സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയക്കെതിരെ വാർത്താ ഏജൻസിയായ ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ (എ.എൻ.ഐ) നൽകിയ മാനനഷ്ടക്കേസും അതിലെ ഡൽഹി ഹൈക്കോടതിയുടെ നടപടികളും ചർച്ചയാവുകയാണ്. നിലവിൽ സ്വതന്ത്രമായ വിവരശേഖരണത്തിനുള്ള ഏറ്റവും വലിയ ഉറവിടമാണ് വിക്കിപീഡിയ. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഓൺലൈൻ എൻസൈക്ലോപീഡിയയായി ഇത് കണക്കാക്കപ്പെടുന്നു. ലാഭേതരമായി പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷനാണ് വിക്കിപീഡിയയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മുന്നൂറിലേറെ ഭാഷകളിൽ സൗജന്യമായി വിവരങ്ങൾ ലഭ്യമാക്കുന്ന വിക്കിപീഡിയയുടെ ഉള്ളടക്കം ഏതൊരാൾക്കും എഡിറ്റ് ചെയ്യാവുന്നതുമാണ്. എന്നാൽ കൃത്യമായ അവലംബങ്ങൾ വിവരങ്ങളോടൊപ്പം ചേർത്തിരിക്കണം. ഇന്ത്യൻ ജനസംഖ്യയുടെ ഏറിയപങ്കും വിവരങ്ങൾക്കായി വിക്കിപീഡിയയെ ആശ്രയിക്കുന്നവരാണ്. ഇത്രയും സ്വീകാര്യതയുള്ള ഈ ഓൺലൈൻ പ്ലാറ്റ്ഫോം രാജ്യത്ത് നിരോധിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നാണ് എ.എൻ.ഐയുടെ കേസിൽ ഡൽഹി ഹൈക്കോടതി പറഞ്ഞത്. ഇന്ത്യ ഇഷ്ടമല്ലെങ്കിൽ ഇവിടെ പ്രവർത്തിക്കാൻ നിൽക്കരുതെന്ന പരാമർശവും കോടതിയിൽ നിന്നുണ്ടായി. ഡൽഹി ഹൈക്കോടതിയുടെ ഈ നിലപാട് മാധ്യമസ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ വിവരശേഖരണത്തിനും എതിരാണെന്ന് ചൂണ്ടിക്കാട്ടി രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയരുകയാണ്.
എന്താണ് ആരോപണം?
ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിന്റെ വിക്കി പേജിൽ എ.എൻ.ഐ ന്യൂസ് ഏജൻസിയെ കേന്ദ്രസർക്കാരിന്റെ പ്രചാരണ ഉപകരണമെന്ന് പരാമർശിച്ചതിൽ നിന്നാണ് കേസിന്റെ ആരംഭം. കൂടാതെ വ്യാജവാർത്ത ശൃംഖലയുടെ ഭാഗമായി നിന്ന് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും, വാർത്തകൾ പലതും തെറ്റായി റിപ്പോർട്ട് ചെയ്യുന്നുവെന്നും വിക്കിപീഡിയ പരാമർശിച്ചതായി എ.എൻ.ഐ പരാതിപ്പെട്ടു. വാർത്ത ഏജൻസിയെക്കുറിച്ചുള്ള വിവരങ്ങൾ അപകീർത്തിപ്പെടുത്തുന്നതാണെന്നും അത് നീക്കം ചെയ്യണമെന്നുമുള്ള ആവശ്യം ഉന്നയിക്കുകയും ഒപ്പം രണ്ട് കോടി രൂപ നഷ്ടപരിഹാരമായി നൽകാൻ വിക്കിമീഡിയ ഫൗണ്ടേഷനോട് ആവശ്യപ്പെടണമെന്നും ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ എ.എൻ.ഐ ആവശ്യപ്പെട്ടു. കേസ് പരിഗണിച്ച ബെഞ്ച്, ഉള്ളടക്കം എഡിറ്റ് ചെയ്തവരുടെ വിവരങ്ങൾ നൽകണമെന്ന് വിക്കിമീഡിയ ഫൗണ്ടേഷനോട് ആവശ്യപ്പെട്ടിട്ടും അവർ അത് നൽകാത്തതിനാലാണ് വിക്കിപീഡിയക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. വിക്കിപീഡിയയുടെ പ്രവർത്തനരീതി മനസ്സിലാക്കാതെയുള്ള നടപടിയാണിതെന്ന് വിമർശനമുയർന്നു. വിക്കിപീഡിയ ഒരു സ്വതന്ത്ര പ്ലാറ്റ്ഫോമായതിനാൽ അതിലെ വിവരങ്ങൾ ഏതൊരാൾക്കും എഡിറ്റ് ചെയ്യാവുന്നതാണ്. ആഗസ്റ്റ് 20ന് ഹാജരായപ്പോൾ, വിവാദമായ തിരുത്തലുകൾ നടത്തിയത് പ്ലാറ്റ്ഫോമിന്റെ അഡ്മിനിസ്ട്രേറ്റർമാരല്ലെന്ന കാര്യം വിക്കിമീഡിയ ഫൗണ്ടേഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നിട്ടും കോടതീയലക്ഷ്യ നടപടി സ്വീകരിക്കുകയായിരുന്നു ഡൽഹി ഹൈക്കോടതി. അടുത്ത വാദം ഒക്ടോബർ 25 ലേക്ക് മാറ്റിയതായും ആ ഹിയറിങ്ങിൽ വിക്കിപീഡിയയുടെ പ്രതിനിധി ഹാജരാകണമെന്നും കോടതി അറിയിച്ചു.
ഡൽഹി ഹൈക്കോടതിയുടെ നടപടിയിൽ അത്ഭുതം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു വിക്കിമീഡിയ ഫൗണ്ടേഷന്റെ ഔദ്യോഗിക പ്രതികരണം. ഫൗണ്ടേഷന്റെ നിയമവകുപ്പ് കോടതി ഉത്തരവ് അവലോകനം ചെയ്യുകയാണെന്നും, നിയമത്തിനനുസൃതമായി വിശ്വസനീയമായ വിവരങ്ങൾ സംഭാവന ചെയ്യാനുള്ള വിക്കിപീഡിയ കമ്മ്യൂണിറ്റിയുടെ അവകാശത്തെ സംരക്ഷിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും വിക്കിമീഡിയ ഫൗണ്ടേഷൻ കൂട്ടിച്ചേർത്തു. കൂടാതെ എ.എൻ.ഐയെക്കുറിച്ച് നൽകിയിട്ടുള്ള വിവരങ്ങൾ മുമ്പ് പബ്ലിഷ് ചെയ്തിട്ടുള്ള ദ്വിതീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നൽകിയിട്ടുള്ളവയാണെന്നും ഫൗണ്ടേഷൻ പറഞ്ഞു.
എന്തുകൊണ്ട് വിക്കിപീഡിയ?
വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് വിക്കിപീഡിയ പ്രവർത്തിക്കുന്നതെങ്കിലും അതിന്റെ പൂർണ നിയന്ത്രണം ഫൗണ്ടേഷനില്ല. വിക്കിപീഡിയയിലെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് വിക്കി കമ്മ്യൂണിറ്റിയാണ്. വിക്കിപീഡിയക്കായി സേവനങ്ങൾ ചെയ്യാൻ സന്നദ്ധരായവർക്ക് വിക്കിപീഡിയ കമ്മ്യൂണിറ്റിയുടെ ഭാഗമാകാം. ഈ കമ്മ്യൂണിറ്റിക്ക് വിവരങ്ങൾ എഡിറ്റ് ചെയ്യാനും ലേഖനങ്ങൾ എഴുതാനും സാധിക്കും. ആർക്കും കമ്മ്യൂണിറ്റിയുടെ ഭാഗമാകാൻ കഴിയുന്നതും വിവരങ്ങൾ എഡിറ്റ് ചെയ്യാൻ കഴിയുന്നതുമാണ്. മറ്റ് വിവരശേഖരണ സംവിധാനങ്ങളിൽ നിന്ന് വിക്കിപീഡിയ വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്. ഇന്റർമീഡിയറികളുടെ ഉത്തരവാദിത്വം എന്താണ്, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർക്ക് മൂന്നാം കക്ഷി പോസ്റ്റ് ചെയ്യുന്ന വിവരങ്ങളിൽ ഉത്തരവാദിത്വമുണ്ടോ, സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിൽ ഉപഭോക്താക്കൾ പോസ്റ്റ് ചെയ്യുന്നതിൽ ഉത്തരവാദിത്വമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ സ്വാഭാവികമായും ഉയർന്നുവരാം.
2000 ത്തിൽ കേന്ദ്ര സർക്കാർ പാസാക്കിയ വിവരസാങ്കേതികവിദ്യാ നിയമപ്രകാരം ഇടനിലക്കാർക്ക് അല്ലെങ്കിൽ പ്ലാറ്റ്ഫോമിന്റെ ഉടമയ്ക്ക് പ്ലാറ്റ്ഫോമിൽ മൂന്നാം കക്ഷി നൽകുന്ന ഡാറ്റയുടെ ഉത്തരവാദിത്വമോ ബാധ്യതയോ ഏൽക്കേണ്ടതായി വരുന്നില്ല. ഐ.ടി ആക്ടിലെ സെക്ഷൻ 79 ഇതുപ്രകാരം മൂന്നാം കക്ഷി ഉപഭോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങൾ എതെങ്കിലും നിയമങ്ങളെ ലംഘിക്കുന്നുണ്ടെങ്കിൽ അത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് സേവനദാതാവിനെ നിയമം സംരക്ഷിക്കുന്നു. വിക്കിപീഡിയ പ്രവർത്തിക്കുന്നത് ഇന്റർമീഡിയറി ഗൈഡ്ലൈൻസിന്റെ പുറത്താണ്. ഐ.ടി ആക്ട് സെക്ഷൻ 79 പ്രകാരം യൂസർ ജനറേറ്റഡ് കണ്ടന്റിന്റെ മുകളിൽ വിക്കിപീഡിയ പോലുള്ള വെബ്സൈറ്റുകളുടെ ഉടമകൾക്ക് ഉത്തരവാദിത്വമില്ല എന്നിരിക്കെ എങ്ങനെയാണ് ഡൽഹി ഹൈക്കോടതി വിക്കിപീഡിയക്കെതിരെ ഇത്തരമൊരു നടപടി കൈക്കൊണ്ടത് എന്ന നിയമപ്രശ്നം ഉന്നയിക്കപ്പെടുന്നുണ്ട്. ഇന്റർമീഡിയ ഏതെങ്കിലും മൂന്നാം കക്ഷിയുടെ കണ്ടന്റ് അവരുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്യുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്വം അവർക്കില്ല എന്നതിനാൽ കൃത്യമായി നോട്ടീസുകൾക്കനുസരിച്ച് മാത്രം അവർ മറുപടി പറഞ്ഞാൽ മതിയാകും. ഇത്തരം വിഷയങ്ങളിൽ പരിഹാരം കാണുന്നതിനായി സർക്കാരിന് ഇന്റർമീഡിയയോട് സംസാരിക്കാവുന്നതാണ്. ദേശീയ സുരക്ഷ, പൊതു ക്രമക്കേടുകൾ, മാന്യത എന്നിവയ്ക്കെതിരായ നിയമവിരുദ്ധ ഉള്ളടക്കമാണ് പോസ്റ്റ് ചെയ്യപ്പെടുന്നതെങ്കിൽ സർക്കാരിന് പരിഹാര നടപടികൾ ആവശ്യപ്പെടാം.
“വിക്കിപീഡിയയിലെ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിനെക്കുറിച്ചുള്ള പേജിലെ വിവരങ്ങൾ ആർക്കും എഡിറ്റ് ചെയ്യാവുന്നതാണ്. ഇങ്ങനെയൊരു പ്ലാറ്റ്ഫോമിൽ വരുന്ന വിവരങ്ങളുടെ ബാധ്യത വിക്കിപീഡിയയ്ക്ക് നൽകുന്നത് ശരിയല്ല. ഡൽഹി ഹൈക്കോടതി പോലും ക്ലാരിറ്റിയില്ലാതെ അനാവശ്യമായ ഓവർ സ്റ്റെപ്പിങ്ങാണ് നടത്തിയിരിക്കുന്നത്. വിക്കിപീഡിയയുടെ ഒഫീഷ്യൽസ് പോലും കോടതിയുടെ നടപടിയിൽ അത്ഭുതം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രതികരണമാണ് നടത്തിയത്. ശരിയായ ഒരു ലീഗൽ പ്രോസസിലൂടെയല്ല നിലവിലെ അവസ്ഥയിലേക്ക് ഈ കേസ് എത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ രണ്ട് ഭാഗത്ത് നിന്നും ധാരണക്കുറവുണ്ടാകാം. ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുമുണ്ടാകാം കേസ് കൊടുത്തവരുടെ ഭാഗത്തുനിന്നുമുണ്ടാകാം. സൈറ്റേഷനും വിശ്വാസ്യമായ ഉറവിടവും വിക്കിപീഡിയയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. വിക്കിപീഡിയയിൽ ആളുകൾ നൽകുന്ന വിവരങ്ങൾക്ക് കൃത്യമായി സൈറ്റേഷൻ നൽകിയിട്ടുണ്ടാവും. ഇങ്ങനെയുള്ള ഒരു പ്ലാറ്റ്ഫോമിൽ അതിനെ നിയന്ത്രിക്കുവാനും എഡിറ്റേഴ്സിനെതിരെ നടപടിയെടുക്കാനും വിക്കിപീഡിയ നിരോധിക്കാനുമുള്ള ശ്രമങ്ങൾക്ക് ആര് മുൻകൈ എടുക്കുന്നു എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. എ.എൻ.ഐ കൊടുത്തകേസിൽ വിക്കിപീഡിയ അവർക്ക് ഡിഫമേറ്ററി റിമാർക്കായി കൊടുക്കണമെന്ന് ആവശ്യപ്പെടുന്നത് രണ്ട് കോടി രൂപയാണ്. ഇത്തരം വിഷയങ്ങളിൽ രണ്ട് കോടി രൂപ ഡിഫമേറ്ററി റിമാർക്കായി നൽകണമെന്ന് ആവശ്യപ്പെടുന്നത് സാധാരണഗതിയിൽ കേട്ട് കേൾവിയില്ലാത്തതാണ്. എ.എൻ.ഐയുടെ വിക്കിപീഡിയ പേജിലെ വിവരങ്ങളിൽ തിരുത്തലുകളുണ്ടെങ്കിൽ റഫറൻസോടെ അത് അവർക്കുതന്നെ തിരുത്താവുന്നതാണ്. പോയിന്റോഫ് ന്യൂട്രാലിറ്റി എന്ന് പറയുന്ന സ്റ്റാന്റിൽ നിന്നുകൊണ്ട് ഓപ്പറേറ്റ് ചെയ്യുന്ന വിക്കിപീഡിയയിൽ റഫറൻസുള്ള കണ്ടന്റാണ് നിലനിൽക്കുക.” ഐ.ടി വിദഗ്ധനും ഡിജിറ്റൽ റൈറ്റ്സ് ആക്ടിവിസ്റ്റുമായ അനിവർ അരവിന്ദ് അഭിപ്രായപ്പെട്ടു.
അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ കോടതിയും
2,65,000 ത്തിലധികം സന്നദ്ധപ്രവർത്തകരുള്ള ആഗോള സമൂഹമാണ് വിക്കിപീഡിയയുടേത്. വർഷങ്ങളായി വിക്കിപീഡിയ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നത് ഈ സമൂഹമാണ്. വിവരശേഖരണത്തിനായി ഇത്രയധികം ആളുകൾ ഉപയോഗിക്കുന്ന ഈയൊരു പ്ലാറ്റ്ഫോമിനെ നിയന്ത്രിക്കാനുള്ള നടപടി സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് സ്വതന്ത്ര സോഫ്റ്റ് വെയർ ആക്ടിവിസ്റ്റ് പ്രവീൺ അരിമ്പ്രത്തൊടി അഭിപ്രായപ്പെട്ടു.
“നിയമം അനുശാസിക്കുന്നതുപ്രകാരം ഏതെങ്കിലും വ്യക്തിയുടെയോ സംഘടനയുടെയോ പേരിനും പ്രശസ്തിക്കും കളങ്കമുണ്ടാക്കുന്ന രീതിയിൽ മറ്റൊരാൾ നടത്തുന്ന പ്രവർത്തികൾ അത് വാക്കാലോ പ്രവർത്തികളാലോ ആണെങ്കിൽ കൂടിയും അതിനെ അപകീർത്തിപ്പെടുത്തലായി കണക്കാക്കാം. ഏതൊരാൾക്കും അവരെ സമൂഹത്തിന് മുന്നിൽ അപമാനിതരാക്കുന്നതായി തോന്നിയാൽ മാനനഷ്ട കേസ് ഫയൽ ചെയ്യാവുന്നതാണ്. എന്നാൽ ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ ഉന്നയിക്കുന്നതുപോലെ വിക്കിപീഡിയ വിവരങ്ങൾ അവരെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് പറയാൻ കഴിയില്ല. എങ്ങനെയാണ് കോടതി ഈ പരാതിയെ അപകീർത്തിപ്പെടുത്തലായി സ്ഥിരീകരിച്ചതെന്ന് അതിശയപ്പെടുത്തുന്നു. സർക്കാർ കൂടുതലായും അവർക്കെതിരെ വരുന്ന വാർത്തകളെ അടിച്ചമർത്താനും മാധ്യമങ്ങളെ നിയന്ത്രിക്കാനുമാണ് ശ്രമിക്കുന്നത്. ഇതിനുവേണ്ടി പലരീതിയിലുള്ള ശ്രമങ്ങൾ അവർ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് പല നിയമങ്ങളുണ്ടാകുന്നതും. ഉദാഹരണമായി ബി.ബി.സി റെയ്ഡ്, അതുപോലെ ദി വയറിനെതിരെയുള്ള നടപടി, ന്യൂസ് ക്ലിക്കിന് നേരെയുള്ള നടപടി എല്ലാം മാധ്യമങ്ങളെ നിശബ്ദമാക്കുന്നതിനുള്ള സർക്കാരിന്റെ ഇടപെടലുകളായിരുന്നു. കോടതിയും അതേ നിലപാടുതന്നെയാണ് വിക്കിപീഡിയയോടും കൈക്കൊണ്ടിട്ടുള്ളത്. പൊതുവെ മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെല്ലാം ഏർപ്പെടുത്തുന്ന വിലക്കുകളുടെയും അക്രമണങ്ങളുടെയും തുടർച്ചയാണ് ഈ വിഷയവും. വിക്കിപീഡിയക്ക് വിലക്കേർപ്പെടുത്തുന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.”
പ്രതിഷേധങ്ങൾ
എ,എൻ.ഐയ്ക്കും ഡൽഹി ഹൈക്കോടതിയുടെ പരാമർശങ്ങൾക്കും എതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് സോഫ്റ്റ് വെയർ ഫ്രീഡം ലോ സെന്റർ (SFLC) പ്രസ്താവനയിറക്കി. ഡിജിറ്റൽ ലോകത്തെ അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന SFLC, അഭിഭാഷകരും നയരൂപീകരണ വിദഗ്ധരും ബിസിനസ് പ്രൊഫഷണലുകളും വിദ്യാർത്ഥികളും പൗരപ്രതിനിധികളും ഉൾപ്പെട്ട പ്രസ്ഥാനമാണ്. ഡൽഹി ഹൈക്കോടതിയുടെ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനും, ആവിഷ്കാര സ്വാതന്ത്ര്യത്തിനും, സ്വതന്ത്ര വിവരശേഖരണത്തിനും വെല്ലുവിളിയാണെന്നും അതിനാൽ വിക്കിമീഡിയ സമൂഹത്തെ ദുർബലപ്പെടുത്തുന്ന ഏതൊരു ശ്രമത്തിനെതിരെയും ശക്തമായി നിലകൊള്ളുമെന്നും SFLC അറിയിച്ചു. സന്നദ്ധപ്രവർത്തകരുടെയും ഉപഭോക്താക്കളുടെയും സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ആവശ്യം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പൗരർക്ക് ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു. സ്വതന്ത്രവും, സുരക്ഷിതവുമായ വിവരശേഖരണത്തിനും, ജനങ്ങളുടെ അവകാശങ്ങൾക്കും വേണ്ടി പോരാടുന്ന നിയമ സേവന സംഘടനയാണ് സോഫ്റ്റ് വെയർ ഫ്രീഡം ലോ സെന്റർ. ഇന്ത്യയിലെ ഇന്റർനെറ്റ് സംവിധാനങ്ങളുടെ വിഛേദിക്കലിനും, കർഷക സമര കാലത്തെ കണ്ടന്റ് ബ്ലോക്കിങ്ങിനുമെല്ലാം എതിരെ SFLC മുന്നോട്ടുവന്നിട്ടുണ്ട്. ഇതിന് പുറമെ Engage Media collective, Asia Democracy Network, The Center for Internet and Society, Internet Freedom Foundation, Center of AI and Tech Innovation for Democracy, Md.Parvez Alam Human Rights Defender Bangladesh, Human Rights Online Philippines തുടങ്ങി നിരവധി ആളുകളും, സംഘടനകളും വിക്കിപീഡിയയെ നിരോധിക്കാനുള്ള ഡൽഹി ഹൈക്കോടതിയുടെ നടപടിക്കെതിരെ പ്രതിഷേധിക്കുകയും, വിക്കിപീഡിയയുടെ സേവനം രാജ്യത്ത് ഉറപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
എ.എൻ.ഐ സർക്കാരിൻ്റെ ഏജന്റോ?
എ.എൻ.ഐയെക്കുറിച്ചുള്ള വിക്കിപീഡിയ നൽകിയ വിവരങ്ങൾ പൂർണമായും തെറ്റാണെന്ന് പറയാനാകില്ല. കാരണം വിക്കിപീഡിയ നൽകുന്ന റഫറൻസുകൾ ഈ വിവരങ്ങളെ ശരിവയ്ക്കുന്നവയാണ്. ഇതിനുദാഹരണമാണ് EU Disinfo lab എന്ന സ്വതന്ത്ര എൻജിഒ യുടെ കണ്ടെത്തലുകൾ. യൂറോപ്യൻ യൂണിയനും അതിന്റെ അംഗരാജ്യങ്ങൾക്കും, പ്രധാന സ്ഥാപനങ്ങൾക്കുമെതിരെ നടത്തുന്ന വ്യാജപ്രചരണങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന സ്വതന്ത്ര എൻജിഒ ആണ് EU Disinfo lab. ഇവർ നിർമ്മിച്ച ‘Indian Chronicles‘ എന്ന റിപ്പോർട്ട് ഇന്ത്യൻ ഗവൺമെന്റിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും താൽപ്പര്യങ്ങൾ നിറവേറ്റുന്നതിന് 750 വ്യാജമാധ്യമ ശാഖകൾ ആഗോളതലത്തിൽ തെറ്റായ പ്രചരണങ്ങൾ നടത്തുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഈ ശൃംഖല പ്രധാനമായും പാക്കിസ്ഥാനെ അന്താരാഷ്ട്ര തലത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ യു.എൻ മനുഷ്യാവകാശ കൗൺസിലും യൂറോപ്യൻ പാർലമെന്റും എടുക്കുന്ന തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താനായി ഈ ശൃംഖല ശ്രമിക്കുന്നുവെന്നും Indian Chronicles റിപ്പോർട്ട് സൂചിപ്പിക്കുന്നു. എ.എൻ.ഐയും ശ്രീവാസ്തവ ഗ്രൂപ്പും ഈ ശൃംഖലയിലെ പ്രധാന കണ്ണികളാണ്.
2023 ജൂലൈ 20 ന് മണിപ്പൂരിൽ രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത പ്രതി, പീപ്പിൾസ് റവല്യൂഷണറി പാർട്ടി ഓഫ് കാംഗ്ലീപാക്കിന്റെ അംഗമായ അബ്ദുൾ ഹലീമിയെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന തെറ്റായ വാർത്ത എ.എൻ.ഐ പ്രപചരിപ്പിച്ചു. എന്നാൽ മണിപ്പൂരി പോലീസ് ട്വീറ്റ് ചെയ്ത പോസ്റ്റിന്റെ വായനയിൽ സംഭവിച്ച അശ്രദ്ധയാണ് വാർത്ത തെറ്റായി നൽകാൻ കാരണമായതെന്ന് ചൂണ്ടിക്കാട്ടി എ.എൻ.ഐ ക്ഷമാപണം നടത്തിയിരുന്നു.
2020 ടോക്കിയോ ഒളിമ്പിക്സിൽ ചൈനീസ് വെയ്റ്റ് ലിഫ്റ്റർ ഹൗസിഹുയി ഉത്തേജകമരുന്ന് ഉപയോഗിച്ചതിനാൽ പരിശോധനയ്ക്ക് വിധേയയായെന്ന തെറ്റായവാർത്ത എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
2023 ഏപ്രിലിൽ ‘ബലാത്സംഗം ഒഴിവാക്കാൻ പാക്കിസ്ഥാനിലെ മാതാപിതാക്കൾ പെൺമക്കളുടെ ശവക്കുഴികൾ പൂട്ടി’ എന്ന തലക്കെട്ടിൽ എ.എൻ.ഐ പ്രസിദ്ധീകരിച്ച പൂട്ടിയ ശവക്കല്ലറയുടെ ചിത്രമടങ്ങുന്ന റിപ്പോർട്ട് തെറ്റായിരുന്നുവെന്ന് തെളിയിക്കപ്പെട്ടിരുന്നു. ഈ കല്ലറകൾ ഹൈദരാബാദിലേതാണെന്ന് Alt News എന്ന ഫാക്ട് ചെക്കർ വെബ്സൈറ്റ് കണ്ടെത്തി. 2024 ആഗസ്റ്റിൽ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അക്രമണത്തെക്കുറിച്ച് എ.എൻ.ഐ പ്രചരിപ്പിച്ച വീഡിയോ യഥാർത്ഥത്തിൽ ഇസ്ലാം മതസ്തനായ പിതാവ് തന്റെ കാണാതായ മകന് നീതിയാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന്റേതായിരുന്നു.
ഇത്തരത്തിൽ നിരവധി തെറ്റായ വാർത്തകളുടെ പ്രചാരകരായി എ.എൻ.ഐ മാറിയിട്ടുണ്ട്. കൂടാതെ കേന്ദ്ര സർക്കാരിന്റെ അജണ്ടകൾ നടപ്പിലാക്കുവാൻ പ്രത്യക്ഷമായും പരോക്ഷമായുമുള്ള ശ്രമങ്ങൾ എ.എൻ.ഐയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട് എന്നത് ദി കാരവാൻ റിപ്പോർട്ട് തെളിയിക്കുന്നു. അവലംബങ്ങൾ സഹിതം വിക്കിപീഡിയ നൽകിയ ഈ വിവരങ്ങൾ എ.എൻ.ഐ ഒരിക്കലും അപകീർത്തിപ്പെടുത്തുന്നതേയല്ല.
ആഗോള മാധ്യമ സ്വാതന്ത്ര്യത്തിന്റെ പട്ടികയിൽ 159-ാം സ്ഥാനത്തുള്ള രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും നേരിടുന്ന വെല്ലുവിളികൾ തുടരുന്നതായാണ് വിക്കിപീഡിയ കേസ് വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാരിനെ പ്രീതിപ്പെടുത്തുന്ന മാധ്യമങ്ങൾക്ക് മാത്രം നിലനിൽക്കാൻ കഴിയുന്ന രീതിയിലേക്കാണ് ഇന്ത്യൻ സാഹചര്യം മാറിയിരിക്കുന്നത്. വിക്കിപീഡിയക്കെതിരെ ഡൽഹി ഹൈക്കോടതി സ്വീകരിച്ച നടപടിയെക്കുറിച്ച് ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങൾ മൗനം പാലിക്കുന്നതും അതുകൊണ്ടാകാം. കോടതിയലക്ഷ്യ നടപടി നേരിട്ടിട്ടും വിവാദമായ വിവരങ്ങൾ വിക്കിപീഡിയ തിരുത്തിയിട്ടില്ല. ഉള്ളടക്കം അത്തരത്തിൽ ഒഴിവാക്കുന്നത് വിക്കിപീഡിയയുടെ നയമല്ല. Lawsuit against Wikipedia എന്ന തലക്കെട്ടിൽ ഡൽഹി ഹൈക്കോടതിയിലെ കേസിന്റെ വിവരങ്ങൾ ആ പേജിൽ കൂടുതലായി ചേർക്കപ്പെടുകയും ചെയ്തു. തെറ്റായ വിവരങ്ങൾ നൽകി സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചതായി തെളിയിക്കപ്പെട്ട എ.എൻ.ഐ എന്ന മാധ്യമത്തെ സംരക്ഷിക്കുകയും അവലംബങ്ങളെ ആശ്രയിച്ച് മാത്രം വിവരങ്ങൾ നൽകുന്ന വിക്കിപീഡിയയെ നിരോധിക്കാനൊരുങ്ങുകയും ചെയ്യുന്ന ഡൽഹി ഹൈക്കോടതിയുടെ നീക്കം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തന്നെ ക്ഷീണിപ്പിക്കുന്നതാണ്.