ഭോജ്ശാല മസ്ജിദ് വിധി: അയോധ്യകൾ ആവർത്തിക്കുമോ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ജാനാധിപത്യ, മതനിരപേക്ഷ ഇന്ത്യയിൽ അയോധ്യകൾ ആവർത്തിക്കപ്പെടുകയാണോ? മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള ഭോജ്ശാല-കമാൽ മൗല മസ്ജിദ് ക്ഷേത്രമാണെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധിയാണ് ഈ ആശങ്കയ്ക്ക് കാരണമായിത്തീർന്നിരിക്കുന്നത്. ഭോജ്ശാല സരസ്വതീക്ഷേത്രമാണെന്നും പരിപാലനം സംബന്ധിച്ച് കേന്ദ്ര സർക്കാരിനും പുരാവസ്തു ഗവേഷണ വകുപ്പിനും (എ.എസ്.ഐ) തീരുമാനമെടുക്കാമെന്നുമാണ് മെയ് 16ന് വന്ന വിധിയിൽ കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഇവിടെ‍ മുസ്ലീങ്ങൾക്ക് നമസ്കാരത്തിന് അനുമതി നൽകിക്കൊണ്ട് 2003–ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ഉത്തരവ് കോടതി റദ്ദാക്കി. മസ്ജിദ് സ്ഥാപിക്കാൻ സർക്കാരിനെ സമീപിച്ച് മറ്റൊരു സ്ഥലം കണ്ടെത്താനും കോടതി നിർദേശിച്ചു. ഇന്ത്യൻ ഭരണ​ഘടനയുടെയും സാമൂഹ്യജീവിതത്തിന്റെയും മതേതര​ഘടനയെ ദുർബലപ്പെടുത്തുന്ന മറ്റൊരു ജുഡീഷ്യൽ ഇടപെടലായി ഈ വിധി മാറിയിരിക്കുന്നു.

പതിനൊന്നാം നൂറ്റാണ്ടിൽ (എ.ഡി 1034) പരമാര രാജവംശത്തിലെ രാജാഭോജൻ രാജാവ് നിർമ്മിച്ച സംസ്‌കൃത പഠനകേന്ദ്രവും സരസ്വതി ക്ഷേത്രവുമാണ് ഈ സമുച്ചയം എന്നാണ് ഹൈന്ദവ സംഘടനകളുടെ വാദം. എന്നാൽ ഇതൊരു ക്ഷേത്രം ആയിരുന്നില്ലെന്നും പകരം പുരാതനമായ മസ്ജിദ് (കമൽ മൗല പള്ളി) ആണെന്നുമാണ് മുസ്ലീം പക്ഷം. ആരാധനാലയ ഉടമസ്ഥതയെ ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) 2003 ഏപ്രിൽ 7 ന് ഒരു ഉത്തരവിറക്കുകയുണ്ടായി. ആ ഉത്തരവ് പ്രകാരം ആഴ്ചയിൽ എല്ലാ ചൊവ്വാഴ്ചയും ഹൈന്ദവർക്ക് ഇവിടെ പൂജ നടത്താനും, വെള്ളിയാഴ്ചകളിൽ മുസ്ലീങ്ങൾക്ക് നമസ്‌കരിക്കാനുമുള്ള അനുവാദം നൽകി. ബാക്കി ദിവസങ്ങളിൽ സന്ദർശകർക്കായി തുറന്ന് കൊടുക്കുന്ന രീതിയുമുണ്ടായിരുന്നു. ആ വിധം ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് അനുയോജ്യമായ വിധം നിലനിന്നിരുന്ന ഒരു സ്ഥലം പൂർണ്ണമായും ഒരു പക്ഷത്തിന് കൈമാറുന്ന രീതി നീതികേടാണ്. 2003 ലെ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതിയുടെ നടപടിയും തീർത്തും അപലപനീയമാണ്. സ്വാതന്ത്ര്യത്തിന് ശേഷം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലായിരുന്ന ഈ സ്ഥലം എൺപതുകളിലെ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും വളർച്ചയോടൊപ്പമാണ് ദേശീയശ്രദ്ധയിലേക്ക് വരുന്നത്.

ഭോജ്ശാല സമുച്ചയം ക്ഷേത്രമായി പ്രഖ്യാപിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധിക്ക് ശേഷം പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് കാവൽ നിൽക്കുന്നു. കടപ്പാട്: PTI

ഇന്ത്യയിലെ പല മുസ്ലീം സ്മാരകങ്ങളും (ബാബറി മസ്ജിദ്, ഗ്യാൻവാപി മസ്ജിദ്) പുരാതനമായ ഹിന്ദു ക്ഷേത്രങ്ങൾ നിലനിന്നിരുന്ന സ്ഥലത്തോ, അത്തരം ക്ഷേത്രങ്ങൾ തകർത്ത അവശിഷ്ടങ്ങൾ ഉപയോഗിച്ചോ ആണ് നിർമ്മിക്കപ്പെട്ടതെന്ന ഹിന്ദുത്വ സംഘടനകൾ വാദം രാമക്ഷേത്ര നിർമ്മാണത്തിന് ശേഷം വീണ്ടും ശക്തമാകുന്ന കാലത്താണ് ഇത്തരത്തിൽ നിരാശപ്പെടുത്തുന്ന ഒരു കോടതി വിധിയുണ്ടാകുന്നത്. മുസ്ലീം ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ കൂടിവരുകയാണ്. 2021 ൽ ഉത്തർപ്രദേശിലെ അക്ബർപൂരിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഷാഹി മസ്ജിദ്, റോഡ് വികസനത്തിൻ്റെ പേരിൽ ജില്ലാ ഭരണകൂടം പൊളിച്ചു നീക്കുകയുണ്ടായി. വഖഫ് ബോർഡിൻ്റെ പരിധിയിലുള്ള പള്ളിയായിരുന്നിട്ടും അത് കോടതി ഉത്തരവിൻ്റെ മറവിൽ പൊളിക്കുകയായിരുന്നു. അതേ വർഷം യു.പിയിലെ തന്നെ ബരാബങ്കിയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മുസ്ലീം പള്ളി ഭരണകൂടം പൊളിച്ചുനീക്കി. ഈ വിധം വികസനം മറയാക്കി ഗുജറാത്തിലും പുരാതന ഡൽഹിയിലും റോഡരികിലുള്ള ചില മസാറുകളും പള്ളികളുടെ ഭാഗങ്ങളും മറ്റും നീക്കം ചെയ്യപ്പെട്ടു. ആരാധനാലയങ്ങൾക്ക് നേരെയുള്ള ഈ ആക്രമണം ജനതയ്ക്ക് നേരെയും തിരിയുന്ന സാഹചര്യമുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് യു.പിയിലെ ഫത്തേപൂരിൽ ബജറംഗ്ദൾ പ്രവർത്തകർ വിഗ്രഹങ്ങളുണ്ടെന്നാരോപിച്ച് മുസ്ലീം മാംസ വില്പനകാരന്റെ കട അടച്ചുപൂട്ടിയത്.

ഇന്ത്യയിലെ മതസ്മാരക തർക്കങ്ങളെ നിയന്ത്രിക്കാൻ 1991-ൽ പാസാക്കിയ Places of Worship (Special Provisions) Act ഇന്ന് രാജ്യത്തെ വലിയ ഭരണഘടനാ-രാഷ്ട്രീയ ചർച്ചകളിലൊന്നായി മാറിയിരിക്കുകയാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്റ്റ് 15ന് ഒരു ആരാധനാലയത്തിനുണ്ടായിരുന്ന മതസ്വഭാവം എന്താണോ അത് മാറ്റാൻ പാടില്ലെന്ന് വ്യക്തമാക്കുന്ന ഈ നിയമം ഒരുകാലത്ത് മതസൗഹാർദം സംരക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. എന്നാൽ ഗ്യാൻവാപി, മഥുര, ഭോജ്ശാല തുടങ്ങിയ കേസുകൾ കോടതികളിൽ എത്തിയതോടെയാണ് ഈ നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്യപ്പെടാൻ തുടങ്ങിയത്. “ചരിത്രത്തെ തിരുത്താൻ ശ്രമിച്ചാൽ രാജ്യത്ത് സ്ഥിരമായ സമാധാനം അസാധ്യമാകും” എന്ന് പറഞ്ഞുകൊണ്ടാണ് 1991ലെ നരസിംഹറാവു സർക്കാർ ഈ നിയമം പാർലമെന്റിൽ പാസാക്കുന്നത്. എന്നാൽ ഹിന്ദുത്വശക്തികൾ തുടർച്ചയായി കേന്ദ്രഭരണത്തിലെത്തിയതോടെ, ചരിത്രപരമായ അനീതികളെ ചോദ്യം ചെയ്യാനുള്ള അവകാശം 1991ലെ എടുത്തുകളഞ്ഞുവെന്ന ഹർജിക്കാരുടെ വാദങ്ങൾക്ക് അനുകൂലമായ കോടതിവിധികൾ വരാൻ തുടങ്ങി. ഭോജ്ശാല-കമാൽ മൗല മസ്ജിദ് വിഷയത്തിലെ കോടതി വിധി അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

ഭോജ്ശാല-കമാൽ മൗല മസ്ജിദിന്റെ ഉൾവശം. കടപ്പാട്:fb

ഹിന്ദുത്വ ശക്തികൾ ഈ കോടതി വിധിയെ കൊട്ടിഘോഷിക്കുകയാണ്. ഭോജ്ശാല ഉത്സവ സമിതി സംരക്ഷക് അശോക് കുമാർ ജെയിന് കൂടുതൽ സന്തോഷമുണ്ടായ ദിനം മതേതരത്വത്തിന് മുറിവേറ്റ ഈ ദിനമാണ്. അശോക് കുമാർ ഒരു ഉദാഹരണം മാത്രമാണ്. അശോക് കുമാറുമാരുടെ ആഘോഷ ദിനമായി മാറിയിരിക്കുന്നു മെയ് 15. അയോധ്യയിലേത് പോലെ ഈ വിധിയ്ക്കൊപ്പവും ജനം സഹകരിച്ച് കൂടെ കൂടണമെന്ന മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ ആഹ്വാനം തീർത്തും കാപട്യമാണ്. “രാം മന്ദിറിനെക്കുറിച്ച് സംസാരിക്കുമ്പോൾ എനിക്ക് ഉണ്ടാകുന്ന സന്തോഷം പോലെ തന്നെ, ഭോജ്ശാലയെക്കുറിച്ചുള്ള ഹൈക്കോടതി വിധിയിലും എനിക്ക് അഭിമാനമുണ്ട്… ഹിന്ദുക്കളും മുസ്ലീങ്ങളും ഈ വിധിയെ സന്തോഷത്തോടെ സ്വീകരിച്ചു; ഇത് ജനാധിപത്യത്തിന്റെ സന്തോഷമാണ്” എന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞത്. ഭോജ്ശാലയെ അയോധ്യയുമായി താരതമ്യം ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇന്ത്യയിലെ മറ്റ് മസ്ജിദുകളെയും ‘അയോധ്യക’ളാക്കാനുള്ള ഹിന്ദുത്വയുടെ രാഷ്ട്രീയ കുന്ത്രമായി വിലയിരുത്താം.

ഭരണഘടനയുടെ 25 -ാം അനുച്ഛേദം രാജ്യത്ത് ആരാധന സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഉറപ്പ് നൽകുന്നുണ്ട്. അവ കൃത്യമായി സംരക്ഷിക്കപ്പെടാനുള്ള ഏക മാർഗ്ഗം നമ്മുടെ രാജ്യം അതിൻ്റെ മതേതര ബഹുസ്വര മൂല്യങ്ങളിലേക്കുള്ള തിരിച്ച് നടക്കുക എന്നത് മാത്രമാണ്. ഇന്ത്യയുടെ മതനിരപേക്ഷ സ്വഭാവത്തെ സംരക്ഷിക്കാനുള്ള ആലോചനയിൽ നിന്ന് ഉരുതിരിഞ്ഞതാണ് 1991ലെ നിയമം. പക്ഷേ, ആ നിയമത്തെ ദുർബലപ്പെടുത്തുന്ന കൃത്യമാണ് ഇത്തരം വിധി പ്രസ്താവനകൾ ചെയ്യുന്നത്. ഇനിയും നാം മുസ്ലീം ആരാധനാലയ സംരക്ഷണത്തിന് വേണ്ടി എത്ര കാലം ശബ്ദിക്കേണ്ടിവരും !?

Also Read