മകന് നീതി നേടിക്കൊടുത്തു: മല്ലിയമ്മ

അഞ്ച് വർഷം നീണ്ട നിയമപോരാട്ടങ്ങൾക്കും സാക്ഷികൾ വ്യാപകമായി കൂറുമാറിയതിനെ തുടർന്നുണ്ടായ അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന് നീതി ലഭിച്ചിരിക്കുന്നു. ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെട്ട കേസിലെ 16 പ്രതികളിൽ 14പേരും കുറ്റക്കാരാണെന്ന് മണ്ണാർക്കാട് കോടതി വിധിച്ചു. പ്രതിപ്പട്ടികയിലുള്ള 16 പേരിൽ രണ്ട് പേരെ വെറുതെ വിട്ടു. നീതി തേടി മധുവിന്റെ കുടുംബം നടത്തിയ നീണ്ട അലച്ചിലിനൊടുവിലാണ് ആശ്വാസ വിധി വന്നിരിക്കുന്നത്. വിധി കേൾക്കാൻ മധുവിന്റെ കുടുംബാംഗങ്ങളും കോടതിയിൽ എത്തിയിരുന്നു. അവരുമായി സംസാരിച്ച് മണ്ണാർക്കാട് കോടതി പരിസരത്ത് നിന്നും ആരതി എം.ആർ തയ്യാറാക്കിയ റിപ്പോർട്ട്.

മല്ലിയമ്മ (മധുവിന്റെ അമ്മ)

സന്തോഷമുണ്ട്. പ്രതീക്ഷിച്ച വിധി അല്ലെങ്കിലും 13 പേർ കുറ്റക്കാരാണ് എന്ന് തെളിയിക്കപ്പെട്ടത് നല്ല കാര്യം തന്നെയാണ്. കാരണം ഈ കേസ് ഒന്നും അല്ലാതെ പോയ സ്ഥലത്ത് നിന്നാണ് നമുക്ക് ഇത്രയും പേരെ ശിക്ഷിക്കാൻ കഴിഞ്ഞു എന്നതിൽ സന്തോഷം ഉണ്ട്. മധുവിന്റെ അനുഭവം ആർക്കും ഉണ്ടാകാതിരിക്കട്ടെ. അതുകൊണ്ട് ഇവർക്ക് തക്കതായ ശിക്ഷ തന്നെ കൊടുക്കട്ടെ.

മധുവിന്റെ സഹോദരി സരസു, അമ്മ മല്ലിയമ്മ, മുതിർന്ന സഹോദരി ചന്ദ്രിക എന്നിവർ കോടതി വരാന്തയിൽ. ഫോട്ടോ: ആരതി എം.ആർ

വി.എം മാർസൺ (മധു നീതി സമരസമിതി)

14 പേരെ കുറ്റക്കാരായി വിധിച്ചു, രണ്ട് പേരെ വെറുതെ വിട്ടു എന്നാണ് വിധി. ഇതിൽ 16-ാം പ്രതി മുനീർ കൊല ചെയ്യപ്പെട്ട സമയത്തും വിചാരണ സമയത്തുമായി നാല് മാസം ജയിൽ കിടന്നിട്ടുണ്ട്. അത് കണക്കാക്കി അയാളെ ഒഴിവാക്കി എന്നാണ് അറിയുന്നത്. വിധിയിൽ സംതൃപ്തനാണോ എന്ന് ചോദിച്ചാൽ പൂർണ്ണ തൃപ്തി ഇല്ല എന്നുതന്നെ പറയേണ്ടി വരും. എന്തായാലും ഒഴിവാക്കപ്പെട്ടവരുടെ കാര്യത്തിൽ നമ്മൾ അപ്പീൽ പോകും. തീർച്ചയായും എല്ലാവരും ശിക്ഷിക്കപ്പെടും എന്നുതന്നെയാണ് ഞങ്ങൾ എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. കാരണം ഇതിൽ വ്യക്തമായ അട്രോസിറ്റി ഉണ്ട്. എന്തുകൊണ്ട് രണ്ട് പേർ അട്രോസിറ്റിയിൽ നിന്നും ഒഴിവാക്കപ്പെട്ടു എന്നത് മനസ്സിലാകുന്നില്ല. അത് വിശദമായി വിധി പഠിച്ചശേഷം മുന്നോട്ടുപോകാനാണ് തീരുമാനം.

മല്ലിയമ്മ മാധ്യമങ്ങളോട് സംസാരിക്കുന്നു.

സരസു (മധുവിന്റെ സഹോദരി)

ഇന്നത്തെ കോടതി വിധിയെ ഞങ്ങൾ മാനിക്കുന്നു. ഒരുപാട് സന്തോഷമുണ്ട്. അതിൽ ആകെയുള്ള വിഷമം മൂന്ന് പ്രതികളെ അവർ മുമ്പ് ജയിൽ ശിക്ഷ അനുഭവിച്ച കാരണം വെറുതെ വിടുന്നു എന്ന് പറയുന്നതാണ്. അത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. കാരണം എനിക്ക് നഷ്ടപ്പെട്ടുപോയ എന്റെ കൂടപ്പിറപ്പിനെ ഒരിക്കലും തിരിച്ചുകിട്ടാൻ പോകുന്നില്ല. എത്ര ശിക്ഷ അനുഭവിച്ചാലും ഇല്ലെങ്കിലും പ്രതികളെല്ലാം അവരുടെ കുടുംബത്തോടൊപ്പം ഇന്നും സുരക്ഷിതരായി ഇരിക്കുകയായിരുന്നു. വർഷം അഞ്ച് കഴിഞ്ഞിട്ടും ‍കൂടപ്പിറപ്പിന് നീതി കിട്ടാൻ വേണ്ടി ഞങ്ങൾ കോടതി കയറി ഇറങ്ങി നടക്കുകയായിരുന്നു. ഒഴിവാക്കപ്പെട്ടവർക്ക് കൂടി ശിക്ഷ നൽകണം എന്നാണ് എന്റെ അഭിപ്രായം. കോടതി വിധിയിൽ ഒരുപാട് സന്തോഷമുണ്ട്. അഞ്ച് വർഷമാണ് ഇതിനായി ഞങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നത്. കൂടപ്പിറപ്പിനെ തിരിച്ചുകിട്ടില്ലെങ്കിലും ഇത് അവന് കിട്ടിയ നീതിയാണെന്ന് തന്നെ കരുതുന്നു. ഇനി ഒരു കുടുംബത്തിനും ഇത് സംഭവിക്കരുത്. മധുവിന്റെ അനുഭവം ഇനി ഒരാൾക്കും ഉണ്ടാകരുത് എന്നാണ് എനിക്ക് പറയാനുള്ളത്.

വിധിക്ക് കോടതിക്ക് മുന്നിൽ നടന്ന തർക്കം. ഫോട്ടോ: ആരതി എം.ആർ

ഭാഗ്യവതി (വാളയാറിൽ കൊല്ലപ്പെട്ട കുട്ടികളുടെ അമ്മ)

മക്കളുടെ കേസിൽ പൊലീസുകാർ അന്വേഷണം തുടങ്ങിയെങ്കിലും ഒന്നും അല്ലാതെയായി പോയതാണ്. നമുക്ക് അനുകൂലമായിട്ടല്ല കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. അത് നമ്മൾ പരാതിപ്പെട്ടതിനെ തുടർന്ന് സി.ബി.ഐ വന്ന് കേസ് അന്വേഷണം തുടങ്ങി. സി.ബി.ഐ അന്വേഷണം എങ്ങനെയാണ് മുന്നോട്ടുപോകുന്നത് എന്നത് കോടതിയിൽ എത്തിക്കഴിയുമ്പോഴേ പറയാൻ കഴിയൂ. അന്വേഷണം തൃപ്തികരമാണോ എന്ന് എങ്കിൽ മാത്രമേ പറയാൻ കഴിയൂ. കൊലപാതമാണ് എന്ന് എത്തിയാൽ മാത്രമേ നമുക്ക് അത് തൃപ്തികരമാണ് എന്ന് പറയാൻ കഴിയൂ. എങ്ങനെയാണ് അന്വേഷണം മുന്നോട്ടുപോകുന്നത് എന്ന് ഇപ്പോൾ അറിയില്ല. മധുവിന്റെ കേസിന്റെ വിധി കേൾക്കുമ്പോൾ ഒരുപാട് പ്രതീക്ഷയുണ്ട്. മക്കളുടെ കൊലപാതകികളെ കണ്ടെത്താൻ കഴിയും എന്നതിൽ കുറച്ചുകൂടി പ്രതീക്ഷ വന്നു. മധുവിന്റെ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറെ തന്നെ നമ്മുടെ കേസിലും വേണം എന്ന് കോടതിയിൽ അപേക്ഷ കൊടുത്തിട്ടുണ്ട്. അത് സർക്കാർ തന്നെ തീരുമാനമാക്കും എന്നാണ് അറിയുന്നത്.

അഡ്വ. രാജേഷ് മേനോൻ കോടതി വരാന്തയിൽ. ഫോട്ടോ: ആരതി എം.ആർ

അഡ്വ. രാജേഷ് മേനോൻ (പബ്ലിക് പ്രോസിക്യൂട്ടർ)

ആശ്വാസ വിധിയാണ് ഇത്. നമ്മൾ ആവശ്യപ്പെട്ടിട്ടുള്ളത് പരമാവധി ശിക്ഷ കൊടുക്കണം എന്നാണ്. കോടതിയാണ് അത് തീരുമാനിക്കേണ്ടത്. 16-ാം പ്രതിക്ക് ആകെ 352ൽ മാത്രമാണ് കുറ്റം കണ്ടെത്തിയിട്ടുള്ളത്. അത് മൂന്ന് മാസം മാത്രം ജയിൽ ശിക്ഷയുള്ള വകുപ്പാണ്. അതുകൊണ്ടുതന്നെ അയാൽ നിലവിൽ വിചാരണ സമയത്ത് കിടന്ന കാലയളവ് ശിക്ഷയിൽ നിന്നും ഒഴിവാക്കി കൊടുക്കുന്ന സ്ഥിതി വരുമ്പോൾ അയാളെ വെറുതെ വിടും. ബാക്കിയുള്ളവർക്ക് ശിക്ഷയുണ്ടാകും. ചെയ്യേണ്ട കാര്യങ്ങൾ കാലോചിതമായി ചെയ്തു എന്നതാണ് മധുവിന്റെ കേസിൽ ഇപ്പോൾ ഉണ്ടായ വിജയം. കേസ് വിജയിക്കാൻ വേണ്ടതെല്ലാം ശ്രമിച്ചു. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു വിധി വന്നതിൽ വളരെ സന്തോഷമുണ്ട്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

April 4, 2023 10:22 am