ലോക കിരീടത്തിൽ മൂന്നാമതാര് മുത്തും ?

മധ്യനിരയിലെ കരുനീക്കം ഫലം നിര്‍ണയിക്കും

2022 ഖത്തര്‍ ലോകകപ്പിലെ അവസാന മത്സരത്തിന് ലുസൈല്‍ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18ന്റെ പകലിലെ ഔദ്യോഗിക ആഘോഷങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ സമയം രാത്രി 8.30 നാണ് ലോകകപ്പ് കലാശപോരാട്ടത്തില്‍ അര്‍ജന്റീനയും ഫ്രാന്‍സും ഏറ്റുമുട്ടുക. രണ്ട് തവണ ലോകജേതാക്കളായ ഇരു ടീമുകളില്‍ ആരാവും മൂന്നാം കിരീടത്തില്‍ മുത്തമിടുക എന്ന് കാല്‍പന്താരാധകര്‍ കണ്ണു നട്ട് കാത്തിരിക്കയാണ്.

ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ എന്നീ സൂപ്പർ താരങ്ങളുടെ ഏറ്റുമുട്ടല്‍ എന്നതിലുപരി റോഡ്രിഗോ ഡി പോള്‍ നയിക്കുന്ന അര്‍ജന്റീനന്‍ മധ്യനിരയും ആന്റൊണീ ഗ്രീസ്മാന്‍ നയിക്കുന്ന ഫ്രഞ്ച് മധ്യനിരയും തമ്മിലുള്ള പോരാട്ട കാഴ്ച കൂടിയാവും അര്‍ജന്റീന-ഫ്രാന്‍സ് ഫിനാലെ. കോപ്പാ അമേരിക്കയും, 2022 ഫൈനലിസ്മയും നേടിക്കൊടുത്ത കോച്ച് ലയണല്‍ സ്‌കൊളോണിയും ഫ്രാന്‍സിനെ ലോകജേതാക്കളാക്കിയ കോച്ച് ദിദിയര്‍ ദെഷാംപ്സും തമ്മില്‍ തന്ത്രങ്ങള്‍ കൊണ്ട് മാറ്റുരക്കുന്ന മത്സരം കൂടിയാണിത്. കളിക്കും ടീമിനും അനുസരിച്ച് കരുക്കള്‍ നീക്കുന്ന പരിശീലകര്‍ എന്ന നിലയില്‍ മത്സരത്തിൽ കളിക്ക് പുറമെ വേറെ പല ഘടകങ്ങളും നിര്‍ണായകമായേക്കാം.

ദോഹ സൂഖ് വാഖിഫിലെ അർജെന്റിന ആരാധകർ

എക്കാലത്തേക്കാളും ഒത്തൊരുമയുള്ള ശക്തരായ സംഘമാണ് ഇന്ന് ഫ്രാന്‍സിനെതിരെ ലോകകപ്പ് ഫൈനൽ കളിക്കാൻ ഇറങ്ങുന്ന അര്‍ജന്റീന എന്നാണ് പ്രമുഖ ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് റോയ് നെമര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ 2018 ല്‍ നേടിയ കിരീടം നിലനിര്‍ത്താന്‍ ഉറച്ചു തന്നെയാണ് മികച്ച ടീമെന്ന് പൊതുവില്‍ വിലയിരുത്തപ്പെട്ടു കഴിഞ്ഞ ഫ്രാന്‍സും കളത്തിൽ ഇറങ്ങുന്നത്. മെസ്സിയുടെ അര്‍ജന്റീനയെ നേരിടുമ്പോള്‍ ആത്മവിശ്വാസവും ആശങ്കയുമുണ്ട് ടീമിന്.

ഈ ലോകകപ്പില്‍ ഇതുവരെ നേരിട്ട ടീമുകളെ പോലെയല്ല അര്‍ജന്റീന. കളത്തിന് അകത്ത് മെസ്സി ഫാക്ടര്‍ കൊണ്ടും പുറത്ത് ആരാധക വൃന്തം കൊണ്ടും അവര്‍ കരുത്തരാണ്. സെമിയില്‍ തങ്ങള്‍ വിയര്‍ത്തു തോല്‍പ്പിച്ച മൊറോക്കൊയെ ഇന്നലെ നടന്ന പ്ലേഓഫ് ഫൈനലില്‍ അനായാസം പരാജയപ്പെടുത്തിയ മോഡ്രിച്ചിന്റെ ക്രൊയേഷ്യയെ 3-0 ത്തിന് നിലംപരിശാക്കിയ കൂട്ടരാണ് അര്‍ജന്റീനയെന്നത് ദെഷാംപ്സിന് തലവേദനയാകുമെന്ന് ഉറപ്പ്. പ്ലേമേക്കര്‍ റോളില്‍ കളിക്കുന്ന മെസ്സി കൂടുതല്‍ അപകടകാരിയാണ് എന്നും മെസ്സിക്കെതിരെ കൃത്യമായ പദ്ധതിയുണ്ടെന്നും ദെഷാംപ്സ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

മെസ്സിയെ ആര് പിടിച്ചുകെട്ടും ?

ജൂലിയന്‍ അല്‍വാരസും എന്‍സോ ഫെര്‍ണാണ്ടാസിനുമൊപ്പം മെസ്സി നയിക്കുന്ന മുന്നേറ്റവും ഫ്രഞ്ച് പ്രതിരോധവും തമ്മിലായിരിക്കും പോരാട്ടം. ഗോളടിച്ചും ഗോളടിപ്പിച്ചും മുന്നേറ്റത്തിലും മധ്യനിരയിലും ഒരേപോലെ നില്‍ക്കുന്ന മെസ്സിയെ ആര് തടയും എന്നത് വലിയ ചോദ്യമാണ്. പല അടവുകള്‍ പല ടീമുകളായി എടുത്തെങ്കിലും ഇതുവരെ, ഒരാള്‍ക്കും മെസ്സിക്ക് തടയിടാന്‍ കഴിഞ്ഞിട്ടില്ല. സെമി ഫൈനലില്‍ നെതര്‍ലാന്റിന്റെ പ്രതിരോധത്തെ വെട്ടിതെളിച്ച് മെസ്സി നല്‍കിയ അസിസ്റ്റ് ലോകോത്തരമായി മുന്നില്‍ നില്‍ക്കുകയാണ്. ഈ ലോകകപ്പിലെ മികച്ച ഡിഫന്ററായ ഇരുപതുകാരനായ ക്രൊയേഷ്യന്‍ താരം ജോസ്‌കോ ഗ്വാര്‍ഡിയോളിനെ വട്ടം കറക്കി നേടിയ ഗോള്‍ 35ലും പിടിച്ചുകെട്ടാനാവാത്ത മെസ്സിയുടെ കുതിപ്പാണ് കാണിക്കുന്നത്.

നിലവില്‍ 5 ഗോളുകളും മൂന്ന് അസിസ്റ്റുമായി ഖത്തര്‍ ലോകകപ്പിന്റെ ഗോള്‍ഡന്‍ ബോളും ബൂട്ടും കാത്തിരിക്കുകയാണ് മെസ്സി. നാല് ഗോളുമായി തൊട്ടു പിന്നാലെ യുവതാരം അല്‍വാരസുമുണ്ട്. ഫ്രാന്‍സിനെതിരെ ഫൈനല്‍ മാലാഖ ഡി മരിയ ആദ്യ ഇലവനില്‍ ഇറങ്ങാന്‍ സാധ്യത കൂടുതലാണ്. കൂടെ അകൂനയും മകലിസ്റ്ററും. ഫ്രാന്‍സിനെതിരെ ഇറങ്ങുമ്പോള്‍ പ്രതികാരത്തിന്റെ പോരാട്ടമാണ് അര്‍ജന്റീനയ്ക്ക്. പ്രതികാരം പൂര്‍ത്തിയായാല്‍ മറഡോണക്ക് ശേഷം ലോക കിരീടം റോസാരിയോയിലേക്ക് മെസ്സി കൊണ്ടുപോകും.

ദോഹ സൂഖ് വാഖിഫിലെ അർജെന്റിന ആരാധകർ

അതേസമയം, മെസ്സിയെ പിടിച്ചുകെട്ടിയാലും ഇല്ലെങ്കിലും, ഇതിനകം മെസ്സിയുടെ ലോകകപ്പായി വ്യാഖ്യാനിക്കപ്പെട്ട ടൂര്‍ണമെന്റ് കൂടിയാണ് ഖത്തര്‍ ലോകകപ്പ്. ലോകകപ്പ് നേടുന്നതില്‍ മെസ്സി പരാജയപ്പെട്ടാല്‍ വിധി അതിന്റെ ഭംഗിയില്‍ പൂര്‍ത്തീകരിക്കപ്പെടില്ലെന്ന് മാത്രമേ വരൂ. അത് ഖത്തര്‍ ലോകകപ്പിന്റെ നഷ്ടം എന്നല്ലാതെ, മെസ്സിയുടെ പ്രതിഭക്ക് മുകളില്‍ കരിനിഴലാവില്ല. ജയിച്ചാല്‍ ആകാശ നീലയില്‍ അവസാന മത്സരത്തിനിറങ്ങുന്ന ഫുട്‌ബോളിന്റെ മിശിഹക്ക് അത് അഭിമാനാര്‍ഹമായൊരു കലാശക്കൊട്ടാവും.

ഗ്രീസ്മാനെ ആര് പിടിച്ചുകെട്ടും ?

കിലിയന്‍ എംബാപ്പെയും ഒലിവര്‍ ജിറൂഡും നയിക്കുന്ന മുന്നേറ്റത്തെ തടയുകയാകും അര്‍ജന്റീന നേരിടുന്ന വെല്ലുവിളി. വിങ്ങിലൂടെ അതിവേഗം കുതിക്കുന്ന എംബാപ്പെയുടെ വേഗം അര്‍ജന്റീന ഒരിക്കലും മറക്കില്ല. ക്ലിനിക്കല്‍ ഫിനിഷിങ് റോളില്‍ തിളങ്ങുന്ന ജിറൂഡും ക്യാപ്റ്റന്‍ മെസ്സിക്ക് ഭീഷണിയാണ്. എന്നാല്‍ മധ്യനിരയില്‍ ഉസ്മാന്‍ ഡംബലേക്കും എംബാപ്പെക്കുമൊപ്പവും, പ്രതിരോധത്തില്‍ ഇബ്രാഹിം കൊനാറ്റെക്കും റാഫേല്‍ വരാനേക്കുമൊപ്പവും പന്ത് കൊടുത്തും വാങ്ങിയും പടരുന്ന ഫ്രഞ്ച് സേനയുടെ കപ്പിത്താനായ ആന്റൊണീ ഗ്രീസ്മാനെകുറിച്ചാവും ഫൈനലിനു മുന്നേ കോച്ച് ലയണല്‍ സ്‌കൊളോണി ഏറ്റവും കൂടുതല്‍ തലപുകച്ചിട്ടുണ്ടാവുക.

ഫ്രാന്‍സിനെ തടയുന്നത് എംബാപ്പെയെ പൂട്ടുന്നത് പോലെ അത്ര ലളിതമാവില്ല. ഫ്രാന്‍സിന്റെ ഏറ്റവും അപകടകരമായ സാന്നിധ്യമായ മധ്യനിരയിലെ ഗ്രീസ്മന്റെ പ്രകടനവും ഫൈനലില്‍ നിര്‍ണായകമാണ്. മൊറോക്കോക്കെതിരായ സെമി ഫൈനലിലെ മികച്ച കളിക്കാരന്‍ പട്ടം കരസ്ഥമാക്കിയ ഗ്രീസ്മാന് സ്വന്തമായി ഗോളൊന്നുമില്ലെങ്കിലും ആറ് കളിക്കിടെ സുന്ദരമായ മൂന്ന് അസിസ്റ്റുകള്‍ തന്റെ പേരില്‍ കുറിച്ചുവെച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ ജിറൂഡിന്റെ വിജയഗോളിലേക്ക് എത്തിച്ച ക്രോസ് ഉള്‍പ്പെടെ ഒരു കളിയില്‍ ശരാശരി 3.5 കീ പാസുകളും ശരാശരി 2.8 വീണ്ടെടുപ്പുകളും നടത്തുന്നുണ്ട് താരം. ഇങ്ങനെ കളം നിറയുന്ന ക്രിയേറ്റീവ് കളിക്കാരന്റെ സ്വാധീനം അര്‍ജന്റീന എങ്ങനെ നിയന്ത്രിക്കും എന്നതിനുള്ള പരിഹാരം സ്‌കലോണിയുടെ കൈയിലുണ്ടാകണം. ക്രൊയേഷ്യക്കെതിരെ കളിച്ച 4-4-2 പൊസിഷനില്‍ തന്നെയാവും സ്‌കൊളൊണിയുടെ ഇന്നത്തേയും ലൈനപ്പ് എന്നാണ് മനസിലാക്കുന്നത്. അര്‍ജന്റീനയ്ക്ക് മധ്യനിരയില്‍ ഇടം കിട്ടാനും ഗ്രീസ്മാനില്‍ നിന്നുള്ള ത്രൂ പാസുകളെ തടയാനും കൂടുതല്‍ ആളുകള്‍ മധ്യനിരയില്‍ ആവശ്യം വരും. ലിയാന്‍ഡ്രോ പരേഡെസ് ആദ്യ ഇലവനില്‍ മിഡ്ഫീല്‍ഡറായി വരാന്‍ സാധ്യത ഏറെയുണ്ട്. ഒരേ സമയം ആക്രമാസക്തനും പ്രതിരോധം തീര്‍ക്കുന്നവനുമാണ് പരെഡെസ്. സെമിഫൈനലില്‍ ഡി പോളും പരെഡെസും ചേര്‍ന്നാണ് മോഡ്രിച്ചിന്റെ പാസുകളെ മുറിച്ചു കൂട്ടിലാക്കിയത്.

ഫൈനൽ പ്രവേശനം ആഘോഷിക്കുന്ന ചാംപ്സ് എലീസീസിലെ ഫ്രാൻസ് ആരാധകർ കടപ്പാട് :france24.com

തുടക്കഗോളും അധികസമയവും

മത്സരത്തിന്റെ തുടക്കത്തിൽ എതിരാളിയുടെ വല കുലുക്കി ആധിപത്യം നേടുക എന്നുതന്നെയാവും ഇരു ടീമുകളും ലക്ഷ്യമിടുക. പന്തടക്കത്തിലുപരി ലക്ഷ്യം കാണുന്നതിലാവും ശ്രദ്ധ. എന്നാൽ മത്സരം അധികസമയവും കഴിഞ്ഞു നീണ്ടാല്‍ പിന്നെ, ഏറ്റുമുട്ടല്‍ ഇരുടീമുകളുടേയും ഇതിനകം പ്രശസ്തരായ വലകാക്കുന്നവര്‍ തമ്മിലാവും.

അര്‍ജന്റീനയുടെ ഗോൾ കീപ്പർ എമിലിയോ മാര്‍ട്ടിനസ് മെസ്സിക്ക് വേണ്ടി മരിക്കാന്‍ തന്നെ തയ്യാറായാണ് കളത്തിലിറങ്ങുന്നത്. “ഞങ്ങള്‍ ഫ്രാന്‍സിനെ കാത്തിരിക്കുകായിരുന്നു, കാരണം അവര്‍ നോക്കൗട്ടില്‍ ഞങ്ങളുടെ എതിരാളിയാകാന്‍ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഫൈനലിലാണ് ഇപ്പോള്‍ ഏറ്റുമുട്ടാന്‍ പോകുന്നത്. അവര്‍ക്ക് മികച്ച പ്രതിരോധവും നാല് അപകടകാരികളായ മുന്നേറ്റക്കാരുമുണ്ട്. പക്ഷേ, ഞങ്ങള്‍ക്ക് കപ്പ് നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം ഞങ്ങള്‍ സന്തോഷത്തോടെ അല്ലാതെ ഖത്തര്‍ വിടാന്‍ ആഗ്രഹിക്കുന്നില്ല”, എമിലിയോ പ്രതികരിച്ചു.

തുടര്‍ച്ചയായ രണ്ട് ലോക കിരീടം ഉയര്‍ത്താന്‍ എത്തിയ നായകന്‍ കൂടിയാണ് ഫ്രഞ്ച് ഗോള്‍കീപ്പര്‍ ഹുഗോ ലോറിസ്. ഫൈനലില്‍ അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ മെസ്സിയെ മാത്രം ഫോക്കസ് ചെയ്യുന്നതില്‍ വലിയ അര്‍ത്ഥമില്ലെന്നാണ് ലോറിസ് താരങ്ങളോട് നിര്‍ദ്ദേശിച്ചത്. “ഒരു കളിക്കാരനില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തെറ്റാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രണ്ട് വലിയ രാജ്യങ്ങള്‍ തമ്മിലുള്ള ഫൈനലാണിത്. മുന്‍കൂട്ടി ഒരു പദ്ധതിയും നമ്മുടെ പക്കലില്ല. മൈതാനത്ത് കളിമെനയുന്നതിലാണ് ഞാന്‍ താല്‍പര്യപ്പെടുന്നത്. ഫ്രാന്‍സിന്റെ ചരിത്രത്തിന്റെ ഭാഗമാകാനുള്ള ഒരു സുവര്‍ണ്ണാവസരമാണ് ഞങ്ങളുടെ മുന്നിലുള്ളത്. നാല് വര്‍ഷത്തിനിടെ ഇത് ഞങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് ഫൈനലാണ്”, ലോറിസ് പ്രതികരിച്ചു.

ഫൈനൽ പ്രവേശനം ആഘോഷിക്കുന്ന ചാംപ്സ് എലീസീസിലെ ഫ്രാൻസ് ആരാധകർ കടപ്പാട്: djournal.com

ഖത്തര്‍ ദേശീയ ദിനത്തിന്റെ ശോഭയില്‍ ലൂസൈല്‍ മൈതാനത്ത് നടക്കുന്ന അവസാന അങ്കം മൂന്നാം തവണ ലോക കിരീടം ഉയര്‍ത്താന്‍ വരുന്ന രണ്ട് തുല്യശക്തികളുടെ പോരാട്ടമാണ്. ആ ആവേശത്തിൽ ലുസൈൽ സിറ്റിയും സൂക്ക് വാഖിഫും ഇതുവരെ ഉറങ്ങിയിട്ടില്ല. ഇവിടെ അർജന്റീന ആരാധകരുടെ ആരവങ്ങളാണ് പുലരുവോളം കേട്ടത്. പിന്നെയും അതു തുടരുകയാണ്..

1998ല്‍ സിനദിന്‍ സിദാനും 2018 ല്‍ ലോറിസുമായി രണ്ടുവട്ടമാണ് ഫ്രാന്‍സ് കിരീടമുയര്‍ത്തിയത്. 60 വര്‍ഷത്തിന് ശേഷം തുടര്‍ച്ചയായ രണ്ടാമത്തെ ലോകകപ്പ് എന്ന ചരിത്രം കുറിക്കാനാണ് ഇന്ന് ഫ്രഞ്ച് പട ഇറങ്ങുന്നത്. 1978, 1986ലുമായി രണ്ടുവട്ടമാണ് നീലപ്പട ലോകകിരീടം നേടിയത്. 2014 ലോകകപ്പിലെ ഫൈനലില്‍ മെസ്സിയും സംഘവും എതിരില്ലാത്ത ഒരു ഗോളിന് ജർമനിക്ക് മുമ്പില്‍ അടിയറവ് പറഞ്ഞിരുന്നു. എട്ട് വര്‍ഷത്തിന് ഒടുവില്‍ വിജയം മാത്രം ലക്ഷ്യംവെച്ചാണ് മെസ്സിയും സംഘവും വീണ്ടും ലോകകിരീടത്തില്‍ മുത്തംവെക്കാനെത്തുന്നത്.

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

December 18, 2022 5:16 am