1990 കളുടെ മധ്യം. കോഴിക്കോട് ടൗൺഹാളിൽ ഒരു സാംസ്ക്കാരിക സമ്മേളനം. ടി.പി രാജീവനൊപ്പം ടൗൺഹാളിലേക്ക് നടക്കുമ്പോൾ വരാന്തയിൽ മാമുക്കോയയും ജമാൽ കൊച്ചങ്ങാടിയും. രാജീവൻ ജമാൽക്കക്ക് നമസ്ക്കാരം പറഞ്ഞു. അല്ല, രാജീവൻ മാമുക്കോയയെ അറിയില്ലേ എന്ന് ജമാൽക്കയുടെ ചോദ്യം. ഇല്ല, അങ്ങിനെ അറിയില്ല എന്ന് രാജീവൻ (വ്യക്തിപരമായി അറിയില്ല എന്ന അർഥത്തിൽ). ഉടനെ മാമുക്കോയ, “നീ ഒക്കെ എന്റെ എത്രയോ സിനിമകൾ കാണാൻ തൊള്ളപൊളിച്ചിരിക്കുന്നത് ഞാൻ സ്ക്രീനിൽ നിന്ന് പല തവണ കണ്ടിട്ടുണ്ട്. അങ്ങിനെ നിന്നെ എനിക്കറിയാം.” അതോടെ കൂട്ടച്ചിരിയായി. രാജീവൻ മാമുക്കോയയുടെ എല്ലാ കാലത്തേയും സുഹൃത്തായി മാറുന്നത് അവിടെ വെച്ചാണ്. (രാജീവനും ഇവിടം വിട്ടുപോയി).
സ്ക്രീനിലേക്കു നോക്കുന്ന കാണിയെപ്പോലെ, കാണിയെ സ്ക്രീനിൽ നിന്നും സാകൂതം നോക്കിക്കൊണ്ടിരിക്കുന്ന, പരിചയപ്പെടുകയും സുഹൃത്താവുകയും ചെയ്യുന്ന നടൻ – ഇങ്ങിനെയൊരു സങ്കൽപ്പം തമാശയിലൂടെയാണ് മാമുക്കോയ പറഞ്ഞത്. പക്ഷെ സ്ക്രീൻ/നടൻ/കാണി എന്നീ ബന്ധത്തെ, അതിന്റെ എല്ലാ ആഴത്തിലും അന്നത്തെ സംസാരത്തിൽ മാമുക്കോയ അടയാളപ്പെടുത്തി. ഒരു സിനിമാ നടനെ അറിയില്ല എന്നു പറഞ്ഞാൽ എങ്ങിനെയാണ് ആ നടൻ പ്രതികരിക്കേണ്ടത് എന്നതിനുള്ള എക്കാലത്തേക്കുമുള്ള മാതൃകയാണ് അന്ന് ടൗൺഹാൾ വരാന്തയിൽ സംഭവിച്ചത്.
മാമുക്കോയയെ വികാരഭരിതനായി കണ്ടത് വൈക്കം മുഹമ്മദ് ബഷീർ ഈ ലോകം വിട്ടുപോയപ്പോഴാണ്. തീർത്തും തകർന്ന നിലയിൽ വി.കെ.എൻ ബഷീറിന്റെ മയ്യത്തിനരികിൽ നിൽക്കുന്നുണ്ട്. എനിക്ക് വല്ലാത്ത തളർച്ച, എന്നെ എവിടെയെങ്കിലുമൊന്ന് ഇരുത്തുമോ എന്ന വി.കെ.എൻ ചോദ്യം കേട്ട് ചിലർ അദ്ദേഹത്തെ പതുക്കെ പുറത്തേക്കു കൊണ്ടുപോയി. മാമുക്കോയയും കൂടെ പോയി. തൊട്ടടുത്ത ഒരു ഐസ് കമ്പനിയുടെ ഓഫീസിൽ വി.കെ.എൻ ഇരുന്നു. എന്നാൽ അവിടുത്തെ തണുപ്പ് അദ്ദേഹത്തിന് സഹിക്കാനായില്ല. ശീതം കൂടുതലാണ് എന്ന് പറഞ്ഞപ്പോൾ മാമുക്കോയ ഇനി അടുത്ത് പള്ളിയാണുള്ളത്, അവിടെ പോകാം എന്ന് വി.കെ.എന്നിനോട് പറഞ്ഞു. അവിടെ എല്ലാവർക്കും കയറാമോ എന്ന ചോദ്യത്തിന്, കാൽകഴുകി ആർക്കും കയറാം എന്ന് മാമുക്കോയ പറഞ്ഞു. അങ്ങിനെ രണ്ടു പേരും പള്ളിയിൽ കയറി. ഖത്തീബ് പുറത്തേക്കുവന്ന് വി.കെ.എന്ന് നമസ്ക്കാരം പറഞ്ഞു. പിന്നെ സംഭവിച്ചത് അൽഭുതകരമെന്ന് വി.കെ.എന്നും മാമുക്കോയക്കും ഒരേ പോലെ തോന്നി. ഖത്തീബ് വി.കെ.എൻ സാഹിത്യത്തെക്കുറിച്ച് വിശദമായി സംസാരിക്കുന്നു. ഇക്കാര്യം പിന്നീട് മാമുക്കോയ പ്രസംഗിച്ചിട്ടുണ്ട്, എഴുതിയിട്ടുമുണ്ട്. അദ്ദേഹം പറഞ്ഞതിന്റെ രത്നച്ചുരുക്കം ഇതായിരുന്നു, ആസ്വാദകനെക്കുറിച്ച് ഒരിക്കലും മുൻവിധികൾ പാടില്ല, ആസ്വാദകനാകാൻ ഒരാൾക്കും ആരുടേയും അനുമതി ആവശ്യമില്ല.
വൈക്കം മുഹമ്മദ് ബഷീറുമായി മാമുക്കോയക്കുണ്ടായിരുന്ന ബന്ധം അങ്ങേയറ്റം സവിശേഷമായിരുന്നു. മാമുക്കോയയെ ആദ്യകാലത്ത് സിനിമയിലെത്തിക്കുന്നതിലും ബഷീറിന് വലിയ പങ്കുണ്ടായിരുന്നു. അവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചോർത്ത് ബഷീറിന്റെ മകൻ അനീസ് ബഷീർ എഴുതിയ കുറിപ്പിൽ (മാതൃഭൂമി.കോം) ഇംഗ്ലീഷിലും മലയാളത്തിലുമെഴുതിയിരുന്ന ബഷീറിന്റെ ചെക്കുകളെക്കുറിച്ച് പറയുന്നുണ്ട്. അനീസിന്റെ കുറിപ്പിൽ നിന്ന്: നാടകാഭിനയം കടത്തിന്മേൽ കടം മാത്രമേ മാമുക്കയ്ക്ക് നൽകിയുള്ളു. അങ്ങിനെയുള്ള സന്ദർഭങ്ങളിൽ മാമുക്ക റ്റാറ്റയുടെ അടുത്ത് വരും. തല ചൊറിഞ്ഞു നിൽക്കുന്നത് കണ്ടാൽ അറിയാം പണത്തിന് കുറച്ചു തിടുക്കമുണ്ടെന്ന്. റ്റാറ്റ അകത്തുപോയി ചെക്കുമായി വരും. റ്റാറ്റക്കൊരു കണ്ടീഷനുണ്ട്. ജീവിത ചിലവിന്നല്ലാതെ മറ്റാവശ്യങ്ങൾക്കായി കടം വാങ്ങുന്ന പണം തിരിച്ചു തരണം. അത് പറയാതെ പറയാൻ റ്റാറ്റ കണ്ടെത്തിയ വഴി, ചെക്ക് ഇംഗ്ലീഷിലും മലയാളത്തിലും എഴുതുകയെന്നതാണ്. ഇംഗ്ലീഷിൽ എഴുതിയാൽ കടം വാങ്ങിയ പണം തിരിച്ചു തരണം. മലയാളത്തിൽ എഴുതിയാൽ തിരിച്ചു തരേണ്ട. വാങ്ങുന്നവർക്കതറിയാം.
പിൽക്കാലത്തു മാമുക്കയുമായി സംസാരിച്ചിരുന്ന സന്ദർഭത്തിൽ മാമുക്കയത് നേരിൽ പറഞ്ഞുതന്നതിങ്ങനെ ‘അങ്ങനെ ഞമ്മള് തലേം ചൊറിഞ്ഞു നിൽക്കുമ്പോൾ ന്റെ അനീസേ മൂപ്പര് ചെക്ക് എഴുതി ഞമ്മക്ക് തരും. ഞമ്മള് വേവലാതിയോടെ ചെക്കുമ്മലേക്കു നോക്കുമ്പ, ചെക്കതാ മലയാളത്തില്.’ അതും പറഞ്ഞു പൊട്ടിച്ചിരിക്കുന്ന മാമുക്കയെ ഞാൻ നോക്കി നിൽക്കും. മാമുക്ക ശരിക്കും ചിരിക്കുകയാണോ, ആ കണ്ണുകളിൽ നേരിയ നനവില്ലേ. സത്യത്തിൽ ഉള്ളിൽ കരഞ്ഞുകൊണ്ടാണ് മാമുക്ക പുറമേക്ക് ചിരിക്കുന്നത് എന്നെനിക്കു മനസ്സിലായി. അത്രക്ക് മനക്കരുത്തില്ലാത്തതിനാൽ വിതുമ്പി പോകുമോ എന്ന ഘട്ടത്തിൽ ഫോൺ വന്നു എന്ന വ്യാജേനെ ഞാൻ അവിടുന്ന് മാറിക്കളഞ്ഞു:
മലയാളം എല്ലാ കടങ്ങളിൽ നിന്നും മാമുക്കോയയെ വിമോചിപ്പിച്ചു. അങ്ങിനെ മലയാളത്തിൽ വിശ്വാസമുള്ള അധികം നടൻമാർ ഇനി മലയാളത്തിൽ ഉണ്ടാകുമെന്ന് കരുതാനും വയ്യ. പതിവുപോലെ മലയാള സിനിമ മാമുക്കോയയേയും ഒരു കൊമേഡിയൻ ട്രാപ്പിൽ കുരുക്കി. ആ ട്രാപ്പ് അദ്ദേഹം ഗംഭീരമാക്കുകയും ചെയ്തു. വിസ തട്ടിപ്പുകളുടെ പതിനായിരക്കണക്കിന് കഥകൾ കേരളത്തിൽ പലയിടത്തും അരങ്ങേറി. അതെല്ലാം മറവിയിലാഴുകയും ചെയ്തു. പക്ഷെ ഗഫൂർക്ക ദോസ്ത് ഒരിക്കലും മലയാളിക്ക് മറക്കാൻ കഴിയില്ല. ഗൾഫിലേക്ക് കടൽ കടത്തുന്ന, എല്ലാം സിമ്പിളെന്ന് പറഞ്ഞ് ധരിപ്പിക്കുന്ന ആ ഏജന്റ്- ഭാഗ്യ നിർഭാഗ്യങ്ങളുടെ യഥാത്ഥ ഇടനിലക്കാരൻ- അയാൾ തന്നെയാണ് മലയാളിയുടെ ഗൾഫ് പ്രവാസത്തിന്റെ എല്ലാ കാലത്തേയും ഉള്ളടക്കം, ചുവരെഴുത്ത്, മുദ്രാവാക്യം. പക്ഷെ, അതേ ഏജന്റ് പിൽക്കാലത്ത് ‘പെരുമഴക്കാലം’ എന്ന സിനിമയിൽ കൊലക്കുറ്റത്തിന് സൗദിയിൽ വധശിക്ഷ കാത്ത് കിടക്കുന്നയാൾക്കുള്ള ദയാപത്രത്തിനായി മകൾക്കൊപ്പം കൊല്ലപ്പെട്ടയാളുടെ ഭാര്യയെ കാണാൻ പോകുന്ന രംഗം, കനത്ത മഴയിൽ അഗ്രഹാര വഴിയിൽ കുടപിടിച്ചു നിൽക്കുന്ന എല്ലാ വികാരങ്ങളും ഉള്ളിലൊതുക്കി, പുറത്തേക്ക് ചോര വറ്റിയ മുഖവുമായി മാമുക്കോയ അവതരിപ്പിക്കുന്ന കഥാപാത്രം (അങ്ങിനെയൊരു മനുഷ്യ മുഖം മലയാള സിനിമയിൽ വേറെയുള്ളതായി പെട്ടെന്ന് ഓർമ്മയിൽ വരുന്നില്ല). അതാണ് മാമുക്കോയയിലൂടെ പൂർത്തിയായ ഗൾഫ് മലയാളി ജീവിതത്തിന്റെ രണ്ടറ്റങ്ങൾ. തട്ടിപ്പുകാരനായ കടൽക്കടത്തുകാരൻ, കണ്ണിൽ നിന്നും ചോരയിറ്റും വിധത്തിൽ ദയാപത്രത്തിനായി കാത്തു നിൽക്കുന്ന മനുഷ്യൻ- ഇങ്ങിനെ ഒരേ പ്രമേയത്തിന്റെ രണ്ടറ്റങ്ങളെ മലയാളത്തിൽ അവതരിപ്പിച്ച നടൻമാർ നമുക്ക് അധികമില്ല.
പെരുമഴക്കാലം കളിക്കുന്ന കാലത്ത് ഈ ഒരു അഭിപ്രായം അദ്ദേഹവുമായി പങ്കുവെക്കാൻ ഒരു അവസരം കിട്ടിയിരുന്നു. ആ, ശരിയാണ് എന്നു മാത്രം പറഞ്ഞു. കൊമേഡിയനിലെ ഗൗരവക്കാരനായ നടൻ എന്നതിനെക്കുറിച്ചും അന്ന് സംസാരിച്ചിരുന്നു. അദ്ദേഹം പ്രതികരിച്ചു; “കൊമേഡിയനാകാൻ എല്ലാർക്കും പറ്റൂല. എന്നാൽ കൊമേഡിയന് ഏതു വേഷവും ചേരും. ചിരിപ്പിക്കുക എന്നതാണ് ഏറ്റവും പ്രയാസകരമായ കാര്യം. ആ തന്ത്രം അറിയുന്നയാൾക്ക് കരയിപ്പിക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല.”
തമാശ കേട്ട് പൊട്ടിച്ചിരിക്കുക എന്ന ലക്ഷ്യത്തോടെ പല കോളേജുകാരും മാമുക്കോയയെ പരിപാടികൾക്ക് ക്ഷണിക്കുമായിരുന്നു. എന്നാൽ അദ്ദേഹം തന്റെ പ്രസംഗങ്ങൾ ഗൗരവസ്വഭാവത്തിലുള്ളതാക്കുകയായിരുന്നു പതിവ്. പലപ്പോഴും സമൂഹത്തിലെ ഛിദ്രതകളെക്കുറിച്ച് സംസാരിക്കുന്നതിലായിരിക്കും ഊന്നൽ. സ്വാഭാവികമായും കോളേജ് വിദ്യാർത്ഥികളെ ഇത് നിരാശപ്പെടുത്തുമായിരുന്നു. ഇതൊരു പരാതിയായി ഒരാൾ പറയുമ്പോൾ സ്ഥലത്തുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ പ്രതികരണം കേൾക്കാൻ കഴിഞ്ഞു; “എപ്പോ ചിരിക്കണം, ആലോചിക്കണം, കരയണം എന്നറിയാത്താരാ ഇബ്ടള്ളോര്.”
സിനിമയിലെ കോമഡി പ്രസംഗവേദിയിൽ ആവർത്തിക്കാൻ അദ്ദേഹം ഒരിക്കലും ഇഷ്ടപ്പെട്ടില്ല. രണ്ടും വ്യത്യസ്ത മാധ്യമങ്ങൾ എന്ന് ഉറച്ചു വിശ്വസിച്ചു. അതിന്റെ പേരിലുണ്ടായ അപ്രിയങ്ങളെ അവഗണിച്ചു. മനുഷ്യ ജീവിതവും സാമുദായിക ബന്ധങ്ങളും പുഴ പോലെ ഒഴുകണം എന്നുറച്ചു വിശ്വസിച്ചു. ഹറാം/ഹലാൽ ദ്വന്ദങ്ങളെയെല്ലാം തന്റേതായ രീതിയിൽ നേരിട്ടു. മാമുക്കോയ: വായനക്കാരുടെ ഹൃദയം കവർന്ന ജീവിത കഥ (താഹ മാടായി) യിൽ ഇങ്ങിനെ വായിക്കാം: “കല്ലായ്പ്പുഴപോലെ അതിന്റെ ഒഴ്ക്കും ഏതാണ്ട് നിലച്ചു. എങ്കിലും പൂർണ്ണമായും വറ്റി വരണ്ടിട്ടില്ല. ഓർമ്മകളില് പാട്ടിന്റെ പുഴ ഇപ്പോഴും ഒഴുകുന്നുണ്ട്. പാട്ട് കേൾക്കല് ഹറാമാണ് എന്ന് മുമ്പും ആളുകൾ പറഞ്ഞിട്ടുണ്ട്. ഫോട്ടോ എടുക്കല് ഹറാമാണ് എന്നും പറഞ്ഞിട്ടുണ്ട്. മൈക്ക് ഉപയോഗിക്കല് ഹറാമാണ് എന്നും പറഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞ പണ്ഡിതൻമാരുടെ പിൻതലമുറക്കാർക്ക് ഇന്ന് മൈക്കില്ലാണ്ടെ ഉറങ്ങാൻ കഴിയില്ല. മറ്റൊരു രസം, ഹജ്ജിനു പോകാൻ പാസ്പോർട്ടു വേണം. പാസ്പോർട്ട് എടുക്കാൻ ഫോട്ടോ വേണം. അപ്പൊ ഹറാം ഹലാലായി. ഞാനാലോചിക്കാറ്ണ്ട്, ന്റെ ബാപ്പേം ഉമ്മയുമൊക്കെ പണ്ടത്തെ പാവങ്ങളായ മനുഷ്യര് പണ്ഡിതര് പറയുന്നത് കേട്ട് എത്രമാത്രം ബുദ്ധിമുട്ടിയ്ട്ടണ്ടാവും… പടച്ചോടോനുള്ള നന്ദി പറയല്, അതാണ് ഭക്തി.
ലോകം മാറുമ്പോ മുസ്ലിംകള് അന്യരായി മാറി നിൽക്കേണ്ടവരല്ല, അത് പാടില്ല, ഇത് പാടില്ല എന്നു പറഞ്ഞ് നമ്മള് സ്വയം അന്യരാകേണ്ട കാര്യമില്ല. പുഴ പോലെ ഒഴുകണം.”
പുഴ പോലെ ഒഴുകുന്ന മനുഷ്യജീവിതത്തെക്കുറിച്ചുള്ള ആ സങ്കൽപ്പം കല്ലായിപ്പുഴയിലും തീരത്തും മരത്തടി അളന്നുകൊണ്ട് ജീവിതം ആരംഭിച്ച ഒരു മനുഷ്യന്റെ ഉള്ളാണ്. പുഴ വറ്റുമ്പോൾ ഇല്ലാതാകുന്ന മനുഷ്യ ജീവിതത്തിലെ നനവുകൾ ഏറ്റവും കൂടുതൽ അടുത്തറിഞ്ഞ കല്ലായിക്കാരന് ഇങ്ങിനെത്തന്നെയാണ് പറയാൻ കഴിയുക. (എസ് ഗോപാലകൃഷ്ണന്റെ ഈ പ്രയോഗം, ലോക മലയാളിയിൽ കല്ലായി പ്രതിഷ്ഠ നടത്തിയ നടൻ അച്ചട്ടാണ്). തന്റെ ബോധ്യങ്ങൾ എന്തായാലും അത് പറയുന്നതിൽ ഒരിക്കലും അദ്ദേഹം ഭയപ്പെട്ടിട്ടില്ല. വൃദ്ധ സദനങ്ങളെക്കുറിച്ചുള്ള അഭിപ്രായം നോക്കൂ: “എന്നാൽ വൃദ്ധസദനങ്ങളോട് എനിക്കത്ര വിയോജിപ്പുമില്ല. പ്രായമാവുമ്പോ വീട്ടില് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെങ്കില് വൃദ്ധസദനങ്ങളിൽ പോക്കു തന്നെയാ നല്ലത്. അവിടെ സമപ്രായക്കാരുമായി ഓർമ്മകൾ പങ്കിട്ടിരിക്കാമല്ലോ. വീട്ടില് തമാശ പറയാനും തെറി പറയാനും വലിയ സ്വാതന്ത്ര്യം കിട്ടില്ല. സമപ്രായക്കാരാവ്മ്പോള് പരസ്പരം തെറി പറയാം. തെറി പറയാനും വേണം സ്വാതന്ത്ര്യം. അതും ഒരു സ്വാതന്ത്ര്യാണ്. വീട്ടില് തനിച്ചാകുന്ന വൃദ്ധർ ശരിക്കും ബോറടിച്ചാണ് മരിക്കുന്നത്. ബോറടിയും ഒരു രോഗമാണ്. മനുഷ്യത്വമില്ലാത്ത വീടുകളില് കഴിയുന്നതിനേക്കാൾ നല്ലത് വൃദ്ധസദനത്തിലെ ജീവിതമാണ്.” (മാമുക്കോയ- പേജ് 175). വൃദ്ധസദനം ശരിയല്ല/പാടില്ല എന്ന നിലപാട് എടുക്കാതെ വാർധക്യം ആഘോഷമാക്കാൻ വൃദ്ധസദനമാണ് നല്ലതെങ്കിൽ അത് തെരഞ്ഞെടുക്കുക തന്നെയാണ് വേണ്ടതെന്ന നിലപാട് പറയാൻ മനുഷ്യത്വമില്ലാത്ത വീടുകൾ എന്ന പ്രയോഗവും അദ്ദേഹം നടത്തി. നിരവധി മനുഷ്യരുടെ യാതനാനിർഭരമായ വാർധക്യം (പ്രത്യേകിച്ചും സിനിമാ ലോകത്തെ) കണ്ടതിന്റെ അനുഭവത്തിൽ നിന്നുതന്നെയാണ് ഈ അഭിപ്രായത്തിലേക്ക് അദ്ദേഹം എത്തിയതും.
മലയാള സിനിമയിലെ മാമുക്കോയ കഥാപാത്രങ്ങൾ ഗ്രാമത്തിൽ നിന്ന് പുറപ്പെടുകയും നഗരത്തിലെത്താൻ കഴിയാതെ പോവുകയും ചെയ്ത നിരവധി യഥാർത്ഥ മനുഷ്യരെയാണ് പ്രതിനിധീകരിക്കുന്നത്. ജീവിത വിജയം എന്ന ഒന്നില്ല, ജീവിതമാണുള്ളത് എന്ന് ആ കഥാപാത്രങ്ങൾ നിരന്തരമായി കാണികളെ ഓർമ്മിച്ചു പോന്നു. വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യാത്ത ഒരുവിധം നടത്തിയെടുത്ത കേരളീയ ജീവിതങ്ങളോട് ആ കഥാപാത്രങ്ങൾ ഒട്ടി നിൽക്കുന്നു. അതുകൊണ്ടുതന്നെ ആ സിനിമയിലെ മറ്റു കഥാപാത്രങ്ങളും എന്തിന് പ്രമേയം പോലും വിസ്മരിക്കപ്പെട്ടാലും മാമുക്കോയ കഥാപാത്രം അവശേഷിക്കുന്നു, അതുപോലെ ഒരാളെ ഇന്നും നാം അനുനിമിഷം നിത്യജീവിതത്തിൽ കണ്ടു മുട്ടുകയും ചെയ്യുന്നു. അതാണ് യഥാർത്ഥത്തിൽ മാമുക്കോയ ഇഫക്ട്. ആ കഥാപാത്രങ്ങളെ നിർമ്മിച്ച തിരക്കഥാകൃത്തുക്കളേയും സംവിധായകരേയും മറന്നുകൊണ്ടല്ല ഇങ്ങിനെ പറയുന്നത്. സിനിമയുടെ മൂശയിലെ റിയലിസം അവർക്കാർക്കും മനസ്സിലാക്കാൻ കഴിയാത്ത വിധം മാമുക്കോയ ഉൾക്കൊണ്ടു എന്ന യാഥാർഥ്യം പങ്കുവെക്കാനാണ്. കോഴിക്കോട്ടെ നാടക വേദി ജീവിതം അതിന് അദ്ദേഹത്തെ വളരെ ആഴത്തിൽ സഹായിച്ചു.
2023 ജനുവരി 28ന് കൊണ്ടോട്ടിയിൽ ടി.എ റസാഖ് അനുസ്മരണത്തിലാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. ‘എനിക്ക് സുഖമില്ല, അതിനാൽ അധികം സംസാരിക്കാൻ കഴിയില്ല, രോഗമൊക്കെ മാറി, അത് പോട്ടെ…’ (തൊണ്ടയിൽ ഞണ്ട് കാലമർത്തിയ അർബുദത്തെക്കുറിച്ചായിരുന്നു ഈ പരാമർശം). പിന്നീട് ടി.എ റസാഖിനെക്കുറിച്ച് ചില നിരീക്ഷണങ്ങൾ. അധികം സംസാരിക്കാൻ ശ്രമിക്കുന്നത് അദ്ദേഹത്തെ കഷ്ടപ്പെടുത്തലാകും എന്നതിനാൽ അന്ന് അതിനു ശ്രമിച്ചില്ല. വേദിയിൽ കയറും മുമ്പ് ഒരാളോട് രോഗമൊക്കെ മാറി, അഭിനയം തുടരണം എന്ന് ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞത് ഓർമ്മയിലുണ്ട്.
കുറച്ചു ദിവസം മുമ്പ് മലപ്പുറം ജില്ലയിലെ വണ്ടൂർ പൂങ്ങോട്ടെ സെവൻസ് ഫുട്ബാൾ ഉദ്ഘാനടച്ചടങ്ങിനിടെ മാമുക്കോയ കുഴഞ്ഞു വീണു. പിന്നീട് അദ്ദേഹം ഉണർന്നില്ല. അഭിനയം, വായന എന്നിവയെപ്പോലെ ഫുട്ബാളും ഈ നടന് ജീവനായിരുന്നു. ജീവിതത്തെ അദ്ദേഹം ഇങ്ങിനെ നിർവ്വചിച്ചു. “ജനനത്തിനും മരണത്തിനുമിടയിലെ ഇരുകാലിലുള്ള പാച്ചിലാണല്ലോ ജീവിതം. ഓരോ കാറ്റടിക്കുമ്പം അങ്ങോട്ടു പോകും; ഓരോ ഒഴുക്കിലും ഇങ്ങോട്ടു വരും. കാലത്തിന്റെ പോക്കനുസരിച്ച് അങ്ങിനെ ഒരു പോക്ക്.” ബഷീറിന്റെ ബാല്യകാലസഖിയുടെ പശ്ചാത്തലത്തിലുള്ള ചോന്ന മാങ്ങ എന്ന ഹ്രസ്വ ചിത്രത്തിലാണ് മാമുക്കോയ ഒടുവിൽ അഭിനയിച്ചത്. അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും ദീർഘായുസ്സുള്ളവരാണ്. വരാനിരിക്കുന്ന കാലത്തും ആ കഥാപാത്രങ്ങൾ സമകാലികത എന്ന കലയുടെ ജൈവ പ്രതിഭാസം ഉൾക്കൊണ്ടുകൊണ്ട് മലയാളികളുമായി സംവദിക്കുന്നത് തുടരും. കല ഒരിക്കലും അവസാനിക്കുകയോ മരിക്കുകയോ ചെയ്യുന്നില്ല.