എന്നെ നോക്കി പായും തോട്ട

സത്യത്തിൽ ജീവന്റെ രാഷ്ട്രീയത്തിന് യാതൊരുറപ്പുമില്ല

വാസ്തവങ്ങൾ വാസ്തവങ്ങളാണോ? “ഇതെല്ലാം ഉള്ളതാണോ?” എന്ന ചോദ്യം മിറർ സ്റ്റേജിലുള്ള ഒരു കുട്ടിയുടെ മാത്രം ആകാംഷയല്ല, പുരാതനകാലം മുതലേ തലങ്ങും വിലങ്ങും ഉയരുന്നതാണ്, മലയാളിയാണെങ്കിലും അമലയാളിയാണെങ്കിലും. അല്പം മെറ്റാഫിസിക്കലായി ആചോചിച്ചാൽ, എന്നുവെച്ചാൽ തിരിഞ്ഞ് മാംസനിബദ്ധമായി ആലോചിച്ചാൽ, ലോകം ഉള്ളതാണോ ഇല്ലയോ എന്നിടത്തോളമെത്തിച്ചേരും പോയിപോയി കാര്യകാരണങ്ങൾ, മുമ്പിലായാലും പുറകിലായാലും. ഇപ്പോൾ സത്യാനന്തരവുമായി, ഒരു കാര്യം കള്ളമാണോ സത്യമാണോ ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല പ്രശ്നം. സത്യം കള്ളമായി തീരുകയും കള്ളം സത്യമായി അഴിഞ്ഞാടുകയും ചെയ്യുന്ന ജൈവരാഷ്ട്രീയത്തിലും നിർമ്മിതയാഥാർത്ഥ്യത്തിലും വസ്തുതകൾ ഒരു പ്രശ്നമേയല്ല എന്നുള്ള പ്രശ്നത്തിൽ വൈകാരികതയുടെ കൈയ്യൂക്ക് നിർണ്ണായകമായിതീരും. അറിവിന് പകരം അഭിപ്രായ പ്രകടനങ്ങളുടെ കർതൃനിഷ്ഠമായ ഫിൽറ്റർ ബബിളുകളിലും എക്കോചേമ്പറുകളിലും കാര്യങ്ങൾ ഏകപക്ഷീയമായി തീരുമാനിക്കപ്പെടും. സത്യത്തിനും കള്ളത്തിനുമപ്പുറം യഥാർത്ഥ്യമായി തീരുന്ന ആഖ്യാനങ്ങളുടെ സാംസ്ക്കാരിക പരീക്ഷണശാലകളിൽ നിന്നും പുറത്തുചാടിയ ഒരുതരം സോംബി രാഷ്ട്രീയമാണ് ആർത്തിയോടെ ജീവനെ തേടി തെരുവുകളിലൂടെ കൂട്ടം കൂട്ടമായി നീങ്ങുന്നത്. ഒന്നു തൊട്ടാൽ മതി നമ്മളും അതായിതീരും, ലിവിങ്ങ് ഡെഡ്; രാത്രിയോ പകലെന്നോ ഇല്ല. എന്നു വെച്ചാൽ സിദ്ധാർത്ഥൻമാർ ഇനിയും കൊല്ലപ്പെടാതിരിക്കാനുള്ള ഒരു രാഷ്ട്രീയപരിസരവും രംഗവേദിയും ഇടനാഴികളും ഇനിയും ഉയർന്നുവന്നിട്ടില്ല ഈ സോംബി രാഷ്ട്രീയത്തിൽ, ഇടതും വലതും ഒരേ റോഡിന്റെ ഇരുവശങ്ങളെന്നേ അർത്ഥമാക്കേണ്ടതുള്ളൂ.

‘വിമുക്തരാഷ്ട്രീയ’ത്തിന്റെ ഭേദ്യമുറ(റി)കൾ

പൂക്കോട് വെറ്ററിനറി സ൪വ്വകലാശാല വിദ്യാർത്ഥിയായ സിദ്ധാർത്ഥൻ സത്യം സത്യമായി കൊല്ലപ്പെട്ടു എന്ന് മൂന്നു വട്ടം പറഞ്ഞാലും കോഴികൂവാത്തത്രയും വിധം രാഷ്ട്രീയഹിംസ വിവാദബലതന്ത്രമായും ന്യായസൂത്രമായും നമ്മുടെ രക്തത്തിൽ ജനാധിപത്യപരമായി തന്നെ കൂടികലർന്നിട്ടുണ്ട്. ആ ഒരു വംശാവലിയുടെ മനുഷ്യചങ്ങലയിൽ കണ്ണിചേർന്നാണ് പ്രത്യയശാസ്ത്രമായി നാം നിൽക്കുന്നതെന്ന സത്യം സത്യാനന്തരതയുടെ കാലുഷ്യത്തിലും കലർപ്പിലും പെട്ടുപോയതുകൊണ്ട് അറിയുന്നില്ലെന്നേയുള്ളൂ. ഇനിയും അല്പം വിശദീകരണമാകാം: ഈ ‘നാം’, ‘നമ്മൾ’ എന്നതൊക്കെ കേവലം പറഞ്ഞൊഴിയാവുന്ന സംജ്ഞകളോ ഒറ്റ ബ്രായ്ക്കറ്റോ അല്ല. ആഗബംനെ പിൻതുടർന്ന് പറഞ്ഞാൽ ‘നമ്മൾ’ അല്ലെങ്കിൽ ‘ജനം’ എന്ന പരികല്പനയിൽ ഒരുതരം ‘ജൈവരാഷ്ടീയ അംഗഭംഗം’ അടിസ്ഥാനപരമായി തന്നെ ഉണ്ട്. ‘നാമും’ ‘അവരു’മായി പരിഹാരമേതുമല്ലാതെ തുടരുന്ന ഒന്നിനെയല്ലേ സ്ത്രീയും പുരുഷനുമെന്ന് വിളിക്കുന്നത്? ‘നീയല്ലോ ഞാൻ’ എന്ന് എത്ര കാവ്യാത്മകമായി വിളിച്ചിട്ടും കാര്യമില്ല, ഒരു നിലാനടത്തത്തിലും കൂടികലരാത്തവിധം തീവ്രവാദരാഷ്ട്രീയമുണ്ട് ആ പഴയ പാഠമുറപ്പിക്കുന്ന ലിംഗനിലയിൽ. പാകിസ്ഥാൻകാ൪ ഔദ്യോഗികമായും അനൗദ്യോഗികമായും ‘നമ്മള’ല്ലല്ലോ, ഔപനിഷദികമായി എത്ര വായ്ത്താരി മുഴക്കിയാലും. ഇനിയീ ‘നമ്മളു’ടെ അകത്തോ ആരും നമ്മളല്ലതാനും. ഇതാണ് യഥാർത്ഥ അടിയന്തിരാവസ്ഥ (state of exception എന്ന emergency). അകത്തും പുറത്തുമായി തൊട്ടും തൊടാതെയും തീണ്ടൽപുലർത്തിയും കെട്ടിപ്പുണർന്നും തമ്മിൽതല്ലിയും വിഭജിച്ചു വിഭജിച്ചു പെരുകുന്ന കള്ളികളിലൊതുങ്ങാത്ത, തുളുമ്പിപോകുന്ന ഒന്നിനെ അണകെട്ടി നിർത്തുന്ന പ്രക്രിയയുടെ സ്റ്റേറ്റിസം ‘നാം’, ‘നമ്മൾ’ എന്ന പ്രയോഗങ്ങളിലൊക്കെയുണ്ട്. അതിന്റെ അടിത്തട്ടിലുള്ള പാർട്ടീയത, ജാതീയത, മതപരത എന്നിങ്ങനെയുളള കൂട്ടികെട്ടലുകളിൽ, മനുഷ്യചങ്ങലയുടെ ഒരുമയിൽ ‘നാമും നമ്മളും’ പുറത്താവാതിരിക്കില്ല. ഇതിന്റെ മറുപുറമായി ആളുകൾക്കിടയിലെ ഭിന്നതകളുടെ വിടവടയ്ക്കാനായി ചിതറിപ്പോയവരെയും പുറംതള്ളപ്പെട്ടവരെയും ഒറ്റത്തിരിഞ്ഞവരെയും ചേരുംപടി ചേരാത്തവരെയും ചെത്തിമാറ്റുന്നതിനായി പല പ്രക്രിയാസർവ്വസ്വങ്ങളും ലക്ഷ്യനിഷ്ഠതയോടെ, ഇടതെന്നോ വലതെന്നോ, മുതലാളിത്ത രാജ്യമെന്നോ സോഷ്യലിസ്റ്റ് രാജ്യമെന്നോ ഭേദമില്ലാതെ ആസൂത്രണം ചെയ്യപ്പെടും. ഒരൊറ്റ അവിഭക്ത ജനതയെ നി൪മ്മിച്ചെടുക്കാനുള്ള ഹിംസാത്മകമായ ഈ പദ്ധതിയിൽ ഇവരെല്ലാം ഏകമനസ്കതയോടെ ഒന്നിക്കുമെങ്കിലും ആത്യന്തികമായി അതൊരു പാഴ്ശ്രമം ആയിരിക്കുമെന്ന് ആഗംബൻ മുന്നറിപ്പുനൽകുന്നുണ്ട് (Means without End). എങ്കിലും വ്യവസായവത്കൃത രാജ്യങ്ങളിൽ ഭാഗികമായെങ്കിലും അവർക്ക് ആ ലക്ഷ്യം നിറവേറ്റാനുമായിട്ടുണ്ട്. ഒരു ഫ്രാക്ച്ചറുമില്ലാത്ത, ഒരു മുറുമുറുപ്പുമില്ലാത്ത ജനതയെ വാ൪ത്തെടുക്കാനുള്ള ജൈവരാഷ്ടീയ പദ്ധതിയുമായി കൈകോർത്തുപിടിയ്ക്കുന്നതാണ് നമ്മുടെ കാലത്തെ രാഷ്ട്രീയ ഫെറ്റീഷിസമായ വികസന കടുംപിടുത്തം. കഴുത്തിൽ കയറിട്ട് ഇക്ഷ, ഇമ്മ, ഇണ്ണ വരപ്പിക്കുന്ന ഇത്തരം ഏകീകരണ ഹിംസയിൽ കുറ്റങ്ങളെല്ലാം തലകീഴായി തൂങ്ങിയാടുന്ന ഒട്ടും ‘അ൪ഹതയില്ലാത്ത, ചതു൪ത്ഥി’യായ ആ ‘പാവപ്പെട്ട’ ശരീരത്തിന്റേതായിരിക്കും. വിഴിഞ്ഞത്തെ മത്സ്യതൊഴിലാളികളാണ് ‘കൊടുംകുറ്റവാളികൾ’, പിന്നെയവരെ ദണ്ഡനീതിയുടെ ‘നിലയും മുറയും’ പഠിപ്പിക്കേണ്ടേ? ഇതുവരെയും ‘അദൃശ്യരാ’യിരുന്ന വീട്ടമ്മമാരല്ലേ ഒരു സുപ്രഭാതത്തിൽ കെ റെയിലിനെതിരെ അരയും തലയും മുറുക്കി ‘രാഷ്ട്രീയ’മായി ചാടിയിറങ്ങിക്കളഞ്ഞത്? പിന്നെയവരെയും ഒരു പാഠം പഠിപ്പിക്കേണ്ടേ? ഞങ്ങളിവിടെയുള്ളപ്പോൾ നിങ്ങളെന്തിനാണെന്നാണ് ചോദ്യം. ഈ ജനാധിപത്യത്തിന്റെ ‘അധിക്യത’ കൊണ്ടുണ്ടാകുന്ന ഓരോഓരോ പ്രശ്നങ്ങളേ. ജനങ്ങളാണ് കുഴപ്പം, ജനങ്ങൾ മാത്രമാണ് കുഴപ്പം. ഏതു ജനങ്ങൾ എന്നു ചോദിക്കരുത്, അതൊരു അജനതയാണ്, എന്തൊരിടങ്ങേറ്!

‘വിമുക്തരാഷ്ട്രീയ’മാണല്ലോ പുതിയ മുദ്രാവാക്യം, കണ്ണൂരായാലും അയോദ്ധ്യയായാലും, അതിന് പതിനെട്ടടവോ 64 കലകളോ ഭേദ്യമുറകളായി പ്രയോഗിക്കുന്നതുകൊണ്ട് തെറ്റൊന്നുമില്ലെന്നതാണ് പ്രായോഗിക രാഷ്ട്രീയത്തിന്റെ ന്യായവും ശരിയും. നവോത്ഥാനം മതിലാകുന്നതുപോലെയാണത്. അതൊക്കെ അന്യോന്യം സൗകര്യത്തിനനുസരിച്ച് മാറിപ്പോകുകയുമാവാം, കൂടുവിട്ടുകൂടുമാറ്റം ‘റിയൽപൊളിറ്റിക്കി’ന്റെ ആഭിചാരവൃത്തി മാത്രമല്ല, മാജിക്കൽ റിയലിസം തന്നെയാണ്. അരാഷ്ട്രീയതയുടെ കേവലമായ വെളുപ്പോ വെള്ളപൂശലോ ആയി അതിനെ സാമാന്യവത്കരിച്ചു കൂടാ, രാഷ്ട്രീയതയുടെ വിടാതെ പിൻതുടർന്നെത്തുന്ന ആ കൃത്യതയെ ഉൻമൂലനത്തിന്റെ പശിമയുള്ള രക്തസാഹോദര്യമായി തന്നെ നാം തിരിച്ചറിയണം. ജനാധിപത്യത്തിൽ അത് തൊട്ടടുത്തുതന്നെയുണ്ട്. ശരീരമായോ അശരീരമായോ പൊതുഇടത്തിൽ എവിടെയും എപ്പോഴും ‘തല്ലുമാല’യായി ചാടിവീഴാം. അതത്ര ആകസ്മികമൊന്നുമല്ലതാനും. ഇന്ന് എസ്.എഫ്.ഐ എന്ന സി.പി.എം, നാളെ എതെങ്കിലും കോൺഗ്രസ്, അതിനിടയിലൂടെ മണം പിടിച്ച് തക്കം പാ൪ത്ത് ബി.ജെ.പി എന്ന ആർ.എസ്.എസ് കാര്യാലയം എന്നതാണ് കളിയും കാര്യവും ഗ്യാലറിയും. ഇവിടെ നോക്കാതിരിക്കാൻ അവിടെ നോക്കുക, അവിടുന്ന് തഞ്ചത്തിൽ മറുകണ്ടം ചാടി ഇവിടെ ചവിട്ടുക, അവിടെയും ഇവിടെയും തൊടാതെ സ൪വ്വംസഹയായ ജനായത്ത ആകാശത്തിലേയ്ക്ക് മിടുക്കോടെ, സ്നേഹത്തോടെ ഉയരുക. എന്നു വെച്ചാൽ തൂമ്പയെ തൂമ്പയെന്നു വിളിക്കാനാവത്തത്രയും സാമാന്യവത്കരണത്തിന്റെ കേവലത, പ്രത്യയശാസ്ത്രമായി ഒഴിയാതെ നമ്മെ മൂടിനിൽക്കുന്നുണ്ട്. ഒരു രാഷ്ട്രീയശൈലിമാത്രമല്ല, ദൈനംദിനമായ ഒരു നീക്കുപോക്കുകൂടിയാണത്. അതാണ് സൗകര്യം. സാമാന്യതയുടെ മഷി കലക്കിയാൽ മതി സവിശേഷമായതിൽ നിന്നും രക്ഷപ്പെടാം. ഒരപകടവുമില്ല. എസ്.എഫ്.ഐയിൽ നിന്നും രക്ഷപ്പെടണമെങ്കിൽ ആൾക്കൂട്ടകൊലപാതകമോ അരാഷ്ട്രീയക്കൊലയോ ആക്കിയാൽ മതി (കക്ഷിയോ അകക്ഷിയോ ആകട്ടെ, ഏത് കൊലയിലാണ് രാഷ്ട്രീയമില്ലാത്തത്?). അങ്ങനെയാകുമ്പോൾ ഒരു വെടിയ്ക്ക് രണ്ടു പക്ഷി എന്ന നിലയ്ക്ക് പിതൃഘടികാരമായ പരമ്പരാഗത ഇടതുപക്ഷത്തെയും പുത്രപരമ്പരയായ എസ്.എഫ്.ഐയെയും ഒരുപോലെ വെളുപ്പിച്ചെടുക്കാം. പിന്നെ മുഴുവൻ പഴിയും ‘നിശ്ശബ്ദമായി ഒരു വിരലുമനക്കാതെ’ കണ്ടുനിന്ന പുതുതലമുറ വിദ്യാർത്ഥി സമൂഹത്തിൽ ചാർത്തി മൂക്കത്ത് വിരൽവെയ്ക്കാം. ഇനിയും വേരാഴ്ത്തുന്ന അരാഷ്ട്രീയതയെക്കുറിച്ചും, ഹിംസയുടെ കാടടച്ചുള്ള പ്രതിനിധാനത്തെക്കുറിച്ചും ‘അനൈതികവും സ൪വ്വകുഴപ്പവുമായ’ യൂത്ത് കൾച്ചറിനെപ്പറ്റിയും എങ്ങും തൊടാതെ സാമാന്യതയുടെ പൂഴിക്കടകനുയർത്തി ഘേോരഘോരം ‘ഉത്കണ്ഠാകുല’രാകാം. തിരിഞ്ഞ് കുലംകുത്താതിരിന്നാൽ മതിയെന്നു മാത്രം.

കൊടുമൺപോറ്റി എവിടെനിന്നും വരാം

ചുവപ്പിലും അരിവാൾചുറ്റികയിലും ഒരു ഏകീകരണഹിംസ കൂടി ‘ഭയകൗടില്യലോഭമോഹ’ത്തോടെ കുടിയിരുത്തപ്പെട്ടിട്ടുണ്ട്. കണ്ണൂർ കേവലം ഒരു സ്ഥലരാശി മാത്രമല്ല, പാ൪ട്ടിയുടെ നവകേരളീയമായ രാഷ്ട്രീയ വ൪ത്തമാനമാണ്. അത്ര അകലെയല്ല, കഴിഞ്ഞുപോയിട്ടുമില്ല. സ്ഥലകാലങ്ങളിൽ നിന്നും പുറത്തു ചാടിയ ഭൂതമായി അത് ഒളിഞ്ഞും തെളിഞ്ഞും നമ്മുടെ കാമ്പസുകളെയും തെരുവുകളേയും ന്യൂസ്റൂമുകളെയും ഭ്രമയുഗമാക്കുന്നുണ്ട്. അവിടെ മൗനത്തിന് മിണ്ടാതിരുന്നാൽ മതി എന്ന ഒരൊറ്റ കൈയ്യാംഗ്യത്തിന്റെ മുഷ്ടിചുരുട്ടലെന്നേ അർത്ഥമുള്ളൂ, ദാർശനികാർത്ഥമൊന്നുമില്ല. ‘കടക്കൂ…! പുറത്തെ’ന്നത് കേവലം ഒരു ഭരണാധികാരിയുടെ മുൻശുണ്ഠിയിൽ നിന്ന് പുറത്തുവരുന്ന വീൺവാക്കല്ല, അതിനിശിതമായ അന്തർഗതങ്ങളുള്ള ഒരു രാഷ്ട്രീയറെട്ടറിക്കിന്റെ, നമ്മുടെ കാലത്തെ തന്നെ നിർണ്ണയിക്കാൻ പ്രാപ്തമായ, ഇടതാവിഷ്ക്കരണമോ പ്രയോഗമോ ആണത്. കൊടുമൺപോറ്റി എവിടെനിന്നും വരാം.

കളി ആദ്യം കാര്യമായി തീരുമെന്നും കാര്യം കുറെകഴിഞ്ഞ് കളിയായായും തീരുമെന്നല്ലേ പണ്ട് മാർക്സ് ‘എയ്റ്റീന്ത് ബ്രുമെയറി’ൽ ധ്വനിയായി പറഞ്ഞുവെച്ചത്? എന്നുവെച്ചാൽ തൊലിപ്പുറമേ വണ്ടു തുരന്നാൽ പോലും അറിയാത്തവിധം എല്ലാം സഹജമായിതീരാനിടയുണ്ടെന്നുള്ള പ്രഹസനം തന്നയാണ് യഥാ൪ത്ഥത്തിൽ ട്രാജഡി. ആ ദുരന്തപ്രഹസനത്തിന്റെ താളവട്ടമായി തുടരുന്ന ചരിത്രപരമയ തർക്കം കൊഴുക്കുമ്പോൾ വാക്കിന്റെ മൂർച്ച മതി തലയുരുളാൻ, വാള് വേണമെന്നുതന്നെയില്ല. അവിടെ എന്തും ഏതും ആയുധമായി ഉപയോഗിക്കപ്പെട്ടേക്കാം. ദളിതത്വത്തെയും സ്ത്രീസംരക്ഷണത്തെയും വരെ മറയായിപ്പിടിച്ച് കുറ്റകൃത്യത്തെ ന്യായീകരിക്കുകയോ കുറ്റവാളികളെ ‘മൂല്യബോധ’മുള്ളവരായി രക്ഷിച്ചെടുക്കുകയോ ചെയ്യാം, ഗാന്ധിജിയെ തന്നെ വേണമെങ്കിൽ പരിചയാക്കി ഏതു യുദ്ധത്തെയും ന്യായീകരിക്കാം (‘അഹിംസയുടെ ത്രാസിൽ മാത്രം തൂക്കപ്പെട്ട ഒരു ന്യായീകരണം എനിക്കില്ല.’ Young India, 13-9-1928), ആന്റി-കാർസെറൽ ഫെമിനിസം പൊടിത്തട്ടിയെടുത്ത് വാളിന്റെ മൂ൪ച്ചയായി ദണ്ഡനീതി തന്നെ നടപ്പാക്കാം. സമാധാനവും ക്ഷമയും നിരുപാധിക സ്നേഹവും കൊന്നും കൊലവിളിച്ചും സംസ്ഥാപിച്ചെടുക്കാം. സമഗ്രാധിപത്യത്തിന് വാഴാൻ ജനാധിപത്യം പോലെ സൗകര്യപ്രദമായ മറ്റൊന്നില്ല! എത് രൂപഭേദത്തിലും കാലദേശഭേദമന്യേ വളച്ചൊടിച്ച് ന്യായീകരണങ്ങൾ ചമയ്ക്കാൻ അറിവ് പോലെ ദ്രവ്യസ്വഭാവവും ഇലാസ്തികതയുമുള്ള മറ്റൊന്നില്ല. അനിശ്ചിതമായി, പുരാതീനമായി, ആധുനികവും ഉത്തരാധുനികവുമായി കൊളോണിയലും പോസ്റ്റ് കൊളോണിയലുമായി അവ്യക്തമധുരമായി അങ്ങനെ നീണ്ടുനിവ൪ന്നു കിടക്കുകയല്ലേ ഏതു സാഹചര്യത്തിലും ബുദ്ധിപരമായി എടുത്തു പ്രയോഗിക്കാൻ.

സംസ്ഥാന തെരഞ്ഞെടുപ്പിലെ പ്രബലമായ ശക്തി സി.പി.ഐ (എം) ആണെന്നും കേരളത്തിലെ തെരഞ്ഞെടുപ്പുജയം എന്ന ബാലികേറാമല കയറാൻ ഇപ്പോഴും ഹിന്ദുവലതുപക്ഷം പെടാപാടുപെടും എന്നുമാണ് അച്ചട്ടായി പതിഞ്ഞുപോയ ഒരു പൊതുധാരണ. ആ കപടസ്വാസ്ഥ്യത്തിന്റെ മൃദൂഷ്മളമായ അനന്തശയനത്തിലാണ് ഇടതുപക്ഷം ആലിലകൃഷ്ണനെപ്പോലെ വിരലുകുടിച്ചു മയങ്ങുന്നത്. എന്തുതന്നെയായാലും, മറ്റു കുറച്ചു പേരെങ്കിലും നീരീക്ഷിച്ചതുപോലെ, ഇസ്ലാമോഫോബിയയുടെ ലക്ഷണങ്ങളും ‘മൃദുഹിന്ദുത്വ’പ്രവണതകളും ഇടതുപക്ഷത്തുള്ള പല ഗ്രൂപ്പുകളിലും വേരാഴ്ത്തിതുടങ്ങിയിരിക്കുന്നുവെന്നും വടക്കൻ കേരളത്തിലെ ഈ വിപര്യയം അകലെയിരുന്നാണെങ്കിലും തന്നെ ഉത്കണ്ഠാകുലയാക്കുന്നു എന്നും പറഞ്ഞത് വടക്കൻ കേരളത്തിലെ രാഷ്ട്രീയ ഹിംസയെക്കുറിച്ച് ‘വയലൻസ് ഓഫ് ഡെമാക്രസി’എന്ന പുസ്തകമെഴുതിയ രുചി ചതുർവേദിയാണ്.

സംഘിയോടുള്ള ഈ കൂറ് കൂടുതൽ ശക്തമാകുകയും പരന്ന് കീഴ്പ്പോട്ടിറങ്ങുകയുമാണെന്നും അവർ തുടരുന്നു. അതൊരു പക്ഷെ, വോട്ടായി മാറുന്നില്ലായിരിക്കാം, എന്നാൽ ദെനംദിനമെന്നോണമുള്ള മുസ്ലീങ്ങളുടെ അപരവത്കരണവും അവിശ്വാസത്തിന്റെയും മുൻവിധികളുടെയും സംശയങ്ങളുടെയും ക്ലിഫ്ഹാങ്ങറിലുള്ള അവരുടെ ജീവിതവും പറയുന്നത് സംഘപരിവാറിന്റെ സാംസ്ക്കാരികവും സാമൂഹികവുമായ എഞ്ചിനിയറിങ്ങ് അതിന്റെ ഫലങ്ങൾ കൊയ്തുതുടങ്ങിയിരിക്കുന്നു എന്നതാണ്. പല തണ്ടിയിലും തരത്തിലുമുള്ള സമുദായങ്ങളിലെ ജനങ്ങൾ ആഗോള ഇസ്ലോമോഫോബിയയെ പിൻപറ്റുന്ന രീതികളിൽ നിന്നു തന്നെ അടിത്തട്ടിലൂടെ ശക്തിയാർജ്ജിച്ചുവരുന്ന ഇത്തരം ദുഷ്ഫലങ്ങളെ തൊട്ടറിയാൻ പറ്റും. അതോടൊപ്പം കുറഞ്ഞപക്ഷം, മേധാവിത്വപരമായ, ഒരു അധീശഹിന്ദുസ്വത്വത്തിന്റെ ചില വശങ്ങളെയെങ്കിലും സ്വാംശീകരിക്കാനും ഉൾക്കൊള്ളാനുമുള്ള മനഃസമ്മതത്തിലും തിടുക്കത്തിലുമായിരിക്കും അവർ. ചരിത്രപരമായി സെക്ക്യൂലറെന്നും ഇടതുചായ്വുള്ളതെന്നും തിരിച്ചറിയപ്പെടുന്നവ൪ക്കിടയിൽ കൂടിയും ഇത്തരം അഭിലാഷങ്ങൾ തീവ്രമായി തന്നെ നിലനിൽക്കുന്നുണ്ട്. ഈ വഴികളൊക്കെ ചുണ്ടി കാണിച്ചിട്ട് രുചി ചതു൪വേദി പറയുകയാണ്: “In these ways, I fear that Kerala too has taken a majoritarian and (dare I say) supremacist turn.”

ജിഗർതണ്ട ഡബിൾ എക്സ് രാഷ്ട്രീയം

ഓർമ്മ ശരിയാണെങ്കിൽ ‘Fact is not factual’ എന്നെഴുതിയത് സിനിമാക്കാരനായ കുമാ൪ ഷാഹ്നിയാണ്. നമ്മൾ സമീപകാലത്ത് സിനിമയിലും ജീവിതത്തിലും, എന്നു വെച്ചാൽ രാഷ്ട്രീയത്തിലും കാണുന്നതതാണ്. എല്ലാം സംഭവിക്കുന്നുണ്ട്, എന്നാൽ ഒന്നും സംഭവിക്കുന്നില്ല, അനിശ്ചിതവും സുനിശ്ചിതവുമായ ഒരു നിർമ്മിത യാഥാർത്ഥ്യത്തിന്റെ, ഒരുതരം അതിഭൗതിക രാഷ്ട്രീയത്തിന്റെ മായാലീലയായി തീർന്നിട്ടുണ്ട് വാസ്തവത്തിൽ അവാസ്തവികമായ നമ്മുടെ ജീവന്റെ രഹസ്യസഞ്ചാരങ്ങൾ പോലും. പിന്നെ സിനിമയുടെ കാര്യം പറയേണ്ടല്ലോ, ‘ആട്ട’മാണങ്കിലും ‘ജിഗർതണ്ട’ ഡബിൾ എക്സായാലും ഒരു റാഷമോൺ മോമന്റ് സംഭവിച്ചതിനെയെല്ലാം കലക്കികളയും. ‘ആട്ടം’ വെറും ചാഞ്ചാട്ടമോ കളി/കഥയാട്ടമോ ഞാണിൻമേൽകളി തന്നെയോ ആയിതീരാം. സ്റ്റേജും കാണിയും തമ്മിൽ വാസ്തവത്തിൽ അതിർവരമ്പുകളില്ല, ഒന്ന് മറ്റൊന്നിന്റെ സാധ്യതയും സാംഗത്യവും മൂലധനവും പ്രത്യുൽപ്പാദനവുമാണ്. ആ കലക്കപാച്ചിലിൽ സംഭവിച്ചതെന്താണോ അതുതന്നെയും ഇല്ലാതായേക്കാം. പിന്നെയുള്ളത് മറ്റൊരു രംഗാവിഷ്ക്കാരമാണ് (A political theatre state). ആദ്യമുള്ളതാണോ അന്ത്യത്തിലുള്ളതാണോ അതോ നടുവിലെ നിഴലിടമായ ജീവവിസ്താരങ്ങളിലാണോ ആട്ടപ്രകാരമുള്ളതെന്ന് ചോദ്യം പിടികിട്ടാത്ത ഒരു പൊട്ടിച്ചിരിയായി അവസാനിച്ചേക്കാം, ചൂടൻചർച്ചയുടെ ഒത്ത നടുക്കുതന്നെ ചെവിതകർക്കുന്ന തകരച്ചെണ്ടയായി ഒരു തേങ്ങ പൊട്ടിവിണേക്കാം. അല്ലെങ്കിൽ ഒരു കൂട്ടക്കൊല ക്ലിന്റ് ഈസ്റ്റ്വുഡിനെയോ അലിയസ് സീസറെയോ പോലെ സ്ക്രീൻ നെടുകെ പിളർന്ന് തോക്കുചൂണ്ടി പുറത്ത് കാണികളിലേയ്ക്ക് പെർഫോമേറ്റീവായി എത്തിച്ചേർന്നേക്കാം, തോക്കാണോ ക്യാമറയാണോ എന്നറിയുക ഇടവേള കഴിഞ്ഞിട്ടായിരിക്കും, ഇടുപ്പിൽ വന്ന് ഇക്കിളി കൂട്ടുന്നത് വിരലുകളല്ല, ഇരട്ടക്കുഴൽ തോക്കാണെന്നറിയുന്നത് തിരഞ്ഞു നോക്കുമ്പോഴായിരിക്കും. കൃത്യമായും ‘എന്നെ നോക്കി പായും തോട്ട’, സത്യത്തിൽ ജീവന്റെ രാഷ്ട്രീയത്തിന് യാതൊരുറപ്പുമില്ല.

തീർച്ചായായും തീർച്ചയില്ല എന്ന തീർച്ചയുള്ളിടത്ത് ഒരു കാര്യം ആ൪ട്ടിഫിഷ്യലി ഇന്റലിജെന്റായി ഉറപ്പാണ്. ‘കട്ട്-ക്യാമറ-സൗണ്ട്-ആക്ഷൻ-വൺസ്മോർ’ എന്ന രാഷ്ട്രീയം പോയിന്റ് ബ്ലാങ്കിൽ എവിടെയൊക്കെയോ മുഴങ്ങുന്നുണ്ട്. മോദി ലക്ഷദ്വീപിലെ കടൽത്തീരത്താണോ അതോ ഫ്രാൻസിലാണോ എന്നറിയാൻ ആൾട്ട്ന്യൂസ് മതിയാകാതെവരും. പ്രധാനമന്ത്രിയല്ലേ, ഒരേ സമയം ഒരേ സ്ഥലത്ത്, സർവ്വവ്യാപിയായി തൂണിലും തുരുമ്പിലുമുണ്ടാകുമല്ലോ എന്നതാണല്ലോ സനാതനയുക്തി. പരമാത്മാവിന്റെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യതയില്ല എന്ന ജീവാത്മാവിന്റെ റോളാണ് വഴിയൊരുക്കികൊടുക്കുന്ന നവകേരളത്തിന്, കെ-റെയിലിലായാലും വിഴിഞ്ഞം പോർട്ടിലായാലും, ആരാണ് മോദി ആരാണ് പിണറായി ആരാണ് അദാനി എന്നറിയാത്ത സ്ഥലജലവിഭ്രമത്തിൽ കാണികൾ അകപ്പെട്ടുപോയാൽ കുറ്റം പറയാനാവില്ല. മോദി-അദാനി-പിണറായി എന്നത് തീർച്ചയായും ഒരു പേരല്ല, വ്യക്തിയുമല്ല. ഒരു ലക്ഷണമാണ്, ആശയമാണ്, സൂചനയാണ്, മുന്നണിയാണ്, പ്രയോഗമാണ്, സമകാലികതയാണ്. ഏതായാലും ഒരു ശരീരം മാത്രമല്ല, ഭവശക്തികളുടെ അധികാരരഹസ്യങ്ങളിലൂടെയുള്ള ഗൂഢവും കൃത്യവും ആസൂത്രിതവും ഏകപക്ഷീയവുമായ രാഷ്ട്രീയ കരുനീക്കമാണത്. ആൺരാഷ്ട്രീയം സ്വന്തം പാർട്ടിശരീരത്തിലൂടെയും സ്റ്റേറ്റ് അപ്പാരറ്റസിലൂടെയും അനുബന്ധപ്രസ്ഥാനങ്ങളിലൂടെയും സ൪വ്വശക്തിയാർജ്ജിക്കുന്ന തരത്തിലുള്ള ഒരു ഏകീകരണഹിംസ ആ വാംപെയർ രാഷ്ട്രീയത്തിലുണ്ട്.

ഒരു വിറ്റ്ഗെൻസ്റ്റെയ്ൻ ചിത്രബന്ധത്തിന്റെ വ്യാകരണത്തിൽ പറഞ്ഞാൽ ഒരു വാക്ക് മറ്റൊരു വാക്കിന്റെ സൂചനയോ നിർദ്ദേശമോ ആയി പരക്കുമ്പോൾ ‘എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ പത്ത് കൊള്ളുമ്പോൾ ഒരു കോടി ഒരു കോടി’ എന്ന് പറയുന്നതുപോലെയുള്ള ഒരു തുടർക്കണി മനുഷ്യചങ്ങലയോ രാഷ്ട്രീയവ്യാകരണമോ ആയി അങ്ങനെ നീണ്ടുനീണ്ടുപോകും. മഹാഭാരതമല്ലേ, അദ്വൈതമല്ലേ, പലതായി തോന്നുമെങ്കിലും എല്ലാം ആത്യന്തികമായി ഒന്നായി തീരുമല്ലോ. ‘ഏകം സത് വിപ്രാ ബഹുധാ വദന്തി’ എന്നതല്ലേ ശ്രുതിയും സ്മൃതിയും. എന്നുവെച്ചാൽ രാമക്ഷേത്രവും ശബരിമലയുമായി രാഷ്ട്രീയമായി വലിയ ദൂരമൊന്നുമില്ലെന്ന് അർത്ഥം. കേരളത്തിന്റെ അയോദ്ധ്യാമോമന്റായി തീരാനിടയുണ്ട് ശബരിമല. ആലങ്കാരികമായി മത്രമല്ല, രാഷ്ട്രീയപരമായും രണ്ടിലും ധ്വംസനവും പുനഃപ്രതിഷ്ഠയുമുണ്ട്, രണ്ടു പോയിന്റുകളുടെ വ്യത്യാസമേയുള്ളൂ, വഴിയൊന്നാണ്. അതിനിടയിലെ വിശ്രമതാവളമാകാം ഇടതുപക്ഷം, ഒന്ന് തലചായ്ച്ച് ഉഷാറായി ലക്ഷ്യസ്ഥാനത്തേയ്ക്ക് നീങ്ങാം. ഒരു പേരിലെന്തിരിക്കുന്നു എന്ന ഫലപ്രാപ്തിയായി അത് ഏത് രൂപത്തിലും ഭാവത്തിലും വരാം. രാമനായാലും രാവണനായാലും സീതയും മറ്റ് അജനതകളും മണ്ണിനടിയിലായിപ്പോകുമെന്നതാണല്ലോ രാമായണം.

ഏതായാലും തലതിരിച്ചിലുണ്ടാക്കുന്ന ഈ ഭ്രമയുഗത്തിൽ ഇടതുപക്ഷം വ്ലാദിമർ ഇല്ലിച്ച് ലെനിനെ, ‘എന്ത് ചെയ്യണമെന്ന’ (വാട്ട് ഇസ് ടു ബി ഡൺ?) രാഷ്ട്രീയ ജീവൻമരണ പ്രശ്നത്തിലെങ്കിലും ഓർക്കുന്നത് രാഷ്ട്രീയത്തിന്റെ രൂപവടിവുകൾ യഥാ൪ത്ഥത്തിൽ തെളിഞ്ഞു വരാനെങ്കിലും സാഹായിച്ചേക്കും. ‘കുറുകിയ എക്കണോമിക് രാഷ്ട്രീയത്തിന്റെ കുഴമ്പ് മാത്രം തീറ്റിക്കാൻ ഞങ്ങൾ വെറും കുട്ടികളല്ല. മറ്റുള്ളവർ അറിയുന്ന എല്ലാമെല്ലാം ഞങ്ങളും അറിയാൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയജീവിതത്തിന്റെ എല്ലാ വശങ്ങളുടെയും വിശദാംശങ്ങൾ മനസ്സിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുക മാത്രമല്ല, ഓരോരോ രാഷ്ട്രീയ സംഭവവികാസങ്ങളിലും സജീവമായി പങ്കുചേരാനും ഉത്സുകരാണ്’ എന്ന് ദീർഘജീവിതപ്രാപ്തിയുള്ള ആ കൃതി വൈചിത്ര്യവൈവിദ്ധ്യത്തിന്റെ തുറസ്സുകളിലേയ്ക്ക് (vivid exposure) അതിന്റെ വാതിലുകൾ തുറന്നു വെയ്ക്കുന്നു. പരമ്പരാഗത ഇടതുപക്ഷത്തിന്റെ ഓർത്തഡോക്സ് ബങ്കറുകളിലേയ്ക്ക് പിൻമടങ്ങുകയല്ല, പുതിയ മാറ്റങ്ങളെ നേരിട്ട്, 90കൾക്ക് ശേഷമുള്ള പുതിയ ക്രമത്തിന്റെ പ്രശ്നങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് രാഷ്ട്രീയമായും സാമൂഹികമായും ഉണരണമെന്നാണ് എപ്പോൾ ചെവിചേർത്താലും ആ ചെറുകൃതി ഭംഗ്യന്തരേണ നമ്മോടു പറയുന്നത്.

പരമ്പരാഗത മാർക്സിസത്തിന്റെ അടിഞ്ഞുകൂടിയിരിക്കുന്ന പഴയ എക്കലിന്റെ പൂർവ്വാവസ്ഥകളിലെ തീയും പുകയും തന്നെ വേണമല്ലോ അതിനനുസരിച്ച് പാകപ്പെടുത്തിയ പാർട്ടി യന്ത്രം പ്രവർത്തനനിരതമാകാൻ. 57തൊട്ടേ ഫ്യൂഡലിസത്തിന്റയും കമ്മ്യൂണലിസത്തിന്റെയും പാർലമെന്ററി ജനാധിപത്യത്തിന്റെ അധീശനിഷ്ഠകളുടെയും ചെളിമണ്ണിൽ തന്നെയാണ് അതിന്റെ നിലപാടുതറ ഉറപ്പിച്ചെടുത്തിരിക്കുന്നത്. ദീർഘകാലമായി എക്കലടിഞ്ഞടിഞ്ഞ് ഉണങ്ങിവരണ്ടപ്പോൾ ഒന്ന് തിരിയാത്ത വിഭ്രമാവസ്ഥയിലായിപ്പോയി. അതുകൊണ്ട് ലെനിൻ പറഞ്ഞതുപോലെ കാര്യങ്ങളെക്കുറിച്ചുള്ള ഒരു രാഷ്ട്രീയജ്ഞാനം, അതിനുവേണ്ടിയുള്ള ആകാംഷയുടെ ആർദ്രത (politics of affective turn) അതിന്റ അടിവയറ്റിലില്ലാതായി. വിധിക്ക് കീഴടങ്ങാതെ, നമ്മുടെ കാലത്തെ സംഭവവികാസങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട, വ്യത്യസ്ത രീതിയിലുള്ള പങ്കാളിത്തനിർവ്വഹണം സാധ്യമാക്കുന്നത് അത്തരം രാഷ്ട്രീയജ്ഞാനത്തിന്റെ ചേർത്തുനിർത്തുന്ന ആകാംക്ഷയുടെ ആർദ്രതയാണ്, അതിന്റെ അഭാവത്തിൽ ഹിംസ ജനിതകമായി തന്നെ ആ രക്തത്തിലുണ്ടാകുമല്ലോ. കേവലം താർക്കികയുക്തികളും കുതർക്കങ്ങളുംകൊണ്ട് ഒന്നും ഇല്ലാതാകുന്നില്ല. ഏതായാലും ‘ഫസ്റ്റ് ഓഫ് ആൾ, റെന്യൂ ദ പാ൪ട്ടി’ എന്ന് ഗ്രാംഷിയെപ്പോലെ, ‘റീഫോം ഓ൪ റെവലൂഷൻ?’ എന്ന് റോസാ ലെക്സംബർഗിനെപ്പോലെ നമുക്ക് വ്യാമോഹിക്കുകയെങ്കിലും ചെയ്യാം.

ജാംബവാന്റെ കാലം മുതലേ ഇടതുസഹയാത്രികരും താർക്കിക ഭക്തരും ഇടംവലം നോക്കാതെ എടുത്തുപയോഗിക്കുന്ന ഒരു രാഷ്ട്രീയ ക്ലീഷേയാണ് ‘ബി.ജെ.പിയ്ക്ക് വഴിയൊരുക്കികൊടുക്കാനേ ഇടതുവിമർശനം സാഹായിക്കൂ’ എന്നത്. ഇവിടെ ആരും സഹായിക്കണ്ട, അവ൪ തന്നെ സ്വയം വഴിയൊരുക്കിക്കൊള്ളും. വെറും വഴിയില്ല, പരവതാനി വിരിച്ച് ‘പ്രാണപ്രതിഷ്ഠ’ തന്നെ നടത്തിക്കൊടുക്കും. അതിന് മറ്റാരും ഉത്തരവാദിയല്ല. ശരീരവും അശരീരവുമായ ഓരോ ഹിംസയും ആ വഴി ഉറപ്പിച്ചെടുക്കുന്ന രക്തഹാരമാണ്.

ഫീച്ചർഡ് ഇമേജ്, കടപ്പാട്: Hleb Zhyhunou, graphic designer

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

March 20, 2024 2:14 pm