നൂഹിൽ നടന്നത് മനഃപൂർവ്വമായ പ്രകോപനങ്ങൾ

ഹ​രിയാനയിലെ നൂഹിൽ നടന്ന സംഘർഷത്തെക്കുറിച്ച് ക്യാമ്പയിൻ എഗൻസ്റ്റ് സ്റ്റേറ്റ് റിപ്രഷൻ തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ട്, ഭാ​ഗം-1. പരിഭാഷ: സിസിലി

അന്വേഷണ സംഘം: ഡോ. ജെന്നി റൊവീന, അഡ്വ. വികാസ് ആത്രി, ഉദയ് ചെ (മാധ്യമ പ്രവർത്തകൻ), കുൽദീപ് പുനിയ (കർഷക നേതാവ്), ഭരത്, അദിതി, അഡ്വ. എത്മാം ഉൽ ഹഖ് (തൊഴിലാളി സംഘടനാ പ്രവർത്തകർ), നവനീത് സിംഗ് (ഗവേഷകൻ), ദീപക് കുമാർ (രാഷ്ട്രീയ പ്രവർത്തകൻ), നവാർ ഇലാഫ്, സയ്യിദ് ഖുതുബ് (വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ). സംഘം 2023 ആഗസ്റ്റ് 19 നും ആഗസ്റ്റ് 21 നും ഇടയിൽ നൂഹിലെ നിരവധി ഗ്രാമങ്ങൾ സന്ദർശിച്ചു, പ്രത്യേകിച്ചും ഖേദ, ഉന്ത്ക, മുറാദ്ബാസ്, ഫിറോസ്പൂരിലെ ആരാവല്ലിയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന പല്ലടി, നല്ലാദ്, ദൂദ് കി ഘാട്ടി, ജിർക്ക എന്നിവിടങ്ങൾ.

നൂഹിനെ അറിയുക

ഇന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ ഇരുപത്തിരണ്ട് ജില്ലകളിൽ ഒന്നാണ് നൂഹ്. പത്തുലക്ഷത്തിലധികമാണ് ഇവിടുത്തെ ജനസംഖ്യ. ഈ ജനസംഖ്യയിൽ 79.2 ശതമാനം മുസ്ലീംങ്ങളാണ്. ചരിത്രപരമായി നോക്കുമ്പോൾ ഹരിയാന, ഉത്തർപ്രദേശ്, വടക്ക്-കിഴക്കൻ രാജസ്ഥാൻ എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ അതിരുകളെ കവിഞ്ഞുകിടക്കുന്ന മേവാഡിലെ ഒരു പ്രധാന മണ്ഡലമാണിത്. നൂഹിൽ വസിക്കുന്ന മുസ്ലീമുകൾ, മേവാഡികൾ അല്ലെങ്കിൽ മിയോസ് (Meos) എന്ന് പ്രാദേശികമായി പരാമർശിക്കപ്പെടുന്നു. അനേകം തലമുറകൾക്ക് മുമ്പ് കാർഷികവൃത്തി സ്വീകരിച്ച തദ്ദേശീയ സമൂഹങ്ങളാണ് തങ്ങളുടെ പൂർവികരെന്ന് ഇവർ അവകാശപ്പെടുന്നു. ചരിത്രപരമായി മുഗളാധിപത്യത്തെയും ബ്രിട്ടീഷ് ആധിപത്യത്തെയും എതിർത്തുനിന്നിരുന്ന ജനതയാണ് തങ്ങളെന്ന അഭിമാനബോധത്താൽ ഉത്തേജിതമാണ് ഇവരുടെ പൊതുസത്വബോധം. ഇവരുടെ ഇടയിൽ ജീവിക്കുന്ന ഹിന്ദുക്കളുമായി സമാധാന പൂർണ്ണമായ സഹവർത്തിത്വം വളർത്തിക്കൊണ്ടു വരിക എന്നതാണ് ഇവരുടെ ധാർമ്മികതയുടെ മുഖമുദ്ര. ഗാന്ധിയെയും നെഹ്‌റുവിനെയും പോലുള്ളവരാൽ നിർലോഭം പ്രോത്സാഹിക്കപ്പെട്ട ഇവർ, ഇന്ത്യൻ മതേതര ധാർമ്മികതയുടെ ചിഹ്നമായ ‘ഗംഗ – യമുന തെഹ്‌സീസ്’ (ഗംഗ – യമുന സംസ്കൃതി) എന്നതിന്റെ സത്തയെ പ്രതിനിധീകരിക്കുന്നു.

മേവാഡിൽ നിന്നുള്ള ദൃശ്യം. കടപ്പാട്:theprint

എന്നാൽ വിരോധാഭാസമെന്ന് പറയട്ടെ, ഇത്തരത്തിലുള്ള ധാർമ്മിക ചിന്തകൾ ഉണ്ടായിട്ടും, മേവാഡും നൂഹുവും ഇന്ത്യയിൽ തന്നെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട പ്രദേശങ്ങളിൽ ഒന്നായി നിലകൊള്ളുന്നു. മാത്രമല്ല, സ്വാതന്ത്ര്യാനന്തരം സാമുദായിക ഭിന്നതയുടെ വിത്തുകൾ പാകുന്നതിനായി വലതുപക്ഷകക്ഷികൾ നിരന്തരമായി നടത്തിയ ശ്രമങ്ങളുടെ ഫലമായി മേവാഡ് പ്രദേശത്തിന് മേൽ ‘കൊച്ചു പാക്കിസ്ഥാൻ’ എന്ന ലേബൽ പതിപ്പിക്കപ്പെട്ടു. വാസ്തവത്തിൽ നൂഹ് എന്ന ജില്ല രൂപപ്പെടുന്നതിന് മുമ്പ് ഈ പ്രദേശം 61.82 ശതമാനം ഹിന്ദുക്കളും 23.2 ശതമാനം മുസ്ലീമുകളും അടങ്ങിയ ഗുരുഗ്രാമിന്റെ/ ഗുർഗാവിന്റെ ഭാഗമായിരുന്നു. 2005ൽ നുഹ് ജില്ല രുപപ്പെട്ടതിൽ പിന്നെയാണ് ഇത് മുസ്ലീം ആധിപത്യമുള്ള ജില്ലയായി മറുന്നത്. ഇക്കാരണം കൊണ്ടായിരുന്നു സംഘപരിവാറും, വിശ്വഹിന്ദു പരിഷതും, ബജ്‌റം​ഗദളും, ശിവസേനയും ഈ ജില്ലയുടെ രൂപീകരണത്തെ എതിർത്തിരുന്നത്. എന്നുതന്നെയുമല്ല, ഈ ജില്ലയുടെ രൂപീകരണം നടന്നതിന് പിന്നാലെ, സംഘപരിവാർ ഇതിന് സാമുദായിക നിറം കൊടുക്കാൻ തുടങ്ങി. ഈ പ്രദേശത്ത് സമാധാനം നിലനിർത്താൻ മിയോ മുസ്ലീമുകൾ പ്രയത്നിച്ചെങ്കിലും വലതുപക്ഷഘടകങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ഈ ഉദ്യമം തുടർന്നു. 1992 ൽ ബാബറി മസ്ജിദിന്റെ തകർക്കലിനെ തുടർന്ന് ദേശവ്യാപകമായി ഉണ്ടായ സംഭവവികാസങ്ങൾ ഇതിന്റെയൊരു തീവ്രമായ സ്പഷ്ടീകരണമാണ്. ഈ കലാപത്തെ നേരിടുന്ന തരത്തിൽ, മുസ്ലീമുകൾ അവിടുത്തെ ഒരു ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പുവരുത്തികൊണ്ട് അതിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കുകയാണ് ചെയ്തത്. ഈ പ്രദേശത്തിന്റെ സമാധാനം നശിപ്പിക്കുന്നതിനായി ഹിന്ദുത്വശക്തികൾ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ഉദ്യമങ്ങൾക്ക് നേർ വിപരീതമാണ് സാമുദായിക മൈത്രിയോടുള്ള ഈ പ്രതിബദ്ധത. 2020ൽ, പ്രക്ഷോഭജനകമായ വാർത്തകൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾ മേവാഡിൽ ദലിതർക്ക് നേരെ വ്യാപകമായി അക്രമം നടക്കുന്നുവെന്ന, അടിസ്ഥാനരഹിതമായ റിപ്പോർട്ടുകൾ പ്രചരിപ്പിച്ചുവെങ്കിലും, 103 മേവാഡ് ഗ്രാമങ്ങളിൽ വസ്തുതാന്വേഷണ മിഷൻ നടത്തിയ അന്വേഷണങ്ങൾ ഈ അവകാശവാദങ്ങളെ പൊളിക്കുകയും തീവ്രവലതുപക്ഷ ക്യാമ്പയിനിന്റെ കാറ്റുപോകുകയും ചെയ്തു. ഇതുപോലെ, 2022 ൽ ഹിന്ദുത്വഗ്രൂപ്പ് സംഘടിപ്പിച്ച ഒരു റാലിയെ തുടർന്ന് എല്ലാ സമുദായങ്ങളിലുമുള്ള വ്യക്തികൾക്ക് പ്രവേശനമുള്ള ഒരു മുസ്ലീം സ്മാരകം അശുദ്ധമാക്കപ്പെടുകയുണ്ടായി. ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ ഉണ്ടായിട്ടും അയൽപക്കങ്ങളിലെ ഗ്രാമങ്ങൾ തിരിച്ചടിക്കില്ല എന്ന അവരുടെ അടിസ്ഥാന പ്രമാണത്തിൽ നിന്നും വ്യതിചലിച്ചില്ല.

മേവാഡിനെ കുലുക്കിയ ദിനങ്ങൾ

2023 ജൂലായ് 31ന് ആഖ്യാനം നാടകീയമായി തിരിഞ്ഞു. പല മാധ്യമകേന്ദ്രങ്ങളും പി.ടി.ഐ. ഉൾപ്പെടെ, പൊലീസ് വിശദീകരണങ്ങളെ അവലംബിച്ചുകൊണ്ട്, ജുലായ് 31 ന് നൂഹിൽ സംഭവിച്ച അക്രമാസക്തമായ സംഘർഷത്തിന് തുടക്കമിട്ടത് മുസ്ലീം യുവാക്കളായിരുന്നുവെന്ന് വിശേഷിപ്പിക്കുകയുണ്ടായി. ഈ വാർത്താ ഉറവിടങ്ങൾ പ്രകാരം, ഗുരുഗ്രാമിലെ സിവിൽ ലൈൻസിൽ നിന്നും ആരംഭിച്ച വിശ്വഹിന്ദു പരിഷദിന്റെ ‘ബ്രിജ്മണ്ഡൽ ജലാഭിഷേകയാത്ര, ഇത് ഉദ്ഘാടനം ചെയ്തത് ബി.ജെ.പി.യുടെ ജില്ലാ പ്രസിഡണ്ടായ ഗാർഗി കാക്കർ ആണ്, നൂഹിലെ ഖേഡ തിരിവി (Kheda Mod) നടുത്തുവെച്ച് മുസ്ലീം യുവാക്കളുടെ ഒരു സംഘം തടസ്സപ്പെടുത്തിയത്രെ. അവരുടെ റിപ്പോർട്ടുകൾ പ്രകാരം ജാഥയ്ക്ക് നേരെ കല്ലുകളെറിയപ്പെട്ടു, ഇത് അക്രമാസക്തമായ അവസ്ഥയിലേക്ക് നീങ്ങി. അടുത്ത പ്രദേശങ്ങളായ ഗുരുഗ്രാം, സോഹ്ന, ഫരീദാബാദ്, പൽവാൽ, ബഹാദൂർഗഡ് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നതിന് മുമ്പ് ഈ സംഘർഷം നാലുമണിക്കൂറോളം നീണ്ടുനിന്നു. ഗുരുഗ്രാമിൽ, സാദ് എന്നു പേരായ മുസ്ലീം പുരോഹിതൻ അപായകമാം വിധം ആക്രമിക്കപ്പെട്ടു. ഒരു പള്ളി കത്തിക്കുകയുമുണ്ടായി. ആഗസ്റ്റ് ഏഴുവരെ സംഘർഷത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം നിലനിന്നു. നുഹിൽ അനേകം റെയ്ഡുകളും അറസ്റ്റുകളും നടന്നു. ലഹളയിൽ, രണ്ട് ഹോംഗാർഡുകൾ ഉൾപ്പെടെ, ആറുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. വിശ്വഹിന്ദു പരിഷദ്, ബജ്‌റംഗ്ദൾ പോലുള്ള ഹിന്ദുത്വ കക്ഷികൾ മുസ്ലീം ന്യൂനപക്ഷത്തിനെതിരായി നടന്ന ഈ ആക്രമണത്തെ ‘അടിക്ക് തിരിച്ചടി’ എന്ന ന്യായം പറഞ്ഞ് നിരന്തരം ന്യായീകരിക്കുകയാണ് ചെയ്തത്.

നൂഹിലെ അക്രമസംഭവങ്ങളെ തുടർന്ന് ബജ്റം​ഗദൾ നടത്തിയ പ്രകടനം. കടപ്പാട്:AFP

ജൂലായ് 31ലെ സംഭവം എന്തുകൊണ്ടാണ് ഉണ്ടായത്? പ്രധാനമായും ഘോഷയാത്ര നടന്നുകൊണ്ടിരിക്കെ ജാഥാംഗങ്ങളുടെ പ്രകോപനപരമായ പെരുമാറ്റവും അവഹേളനപരമായ പ്രസ്താവനകളും കൂടാതെ, ഹിന്ദുത്വ സേനയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരുന്ന ഉള്ളടക്കങ്ങളുമാണ് ഈ സംഘർഷത്തിന് കാരണമെന്ന് നൂഹ് നിവാസികൾ ആരോപിക്കുന്നു. ഇത്തരത്തിലുള്ള അനേകം വീഡിയോകളും പ്രസ്താവനകളും, ബജ്‌റം​ഗദളിന്റെ പ്രാദേശിക നേതാവായ ബിട്ടു ബജ്‌റംഗിന്റെ പ്രകോപനപരമായ പ്രസ്താവനകളടക്കം, അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ‘ജാമാതാവിന് പൂമാലയൊരുക്കി കാത്തിരിക്കുക’- അതായത് മുസ്ലീം സ്ത്രീകൾക്കെതിരായി ലൈംഗികാതിക്രമം നടത്തുമെന്ന് വ്യക്തമായി സൂചിപ്പിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളും ഇതിലുണ്ട്. ഇതിനും പുറമെ ആൾവാറിൽ നിന്നുള്ള നസീറിന്റെയും ജുനൈദിന്റെയും കൊലപാതകങ്ങളിൽ കുറ്റാരോപിതനായ, എന്നാൽ ഒളിവിലാണെന്ന് കരുതപ്പെട്ടിരുന്ന മൊഹിത് യാദവ് അഥവാ മോനു മനേസർ, തനിക്ക് ജൂലായ് 31ലെ ഘോഷയാത്രയിൽ ചേരാൻ ഉദ്ദേശമുണ്ടെന്ന് പരസ്യപ്രസ്താവന നടത്തുകയുണ്ടായി. മോനു മനേസറിന്, പശുസംരക്ഷണത്തിന്റെ മറവിൽ മുസ്ലീങ്ങൾക്കെതിരായി നടന്ന പലവിധ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ട്. ഇവയിൽ പലതും ഇയാൾ സ്വയം സാക്ഷ്യപ്പെടുത്തുകയും അയാളുടെ അനുഭാവികൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അക്രമം തുടങ്ങുന്നതിന് മുമ്പ്, ദുരുദ്ദേശപരമായി നിർമ്മിച്ച ഒരു വീഡിയോയിൽ മേവാഡിനെയും അതിലെ ജനങ്ങളെയും കുറിച്ച് അധിക്ഷേപരീതിയിൽ സംസാരിക്കുന്ന വി.എച്ച്.പി സെക്രട്ടറി സുരേന്ദ്ര ജെയ്‌നിനെ കാണാം. ‘കൃഷ്ണന്റെ ഭൂമി’യായി മേവാഡിനെ വർണ്ണിക്കുന്ന ജെയ്ൻ ഈ പ്രദേശത്തെ പശുവിനെ കൊല്ലുന്നവർ, ഹിന്ദുഘാതകർ, പാക്കിസ്ഥാനി ഏജന്റുമാർ, റോഹിംഗ്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വന്ന കടന്നുകയറ്റക്കാർ, അതുമല്ലെങ്കിൽ മതപരിവർത്തനത്തിൽ ഏർപ്പെടുന്നവർ എന്ന് തുടങ്ങുന്ന പൊതുധാരണകളിൽ നിന്നും വേർപെടുത്തി, ഈ പ്രദേശത്തിന്റെ പ്രകൃതത്തെ തന്നെ മാറ്റണമെന്ന തന്റെ ആഗ്രഹം വ്യക്തമായി പറയുന്നുണ്ട്.

നൂഹിൽ ആക്രമിക്കപ്പെട്ട വ്യാപാര സ്ഥാപനങ്ങൾ. കടപ്പാട്:ANI

ഹിന്ദുത്വ നേതാക്കളിൽ നിന്നും ഇത്തരം പ്രകോപനപരമായ പ്രസ്താവനകളുണ്ടായിട്ടും, ദേശീയ മുഖ്യധാരാ മാധ്യമങ്ങൾ മുഖ്യമായും മുസ്ലീം ന്യൂനപക്ഷത്തെയാണ് അക്രമം തുടങ്ങിവെച്ചവരായും അക്രമികളായും ചിത്രീകരിച്ചത്. വസ്തുതകളുടെ സത്യം ഉറപ്പിക്കാനായി അന്വേണസംഘം നൂഹിലെ ജനങ്ങളുമായി അഭിമുഖങ്ങൾ നടത്തി. അതുവഴി അവരുടെ കാഴ്ചപ്പാടുകൾക്ക് ദൃശ്യത നൽകി. ഈ പ്രക്രിയ ഘോഷയാത്രയുടെ യഥാർത്ഥ്യം അനാവരണം ചെയ്യുകമാത്രമല്ല ചെയ്തത്. സംസ്ഥാന ഭരണാധികാരികളുടെ, പൊലീസും ഇന്റലിജൻസ് വകുപ്പും ഉൾപ്പെടെയുള്ളവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച അല്ലെങ്കിൽ സഹകരണസാധ്യത സംഘർഷത്തിന്റെ തീവ്രത വർദ്ധിപ്പിച്ചതായി വെളിച്ചത്ത് കൊണ്ടുവരുകയും ചെയ്തു.

നൂഹിന് സാമുദായിക സംഘർഷത്തിന്റെതായ ചരിത്രം ഇല്ലെന്നാണ് അക്രമത്തിന്റെ അനന്തരഫലമുണ്ടായ ഭരണകൂട അടിച്ചമർത്തൽ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവന്ന, മൂന്ന് തവണ ഉൻതയിലെ ഗ്രാമാധികാരി (സർപഞ്ച്) ആയിരുന്ന എഴുപത്തിരണ്ട് വയസ്സുള്ള നസീബ പറഞ്ഞത്. അക്രമത്തെ തീവ്രമാക്കിയ കാരണങ്ങളെ കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം ഞങ്ങൾ ആരാഞ്ഞു. അദ്ദേഹം എടുത്തുപറഞ്ഞ ഒരു കാര്യം ഇതാണ്, ‘ഞാൻ ബിട്ടു ബജ്‌റംഗിയുടെ വീഡിയോകൾ കണ്ടു, മേവാഡിലേക്ക് വരുമെന്ന് ഭീഷണിപ്പെടുത്തുന്ന, ഞങ്ങളോട് പൂമാലയുമായി കാത്തിരിക്കണമെന്ന് പറയുന്ന പ്രസ്താവനകൾ അക്രമം പൊട്ടിപ്പുറപ്പെടാനുള്ള പ്രേരകശക്തിയായി മാറിയിട്ടുണ്ട്.” അദ്ദേഹം തുടർന്നു പറയുന്നു, “ഞങ്ങൾ മതപരമായ ഘോഷയാത്രകൾക്ക് എതിരല്ല, എന്നാലവർ പ്രകോപനങ്ങൾ ഒഴിവാക്കണം.”

മുറാദ്ബാസ് ഗ്രാമത്തിലെ സത്ബിർസിംഗ് ജൻഗ്രാ സ്ഥിരീകരിക്കുന്നു: “അത് വെറുമൊരു ഘോഷയാത്ര ആയിരുന്നില്ല, അക്രമത്തെ ആളിക്കത്തിക്കാനായി, മുൻകൂട്ടി തീരുമാനിച്ച് നടത്തിയ ഒരു ഉദ്യമമായിരുന്നു.” നുഹിൽ അന്നേവരെ ഉണ്ടായിരുന്ന സാമുദായിക സൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും അന്തരീക്ഷത്തെ എടുത്തുകാട്ടിക്കൊണ്ട് അദ്ദേഹം നിരീക്ഷിക്കുന്നു: ”മുസ്ലീമുകൾ മുൻകാലങ്ങളിൽ കൻവാരിയാസുകൾക്ക് (ശിവഭക്തരായ തീർത്ഥാടകർ) വേണ്ടി ക്യാമ്പുകൾ പോലും സംഘടിപ്പിക്കാറുണ്ടായിരുന്നു.” വലതുപക്ഷഘടകങ്ങളുടെ പ്രേരണയാൽ മുമ്പ് നടന്ന ഒരു സംഭവത്തിലേക്ക് വെളിച്ചം വീശുന്ന തരത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു: “കഴിഞ്ഞവർഷത്തെ ഘോഷയാത്രക്കിടയിൽ സാമൂഹ്യദ്രോഹികൾ ഒരു മസർ (ജാറം) നശിപ്പിച്ചു. കൂടുതൽ അക്രമം ഉണ്ടാകരുതെന്ന് കരുതി ആ സംഭവം നൂഹിൽ വെച്ചുതന്നെ സൗഹാർദ്ദപൂർവ്വം പരിഹരിക്കപ്പെട്ടു.” ഭരണകൂട സംവിധാനത്തിന്റെയും പൊലീസിന്റെയും ഇടപെടലുകൾ സംബന്ധിച്ച് സന്ദേഹം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ചോദിക്കുന്നു; “മോനു മനേസറിന്റെ പേരിൽ എണ്ണമറ്റ എഫ്.ഐ. ആറുകളും പരാതികളും ഉണ്ടായിട്ടും എന്തുകൊണ്ട് ഭരണകൂടം അയാളെ ജയിലിലിടുന്നില്ല?” അദ്ദേഹം ഉറപ്പിക്കുന്നു, ഈ അക്രമത്തിന് ആസ്പദമായ കാരണം ഭരണകൂടത്തിന്റെ പങ്കാണ്.

വസ്തുതാന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുന്നു.

സംഭവങ്ങളുടെ പരമ്പരയെ കുറിച്ച്, ഒരു സമഗ്രമായ വിവരണം നൽകികൊണ്ട്, മിസ്റ്റർ നിഹാൽ സിംഗ് (നൽഹാദിൽ ജീവിക്കുന്ന അറുപത് സിക്ക് കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന സിക്ക് സമുദായത്തിന്റെ ആദരണീയനായ നേതാവാണദ്ദേഹം, ഈ പ്രദേശത്ത് ഇദ്ദേഹത്തെ ആളുകൾ ബഹുമാനത്തോടെ കാണുന്നു) താഴെ പറയുന്ന വിവരണം നൽകുന്നു: ”ക്ഷേത്രത്തിന്റെ പ്രസിഡണ്ടായ ഗുരുചരൺ സിഗ് മാലിക് ഞങ്ങളുമായി ബന്ധപ്പെട്ടു. അതിനെതുടർന്ന്, ഞാനും മുസ്ലീം സമുദായത്തിൽ നിന്നുള്ള ചില മുതിർന്ന അംഗങ്ങളും ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിന് മേൽനോട്ടം വഹിക്കാനായി യാത്ര പോകുന്ന സ്ഥലത്തേക്ക് പോയി.” നേരത്തെ എത്തിച്ചേർന്ന തീർത്ഥാടകർക്കും ഹിന്ദുത്വസേനകൾ ആസൂത്രണം ചെയ്ത യാത്രയ്ക്കും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിച്ചുകൊണ്ട് സിംഗ് തുടരുന്നു: “കലശ് യാത്ര സംഭവങ്ങളൊന്നും കൂടാതെ മുന്നോട്ടുനീങ്ങി. ഖേദ തിരിവിലാണ് (Kheda Mod) അക്രമം സംഭവിക്കുന്നത്.” വിവരണം തുടർന്നുകൊണ്ട് അദ്ദേഹം പറഞ്ഞു, “പൊലീസ് ചൗക്കിയുടെ ചുമതലയുള്ള ആൽ ക്രമസമാധാനം തിരിച്ചുകൊണ്ടുവരാനും തീർത്ഥാടകരുടെ ക്ഷേത്രത്തിലെക്കുള്ള പ്രവേശം അനായാസമാക്കാനുമായി ഞങ്ങളെ വിളിച്ചു വരുത്തി.”

ക്യാമ്പയിൻ എഗൻസ്റ്റ് സ്റ്റേറ്റ് റിപ്രഷൻ റിപ്പോർട്ട് ദില്ലിയിൽ പ്രകാശനം ചെയ്യുന്നു.

ഖേദ തിരിവിൽ ഉച്ചയ്ക്ക് ഒന്നരമണിക്ക് അക്രമം തുടങ്ങിയശേഷം, ഘോഷയാത്ര നൽഹാദ് അമ്പലത്തിന് നേരെ നീങ്ങിയെന്ന് നിഹാലും നൽഗാദ് നിവാസികളും ഞങ്ങളോട് പറഞ്ഞു. തീർത്ഥാടകർ രക്ഷതേടി ക്ഷേത്ര വളപ്പിനകത്ത് കടന്നപ്പോൾ, ഏകദേശം 150-200 അംഗങ്ങളുള്ളൊരു വി.എച്ച്.പി ബജ്‌റംഗദൾ സേന ക്ഷേത്രത്തിൽ നിന്നും വെറുമൊരു കിലോമീറ്റർ മാത്രം അകലത്തിൽ നൽഹാദിൽ സ്ഥിതി ചെയ്തിരുന്ന പള്ളിയെ വളഞ്ഞു. നിഹാൽ വിവരിക്കുന്നു: “റാലിയിൽ നൂറുകണക്കിന് വാളുകളും സ്‌ഫോടകവസ്തുക്കളും ഉണ്ടായിരുന്നു.” അദ്ദേഹം തുടരുന്നു: “ഞങ്ങളുടെ ഭാഗത്തുനിന്ന് വലിയ ശ്രമങ്ങളുണ്ടായെങ്കിലും, വി.എച്ച്.പി-ബജ്‌റംഗ​ദൾ അംഗങ്ങൾ ഞങ്ങളുടെ അപേക്ഷകൾ കേൾക്കാൻ തയ്യാറാകാതിരുന്നാൽ ഞങ്ങൾക്ക് ഇടപെടാൻ കഴിഞ്ഞില്ല.” മിസ്റ്റർ സിംഗ് തുടർന്നു: അഞ്ച് മണിയോടെ വെടിയൊച്ച കേൾക്കുകയും, ജീവരക്ഷാർത്ഥം അവരോടുകയും ചെയ്തു.” ആ പ്രദേശത്ത് നിലനിന്നിരുന്ന സാമുദായിക ഐക്യം എന്ന ചരിത്രയാഥാർത്ഥ്യത്തെ കുറിച്ചോർത്തുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു: “ഞങ്ങൾ (സിക്കുകാർ) അൻപത് – അറുപത് വർഷങ്ങളോളമായി ഇവിടെ ജീവിക്കുന്നവരാണ്, ഞങ്ങൾക്ക് ബഹുമാനവും ആദരവും ലഭിക്കുന്നു, അല്ലെങ്കിൽ ഞങ്ങളിവിടേക്ക് വരുകയില്ലായിരുന്നു.”

സംഘർഷങ്ങൾക്ക് ശേഷം നൂഹിൽ നിന്നുള്ള ചിത്രം. കടപ്പാട്:outlook

നൽഹാദ് ഗ്രാമത്തിൽ നിന്നുള്ള സാജിത എന്നു പേരായ ഒരു പതിനഞ്ചു വയസ്സുകാരി പെൺകുട്ടിയേയും ടീം ഇന്റർവ്യു ചെയ്തു. നൽഹാദ് പള്ളിയിൽ ഉണ്ടായ സംഭവങ്ങളിലേക്ക് ഉൾക്കാഴ്ച നൽകുന്നവയായിരുന്നു സാജിതയുടെ കാഴ്ചപ്പാട്. അവൾ വിവരിച്ചു: ”തുടക്കത്തിൽ, പള്ളിയിലേക്ക് കല്ലുകൾ എറിയപ്പെട്ടു. പള്ളിക്കകത്ത് ഉണ്ടായിരുന്ന ആൺകുട്ടികളെ അവർ പിന്തുടർന്നു, ഇത്തരത്തിലായിരുന്നു പള്ളിയുടെ നേർക്കുണ്ടായ ആക്രമണം. “Mulle Kaate Jaenga, Hum Ram Ram Chillaenge” (മുസ്ലീങ്ങൾ കശാപ്പു ചെയ്യപ്പെടും, ഞങ്ങൾ രാമനാമം ഘോഷിക്കും) എന്നീ തരത്തിലുള്ള മുദ്രാവാക്യങ്ങൾ നൽഹദ് ഗ്രാമത്തിലെ ഒരു ഭാഗത്ത് നിന്നും മുഴങ്ങിയിരുന്നതായി ഈ പെൺകുട്ടിയും സാക്ഷ്യപ്പെടുത്തുന്നു.

ഒരു ഹിന്ദുഘോഷയാത്രയെ മുസ്ലീമുകൾ കല്പിച്ചുകൂട്ടി ആക്രമിക്കുയായിരുന്നു എന്ന രീതിയിൽ സങ്കുചിതമായി മുസ്ലീമുകളെ കേന്ദ്രബിന്ദുവാക്കികൊണ്ട് മുഖ്യധാരാ വാർത്താമാധ്യമങ്ങൾ നടത്തിയ ആഖ്യാനങ്ങളും, വലതുപക്ഷ കക്ഷികളുടെ മനഃപൂർവ്വമായ പ്രകോപനവും പ്രേരണയുമായിരുന്നു ഇത്തരമൊരു സ്ഥിതിവിശേഷം സംജാതമാകുവാൻ കാരണമെന്ന് യഥാർത്ഥ സംഭവങ്ങളുടെ സ്വാഭാവിക വികാസം വെളിപ്പെടുത്തുന്നു. എങ്കിലും മേവാദിലെ മുസ്ലീങ്ങൾ പ്രതികാരം ചെയ്യാനുള്ള പ്രലോഭനത്തെ ചെറുത്തുകൊണ്ട് നിയന്ത്രണം പാലിച്ചു. ഈ പ്രതികരണം പ്രതിരോധത്തിന്റെ ഒരു രൂപമായി ഇപ്പോൾ മാറിയിട്ടുണ്ട്. എന്നാൽ ഈ വ്യാഖ്യാനം സോഹന, ഗുരുഗ്രാം പോലുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന മുസ്ലീങ്ങളെ ടാർഗറ്റ് ചെയ്തുകൊണ്ടുള്ള അക്രമത്തിന് ഒരു നിമിത്തമാകുക മാത്രമല്ല, ഇതുമൂലം നൂഹിലെ ഗ്രാമങ്ങളുടെ മേൽ അതിരുകവിഞ്ഞതും അനാവശ്യവുമായ അടിച്ചമർത്തൽ നടത്താൻ പോലീസുകാർക്ക് ഒരു മുടന്തൻ ന്യായവും നൽകി എന്നതാണ് ഖേദകരമായ വസ്തുത. (തുടരും)

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

September 22, 2023 3:00 pm