ്യോമാക്രമണമാണ് സര്‍ക്കാര്‍ നടത്തിയത്. ഇന്ദിരാഗാന്ധിയായിരുന്നു അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി. ഈ വ്യോമാക്രമണങ്ങള്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. ജനതയുടെ ജീവനും സ്വത്തിനും ഭരണകൂടം നാശം വിതച്ചു. ലഫ്റ്റന്റ് കമന്‍ഡര്‍ സാം മനേക് ഷായുടെ നേതൃത്വത്തില്‍ ഐസ്വാളില്‍ നാല് വിമാനങ്ങളാണ് ആക്രമണം നടത്തിയത്. ലാല്‍ഡംഗ അടക്കമുള്ള പ്രതിഷേധക്കാന്‍ കിഴക്കന്‍ പാകിസ്ഥാനിലേക്കും മ്യാന്‍മറിലേക്കും പലായനം ചെയ്തു. ജനജീവിതം പരിപൂര്‍ണ്ണമായും ദുരിതകയത്തിലാഴ്ന്ന സംഭവമായി വ്യോമാക്രമണം മാറി. ജനങ്ങളെ സൈനികാധിനിവേശമുള്ള മേഖലയിലേക്ക് സര്‍ക്കാന്‍ മാറ്റിപാര്‍പ്പിച്ചു.മലയായില്‍ ബ്രിട്ടനും വിയറ്റ്നാമില്‍ അമേരിക്കയും സ്വീകരിച്ച രീതിയാണിതെന്ന് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു. ആഭ്യന്തര മന്ത്രി ജി പാര്‍ത്ഥസാരതിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളിലൂടെ ഏറെ വിവാദമായ നടപടികളില്‍ നിന്ന് സര്‍ക്കാന്‍ പിന്മാറുകയും പ്രതിഷേധകാരുമായും കൂടികാഴ്ച്ചയ്ക്ക് തയ്യാറാവുകയും ചെയ്തു. അതിനിടയില്‍ നടന്ന ഇന്ദിരഗാന്ധി വധം കാര്യങ്ങളെ കൂടുതല്‍ കുഴപ്പത്തിലാക്കി. തുടര്‍ന്ന് രാജീവ് ഗാന്ധിയും ആര്‍.ഡി പ്രധാനും ചര്‍ച്ചകളെ സജീവമാക്കി. ചര്‍ച്ചകളുടെ ഭാഗമായി 1986 ജൂണ്‍ 30 ന് മീസോറാം കരാര്‍ ഒപ്പ് വെച്ചു. മീസോറാമിന് പൂര്‍ണ്ണ സംസ്ഥാന പദവി, മീസോറാം ആചാരങ്ങള്‍ക്ക് സംരക്ഷണം, മീസോ ഭാഷയ്ക്ക് ഔദ്യോഗിക പദവി എന്നിവ ഈ കരാറിലൂടെ ലഭ്യമായി. 1987ല്‍ ലാല്‍ഡംഗ ആദ്യ മുഖ്യമന്ത്രിയായി. മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേതു പോലെ ഉപവംശീയതകള്‍ കൊളോണിയല്‍ കാലത്ത് തന്നെ മീസോറാമല്‍ ഇല്ലാതെയായി. അതിനാല്‍ തീവ്രവാദഗ്രൂപ്പുകളും ശക്തിപ്രാപിച്ചില്ല. പക്ഷെ ”വംശീയതയുടെ അധീശത്വ പോരാട്ടങ്ങളാണ് പലപ്പോഴും വടക്കുകിഴക്കൻ സംസ്ഥാന ങ്ങളിൽ ദേശീയതയുടെ ലേബലിൽ അവതരിച്ചതെന്ന് മനസ്സിലാക്കുമ്പോൾ ഇത് അംഗീകരിക്കാതിരിക്കാനും കഴിയില്ല. എന്തായാലും തീവ്രവാദ പ്രവർത്തനങ്ങൾ പൂർണമായി അവസാനിപ്പിക്കാൻ കഴിഞ്ഞുവെന്നത് ഇന്ത്യയുടെ നേട്ടമാണ്. എന്നാൽ അതിനായി അവംലംബിച്ച മാർഗങ്ങൾ സാധാരണ ജനാധിപത്യസമൂഹങ്ങളിൽ പരിചിതമായ മാർഗങ്ങളല്ലെന്ന ആരോപണവും ശക്തമായിത്തന്നെ നിലവിലുണ്ട്.” (പേജ് 151) എന്ന് ഗ്രന്ഥകാരന്‍ മീസോറാം എന്ന അധ്യായം ഉപസംഹരിക്കുന്നു.

മിസോ നാഷണൽ ഫ്രണ്ട്

പഞ്ചാബിന്റെ ദുഃഖം ഉച്ചസ്ഥായിയിലെത്തുന്നത് ഒരു വന്മരത്തിന്റെ വീഴ്ച്ചയിലൂടെയാണ്. ഇന്ത്യ കണ്ട വലിയ കലാപങ്ങളിലൊന്ന് അരങ്ങേറിയത് ആ കാലത്താണ്. അതിലേക്ക് നയിച്ച കാരണങ്ങള്‍ ഏകമുഖമായി പരിശോധിക്കാന്‍ സാധിക്കില്ല. അത്രമേല്‍ സങ്കീര്‍ണ്ണമാണ് പഞ്ചാബിന്റെ രാഷ്ട്രീയ പരിസരവും. മതവിശ്വാസവും ദേശബോധവും വ്യത്യസ്ത വീക്ഷണങ്ങളും കൂടികലര്‍ന്ന ചരിത്രം രക്തരൂക്ഷിതമായതിന് കാരണങ്ങള്‍ അനേകമാണ്. അകാലിദളും, ഖാലിസ്ഥാന്‍ വാദവും, ബിദ്രന്‍വാലയും, തീവ്രവാദഗ്രൂപ്പുകളും, ഇന്ദിരാഗാന്ധിയുടെ ഇടപെടലുകളില്‍ വന്ന പാളിച്ചകളും, ഓപ്പറേഷന്‍ ബ്ലൂസ്റ്റാറും, സിഖ് റെജിമന്റ് കലാപവും ഇന്ദിരാഗാന്ധിയുടെ കൊലപാതകവും ഇന്ത്യ കണ്ട വലിയ നരമേധവും പഞ്ചാബിന്റെ ചരിത്രത്തെ അഞ്ച് നദികള്‍ക്കും വഹിക്കാവുന്നതിലും അധികം രക്തത്തില്‍ മുക്കി. പഞ്ചാബ് എന്ന അധ്യായം അനിശ്ചിതത്വങ്ങളുടെ സംഘര്‍ഷഭൂമിയായ പഞ്ചാബിനെക്കുറിച്ചാണ്.

5
ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്ത കലാപങ്ങളില്‍ വിഘടനവാദങ്ങളോട് ഭരണകൂടം പുലര്‍ത്തിയ സമീപനവും അതിന്റെ അനന്തരഫലവും വിശദമായി ചര്‍ച്ചയാവുന്നുണ്ട്. ചില തീരുമാനങ്ങള്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ അപരിഹാര്യമായി ഇന്നും തുടരുന്നു. പ്രകൃതിക്ഷോഭവും ഗ്രോത്രവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കവും ഭരണകൂട ഇടപെടലുകളുടെ സമ്മര്‍ദ്ദവും ഉപദേശീയതാവാദങ്ങളും ഭാഷാ സ്വത്വപ്രശ്നങ്ങളും സ്വാതന്ത്ര്യത്തിനായുള്ള പലനിലയിലുള്ള ഇച്ഛയും ചേര്‍ന്ന് നിര്‍മ്മിച്ച കലാപങ്ങളാണ് ഇന്ത്യയില്‍ പ്രധാനമായും ഉണ്ടായിട്ടുള്ളത്. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥ ഈ നിലയില്‍ സംവാദാത്മകമായി രൂപപ്പെട്ടതാണ്. ഈ സംവാദാത്മക മൂല്യത്തിന് ശക്തമായ ഇടിവ് സംഭവിച്ച വര്‍ത്തമാന കാല ഇന്ത്യന്‍ പരിസരത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ കത്തിപ്പടരുകയും പിന്നീട് പുകയുന്ന സാഹചര്യം നിലനിര്‍ത്തി തുടരുന്നതുമായ കലാപങ്ങളിലേക്ക് ഓര്‍മ്മയെ തിരിച്ച് വിടുന്നത് പ്രസക്തിയുള്ള കാര്യമാണ്. വിയോജിപ്പുകളെയെല്ലാം അകാരണമായി തടവിലിടുന്ന ഭരണകൂടം വൈകാതെ ജനാധിപത്യത്തെയും ഭരണഘടനയെയും പൂര്‍ണ്ണമായും കൈപ്പിടിയിലൊതുക്കും. ജനാധിപത്യരഹിതമായ ഇന്ത്യയിലേക്ക് അധികം ദൂരമല്ല. ഇന്ത്യന്‍ റിപ്പബ്ലിക്ക് എന്നത് ഇങ്ങനെ കലാപനിര്‍ഭരമായ അനേകം ഓര്‍മ്മകളുടെ പേര് കൂടിയാണ് എന്ന് എന്‍.കെ ഭൂപേഷിന്റെ ഈ പുസ്തകം ഓര്‍മ്മിപ്പിച്ചു.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

November 5, 2022 4:26 pm