കരോഷി : അമിതാദ്ധ്വാനത്തിൽ നിന്നുള്ള മരണം

“But in its blind unrestrainable passion, its were-wolf hunger for surplus -labour, capital oversteps not only the moral, but even the merely physical maximum bounds of the working-day. It usurps the time for growth, development, and healthy maintenance of the body. It steals the time required for the consumption of fresh air and sunlight. it higgles over meal-time incorporating it where possible with the process of production itself, so that food is given to the labourer as to a mere means of production, as coal is supplied to the boiler, grease and oil to the machinery. It reduces the sound sleep needed for the restoration, reparation, refreshment of the bodily powers to just so many hours of torpor as the revival of an organism absolutely exhausted, renders essential… Capital cares nothing for the length of life of labour-power. All that concerns it is simply and solely the maximum of labour-power, that can be rendered fluent in a working day. It attains this end by shortening the extent of the labourers life, as a greedy farmer snatches increase produce from the soil by robbing its of its fertility.”

Karl Marx, The Working day, Capital- vol-I

ഇന്ത്യൻ നിരത്തുകളെ കീഴടക്കിയിരിക്കുന്ന ഏറെ സൗന്ദര്യമുള്ളതും വൈവിധ്യമാർന്ന ഡിസൈനിലുള്ളതുമായ മാരുതി കാറുകൾ വിവിധ സാമ്പത്തിക ശ്രേണികളിൽ ഉൾപ്പെടുന്ന ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ ഏറ്റവും ഇഷ്ടമുള്ള വാഹനം എന്ന നിലയിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ആകർഷിച്ചു പോരുന്നു. ഒരു ഇന്ത്യൻ നിർമിത വാഹനം എന്ന നിലയിലും ഇതിനു സ്വീകാര്യതയുണ്ട്. എന്നാൽ സുസുകി എന്ന ജാപ്പനീസ് മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള മാരുതി കോർപ്പറേഷന്റെ ഫാക്ടറികളിലെ തൊഴിൽ സമരത്തെക്കുറിച്ച് വളരെ പരിമിതമായി മാത്രമേ ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറുള്ളൂ. വൻകിട കാർ നിർമാതാക്കളുടെ ഫാക്ടറികളിൽ നടക്കുന്ന കൊടിയ തൊഴിലാളി ചൂഷണം നവഉദാരവൽക്കരണ വികസനത്തിനോടുള്ള അകമഴിഞ്ഞ പിന്തുണ നിമിത്തം പൊതു ചർച്ചയാകാതിരിക്കാൻ വൻകിട വ്യവസായങ്ങൾക്ക് സാധിക്കുന്നു. കാറിന്റെ ഡിസൈനും അതിന്റെ മറ്റു സാങ്കേതിക സവിശേഷതകളും മാത്രമാണ് പൊതുമണ്ഡലത്തിൽ പ്രത്യക്ഷമാകാറുള്ള വിവരങ്ങൾ. സൗന്ദര്യത്തിന്റെയും സാങ്കേതിക ശേഷിയുടെയും ഇന്ത്യയുടെ തന്നെ വളർച്ചയുടേയുമൊക്കെ പ്രതീകമായി പ്രദർശിപ്പിക്കപ്പെടാറുള്ള അത്യന്താധുനിക വാഹനങ്ങളിൽ അധ്വാനിക്കുന്ന വർഗ്ഗത്തിന്റെ ചോരപുരണ്ടിരിക്കുന്നു എന്നുള്ളത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അടിസ്ഥാന സൗകര്യ വികസനം, വ്യവസായിക വളർച്ച, വിദേശ നിക്ഷേപം തുടങ്ങിയ മായാലോകത്തിൽ തൊഴിലാളി ചോര നീരാക്കി അദ്ധ്വാനിച്ചതിന്റെയും പിന്നീട് എല്ലാം നഷ്ടപ്പെടേണ്ടി വന്നതിന്റെയും പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് ജീവിതം തള്ളപ്പെട്ടതിന്റെയും വിവരങ്ങളും വിവരണങ്ങളും വളരെ വളരെ അപൂർവമായി മാത്രം വെളിച്ചം കാണാറുള്ള വാർത്തകളാണ്. അശുഭകരമാണെന്ന് അനുഭവപ്പെടുന്നതുകൊണ്ടാകാം അഭിവൃദ്ധിയുടെ വ്യക്തിതിഹാസ് ഗാഥകളും ചിലപ്പോഴൊക്കെ ഇതിന്റെ പിറകിലെ കൊടിയ അഴിമതി കഥകളും മാത്രമേ വാർത്തയിലും ചർച്ചയിലും ഇടംപിടിക്കാറുള്ളൂ. അധ്വാനിക്കുന്ന വർഗ്ഗത്തിന്റെ ദൈനംദിന അതീജീവനത്തിന്റെ യാഥാർഥ്യത്തെ പരമാവധി ഒഴിവാക്കി നിറുത്താൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. എങ്കിലും, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഓട്ടോമേഷന്റെ നൂതനത്വത്തെ പുൽകാൻ തയ്യാറായി നിൽക്കുന്ന ലോകത്തിന് മുന്നിൽ ഓർമ്മയിൽ പോലും അവശേഷിക്കാത്ത പത്തൊൻപത്താം നൂറ്റാണ്ടിലെ പ്രാകൃത ഫാക്ടറി മുതലാളിത്തത്തിന്റെയും മാനേജ്‌മെന്റിലെ പ്രാചീനമായ ടൈലറിസത്തിന്റെയും സമീപകാല തുടർച്ചകൾ വൻകിട കാർ നിർമ്മാണ ഫാക്ടറികളിൽ നടപ്പിലാക്കപ്പെടുന്നു എന്നുള്ള യാഥാർത്ഥ്യത്തേക്കുറിച്ചുള്ള തിരിച്ചറിവ് ഇന്ത്യൻ മധ്യവർഗ്ഗത്തെ ഏതു നിലയിൽ ബാധിക്കുമെന്നറിയില്ല എങ്കിലും നമ്മുടെ പുരോഗമന മനസാക്ഷിക്ക് മുമ്പിലേക്ക് വൻകിട കാർ നിർമാണ ഫാക്ടറികളിലെ തൊഴിലാളികൾ അവരുടെ അനുഭവങ്ങളിൽ കൊരുത്ത പ്രധാന ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. ഈ അനുഭവങ്ങളെ പകർത്തിയിരിക്കുന്നു അഞ്ജലി ദേശ്‌പാണ്ഡെയും നന്ദിത ഹസ്കറും എഴുതിയ ‘Japanese Management Indian Resistance’ എന്ന പുസ്തകം.

മാരുതിയുടെ മനേസർ ഫാക്ടറി

അദ്ധ്വാന സമയത്തെ ദീർഘിപ്പിച്ചും തൊഴിൽ സ്ഥിരത നിഷേധിച്ചും തൊഴിൽ വേളകളിൽ സർവേലൻസ് ഉൾപ്പെടെ പലവിധം ശിക്ഷണങ്ങൾക്ക് വിധേയപ്പെടുത്തിയും തൊഴിലാളിയുടെ ചോരയൂറ്റികുടിച്ചുക്കൊണ്ടു അതിജീവനത്തിനൊടുവിൽ വെറും മാംസപിണ്ഡമായി മാത്രം അവശേഷിക്കുന്ന വിധം അദ്ധ്വാന ചൂഷണത്തിന്റെ പത്തൊൻമ്പതാം നൂറ്റാണ്ടിലെ ഫാക്ടറി മുതലാളിത്തത്തിന്റെ പ്രകൃത ദശയിലേക്ക് തിരികെ പോവുകയാണ് വൻകിട കാർ നിർമ്മാണശാലകൾ. അവകാശപോരാട്ടങ്ങളിലൂടെ നേടിയെടുത്ത ആധുനിക തൊഴിൽ നിയമങ്ങളെല്ലാം ഒന്നൊന്നായി അന്താരാഷ്ട്ര മൂലധന താല്പര്യങ്ങൾക്ക് അനുകൂലമായി തിരുത്തിയെഴുതപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഏറ്റവും പുതിയ സംഭവവികാസമാണ് തമിഴ്നാട്ടിലെ ദ്രാവിഡ സർക്കാർ ഒരു ദിവസത്തെ അദ്ധ്വാന സമയം എട്ടു മണിക്കൂറിൽ നിന്ന് പന്ത്രണ്ടാക്കാൻ നടത്തിയ നീക്കം. എട്ടുമണിക്കൂർ അദ്ധ്വാന സമയത്തിനായി തൊഴിലാളികൾ നടത്തിയ അവകാശ സമരങ്ങൾ എത്ര പെട്ടെന്നാണ് ആധുനിക ജനാധിപത്യ സർക്കാരുകൾ വിസ്മരിച്ചത്. ആധുനികതയിൽ നിന്ന് പിറകോട്ട് പോകുന്ന രാഷ്ട്രീയ നിലപാടുകളുടെ ഭാഗമാണിത്. തൊഴിൽ നിയമങ്ങളിൽ നവഉദാരവത്കൃത മുതലാളിത്തത്തിന്റെ അമിതലാഭ താല്പര്യങ്ങൾക്കനുസൃതമായി ഏറ്റവുമധികം തവണ ഭേദഗതിവരുത്തിയ സർക്കാരുകളിൽ പ്രഥമസ്ഥാനത്താണ് ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ.

ഇന്ത്യയിൽ വിദേശനിക്ഷേപത്തിന് കൂടുതൽ സൗകര്യമൊരുക്കാനായി തൊഴിൽ നിയമങ്ങളിലെ അവകാശസംബന്ധമായ വകുപ്പുകളിലെല്ലാം തന്നെ വെള്ളം ചേർക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയിൽ സ്ഥാപിതമായിരിക്കുന്ന വിദേശ കമ്പനികളുടെ ഫാക്ടറികളിൽ കൊടിയ ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന തൊഴിലാളികളുടെ ജീവിതം കൂടുതൽ കൂടുതൽ ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങൾ എത്രയോ കാലമായി തൊഴിൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ സ്വയം വിലക്കിയിരിക്കുന്നു. തൊഴിൽ ചൂഷണത്തിന്റെ പ്രശ്നം റിപ്പോർട്ട് ചെയ്യുന്നത് വിദേശ നിക്ഷേപാശ്രിതമായ വികസനത്തെ ബാധിക്കുമെന്നുള്ള ഭരണവർഗ്ഗപരമായ പ്രത്യയശാസ്ത്ര ബോധമാണ് ഈ സവിശേഷമായ സെൻസറിങ്ങിനുള്ള പ്രധാന കാരണം തന്നെ. നീറിപുകഞ്ഞുകൊണ്ടിരിക്കുന്ന ഫാക്ടറികളിൽ മാനേജ്മെന്റ് തന്നെ നിയമവിരുദ്ധമായി നിയോഗിച്ച സെക്യൂരിറ്റി സ്റ്റാഫ് എന്ന പേരിലുള്ള ഗുണ്ടകളുടെ കായികമായി തന്നെയുള്ള പീഡനങ്ങൾക്ക് മുമ്പാകെ നിസഹായരായി തീർന്നിരിക്കുന്നു തൊഴിലാളികൾ. പൊതുവിൽ മാധ്യമങ്ങളാൽ പ്രശംസനീയ വാക്കുകളിൽ സ്തുതിക്കപ്പെടുന്ന വ്യവസായ ശാലകളും മാനേജമെന്റും പി ആർ പ്രവർത്തനങ്ങളിലൂടെ ഫാക്ടറിയുടെ ഫ്ലോറുകളിൽ നടക്കുന്ന തൊഴിൽ ചൂഷണത്തെ മറച്ചുപിടിക്കാനാകുന്നു. ഒരുപക്ഷെ ഇതിനെ സംബന്ധിച്ചുള്ള ഏറ്റവും നല്ല ഉദാഹരണം ജപ്പാൻ മാനേജമെന്റിന്റെ നേതൃത്വത്തിലെ മാരുതി ഫാക്ടറികളിൽ നടക്കുന്ന തൊഴിലാളി ചൂഷണം തന്നെ.

മനേസർ ഫാക്ടറിയിലെ തൊഴിലാളി സമരം

ഉദാരവത്കരാനന്തര ഇന്ത്യയുടെ നിരത്തുകളെ കീഴടക്കിയിരിക്കുന്ന മാരുതി ഒരു ഇന്ത്യൻ പൊതുമേഖല സ്ഥാപനമാനെന്നു ചിലരെങ്കിലും തെറ്റിദ്ധരിച്ചിരിക്കുന്നുണ്ടാവാം. ജാപ്പനീസ് സുസുകിയുടെ സ്വകാര്യ കമ്പനിയാണ് മാരുതി. മാരുതി കാറുകളുടെ തൊഴിൽ നിർമാണ ശാലയിൽ നടന്ന തൊഴിൽ സമരങ്ങളും തുടർന്നുണ്ടായ ആക്രമങ്ങളുടെയും തൊഴിലാളി വിരുദ്ധ നടപടികളുടെയും സമയത്തും മാരുതി കാറിന്റെ രൂപകല്പനയെക്കുറിച്ചുള്ള ചില അർദ്ധോക്തി കലർന്ന അഭിപ്രായ പ്രകടനങ്ങളാണ് മലയാളത്തിൽ പോലും എഴുതപ്പെട്ടത്. നവഉദാരവത്കരണത്തിന് ശേഷം ഇന്ത്യ കണ്ട പ്രധാനപ്പെട്ടൊരു തൊഴിൽ സമരം മാരുതിയുടെ മനേസർ ഫാക്ടറിയിൽ 2011-12 കാലത്തിൽ നടന്നിരുന്നു. മാരുതിയിലെ സ്വതന്ത്ര യൂണിയനു ഇതിനുമുമ്പുള്ള ഒരു ഘട്ടത്തിൽ നേതൃത്വം കൊടുത്തത് മാത്യു എബ്രഹാമായിരുന്നു. മലയാളിയായിട്ടും സമരത്തിന്റെ കാര്യകാരണങ്ങളെക്കുറിച്ച് മലയാളത്തിൽ എവിടെയും വ്യക്തമായ റിപ്പോർട്ട് വന്നതായി ഓർക്കുന്നില്ല. തൊഴിലാളികളുടെ സമരം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങൾ എന്നോ പിൻവാങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് മാരുതിയെക്കുറിച്ചുള്ള ചില പൊതുധാരണകൾ ഇന്നും പഴയപടി തന്നെ തുടരുന്നത്. ഈ പൊതുധാരണയനുസരിച്ച് 1970 -ൽ സഞ്ചയ് ഗാന്ധിയുടെ പ്രതാപകാലത്ത് ആരംഭിച്ചതാണ് ജനകീയ കാർ നിർമ്മാണത്തിനായുള പ്രവർത്തനം. ജനങ്ങളുടെ കാർ (വോക്‌സ്വാഗൺ) എന്ന സങ്കൽപത്തിന്റെ ആവിർഭാവം നാസി വ്യവസായവൽക്കരണ പദ്ധതികളിലാണ്. സഞ്ചയ് ഗാന്ധി ഒരു സാമ്രാജ്യം സ്ഥാപിക്കാനാണ് ഒരുമ്പെട്ടത്. അതിനായി കർഷകരെ കുടിയൊഴിപ്പിച്ച് ഹരിയാനയിൽ ഇന്ദിരഗാന്ധിയുടെ ഏറ്റവും വലിയ അനുയായിയായിരുന്ന ബൻസിലാൽ സ്ഥലം കണ്ടെത്തിയെങ്കിലും ഫാക്ടറി നിർമ്മാണം പിന്നെയും വൈകി. 1983 -ലാണ് ആദ്യ മാരുതി കാർ പുറത്തുവരുന്നത്. ഇതിനിടയിൽ സഞ്ചയ് ഗാന്ധിയുടെ അവിചാരിത മരണത്തെ തുടർന്ന് മാരുതി ഉദ്യോഗ് സർക്കാർ ഏറ്റെടുത്തിരുന്നു. 81-ൽ കാർ നിർമ്മാണം യാഥാർഥ്യമാക്കാമെന്ന ഉദ്ദേശത്തോടെ സുസുകി മോട്ടോർ കോർപുമായി സംയുക്ത സംരംഭത്തിൽ പങ്കാളിയായി. എങ്കിലും കേന്ദ്ര സർക്കാരിന് തന്നെയായിരുന്നു ഉടമസ്ഥത. കൃഷ്ണമൂർത്തിയാണ് ആദ്യത്തെ ചെയർമാൻ. ഹരിയാന മുഖ്യമന്ത്രി ബൻസിലാലാണ് കോർപ്പറേറ്റ് ഓട്ടോമൊബൈൽ വ്യവസായത്തിന് അടിത്തറയിട്ടത്. മാരുതിക്കായി ഏറ്റെടുത്ത മനേസർ പ്രദേശവും ഗുർഗവുമുൾപ്പെടെ കോർപ്പറേറ്റ് ഓട്ടോ ഹബായി 2011 -ൽ പ്രഖ്യാപിക്കപ്പെട്ടു. 2003 -ൽ തന്നെ സർക്കാർ നിയന്ത്രണത്തിലായിരുന്നതും ലാഭകരമായി പ്രവർത്തിച്ചിരുന്നതുമായ മാരുതി ഉദ്യോഗ ലിമിറ്റഡ് സുസുകി കോർപറേഷനു വിറ്റു. ജപ്പാനിലെ സുസുകി കോർപ്രേഷന്റെ ഭാഗമായ സുസുകി മാരുതി കോർപ്പറേഷനാണ് ഇന്ന് മാരുതിയുടെ ഉടമസ്ഥർ. 2017 -ൽ ഗുജറാത്തിൽ ഫാക്ടറി ആരംഭിച്ചു. ഇതിന്റെ പരിപൂർണ ഉടമസ്ഥത വിദേശ കമ്പനിയായ സുസുകിക്കാണ്.

സുസുകിയുടെ പരിപൂർണമായ നിയന്ത്രണത്തിലായതോടെ സുസുകി കൂടുതൽ കൂടുതൽ ലാഭം കൊയ്യാൻ തുടങ്ങി. പക്ഷെ ഇതോടെ തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതപൂർണമാവാനും തുടങ്ങി. സുസുകി അതുവരെയുണ്ടായിരുന്നതിൽ അധികമായി ഫാക്ടറിയിൽ ഓട്ടോമേഷൻ നടപ്പാക്കി. ഫാക്ടറി ഫ്ലോറിൽ റോബോട്ടുകളുടെ എണ്ണം പെരുകി. റോബോട്ടുകളുടെ എണ്ണം പെരുകുന്ന കണക്ക് തൊഴിലാളികളുടെ അപമാനവീകരണവും ത്വരിതഗതിയിലായി. തൊഴിലാളികൾ തൊഴിൽ സാഹചര്യത്തെപ്പറ്റി പരാതികൾ ഉന്നയിക്കാൻ തുടങ്ങി. എന്നാൽ മാരുതിയിലെ തൊഴിലാളികൾക്ക് ഉൾക്കൊള്ളാനാവുന്നതായിരുന്നില്ല ജാപ്പനീസ് മാനേജ്‌മെന്റിന്റെ പ്രവർത്തന ശൈലി. ജാപ്പനീസ് തൊഴിൽ സംസ്കാരത്തെ ഒരു സവിശേഷ പ്രതിഭാസമായ ‘കരോഷി’യെക്കുറിച്ചു തൊഴിലാളികൾ അജ്ഞരായിരുന്നു. കരോഷി എന്നാൽ ‘അമിതാദ്ധ്വാനത്തിന്റെ ഫലമായുള്ള മരണം.’ നിർബന്ധിതമായ അമിതാദ്ധ്വാനമാകുമ്പോൾ ഇതിനെ മരണമെന്നാണോ കൊലപാതകമെന്നാണോ വിളിക്കേണ്ടത്? തൊഴിലാളികൾ പലതലത്തിലുമുള്ള ശിക്ഷണത്തിനും വിധേയമാക്കപ്പെട്ടു. തുടക്കം മുതൽക്കേ മാരുതി തൊഴിലാളികൾ നിയമത്തിന്റെ കൂട്ടായ അവകാശപേശലുകൾക്കായി സംഘടിച്ചു തുടങ്ങിയിരുന്നു. എന്നാൽ നിർണായകമായി മാറിയത് 2011-2012 കാലത്തിലെ ഫാക്ടറി തൊഴിലാളികളുടെ പ്രതിഷേധ സമരങ്ങളാണ്. എന്നാൽ ഇതിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച മാനേജ്‌മെന്റിന് സർക്കാരിന്റെ സഹായത്തോടെ തൊഴിലാളികളുടെ മേൽ വിജയം നേടാൻ കഴിഞ്ഞു. വലിയ തിരിച്ചടിയാണ് തൊഴിലാളികൾ നേരിടേണ്ടി വന്നത്. ഒരു മാനേജരുടെ മരണത്തിന് തൊഴിലാളികൾ പ്രതിചേർക്കപ്പെട്ടതോടെ തൊഴിലാളികൾ ഒന്നടങ്കം പ്രതിസന്ധിയിലായി. അറസ്റ്റ്, കസ്റ്റഡി പീഡനം തുടങ്ങി അത്യധികം ദുരിതത്തിലൂടെയാണ് തൊഴിലാളികൾക്ക് കടന്നുപോകേണ്ടി വന്നത്. നവഉദാരവത്കരണത്തിന്റെ തൊഴിലാളി വിരുദ്ധ സമീപനം അതോടെ വ്യവസ്ഥാപിതമായി.

തൊഴിൽ സമരത്തിന്റെ ലഘു ചരിത്രം

മാരുതിയുടെ മനേസർ ഫാക്ടറിയിൽ കുറച്ചുനാളായി തുടരുന്ന ജാപ്പനീസ് മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളുടെ ഭാഗമായി പുകഞ്ഞുക്കൊണ്ടിരുന്ന അസ്വസ്ഥതയുടെ ഒരു ഘട്ടത്തിലാണ് 2012 ജൂലൈ 18ന് മാരുതി സുസുകി ഫാക്ടറിയുടെ ഒരു ഭാഗം അഗ്നിക്കിരയാക്കുന്നത്. അവാനിഷ് കുമാർ ദേവ് എന്ന യുവ മാനേജർ ഇതിൽ മരണപ്പെട്ടു. മറ്റനേകം മാനേജർമാർക്കും ശാരീരികക്ഷതങ്ങളുണ്ടായി. അന്വേഷണങ്ങൾ നടക്കും മുമ്പ് തന്നെ തീ പടർത്തിയതിനും മാനേജരുടെ ദാരുണമായ അന്ത്യത്തിനും തൊഴിലാളികളെയാണ് ഉത്തരവാദികളാക്കിയത്. സംഭവത്തിന്റെ തൊട്ടു പിന്നാലെ ദിവസങ്ങൾക്കുള്ളിൽ തന്നെ തൊഴിലാളികൾക്കതിരെ പിരിച്ചുവിടലുൾപ്പെടെയുള്ള നടപടികൾ സുസുകി മാനേജ്‌മെന്റ് സ്വീകരിച്ചു. തൊഴിലാളിക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ട എഫ് ഐ ആറിൽ അമ്പത്തി നാല് മാരുതി തൊഴിലാളികളെയാണ് പ്രതി ചേർക്കപ്പെട്ടത്. ആഗസ്റ്റ് മാസത്തോടെ 146 തൊഴിലാളികളെ അറസ്റ്റ് ചെയ്തിരുന്നു. ആഗസ്റ്റ് 2012 -ൽ മാരുതി ഫാക്ടറി പ്രവർത്തനം പുനരാരംഭിച്ചതോടെ 2500 തൊഴിലാളികളെ പിരിച്ചുവിടപ്പെട്ടു. ഇതിൽ 546 പേര് സ്ഥിരം ജീവനക്കാരായിരുന്നു. മനേസർ ഫാക്ടറിയിലുണ്ടായ ഈ നിർഭാഗ്യകരമായ സംഭവത്തോടെ ജപ്പാനീസ് മാനേജ്‌മെന്റിന് വ്യവസ്യത്തിനുമേൽ പരിപൂർണ അധികാരം കൈവന്നു. സർക്കാരുകൾ മാനേജ്‌മെന്റ് പറയുന്നതെന്തും അംഗീകരിക്കുന്ന സ്ഥിതിയായി. മാരുതി ഫാക്ടറിയുടെ ആരംഭം മുതൽ തൊഴിലാളികൾ അനുഭവിക്കേണ്ടി വന്ന ദൈനംദിന പീഡനങ്ങളുടെയും അപമാനവീകരണങ്ങളുടെയും സംഭവഗതികളും അതിനാധാരമായ സന്ദർഭങ്ങളുടെ വസ്തുതകളുമാണ് അഞ്ജലി ദേശ്പാണ്ഡേയും നന്ദിത ഹസ്കറും ഒരുമിച്ചെഴുതിയ ജാപ്പനീസ് മാനേജ്‌മെന്റ് ഇന്ത്യൻ ചെറുത്തുനിൽപ്‌ മാരുതി തൊഴിലാളികളുടെ പോരാട്ടം (Japanese Management, India Resistance: The Struggles of Maruti Suzuki Workers, Anaji Deshpande, Nandita Haskar, Speaking Tiger, 2023) എന്ന പുസ്തകത്തിൽ വിവരിക്കുന്നത്. ഇവർ അഭിമുഖം നടത്തിയ തൊഴിലാളികളുടെ കാഴ്ചപ്പാടിൽ നിന്നാണ് സംഭവങ്ങൾ വിവരിക്കപ്പെടുന്നത്. പല രീതികളിലും നിശ്ശബദമാക്കപ്പെടുന്ന തൊഴിലാളികളുടെ അനുഭവങ്ങൾക്കും നീരിക്ഷണങ്ങൾക്കും കേൾക്കപ്പെടാനുള്ള അവസരം ഇതിലൂടെലഭിക്കുന്നു എന്നത് തന്നെ പ്രധാനമാണ്. നവഉദാരവത്ക്കാനന്തര അദ്ധ്വാനവർഗ്ഗത്തിന്റെ ജീവിതവ്യവസ്ഥയുമായി ബന്ധപ്പെടുത്തി സാമൂഹ്യശാസ്ത്രപരമായ ഒരു നൂതന ജ്ഞാനവ്യവഹാരം എന്ന നിലയിലും ഈ അന്വേഷണപഠനം പ്രസക്തമാകുന്നു.

Japanese Management, India Resistance ബുക്ക് കവർ

സാമൂഹ്യശാസ്ത്രപരമായ അന്വേഷണാത്മക സമീപനത്തിന് അവലംബമാക്കിയിരിക്കുന്നത് മാരുതിയിൽ പലഘട്ടങ്ങളിലേയും ജോലി ചെയ്തിരുന്നവരുടെയും സംഘടനാ പ്രവർത്തനം നയിച്ചിരുന്നവരുടെ അനുഭവ വിവരണങ്ങളാണ്. 2012 മനേസർ മാരുതി പ്ലാന്റിലെ അക്രമസംഭവത്തെക്കുറിച്ചുള്ള തൊഴിലാളികളുടെ വാക്കുകളിലൂടെ തെളിയുന്നത് സംഭവത്തിലെ ദുരൂഹതയാണ്. തൊഴിലാളികളാണ് പ്രതിചേർക്കപ്പെട്ടതും ശിഷിക്കപ്പെട്ടതുമെങ്കിലും, ഫാക്ടറിയുടെ ഒരുഭാഗം കത്തിച്ചതും അവാനിഷ് കുമാർ മാനേജരുടെ ദാരുണമായ മരണത്തിനും മാനേജ്‌മെന്റ് തൊഴിലാളികളെ നിയന്ത്രിക്കാൻ വേണ്ടി നിയോഗിച്ചിട്ടുള്ള ചട്ടമ്പികളാണെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. 2012 ജൂലൈ18 ന് മരുതിയിലെ ജിയാ ലാൽ എന്ന തൊഴിലാളി മറ്റൊരു മാനേജരായ സംഗ്രാം കുമാർ മാജിയുമായി ചെറിയ തോതിൽ കശപിശയുണ്ടായിരുന്നു. ദലിതായ ജിയാ ലാലിനെ ജാതീയ അധിക്ഷേപം നടത്തി എന്നതിനെ ചൊല്ലിയാണ് കശപിശയുണ്ടായതായി തൊഴിലാളികൾ പറയുന്നത്. അന്നേ ദിവസം തന്നെ ജിയാ ലാലിനെ സസ്‌പെൻഡും ചെയ്തിരുന്നു. പക്ഷെ അന്നേ ദിവസം വൈകുന്നേരമാകുമ്പോഴേക്കും സംഗതി ആകെ സങ്കീർണമായി. തൊഴിലാളികളുടെ ആരോപണമനുസരിച്ചു ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റിൽ മാനേജ്‌മെന്റ് നിയോഗിച്ച ചട്ടമ്പികൾ തൊഴിലാളികളുടെ യൂണിഫോം ധരിച്ചുക്കൊണ്ടു ഫാക്ടറിയിൽ പ്രവേശിക്കുകയും സംഘർഷസ്ഥിതി സൃഷ്ടിക്കുകയും ചെയ്തുവെന്നാണ്. അവാനിഷ് കുമാറിന്റെ മരണത്തിനു ഉത്തരവാദി ഇവരാണെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. ഈ വിഷയം അവർ പോലീസിൽ അറിയിക്കുകയും ചെയ്തിരുന്നു. എങ്കിലും ആ ദിശയിൽ ഒരന്വേഷണവും പോലീസ് നടത്തിയില്ല മാരുതി സുസുകിയുടെ മാനേജ്‌മെന്റ് എന്ത് ആഗ്രഹിച്ചുവോ ആവിധമാണ് പോലീസ് അന്വേഷണവും കലാശിച്ചത്.

തുടർന്ന് മാരുതിയിലെ 146 തൊഴിലാളികൾ പ്രതിചേർക്കപ്പെടുകയും അവരുടെ തുടർന്നുള്ള ജീവിതം ജയിലും കോടതിയുമായി തീർന്നു. മൂന്നാം മുറയ്ക്കും ഇരയായി. മുഖ്യ പ്രതിയായി ശിക്ഷിക്കപ്പെട്ട ജിയാ ലാൽ 2017 -ൽ അർബുദ രോഗത്തെ തുടർന്ന് മരണപ്പെട്ടു. ഭാര്യയും രണ്ടു കുട്ടികളുമടങ്ങിയതാണ് ജിയാ ലാലിനെ കുടുംബം. ജിയാ ലാലിന്റെ മാത്രമല്ല ഓരോ തൊഴിലാളികളുടെയും കുടുംബവും അവരോടൊപ്പം ദുരിതങ്ങൾ നേരിടേണ്ടി വന്നു. പ്രധാനമായും ഹരിയാന-ഉത്തർപ്രദേശ് മേഖലകളിൽ നിന്നും വരുന്ന തൊഴിലാളികൾ സാമൂഹികമായും സാമ്പത്തികമായും പിന്നാക്ക സാഹചര്യങ്ങളിൽ നിന്ന് വരുന്നവരാണ്. അവരിൽ മിക്കവരും അവരുടെ കുടുംബങ്ങളിൽ ഐ.റ്റി.ഐ വിദ്യഭ്യാസം നേടി കർഷക തൊഴിൽ ജീവിതത്തിന് പകരം ആദ്യമായി ഫാക്ടറി തൊഴിൽ ലഭിക്കുന്ന ആദ്യ വ്യക്തികളാണ്. വളരെയധികം പ്രതീക്ഷയോടെയാണ് അവർ ഒരിക്കൽ സ്ഥിരപ്പെടുമെന്ന പ്രതീക്ഷയോടെ കരാർ വ്യവസ്ഥയിൽ ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ അവകാശ നിഷേധത്തോടൊപ്പം കഠിനമായ തൊഴിൽ സാഹചര്യവും അവരുടെ എല്ലാ പ്രതീക്ഷകളെയും തല്ലിക്കെടുത്തി. വിമതശബ്ദം ഉയർത്തുന്നവരെ കൈകാര്യം ചെയ്യാൻ മാനേജ്‌മെന്റ് തന്നെ ചട്ടമ്പികളെ നിയോഗിച്ചിരുന്നു എന്നതാണ് വസ്തുത. എല്ലാത്തരത്തിലും അപമാനവീകരിക്കുന്ന വിധമുള്ളതായിരുന്നു തൊഴിൽ സാഹചര്യം. അവർത്തിതമായ ഒരേ പണി ചെയ്യേണ്ടി വരിക എന്നത് മാത്രമല്ല ആവർത്തിതമായ ആ പണി തന്നെ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ചെയ്തുതീർക്കേണ്ടതുണ്ട്. സ്വയമൊരു റോബോട്ടായി പരിവർത്തനം ചെയ്യുക എന്നതാണ് പിടിച്ചുനിൽക്കാനുള്ള ഏക മാർഗം. തൊഴിലിനിടയിലെ ഇടവേള സമയവും വളരെ പരിമിതമായിരുന്നു. മൂത്രമൊഴിക്കാനും ചായ കുടിക്കാനുമായി ഏഴര മിനിട്ടാണ് അനുവദിക്കപ്പെട്ടിരുന്നത്. പ്രസ്തുത സമയം കഴിയുന്നതോടെ തിരിച്ച് ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ അത് മാസശമ്പളത്തെ ബാധിക്കും. ജാപ്പനീസ് മാനേജ്‌മെന്റ് വളരെ പ്രാകൃതമായ ഒരു തൊഴിൽ സംസ്കാരമാണ് ഫാക്ടറിയിൽ നിർബന്ധപൂർവും അടിച്ചേൽപ്പിച്ചിരുന്നത്. ഇത് മാരുതി സുസുകി ഫാക്ടറിയിലെ മാത്രം യാഥാർഥ്യമല്ല. കാർ നിർമ്മാണ ഫാക്ടറി മുതൽ മൊബൈൽ നിർമ്മാണ ഫാക്ടറികളിലും സമാനമായ തൊഴിൽ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ഇതിൽ നീരിക്ഷിക്കുന്നുണ്ട്. അഞ്ജലി ദേശ്‌പാണ്ഡെയും നന്ദിത ഹസ്കറും സൂചിപ്പിക്കുന്നത് പോലെ: “മാരുതി സുസുകിയിലെ തൊഴിലാളികളുടെ കഥ തൊഴിൽ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന സംഘടനകളുടെ കാര്യം മാത്രമല്ല; ഇത് പുതുതായി രൂപപ്പെട്ട ഇന്ത്യയുടെ യാഥാർഥ്യത്തിലേക്കുള്ള നോട്ടമാണ്. ഒരു ക്ഷേമ രാഷ്ട്രം കോർപ്പറേറ്റ് സ്റ്റേറ്റായി മാറിയതിന്റെ യാഥാർഥ്യം; പൗരന്മാരുടെ അവകാശത്തിനു മേൽ ലാഭം ആധിപത്യം നേടിയതിന്റെ സ്ഥിരീകരണം.”

മനേസർ ഫാക്ടറിയിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾ

ബഹുരാഷ്ട്ര കമ്പനിയായ സുസുകിയുടെ ഉടമസ്ഥതയിലുള്ള മാരുതിയിൽ ജോലി ലഭിക്കുക എന്നത് അഭിമാനകരമായി കരുതപ്പെട്ടിരുന്നു. ആദ്യം കരാർ അടിസ്ഥാനത്തിലും പിന്നീട് സ്ഥിരപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു തൊഴിലാളികൾ. 2011-ൽ 2500 റോബോട്ടുകളുടെ കൂടെയാണ് ഇവർ ജോലി ചെയ്തിരുന്നത്. മനേസർ 2012 സംഭവത്തോടെ വ്യാപകമായ പിരിച്ചുവിടലുണ്ടാവുകയും കരാർ വ്യവസ്ഥയിലുള്ള ജോലി അവസാനിപ്പിക്കുകയും ചെയ്തു. കരാർ വ്യവസ്ഥയിലാകുമ്പോൾ സ്ഥിരപ്പെടാനുള്ള സാധ്യത കൂടുതലായിരുന്നു. എന്നാൽ സുസുകി മാനേജ്‌മെന്റ് കരാർ വ്യവസ്ഥയിലെ നിയമനം നിർത്തലാക്കുകയും പകരമായി താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത്തിലേക്ക് നീങ്ങി. അപ്പോൾ സ്ഥിരപെടുക എന്ന വ്യവസ്ഥ അട്ടിമറിക്കപ്പെട്ടു. താത്കാലികമായി നിയമിക്കപ്പെടുന്നവർ പിന്നീട് തിരിച്ചെടുക്കപ്പെടാറില്ല ഇവരുടെ സ്ഥാനം റോബോട്ടുകളാൽ പകരം വെയ്ക്കപ്പെട്ടു. മാരുതിയുടെ സമ്പൂർണ സ്വകാര്യവത്കരണത്തിനുശേഷം സ്ഥിരം തൊഴിലാളികളുടെ എണ്ണം ഗണ്യമായി തന്നെ കുറഞ്ഞുവന്നു. ഇതെല്ലാം തന്നെ കൂട്ടായ അവകാശപോരാട്ടം എന്ന ഭരണഘടനയും അന്താരാഷ്ട്ര തൊഴിൽ വ്യവസ്ഥകളും അംഗീകരിക്കുന്ന സമീപനത്തിന് തിരിച്ചടിയായി. മനേസറിലെ തൊഴിലാളികൾക്ക് കൂട്ടായ അവകാശമുയർത്താനുള്ള സാഹചര്യമാണ് മാരുതി സുസുകി മാനേജ്‌മെന്റ് നിഷേധിച്ചത്. ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ഓട്ടോമൊബൈൽ ഫാക്ടറിയിൽ തൊഴിൽ നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കാമെന്നു മാത്രമല്ല അവരെ ക്രിമിനൽ കേസിലും മറ്റും ഉൾപ്പെടുത്തി ന്യായമായ വിചാരണ പോലും അനുവദിക്കാതെ ജീവപര്യന്തം ശിക്ഷിക്കാമെന്നും മാനേജ്‌മെന്റിന് തെളിയിക്കാൻ സാധിച്ചു. ഇന്ത്യ ഇന്ന് മാനുഫാക്ച്ചറിംഗ് ഹബ്ബായി മാറുന്നുവെന്ന് അവകാശപ്പെടുമ്പോൾ തൊഴിൽ നിയമലംഘനങ്ങളുടെയും അവകാശ നിഷേധങ്ങളുടെയും കാര്യം പലപ്പോഴും മറച്ചു വെയ്ക്കപ്പെടുകയാണ്. മൂലധന-ലാഭ താല്പര്യങ്ങൾക്കായി അന്യമായി തീരുമാനങ്ങൾ കൈക്കൊണ്ട് സർക്കാരും ഏജൻസികളും കോർപ്പറേറ്റുകളെ ഏതറ്റവരെയും സഹായിക്കാൻ തയ്യാറായതിൻെറയും വസ്തുത കൂടി ഈ അന്വേഷണാത്മക വിവരണങ്ങളിൽ നിന്ന് കണ്ടെത്താം.

മാരുതി ഉദ്യോഗ് ലിമിറ്റഡ് എന്ന അർദ്ധ പൊതുമേഖല സ്ഥാപനത്തെ സുസുകികകായി പൂർണമായും സ്വകാര്യവത്കരിക്കുകയായിരുന്നു. സുസുകിയാണ് പലപ്പോഴും എന്ത് എങ്ങനെ വേണമെന്നുള്ളത് തീരുമാനിച്ചിരുന്നത്. ടെക്നോളോജിയുടെ തദ്ദേശീയവൽക്കരണവും ടെക്നോളോജി കൈമാറ്റവും അട്ടിമറിക്കപ്പെട്ടു എന്ന തൊഴിലാളികളുടെയും സംഘടന നേതൃത്വത്തിലുണ്ടായിരുന്നവരുടെയും വാക്കുകളിൽ നിന്ന് മനസിലാക്കാം. സ്വകര്യവൽക്കരണത്തിന്റെ മാനദണ്ഡങ്ങൾ തീരുമാനിച്ചിരുന്നത് ജാപ്പനീസ് മാനേജ്‌മെന്റാണ്. തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തിനെക്കുറിച്ചുള്ള ഒരു കാര്യവും ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. കമ്പനിയുടെ സ്വകാര്യവൽക്കരണം യഥാർത്ഥത്തിൽ ജീവനുള്ള മനുഷ്യരെ ഒരു യന്ത്രമാക്കി പരിവർത്തനം ചെയ്യുന്നതിനുള്ള നിഷ്ഠൂരമായ പ്രക്രിയയിരുന്നു എന്നാണ് ഈ അന്വേഷണത്തിൽ നീരീക്ഷിക്കപ്പെടുന്നത്. മാരുതിയുടെ ഏറ്റവും പ്രസിദ്ധനായ ചെയർമാൻ എന്ന് വിശേഷിക്കപ്പെട്ടിട്ടുള്ള ആർ.സി ഭാർഗവയാണ് തൊഴിലാളി വിരുദ്ധ നടപടികളെ ഏറ്റവും കൃത്യതയിൽ നടപ്പാക്കിയത് എന്നും വിവരിക്കപ്പെടുന്നു. സന്ദർഭസഹിതം വ്യക്തമാക്കപ്പെടുന്ന മറ്റൊരു കാര്യം ആർ.സി ഭാർഗവ സുസുകി കോർപ്പറേഷന്റെ താല്പര്യങ്ങൾക്കനുസൃതമായി നയങ്ങളെ രൂപപ്പെടുത്തി എന്നതാണ്. വിരോധാഭാസമാകാം, എങ്കിലും മാരുതിയെ സംബന്ധിച്ചു ഏറ്റവും ആധികാരിക പുസ്തകം എന്ന നിലയിൽ വിപണയിൽ ലഭ്യമായിരിക്കുന്നത് ആർ.സി ഭാർഗവയുടെ ‘മാരുതി സ്റ്റോറി’യാണ്. മനേസർ 2012 -ലെ സംഭവം നടക്കുമ്പോൾ ഭാർഗ്ഗവയായിരുന്നു ചെയർമാൻ. ഈ സംഭവത്തെ അയാൾ വിശേഷിപ്പിച്ചത് ‘ക്ലാസ് ആക്ഷൻ’ എന്നാണ്. അതായത് വർഗമപരമായ പ്രക്ഷോഭം. ഈ പുസ്തകത്തിലെ ഒരു അദ്ധ്യായത്തിന്റെ തലവാചകം തന്നെ ‘ദിസ് ഈസ് ക്ലാസ് വാർ’ എന്നാണ്.

മാരുതി സ്റ്റോറി ബുക്ക് കവർ

തൊഴിലാളികളുടെ കൂട്ടായ അവകാശപേശലുകളോട് സുസുകി തുടക്കം മുതലേ നിഷേധാത്മക സമീപനമാണ് പുലർത്തിയിരുന്നത്. സംഘടനകളെ പിളർത്താനും അവരുടെ ഹിതങ്ങളനുസരിച്ചു പിന്തുണയ്ക്കാനും മാനേജ്‌മെന്റ് നീക്കങ്ങൾ നടത്തി. തൊഴിലാളികൾ പലരും സംഘടന പ്രവർത്തനത്തോട് ആദ്യം അഭിമുഖ്യമുള്ളവരായിരുന്നില്ല. ഒറ്റപ്പെട്ട നിലയിൽ അവർ അനുഭവിക്കേണ്ടി വരുന്ന അവഹേളനങ്ങളും നീതി നിഷേധവുമാണ് സംഘടനകളിലേക്ക് തൊഴിലാളികളെ ആകർഷിക്കുന്നത്. സംഘടിതമായാൽ മാനേജ്‌മെന്റ് പ്രതിനിധികൾ അല്പം മയത്തോടെ മാത്രമേ പെരുമാറൂ എന്ന് തൊഴിലാളികളുടെ മൊഴികളിൽ നിന്ന് വ്യക്തമാണ്. മനേസറിൽ അസാധാരണമാം വിധം തൊഴിലാളികൾ തമ്മിൽ ഐക്യവും സൗഹാർദ്ദവും നിലനിന്നു. ഈ ഐക്യം മാനേജ്‌മെന്റിന് തലവേദന സൃഷ്ടിക്കുന്നതായിരുന്നു. മാനേജരുടെ മരണത്തിൽ ശിക്ഷിക്കപ്പെട്ട ജിയാ ലാൽ ഫാക്ടറി ഫ്ലോറിൽ നിന്നും ഉയർന്നുവന്ന തൊഴിലാളി നേതാവുകൂടിയായിരുന്നു. ജാപ്പനീസ് മാനേജ്‌മെന്റ് ശൈലിയിൽ സംഘടിതമായ അവകാശപേശൽ ഒരപവാദമായിരുന്നു എന്നാണ് അനുമാനിക്കാനാവുന്നത്. ഏതാണ്ട് ഫ്യൂഡൽ അടിമത്തത്തിനു സമാനമായ അധ്വാനമാണ് തൊഴിലാളികളിൽ നിന്നവർ പ്രതീക്ഷിച്ചിരുന്നത്. ഒരുപക്ഷെ വികസിത മുതലാളിത്ത രാജ്യങ്ങളിൽ നിന്നും കൂടുതൽ ലാഭം പ്രതീക്ഷിച്ചു ഇന്ത്യ ചൈന ഉൾപ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങളിലേക്ക് ഫാക്ടറികൾ മാറ്റുന്നതിന് പിന്നിൽ അടിമവേല ചെയ്യാൻ തയ്യാറുള്ള തൊഴിലാളികളെ കൂടി ലഭ്യമാകുമെന്ന ധാരണയായിരിക്കണം. ഒരു പക്ഷെ ഇരുപതാം നൂറ്റാണ്ടിന്റെയോ വർത്തമാന കാലത്തിന്റെയോ മനുഷ്യാവകാശപരമായ തൊഴിൽ സംസ്കാരത്തിനുചിതമായ രീതിയിലല്ല വിദേശ മാനേജ്‌മെന്റുകൾ പ്രവർത്തിക്കുന്നത്. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ജാപ്പനീസ് മാനേജ്‌മെന്റ് ശൈലി.

ജാപ്പനീസ് മാനേജ്‌മെന്റ് പ്രയോഗങ്ങൾ

തൊഴിലാളുകളുടെ ക്ഷേമത്തെക്കുറിച്ച് സുസുകി കോർപ്പറേഷന്റെ ഉടമസ്ഥനായ ഓസമോ സുസുകിയുടെ നിസ്സംഗതയെ ഉദാഹരിക്കാൻ ഉതകുന്നതാണ് ആർ.സി ഭാർ​ഗവയ്ക്ക് അയാൾ അയച്ച സന്ദേശത്തിലെ ജാപ്പനീസ് മാനേജ്‌മെന്റ് രീതിയെക്കുറിച്ചുള്ള ഒരു പരാമർശം. ജപ്പാൻ ലോകത്തിലെ ഏറ്റവും വികസിത രാഷ്ട്രമായി ഉയരാൻ കാരണം കഠിനാധ്വാനമാണെന്നുള്ള പോപ്പുലർ സങ്കൽപം കാലങ്ങളായി നമ്മുക്കിടയിലും സുപരിചിതമാണല്ലോ. ഉണങ്ങിയ ടവ്വലിൽ നിന്നും വെള്ളം പിഴിഞ്ഞെടുക്കുക എന്നതാണ് പരമാവധി ലാഭം നേടാനുള്ള ഉദ്യമങ്ങളെ ജാപ്പനീസ് ശൈലിയിൽ വിശേഷിപ്പിക്കുന്നത്. ഓസമോ ഈ ജാപ്പ് ശൈലി പരാമർശിച്ചുകൊണ്ട് പറയുന്നത് നനഞ്ഞ തുണിയിൽ നിന്നുപോലും ഇന്ത്യയിൽ വെള്ളമൂറ്റിക്കാൻ കഴിയുന്നില്ല എന്നാണ്. അധ്വാനിക്കുന്ന വർഗത്തെക്കുറിച്ചുള്ള ഉപമയാണ് നനഞ്ഞതോ ഉണങ്ങിയതോ ആയ തുണി. തൊഴിലാളിയെ പരമാവധി ഊറ്റിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ജാപ്പനീസ് മാനേജ്‌മെന്റ് ശൈലിയെക്കുറിച്ച് ഒരുപാട് ഖ്യാതികൾ പ്രചാരത്തിലുണ്ട്. മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിൽ പ്രധാന പഠന വിഷയം കൂടിയാണ് ജാപ്പനീസ് മാനേജ്‌മെന്റ് പ്രവർത്തനങ്ങൾ. കൈസെൻ, ജസ്റ്റ് ഇൻ ടൈം മാനേജ്‌മെന്റ് തുടങ്ങിയ സങ്കല്പങ്ങൾ മാനേജ്‌മെന്റ് വിദ്യാർത്ഥികൾ പഠിക്കുന്നതാണ്. കൈസെൻ എന്നാൽ തുടർച്ചയായുള്ള മെച്ചപ്പെടുത്തൽ. യഥാർത്ഥത്തിൽ, ഇതൊരു ഗിൽഡ് മുതലാളിത്തപരമായ പ്രവർത്തനമാണ്. മുതലാളിത്ത ഫാക്ടറി സംരഭത്തിൽ പത്തൊൻമ്പതാം നൂറ്റാണ്ടു മുതൽ നിലവിലുള്ള ഉല്പാദന വ്യവസ്ഥ (regime of production). ഇതിന്റെ സാരാംശം എന്നു പറയുന്നത് ഒരു തുള്ളി പോലും ‘വേസ്റ്റ്’ ഉണ്ടാവരുത് എന്നാണ്. എന്തും പരിപൂർണമായും പ്രയോജനപ്രദമായിരിക്കണം. തൊഴിലാളികൾ ഫാക്ടറിയിലെ ജോലിയുടെ ഇടവേളകളിൽ പരസ്പരം സംസാരിക്കുന്നതും ഈ സങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ സമയത്തിന്റെ പാഴാക്കലാണ്. ഇത് തീർത്തും ഇല്ലാതാക്കുക എന്നതാണ് ജാപ്പ് മാനേജ്‌മെന്റ് ശൈലി.

മനേസർ ഫാക്ടറിക്ക് മുന്നിലൂടെ തൊഴിലാളികളുടെ മാർച്ച്

ഇതിന്റെ അഭിവാജ്യഭാഗമാണ് ‘കരോഷി’ അഥവാ അമിത അദ്ധ്വാനം നിമിത്തമുള്ള മരണം. കരോഷി പോലെ തന്നെ ജാപ്പനീസ് തൊഴിൽ സംസ്കാരത്തിലുള്ളതാണ് ‘കരോജിസ്താസു.’ ഇതിന്റെ അർത്ഥം അധിക അദ്ധ്വാനം ഹേതുവായുള്ള ആത്മഹത്യ. ഈ പദം ആദ്യം രൂപപ്പെടുത്തിയത് ജപ്പാനിലെ അഭിഭാഷകരാണ്. കരോഷിയുടെ ഇരകൾക്കായി ദേശീയ സംരക്ഷണ കൗൺസിൽ തുറന്നു അഭിഭാഷകർ, ജപ്പാനിൽ വലിയ പ്രശ്നം സൃഷ്ടിച്ചതാണ് ഈ മാനേജ്‌മെന്റ് ശൈലി. ഏതാണ്ട് 2835 പരാതികൾ കരോഷിയെക്കുറിച്ചു ജപ്പാനിലെ സർക്കാരിന് ലഭിച്ചിരുന്നു. ഇതിൽ 800 പേർക്ക് 2000 മാണ്ടിൽ നഷ്ടപരിഹാരം നൽകുകയുമുണ്ടായിട്ടുണ്ട്. മാരുതിയിലെ ട്രേഡ് യൂണിയൻ സംഘടനകായ മാത്യു എബ്രഹാം പറയുന്നത് ചുരുങ്ങിയത് രണ്ടു തൊഴിലാളികളെങ്കിലും അധിക അധ്വാനം നിമിത്തം മരണപ്പെട്ടുണ്ട് എന്നാണ്. ടൈംസ് ഓഫ് ഇന്ത്യയിലെ നരേൻ കരുണാകരന്റെ ഈ അമിത അദ്ധ്വാനത്തെ സംബന്ധിച്ചുള്ള ഒരു റിപ്പോർട്ട് പ്രസ്തുത പുസ്തകത്തിൽ ഉദ്ധരിക്കുന്നുണ്ട്. “കാര്യക്ഷമതയുടെ പേരിൽ ജാപ്പനീസ് മാനേജ്‌മെന്റ് സ്‌ട്രെസും ട്രോമയും ജപ്പാനിൽ നിന്ന് ഇന്ത്യൻ ഫാക്ടറിയിലേക്ക് ഇറക്കുമതി ചെയ്യുകയാണോ” എന്നാണ് റിപ്പോർട്ടിൽ ചോദിക്കുന്നത്. ആദ്യമേ സൂചിപ്പിച്ച പോലെ പണിക്കിടയിലുള്ള ഇടവേള സമയം കൃത്യം നിശ്ചയിക്കപ്പെട്ടിരുന്നു. ഇത് ഏഴര മിനിറ്റായിരുന്നു. മാനേസറിലെ അവിചാരിത സംഭവങ്ങളെ തുടർന്നുണ്ടായ പരിഷ്ക്കരണങ്ങളുടെ ഭാഗമായി ഏഴര മിനിറ്റ് എന്നുള്ളത് പതിനഞ്ചു മിനിറ്റായി ഉയർത്തി.

മാരുതി ആധുനികമായ ഓട്ടോമേറ്റഡ് ഫാക്ടറിയാണ്. എന്നാൽ ഫ്ലോറിൽ നടപ്പാവുന്ന നിയമങ്ങൾ നൂറ്റാണ്ട് പഴക്കമുള്ളതും. ദൽചന്ദ് എന്നൊരു തൊഴിലാളി പറയുന്നത് പോലെ സാങ്കേതിക വിദ്യ കണ്ണുതള്ളിപ്പിക്കുന്നതായിരുന്നു എന്നാൽ ബഹുരാഷ്ട്ര കമ്പനികളുടെ തൊഴിലാളി വിരുദ്ധ നിഷ്ടൂരത നേരിട്ടനുഭവിക്കാത്തവർക്ക് അവിശ്വസനീയമാണ് അവിടുത്തെ തൊഴിലാളി വിരുദ്ധമായ ഓരോ വ്യവസ്ഥകളും. ഈ പുസ്തകം മുഖ്യമായും ആശ്രയിച്ചിരിക്കുന്നത് തൊഴിലാളികളുടെ നീരിക്ഷണങ്ങളെയും മൊഴികളെയുമാണെന്ന് ആദ്യമേ സൂചിപ്പിച്ചിരുന്നു. പല തൊഴിലാളികളും ഇപ്പോൾ മാരുതിയിൽ ജോലി ചെയ്യാതിരിന്നിട്ടും അവരുടെ യഥാർത്ഥ പേരുകളല്ല ഇതിൽ നൽകിയിരിക്കുന്നത്. കാരണം അവർ ഇപ്പോഴും മാനേജ്‌മെന്റിനെ ഭയപ്പെടുന്നു. മാർക്സ് വിശേഷിപ്പിച്ചത് പോലെ ജീവിക്കുന്ന തൊഴിലാളിയുടെ ചോരയൂറ്റികുടിക്കുന്ന രക്ഷസ്സാണ് മുതലാളിത്തം. പലപ്പോഴും ഇന്ത്യൻ സർക്കാരുകളുടെ നയസമീപനങ്ങളെ തങ്ങൾക്കെതിരാണെന്നു കണ്ടാൽ അത് മാനെജെമെന്റ് ഒരിക്കലും നടപ്പാക്കാറില്ല എന്ന് തൊഴിലാളികൾ പറയുന്നു. ഇത് പറയുമ്പോൾ ഒരുക്കാര്യം മനസ്സിലാക്കേണ്ടത് മാരുതിയുടെ ലാഭത്തിന്റെ 80 ശതമാനവും ഇന്ത്യൻ വിപണിയിൽ നിന്നാണ് കരസ്ഥമാകുന്നത്.

ജാപ്പനീസ് മാനേജ്‌മെന്റ് പിന്തുടരുന്ന മറ്റൊരു പ്രസിദ്ധമായ ശൈലിയാണ് ‘ജസ്റ്റ് ഇൻ ടൈം’ മാനേജ്‌മെന്റ്. ഇതുപ്രകാരം ഓരോ ഉത്പന്നത്തിന്റെ വിവിധ ഘടകങ്ങൾ പലയിടത്തുമാണ് ഉല്പാദിപ്പിക്കുന്നത്. ഡീ ലയറിങ് എന്നാണ് ഇതിനെ വിളിക്കുന്നതെന്ന് മാരുതിയിൽ ജോലി ചെയ്യ്തിരുന്ന മാനേജർ പറയുന്നു. ചെറിയ ചെറിയ യൂണിറ്റുകൾക്കാണ് ചെറുഭാഗങ്ങളുടെ നിർമാണ ചുമതല നൽകിയിരിക്കുന്നത്. ഇത്തരം യൂണിറ്റുകളിൽ തൊഴിൽ നിയമം ബാധകവുമല്ല. മാത്രമല്ല, നേരത്തെ സൂചിപ്പിച്ച ജാപ്പനീസ് ഉത്പാദന വ്യവസ്ഥയുടെ ഘടനാപരമായ ഭാഗമാണ് വിവിധ ഉത്പനങ്ങളുടെയും ഉത്പന്ന നിർമ്മാതാക്കളുടെയും ശ്രേണീവത്കരണം. ഇതനുസരിച്ച് വ്യത്യസ്തമായ വേതന വ്യവസ്ഥ നടപ്പിലാക്കാൻ പറ്റുന്നു. ഇവിടെയും നിലവിലുള്ള തൊഴിൽ നിയമത്തെ മറികടക്കാനുള്ള ഉപായമാണ് ജാപ്പനീസ് മാനേജ്‌മെന്റ് പരീക്ഷിക്കുന്നത്. ഒപ്പം തന്നെ മറ്റൊരു കാര്യവും ശ്രദ്ധേയമാണ്. സുസുകി ഒരിക്കലും സാങ്കേതിക വിദ്യ കൈമാറ്റത്തിന് തയ്യാറല്ല. കെ കരുണാകരൻ ചെറിയൊരു ഇടവേളയിൽ കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ ഗിയർ സാങ്കേതിക വിദ്യ കൈമാറ്റത്തെക്കുറിച്ചു സുസുകിയുമായി തർക്കത്തിലായതാണ്. കെ കരുണാകരൻ മാരുതി ഭരണനിർവഹണ ബോർഡ് പുനസംഘടിപ്പിക്കുകയും ചെയ്തു. എന്നാൽ സുസുകി ഉടക്കിയതിനെ തുടർന്ന് കരുണാകരന്റെ തീരുമാനങ്ങളെ പിന്നീടുള്ള മന്ത്രിമാർ തിരുത്തുകയും ചെയ്തു. ഏറ്റവും കാതലായ പ്രശ്നം ജപ്പാൻ മൂന്നാം ലോകത്തിൽ ഉപേക്ഷിക്കപ്പെട്ട സാങ്കേതികവിദ്യ അടിച്ചേൽപ്പിക്കുന്നുവെന്നതാണ്. മൂന്നാം ലോകത്തിലെ രാഷ്ട്രീയ നേതൃത്വമാണ് ഇതിനു പ്രധാനമായും ഉത്തരവാദികൾ. ജപ്പാൻ ഉപേക്ഷിക്കപ്പെട്ടതും കലഹരണപ്പെട്ടതുമായ സാങ്കേതികവിദ്യ മൂന്നാം ലോകത്തിലേക്ക് തള്ളുകയാണ്. നൂതന സാങ്കേതികവിദ്യ എന്ന പേരിൽ മൂന്നാം ലോക രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്ന സാങ്കേതികവിദ്യകൾ തലമുറകൾ മുമ്പേ ജപ്പാൻ ഉപേക്ഷിച്ചതാകാം. ഏറെ സ്തുതിക്കപ്പെടുന്ന ജാപ്പനീസ് മാനേജ്‌മെന്റ് ശൈലി എങ്ങനെയാണ് അപമാനവീകരിക്കപ്പെടുന്ന തൊഴിലാളികളെ സൃഷ്ടിക്കുന്നുവെന്നതിലെക്കുള്ള നേർക്കാഴ്ച കൂടിയാണ് ഈ അഞ്ജലി ദേശ്പാണ്ഡെയുടെയും നന്ദിത ഹസ്കറിന്റെയും അന്വേഷണാത്മക പഠനം. അവർ ഈ പുസ്തകത്തിന്റെ ആമുഖത്തിൽ സൂചിപ്പിക്കുന്നു പോലെ അക്കാദമിക് വസ്തുനിഷ്ഠതയും നിഷ്പക്ഷതയുടെയും അടിസ്ഥാനത്തിലല്ല ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത്. തികച്ചും തൊഴിലാളി പക്ഷപാതം ഓരോ വാക്കുകളിലും സ്പഷ്ടതയോടെ തെളിയുന്നു.

തൊഴിലാളി പക്ഷത്തിന്റെ പ്രാധാന്യം

കർണാടകയിലെ കോളാറിലുള്ള ഐ ഫോൺ നിർമ്മാണ ഫാക്ടറി വിസ്‌ട്രോണിൽ 2020 ഡിസംബർ മാസം തൊഴിലാളികളുടെ സമരം പൊട്ടിപുറപ്പെടുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. കരാർ തൊഴിലാളികൾക്ക് വാഗ്ദാനം ചെയ്ത പ്രതിഫലം നൽകാത്തതും, ഓവർടൈമും, എല്ലാ ദിവസവും 12 മണിക്കൂർ ഷിഫ്റ്റുമാണ് തൊഴിലാളികളെ സമരത്തിന് നിർബന്ധമാക്കിയത്. ഇതിനെ തുടർന്ന് ഈ ഫാക്ടറിയിൽ നിന്നുള്ള ഐ ഫോൺ നിർമാണം നിലച്ചിരുന്നു. കഴിഞ്ഞകുറച്ചുകാലത്തെ പതിവ് പോലെ തൊഴിലാളികളുടെ ഈ സമരം മാധ്യമങ്ങളിൽ കാര്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. തൊഴിലാളികളുടെ പ്രതിഷേധ സമരം റിപ്പോർട്ട് ചെയ്യുന്നത് സംസ്ഥാനത്തിലേക്ക് വരേണ്ട വിദേശനിക്ഷേപത്തിന് തടസ്സമാകുമെന്ന വികലമായ വികസന തീവ്രവാദ ഭരണവർഗ സമവായമാണ് മാധ്യമങ്ങളിൽ നിന്നും സമര വാർത്തകളെ അപ്രത്യക്ഷമാക്കുന്നതിലുള്ള ഒരു പ്രധാന കാരണം. മാത്രമല്ല ദൃശ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാധ്യമ ശൃംഖലകൾ വൻകിട ബൂർഷ്വാസികളാണ് ഇന്ന് നിയന്ത്രിക്കുന്നത്. കോളാർ ഫാക്ടറിയിലെ സമരത്തെ തുടർന്നു അക്രമണത്തിന്റെയും നശീകരണത്തിന്റെയും പേരിൽ 5,000 കരാർ തൊഴിലാളികൾ ഉൾപ്പെടെ 7,000 അജ്ഞാതർക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ 158 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറയുന്നു. ഇരുപതും ഇരുപത്തിയൊന്നു വയസ്സ് മാത്രമുള്ള യുവാക്കൾക്കും യുവതികൾക്കുമാണ് ഫാക്ടറിയിൽ തൊഴിൽ നൽകിയിരുന്നത്. ഇരുപത്തിയൊന്നായിരം രൂപയാണ് മാസ ശമ്പളമായി വാഗ്ദ്ധാനം നല്കിയിരുന്നതെങ്കിലും ആറായിരം മുതൽ ഏഴായിരം രൂപ മാത്രമാണ് യഥാർത്ഥത്തിൽ ലഭിച്ചിരുന്നത്. ഈ ഫാക്ടറിയിലെ തൊഴിൽ സാഹചര്യം ദാരുണമായിരുന്നുവെന്നാണ് ട്രേഡ് യൂണിയൻ നടത്തിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഇതിനു പുറമെ പന്ത്രണ്ടു മണിക്കൂർ രാവും പകലും ഷിഫ്റ്റിൽ തൊഴിൽ ചെയ്യാൻ ഇവർ നിർബന്ധിക്കപ്പെട്ടിരുന്നു.

കോളാറിലെ ഐ ഫോൺ നിർമ്മാണ ഫാക്ടറി

ഐ ഫോൺ നിർമാതാക്കളായ ഫോസ്‌കോൺ കമ്പനിയുടെ ചൈനയിലെ ഫാക്ടറിയിൽ 2022 ൽ തൊഴിലാളികളുടെ സമരം പൊട്ടിപുറപ്പെട്ടിരുന്നു. ഇതേക്കാലത്തിൽ തന്നെ, ഫോക്‌സ്‌കോണിന്റെ ശ്രീപെരുമ്പത്തൂരിലെ പ്ലാന്റിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് സ്ത്രീകൾ ഡിസംബർ 18 ശനിയാഴ്ച ചെന്നൈ-ബംഗളൂരു ഹൈവേയിൽ മണിക്കൂറുകളോളം പ്രതിഷേധിച്ചു. ഭക്ഷണം കഴിച്ച് രോഗബാധിതരായ 250-ലധികം സഹപ്രവർത്തകരുടെ അവസ്ഥയെക്കുറിച്ച് തൊഴിലാളികൾക്കുള്ള ആശങ്കയാണിതിനു കാരണമായത്. കമ്പനിയുടെ ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പലരും രോഗബാധിതരായതിനെ തുടർന്ന് ഡിസംബർ 15 മുതൽ ചെറിയ തോതിലുള്ള പ്രതിഷേധം ആരംഭിച്ചിരുന്നുവെങ്കിലും ശനിയാഴ്ചയോടെ കമ്പനി അധികൃതർ ആശയവിനിമയത്തിനു തയ്യാറല്ലാത്തതിനാലാണ് സ്ത്രീ തൊഴിലാളികൾ പ്രതിഷേധം പ്രകടിപ്പിക്കാൻ നിർബന്ധിതരായത്. ചില ഓണലൈൻ മാധ്യമങ്ങൾ മാത്രമാണ് ഈ വാർത്തയും റിപ്പോർട്ടു ചെയ്യാൻ തയ്യാറായത്. എന്നാൽ സ്ത്രീകളുടെ പ്രതിഷേധത്തിനു പിന്നിൽ ചൈനയുടെ ഇടപെടലുണ്ടെന്ന അഭ്യൂഹ വാർത്ത പ്രാധാന്യത്തോടെ റിപ്പോർട് ചെയ്യാൻ മാധ്യമങ്ങൾ തയ്യാറാവുകയും ചെയ്തു. 2020-ലും 2022 ഡിസംബറിലും നടന്ന ഈ സംഭവങ്ങളിൽ നിന്ന് വ്യക്തമാവുന്നത് രണ്ടു സമരത്തിനും കാരണമായത് മോശം തൊഴിൽ സാഹചര്യത്തിൽ പണിയെടുക്കേണ്ടിവരുന്നതിനുള്ള എതിർപ്പാണ്. ഈ രണ്ടു ഫാക്ടറികളിലും അംഗീകൃത യൂണിയനുകളുടെ അഭാവവുമുണ്ടായിരുന്നു. പക്ഷെ ഒട്ടുമിക്കവാറും മൊബൈൽ ഉത്പാദന നിർമാണ ഫാക്ടറികളുടെയും അവസ്ഥ ഇതാണ്.

എന്നാൽ കർണാടകത്തിലെ ബി.ജെ.പി സർക്കാരും ഇപ്പോൾ തമിഴ്‌നാട്ടിലെ ഡി.എം.കെ സർക്കാറും തൊഴിലാളികൾ നേരിടുന്ന പ്രശ്നം അഭിസംബോധന പോലും ചെയ്യാൻ തയ്യാറാകാതെ വിദേശ മൂലധന നിക്ഷേപകർക്ക് അനുകൂലമായി തൊഴിൽ നിയമം ഭേദഗതി ചെയ്യാനാണ് ഒരുങ്ങുന്നത്. കർണാടക സർക്കാർ എട്ടുമണിക്കൂർ ദിവസം എന്നുള്ള തൊഴിൽ നിയമം ഇതിനകം തന്നെ ഭേദഗതി ചെയ്തിട്ടുണ്ട്, എന്നാൽ ഒരാഴ്ച മൊത്തം തൊഴിലെടുക്കേണ്ട സമയം 48 മണിക്കൂറായി നിജപ്പെടുത്തിയിരിക്കുന്നു, എന്നാൽ ഡി.എം.കെ സർക്കാർ കൊണ്ടുവരാൻ ഉദേശിച്ച നിയമ ഭേദഗതിയിൽ നാല്പത്തിയെട്ടു മണിക്കൂർ എന്ന നിജപ്പെടുത്തൽ ഒഴിവാക്കി ദിവസം പന്ത്രണ്ടു മണിക്കൂർ ജോലി എന്ന തൊഴിൽ സമയ വർധനവാണ് കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. ആഴ്ചയിൽ നാലു ദിവസം ജോലി എന്ന നിജപ്പെടുത്തിയാലും തൊഴിലാളിക്കു മാത്രമാണ് സാമ്പത്തികമായ നഷ്ടം, ഒപ്പം തന്നെ അധിക അധ്വാനം നിർവഹിക്കാൻ നിർബന്ധിതമായതിന്റെ ശാരീരികവും മാനസികവുമായ പ്രയാസങ്ങളും.

2022 മാർച്ച് 28-29 ന് നടന്ന അഖിലേന്ത്യാ തൊഴിലാളി പണിമുടക്കിന്റെ ഭാ​ഗമായ മാർച്ച്

വിദേശ നിക്ഷേപത്തിനായുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ തൊഴിൽ നിയമ ഭേദഗതിയും ഭാഗമാകുന്നു. നിക്ഷേപങ്ങളെ ആകർഷിക്കാൻ അന്താരാഷ്ട്രതലത്തിൽ ചൈനയും ഇന്ത്യയും മത്സരിക്കുന്നതിന് സമാനമായാണ് ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും മത്സരിക്കുന്നത്. ഗുജറാത്താണ് ഇതിനു മാതൃകയായി തീർന്നിരിക്കുന്നത്. ‘ഹെയർ ആൻഡ് ഫയർ’ എന്നു വിളിക്കുന്ന തൊഴിലാളികളെ മാനേജ്‌മെന്റിന് ഇഷ്ടമുള്ളപ്പോൾ ആനുകൂല്യങ്ങളൊന്നും നൽകാതെ തന്നെ പിരിച്ചുവിടാമെന്ന വ്യവസ്ഥ തൊഴിൽ നിയമപരിഷ്‌കരണത്തിന്റെ ഭാഗമായി നിലവിൽ വന്നിരിക്കുന്നു. ഇതോടൊപ്പം തന്നെ തൊഴിലാളികളുടെ അവകാശപേശലുകൾക്ക് തടസമിടാൻ പാകത്തിൽ ട്രേഡ് യൂണിയൻ പ്രവർത്തനത്തിനും പ്രതിബന്ധങ്ങൾ ഏർപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇത്തരമൊരു സങ്കീർണമായ സ്ഥിതി വിശേഷം തൊഴിലാളികളെ നിശ്ശബ്ദമാക്കാനും ഇരുപതാം നൂറ്റാണ്ടിൽ നേടിയെടുത്ത എല്ലാ അവകാശങ്ങളും ഒന്നൊന്നായി റദ്ധാക്കാനും മാത്രമേ ഉപകരിക്കുകുയുള്ളൂ. തൊഴിലാളികളുടെ സംഘടനാ പ്രവർത്തനത്തിന് വിലങ്ങുതടിയാകുന്ന കേന്ദ്ര സർക്കാരിന്റെ നയസമീപനങ്ങളുടെ ഭാഗമായാണ് പോസ്റ്റൽ മേഖലയിലുള്ള രണ്ടു പ്രധാനപ്പെട്ട തൊഴിലാളി യൂണിയനുകളുടെ അംഗീകാരം കേന്ദ്ര സർക്കാർ റദ്ദാക്കിയത്. തൊഴിലാളി വിരുദ്ധമായ ഈ സമീപനങ്ങൾ വിദേശ നിക്ഷേപം ആകർഷിക്കുക എന്ന പേരിൽ മൂലധന താല്പര്യങ്ങൾക്ക് ഉചിതമാകും വിധത്തിൽ ഇന്ത്യയിലെ ബി.ജെ.പി ഇതര രാഷ്ട്രീയ പാർട്ടികളും നടപ്പാക്കാൻ തയ്യാറാകുന്നു. കൂടുതൽ ലാഭകരമായ പ്രവർത്തനങ്ങൾക്കായി മൂന്നാം ലോകത്തിലേക്ക് ആഗോള മൂലധനം സാന്ദ്രീകരിക്കുകയാണ്. ഒപ്പം തന്നെ സ്ഥലപരമായ മൂലധനത്തിന്റെ പുനർവിന്യാസത്തിലൂടെ ആഗോളമായ പുതിയ തൊഴിൽ വിഭജനവും നടപ്പിലാകുന്നു. നവകൊളോണിയലിസത്തിലും ആദ്യമ കൊളോണിയലിസം പോലെ തന്നെ മാനേജർ വരേണ്യ വർഗം വിദേശികളും അവരുടെ ദല്ലാളുകളുമാകുമ്പോൾ തൊഴിൽ സേന മുഴുവനായും തദ്ദേശീയരാണ്. എന്നാൽ കൂലി അടിമത്തം പോലെ തൊഴിലാളികൾക്ക് സകലവിധ അവകാശങ്ങളും നിഷേധിക്കപ്പെടുകയും ചെയ്യുന്നു. ഇതിനു നിയമപരമായ സാധൂകരണവും ലഭിക്കുന്നു എന്നുള്ളിടത്താണ് ഭരണഘടന തന്നെ ഉറപ്പു നല്കുന്ന അടിസ്ഥാനപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നത്. ഇതിനെതിരെയുള്ള സംഘടിതമായ ചെറുത്തുനിൽപ്പ് മാത്രമാണ് തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് മുമ്പിലുള്ള മാർഗം. സംഘടന വ്യത്യാസങ്ങൾ മറന്നുകൊണ്ടുള്ള പുതിയ ഐക്യവും കെട്ടിപ്പടുക്കേണ്ടതുണ്ട്. ഭരണവർഗ ആശയങ്ങളുടെ പ്രചാരകരായി മാറിയിരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ബഹുജന സംഘടന എന്ന നിലയിൽ പരിധി നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രവർത്തനം വലിയ തിരിച്ചടിയാകും. മൂലധന താല്പര്യങ്ങൾക്ക് വിധേയപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വവും ഭരണസംവിധാനവും തൊഴിലാളി സംഘടന പ്രസ്ഥാനങ്ങളും തമ്മിലുള്ള ആഭ്യന്തര വൈരുധ്യം മൂർച്ഛിക്കുന്ന ഘട്ടത്തിലേക്കാണ് തൊഴിലാളി വർഗ രാഷ്ട്രീയം ഉരുത്തിരിയുന്നത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read